ശ്യാമ എന്നെ കൊണ്ട് പോയപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു, ഉള്ള ദേഷ്യം ഒക്കെ തീര്ക്കാൻ ഉള്ള പരിപാടി ആയിരിക്കും എന്ന്…

രചന : Ajoy

കഴിഞ്ഞ കുറെ കാലങ്ങളായി വയറിൽ പൊക്കിളിനു മുകളിൽ ആയി ചെറിയൊരു മുഴ എനിക്ക് ഫീൽ ചെയ്യാറുണ്ടായിരുന്നു,പക്ഷെ ശ്യാമക്കും അച്ചുവിനും കിച്ചുവിനും ഒന്നും അത് കാണാനോ തൊട്ടാൽ അറിയാനോ പറ്റിയില്ല,കുറച്ചു കഴിഞ്ഞപ്പോൾ അത് കുറച്ചു കൂടി വലുതായി,

സൂക്ഷിച്ചു നോക്കിയാൽ അവർക്കും കാണാം എന്ന അവസ്ഥ,

ഇടക്കൊക്കെ ഞാൻ സർവ ശക്തിയും എടുത്ത് അത് വലുതാക്കി കാണിച്ച് വേദന അവശത എന്നൊക്കെ പറഞ്ഞ് അതിനെ ലീവ് എടുക്കാൻ ഉള്ള ഒരു ഉപാധി ആക്കി മാറ്റി.അങ്ങനെ മുഴയും ഞാനുമായി നല്ല സഹൃദത്തിൽ കഴിയുന്ന കാലത്താണ് ഞാൻ ഒരു ദിവസം ഷർട്ടും പൊക്കിപ്പിടിച്ച് മുഴയുമായി ശ്യാമയുടെ അടുത്ത് പോയി പറഞ്ഞത്

എന്റമ്മേ …അയ്യോ, ശ്യാമേ, ഭയങ്കര വേദന,

ഇന്ന് ലീവ് ആണ് ,പറഞ്ഞേക്കണേ

അപ്പോൾ ശ്യാമ പറഞ്ഞു, ഞാനും ലീവ് ആണ്

എന്തിന് ?

ഈ മുഴ ഇന്ന് ആശുപത്രിയിൽ കാണിച്ചിട്ട് വേറെ കാര്യം

അയ്യേ, അതിന്റെയൊന്നും യാതൊരാവശ്യവും ഇല്ല,

ഉണ്ട്

ഇല്ല, നോക്കൂ, മുഴ കാണാനേ ഇല്ല, ഞാൻ ശ്വാസം അകത്തേക്ക് വലിച്ചു കാണിച്ചു

ഉം, പക്ഷെ വേദന?

അതുമില്ല

അപ്പൊ ലീവല്ലേ

ലീവ് ഇരുന്നോട്ടെ , ഇടയ്ക്കു വേദന വന്നാലോ?

അതാണ് ഞാൻ പറഞ്ഞത്, ഇനി മാറ്റി വെക്കണ്ട,

ഇതിങ്ങനെ ഇരുന്നാൽ അപകടം ആണ്

അങ്ങനെ പിടിച്ച പിടിയാലെ ശ്യാമ എന്നെയും കൊണ്ട് റെയിൽവേ ആശുപത്രിയിൽ പോയി,

ഇത്രയും വർഷം സർവീസിൽ ഞാൻ ആദ്യമായാണ് ചികിത്സ തേടി അവിടെ പോകുന്നത്,ഇത്തവണ പോയതിന് കാരണമുണ്ട്,അവിടത്തെ സീനിയർ ലേഡി ഡോക്ടർ, വിദഗ്ദ്ധയും ശ്യാമക്ക് നേരിട്ട് അറിയാവുന്ന മാഡവും ആണ്

കാര് പാർക്ക്‌ ചെയ്ത ശേഷം അതി വേഗം പുറത്തേക്കു നടന്ന എന്നെ ശ്യാമ വേറെ ഒരു മെയിൽ നേഴ്സിന്റെ സഹായത്തോടെ പൊക്കി എടുത്ത് ഡോക്ടറുടെ മുറിയുടെ മുന്നിൽ ഹാജരാക്കി

ശ്യാമയുമായി ഉള്ള പരിചയത്തിന്റെ പേരിൽ വേറെ ഒരാളെ പരിശോധിക്കുന്നതിനിടെ ഞങ്ങളെയും അകത്തു കയറ്റി ഇരുത്തി

ഒരു മിനിറ്റ്, കേട്ടോ ശ്യാമേ, ഡോക്ടർ ശ്യാമയെ നോക്കി ചിരിച്ചു

ഞാൻ പറഞ്ഞു ,മാഡം, ഇന്ന് തിരക്കാണെങ്കിൽ ഞങ്ങൾ പോയിട്ട് വരാം

ആണോ ? എപ്പോ വരും ?

