അനന്തഭദ്രം, തുടർക്കഥ, ഭാഗം 13 വായിക്കുക….

രചന : കാർത്തുമ്പി തുമ്പി

കൈയിൽ മദ്യ ഗ്ലാസുമായി അനന്തൻ ബാൽക്കണിയിൽ നിൽക്കുന്ന കണ്ട് ശങ്കരൻ അങ്ങോട്ട് ചെന്നു.

” നീ ഇന്ന് പോവുന്നില്ലേ. “? ശങ്കരൻ

” മ്മ് ” അനന്തൻ പുറത്തേക്ക് നോക്കി ഒന്ന് മൂളി..

” ഞാനില്ലാട്ടോ.. മംഗലത്തെ കൊച്ചിന്റെ കല്യാണത്തിന് പോവണം ” ശങ്കരന്റെ സംസാരത്തിൽ പരിഹാസം നിറഞ്ഞു.

” മാമ അവിടെ എത്തിയിട്ട് എന്നെ വിളിക്ക് സംസാരിക്കരുത് കട്ടാക്കേം ചെയ്യരുത്.. ”

അനന്തൻ നിർദേശം നൽകി.

ശങ്കരൻ സംശയത്തോടെ തലയാട്ടി.

❤❤❤❤❤❤❤

ബന്ധുക്കളും പരിചയക്കാരും ഭദ്രക്ക് ചുറ്റും നിറഞ്ഞു. മെറൂൺ കളർ പട്ടുസാരിയും സ്വർണ്ണാഭരണങ്ങളും തലയിൽ മുല്ലപ്പൂവും കൈയിൽ നിറയെ വളകളും അണിഞ്ഞു ഭദ്ര അവർക്കിടയിൽ വീർപ്പുമുട്ടലോടെ നിന്നു. വധുവിനെ വിളിച്ചോളൂ എന്ന് പൂജാരിയുടെ നിർദേശപ്രകാരം അവളെയും കൂട്ടി ഭവ്യയും ശരണ്യയും മറ്റ് സ്ത്രീജനങ്ങളും മുറ്റത്തെ ചെറിയ പന്തലിലേക്ക് ഇറങ്ങി.

ഒരുങ്ങി വരുന്ന ഭദ്രയെ കണ്ട് ശാകേഷിന്റെയും രാജശേഖരന്റെയും കണ്ണുകൾ തിളങ്ങി.

ഭദ്ര തല കുനിച്ചു രാജശേഖരന്റെ വാമ ഭാഗത്ത്‌ ഇരുന്നു.

പൂജാരി ഇരുവർക്കും പ്രസാദം നൽകി പരസ്പരം അണിഞ്ഞു കൊടുക്കാൻ നിർദേശിച്ചു.

രാജശേഖരൻ വേഗം ഭദ്രക്ക് ചന്ദനം വരച്ചു കൊടുത്തു. അയാളുടെ കൈ പതിഞ്ഞ ഭാഗം അവൾക്ക് ഒച്ചിഴയുന്നപോലെ അറപ്പുള്ളവാക്കി.

രാജശേഖരൻ ചന്ദനം ചാർത്താൻ ഭദ്രക്ക് നേരെ നെറ്റി കാണിച്ചു. ഭദ്ര ചന്ദനം നിലത്തെറിഞ്ഞു എഴുനേറ്റു. എല്ലാവരും അവളെ ഞെട്ടലോടെ നോക്കി

” എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല.. ”

ഭദ്രയുടെ ഉറച്ച ശബ്ദം ഫോണിലൂടെ കേൾക്കെ അനന്തന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

അവൻ ഫോൺ ഒന്നൂടെ ചെവിയോട് ചേർത്തു.

ഭദ്ര പറഞ്ഞത് കേട്ട് ബന്ധുക്കളും പരിചയക്കാരും മുറുമുറുക്കാൻ തുടങ്ങി. രാജശേഖരൻ പകച്ചുകൊണ്ട് വേണുവിനെയും ശാകേഷിനെയും നോക്കി. അവരും ഞെട്ടി നിൽക്കാണ്..

” കുട്ടിക്ക് ഇഷ്ട്ടല്ലെങ്കിൽ മുൻപ് പറഞ്ഞൂടായിരുന്നോ. കാര്യങ്ങൾ ഇത്രേടം എത്തിക്കണായിരുന്നോ ”

വകയിലെ ഏതോ അമ്മാവൻ.

