തന്റെ നെഞ്ചിനു നേരെ നീണ്ടുവരുന്ന കഴുകൻ കണ്ണുകളുടെ ഉടയോരിൽ പലരും അച്ഛന്റേ പ്രായത്തേക്കാൾ അധികരിച്ചവരായിരുന്നു…

രചന : രഘു കുന്നുമക്കര പുതുക്കാട്

നിദാഘം

*******************

ജിത്തു ഓഫിസിലേക്കിറങ്ങിയപ്പോൾ, വീട്ടിൽ രൂപശ്രീ തനിച്ചായി.

മുറ്റത്തിറങ്ങി, ഗേറ്റ് അടച്ചെന്നുറപ്പുവരുത്തി വീടിന്നകത്തേക്കു തിരികേക്കയറി.

ഗേറ്റിനപ്പുറത്ത്, തിരക്കുപിടിച്ച ടാർനിരത്ത് പ്രഭാതവെയിലേറ്റ് പതിയേ ചൂടുപിടിക്കാൻ തുടങ്ങിയിരിക്കുന്നു…

ഉമ്മറവാതിലടച്ച് അകത്തളത്തിലക്കു നടന്നു.

രാവിലെയുള്ള ജോലികളെല്ലാം ഏതാണ്ട് അവസാനിച്ച മട്ടാണ്.

ഇനിയൊന്നു കുളിക്കണം.

അതോടൊപ്പം ജിത്തുവിന്റെയും തന്റെയും വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലിടണം.

അതൊന്നു വിരിച്ചിട്ടു കഴിഞ്ഞ് ഇത്തിരിനേരം വിശ്രമിക്കാറുണ്ട്.. അപ്പോഴാണ് ഷെൽഫിലെ പുസ്തകക്കൂട്ടങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്നെടുത്ത് വായിക്കുക.

മുകുന്ദന്റെ ‘ഡൽഹി ഗാഥകൾ’ പാതിവായിച്ചു നിർത്തിയേടത്തു നിന്നും ആരംഭിക്കണം.

പിന്നേ,

ഉമ്മറത്തേ പനിനീർച്ചെടികൾക്ക് വെള്ളമൊഴിക്കണം.

ജിത്തുമോൻ വന്നിട്ടാകാം, ഫിഷ് ടാങ്കിലെ വെള്ളം മാറ്റുന്നത്.

പടിഞ്ഞാറ്റയിലെ വിശാലമായ അഴിക്കൂട്ടിൽ വിലസുന്ന ലവ്ബേർഡ്സുകൾക്ക് അൽപ്പം ചാമ നൽകണം.

ഉച്ചക്ക്, ലഘുവായി എന്തെങ്കിലും കഴിക്കും.

തെല്ലുനേരമൊന്നു മയങ്ങും.

ജിത്തു വരുമ്പോൾ സന്ധ്യയാകും.

പിന്നേ, വീണ്ടും വീട്ടിൽ ആൾപ്പെരുമാറ്റമുണ്ടാകും.

അമ്മയുടേയും മോന്റെയും പതിവു ദിവസങ്ങളിലൊന്ന് ഇവിടെ ആരംഭിക്കുകയായി.

കിടപ്പുമുറിയുടെയുള്ളിലെ വലിയ നിലക്കണ്ണാടിക്കു മുന്നിൽ രൂപശ്രീ തെല്ലുനേരം സ്വന്തം പ്രതിബിംബം വീക്ഷിച്ചു നിന്നു.

നാൽപ്പത്തിയാറു വയസ്സിന്റെ ദൃഷ്ടാന്തങ്ങൾ മുഖത്തും മുടിയിഴകളിലും വ്യക്തമാണ്.

ഇരു ചെന്നികളിലൂടെയും അൽപ്പം നരയെത്താൻ തുടങ്ങിയിരിക്കുന്നു.

നിബിഢമായ കേശഭാരത്തിന്റെ പഴയ ഖ്യാതിക്കു മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്.

കൺതടങ്ങൾക്കു താഴെ ഇരുളിമ പടർന്നത് തെല്ലു കൂടിയതുപോലെ തോന്നുന്നു.

പൂർണ്ണചന്ദ്രനേപ്പോലെ ശോഭിച്ച വദനമെന്നത് ചരിത്രമാവുകയാണ്.

പക്ഷേ,

ഒരുതരി ചുളിവുപോലും വീഴാതെ മുഖം പ്രസാദിച്ചു തന്നേയിരിക്കുന്നു.

നെറ്റിയിൽ, ഒരു വലിയ കുങ്കുമപ്പൊട്ടു കൂടിയുണ്ടായിരുന്നുവെങ്കിൽ ഏതു കൺതടക്കുറുപ്പിനേയും തമസ്കരിച്ചുകൊണ്ട് ഈ മുഖം ജ്വലിച്ചുനിന്നേനേ.

ഭിത്തിയിലെ പഴയ ഫോട്ടോയിലെ പ്ലാസ്റ്റിക് പൂക്കൾ പുതുമയുള്ളതാണ്.

