ദീപ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്ന കൈകൾ പതുക്കെ മുഖത്ത് നിന്നും…

രചന : Rani Varghese

ചെമ്പകമൊട്ടുകൾ വിരിയുമ്പോൾ….

*****************

ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു.ഒരു വലിയ കിണറ്റിൽ നിന്നാണ് അവിടുത്തെ താമസക്കാർക്ക് വേണ്ട വെള്ളം ടാങ്കിലേക്കു അടിച്ചു കയറ്റുന്നത്.കിണറ്റിൽ വെള്ളം കുറയുന്ന മൂന്നു മാസം വെള്ളം റേഷൻ ആകും.ഫെബ്രുവരി പകുതി ആകുമ്പോൾ തുടങ്ങി വെള്ളം കുറവാണ്.കുറച്ചു വെള്ളം ഉള്ളത് കിച്ചൺ ഡൈനിങ് ആവശ്യങ്ങൾക്കെ ഉള്ളു.

വസ്ത്രങ്ങൾ അലക്കാൻ താഴത്തെ പറമ്പിലെ കിണർ ഉപയോഗിക്കാം. കുളിക്കാൻ ഹോസ്റ്റലിന്റെ തൊട്ടടുത്തുള്ള സ്കൂളിലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ട് വരണം.അന്ന് ഇന്നത്തെ പോലെ ടാങ്കർ ലോറിയിൽ ഒന്നും വെള്ളം വരില്ല.

വെള്ളം കൊണ്ട് വന്ന് താഴെയുള്ള ഏതെങ്കിലും ബാത്റൂമുകളിൽ കുളിക്കാം. സ്കൂളും ഈ കോമ്പൗണ്ടിൽ തന്നെയാണ്.

തന്നെയുമല്ല ഈ മാനേജ്മെന്റിന്റെ കീഴിൽ തന്നെയുള്ള സ്കൂളും ആണ്‌.

സ്കൂളിന്റെ മുറ്റം നല്ല മണൽ ഒക്കെ വിരിച്ചുനിറയേ ചെടികൾ ഒക്കെ നട്ട് മനോഹരമാക്കിയതാണ്.

ധാരാളം അലങ്കാരച്ചെടികളും കുഞ്ഞു കുഞ്ഞു മരങ്ങളും ഒക്കെ ഉണ്ട്‌.വലിയ ഒരു ചെമ്പകം ഹോസ്റ്റലിനോട് വളരെ അടുത്ത് ഇല കാണാത്ത വിധം പൂക്കളാൽ നിറഞ്ഞു നിൽക്കുന്നു.

വെള്ളം ചുമന്നു കൊണ്ട് വന്ന്‌ ബാത്റൂമുകളിൽ കുളിക്കുന്ന ബുദ്ധിമുട്ട് ഓർത്ത് സീനിയേർസ് ഒക്കെ സന്ധ്യ കഴിയുമ്പോൾ പോയി വെള്ളം കോരി ഏതെങ്കിലും ചെടികളുടെ മറവിൽ നിന്ന് കുളിക്കും.

അത്‌ അനുവദനീയമാണോ എന്ന് ആർക്കും അറിയില്ല. സാധാരണയായി മിക്ക ഹോസ്റ്റലുകളിലും സീനിയേർസ് ചെയ്യുന്നതാണ് നിയമം. പുതുതായിട്ട് വരുന്നവരും അത്‌ തന്നെ തുടരും.സന്ധ്യക്ക് ഭയങ്കര തിരക്കായത് കാരണം പലരും കുറച്ചൂടെ ഇരുട്ടാവുന്നത് വരെ കുളിക്കാൻ വേണ്ടി കാത്തിരിക്കാറുമുണ്ട്.

