വൈകിട്ടു എന്തെങ്കിലും പറഞ്ഞു വഴക്ക് തുടങ്ങും പിന്നെ, കുനിച്ചു നിർത്തി ഇടി തുടങ്ങിയാൽ സ്വർഗ്ഗവും നരകവും ഒരുമിച്ചു കാണും…

രചന : രഘുനാഥ് അയിരൂർ

ജെസ്സി

****************

ഓരോ വെളിയാഴ്ചകകളിലും രാവിലെ ഒരു പത്തുമണി വരെ എങ്കിലും കിടന്നുറങ്ങണം എന്നാഗ്രഹിച്ചു കൊണ്ടാണ് വ്യാഴാഴ്ച രാത്രികളിൽ ഉറങ്ങാറ്, പക്ഷെ എവടെ നിന്നെങ്കിലും ഒരു കാൾ വരും അതും രാവിലെ ആറുമണിക്കോ അല്ലെങ്കിൽ ഏഴുമണിക്ക്.

അന്നും വെള്ളിയാഴ്ച രാവിലെ 7 മണിക്ക്, ഒരു മെസ്സഞ്ചേർ കാൾ, ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ചാർജർ മാറ്റി ചെവിയിൽ വെച്ച്

ഹലോ…..

ചേട്ടായീ ഞാൻ ജെസ്സി, പുതുപ്പള്ളിയിൽ നിന്നാണ്, ഓർക്കുന്നുണ്ടോ?

നീ ജീവിച്ചിരുപ്പുണ്ടോ? ഉറക്കം പോയതിന്റെ ദേഷ്യം കൊണ്ട് ഞാൻ ചോദിച്ചു

അങ്ങനെ ഒന്നും ചാകില്ല ചേട്ടായീ, അനുഭവിക്കാൻ ചന്ദുവിന്റെ ജന്മം ഇനിയും ബാക്കി അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്ത് പറ്റി ഇന്ന് എന്നെ ഓർക്കാൻ,

ഒരു സഹായം വേണം, അവൾ പറഞ്ഞു

എന്ത് സഹായം എന്ത് പറ്റി.

ഞാൻ ചോദിച്ചു.

എനിക്കൊരു വിസ വേണം, ഇനിയും ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല, കുട്ടികളുടെ കാര്യങ്ങൾ നോക്കണ്ടേ.

ഇനി ഇങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോയത്.

അതെ, ആഗ്രഹം അതായിരുന്നു.

എല്ലാം താളം തെറ്റി.

നോക്കട്ടെ,ചോദിക്കട്ടെ ആരോടെങ്കിലും,

നിന്റെ പാസ്പോർട്ട്‌ ന്റെ ഫോട്ടോ കോപ്പി എന്റെ മെസ്സഞ്ചേറിൽ ഇടൂ…

കുവൈറ്റിൽ തന്നെ വേണോ സിങ്കപ്പൂർ ആയാലോ

എവിടെ ആയാലും കുഴപ്പമില്ല,

കുവൈറ്റ്‌ ആണെങ്കിൽ പരിചയം ഉണ്ടല്ലോ.

പോയിട്ട് രണ്ടു മൂന്ന് വർഷം ആയില്ലേ

കുട്ടികൾ എവടെ ,ജോലിയൊക്കെ ആയോ,

എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഞാൻ ചോദിച്ചു

നല്ല വിശേഷം ചേട്ടായീ, റീന മൂത്തവൾ ഒളിച്ചോടിപ്പോയീ,

ഒളിച്ചോടിയോ, എല്ലാം അറിഞ്ഞുകൊണ്ട്, എനിക്കതിശയമായീ പോയീ.

അതെ,രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരുന്നു അമൃതയിൽ എന്നിട്ട് ഇപ്പോൾ ജോലിക്കും പോണില്ല.

