നീ ശബ്ദം ഉണ്ടാക്കാതെ വേഗം ഇറങ്ങി വാ… സാന്ദ്രയും സിദ്ധുവും ഒന്നും അറിയേണ്ട, നമ്മൾ ഒരു യാത്ര പോവുകയാണ്…

രചന : മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

കഥ : തങ്ക മകൾ.

*****************

“”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ””

സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു.

അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു..പല്ല് കടിച്ചു ഞെരിച്ചു..

ചുണ്ടുകൾ വിതുമ്പി..

സാന്ദ്രയുടെ അലർച്ച കേട്ട് ആ തുണി കടയിലുള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു നോക്കി.

അവർ പരസ്പരം നോക്കി പിറുപിറുത്തു.

അച്ഛൻ ജയൻ ആകെ ലജ്ജയോടെ ചുറ്റും നോക്കി. സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വെച്ച് അപമാനിച്ച ലജ്ജ മറക്കാൻ അയാൾ തൂവാലയെടുത്ത് മുഖം തുടച്ചു. ഇരച്ചു കയറിയ അരിശം അയാൾ അടക്കി നിർത്തി. സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു.

അഭിരാമിക്ക് ആ വിളിയിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇടക്ക് കേൾക്കുന്നത് കൊണ്ടാവാം.

“അല്ലെങ്കിലും സാന്ദ്ര ചേച്ചി വിളിച്ചതിൽ എന്താ തെറ്റ്. എനിക്കറിയില്ലല്ലോ എന്റെ അച്ഛനാരാണെന്ന്”.

അഭിരാമി ഓർത്തു.

അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ വെച്ചു. അവൾ ദേഷ്യത്തോടെ കൈ തട്ടി. തീ പാറും കണ്ണുകളോടെ അഭിരാമിയെ നോക്കി..

“”ചേച്ചീ…അച്ഛൻ ഈ കുർത്തി എനിക്ക് ചേരും എന്നല്ലേ പറഞ്ഞിട്ടുള്ളൂ. ചേച്ചിക്ക് ഇഷ്ടായെങ്കിൽ ഇതെടുത്തോ.. അതിന് അച്ഛനോട് ഇങ്ങനെ ഒച്ചയിടണോ. അതും ആളുകളുടെ മുമ്പിൽ വെച്ച്

“” അഭിരാമി വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു.

സാന്ദ്ര തിരിഞ്ഞു അഭിരാമിയെ നോക്കി.

തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിനുണ്ടെന്നു അഭിരാമിക്ക് തോന്നി..

“സഹിക്കാൻ ഞാൻ ഒരുക്കമാണ്.

കൊന്നാലും മിണ്ടാൻ പറ്റില്ലല്ലോ എനിക്ക്.

മരിച്ചു പോയെങ്കിലും അവരുടെ വേലകാരിയുടെ മകളല്ലേ ഞാൻ”. അഭിരാമി ചിന്തിച്ചു. അവൾ സാന്ദ്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

“”അത് എന്റെ പപ്പയാടീ… എന്റെ മാത്രം..എവിടെ നിന്നോ ഉണ്ടായ തന്തയില്ലാത്തവളേ.

കൊല്ലും ഞാൻ നിന്നെ.””

സാന്ദ്ര പതിഞ്ഞ സ്വരത്തിൽ പല്ലിറുമ്മി കൊണ്ട് പറഞ്ഞു.

തിരികെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും മൂടികെട്ടിയിരുന്നു.

അവളുടെ ഉള്ളം തിളച്ചു മറിയുകയാണ്.

“വേലക്കാരിയുടെ മകളാണെന്ന് പറയുന്നു.. എന്ത് കാര്യത്തിലും എന്നേം അവളേം ഒരു പോലെയാണല്ലൊ പപ്പക്ക്. അവളോട് കുറച്ചു കൂടുതൽ അടുപ്പം പപ്പക്കുണ്ടോ..?

ഒരു വേലകാരി മരിച്ചു എന്ന് കരുതി അവരുടെ മകളോട് ഇത്ര സ്നേഹം കാണിക്കേണ്ട കാര്യമുണ്ടോ”?. ചോദ്യങ്ങളുടെ കൂർത്ത കൂരമ്പുകൾ സാന്ദ്രയുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു.

അവൾ അഭിരാമിയെ വീണ്ടും വെറുപ്പോടെ നോക്കി.

ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി അഭിരാമി പുറം കാഴ്ച്ചകളിൽ മുഴുകിയിരിക്കുകയാണ്

“അമ്മ മരിച്ചതിൽ പിന്നെ എന്നെ തെരുവിൽ തള്ളിയില്ലല്ലോ. മുതലാളി എന്നുള്ള വിളി തിരുത്തി അച്ഛാ എന്ന് വിളിച്ചാൽ മതിയെന്നല്ലേ അദ്ദേഹം പറഞ്ഞത്. അർഹിക്കാത്ത സ്നേഹം ഞാൻ നേടുന്നുണ്ടോ..? എനിക്കതിനു യോഗ്യതയുണ്ടോ..?.

ആരൊക്കെ വെറുത്താലും കുത്തിനോവിച്ചാലും അതൊന്നും അധികമാവില്ല.എന്നെ നോക്കുന്ന ഒരു മുതലാളിയച്ഛൻ ഉണ്ടല്ലോ.. അവർ തിന്നുന്നത് എനിക്കും തിന്നാൻ കിട്ടുന്നുണ്ടല്ലോ. സാന്ദ്ര ചേച്ചി ഉടുക്കുന്ന പോലോത്തത് ഞാനും ഉടുക്കുന്നുണ്ടല്ലോ.. അങ്ങനെ നോക്കുമ്പോൾ രാജകുമാരിയല്ലേ ഞാൻ”..അഭിരാമി ചിന്തകളിൽ നീന്തി തുടിച്ചു. അറിയാതെ കണ്ണുകളിൽ ഊറി വന്ന കണ്ണീർ തുടച്ചു.

വീടെത്തി.. ജയൻ കാറ് പോർച്ചിലേക്കു കയറ്റിയിട്ടു ഡോർ തുറന്നു ചാടിയിറങ്ങി. അയാളുടെ മുഖം കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. പുറകിലത്തെ ഡോർ വലിച്ചു തുറന്നു സാന്ദ്രയെ വലിച്ചിറക്കി.

“”വാടീ ഇവിടെ””..അയാൾ ആക്രോശിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു വീടിനുള്ളിലേക്ക് നടന്നു.

“”പപ്പാ വിട്.. എന്റെ കൈ വേദനിക്കുന്നു.””

