ഇനി ഒരു നിമിഷം അവളെ ഈ വീട്ടിൽ നിർത്തരുത്, ഇവിടെ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നതാ….

രചന : ഗിരീഷ് കാവാലം

“അശ്വതി മോളെ പയ്യൻ കാണാൻ സുന്ദരൻ നല്ല ഗോതമ്പിന്റെ നിറം ആവശ്യത്തിന് സ്വത്ത്‌, ഈ വിവാഹം നടന്നു കിട്ടിയാൽ നമ്മുടെ ഭാഗ്യമാ പക്ഷേ ഒരു…..ഒരു കുറവേ ഉള്ളൂ”

പതിവില്ലാത്ത വിധം സ്നേഹത്തോടെയുള്ള ലതിക മാമിയുടെ ആ വാക്കുകളിൽ അശ്വതി ഒന്ന് സ്തംഭിച്ചു പോയി

ഇത്രയും സ്നേഹത്തോടെ ലതിക മാമിക്ക് എന്നെ വിളിക്കാനും സംസാരിക്കാനും അറിയുമായിരുന്നോ

ഒരു നിമിഷം മിന്നി മറഞ്ഞ മനസിലെ ചിന്തകൾക്ക് ശേഷം അശ്വതി പറഞ്ഞു

“പറയ് മാമീ എന്താ ?

മാമി ശങ്കിച്ചു നിൽക്കുന്നത് കണ്ട് അശ്വതി പറഞ്ഞു

“പയ്യന്റെ രണ്ടാം വിവാഹം ആണ്.

ഒരു മാസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളു ആ ബന്ധത്തിന് ”

ലതിക ശങ്കയോടെ അത് പറയുമ്പോൾ അശ്വതിയുടെ മിഴികൾ പൊടുന്നനെ നിഴ്ചല മായി മാമിയിൽ ഉടക്കി നിന്നു

“ഇത് ശരിയായില്ല ആ പെൺകുട്ടിയെ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് കെട്ടിക്കുന്നു”

അന്നത്തെ അയൽക്കൂട്ട യോഗത്തിൽ സെക്രട്ടറിയായായ ചേച്ചി ആണ് ചർച്ചക്ക് തുടക്കമിട്ടത്

“അതേ ഗുണം രണ്ടാ…. ഒന്നാമത് സ്ത്രീധനം കൊടുക്കാതെ കെട്ടിക്കാം രണ്ട് പെണ്ണിന്റെ പേരിൽ കിടക്കുന്ന ലക്ഷങ്ങൾ വീട്ടുകാർക്ക് എടുക്കുകയും ചെയ്യാം ”

എന്തോ ആവശ്യത്തിന് പോകണം എന്ന് പറഞ്ഞു ഹാജർ വച്ച് ധൃതിയിൽ പോകുവാൻ റെഡി ആയി നിന്ന ഒരു ചേച്ചി പോക്ക് ക്യാൻസൽ ചെയ്തു ചർച്ചയിൽ പങ്ക് കൊണ്ട് ഉത്സാഹത്തോടെ ഇരിപ്പുറപ്പിച്ചു

“കാണാൻ മിടുക്കിയും പ്രൈവറ്റ് ആണെങ്കിലും തരക്കേടില്ലാത്ത ജോലിയും ഉണ്ട് അപ്പൊ ചേച്ചി പറഞ്ഞത് തന്നെയാ കാരണം ”

“അതിൽ ഒരു തെറ്റും ഇല്ല ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ച കുട്ടിയെ ഇത്രയും പഠിപ്പിച്ചു വലുതാക്കിയത് അവളുടെ മാമനും മാമിയും അല്ലെ”

“അതേ പതിനെട്ടു വയസ്സ് കഴിഞ്ഞ് മരിച്ച അച്ഛന്റെയും അമ്മയുടെയും പേരിൽ ഉണ്ടായിരുന്ന തുക ബാങ്കിൽ എടുക്കാമായിരുന്നെങ്കിലും അവൾ എടുത്തില്ല”