സ്കൂളിന്റെ കിണർ കഴിഞ്ഞ് കുറച്ച് സ്റ്റെപ്പുകൾ ഇറങ്ങി വരുമ്പോൾ ഹോസ്റ്റലിന്റെ മെയിൻ ബിൽഡിങ്ങിൽ എത്തും. ഇവിടെ താഴത്തെ നിലയിൽ ഡിഗ്രിക്കാരും മുകളിലത്തെ നിലയിൽ ഡോർമെറ്ററിയിൽ ഒന്നാം വർഷ പ്രീഡിഗ്രിക്കാരും ആണ്‌ താമസിക്കുന്നത് ആദ്യകാലത്തെ ബിൽഡിംഗ്‌ ആയതുകൊണ്ട് മുകളിലത്തെ നിലയുടെ തറ തടിയാണ്.

ഈ സ്റ്റെപ്പുകളുടെ ഒരു വശത്തുള്ള പുതിയ കെട്ടിടത്തിലാണ് പ്രീഡിഗ്രിക്കാരുടെ സ്റ്റഡി റൂം.

ഒരു ദിവസം സന്ധ്യക്ക് എല്ലാവരും പഠിച്ചുകൊണ്ടിരുന്നപ്പോൾ കറന്റ്‌ പോയി. കുട്ടികൾ എല്ലാം പുറത്തിറങ്ങി സ്റ്റെപ്പിലും മുറ്റത്തെ സിമന്റ്‌ ബെഞ്ചിലും ഒക്കെ ആയിട്ട് ഇരുന്ന് കഥ പറച്ചില് തുടങ്ങി. ചെറിയ നിലാവുണ്ട്. സിനിമാക്കഥ ഭംഗിയായി വിസ്‌തരിച്ചു പറയുന്ന ദീപയുടെ ചുറ്റിനും ആണ്‌ കൂടുതൽ പേരും കൂടി നിൽക്കുന്നത്.

ഒരു പ്രേത സിനിമയുടെ കഥ പറഞ്ഞു കൊണ്ടിരുന്നപ്പോൾ രണ്ട് സീനിയർ പെൺകുട്ടികൾ കുളി കഴിഞ്ഞ്, ശബ്ദമുണ്ടാക്കാതെ സാവധാനം സ്റ്റെപ് ഇറങ്ങി മെയിൻ ബിൽഡിങ്ങിലേക്ക് നടന്നു പോകുന്നു.

പുറത്ത് സിമന്റ്‌ ബെഞ്ചിന്റെ ചുറ്റിനും കൂടി ആകാംക്ഷയുടെ മുൾമുനയിൽ നിന്ന്‌ കഥ ആസ്വദിച്ചു കൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് കാണുന്നത് നിലാവിന്റെ അരണ്ട വെളിച്ചത്തിൽ രണ്ടു രൂപങ്ങൾ പുറം തിരിഞ്ഞു നടക്കുന്നതാണ്.

നിബിഡമായ ചികുരഭാരം അഴിച്ചിട്ട്, മണി കിലുങ്ങുന്ന നനുത്ത ശബ്ദത്തോടെ,താള നിബദ്ധമായി

പിള്ളേർ അയ്യോ………ന്ന്‌ കോറസ്, ഉച്ചത്തിലുള്ള കരച്ചിൽ കേട്ടതോടെ വെളിയിൽ നിന്നിരുന്ന മൊത്തം എണ്ണവും അതേറ്റു പിടിച്ചു.

ഭയങ്കര ബഹളം.

കുറെ പേർ സ്റ്റഡി റൂമിലേക്കും ബാക്കിയുള്ളവർ മെയിൻ ബിൽഡിങ്ങിലേക്കും പാഞ്ഞു. ഒന്നാം നിലയിലെ ഡോർമെറ്ററിയിൽ അഭയം തേടിയവരുടെ പാദ പതനം ഒരു ചവിട്ടുനാടകത്തിന്റെ ഇഫ്ഫക്റ്റ് ഉണ്ടാക്കി.കാരണം തടി കൊണ്ടുള്ള പഴയ മച്ച് ആണ്‌.

ലോകം മുഴുവൻ നിശ്ശബ്ദമായിരിക്കുന്ന സമയമാണല്ലോ .

ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വാർഡനും മേട്രനും ബാക്കി സിസ്റ്റേഴ്‌സും ടോർച്ചും മെഴുകുതിരിയും ഒക്കെ ആയി പുറത്തിറങ്ങി” സൈലെൻസ് “എന്നൊക്കെ വിളിച്ചുപറഞ്ഞെങ്കിലും കുട്ടികൾ ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടികൊണ്ടിരുന്നു.

പെട്ടെന്ന് ലൈറ്റ് വന്നു. അതോടെ ബഹളംനിന്നു.”ആരാ ബഹളം വച്ചത്” എന്ന വാർഡന്റെ ചോദ്യത്തിന്റെ മുന്നിൽ എല്ലാവരും തല കുനിച്ചു നിന്നു. പ്രീഡിഗ്രിക്കാർ മാത്രമേ രംഗത്തുള്ളൂ.

ബാക്കിയുള്ളവരൊക്കെ അവരവരുടെ റൂമുകളിൽ ആണ്‌.

ആരും മിണ്ടാഞ്ഞപ്പോൾ വാർഡൻ ഗ്രൂപ്പ് ലീഡറിനോട് ചോദിച്ചു, എന്തിനാ എല്ലാവരും ഓടിയത്? ഗത്യന്തരമില്ലാതെ ആ കുട്ടി പറഞ്ഞു,

” ആരോ പ്രേതത്തെ… അല്ല യക്ഷിയെ കണ്ടെന്ന്…….. ”

“ഹത് ശരി. നമ്മൾ ഇത്രേം യക്ഷികൾ ഒരുമിച്ചു താമസിക്കുന്നിടത്ത് വേറെ യക്ഷിയോ?”

സരസപ്രിയ ആയ മേട്രൺ സിസ്റ്റർ മൊഴിഞ്ഞു.

അപ്പോൾ മോളിചേച്ചി (വൈകുന്നേരം 6 മണിക്ക് ഗേറ്റ് പൂട്ടുന്നതും രാവിലെ തുറക്കുന്നതും മോളി ചേച്ചിയുടെ പോർട് ഫോളിയോയിൽ പെട്ടതാണ്.)വന്നു പറഞ്ഞു, “സിസ്റ്ററെ, ഗേറ്റിൽ ആളുകൾ വന്നു നിൽപ്പുണ്ട്.”

എല്ലാവരെയും സ്റ്റഡിറൂമിലേക്ക് പറഞ്ഞയച്ചിട്ട് വാർഡനും മേട്രണും മറ്റ് പരിവാരങ്ങളും കൂടെ ഗേറ്റിന്റെ അടുത്തോട്ടു ചെന്നു. ഗേറ്റ് തുറക്കുന്നത് ഒരു വലിയ പണി ആണ്‌. തല മാത്രം കാണാവുന്ന ഒരു കിളി വാതിൽ ഉണ്ട്. അത്‌ തുറന്നപ്പോൾ കുറച്ച് ആളുകൾ നിൽക്കുന്നത് കണ്ടു.

അടുത്ത് ഒക്കെ താമസിക്കുന്ന ആളുകൾ ആണ്‌.കോളേജിലെ സ്റ്റാഫും ടീച്ചേഴ്സും താമസിക്കുന്ന ലെയിൻ ഹോസ്റ്റലിന്റെ തൊട്ടടുത്താണ്.

എല്ലാവരും ബഹളം കേട്ട് ഓടി വന്നതാണ്.

“എന്താ സിസ്റ്ററെ, ഒരു ബഹളം കേട്ടല്ലോ. വല്ല കുഴപ്പവും ഉണ്ടോ?”

“പിള്ളേർ എന്തോ കണ്ട് പേടിച്ചതാ”.സിസ്റ്റർ പറഞ്ഞു.

” ആണോ. ഏതായാലും ഞങ്ങൾ മതിലിന്റെ ചുറ്റിലും ഒന്നും നോക്കിയേക്കാം. ശരി ഗേറ്റ് ലോക്ക് ചെയ്തേരെ.”