സാന്ദ്ര ചിണുങ്ങി കൊണ്ട് പറഞ്ഞു.

അഭിരാമി ഒന്നും മനസ്സിലാകാതെ അല്പം പേടിയോടെ അവരെ നോക്കി നിന്നു.

“”അഭീ.. നീ മുറിയിലേക്ക് പോ””..ജയൻ തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു.

അഭിരാമി ഗോവണി കയറി മുകളിലേക്ക് പോയി.

ജയൻ സാന്ദ്രയേയും കൊണ്ട് അവളുടെ അമ്മ കിടക്കുന്ന മുറി തള്ളി തുറന്നു.

അവളെ അകത്തേക്ക് വലിച്ചിട്ടു..

“”നോക്ക്.. നിന്റെ പെറ്റ തള്ളയാണിത്. വീണിട്ട് നട്ടെല്ല് തകർന്ന് ഈ കിടപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഒന്നും നിനക്കറിയാത്തതല്ലല്ലോ””.

ജയൻ സാന്ദ്രയോട് കട്ടിലിൽ കിടക്കുന്ന അവളുടെ അമ്മ രുക്‌മിണിയേ ചൂണ്ടി കൊണ്ട് ആക്രോശിച്ചു.

സാന്ദ്രക്ക് ഒന്നും മനസ്സിലായില്ല.അവൾ എന്തോ നാറ്റം സഹിക്കാനാവാതെ മൂക്ക് പൊത്തി.

“”നാറ്റം വരുന്നുണ്ടല്ലേ. നമ്മൾ പുറത്ത് പോയില്ലേ.

അവൾ മലമൂത്ര വിസർജനം നടത്തിയതാണ്. നീ വൃത്തിയാക്കുമോ?.. ഇല്ലല്ലോ.. എന്നാ അവൾ ചെയ്യും. അഭിരാമി. ഞങ്ങളൊന്നും പറയാതെ തന്നെ അവൾ രുക്കൂന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്””.

ജയൻ വീണ്ടും അലറി കൊണ്ട് പറഞ്ഞു.

സാന്ദ്ര ഒന്നും മിണ്ടിയില്ല. അവൾ തലകുനിച്ചു നിന്നു.

“”നീ നിന്റെ അമ്മയേ ഒന്ന് നോക്കാറുണ്ടോ. നീ ഈ മുറിയിൽ കയറിയിട്ട് എത്ര ദിവസമായി..

പക്ഷെ..

അവളോ. എന്തിന് കൂടുതൽ പറയണം.

മാസാമാസം ഇവൾക്കുണ്ടാകുന്ന ആർത്തവം പോലും അവളല്ലേ നോക്കുന്നത്. എന്നിട്ട് അവൾക്കൊരു ആയിരം രൂപയുടെ കുർത്തിയും പാന്റും എടുത്ത് കൊടുത്തത് നിനക്ക് ഇഷ്ടായില്ല… അല്ലേ””. ജയന്റെ കണ്ണുകൾ ഈറനണിഞ്ഞു. തൊണ്ട ഇടറി..

“”അമ്മയുടെ മഹത്വം നിനക്കറിയില്ല..പക്ഷെ…

അവൾക്കറിയാം..കാരണം അമ്മയേ ആവശ്യമുള്ള സമയത്ത് അവൾക്കതില്ലാതെ പോയി….പോ… പൊയ്ക്കോ നീ.. ഈ നാറ്റം നിനക്ക് പിടിക്കില്ല””.

ജയൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

സാന്ദ്ര ഒരു ഭാവഭേദവും ഇല്ലാതെ തലകുനിച്ചു കൊണ്ട് ഇറങ്ങി പോയി.

രുക്മിണി തല ചെരിച്ചു ജയനെ നോക്കി.

അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

അയാൾ അവരെ നോക്കി ചിരിച്ചു.

“”അവൾ ആ ആളുകളുടെ ഇടയിൽ വെച്ച് എന്നെ””..ജയൻ രുക്മിണിയുടെ മലവും മൂത്രവും വൃത്തിയാക്കുന്നതിനിടെ പറഞ്ഞു.

“”പോട്ടെ.. ജയേട്ടാ.. അവള് അറിയാതെ പറഞ്ഞതാകും””.രുക്‌മിണി ഇടറിയ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ജയൻ പതുക്കെ ഒന്ന് മൂളി. അയാൾ അവരെ ചെരിച്ചു കിടത്തി. മുതുകിലെ മുറിവിൽ നിന്നും പഴുപ്പ് ഒപ്പിയെടുത്തു മരുന്ന് വെച്ചു.

“”വേദനയുണ്ടോ രുക്കു””? ജയൻ ചോദിച്ചു.

രുക്മിണി മറുപടിയായി ഒന്ന് ഞരങ്ങി.

“”നിന്റെ ബ്രായുടെ വള്ളി ഉരഞ്ഞിട്ടാണ് ഈ മുറിവ്. അല്ലാതെ വെള്ളത്തിന്റെ കിടക്കയിൽ കിടക്കുമ്പോൾ മുതുക് പൊട്ടാൻ വഴിയില്ല. പ്രമേഹവും ഉള്ളതല്ലേ. അതാണ് പഴുപ്പ് വന്നത്.

ആ സാധനം ഇടേണ്ട എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ നീ.””

ജയൻ അല്പം പരിഭവത്തോടെ പറഞ്ഞു.

രുക്മിണി മറുപടിയായി ഒന്ന് ചിരിച്ചതേ ഉളളൂ..

“”ജയേട്ടാ… സാന്ദ്രക്ക് ഇരുപത്തിരണ്ട് വയസ്സായി ട്ടോ.. ഇനിയും അവളിൽ നിന്ന് മറച്ചു വെക്കാൻ പാടാണ്..നമ്മുടെ വേലക്കാരിയിൽ നിങ്ങൾക്കുണ്ടായ മകളാണ് അഭിരാമി എന്നവൾ അറിഞ്ഞാൽ””…രുക്മിണി പറഞ്ഞു മുഴുമിപ്പിച്ചില്ല.

അവളുടെ മുഖം വാടി.

കൺകോണുകളിൽ കണ്ണീർ പൊടിഞ്ഞു.

ജയൻ അവളെ പതുക്കെ വെള്ളത്തിന്റെ കിടക്കയിലേക്ക് കിടത്തി. ശരീരം തുടച്ചു വൃത്തിയാക്കി പുതിയ കുപ്പായം ധരിപ്പിച്ചു.