“അങ്ങനെ അല്ല അവളുടെ മാമൻ ഹരി,

അശ്വതിയുടെ കല്യാണം ആകുമ്പോൾ മാത്രം ക്യാഷ് എടുത്താൽ മതി എന്ന് കട്ടായം പറഞ്ഞത് കൊണ്ടാ…

അതിന്റെ പേരിൽ അശ്വതിയോട്, ലതികക്ക് ഇഷ്ടക്കേട് ഉണ്ട് ”

പൊന്നും പണവും പെണ്ണിന് അങ്ങോട്ട്‌ കൊടുത്തു അക്ഷയ്, അശ്വതിയുടെ കഴുത്തിൽ താലി കെട്ടി

അശ്വതിയുടെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന കാശ് അവളുടെ കല്യാണത്തിനായി മുടക്കാൻ ശ്രമിച്ചെങ്കിലും അക്ഷയുടെ വീട്ടുകാർ അതിന് വിസമ്മതിച്ചു

ആദ്യ വിരുന്നിനു ഭർത്താവിനോടൊപ്പം എത്തിയ അശ്വതി സന്തോഷവതിയായിരുന്നു

വിരുന്നു കഴിഞ്ഞ് ഇറങ്ങാൻ നേരം അശ്വതിയുടെ വാക്കുകൾ കേട്ട് മാമിക്കാണ് ഏറ്റവും സന്തോഷം ആയത്

തന്റെ പേരിൽ ബാങ്കിൽ കിടക്കുന്ന മുഴുവൻ ക്യാഷും അടുത്ത വരവിന് മാമന്റെ പേരിൽ ആക്കാം എന്ന് അവൾ വാക്ക് കൊടുത്തു

പതിവിന് വിപരീതമായി മാമിയും ദിവസേന അശ്വതിയെ വിളിച്ചു ക്ഷേമം തിരക്കാൻ തുടങ്ങി

അന്നൊരു ദിവസം മാമി അടുക്കളയിൽ പതിവിൽ കഴിഞ്ഞ സന്തോഷത്തോടെ പലഹാര സാധനങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു നാളെ അശ്വതിയും ചെറുക്കനും വരുന്ന ദിവസം ആണ്

അതിലുപരി അവൾ വരുമ്പോൾ തന്റെ പേരിൽ ഉള്ള ക്യാഷ് തങ്ങളുടെ പേരിലേക്ക് മാറ്റുന്ന സന്തോഷത്തിൽ ആയിരുന്നു അവർ

ഹരിമാമന്റെ മൊബൈലിലേക്ക് വിളിച്ച അശ്വതിയുടെ വാക്കുകൾ കേട്ടു ഹരി പകച്ചു പോയി

“എന്താ മോളെ നീ ഈ പറയുന്നത് തമാശ പറയുവാ ”

“അതേ മാമാ ഞാൻ ഉറപ്പിച്ചു എനിക്ക് ഈ ബന്ധം വേണ്ടാ ഞാൻ വീട്ടിലേക്കു തിരിച്ചു വരുവാ”

ഷോക്ക് അടിച്ച പോലെ നിന്നുപോയി ഹരി

അശ്വതി പറഞ്ഞത് ഹരിയുടെ നാവിൽ നിന്ന് കേട്ട ലതിക ശ്വാസം നിലച്ചപോലെ നിന്നുപോയി

അശ്വതി തനിയെ വീട്ടിലേക്ക് വന്നതും ഒരു മരണ വീടിന്റെ പ്രതീതിയായിരുന്നു ആ വീടിന്

ആർക്കും ആരോടും മിണ്ടാട്ടമില്ല..

