ജീവിക്കാനറിയാത്ത ഒരു കഴിവുകെട്ടവൻറെ കൂടെ ആണല്ലോ ഞാൻ ഇത്ര നാളും കഴിഞ്ഞത് എന്നോർക്കുമ്പോൾ

രചന : സുരേഷ് നെടുമ്പുര

തർപ്പണം

*******************

“അമ്മേ ഇത്ര രാവിലെതന്നെ എവിടേക്കാ അമ്മേ നമ്മള് പോകുന്നത് ..?”

അഞ്ചുവയസ്സുകാരി ശ്രീകുട്ടിയുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ അവളുടെ അമ്മ സരിക കുഴങ്ങി… പിതൃതർപ്പണം ചെയ്യുന്നതിനുവേണ്ടി തിരുനാവായക്ക് പോകുകയാണെന്ന് പറഞ്ഞാൽ അവൾക്കെന്തു മനസ്സിലാകാനാണ് …? സ്വതവേ വായാടിയായ അവള് പിന്നെ അടങ്ങി ഇരിക്കില്ല.

ചോദ്യങ്ങളുടെ ശരവർഷമായിരിക്കും പിന്നെ

എന്നാലും സരിക പറഞ്ഞു

“നമ്മൾ ഒരു അമ്പലത്തിലേക്ക് പോകുകയാ മോളെ

അവിടെ ചെന്ന് മോള് അച്ഛന് മാമു നല്കണം…

ബാക്കിയെല്ലാം അവിടെ ചെന്ന് അറിയാം

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മനസ്സിലൊരു തേങ്ങൽ കൂടുകൂട്ടി…

ശ്രീകുട്ടി വീണ്ടും എന്തോ ചോദിക്കുവാൻ മുതിർന്നപ്പോഴേക്കും സരികയുടെ അമ്മ വന്നു ..

“നിങ്ങൾ തയ്യറായില്ലേ…? നമ്മുക്ക് പെട്ടെന്ന് ഇറങ്ങാം… ഇന്ന് നല്ല തിരക്കായിരിക്കും..”

“ഉം .. തയ്യാറായി അമ്മെ ഇറങ്ങാം”

ചന്നം പിന്നം പെയ്യുന്ന മഴയെ തടുക്കാനെന്നോണം കൈകൾ തലക്കുമുകളിൽ ഉയർത്തിപിടിച്ചു വണ്ടിയിൽ കയറി .. ഒരു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അവർ തിരുനാവായയിൽ എത്തിചേർന്നു

തിരുനാവായ…….ബ്രഹ്മാ വിഷ്ണുമഹേശ്വരൻ എന്ന തൃമൂർത്തികളുടെ സാനിധ്യമുണ്ടെന്നു സങ്കല്പ്പിച്ച് ആയിരങ്ങൾ പിതൃബലി നടത്തുന്ന പുണ്യസ്ഥലം …..

സമയം ഏഴു മണി ആയിരിക്കുന്നു…വണ്ടിയിൽ നിന്നിറങ്ങിയ അവർ കണ്ടു ബലിതർപ്പണതിനെത്തിയ ആയിരങ്ങൾ. എങ്ങും തിരക്കോട് തിരക്ക് ……

അനിയന്ത്രിതമായ ആ തിരക്ക് കണ്ടു സരികയുടെ അച്ഛൻ പറഞ്ഞു ..

“സമയം ഒരുപാട് എടുക്കുമായിരിക്കും.. ഞാൻ ചെന്ന് ശീട്ടാക്കാം … നിങ്ങൾ ഇവിടെ ഇരിക്ക് ”

അദ്ദേഹം അവരെ വലിയ തിരക്കില്ലാത്ത ഒരു ഒഴിഞ്ഞ കോണിൽ കൊണ്ടിരുത്തി എന്നിട്ട് പറഞ്ഞു

“നിങ്ങൾ ഇവിടെ ഇരുന്നാൽ മതി.. ഞാൻ അവിടെ പോയിട്ട് എല്ലാം ശരിയാക്കിയിട്ടു വന്നു വിളിക്കാം”

തിരക്കിനിടയിലേക്ക് ഊളിയിട്ടിറങ്ങിയ അദ്ദേഹം അപ്രത്യക്ഷനായി….തിരക്കിൻറെ ബാഹുല്യം വർദ്ധിച്ചുകൊണ്ടേയിരുന്നു….അമ്മയുടെ അടുത്തിരിക്കുന്ന ശ്രീകുട്ടി അവരുടെ അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ കൊഞ്ചികൊണ്ടിരിക്കുന്നു. അവൾ പറയുന്നതിൻറെ ചുവടു പിടിച്ചു അമ്മയും അവരോടു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അവര് അവരുടെതായ ലോകം തീർത്തു കഴിഞ്ഞു..