“”എന്നോട് വെറുപ്പാണോ രുക്കൂ””?. ജയൻ ചോദിച്ചു

“”എന്തിന്.. എന്തിനാ ജയേട്ടാ നിങ്ങളോട് വെറുപ്പ്‌..

എന്റെ കൺ കണ്ട ദൈവമല്ലേ.. ഇട്ടേച്ചു പോയില്ലല്ലോ എന്നെ.വേറെ ജീവിതം നോക്കി പോയില്ലല്ലോ.പൊന്നു പോലെ നോക്കുന്നില്ലേ എന്നെ.

എല്ലാ സുഖങ്ങളും എനിക്ക് വേണ്ടി ഏട്ടൻ””…

രുക്മിണിയുടെ സ്വരം ഇടറി.

“”അതല്ല രുക്കൂ.. ഞാൻ പറഞ്ഞില്ലേ. ഒരു നശിച്ച നിമിഷത്തിൽ പറ്റി പോയതാണ്””.

ജയൻ സങ്കടത്തോടെ പറഞ്ഞു.

“”ദയവ് ചെയ്ത് ഇതിനി പറയാതിരിക്കുമോ?.

വികാര തള്ളിച്ചയാൽ നിങ്ങൾക്കൊരു തെറ്റ് പറ്റിയതാണെന്ന് ഏട്ടൻ കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ അന്നേ ക്ഷമിച്ചില്ലേ..എല്ലാം പൊറുത്തില്ലേ…

ഏട്ടൻ വീണ്ടും വീണ്ടും പറയുമ്പോൾ മറന്നത് ഓർമ്മ വരികയാണ്… ജയേട്ടാ… ഞാൻ നിങ്ങളുടെ ഭാര്യയാണ്””…

രുക്മിണി വീണ്ടും വിതുമ്പാൻ തുടങ്ങി.

“”രുക്കൂ… കരയല്ലേ.. കുറ്റബോധം കൊണ്ടാണ്..

ആ നശിച്ച നിമിഷത്തെ ശപിക്കാത്ത ദിവസങ്ങളില്ല.അതിന് ശേഷം ഒരു പെൺ ശരീരത്തിന്റെ രുചി അറിഞ്ഞിട്ടില്ല.. ഇപ്പൊ ഒരു തരം മരവിപ്പാണ്.. മനസ്സിനും ശരീരത്തിനും..

ഇടയ്ക്കിടെ നിന്നോട് വന്ന് പശ്ചാതപിക്കുമ്പോൾ മനസ്സിന്റെ നീറ്റൽ ഒന്ന് കുറയും””.

ജയൻ കണ്ഠമിടറി പറഞ്ഞു.

രുക്മിണി ഒന്ന് മൂളി.അവർ കണ്ണ് തുടച്ചു കൊണ്ട് ജയനെ നോക്കിയൊന്ന് ചിരിച്ചു.

“”അമ്മേ.. കഞ്ഞി കുടിക്കുവല്ലേ””.അഭിരാമി കഞ്ഞിയുമായി മുറിയിലേക്ക് കയറി വന്ന് കൊണ്ട് പറഞ്ഞു.

“”അച്ഛൻ വൃത്തിയാക്കിയോ എല്ലാം. ഞാൻ ചെയ്യുമായിരുന്നില്ലേ അച്ഛാ””..അഭിരാമി കഞ്ഞി കോരിക്കൊടുക്കുന്നതിനടിയിൽ പറഞ്ഞു.

ജയൻ അഭിരാമിയേ നോക്കിയൊന്ന് ഊറി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.

“”അഭിക്ക് മനസ്സ് വേദനിച്ചോ.. തുണിക്കടയിൽ വെച്ച് സാന്ദ്ര അങ്ങനെ പറഞ്ഞപ്പൊ””?..

രുക്മിണി ചോദിച്ചു.

“”എന്നെ പറഞ്ഞില്ലല്ലോ. അച്ഛനെയല്ലേ ആളുകളുടെ മുമ്പിൽ വെച്ച് അപമാനിച്ചത്. അതിലേ ഉളളൂ വേദന. ഞാൻ വേലകാരിയുടെ മകളല്ലേ.

അല്ലാതെ എനിക്കെന്തിനാ വിഷമം അമ്മേ””.

അഭിരാമി കഞ്ഞി പാത്രത്തിലേക്കു രുക്മിണിയുടെ വായ കഴുകുന്നതിനിടെ പറഞ്ഞു. നിറഞ്ഞ മിഴികൾ ഷാൾ കൊണ്ട് തുടച്ചു.

രുക്മിണി ഇമ വെട്ടാതെ അവളെ തന്നെ നോക്കി.

“ശരിക്കും ജയേട്ടന്റെ സ്വഭാവം ഇവൾക്കാ കിട്ടിയിരിക്കുന്നത്”.രുക്മിണി ഓർത്തു. അഭിരാമി രുക്മിണിയേ നോക്കിയപ്പോൾ അവർ തല തിരിച്ചു.

“”എന്റെ തടി ഇവിടുത്തെ അന്നമല്ലേ. അപ്പൊ യജമാനത്തിക്ക് എന്തും പറയാലോ.. തല്ലാം.. ചീത്ത വിളിക്കാം..തന്തയില്ലാത്തവളെ എന്നൊക്കെ വിളിക്കാം””..അഭിരാമി രുക്മിണിയേ നേരെ കിടത്തുന്നതിനിടക്ക് പറഞ്ഞു. അവൾ ഒന്ന് തേങ്ങി..

“നിനക്ക് തന്തയുണ്ട്.. നിന്റെ അച്ഛൻ എന്റെ ഭർത്താവാണ് അഭിരാമി”.എന്ന് വിളിച്ചു പറയാൻ രുക്മിണി വെമ്പി.. “പക്ഷെ.. അങ്ങനെ പറഞ്ഞാൽ.. ശരിക്കും എന്റെ ഉദരത്തിൽ പിറന്ന എന്റെ മക്കൾ… വേണ്ട.. പറയണ്ട.”

രുക്മിണി ഒന്ന് ചിരിച്ചു.

“”സാരമില്ല അഭീ..

അവളങ്ങനെയാണ്‌..

അച്ഛന്റെ സ്നേഹം പങ്കിട്ടു പോകുന്നത് പോലെ അവൾക്ക് തോന്നിക്കാണും.