” അതേ.. നിനക്ക് ഇഷ്ടമില്ലെങ്കിൽ മുൻപ് പറയണ്ടേ .. അദ്ദേഹത്തെ ഇങ്ങനെ നാണം കെടുത്തണോ.. ” വേണു.

” ഭദ്ര അവിടിരിക്ക്.. നീ സമ്മതിച്ചിട്ടാ ഈ കല്യാണം ഇത്ര എത്തിയത്.. ഇരിക്കേഡി അവിടെ. ”

ശാകേഷിന്റെ ഒച്ച ഉയർന്നു.

” ഞാൻ ഇരുന്നില്ലേൽ നീ എന്ത് ചെയ്യും? ”

ഭദ്ര കൂസലില്ലാതെ പറഞ്ഞ് താഴേക്ക് ഇറങ്ങി.

” ടി നിന്നെ ഞാൻ.. ” ശാകേഷ് കൈ ഓങ്ങിയതും ബന്ധുക്കളും കൂട്ടുകാരും അവനെ പിടിച്ചു. ഭദ്ര അവന്റെ അടുത്തേക്ക് ചെന്നു.

” നീ ഒരു ചുക്കും ചെയ്യില്ല. നീ ഈ കല്യാണത്തിന് എങ്ങനെയാ സമ്മതിപ്പിച്ചതെന്ന് ഞാൻ പറയണോ.. 18 തികഞ്ഞട്ടില്ല അവൾക്ക് വകുപ്പ് മാറും.. വേണോ.. ” ഭദ്ര ശബ്ദം താഴ്ത്തി പറഞ്ഞ് പുരികം ഉയർത്തി. ശാകേഷ് ഉമിനീര് ഇറക്കി തല വിലങ്ങനെയാട്ടി . പെട്ടെന്ന് ഭദ്രയുടെ ദേഹത്ത് എന്തോ വന്ന് പതിച്ചു. അവൾ തിരിഞ്ഞു നിന്നു. തന്റെ ബാഗ് ആണ്.

അവൾ അതെടുത്ത് നേരെ നോക്കി.

” ഇറങ്ങി പൊക്കോണം ഇവിടുന്ന് ഒരു നിമിഷം ഇവിടെ നിൽക്കാൻ പറ്റില്ല ” രാഘവൻ അലറി.

ഭദ്ര അമ്മാവനെ നിറ കണ്ണുകളോടെ നോക്കി..

ശാകേഷിന്റെയും വേണുവിന്റെയും മുഖത്ത് പകപ്പാണ്. നളിനിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിട്ടുണ്ട്. രാഗിണി ഇതൊന്നും കാണാൻ കഴിയാതെ കരച്ചിലോടെ ഉള്ളിലേക്ക് ഓടി .ഭദ്ര ആഭരണങ്ങള്ളൊക്കെ ഊരി ഭവ്യയെ ഏൽപ്പിച്ചു ബാഗ് എടുത്ത് പുറത്തേക്ക് നടന്നു. പടിക്കരികിൽ ശങ്കരൻ കാറുമായി നിൽക്കുന്നുണ്ടായിരുന്നു.

” വാ കുട്ടി വന്ന് കയറ് ”

ശങ്കരൻ ഡോർ തുറന്നു.

” എങ്ങോട്ട്..? ” അനന്തൻ പറഞ്ഞു വിട്ടതാണെങ്കിൽ രണ്ട് വർത്തമാനം പറയാൻ വേണ്ടി തന്നെയാണ് ഭദ്ര അങ്ങനെ ചോദിച്ചത്.

” രാഘവൻ ഇന്നലെ പറഞ്ഞിരുന്നു.ഇങ്ങനെ ഒക്കെ സംഭവിക്കാണേൽ കുട്ടിക്ക് ഒരു താമസ സൗകര്യം ഏർപ്പാടാക്കാൻ അത് മാത്രമല്ല ജോലിയും..

ആ ബാഗിൽ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടോന്ന് നോക്ക്

ശങ്കരൻ പറയുന്ന കേട്ട് ഭദ്ര ഞെട്ടി. അവൾ വേഗം ബാഗ് തുറന്നു നോക്കി. ശരിയാണ് തന്റെ എല്ലാ വസ്ത്രങ്ങളും ആഭരണങ്ങളും സർട്ടിഫിക്കറ്റ്സും എല്ലാമുണ്ട്.. ഭദ്ര നിറക്കണ്ണുകളോടെ തിരിഞ്ഞു നോക്കി. മുകളിലെ നിലയിൽ കൈവരിയിൽ പിടിച്ചു രാഘവൻ നിൽപ്പുണ്ടായിരുന്നു. ഭദ്രയെ കണ്ടതും അയ്യാൾ രണ്ടും കൈയും ഉയർത്തി അനുഗ്രഹിച്ചു.

