ഇഷ്ടപ്പെട്ട ആളോടൊപ്പം ഞാൻ പോകുകയാണ്, അമ്മയും , അച്ഛനും എന്നെ ശപിക്കരുത്…..

രചന : സജി തൈപ്പറമ്പ്

മുഹൂർത്തത്തിന് മുമ്പ്…

*************

പെങ്ങളുടെ കല്യാണദിവസം, അവളെ മേയ്ക്കപ്പ് ചെയ്യാനുള്ള ബ്യൂട്ടീഷൻ വരുന്നതിന് മുൻപ്, തലയിൽ ചൂടാനുള്ള മുല്ലപ്പൂവ് വാങ്ങാൻ അതിരാവിലെ എഴുന്നേറ്റ് പോയതാണ് സനല്.

തിരിച്ച് വീട്ടിലെത്തുമ്പോൾ, മരണ വീട് പോലെ ശോകമായിരുന്നു വീടിൻ്റെ അകത്തളം.

അച്ഛൻ ചാര് കസേരയിൽ വെട്ടിയിട്ട വാഴ പോലെ വീണ് കിടക്കുന്നു, ഇളയ അമ്മാവൻ കൈയ്യിലിരുന്ന തുവർത്ത് കൊണ്ട് അച്ഛനെ വീശി കൊടുക്കുന്നു.

അടുത്ത് കിടന്ന സെറ്റിയിൽ, അമ്മായിയുടെ മടിയിൽ തല വച്ച് കിടക്കുന്ന, അമ്മയുടെ ഏങ്ങലടി ഇടയ്ക്കിടെ ഉയരുന്നുണ്ട്.

“എന്ത് പറ്റി അച്ഛാ… എന്താ എല്ലാരുമിങ്ങനെയിരിക്കുന്നത്”

ആകാംക്ഷയോടെ സനല് ചോദിച്ചപ്പോൾ, കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു ലെറ്റർ, അയാൾ മകൻ്റെ നേരെ നീട്ടി ,അവനത് വാങ്ങി വായിച്ച് നോക്കി.

“പ്രിയപ്പെട്ട അച്ഛനും, അമ്മയ്ക്കും, ഇഷ്ടപ്പെട്ട ആളോടൊപ്പം ഞാൻ പോകുകയാണ് ,ഈ കാര്യം നിങ്ങളോട് പറഞ്ഞാൽ, നിങ്ങളിത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എനിക്കറിയാം,

അത് കൊണ്ടാണ് അമ്പലത്തിൽ പോകുവാണെന്ന് കളവ് പറഞ്ഞ്, ഞാനിറങ്ങുന്നത്, എൻ്റെയൊപ്പം കൂട്ട് വരുന്ന അമ്മായിയുടെ മോളുടെ, കണ്ണ് വെട്ടിച്ചായിരിക്കും ഞാൻ പോകുന്നത് ,അത് കൊണ്ട് എന്നെ കാണാതെ ,അമ്പലനടയിൽ പകച്ച് നില്ക്കുന്ന അവളെ, ആരെങ്കിലും പോയി കൂട്ടിക്കൊണ്ട് വന്നേക്കണം,

പിന്നെ അമ്മയും , അച്ഛനും എന്നെ ശപിക്കരുത്,

കൂടുതലൊന്നും പറയാനില്ല, ശരി നിർത്തുന്നു”.

മകൾ ശ്രീലക്ഷ്മി.

ആ കത്ത് വായിച്ച് കഴിഞ്ഞപ്പോൾ സനലിൻ്റെ ശരീരവും തളരാൻ തുടങ്ങി.

എന്നാലും അവളിൽ നിന്നൊരിക്കലും ഇങ്ങനെയൊന്നുണ്ടാവുമെന്ന്, സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,

അവൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ,

തന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ?

കൂട്ടുകാരെ പോലെ ആയിരുന്നില്ലേ താനവളോട് പെരുമാറിയിരുന്നത്

എന്നിട്ടും അവൾ ?

അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ,ഇനി തൻ്റെ കൂട്ടുകാരുടെ മുഖത്ത് താനെങ്ങനെ നോക്കും.