ഒരു വർഷം കഴിഞ്ഞ് …

ഡോക്ടർ ആദ്യം ഒന്ന് അമ്പരന്ന് എന്നെ നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു,

ഓ, ഇതാണ് അജോയ് അല്ലെ ? ശ്യാമ അന്ന് പറഞ്ഞിരുന്നു,ആ ബുക്ക് ,അത് ഞാൻ വായിച്ച് കുറെ ചിരിച്ചു,ജീവിതത്തിലും തമാശ തന്നെ ആണല്ലേ

തമാശ അല്ല, കാര്യമായിട്ട് പറഞ്ഞതാ മാഡം, പോയിട്ട് വരട്ടെ ?

ഡോക്ടർ അത് വക വെക്കാതെ അവിടെ ഇരുന്ന പേഷ്യന്റിന്റെ നെഞ്ചിൽ ഇട്ട് രണ്ടു കുത്ത് , നെഞ്ചിൽ അമിത വളർച്ചക്ക് ചികിത്സ തേടി വന്നതാണയാൾ

ഇത് നാളെ ഞാൻ മുറിച്ചു കളഞ്ഞ്, ശെരിയാക്കിത്തരാം,

അപ്പോൾ അയാൾ പറഞ്ഞു , ഈ വശത്തും ഉണ്ട് മാഡം

അത് ഞാൻ മറ്റന്നാൾ മുറിച്ചു ശെരിയാക്കിത്തരാം

ഇവർക്ക് ഇത് തന്നെയാണോ പണി , ഡോക്ടർ ഒരു കത്തിയെടുത്തു, ദൈവമേ,ഇവിടെ വെച്ച് തന്നെ മുറിക്കാൻ പോവുകയാണോ? എനിക്ക് രക്തം കണ്ടാൽ ബോധം പോവുമല്ലോ, ഞാൻ ഇറങ്ങി ഓടാൻ വഴി നോക്കി, ഇല്ല, മെയിൽ നഴ്സ് അവിടെ വാതിൽ തടഞ്ഞു നിൽക്കുന്നു

രക്തം കഫം മലം മൂത്രം…..ഡോക്ടർ പറയുന്നു

ഇതെല്ലാം ?

എല്ലാം ടെസ്റ്റ്‌ ചെയ്തിട്ട് നാളെ കാലത്തേ വാ,

ഡോക്ടർ മേശപ്പുറത്തു നിന്നും ഒരു ആപ്പിൾ എടുത്ത് മുറിച്ചു ഒരു കഷണം വായിലിട്ടു ,

ഭാഗ്യം അതിനാണ് കത്തി എടുത്തത്‌

പറയു, ഡോക്ടർ ശ്യാമയെ നോക്കി,

അന്നത്തെ ആ മുഴ മാഡം ,.ഞാൻ പറഞ്ഞില്ലേ?

ഓ, മറന്നു, വാ, വാ, ഡോകടർ എന്നെ ക്ഷണിച്ചു,

കൊല്ലാൻ കൊണ്ട് പോകുന്ന ആട്ടിൻ കുട്ടിയെ പോലെ ഞാൻ അടുത്ത് ചെന്നു, ഷർട്ട് പൊക്കി

ഡോക്ടർ അവിടെ ഇട്ട് രണ്ടു മൂന്നു കുത്ത് ,

അയ്യോ ,ഞാൻ അമറി

ഇത് ആംബ്ലിക്കൽ ഹെർണിയ ആണ് , നിസാരം,

നമുക്ക് സർജറി ചെയ്തു മെഷ് ഇടാം

സർജറി..എന്റെ തല കറങ്ങി…അത് വേണ്ട

ഞാൻ ഒരു നനഞ്ഞ തോർത്ത്‌ ചുറ്റി നടന്നോളം..

അങ്ങനെ എവിടെയോ വായിച്ചു

അതൊന്നും വേണ്ട,നമുക്ക് ഇത് സർജറി വഴി ശരിയാക്കാം

വേണ്ട ഡോക്ടർ, ഞാൻ ഇനി മുതൽ ബിയര് കഴിക്കില്ല, ഫേസ്ബുക്കിൽ കേറൂല, വാട്സാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യാം,നല്ല കുട്ടി ആവാം,സർജറി വേണ്ട

അതും ഇതുമൊക്കെ ആയി എന്ത് ബന്ധം ?

പോയി ചെസ്റ്റ് എക്സ് റെ, ഈ സീജി എല്ലാം എടുക്കണം,പിന്നെ ബ്ലഡ് യൂറിൻ, ഉം,

ശ്യാമേ ,കൊണ്ട് പോകൂ

പേടി കാരണം തല കറങ്ങിയ എന്നെയും കൊണ്ട് ശ്യാമ എക്സ് റെ മുറിയിൽ ചെന്നു,

ഒരു ചെറുപ്പക്കാരി ആണ് അവിടെ

ഉം ഉടുപ്പൂരൂ, ഞാൻ മനസില്ലാ മനസോടെ ഉടുപ്പൂരി

ഉം ഇനി ഇറുക്കി കെട്ടിപ്പിടിക്കൂ

ങേ? ഞാൻ കൈകൾ വിടർത്തി സന്തോഷത്തോടെ ചെന്നു

ഭാ, എന്നെ അല്ല, ആ മെഷീനെ ,എന്നാലേ ചെസ്റ്റ് ക്ലിയർ ആയി കിട്ടു

അങ്ങനെ ആ തുരുമ്പ് പിടിച്ച മെഷീനെ കെട്ടിപ്പിടിച്ചു നിന്ന് ഞാൻ എക്സ് റെ എടുത്തു.വന്ദ്യ വയോധിക ആയ ഒരു നേഴ്സ് ആണ് രക്തം എടുക്കാൻ വന്നത്,ഞാൻ ശ്യാമ കേൾക്കാതെ അവരോടു പറഞ്ഞു