ആ വലിയ ആൾകൂട്ടത്തിലും താൻ ഒറ്റപെട്ട പോലെ തോന്നി സരികക്ക് …. ഭയ ഭക്തി ബഹുമാനത്തോടെ പിതൃതർപ്പണം നടത്തി ആത്മാക്കൾക്ക് ശാന്തിയേകി സംതൃപ്തമായി പോകുന്നവരെ കണ്ടു സരിക ഒരു മാത്ര ചിന്തിച്ചു

തൻറെ മകളുടെ ആദ്യത്തെ പിതൃതർപ്പ ണം ….

ദാസേട്ടൻറെ ആത്മാവ് ഇവിടുണ്ടാകുമോ ….

മോളുടെ തർപ്പണം അദ്ദേഹം സ്വീകരിക്കുമോ…?

ആ ആത്മാവിനു ശാന്തി കിട്ടുമോ…?

മനസ്സിൻറെ വിങ്ങലായി ഹൃദയ വേദനയോടെ കാടു കയറിയ ചിന്തകൾ ഭൂതകാലത്തിലേക്കൊന്നൂളിയിട്ടു …

തൻറെതല്ലാത്ത തെറ്റിന് ക്രൂശിക്കപെട്ട മനുഷ്യനല്ലേ ദാസേട്ടൻ ….?

അമ്മയും ചേട്ടനും ചേട്ടത്തി അമ്മയും അടങ്ങുന്ന ആ കൊച്ചു കുടുംബത്തിലേക്ക് ദാസേട്ടൻറെ ഭാര്യയായി കയറി കറതീർന്ന സ്നേഹം പങ്കുവെച്ചു കഴിഞ്ഞിരുന്ന നാളുകൾ… ആ ദാമ്പത്യ വല്ലരിയിൽ വിടർന്ന കുസുമം…. ശ്രീകുട്ടി … ജീവിതം സുഗമമായി മുന്നോട്ടു പോകവേ പെട്ടെന്നാണ് താളപിഴകൾ സംഭവിച്ചത്

ദാസേട്ടൻ കൂട്ടുകാരനുമൊന്നിച്ചു പാർട്ട്ണർഷിപ്പിൽ തുടങ്ങിയ ഒരു സൂപ്പർ മാർക്കറ്റ് ..ആദ്യമൊക്കെ ലാഭങ്ങളുടെ കണകുകൾ മാത്രമുണ്ടായിരുന്ന സൂപ്പർ മാർക്കറ്റ് പിന്നീട് പതിയെ പതിയെ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്താൻ തുടങ്ങി …. കൂട്ടുകാരനോടുള്ള അമിതമായ വിശ്വാസവും സത്യസന്ധതയും ദാസേട്ടനെ വലിയ കടക്കാരനാക്കി മാറ്റി… പയ്യെ പയ്യെ നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി കൂട്ടുകാരൻ ആ സൂപ്പർമാർക്കറ്റ് തൻറെ സ്വന്തമാക്കി മാറ്റി…. മാത്രമല്ല ദാസേട്ടനെ വലിയ ഒരു കടക്കരനുമാക്കി മാറ്റി..

പാർട്ണറോടുള്ള അമിതമായ വിശ്വാസവും സ്നേഹവും ദാസേട്ടനുചുറ്റും വലിയ ചതികുഴികൾ സൃഷ്ടിച്ചു…സമർഥമായി കളിച്ച പാര്ട്ടണർ അദ്ദേഹത്തിനു പ്രതികരിക്കാൻ കഴിയാത്തവിധം അദ്ദേഹത്തെ ബന്ധനസ്ഥനാക്കി …. അവസാനം സൂപ്പർമാർക്കറ്റിൻറെ പടിയിറങ്ങുമ്പോൾ താങ്ങാനാവാത്ത കടത്തിൻറെ ഭാരം…. പിന്നീടു പോലീസ് കേസും മറ്റുമായി ദിവസങ്ങൾ …..