അടുത്ത സ്റ്റഡി ടൈം തുടങ്ങുന്നതിനു മുമ്പേ കൂട്ടമണി മുഴങ്ങി. ഹോസ്റ്റലിന്റെ മുറ്റത്തു അസ്സമ്പിൾ ചെയ്യാനുള്ള കാൾ ആണ്‌.വാർഡന്റെ സാന്നിധ്യത്തിൽ മേട്രൺ സംസാരിച്ചു തുടങ്ങി.

“നോക്ക്, കുട്ടികളെ, നിങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചു ഹോസ്റ്റൽ അധികാരികളെപ്പോലെ തന്നെ നമ്മുടെ ചുറ്റിനും താമസിക്കുന്ന ആളുകൾക്കും എത്രമാത്രം ശ്രദ്ധയാണെന്നു നോക്കിക്കേ,..

ഇപ്പോൾ തന്നെ അവർ ഓടി വന്നത് കണ്ടോ.

അപ്പോൾ നമ്മൾ അവരെ ആവശ്യമില്ലാതെ ശല്യപ്പെടുത്താത്ത തരത്തിൽ പെരുമാറണ്ടേ.”

“ഇത്രയും ഉയർന്ന മതിൽക്കെട്ടു വലിയ ഗേറ്റും കടന്ന് ആര് ഇവിടെ വരാനാ?”

“സിസ്റ്ററെ, യക്ഷിക്ക് മതിലും ഗേറ്റും ഒന്നും ഒരു പ്രശ്നമല്ല.”

“ഉം… അതാരുടെയാണ് ആ കിളിനാദം?”

ആരും മിണ്ടുന്നില്ലന്ന് കണ്ട് സിസ്റ്റർ വീണ്ടും ചോദിച്ചു

“അല്ല,ശരിക്കും എന്താ ഇവിടെ സംഭവിച്ചത്?”

“ആരാ ആദ്യം യക്ഷിയെ കണ്ടത്?”

ആരും മിണ്ടിയില്ല. ചോദ്യം പലവട്ടം ആവർത്തിച്ചെങ്കിലും മറുപടി എങ്ങുനിന്നും വരുന്നില്ല എന്ന് കണ്ട സിസ്റ്റർ പ്രീഡിഗ്രിക്കാരുടെ ലീഡറിനോട് ചോദിച്ചു. “മോൾ പറ, ആരാ ആദ്യം യക്ഷിയെ കണ്ടത്?

“ആരാണ് കണ്ടതെന്ന് അറിയില്ല സിസ്റ്റർ, ഞങ്ങൾ ദീപയുടെ അടുത്തു നിന്നുകൊണ്ട് കഥ കേൾക്കുവായിരിന്നു. ഒരു പാദസരത്തിന്റെ കിലുക്കം കേട്ടപ്പോൾ ആരോ യക്ഷി എന്ന് പറഞ്ഞു.

കേട്ടപാതി പേടിച്ച് കരഞ്ഞോണ്ട് എല്ലാവരും നാലുപാടും ഓടി.ഡോർമെറ്ററിയിലേക്ക് ഓടിക്കേറിയപ്പോൾ ആണ്‌ വലിയ ഒച്ച ഉണ്ടായത്.”

“ചുരുക്കത്തിൽ ആരും യക്ഷിയെ കണ്ടിട്ടി ല്ല..

പാദസരത്തിന്റെ കിലുക്കം കേട്ട് യക്ഷിയാണെന്നു വിചാരിച്ചു.. ഉം… ഇവിടെ നമുക്ക് പാദസരം അങ്ങ് നിരോധിക്കാം, അല്ലേ.”

“അല്ല.. സിസ്റ്ററെ, നല്ല ഹൃദ്യമായ ഒരു സുഗന്ധം ഞങ്ങൾക്ക് അനുഭവപ്പെട്ടു.മുടി അഴിച്ചിട്ട ഒരു രൂപവും ഞങ്ങൾ കണ്ടു.”

ദീപ പറഞ്ഞു.