ഭദ്ര അയാളെ കണ്ണീരോടെ നോക്കി ചിരിച്ചു.

” കയറ് കുട്ടി.. ” ശങ്കരൻ

ഭദ്ര കണ്ണൊക്കെ തുടച് കാറിൽ കയറി. കാർ അകന്നു പോവുന്നതും നോക്കി രാഘവൻ തോളിൽ കിടക്കുന്ന മുണ്ടിൽ കണ്ണുകൾ തുടച്ചു.

” എങ്ങോട്ടാ പോവുന്നത്.. “? ഭദ്രയുടെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.

” എന്റെ പെങ്ങളില്ലേ സത്യഭാമ അവളുടെ വീട്ടിലേക്ക് അവൾ ഒറ്റക്കല്ലേ.. രാഘവൻ പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് അവളെയാ.. പിന്നെ അവളോട് ചോദിച്ചപ്പോൾ അവൾക്കും സമ്മതം. ”

ശങ്കരൻ പറഞ്ഞത് കേട്ട് ഭദ്ര ഒന്ന് ഞെട്ടി.

അനന്തന്റെ വീടിന്റെ രണ്ട് വീട് അപ്പുറമാണ് സത്യേച്ചിടെ വീട്.. അതും എതിർ ദിശ..

അനന്തന്റെ വീട് പടിഞ്ഞാറും സത്യേച്ചിടെ വീട് കിഴക്കും. അനന്തന്റെ കല്യാണം കഴിഞ്ഞാൽ അവിടെ തന്നെ നിൽക്കേണ്ടി വരുമോ..? എന്നുള്ളത് അവക്ക് ടെൻഷനാക്കി. മേലേടത്ത് എത്തിയതും ഭദ്ര അങ്ങോട്ട് നോക്കി.

” ദാ എത്താറായിട്ടോ കുട്ട്യേ.. ” ശങ്കരൻ പറഞ്ഞപ്പോൾ അവൾ ബാഗെടുത്ത് മടിയിൽ വെച്ചു.

കാർ നിന്നതും ശങ്കരൻ ആദ്യം ഇറങ്ങി.പുറകെ ഭദ്രയും. മുറ്റം ചുറ്റും ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നടുമുറ്റത്ത് തുളസി തറ. കാറിന്റെ ശബ്ദം കേട്ടതും സത്യ പുറത്തേക്കിറങ്ങി വന്നു.

ശങ്കരനെ കണ്ടതും അവർ പുഞ്ചിരിച്ചു.

ശങ്കരൻ തിരിച്ചും.

” ഇതാണ് ഭദ്ര.. ”

ശങ്കരൻ പുറകിൽ നിൽക്കുന്ന ഭദ്രയെ കാണിച്ചു പറഞ്ഞു.

ഭദ്രയെ കണ്ട അവരുടെ മിഴികൾ അത്ഭുതത്തോടെ വിടർന്നു.

” വല്യേ പെണ്ണായല്ലേ.. ”

സത്യ അവളുടെ മുടിയിൽ തഴുകി.

” നീ അവളെ പുറത്ത് തന്നെ നിർത്താതെ ഉള്ളിൽ കൊണ്ടുപോയി വല്ലതും കഴിക്കാൻ കൊടുക്ക്..

ശങ്കരൻ

സത്യ തലയാട്ടി അവളെയും കൂട്ടി ഉള്ളിലേക്ക് കയറി.

” ഏട്ടൻ കയറുന്നില്ലേ.. “? സത്യ

” ഇല്ല മോളെ മില്ലിൽ പോണം..

” ശങ്കരൻ അതും പറഞ്ഞ് കാറിലേക് തിരിച്ച് കയറി.

വൈബ്രേറ്റ് ചെയുന്ന ഫോൺ അയാൾ പോക്കറ്റിൽ നിന്നും എടുത്തു.

” ഇത് എത്രാമത്തെ തവണയാ..? ” ഡ്രൈവർ

” കുറെ ആയി അവളെവിടെ പോയെന്ന് പറഞ്ഞട്ടില്ല.. അതാണ് എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറയൂ അതുമില്ല.. ” ശങ്കരൻ ചിരിയോടെ പറഞ്ഞ് ഫോണെടുത്തു.