എത്ര കോരി കൊടുത്താലും വറ്റാത്ത ഉറവയാണ് സ്നേഹം എന്ന് തിരിച്ചറിയാൻ അവൾക്ക് കഴിവില്ല

രുക്മിണി മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അഭിരാമി ഒന്ന് ചിരിച്ചെന്ന് വരുത്തി മുറിയിൽ നിന്നിറങ്ങി പോയി. ഹാളിൽ സാന്ദ്ര ടീവി കാണുന്നുണ്ട്. അവൾ സാന്ദ്രയെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു. സാന്ദ്രയുടെ മുഖം വിവർണ്ണമായി. അരിശം മൂത്ത് മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

“”നിന്റെ ചിരി ഞാൻ മാറ്റി തരാമെടീ തന്തയില്ലാത്ത തേവിടിശ്ശി…എന്റെ പപ്പയെ നീ എന്ത് കാണിച്ചാണ് “”… സാന്ദ്ര പറഞ്ഞു മുഴുമിപ്പിച്ചില്ല.

അപ്പോഴേക്കും അവളുടെ ജേഷ്ഠൻ സിദ്ധാർഥ് കയറി വന്നു. സിദ്ധാർഥിന് അഭിരാമിയെ ഇഷ്ടമാണ്.

“”ആഹാ… അഭി ഷോപ്പിംഗ് കഴിഞ്ഞു വന്നോ..

നോക്കട്ടെ.. അഭിക്ക് എന്താ എടുത്തത്””.?

സിദ്ധാർഥ് ആവേശത്തോടെ ചോദിച്ചു.

അഭിരാമി വേഗം കണ്ണ് തുടച്ചു..

സിദ്ധാർഥിനെ നോക്കി ചിരിച്ചു.

“”എനിക്ക് കുർത്തിയും പാന്റും എടുത്തു സിദ്ധുവേട്ടാ. വാ കാണിച്ചു തരാം””.

അഭിരാമി മുകളിലേക്ക് നടന്നു.പുറകെ സിദ്ധാർത്തും…

“ചെല്ലെടാ.. ചെല്ല്.. അവൾ എന്തും തരും.

ആ അമ്മയുടെ മകളല്ലേ”..

സാന്ദ്ര ഉള്ളിൽ പറഞ്ഞു.

നടന്നു പോകുന്ന അഭിരാമിയെ സാന്ദ്ര നോക്കി.

“എന്തൊരു ഭംഗിയും ശരീരവടിവുമാണ് ഈ പെണ്ണിന്. വേലക്കാരിക്ക് ഏതോ കൊമ്പത്തെ തറവാട്ടിൽ നിന്ന് കിട്ടിയതാവും”..സാന്ദ്ര ഓർത്തു.

അവളുടെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിരിഞ്ഞു.

“”നല്ല ഭംഗിയുണ്ടല്ലോ അഭീ.നിനക്കിത് നന്നായിട്ട് ചേരും””. അവളുടെ കുർത്തിയും പാന്റും കയ്യിലെടുത്ത് സിദ്ധാർഥ് പറഞ്ഞു.

“”നീ ഇട്ടു നോക്കിയോ””?. സിദ്ധാർഥ് ആകാംഷയോടെ ചോദിച്ചു

“”ഇല്ല.. സമയം കിട്ടിയില്ലേട്ടാ””.അവൾ മറുപടി പറഞ്ഞു.

“”എന്നാ ഒന്ന് ഇട്ടിട്ട് വാ.. ഞാൻ ഒന്ന് കാണട്ടെ””.സിദ്ധാർഥ് പറഞ്ഞു.

അവന്റെ മുഖം വല്ലാതെ ചുവന്നിരുന്നു.

അവൾ റൂമിൽ കയറി വാതിലടച്ചു.

അല്പം കഴിഞ്ഞപ്പോൾ പുറത്തേക്ക് വന്നു.

“”എങ്ങനെ ഉണ്ട്.. കൊള്ളാമോ””?

അഭിരാമി അൽപ്പം നാണത്തോടെ ചോദിച്ചു.

സിഥാർഥ് അവളെ അടിമുടി ഒന്ന് നോക്കി.. എന്തൊരു ചന്തമാ ഇവൾക്ക് .. തുടുത്ത വട്ടമുഖം.

ശോണിമയാർന്ന തുടുത്ത അധരങ്ങൾ. തിളങ്ങുന്ന വിടർന്ന കണ്ണുകൾ. കട്ടകറുപ്പൊത്ത നീണ്ട പുരികങ്ങൾ. നീണ്ട നാസികക്ക് അലങ്കാരമെന്നവണ്ണം ചുവന്ന കല്ല് വെച്ച മൂക്കുത്തി. മണി കഴുത്തിൽ വെള്ളിനിറമുള്ള മുത്തുമാല. നിറഞ്ഞ മാറിടങ്ങൾ. താഴേക്ക് ഒതുങ്ങിയ വയറിനു തുടർച്ചയെന്നവണ്ണം വടിവൊത്ത് വിടർന്ന അരക്കെട്ട്… അവനിൽ എന്തൊക്കെയോ വികാരങ്ങൾ മുളപൊട്ടി. എപ്പോഴൊക്കെയോ അവളോട്‌ അടക്കി വെച്ച സ്നേഹം നെഞ്ചിൽ വന്നു തിങ്ങി.

അത് പുറത്തു ചാടാൻ വെമ്പൽ കൊണ്ടു.

അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു.

“”അഭീ.. നീ വളരെ സുന്ദരിയാണ്””.

സിദ്ധാർഥ് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.

അവൾ ചിരിച്ചു..നിരയൊത്ത ചെറിയ പല്ലുകൾ ആ ചിരിക്ക് മാറ്റേകി..അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..

“”എന്താ…സിദ്ധുവേട്ടാ””..

അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു.

അവൻ ചിരിച്ചു.. കൂടെ അവളും കുടുകുടേ ചിരിച്ചു..

തോട്ടത്തിൽ പോയി മടങ്ങി വന്ന ജയൻ രണ്ട് പേരുടേയും ചിരി കേട്ടു. അയാൾ കുറച്ചു നേരം ശങ്കിച്ചു താഴെ നിന്നു. പിന്നെ പതുക്കെ ഗോവണി കയറി മുകളിൽ എത്തി.

അഭിരാമിയുടെ മുറിയിലേക്ക് ഒളിഞ്ഞ് നിന്ന് നോക്കി…

“ഇതൊരു സഹോദരീ സഹോദരൻ ബന്ധമല്ല.

വെറുമൊരു വേലകാരിയുടെ മകളോട് യജമാനന്റെ മകന് തോന്നുന്ന നിമിഷ ചാപല്യം മാത്രമാണ്.. അരുതാത്തത് സംഭവിക്കുമോ?. രണ്ട് വയറ്റിൽ പിറന്നതാണെങ്കിലും ഞാൻ തന്നെയല്ലേ രണ്ട് പേരുടേയും അച്ഛൻ.. കൂടെപിറപ്പുകളല്ലേ രണ്ടും”..അയാളുടെ ഉള്ളം വെണ്ണീർ പോലെ കിടന്നു വെന്തു..