നീ ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടു, അതൊന്നും കാണാതെ പോയെന്നോ, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

ഹൈദരാബാദിൽ പോകുമ്പോൾ ട്രെയിനിൽ വച്ചു പരിചയപ്പെട്ടതാണ്

ഞാനും അവടപ്പനും കൂടി വേണ്ട പോകണ്ട എന്ന് കരഞ്ഞു പറഞ്ഞതാ കേട്ടില്ല.

അവരിപ്പോൾ എവടെ ഞാൻ ചോദിച്ചു,

എരുമേലിയിൽ ഉണ്ട്,

അവൻ എങ്ങനെ,

ഞാൻ ചോദിച്ചു

നല്ല പയ്യനാണ് കുഴപ്പമില്ല

എന്തായാലും, വെള്ളമടി ഒന്നും ഇല്ലലോ

അതാ ചേട്ടായീ ആകെ ഒരു സമാധാനം.

ഇന്ന് ജോലിക്ക് പോകണ്ടേ ചേട്ടായി

ഇന്ന് വെള്ളിയാഴ്ച അല്ലെ?

അയ്യോ ഓർത്തില്ല, സോറിട്ടോ,

എന്തായാലും രണ്ട് ദിവസം കഴിഞ്ഞു വിളിക്കൂ,

ശ്രമിക്കാം,

കാൾ കട്ട്‌ ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു

അങ്ങനെ ആ വെള്ളിയാഴ്ചത്തെ പത്തു മണി വരെ ഉറങ്ങാം എന്നുള്ള മോഹവും പോയിക്കിട്ടി.

ഒരു ബ്രൂ കോഫി ഉണ്ടാക്കി, പല്ലുതക്കാതെ കുടിക്കാൻ വേണ്ടി ഞാൻ കട്ടിലിൽ ഇരുന്നു കൊണ്ട് ആലോചിക്കുകയായിരുന്നു അവരുടെ ജീവിതം

****************

രണ്ടോ അതോ മുന്നോ വർഷങ്ങൾക്കു മുമ്പ് നാട്ടിലേക്കു പോകാൻ ഫ്ലൈറ്റിൽ സൈഡ് സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ ഇരിക്കുമ്പോൾ

സീറ്റ്‌ നമ്പർ ചോദിച്ചുകൊണ്ട് അവർ വന്നത്

ഇത് f23 അല്ലെ

യെസ്

ചേട്ടായീ മലയാളി ആണോ

ആണെന്ന് തോന്നുന്നു അങ്ങനെ മറുപടിയാണ് ഞാൻ പറഞ്ഞത്

അല്ലെ അവർ ചോദിച്ചു

അതെ, എന്ന് ഞാൻ

പരിചയപ്പെടുത്തലുകൾ കഴിഞ്ഞു ഞാൻ ചോദിച്ചു

വീട്ടിൽ ആരൊക്ക ഉണ്ട്,

ഗ്രേറ്റ് ഹസ്ബൻഡ് പിന്നെ മൂന്നു പെൺകുട്ടികൾ.

കുട്ടികൾ എന്ത് പഠിക്കുന്നു ഞാൻ ചോദിച്ചു

മൂത്തയാൾ bsc നഴ്സിംഗ് കഴിഞ്ഞു അമൃതയിൽ ജോലിയുണ്ട്

രണ്ടാമത്തെ മോൾ bsc നഴ്സിംഗ് പഠിക്കുന്നു

മൂന്നാമത്തെ മോൾ പത്തിൽ, ചെന്നിട്ടു വേണം പ്ലസ് വണ്ണിൽ അഡ്മിഷൻ എടുക്കാൻ.

അപ്പോൾ. മുന്നും പെൺകുട്ടികൾ ആണല്ലേ?

മൂന്നാമത്തെ പ്രസവത്തോട് നിർത്തിച്ചു അമ്മായിയമ്മ.