“അപ്പോൾ ശരി.താനാണ് കഥപറഞ്ഞതും യക്ഷിയെ കണ്ടതും അല്ലേ ദീപാ.”

“ഒരാളല്ലായിരുന്നു. രണ്ടു പേരുണ്ടായിരുന്നു.”

പുറകിൽ നിന്നും വേറൊരു ശബ്ദം.

“ആഹാ,കണ്ടവരുടെ എണ്ണം കൂടുന്നല്ലോ.”

“ശരി, എണ്ണത്തിന്റെ കാര്യത്തിൽ ആദ്യമേ തന്നെ നിങ്ങൾ ഒരു തീരുമാനത്തിൽ എത്ത്”.

സിസ്റ്റർ ചിരിച്ചോണ്ട് പറഞ്ഞു.

“രണ്ടു പേരുണ്ടായിരുന്നോ എന്ന്‌ എനിക്ക് ഓർമ്മയില്ല. മനോഹരമായ ആ മുടി കണ്ട്‌ ഞാൻ മതിമറന്നു പോയി.”ദീപ കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.

“ദേ ആ മണം വീണ്ടും.”ദീപ മൂക്ക് വിടർത്തി ക്കൊണ്ട് പറഞ്ഞു. സിസ്റ്റർ എല്ലാവരെയും നോക്കി ചിരിച്ചിട്ട് പറഞ്ഞു, ”

ആ സൈഡിലോട്ട് ഒന്നു നോക്കിക്കേ. നിറയെ പൂക്കളുമായ് ചെമ്പകം നിൽക്കുന്നത് കാണുന്നില്ലേ.

പൊന്നു ദീപേ, പാല പൂത്തതൊന്നുമല്ല കേട്ടോ.

ആഹ്. എല്ലാവരും സ്റ്റഡി റൂമിലേക്ക്‌ പൊയ്ക്കോ.”

” ദീപ അവിടൊന്നു നിന്നേ. താൻ നന്നായി കഥകൾ പറയുമെന്ന് ഞാൻ അറിഞ്ഞു.നമുക്ക് ഇനി രാത്രിയിൽ പേടിപ്പിക്കുന്ന കഥകൾ ഒന്നും വേണ്ട മോളെ.”

എല്ലാവരും തിരികെ നടന്നു തുടങ്ങിയപ്പോൾ,

ദീപയുടെ കണ്ണുകൾ മുമ്പിൽ നടന്നു പോകുന്ന മുടിയുള്ള ചേച്ചിയിൽ പതിഞ്ഞു.

അവൾ അവിടെത്തന്നെ നിന്നു.

ഈ മുടിയല്ലേ നേരത്തെ കറന്റ് പോയപ്പോൾ കണ്ട ആ മുടി……

അതേ…… യക്ഷി ചേച്ചിയുടെ അതേ മുടി….

“സിസ്റ്റർ…. ദേ…..”

തൊട്ടടുത്ത നിമിഷം രണ്ടു കൈകൾ ദീപയുടെ വായുടെ നേരെ വന്നു.

” പോടി. പോ. പോയിരുന്ന് വല്ലതും പഠിക്കടീ”

എന്നൊരു ശാസനവും .

സിസ്റ്റർ തിരിഞ്ഞു നിന്നു ചോദിച്ചു

” എന്താ അവിടെ?”

“സിസ്റ്ററെ, ദീപ ‘പച്ചവെളിച്ച’ത്തിന്റെ കഥ പറയാൻ തുടങ്ങുന്നു….. “ദീപയുടെ ചുറ്റുംനിൽക്കുന്ന സീനിയേർസിന്റെ കോറസ്.

“ഞാൻ അങ്ങോട്ട്‌ വരണോ?”

“വേണ്ട സിസ്റ്റർ, ഞങ്ങൾ നോക്കിക്കോളാം.”

ദീപ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്ന കൈകൾ പതുക്കെ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് ഒരു ചേച്ചി ചോദിച്ചു, “രണ്ടാമത്തെ യക്ഷിയെ കാണണ്ടേ നിനക്ക്?”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Rani Varghese