ഉറക്കം നഷ്ടപ്പെട്ട ജയൻ മുറിയിലൂടെ ഉലാത്തി.

ഇടക്ക് സിദ്ധാർഥിന്റെ മുറിയിൽ പോയി നോക്കി..

“ഇനി എങ്ങാനും അവൻ എഴുന്നേറ്റ് അഭിരാമിയേ കാണാൻ പോയാലോ..?. ഇങ്ങനെ ഒരു നിമിഷത്തെ വികാരതള്ളിച്ച തന്നെയല്ലേ എനിക്കും പണ്ട് ഉണ്ടായത്. ഗർഭം ധരിച്ചപ്പോ അവൾ ആരോടും പറയാതെ എങ്ങോട്ടോ പോയി. കൈ കുഞ്ഞുമായി തിരിച്ചു വന്നപ്പോ മാത്രമാണ് ഞാൻ അറിയുന്നത്. അഭിരാമി അവളുടെ വയറ്റിൽ ഊറിയെന്നു. പിന്നീട് ആരോടും പറയാതെ ഒരു മുറി കയറിൽ അവൾ തൂങ്ങിയപ്പോൾ മുതൽ തുടങ്ങിയ വേദനയാണ്. എന്റെ മോളെ പെരുവഴിയിലാക്കാൻ മനസ്സ് സമ്മതിച്ചില്ല. കൂടെ കൊണ്ടു വന്നു മകളായി തന്നെ വളർത്തി.മറ്റു മക്കൾ അറിയാതെ”.

ജയന്റെ ഓർമ്മകൾക്ക് മനസ്സ് പെരുമ്പറ കൊട്ടി.

പുലർച്ച ചെടികൾ നനക്കുകയായിരുന്ന അഭിരാമിയുടെ അടുത്തേക്ക് ജയൻ പതുക്കെ ചെന്നു..

അവളുടെ തോളിൽ കൈ വെച്ചു.. അവൾ തിരിഞ്ഞു നോക്കി. അച്ഛനാണെന്ന് കണ്ടപ്പോൾ അവൾ ഒന്ന് കൂടി ചേർന്ന് നിന്നു.

“”മോളെ… മോൾക്ക് സിദ്ധാർഥിനെ ഇഷ്ടാണോ?””

ജയൻ അവളുടെ നെറുകിൽ തലോടികൊണ്ട് ചോദിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായൊരു ചോദ്യം കേട്ടപ്പോ അവളൊന്നു ഞെട്ടി.

അവൾ ജയനെ നോക്കാതെ,

ഒന്നും മിണ്ടാതെ ചെടികൾ നനച്ചു കൊണ്ടിരുന്നു.

“”അഭിരാമീ.. പ്രണയം ആർക്കും ആരോടും തോന്നാം.. അത് നമ്മൾ എത്ര പൂഴ്ത്തി വെച്ചാലും ഹൃദയത്തിന്റെ പൂട്ട് പൊളിച്ചു അറിയാതെ പുറത്ത് ചാടി കൊണ്ടിരിക്കും… പക്ഷെ.. ഒരിക്കലും സിദ്ധുവിനെ.. വേണ്ട മോളെ.. അവൻ എന്റെ മകനും.. നീ എന്റെ..”” ജയനെ പറഞ്ഞു മുഴുമിപ്പിക്കാൻ അഭിരാമി സമ്മതിച്ചില്ല.

“”വേണ്ടച്ചാ… എനിക്കങ്ങനെ ആശിക്കാനാവുമോ സിദ്ധുവേട്ടനെ. എന്തെങ്കിലും ആശയോ ചിന്തയോ എന്റെ മനസ്സിൽ മുളപൊട്ടിയിട്ടുണ്ടെങ്കിൽ ഞാൻ നുള്ളി കളഞ്ഞോളാം””. അഭിരാമി ജയൻ കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നു കണ്ണ് തുടച്ചു.

മുകളിലെ മട്ടുപാവിൽ നിന്നു സാന്ദ്ര എല്ലാം കാണുകയായിരുന്നു. അവൾ കോപത്താൽ നിന്നു വിറച്ചു.

“അച്ഛനും മകളുമായി പൊറാട്ടു നാടകം കളിക്കുകയാണ്. വേശ്യയുടെ മകൾ ആ തനി സ്വരൂപം കാണിക്കാതിരിക്കില്ല. പപ്പ അവളെ എന്തെങ്കിലും ചെയ്തു കാണുമോ. അതായിരിക്കും അവളെ വിടാതെ പിടിച്ചിരിക്കുന്നത്.”..അവൾ സ്വയം പിറു പിറുത്തു.

സാന്ദ്ര ഓടി താഴെയെത്തി.. രുക്‌മിണിയുടെ മുറി തള്ളി തുറന്നു അകത്തു കയറി.

“”അമ്മേ.. പപ്പയോട് വേറെ പെണ്ണ് കെട്ടാൻ പറ.. ഇങ്ങനെ അടക്കി വെക്കാൻ പറ്റില്ലെങ്കിൽ.””

സാന്ദ്ര കോപത്താൽ വിറച്ചു കൊണ്ട് പറഞ്ഞു.

രുക്മിണി ഒന്നും മനസ്സിലാകാതെ സാന്ദ്രയേ നെറ്റി ചുളിച്ചു കൊണ്ട് നോക്കി.

“”എന്താ മോളെ.””

“”അമ്മ ഇങ്ങനെ അട്ടം നോക്കി കിടന്നോ.. കാമം അടക്കാൻ ആവുന്നില്ലെങ്കിൽ വേറെ പെണ്ണ് കെട്ടണം. അല്ലാതെ കണ്ട വേലകാരികളുടെ മകളേ വീട്ടിൽ പാർപ്പിക്കുകയല്ല വേണ്ടത്. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ. മകളെ പോലെയാണ് എന്നൊരു മുദ്ര പതിപ്പിച്ചു കൊടുത്താൽ എളുപ്പമായല്ലോ എല്ലാം”” .. സാന്ദ്ര ഉറക്കെ പറഞ്ഞു. അവൾ അമ്മയുടെ മറുപടി കേൾക്കാൻ നിൽക്കാതെ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി.

രുക്മിണിക്ക് എല്ലാം മനസ്സിലായി. “പപ്പയെ തെറ്റിദ്ധരിച്ചതാണ് മോളെ നീ.. അതും പപ്പയുടെ ചോരയിൽ പിറന്നതാണ്. പപ്പക്ക് അങ്ങനെ വേറൊരർത്ഥത്തിൽ ചിന്തിക്കാൻ പോലും കഴിയില്ല.”