അല്ലായിരുന്നെകിൽ……

അമ്മായിയാമ്മക്ക് മനസിലായീ മകൻ എവിടെ വരെ പോകുമെന്ന് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

ഗ്രേറ്റ്‌ ഹസ്ബന്റ്ന് എന്താ പണി,

ഓട്ടോ ഡ്രൈവർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ.

അവിടെ ഒക്കെ നല്ല ഓട്ടം കിട്ടുന്ന സ്ഥലം അല്ലെ

താൻ എന്തിനാ പിന്നെ കുവൈറ്റിൽ വന്നേ ഞാൻ ചോദിച്ചു.

അതൊരു കഥയാണ് ചേട്ടായീ, അതിനിടയിൽ ഫുഡ്‌ കഴിച്ചു, ഒരു കോഫിയും കുടിച്ചു കൊണ്ട് ജെസ്സി അവരുടെ കഥ പറഞ്ഞുതുടങ്ങി.

വണ്ടന്മേട്,, സുന്ദരിയായ ഇടുക്കി ജില്ല,

ഞങ്ങൾ 4 പെണ്മക്കൾ

അമ്മച്ചിയും അപ്പച്ചനും നല്ലൊരു കർഷകൻ കൃഷി ഉള്ളത് കൊണ്ട് ഒരുവിധം നല്ലതു പോലെ അടിച്ചുപൊളിച്ചു കഴിഞ്ഞുപോയീ, വീടിന്റെ ഭാഗംവെച്ചപ്പോൾ ആണ് ഞങ്ങൾ പുതുപ്പള്ളിയിൽ വന്നത്.

അപ്പന്റെ കൂടെ റബ്ബർ വെട്ടാൻ വന്ന റോബിച്ചായൻ എന്നെ നോട്ടമിട്ടു

ചേച്ചിമാരെക്കാളും ഞാൻ ആയിരുന്നു സുന്ദരിയും സ്മാർട്ടും കേട്ടോ

ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇപ്പോഴും അങ്ങനെ തന്നെയാണല്ലോ.

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

കളിയാക്കല്ലേ ചേട്ടായീ

അപ്പോൾ നിങ്ങൾ ലൈൻ ആയീ

അങ്ങനെ ഒന്നും ഉണ്ടായില്ല,

ഒരു ദിവസം അപ്പനോട് ചോദിച്ചു,

കെട്ടിച്ചു കൊടുക്കാമോ എന്ന്, സ്ത്രീധനം ഒന്നും വേണ്ട എന്നും പറഞ്ഞു. 9 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു

അപ്പൻ കൂടുതൽ ഒന്നും ആലോചിച്ചില്ല,

പിടിച്ചങ്ങു കെട്ടിച്ചു.

ആദ്യമൊന്നും നല്ല രീതിയിൽ മുന്നോട്ടു പോയീ

വല്ലപ്പോഴും ഉള്ള വെള്ളമടി അല്ലാതെ വല്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു

പിന്നെ അത് സ്ഥിരമായീ, കുപ്പിക്കും പെട്രോളിനും ഉള്ള പൈസ ആയാൽ പിന്നെ ഓട്ടം പോകില്ല.

വൈകിട്ടു എന്തെങ്കിലും പറഞ്ഞു വഴക്ക് തുടങ്ങും പിന്നെ, കുനിച്ചു നിർത്തി ഇടി തുടങ്ങിയാൽ സ്വർഗ്ഗവും നരകവും ഒരുമിച്ചു കാണും, അതൊക്ക അനുഭവിക്കണം, അതിന്റ സുഖം ഒന്ന് വേറെയാ സാറെ. ചുറ്റും ഉള്ളത് ഒന്നും കാണില്ല.

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

രാവിലേ അഞ്ച് മണിക്ക് എഴുനേറ്റ്, രാവിലത്തേക്കും പിന്നെ ചോറും കറിയും ഉണ്ടാക്കി, സ്കൂളിലേക്കു കുട്ടികളെയും ഒരുക്കി, പിന്നെ ഇഷ്ടിക കളത്തിലേക്കു ഇറങ്ങിയാൽ ഒന്നിരിക്കാൻ പോലും സമയം കിട്ടാറില്ല.