സഹായിക്കാനാവുന്നതിൻറെ പരമാവതി സഹായിച്ച അമ്മയും ചേട്ടനും തറവാട് ദാസേട്ടന് നല്കി വേറെ വീട്ടിലേക്കു താമസം മാറി …

വീണ്ടും കടക്കാർ വീട്ടിലേക്ക് ഭീഷണിയുമായി വന്നപ്പോൾ തറവാടിൻറെ ആധാരം ബാങ്കിൽ വെച്ച് എല്ലാ കടങ്ങളും വീട്ടി… അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു..

വിവരമറിഞ്ഞ് തൻറെ അച്ഛനും ചേട്ടനും കൂടി വന്നു തന്നെ വീട്ടിലേക്കു കൊണ്ടുപോന്നു അന്ന് താൻ പറഞ്ഞ വാക്കുകൾ ….

“ജീവിക്കാൻ സ്നേഹം മാത്രം പോരാ ദാസേട്ട….

സ്നേഹം മാത്രമുള്ള ജീവിക്കാനറിയാത്ത ഒരു കഴിവുകെട്ടവൻറെ കൂടെ ആണല്ലോ ഞാൻ ഇത്ര നാളും കഴിഞ്ഞത് എന്നോർക്കുമ്പോൾ എനിക്ക് തന്നെ ലജ്ജ തോന്നുന്നു.. ഒരു കാര്യം പറഞ്ഞേക്കാം…

എല്ലാം ശരിയാക്കി അമ്മയെയും ചേട്ടനെയും ചേട്ടത്തി അമ്മയെയും ഇങ്ങോട്ട് കൊണ്ടുവന്നതിനു ശേഷം മാത്രമേ എന്നേം മോളേം കാണാൻ അങ്ങോട്ട് വരേണ്ടതുളൂ …. ”

അനുഭവങ്ങൾ തീർത്ത ഒരു തരം വാശിയായിരുന്നു തനിക്കന്നു …

പക്ഷെ കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ തേടിയെത്തിയ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു …

‘എനിക്ക് നിങ്ങളില്ലാതെ ഇനിയും കഴിയാൻ വയ്യ

എനിക്ക് എൻറെ മോളെ കാണണം …ഒന്ന് കാണിച്ചു തരു…. അവളുടെ ശബ്ദം ഇല്ലാതെ…

അവളുടെ കുസൃതി കാണാതെ… എനിക്കിനിയും കഴിയാൻ വയ്യ’

അത് കേട്ട് വന്ന തൻറെ അച്ഛൻ ദാസേട്ടന് നേരെ ആക്രോശിച്ചു…

“നിനക്ക് നാണമില്ലേടാ ഇങ്ങിനെ വന്നു കരയാൻ…… അവര് വരില്ല …

നീ മോളെ കാണുകയുമില്ല …

ജീവിക്കനറിയാത്തവന് ഭൂമിക്കു ഭാരമാണ്

പോയി ചാകടാ …

അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ ബാക്കി ഉള്ളവർക്ക്…

എല്ലാം നശിപ്പിച്ചിട്ടു വന്നിരിക്കുന്നു ഒരു സ്നേഹവും കൊണ്ട് ”

എന്നിട്ടും പോകാതെ ഒരിറ്റു കനിവിനായി തൻറെ നേരെ നോക്കിയ നോട്ടം… ആ ശാപം പിടിച്ച നിമിഷത്തിൽ അച്ഛൻറെ വാക്കുകൾ താനും ഏറ്റു പറഞ്ഞു…. ഒരു തരം വാശിയായിരുന്നു മനസ്സിൽ

അതുകൊണ്ട് തന്നെ മോളെ ഒന്ന് കാണിച്ചുതരാൻ കുറെ കെഞ്ചിയിട്ടും താൻ വഴങ്ങിയില്ല

ഒടുവിൽ സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനുഷ്യനെ എല്ലാവരും കൈവിട്ടപ്പോൾ പുറംകൈ കൊണ്ട് കണ്ണുകൾ തുടച്ചു വേച്ചു വേച്ച് പടിയിറങ്ങിയ ആ രൂപം കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ സങ്കടത്തിൻറെ കുമിളകൾ പൊട്ടികരച്ചിലിനു വഴിമാറി …

സാന്ത്വനവുമായെത്തിയ അമ്മ പറഞ്ഞു…

“മോളെ ഇനി കരഞ്ഞിട്ടെന്തു കാര്യം… ഒന്ന് പറയട്ടെ മോളെ നീ കാണിക്കുന്നത് ഒട്ടും ശരിയല്ല.