ജിത്തുമോൻ കഴിഞ്ഞയാഴ്ച്ച ശ്രാദ്ധത്തിനു മാറ്റിയിട്ടതാണ്, പ്ലാസ്റ്റിക് മുല്ലപ്പൂമാല്യം.

ജിത്തുവിനോളം പ്രായമുണ്ട് ആ ഛായാചിത്രത്തിനും.

ജിത്തുവിനെ കണ്ടു കൊതിതീരും മുൻപേ,

ഹൃദയാഘാതം തട്ടിയെടുത്ത അവന്റെ അച്ഛന്റെ ചിത്രം.

അന്നു നെറ്റിത്തടത്തിലെ സിന്ദൂരത്തിനോടൊപ്പം മാഞ്ഞുപോയത് ജീവിതത്തിലെ വസന്തങ്ങളാണ്.

പണവും പ്രതാപവും വേണ്ടുവോളമുള്ള തറവാട്ടിൽ ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ജീവിതം പിന്നേയും പിന്നേയും മുന്നോട്ടു സഞ്ചരിച്ചു.

അവരിരുവരും പരമപദം പൂകിയത് രണ്ടുവർഷം മുൻപാണ്.

ജിത്തുവിന് ജോലിയായതോടെയെത്തിയ ഏകാന്തത പരിചിതമായി.

രൂപശ്രീയുടെ ദൃഷ്ടികൾ സ്വന്തം മാറിടങ്ങളിൽ പതിഞ്ഞു.

കസവുവേഷ്ടിയുടേയും ജാക്കറ്റിന്റേയും പ്രൗഢിയെ കെടുത്തിക്കൊണ്ട്, ഇടത്തേ മാർവശം ചുളുങ്ങിക്കിടന്നു

ഇണയേ നഷ്ടമായ വലതുമാറിടം ഉത്തുംഗമായി നിലകൊള്ളുന്നുണ്ട്.

ബ്ലൗസിന്റെ ഇടതുവശത്തു കൈ ചേർത്തു വച്ചു.

ശൂന്യത കൃത്യമായി അനുഭവപ്പെട്ടു.

കൗമാരത്തിൽ, കൂട്ടുകാരികൾക്കിടയിലെ കുന്നായ്മകളിലൊന്നായിരുന്നു തന്റെ ഉയർന്ന മാറിടങ്ങളെന്ന് അവൾ ഓർത്തു.

നീളൻ പട്ടുപാവാടയും, മുഴുജാക്കറ്റുമണിഞ്ഞ് കുന്നത്തേക്കാവിലേക്കും,

വയൽച്ചെളി പുരണ്ട വരമ്പിലൂടെയും, തൊടിയിലെ ശീതളിമകളിലൂടെയും അലയുമ്പോൾ ഉലഞ്ഞിളകിയ മാറിനേ സ്വയം ശാസിച്ചിട്ടുണ്ട്.

അഹങ്കാരികൾ,

എന്താ നിങ്ങൾക്കു ജാക്കറ്റിനുള്ളിൽ ഒതുങ്ങിക്കിടന്നാൽ

ഒതുങ്ങിയ മെയ്യിൽ, ഇങ്ങനെ ഒതുങ്ങാത്ത രണ്ടെണ്ണത്തിന് എന്തിനാ ഇടം കൊടുത്തേ ഈശ്വരായെന്ന് വെറുതേ സ്വയം പറഞ്ഞിട്ടുണ്ട്.

ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുമ്പോൾ, പുലർച്ചക്കു കുനിഞ്ഞു ഉമ്മറമുറ്റമടിക്കുമ്പോൾ നെഞ്ചിനു നേരെ നീണ്ടുവരുന്ന കഴുകൻ കണ്ണുകളുടെ ഉടയോരിൽ പലരും അച്ഛന്റേ പ്രായത്തേക്കാൾ അധികരിച്ചവരായിരുന്നു.

ഒരിക്കൽ, തിരക്കേറിയ ഒരു ബസ്സിൽ വച്ച്,

രാപ്പൂരം കാണാൻ പോയപ്പോൾ സംജാതമായ തിക്കിനും തിരക്കിനുമിടയിൽ വച്ച്,

നെഞ്ചു പറിച്ചെടുക്കുംവിധം ആരോ ആക്രമിച്ചത്.

മാറിലെ വേദനയേക്കാളും നൊമ്പരം ഹൃദയത്തിലായിരുന്നു.

കരിന്തേൾ കുത്തിയ കടച്ചിൽ കണക്കേ അത് ദിവസങ്ങളോളം വിങ്ങിക്കൊണ്ടിരുന്നു.

വിവാഹത്തലേന്നും, പിറ്റേന്നും ചമയത്തിനിടേ കൂട്ടുകാരികൾ കാതിൽപ്പറഞ്ഞതും ഇതൊക്കെത്തന്നെയായിരുന്നു.

ചെക്കൻ കഷ്ടപ്പെടുമത്രേ.

ആ പ്രവചനങ്ങൾ സത്യമായെങ്കിലും, അതു നൽകിയ ഉന്മാദങ്ങൾ ദീർഘകാലം നിലനിന്നില്ല.