ഇങ്ങനെ രുക്മിണിക്ക് പറയണം എന്നുണ്ട്..

പക്ഷെ…പറയാനുള്ള ത്രാണിയില്ല.

“”ജയേട്ടാ… അഭിരാമിയെ ഇനി ഈ വീട്ടിൽ നിർത്തേണ്ട..”” അന്ന് രാത്രി രുക്മിണി ജയനോട് പറഞ്ഞു.

ജയൻ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി.

“”അതെന്താ.. ഇപ്പൊ അങ്ങനെ..അവൾ പിന്നെ എന്ത് ചെയ്യും””. ജയന്റെ സ്വരം അല്പം പരുഷമായി..

“”അഭിരാമി നിങ്ങൾക്ക് മാത്രമല്ലേ മകൾ .. ബാക്കിയുള്ളവർക്ക് അങ്ങനെയല്ല. അവർ വേറെ ഏതെങ്കിലും അർത്ഥത്തിൽ ചിന്തിച്ചാലും കുറ്റം പറയാനാകുമോ?””.. രുക്മിണിയും അല്പം സ്വരം ഉയർത്തി.

അവർ കിടന്നു കൊണ്ട് ജയനെ നോക്കി. ജയന് ഒന്നും ശരിക്ക് മനസ്സിലായില്ല.

“”ജയേട്ടാ.. എന്റെ വയറ്റിൽ പിറന്ന രണ്ട് മക്കളുണ്ട്. എനിക്ക് അവരേക്കാൾ വലുതല്ല ആരും…

അവർ എന്തെങ്കിലും കടുംകൈ അവളെ ചെയ്‌താൽ “”…. രുക്മിണി തേങ്ങി കരഞ്ഞു.

“”നിങ്ങൾക്കവൾ മകളാണ്. നിങ്ങളുടെ ആലിംഗനങ്ങളും തലോടലുകളും അഭിരാമി ഒരു അച്ഛന്റേത് പോലെ ആസ്വദിക്കുന്നുണ്ടാകും.

പക്ഷെ..എന്റെ കുട്ടികൾക്ക് അവൾ വെറും വേലക്കാരിയുടെ മകളാണ്.””

ജയന് എല്ലാം മനസ്സിലായി.അയാൾ എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം നിന്നു. പിന്നെ ഒന്നിരുത്തി മൂളിയിട്ട് ഇറങ്ങി പോയി..

ജയന്റെ ഉറക്കം എങ്ങോട്ടോ പോയി മറഞ്ഞിട്ട് നാളുകളായി. തിരയെഴിയാത്ത കടല് പോലെ അയാളുടെ മനസ്സ് കലുഷിതമായി. സ്വന്തം ചോരയിൽ പിറന്ന മകളേ സ്നേഹിക്കാൻ പറ്റാതെ കണ്മുന്നിൽ വേലക്കാരിയേ പോലെ ജീവിക്കുന്നത് കാണാൻ വിധിക്കപ്പെട്ട ആ പിതൃ മനസ്സ് വല്ലാതെ നൊന്തു. “നായിന്റെ മകളേ.. വേശ്യക്കുണ്ടായവളേ, തന്തയില്ലാത്തവളേ.

എന്നൊക്കെയുള്ള സാന്ദ്രയുടെ വിളികൾ ജയന്റെ കരളിൽ വിഷം പുരട്ടിയ അമ്പുകളായി തറച്ചിരുന്നു.

ഉള്ളുരുകുന്നത് പുറത്തു കാണിക്കാതെ മകളെ ആരാരും കാണാതെ ചേർത്തു പിടിച്ച ആ അച്ഛന്റെ ഹൃദയം ഉരുകിയൊലിച്ചു.

“മകളെ.. ദാ.. ഞാനാണ് നിന്റെ അച്ഛൻ” എന്ന് ചുവരുകളോട് പോലും മന്ത്രിക്കാൻ ജയൻ ഭയന്നിരുന്നു.

അഭിരാമിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ തൂങ്ങി മരിക്കുന്നത്. സാന്ദ്രയേക്കാൾ രണ്ടു വയസ്സ് ഇളയതാണ് അവൾ.

ഒപ്പം കളിച്ചു ഒരു വീട്ടിൽ വളർന്നതാണെങ്കിലും ബുദ്ധിയുറച്ചപ്പോൾ സാന്ദ്രക്ക് അഭിരാമി വെറും വേലക്കാരിയുടെ മകളായി മാറി.

തന്റെ അനിയത്തിയല്ല അഭിരാമി എന്ന് സാന്ദ്ര മനസ്സിലാക്കിയപ്പോൾ അഭിരാമിയെ സാന്ദ്ര വെറുത്തു.

തന്റെ അച്ഛന്റെ സ്നേഹം വെറും ഒരു വേലക്കാരിയുടെ മകൾക്ക് കൂടി വിഘടിച്ചു പോകുന്നത് സാന്ദ്രക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റിയിട്ടില്ല. സിദ്ധാർഥിനും സാന്ദ്രക്കും അഭിരാമി പഴയ വേലക്കാരിക്ക് എവിടെ നിന്നോ കിട്ടിയ ഗർഭമാണ്. മക്കളോട് സത്യം പറയാൻ ജയൻ ഒരുങ്ങിയപ്പോഴൊക്കെ രുക്മിണി തടഞ്ഞു.

“ഇപ്പൊ… ദാ…എന്റെ മക്കൾ എന്നെ സംശയത്തോടെ നോക്കുന്നു.. എനിക്കെങ്ങനെ എന്റെ അഭിയേ അങ്ങനെ ഒരർത്ഥത്തിൽ കാണാൻ കഴിയും.”..ജയൻ തലയിണയിൽ മുഖം അമർത്തി തേങ്ങി.

ജയൻ ചില തീരുമാനങ്ങൾ എടുത്തു.പിറ്റേന്ന് രാവിലെ ജയൻ തോട്ടത്തിലേക്കാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി.

വൈകുന്നേരത്തോടെ മടങ്ങിയെത്തി.

പാതി രാത്രി ആയപ്പോൾ അഭിരാമിയുടെ മുറിയുടെ വാതിലിൽ ജയൻ മുട്ടി വിളിച്ചു.

വാതിൽ തുറന്ന അഭിരാമി ജയനെ കണ്ടൊന്ന് ഞെട്ടി..

“”എന്താ.. അച്ഛാ.. എന്ത് പറ്റി””.അഭിരാമി ഉറക്കച്ചടവോടെ ചോദിച്ചു.