എല്ലാം നഷ്ടപെട്ട അവസ്ഥയിൽ താങ്ങും തണലുമായിരിക്കേണ്ടവളാണ് ഭാര്യ… നഷ്ടപെട്ടതൊക്കെ എന്നെങ്കിലും തിരിച്ചെടുക്കാം…

പക്ഷെ നഷ്ടപെട്ട സ്നേഹം തിരിച്ചെടുക്കുക ബുദ്ധിമുട്ടാണ് …

നാളെ തന്നെ പോകണം നീ അവനടുതേക്ക് … അച്ഛനോട് ഞാൻ പറയാം…

രണ്ടു തലമുറയ്ക്ക് കഴിയാനുള്ളതുണ്ടല്ലോ ഇവിടെ

നാളെ തന്നെ നമ്മക്ക് പോകാം… ”

തുടർന്നു അമ്മ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻറെ അഭിപ്രായവും ഇത് തന്നെ ആയിരുന്നു

അച്ഛൻ പറഞ്ഞു..

“എനിക്കറിയാം അവൻ പാവമാണെന്ന് … പക്ഷെ കുറച്ചൊക്കെ സാമർത്ഥ്യം കാണിക്കണം ജീവിക്കണമെങ്കിൽ .. അതിനുവേണ്ടിയാണ് അച്ഛനും ചേട്ടനുമൊക്കെ ഇത്രയും ക്രൂരനായത്. മോള് വിഷമിക്കേണ്ട നമ്മുക്ക് നാളെ തന്നെ പോകാം …

അവനു വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാം . മോള് സമാധാനമായിരിക്ക്…”

കാലങ്ങൾക്കുശേഷം സമാധാനത്തിൻറെയും സന്തോഷത്തിൻറെയും ഒരു രാത്രി ,,, ഇനി എന്നും ഇങ്ങിനെ തന്നെ ആയിരിക്കും എന്നും … മനസ്സിൽ സമാധാനവും സന്തോഷവും കളിയാടി ..

പക്ഷെ….. പിറ്റേന്നു ദാസേട്ടൻറെ വീട്ടിലെത്തിയപ്പോൾ കണ്ടത് അടഞ്ഞു കിടക്കുന്ന വാതിലാണ് ..

അച്ഛനും ചേട്ടനും കൂടി കുറെ മുട്ടി വിളിച്ചു …

പ്രതികരണമൊന്നും ഇല്ലാതായപ്പോൾ വേവലാതിയായി തുടർന്നു അയല്ക്കാരെയും കൂടി വാതിൽ ചവിട്ടിപോളിച്ചപ്പോൾ കണ്ടത് ശ്യൂന്യതയിൽ ആടുന്ന രണ്ടു കാലുകളാണ് …

ഒന്നേ നോക്കിയുള്ളൂ …സ്വബോധം തിരിച്ചുകിട്ടിയപ്പോൾ അറിഞ്ഞു സ്നേഹത്തിനുവേണ്ടി കൊഞ്ചിയ തൻറെ പ്രാണൻറെ പാതി വിടപറഞെന്നു …..സ്നേഹമില്ലാത്ത .. കപടത നിറഞ്ഞ ലോകത്തുനിന്നും മാലാഖമാരുടെ ലോകത്തേക്ക് പറന്നകന്നെന്നു…

പോലീസ് വന്നു നടപടികൾ പൂർത്തിയാക്കി..

പോസ്റ്മോർട്ടം കഴിഞ്ഞു മൃതമായ ആ ശരീരതോടൊപ്പം കിട്ടിയ ഒരു ചെറിയ കവർ …

അതിലൊരു കത്തും തൻറെയും മോളുടെയും ഫോട്ടോയും ….. ഹൃദയവേദനയോടെ എഴുതിയ ആ കത്തിലെ വരികൾ ഇന്നും മനസ്സിനെ വേട്ടയാടുന്നു…

എന്റെ എല്ലാമെല്ലാമായ സരികക്കും മോൾക്കും ,

“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ….

എല്ലാവരോടും സ്നേഹവും വിശ്വാസവും മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ …. നീ പറഞ്ഞപോലെ സ്നേഹം മാത്രം പോര ജീവിക്കാൻ …. കപടമുഖങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോയത് എൻറെ കഴിവുകേട് തന്നെ… പൊന്നുമോളോടും നിന്നോടുമൊത്തു ജീവിച്ചു കൊതി തീർന്നില്ല….