” ഇല്ല അനന്താ ഇത് വരെ ഒരു വിവരവും കിട്ടിയില്ല ” ശങ്കരൻ അത് പറഞ്ഞതും ഫോൺ കട്ടായി.

അനന്തൻ ടെൻഷനോടെ നെറ്റിയിൽ തിരുമ്മി.

അവളുടെ അമ്മാവൻ ഇറങ്ങി പോവാൻ പറയുന്നത് വരെയേ കേട്ടുള്ളൂ അപ്പോഴേക്കും ശങ്കരമാമ ഫോൺ കട്ടാക്കി. ആ കിളവനോട് പറഞ്ഞതാ അവിടെ തന്നെ നിൽക്കാൻ ഫോൺ കട്ടാക്കരുതെന്നും അനന്തൻ ദേഷ്യത്തോടെ എഴുനേറ്റു.

ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.

നേരം സന്ധ്യ മയങ്ങിയിട്ടും അനന്തന് ഭദ്രയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി തിരക്കാൻ സ്ഥലങ്ങളില്ല ബസ്റ്റാന്റ് റെയിൽവേ സ്റ്റേഷൻ അനന്തൻ നിരാശയോടെ വീട്ടിലേക്ക് തിരിച്ചു.

മംഗലത്ത് എത്തിയതും അവന്റെ മിഴികൾ അങ്ങോട്ട് പാഞ്ഞു. വീട് എത്തിയതും അവൻ നേരെ മുറിയിലേക്ക് നടന്നു മദ്യക്കുപ്പി എടുത്ത് വായിൽ കമിഴ്ത്തി. അവൻ നേരെ ബാൽക്കണിയിലേക്ക് കുപ്പി ചുണ്ടോട് ചേർത്ത് നടന്നു.

ഭദ്ര എങ്ങോട്ട് പോയിരിക്കും.. അനന്തൻ ചിന്തയോടെ തൂണിൽ പിടിച്ചു പുറത്തേക്ക് നോക്കി അവന്റെ കണ്ണുകൾ മിഴിഞ്ഞു. എതിരെയുള്ള വീട്ടിൽ ഭദ്ര. കുളിച് നെറ്റിയിൽ ഭസ്മം ചാർത്തി.

തുളസി തറയിൽ വിളക്ക് വെക്കുന്നു. അനന്തൻ ആ കാഴ്ച കണ്ണിമക്കാതെ നോക്കി പിന്നെ കുപ്പിയിലേക്കും..

ഓഹ് വെറുതെ അല്ല അവൻ ഒന്ന് ചിരിച്ചു.

നിറഞ്ഞുള്ള ചിരി.

” അത് തോന്നലൊന്നും അല്ല സത്യാ.. അവൾ സത്യഭാമേടെ വീട്ടിലാ.. ” ശങ്കരൻ പുറകിൽ അനന്തൻ ഞെട്ടലോടെ തിരിഞ്ഞു.

” എന്നിട്ടെന്താ കെളവാ എന്നോട് പറയാഞ്ഞേ? ”

അനന്തൻ

” അതിന് നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കണേ..

ഇപ്പോ തുടങ്ങിയത് ഇത്രേം ശക്തായോ “?

ശങ്കരൻ ആക്കി പറഞ്ഞു.

” ഇപ്പൊ തുടങ്ങിയതോ.. ” അനന്തൻ തൂണിൽ ചാരി നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഭദ്രയെ നോക്കി..

” കൊല്ലം കുറേ ആയി മാമേ ഞാൻ ഈ കുള്ളത്തിയെ ചങ്കിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്..

പിന്നെ എനിക്ക് വട്ടാണെന്ന് പറഞ്ഞു പരത്തിയപ്പോൾ ഞാൻ ആ മോഹം വേണ്ടെന്ന് വെച്ചു. പക്ഷെ ഇപ്പോ.. ” അനന്തൻ അവളെ നോക്കിയപ്പോൾ അവൾ ഉള്ളിലേക്ക് കയറിയിരുന്നു.. ” ഇനി അവളുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ അനന്തന്റെ കൈകൊണ്ടായിരിക്കും ”

അനന്തൻ ചിരിച്ചു കൊണ്ട് മീശ പിരിച്ചു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും..

രചന : കാർത്തുമ്പി തുമ്പി