സിസ്റർ എന്നെ മോനെ പോലെ കരുതണം എന്റെ വയറിൽ സർജറി ചെയ്യണ്ട എന്ന് ഡോക്ടറോട് പറയണേ, സത്യത്തിൽ എനിക്ക് മുഴ ഇല്ല, ഉള്ളത് പോലെ ഞാൻ അഭിനയിച്ചതാണ്

പറയുവാണെങ്കിൽ ഞാൻ മാമ്പഴക്കാലം തരാം,പറയുവോ? കൽക്കണ്ടക്കനവും തരാം

ഞാൻ പറയില്ല,അയ്യട, എന്നിട്ട് വേണം എനിക്ക് ചാർജ് ഷീറ്റ് കിട്ടാൻ ,ഇതൊക്കെ എന്തോന്ന് ? ഈ തരാമെന്ന് പറഞ്ഞത്?

ഒന്നാമത് എനിക്ക് ഷുഗർ ആണ് ,മാങ്ങയും കൽക്കണ്ടവും ഒന്നും തിന്നാൻ പറ്റൂല

ഒന്നുമില്ല അമ്മച്ചീ, എന്നെ അവര് കീറി മുറിക്കുമ്പോ ഒരു കഷണം അമ്മച്ചിക്കും തരാൻ ഞാൻ പറയാം, അതിൽ ഷുഗർ കാണൂല, ഞാൻ അവരെ നമിച്ചു പുറത്തിറങ്ങി

ശ്യാമേ കാണാനില്ല, ഞാൻ പതുക്കെ ഡോക്ടറുടെ മുറിയുടെ നേർക്ക്‌ നടന്നു,

അകത്തു ശ്യാമയുടെ ശബ്ദം കേൾക്കാം

ആദ്യം നെടുകെ കീറണം , ശ്യാമ പറയുന്നു ,മഹാപാപീ

അത് വേണോ ? പാവം ഡോക്ടർ ചോദിക്കുന്നു

വേണം, എന്നാലെ നന്നാവു

ഉം,

പിന്നെ അവിടെയൊക്കെ നല്ലോണം മുളക് ഇടണം

അയ്യോ,നീറൂലെ?

എന്നാലേ രസമുള്ളൂ ,ശ്യാമ പറയുന്നു

എന്റെ കണ്ണിൽ ഇരുട്ട് കയറി,

അതിനിടെ ശ്യാമ പറഞ്ഞു,

അതാ അജോയ് വന്നു ഡോക്ടർ

അജോയ് വന്നു പോയി പിടിക്ക് ,മെയിൽ നെഴിസിനോട് ഡോക്ടർ പറയുന്നു

അയ്യട എൻറെ പട്ടിയെ പിടിക്കും, ഞാൻ ആദ്യം കണ്ട ജന്നൽ പൊളിച്ച് പുറത്തു ചാടി വീട്ടിലേക്കു ഓടി ,ശ്യാമ എന്നെ കൊണ്ട് പോയപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു, ഉള്ള ദേഷ്യം ഒക്കെ തീര്ക്കാൻ ഉള്ള പരിപാടി ആയിരിക്കും എന്ന്

മൊബൈൽ അടിക്കുന്നു, ഓട്ടത്തിനിടയിൽ ഞാൻ ഫോൺ എടുത്തു, ശ്യാമ ആണ്,

മഹാപാപീ,,നീയൊരു ഭാര്യയാണോ

ആര്? നിങ്ങൾ എങ്ങോട്ടാണ് ഓടിയത്? വട്ടായോ

അതെ, നിനക്കൊക്കെ എന്നെ കീറണം അല്ലെ,

പിന്നേ…ഒരിക്കലും ഞാൻ നിന്ന് തരൂല

കീറാനോ ?

ഞാൻ കേട്ട് കേട്ടാ നീ എന്നെ നെടുകെ കീറിയിട്ട് മുളക് പൊടി വിതറാൻ പറഞ്ഞത്

അയ്യയ്യേ, അത് മാഡത്തിനോട് ചില്ലി ചിക്കൻ റെസിപ്പി പറഞ്ഞുകൊടുത്തതല്ലേ .കഷ്ട്ടം

ആണോ? പെട്ടെന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു …

അല്ല ഒരു കണക്കിന് നിങ്ങളെ വെച്ചും അതുണ്ടാക്കാം

അതെങ്ങനെ ?

ചിക്കൻ എന്ന് വെച്ചാൽ കോഴി എന്നല്ലേ അർഥം

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ajoy