ദിവസങ്ങൾക്കുശേഷം പൊന്നുമോളെയും നിന്നെയും കാണാൻ ഓടിവന്നതാണ് ഞാൻ…..പക്ഷെ ഈ കഴിവുകെട്ടവൻ അവിടെയും തഴയപെട്ടു … ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ഞാൻ അനന്തമായ വിഹായസ്സിലേക്ക് പറന്നുയരുകയാണ്

രാത്രികാലങ്ങളിൽ അങ്ങകലെ നക്ഷത്രങ്ങൾക്കിടയിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി ഞാൻ എന്നും നിങ്ങളെ കണ്കുളിർക്കെ കണ്ടു നിർവൃതി അടയും …. ഒരു മന്ദമാരുതനായി എൻറെ ആത്മാവ് എന്നും നിങ്ങളെ പുല്കും ………

ഇനിയൊരു ജന്മമുണ്ടെങ്കില് …. …

വേണ്ട ഈ കഴിവുകെട്ടവൻ ഒന്നും ആഗ്രഹിക്കുന്നില്ല …. മാപ്പ് … എല്ലാവരോടും മാപ്പ്…..

കത്തിനോടോപ്പം തന്റെയും മോളുടെയും ഫോട്ടോ നെഞ്ചോട് ചേർത്തുകൊണ്ട് കപടതകളില്ലാത്ത ദൈവ സന്നിധിയിലേക്ക് അദ്ദേഹം യാത്രയായി

പിന്നീടാരോ പറഞ്ഞറിഞ്ഞു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്രേ ഭക്ഷണം കഴിച്ചിട്ടുതന്നെ ദിവസങ്ങളായിരിക്കുന്നെന്നു ….

ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ….

ആശ്വസിപ്പിക്കനാരുമില്ലാതെ ആ വലിയ വീട്ടിൽ തനിച്ചു…. എത്ര വലിയ പാപമാണ് താൻ അദ്ദേഹത്തോട് ചെയ്തത്….

ഒരു പക്ഷെ ചെറിയൊരു വിട്ടുവീഴ്ച നടത്തിയിരുന്നെങ്കിൽ തനിക്കിവിടെ ഇരിക്കെണ്ടിവരുമായിരുന്നോ. ?

അദ്ദേഹത്തിനു അർഹതപെട്ട സ്നേഹം നല്കാൻ ആരും തയാറായില്ല… ആത്മാർഥമായി വിശ്വസിച്ച കൂട്ടുകാരൻ ചതിച്ചപ്പോൾ താങ്ങും തണലുമാകേണ്ടിയിരുന്ന തങ്ങൾ ചെയ്തതെന്തു …?

എല്ലാവരും കുറ്റപെടുത്തലിൻറെ കൂരമ്പുകൾ എയ്തു മുറിവേല്പ്പിച്ചപ്പോൾ കൂടെ നിന്ന് ആശ്വാസം പകരേണ്ട താനും അവരോടൊപ്പം കൂടി…

മോളെ ഒന്ന് കാണാൻ കൂടി സമ്മതിക്കാതെ അദ്ധേഹത്തിൻറെ അവസാന നാളുകൾ ….

ആ മനസ്സ് എത്രമാത്രം വേദനിചിരിക്കും …

താൻ ചെയ്ത കൊടിയ പാപം…

അതിൽ നിന്ന് എന്നെങ്കിലും തനിക്കൊരു മോചനമുണ്ടോ …?

അടക്കാനാകാത്ത മനസ്സിൻറെ വേദന കണ്ണുനീർ തുള്ളികളായ് അടർന്നു വീണു …

“മോളെ …”

പെട്ടെന്നുള്ള ഒരു വിളി കേട്ടാണ് സരിക ചിന്തയിൽ നിന്നുണർന്നത് … ദാസേട്ടൻറെ അമ്മ കൂടെ ചേട്ടനും ചേട്ടത്തി അമ്മയും….

ഇളയ മകൻറെ വേർപാട് അവരെ ഒരുപാട് മാറ്റിയിരിക്കുന്നു… പെട്ടെന്ന് വയസ്സായതുപോലെ

കണ്ണുകളുടെ തിളക്കമെല്ലം നഷ്ടപെട്ടിരിക്കുന്നു …

ചേട്ടൻറെയും ചേട്ടത്തിയമ്മയുടെയും മുഖങ്ങളിലെല്ലാം ശോക ഭാവം.