ഒരു ഹൃദയവേദന കടപുഴക്കിയത് സിന്ദൂരപ്പൊട്ടിനേയും ജീവിത സൗഭാഗ്യങ്ങളേയുമായിരുന്നു.

മാറിടങ്ങളോട് ഏറ്റവും വിരക്തി തോന്നിയത് ജിത്തുവിന്റെ ജനനശേഷമായിരുന്നു.

തൈറോയ്ഡ് മൂലം ഗർഭധാരണം തന്നേ തുടക്കത്തിൽ പ്രതിസന്ധിയിലായിരുന്നു.

കുഞ്ഞു ജനിച്ചപ്പോൾ, ഊട്ടുന്നതിനായി മുലകളിൽ ഒരിറ്റു അമ്മിഞ്ഞ ചുരന്നില്ല.

ലാക്ടോജൻ പാക്കറ്റ് കാണുമ്പോൾ,

അതുവരേ കാറിക്കരഞ്ഞ കുഞ്ഞിന്റെ നിലവിളി തീരുന്നതു കണ്ട് ഒരുപാടു സങ്കടം തോന്നിയിരുന്നു

ഏറെ പേർ ഒളിഞ്ഞും തെളിഞ്ഞും നോക്കിയ,

മനസ്സുകൊണ്ടു വ്യഭിചരിച്ച മാംസക്കുന്നുകളോട് അന്നാദ്യമായി പക തോന്നി.

വൈധവ്യത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാവുകയാണ്

പുടവകളേ ദൃഷ്ടികൊണ്ടു അനാവൃതമാക്കി ആസ്വദിച്ച കഴുകൻനോട്ടങ്ങളും, സമീപനങ്ങളും ഒട്ടനവധിയുണ്ടായി.

അവയിൽ ചിലതു തകർത്തത്, മനസ്സിലെ സങ്കൽപ്പ വിഗ്രഹങ്ങളേയായിരുന്നു.

ഒരു പ്രലോഭനങ്ങൾക്കും വശംവദയാകാതെ ജീവിച്ച രണ്ടു വ്യാഴവട്ടങ്ങൾ.

മൂന്നുവർഷം മുൻപാണ് അത് ശ്രദ്ധയിൽപ്പെട്ടത്.

ഇടത്തേ മുലക്കണ്ണ് ഉള്ളിലേക്കു വലിഞ്ഞു പോയിരിക്കുന്നു.

ഇടതുകക്ഷത്തിലേക്ക് നേരിയ തോതിൽ വേദന പടരുന്നുമുണ്ട്.

പതിയേ അമർത്തുമ്പോൾ ഒരു സ്രവം മുലക്കണ്ണിലൂടെ പുറത്തുവന്നുകൊണ്ടിരുന്നു.

വൈദ്യശാസ്ത്രം, സ്തനാർബുദത്തേ അതിവേഗം തിരിച്ചറിഞ്ഞു.

ഒട്ടും മുലയൂട്ടാത്ത, നാൽപ്പതുകൾ പിന്നിട്ട സ്ത്രീകൾക്ക് ബ്രസ്റ്റ് കാൻസർ സാധ്യത മറ്റുള്ളവരേക്കാൾ ഇരട്ടിയാണെന്നറിഞ്ഞു.

ശാസ്ത്രം കൊണ്ടും, അനുഭവം കൊണ്ടും.

നിലക്കണ്ണാടിക്കു മുന്നിൽ നിന്നും കുളിമുറിയിലേക്കു കടക്കുമ്പോൾ, രൂപശ്രീയുടെ മനസ്സിന്റെ തിരശ്ശീലയിൽ ഒരു പെൺകൊടിയുടെ രൂപം തെളിഞ്ഞു വന്നു.

നീളൻ മുടി മെടഞ്ഞിട്ട,

പട്ടുപാവാടയും ദാവണിയും മുഴുജാക്കറ്റുമിട്ട പെൺകുട്ടി.

ചന്ദനക്കുറിയണിഞ്ഞ, സർവ്വാഭരണവിഭൂഷിതയായ കന്യക.

തൊടിയിലൂടെ അവൾ കൂട്ടുകാരികൾക്കൊപ്പം ഓടിനടന്നപ്പോൾ, മാറിലെ അഹങ്കാരികൾ കുലുങ്ങിയുലഞ്ഞു കൊണ്ടിരുന്നു.

അവളുടെ ചൊടിയിൽ ഒരു മൂളിപ്പാട്ടുണ്ട്.

ഓർമ്മകളിൽ നിന്നും കടമെടുത്ത് രൂപശ്രീ ആ പാട്ടേറ്റു പാടി.

“അംഗനേ, ഞാൻ, അങ്ങു പോകതെങ്ങനേ…..”

കുളിമുറിയുടെ വാതിലടഞ്ഞു.

വീടിനുപുറത്ത് കുംഭവെയിൽ തിളച്ചുമറിയാൻ തുടങ്ങിയിരുന്നു.

പകൽ നീളുകയാണ്,

അനിവാര്യമായ സന്ധ്യയിലേക്ക്…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രഘു കുന്നുമക്കര പുതുക്കാട്