അയാൾ ആകെ ചെയ്യുന്ന നല്ല കാര്യം

വീട്ടിലേക്കുള്ള സാധനം വാങ്ങിക്കും,

വേറൊരു ചിലവും നോക്കില്ല, പെൺപിള്ളേരെ നഴ്സിംഗ് വിട്ടത് മുഴുവൻ ലോൺ എടുത്തും ചിട്ടി പിടിച്ചും കടം വാങ്ങിച്ചുമാണ്, ഒരു മൊബൈൽ റീചാർജ് പോലും ചെയ്തു കൊടുത്തിട്ടില്ല, ഞാൻ ക്യാഷ് കൊടുത്താൽ പോലും ചെയുകയില്ല.

തന്നെ അടിക്കുമ്പോൾ, കുട്ടികൾ കാണില്ലേ,

കാണും,അടി തുടങ്ങുമ്പോൾ കുട്ടികൾ എന്നെ വന്നു കെട്ടിപിടിക്കും, അയാൾക്കു ഒന്നുടെ ദേഷ്യം കൂടും കുട്ടികളെ തള്ളി താഴെയിടും, കുട്ടികൾ പേടിച്ചു നിലവിളിക്കും.

ഒന്നും രണ്ടു വർഷം അല്ല 26 വർഷം,

തനിക്ക് അയാളെ ഇട്ടേച്ചു എവിടെ എങ്കിലും പോകാൻ വയ്യാരുന്നോ,

എവിടെ പോകാൻ, പോകാൻ സ്വന്തം വീട്ടുകാർ പോലും കൂടെ നിൽക്കില്ല,

വെള്ളം അടിക്കാത്തപ്പോൾ ഭയങ്കര സ്നേഹമാണ് കേട്ടോ, ഇതുപോലെരു സ്നേഹം ഉള്ള മനുഷനെ വേറെ കിട്ടില്ല

അതാണ് ഒരു വീക്ക്‌ പോയിന്റ് അല്ലേ,

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ആത്മഹതൃ ചെയ്തേനേം. ചേട്ടായീ.

പക്ഷെ ഒരു പ്രാവശ്യം ഞാൻ ആത്മഹത്യ ചെയ്യാൻ രാവിലെ വീട്ടിൽ നിന്നിറങ്ങി, ഓട്ടോയിൽ കയറി റെയിൽവേ ലൈനിൽ പോയീ

സ്റ്റേഷനിൽ പോയീ ലൈനിൽ കൂടി കുറെ ദൂരം നടന്നു.

ഞാൻ വന്ന ഓട്ടോക്കാരന് ഹസ്ബന്റിനെയും എന്നെയും അറിയാമായിരുന്നു, പുള്ളിക്ക് എന്തോ ഒരു സംശയം തോന്നി. പുറകെ വന്നു.

ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്നും വരുന്ന ശബ്ദം കേട്ടു,

ചാടാൻ റെഡി ആയി നിന്നപ്പോളേക്കും ആ ചേട്ടായീ വന്നു എന്നെ തള്ളി താഴെ ഇട്ടു.

സത്യമായിട്ടും താൻ ചാടാൻ പോയതാണോ,

അതെ, അയാൾ വന്നില്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾ കാണില്ലായിരുന്നു.