“”മോളെ.. വേഗം ഒരുങ്ങ്. നിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കേറ്റുകളും എല്ലാം എടുത്തോ?. നമ്മൾ ഒരു യാത്ര പോവുകയാണ്””. ജയൻ വേഗം പറഞ്ഞു തീർത്തു.

“”ആണോ…എങ്ങോട്ടാ അച്ഛാ.”” അഭിരാമി സംശയത്തോടെ നെറ്റി ചുളിച്ചു.

“”അതൊക്കെ പറയാം…നീ വേഗം ഒരുങ്ങ്””.

ജയൻ സ്വരം അല്പം കനപ്പിച്ചു.

അഭിരാമി വാതിലടച്ചു. ജയൻ പുറത്തു കാത്തു നിന്നു.

അഭിരാമി കുറച്ചു കഴിഞ്ഞപ്പോൾ ഒരുങ്ങി പുറത്തേക്ക് വന്നു.

“”ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി വാ. സാന്ദ്രയും സിദ്ധുവും ഒന്നും അറിയേണ്ട””.ജയൻ പതുക്കെ പറഞ്ഞു.

അവളും പതിയെ ഒന്ന് മൂളി.

“മ്മ്”.

ജയൻ രുക്മിണിയുടെ മുറിയിൽ കയറി.

അവർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

“”അമ്മയോട് യാത്ര പറ..അഭീ””.

ജയൻ തിരിഞ്ഞു നിന്നു പറഞ്ഞു.

അയാൾ ചെറുതായി ഒന്ന് തേങ്ങി

“”യാത്ര പറയാനോ..?. അപ്പൊ ഞാൻ ഇനി തിരിച്ചു വരില്ലേ അച്ഛാ..?. പറ.. എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്””.? അഭിരാമി വിതുമ്പി കൊണ്ട് ചോദിച്ചു.

ജയൻ ഒന്നും മിണ്ടിയില്ല. അയാൾ ഇരുട്ടത്തേക്ക് മാറി നിന്ന് കണ്ണുകൾ തുടച്ചു.

അഭിരാമി രുക്‌മിണിയുടെ കട്ടിലിൽ ചെന്നിരുന്നു.

അവരുടെ കരങ്ങൾ കവർന്നു തന്റെ മടിയിലേക്ക് എടുത്ത് വെച്ചു. നീല ഞരമ്പുകൾ മുഴച്ചു നിൽക്കുന്ന കരതലങ്ങളിൽ അഭിരാമി പതുക്കെ തലോടി.

“”അമ്മേ.. ഞാൻ പോയാൽ അമ്മയേ ആര് നോക്കും.?. മലവും മൂത്രവുമൊക്കെ അച്ഛൻ എടുക്കുമായിരിക്കും.. എപ്പോഴും അച്ഛൻ വീട്ടിൽ ഉണ്ടാകുമോ””..? അഭിരാമിക്ക് കരച്ചിലടക്കാൻ ആയില്ല. അത് കണ്ണീരായി തുളുമ്പി വീണു.

രുക്മിണിയുടെ കൈകൾ അഭിരാമിയുടെ മുതുകിൽ തലോടി.

“”അഭിരാമീ.ഈ അകൽച്ച നല്ലതിനാണ്. ചില അകലങ്ങൾ അടുപ്പം കൂട്ടുകയേ ഉളളൂ. അത്തരത്തിലുള്ള ഒരു പിരിയലാണെന്ന് കരുതിയാ മതി.വെറും താത്കാലികം””.

രുക്മിണി കണ്ണ് തുടച്ചു.

ഒന്നും മനസ്സിലാക്കാതെ അഭിരാമി ഏങ്ങലടിച്ചു കൊണ്ട് അവരെ നോക്കിയിരുന്നു.

“”എന്നെ ഓർത്തു സങ്കടം വേണ്ട അഭീ..

അതിനൊക്കെ അച്ഛൻ സൗകര്യം ചെയ്തിട്ടുണ്ടാവും…മോള് പോയിട്ടു വാ..ഈ വീട് നിന്റേതും കൂടിയാണ്.”” രുക്മിണി വിതുമ്പി.

അഭിരാമി അവരുടെ കവിളിൽ ഉമ്മ വെച്ചു.

അവർ തിരിച്ചു നെറ്റിയിലും ചുമ്പനമേകി.

അവൾ തിരിഞ്ഞു നോക്കാതെ കരഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി.

പുറത്തു കാത്ത് നിന്ന ജയൻ മുറിയിലേക്ക് കയറി.

“”രുക്കൂ… ഞങ്ങൾ പോയി വരാം””.ജയൻ പറഞ്ഞു.

അയാൾ എവിടെ നിന്നോ കുറച്ചു ധൈര്യം സംഭരിച്ചിരുന്നു.

“”മ്മ്… പിന്നേയ്.. ആ രഹസ്യം അങ്ങ് പറഞ്ഞോളൂ ട്ടോ..ഇനിയെങ്കിലും ഒന്നിറക്കി വെക്കണേ ആ ഭാരം””.രുക്മിണി പറഞ്ഞു.

ജയൻ തലയാട്ടി. മുറിയിലെ വെളിച്ചം കെടുത്തി പുറത്തിറങ്ങി. ഇരുട്ടിനെ വകഞ്ഞു മാറ്റി ഹെഡ്ലാമ്പുകൾ തെളിഞ്ഞു കൊണ്ട് കാറ് ചീറി പാഞ്ഞു. അഭിരാമിക്ക് അറിയില്ല.. എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നതെന്ന്. അവൾ ചോദിക്കാനും നിന്നില്ല.”എന്നെ വളർത്തി വലുതാക്കിയത് മുതലാളിയച്ഛനാണ്. എന്നെ പഠിപ്പിച്ചു. രാജകുമാരിയെ പോലെ എന്നെ നോക്കി.

ഇനി എന്നെ കൊണ്ടു പോയി കൊല്ലാനാണെങ്കിൽ കൊല്ലട്ടെ. അച്ഛന് അവകാശമുണ്ട് അതിന്.

അച്ഛന് മാത്രം”.

അവൾ ഇങ്ങനെ ചിന്തിച്ചു കൊണ്ടു ചാരി ഇരുന്നു.

എപ്പോഴോ ഉറങ്ങി പോയി.

“”അഭീ… മോളെ.. ഇറങ്ങ്””.

ജയൻ കുലുക്കി വിളിച്ചു.