അരുതാത്ത എന്തോ ചെയ്തു വന്നവളെ പോലെ ആയിരുന്നു എല്ലാവരുടെയും നോട്ടവും പെരുമാറ്റവും

എല്ലാം അവൾ സഹിച്ചുവെങ്കിലും ഹരിമാമന്റെ അവഗണന അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല

“അവൾക്ക് കാമഭ്രാന്താ കാമഭ്രാന്ത് എപ്പോഴും ഭർത്താവിന്റെ കൂടെ കിടക്കണം ഭർത്താവിനെ എങ്ങോട്ടും വിടില്ല ”

ബന്ധം പിരിയാനുള്ള യഥാർത്ഥ കാരണം അശ്വതിയുടെ അമ്മായിയമ്മയിൽ നിന്നറിഞ്ഞ ലതിക മാമി മൂക്കത്ത് വിരൽ വച്ചു പോയി ഒപ്പം അടക്കാനാവാത്ത ദേക്ഷ്യവും അവരുടെ ഉള്ളിൽ ഉരുണ്ട് കൂടി

അത് ആ നാട്ടിൽ പാട്ടായി.

മാമിയുടെ ദേക്ഷ്യം അവർ നാട്ടുകാരുടെ ഇടയിൽ എരിവും പുളിയും ചേർത്ത് പറഞ്ഞു പരത്തി

അശ്വതിക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധം നാണം കെട്ടു പോയി

അടുത്ത ബന്ധുക്കൾ പോലും അശ്വതിയോട് സംസാരിക്കാൻ മടി കാണിച്ചു

ചില ഞരമ്പ് രോഗികൾ ആയ ചെറുപ്പക്കാർ ദ്വയാർത്ഥത്തിൽ കമന്റ്‌ പാസ്സാക്കാൻ തുടങ്ങി

പരിഹാസങ്ങൾക്കും അവഗണനകൾക്കും ഇടയിൽ അവൾ വീണ്ടും പഴയ ജോലിക്ക് പോകുവാൻ തുടങ്ങി

അത് പുതിയ അപവാദങ്ങൾക്ക് തുടക്കം ആയിരുന്നു

ബസിൽ പോകുവാറുള്ള അശ്വതി അപരിചിതനായ ഒരു യുവാവിന്റെ ബൈക്കിൽ ആയി യാത്ര

അതിനെ പറ്റി നാട്ടിൽ പൊടിപ്പും തൊങ്ങലും വച്ചു കഥകൾ മെനയുവാനും തുടങ്ങി

അത് ഹരിയുടെ കാതിലും എത്തി

“മാമാ ഞാൻ എന്തെല്ലാം കേട്ടു ഇനിയും കേൾക്കുന്നതിനു ഒരു മടിയും ഇല്ല..ആരെയും ഭയന്ന് ജീവിക്കാൻ ഇല്ല എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..എന്നെ സൂക്ഷിക്കാൻ എനിക്കറിയാം ”

അവളുടെ കൂസലില്ലാത്ത മറുപടിയിൽ ഹരിക്ക് മറുപടി ഇല്ലായിരുന്നു

“ദേ ഹരി നമ്മുടെ കുടുംബക്കാർക്ക് നാണക്കേട് ഉണ്ടാക്കാനാ അവളുടെ പോക്ക് ഒരാണിന്റെ കൂടെ ബൈക്കിൽ പോകുന്നത് ശരി അവളുടെ ബോയ് ഫ്രണ്ട് ആണെന്ന് പറയാം പക്ഷേ ഓരോ ദിവസവും ഓരോ ആണിന്റെ കൂടെയുള്ള ഈ ബൈക്കിൽ പോക്ക് എന്തിനുള്ള പുറപ്പാടാ”

ഉറ്റ ബന്ധുവിന്റെ വാക്കുകൾ കേട്ട ഹരിക്ക് മറുപടി ഇല്ലായിരുന്നു.