അന്ന് താൻ എന്തിനാ ചാകാൻ തീരുമാനിച്ചേ,

പുള്ളിക്ക് മീനോ ഇറച്ചിയോ ഡെയിലി വേണം,

അന്ന് മരിക്കണം എന്ന് തോന്നിയതിന്റെ പിറ്റേദിവസം, സന്ധ്യക്ക് നടുവൊക്കെ വേദനിച്ചു,

കുറച്ചു നേരം കിടന്നു,ആഹാരം ഉണ്ടാക്കാൻ താമസിച്ചു അതിനു അമ്മായിയമ്മയുടെ വക പാരയും,

പിന്നെ നടയടിയും കഴിഞ്ഞപ്പോൾ, ഞാൻ ഒന്നൊന്നര പരുവം ആയീ, അതിന്റെ കൂടെ മൂന്നോ നാലോ കിലോ നത്തോലി കൊണ്ട് വന്നു, എപ്പോളും മീൻ കൊണ്ടുവരുന്നത് രാത്രിയിൽ,

നത്തോലി, ചെറിയ മത്തിയും അയലയും അല്ലെങ്കിൽ പുഴ മത്സ്യം,

ഇതെല്ലാം കൊണ്ടുവന്നാൽ അന്നേരം വെട്ടി കണ്ടിച്ചു ഉണ്ടാക്കി കൊടുക്കണം,, ഈ കുഞ്ഞു മീനുകൾ രാത്രിയിൽ തന്നെ മുഴുവൻ വൃത്തിയാക്കിക്കും,

ഓർക്കണം രാവിലെ 5 മണിക്ക് എഴുനേറ്റു ജോലിക്കും പോയീ തിരിച്ചു വന്നു വീട്ടുജോലിയും കുട്ടികളുടെ കാര്യം നോക്കി കഴിഞ്ഞു മീൻ വെട്ടി കഴിക്കുമ്പോൾ സമയം പന്ത്രണ്ടു കഴിയും.

പിന്നെയും പിറ്റേ ദിവസം രാവിലെ 5 മണിക്ക് എഴുനേൽക്കണം,

അപ്പോൾ അമ്മായിയമ്മ ഒന്നും ചെയ്യില്ലേ

ചീത്ത വിളിച്ചോണ്ടാണെങ്കിലും കുട്ടികളെ നോക്കും.

അങ്ങനെ നത്തോലി കാരണം, ഒന്ന് ആത്മഹത്യാ ചെയ്യാൻ തോന്നി അല്ലേ.

അതെ

അപ്പോൾ ഓട്ടോകാരന് എങ്ങനെ സംശയം തോന്നിയത്

മുഖം മുഴുവൻ, ഇടി കൊണ്ട് നല്ല ഡിസൈൻ ആയിരുന്നു, വണ്ടിയിൽ ഇരുന്നു കരയുക കൂടി ആയപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നു മനസിലായീ, തിരിച്ചു വരുമ്പോൾ കാര്യങ്ങൾ പറഞ്ഞിരുന്നു

പിന്നെ ആ ഓട്ടോക്കാരൻ ചേട്ടായീ, വീട്ടിൽ കൊണ്ടുവന്നു, കെട്ടിയോന് രണ്ടടി കൊടുത്തു,

കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചു,അപ്പോളേക്കും,

അടുത്തുള്ള വീട്ടുകാർ കൂടി അറിഞ്ഞു ഭയങ്കര നാണക്കേടായീ പോയീ, അങ്ങനെ ഏകദേശം ഒരു വർഷത്തോളം കുടിച്ചില്ല.

ആ വർഷം ക്രിസ്മസ്നു പിന്നെയും തുടങ്ങി

ഇപ്പോളും മുടക്കം ഇല്ലാതെ നടന്നു കൊണ്ടിരിക്കുന്നു.

ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല മൂന്ന് വർഷം ഞാൻ ഇവിടെ ആയിട്ടു. ലോൺ അടക്കാൻ പൈസ അയച്ചു കൊടുത്താൽ, പലപ്പോഴും അടക്കില്ല, പിന്നെ എന്റെ പേരും പറഞ്ഞു കടം വാങ്ങിക്കുന്നത് വേറെ.