അവൾ ഞെട്ടി കണ്ണ് മിഴിച്ചു നോക്കി. ജയനെ നോക്കി ചിരിച്ചു കൊണ്ട് അവൾ ഇറങ്ങി. നേരം പുലർന്നിരിക്കുന്നു. മുന്നോട്ട് നോക്കിയ അവളുടെ കണ്ണുകൾ വിടർന്നു. മുന്നിൽ വലിയൊരു വീട്.

അഭിരാമി കണ്ണുകൾ ഒന്നു കൂടി വിടർത്തി അച്ഛനെ നോക്കി.

“”വാ.. മോളെ’”.. ജയൻ അവളുടെ തോളിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. ഒരു സ്ത്രീ ഇറങ്ങിവന്നു

അഭിരാമിയുടെ ബാഗെടുത്തു കൊണ്ട് അകത്തേക്ക് പോയി.

“”ഇനി ഞാൻ ഇവിടെയാണോ വേലക്കാരിയായി നിൽക്കാൻ പോകുന്നത്””.അഭിരാമി ചിരിച്ചു കൊണ്ട് ചോദിച്ചു

“”അഭീ… ഇനി നീ ഇവിടെയാണ്‌ താമസിക്കാൻ പോകുന്നത്. വേലക്കാരി ആയിട്ടല്ല. നീ ഇവിടെ യജമാനത്തിയാണ്‌. വേലക്കൊക്കെ ഇവിടെ ആളുണ്ട്. നീ ഇവിടുത്തെ റാണിയാണ് കെട്ടോ””

ജയൻ അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു

“വേണ്ടച്ഛാ…എന്നെ എന്തിനാ അച്ഛാ ഇങ്ങനെ സ്നേഹിക്കുന്നത്.. ഈ അച്ഛാ എന്നുള്ള വിളി പോലും എനിക്ക് പേടിയാണ്.

എനിക്ക് ആ പഴയ “മുതലാളി”എന്നുള്ള വിളിയും ആ വീടും രുക്കു അമ്മയുമെല്ലാം മതി.

ഇതൊക്കെ കാണുമ്പോ പേടിയാവുന്നു…

ഒന്നും മനസ്സിലാവുന്നില്ല എനിക്ക്.””

അഭിരാമിയുടെ ചുണ്ടുകൾ വിതുമ്പി

ജയൻ അവളെ നോക്കി.. അറിയാതെ കണ്ണുനീർ ചാലിട്ടൊഴുകി. ചുണ്ടുകൾ വിറച്ചു.

“”മോളെ””…അയാൾ വിളിച്ചു.

അവളുടെ കവിളുകൾ തന്റെ കൈകുമ്പിളിൽ കോരിയെടുത്തു.

””അഭിരാമീ.. ഞാൻ… ഞാൻ.. നിന്റെ അച്ഛനാണെടീ…നിന്റെ അമ്മയുടെ വയറ്റിൽ കുരുത്തത് എന്റെ ജീവനാണ്.. എനിക്ക് തെറ്റ് പറ്റിയതാണെങ്കിലും നിന്നെ ഉപേക്ഷിക്കുന്നതെങ്ങിനെ ഞാൻ..

എന്റെ കണ്മുന്നിൽ ഇനിയും നീ തന്തയില്ലാത്തവളെ എന്ന വിളി കേൾക്കുന്നത് എനിക്കിനി സഹിക്കാൻ വയ്യ.നിന്റെ ചങ്ക് പിടയുന്നത് കാണാൻ എനിക്കിനി വയ്യ””.ജയന്റെ നിയന്ത്രണം വിട്ടു.

ഒരു ഭ്രാന്തനെ പോലെ അയാൾ കരഞ്ഞു.

അയാളിൽ പുത്രിയോടുള്ള സ്നേഹം ഉറവ പോലെ പൊട്ടിയൊഴുകി. മറച്ചു വെച്ചു കൊടുത്തു കൊണ്ടിരുന്ന സ്നേഹം അഭിരാമിയുടെ മേൽ തെളിനീരായി പെയ്തിറങ്ങി. അവളെ നെഞ്ചിലേക്ക് ചേർത്തു മുറുക്കി പുണർന്നു. മൂർദ്ധാവ് ചുമ്പനങ്ങളാൽ നിറഞ്ഞു. കണ്ണീർ പൂക്കൾ ആ പിതൃ സ്നേഹത്തിന് അലങ്കാരമായി.

അഭിരാമി അച്ഛന്റെ നെഞ്ചിൽ മുഖം ചേർത്തു വിതുമ്പി. എന്ത് വികാരമാണ് തന്നിലിപ്പോൾ നിറഞ്ഞിരിക്കുന്നത് എന്നവൾക്ക് തീർച്ചയില്ല.

“ലോകമേ.. കാണുക.. ഞാനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി. ചൂണ്ടി കാണിക്കാൻ അച്ഛനില്ലാതെയായിട്ടും അനാഥത്വം പേറേണ്ടി വന്നില്ലല്ലോ എനിക്ക്”. എന്നവൾക്ക് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി.

അവൾ നിറക്കണ്ണുകളോടെ അച്ഛനെ നോക്കി ചിരിച്ചു…

“”അപ്പോ.. ഞാൻ അച്ഛാ എന്ന് വിളിച്ചത് വെറുതെയായില്ല…അല്ലേ അച്ഛാ””.

അവളുടെ നിഷ്കളങ്കമായ ചോദ്യം ജയനിൽ ചിരി പടർത്തി.

അയാൾ അഭിരാമിയുടെ കണ്ണുകൾ തുടച്ചു കൊണ്ട്

“”അതേ മോളെ””..എന്ന് മറുപടി നൽകി.

തടഞ്ഞു നിർത്തിയ സ്നേഹത്തിന്റെ അണക്കെട്ട് പൊട്ടിച്ചപ്പോൾ നെഞ്ചിന്റെ ഭാരം കുറഞ്ഞു.

ഹൃദയത്തിൽ തറച്ച വലിയൊരു അമ്പ് ജയൻ പറിച്ചെറിഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോഴും അവൾ തേങ്ങുകയായിരുന്നു. കാറ് കണ്മുന്നിൽ നിന്ന് മറയും വരെ അഭിരാമി നോക്കി നിന്നു

“ശരിക്കും അച്ഛൻ തന്നെയാണ് എന്നെന്റെ ആത്മാവ് തിരിച്ചറിഞ്ഞിരുന്നുവോ..? അച്ഛന്റെ ആ സാമിപ്യം.. ആ സുഗന്ധം.. ആ സ്നേഹം.. അത് ആരാണ് തിരിച്ചറിയാത്തത്”..അഭിരാമി സ്വയം മന്ത്രിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം… നന്ദി..

രചന : മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.