അയാളുടെ മുഖത്ത് ദേക്ഷ്യം ഇരമ്പി വരുന്നുണ്ടായിരുന്നു

“ഇനി ഒരു നിമിഷം അവളെ ഈ വീട്ടിൽ നിർത്തരുത് ഇവിടെ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നതാ ”

ലതിക തന്റെ ഉള്ളിലെ രോഷം പറഞ്ഞു തീർത്തു

അവളുടെ ബാഗുകൾ വെളിയിലേക്ക് എടുത്തു എറിഞ്ഞു ഓഫീസിൽ നിന്നുള്ള അവളുടെ വരവിനായി രോഷത്തോടെ കാത്തു നിന്നു ഹരിയും, ലതികയും

മുറ്റത്തു വന്നു നിന്ന കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഹരിക്കും, ലതക്കും കാണാനായത് കാറിൽ നിന്നിറങ്ങുന്ന അപരിചിതയായ ഒരു യുവതിയെ ആണ്

“ഞാൻ രേഷ്മ ഈ അടുത്ത കാലത്ത് അശ്വതിയുടെ സുഹൃത്ത് ആയതാണ്”

“അശ്വതിയുടെ പേരിൽ ബാങ്കിൽ ഉള്ള മുഴുവൻ കാശും മാമൻ ആയ ചേട്ടന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് ”

“പിന്നെ അശ്വതിയുടെ രജിസ്റ്റർ മാരിയേജ് ആയിരുന്നു ഇന്ന്”

“വരൻ എന്റെ സഹോദരൻ തന്നെയാണ്

സഹോദരന്റെ രണ്ടാം കെട്ട് അല്ല ഒന്നാം കെട്ട് തന്നെയാ”

“അപ്പോഴേക്കും കാറിൽ നിന്നും അശ്വതിയും പയ്യനും വെളിയിലേക്ക് ഇറങ്ങി ”

“അശ്വതി ഡിവോഴ്സ് ആയ ശേഷം അവിചാരിതമായി ഞങ്ങൾ തമ്മിൽ കണ്ടുമുട്ടി അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്ക് പറ്റിയ അബദ്ധം അശ്വതിക്കും പറ്റിയിരിക്കുന്നു എന്ന്”

“അക്ഷയ്ടെ ആദ്യ ഭാര്യ ഞാൻ ആയിരുന്നു”

“ഒരു വൈകല്യം ആരുടേയും തെറ്റല്ല പക്ഷേ അത് മറ്റൊരാളുടെ ജീവിതം തകർക്കുന്ന നിലയിലേക്ക് പോകരുത് ”

അന്തിച്ചു നിൽക്കുന്ന ഹരിയുടെയും ലതികയുടെയും അടുത്തേക്ക് വന്ന ആ യുവതി ലതികയുടെ കാതിൽ എന്തോ പറഞ്ഞു

ലതികയുടെ മുഖത്ത് പശ്ചാതാപത്തിന്റെ കണികകൾ തെളിഞ്ഞു വന്നു

ഉടൻ തന്നെ ലതിക, ഹരിയുടെ കാതിലും എന്തോ ഒന്ന് മന്ത്രിച്ചു

അയാളുടെ മുഖത്തും പശ്ചാതാപത്തിന്റെ നിഴൽ വീണു തുടങ്ങി

ഹരിയുടെയും മാമിയുടെയും മുഖത്ത് ജാള്യതയിൽ ചാലിച്ച പുഞ്ചിരി തെളിഞ്ഞു

“ങാ പിന്നെ ഇത് രണ്ടാം വിവാഹം അല്ല ഇവരുടെ ആദ്യ വിവാഹം തന്നെ എന്ന് വേണമെങ്കിലും പറയാം ”

“കാരണം കല്യാണം കഴിഞ്ഞു ഒരു മാസം ഒന്നിച്ചു കഴിഞ്ഞെങ്കിലും ഒരു ഭാര്യ ഭർത്താക്കന്മാരെ പോലെ ഇവർ കഴിഞ്ഞിട്ടില്ല, അതിന്റ തെളിവ് എനിക്കല്ലാതെ മറ്റാർക്കും തരാൻ കഴിയില്ല ഈ ഭൂമിയിൽ ”

കൂട്ടുകാരി അത് പറയുമ്പോഴും അശ്വതിയുടെ കണ്ണുകളിൽ നേരിയ നനവ് പടരുന്നുണ്ടായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഗിരീഷ് കാവാലം