പലപ്പോഴും കൂട്ടുകാരികളുടെ അക്കൗണ്ടിൽ കൂടിയ അയച്ചു കൊടുക്കുന്നെ, അവരും സ്വന്തം ആവശ്യം കഴിഞ്ഞു ചിലപ്പോൾ അടച്ചാലായീ

അപ്പോൾ എട്ടിന്റെ പണി എല്ലാ വഴിയിൽ കൂടിയും അല്ലേ.

ഇത് സാംപിൾ വെടിക്കെട്ടാണ് പറഞ്ഞത്, സിംപിൾ ആയീ പറഞ്ഞതാണ്, പൂരം ആയിരുന്നു

അനുഭവിച്ചു നല്ല രീതിയിൽ തന്നെ.

അറിയില്ല ഇനി എന്താകും എന്ന്

ഓഹ് ചേട്ടായിയെ വെറുതെ ബോർ അടിപ്പിച്ചു അല്ലേ

ഹെയ് ഇല്ല ഡോ

ഏതു ജന്മത്തെ പാപമാണോ കർത്താവെ എന്നു പറഞ്ഞുകൊണ്ട് അവർ ഉറക്കത്തിലേക്കു വീണിരുന്നു.

വിമാനം ലാൻഡ് ചെയ്യാനുള്ള അനോൺസ്‌മെന്റ്റ് കേട്ടു ചെറുമയക്കത്തിൽ നിന്നും എല്ലാവരും പതുക്കെ ഉണർന്നു.

ലാൻഡ് ചെയ്തോ

ഇല്ല, അരമണിക്കൂറിനുള്ളിൽ ലാൻഡ് ചെയ്യും

ഭൂമി ഉരുണ്ടതല്ലേ, എന്നെങ്കിലും കാണാം ജെസ്സി

എന്തായാലും ഇനി പഴയ ഇടി ഒന്നും ഉണ്ടാകില്ലായിരിക്കും അല്ലേ,

ഇപ്പോൾ അങ്ങനെ സമാധാനിക്കാം,

കുറേനാളായീ കുടി ഇല്ലാത്തതുകൊണ്ട്.

എയർപോർട്ടിൽ കാണും, പപ്പായും മോളും എന്നെ കൊണ്ടുപോകാൻ

ഞാൻ ഒരു കാര്യം കൂടെ പറയട്ടെ, ചേട്ടായീ

ജീവിതത്തിൽ ഇത്രയേറെ അനുഭവിച്ചിട്ടും,

ഇപ്പോഴും ഞാൻ പ്രണയിക്കുന്നു അദ്ദേഹത്തെ

പതിനെട്ടാം വയസ്സിൽ ഞാൻ സ്നേഹിച്ച, എന്റെ പപ്പയെ, കുഞ്ഞുങ്ങൾ പപ്പേ എന്ന് വിളിക്കുന്നയത്‌കൊണ്ട് ഞാനും അങ്ങനെ ആണ് വിളിക്കുന്നത്. ദിവസവും ഫോൺ വിളിക്കാറുണ്ട്

ഒരു ദിവസം സംസാരിക്കാതിരുന്നാൽ എനിക്ക് ഭ്രാന്ത് വരും,

സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്,

ജെസ്സി, പണ്ട് ആരോ പറഞ്ഞത് പോലെ, ഒരു പുരുഷനെ, മനസിലാക്കാൻ 1000 പേജ് ഉള്ള ഒരു പുസ്തകം മതിയെങ്കിൽ , ഒരു സ്ത്രീയെ മനസിലാക്കാൻ ആയിരം പേജുള്ള 10 പുസ്തകങ്ങൾ കൊണ്ടുപോലും പറ്റില്ല എന്ന് കേട്ടിട്ടുണ്ട്…

അപ്പോഴേക്കും, വിമാനം ലാൻഡ് ചെയ്തിരുന്നു

ചെക്കിങ് എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രഘുനാഥ് അയിരൂർ