കുറച്ചുനേരം പരസ്പരം മൗനത്തിലൊതുക്കിയ നിമിഷത്തിനു വിരാമമിട്ടു ആ അമ്മ പറഞ്ഞു

എനിക്കറിയാം ഇന്ന് നിങ്ങളിവിടെ ഉണ്ടാകുമെന്ന് ….

മോൻറെ ആത്മാവ് നമ്മളോട് പോറുക്കുമായിരിക്കും …. പിന്നീടു ഒന്നും പറയാൻ കഴിയാതെ സങ്കടം ഒരു വിതുമ്പലായ് പുറത്തുവന്നു…..

ഒന്നുമറിയാത്ത ശ്രീകുട്ടി അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ ചിലച്ചുകൊണ്ടിരുന്നു …തീഷ്ണമായ മൗനത്തിനു വിരാമമിട്ടുകൊണ്ട് അവിടെക്ക് വന്ന അച്ഛൻ പറഞ്ഞു

“എല്ലാം ശരിയാക്കിയിട്ടുണ്ട് നമ്മുക്ക് പുഴക്കരയിലേക്ക് പോകാം”

പുഴക്കരയിലെത്തിയ അവർ കണ്ടു നിരനിരയായി പിതൃതർപ്പണം നടത്തുന്ന അനേകായിരങ്ങൾ ….

ഇവരിൽ പലരിലും ഉണ്ടാകും തന്നെ പോലെ ചെയ്ത തെറ്റിൻറെ ഉമിത്തീയിൽ ഉരുകിതീരുന്ന ജന്മങ്ങൾ …. അർഹിക്കുന്ന സമയത്ത് നല്കാതിരുന്ന സ്നേഹത്തിൻറെ വിലയായി പാശ്ചാത്താപത്തിൻറെ തർപ്പണം നടത്താനെത്തിയവർ

പുഴക്കരയിലെത്തിയ അവർ ശ്രീകുട്ടിയെ മുണ്ടുടുപ്പിച്ചു പുഴയിലൊന്നു മുങ്ങിനിവർന്നു ..

അവർക്കായി ഒരുക്കിയിരിക്കുന്ന കർമ്മിയുടെ മുമ്പിലെത്തി

കറുകപുല്ലുകൊണ്ട് മോതിരമുണ്ടാക്കി ശ്രീകുട്ടിയുടെ വിരലിലണിയിച്ചു. പിന്നീടു കർമ്മി പറഞ്ഞു കൊടുത്ത വാക്കുകൾ ഉരുവിട്ടുകൊണ്ട് ശ്രീകുട്ടി തൻറെ കുഞ്ഞികൈകൊണ്ടു എള്ളൂം പൂവും ചന്ദനവും ഇടകലർത്തി തർപ്പണ നിവേദ്യം ഉരുളകളാക്കി. വാൽകിണ്ടിയിൽ നിന്നു തീർഥവും പകർന്നു പിതൃതർപ്പണം നടത്തി. പുഴയിലൊഴുക്കിയ നാക്കില ചെറിയ ഓളങ്ങളിൽ ചാഞ്ചാടി അകലേക്ക് പോകുമ്പോൾ ശ്രീകുട്ടി നിഷ്കളങ്കതയോടെ ചോദിച്ചു

“അമ്മേ എത്ര കുറച്ചു ചോറാ നമ്മള് അച്ഛന് കൊടുത്തത് …. ഒരു ഉരുള കൂടി ഞാൻ കൊടുത്തോട്ടേ അമ്മേ …?.

അവളുടെ ചോദ്യം കേട്ട് പൊട്ടികരഞ്ഞുകൊണ്ട് അവളെ മാറോട് ചേർത്തു സരിക…

അത് കണ്ടു നില്ക്കാനാകാതെ മറ്റുള്ളവർ മിഴികളിലൂറിയ കണ്ണുനീർ തുടച്ചുകൊണ്ട് പതിയെ മുന്നോട്ടു നടക്കനോരുങ്ങവേ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് ഒരു സ്വാന്തനമെന്ന പോലെ അവരെയും തഴുകി കടന്നുപോയി….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം….

രചന : സുരേഷ് നെടുമ്പുര