അത് പിന്നെ കുറച്ച് ദിവസത്തെ ബുദ്ധിമുട്ടേ ഉള്ളുവെന്ന് വെയ്ക്കാം ,പക്ഷേ ,ഏതാനും മണിക്കൂറുകൾ കഴിഞ്ഞ്, അവളെ താലികെട്ടാൻ കാത്തിരിക്കുന്ന ചെറുക്കനോടും വീട്ടുകാരോടും എന്ത് മറുപടി പറയും എന്ന ചിന്ത, അവനെ ആശങ്കയിലാഴ്ത്തി.

“അളിയാ… ഇങ്ങനെയിരുന്നിട്ട് കാര്യമുണ്ടോ?

സമയം പോയിക്കൊണ്ടിരിക്കുവാ, മുഹൂർത്തത്തിന് മുമ്പ് ,അവളെ എത്രയും പെട്ടെന്ന് കണ്ട് പിടിച്ച് കൂട്ടിക്കൊണ്ട് വരണ്ടെ”

വീശുന്നതിനിടയിൽ അമ്മാവൻ സനലിൻ്റെ അച്ഛനോട് ചോദിച്ചു.

“എന്തിനാ ശിവാ .. ഇപ്പോൾ തന്നെ ശാരദയുടെ അലർച്ചകേട്ട്, കല്യാണപ്പെണ്ണ് ഒളിച്ചോടിപ്പോയെന്ന് നാട്ട്കാര് മുഴുവൻ അറിഞ്ഞു ,

അങ്ങനയൊരുത്തിയെ സ്വീകരിക്കാൻ ചെറുക്കനോ അവൻ്റെ വീട്ടുകാരോ സമ്മതിക്കുമോ?”

“പിന്നെ നമ്മൾ എന്ത് ചെയ്യുമെന്നാണ് അളിയൻപറയുന്നത്”

“നീ ചെറുക്കൻ്റെ വീട്ടിലേക്കൊന്ന് വിളിച്ച് വിവരം പറ ,എനിക്കതിനുള്ള ധൈര്യം പോരാ”

സഹദേവൻ, തൻ്റെ നിസ്സഹായാവസ്ഥ ശിവനെ ബോധ്യപ്പെടുത്തി.

മനസ്സില്ലാ മനസ്സോടെ ശിവൻ ഉമ്മറത്തേയ്ക്കിറങ്ങി മൊബൈലെടുത്ത് ചെറുക്കൻ്റെ വീട്ടിലേക്ക് വിളിച്ചു.

“ഹലോ.. ങ്ഹാ, ഇത് ഞാനാ.. പെണ്ണിൻ്റെ അമ്മാവനാ”

“ങ്ഹാ മനസ്സിലായി ,ശിവനല്ലേ ?നമ്മൾ പല പ്രാവശ്യം സംസാരിച്ചത് കൊണ്ട്, ശബ്ദം കേട്ടപ്പോഴെ മനസ്സിലായി, ഞങ്ങൾ റെഡിയായിക്കൊണ്ടിരിക്കുവാ.

മുഹൂർത്തത്തിന് അര മണിക്കൂർ മുൻപേ ഞങ്ങളവിടെയെത്തിയിരിക്കും”

“അല്ലാ.. അത് പിന്നെ, ഒരു കാര്യം പറയാനാ ഞാനിപ്പോൾ വിളിച്ചത്, ഞാനതെങ്ങനെ പറയും”

“ഒന്നും പറയേണ്ടാ ,ചെറുക്കന് ഇന്ന് കൊടുക്കാമെന്ന് പറഞ്ഞ കാറ് ഡെലിവറി കിട്ടി കാണില്ല അല്ലേ? അതൊക്കെ പതിയെ മതിയെന്ന്, ഞങ്ങൾക്ക് പെണ്ണിനെയാണാവശ്യം,

ബാക്കിയൊക്കെ നിങ്ങള് അറിഞ്ഞ് ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ലേ ഹ ഹ ഹ”

ഓഹ് പിന്നേ… കല്യാണം ആലോചിക്കുന്ന സമയത്ത് നൂറ് പവനും, പത്ത് ലക്ഷവും കൂടാതെ ഒരു കാറും വേണമെന്ന് നിർബന്ധം പിടിച്ചയാളാണ്,

ഇപ്പോൾ മാന്യത ചമയുന്നത്

ശിവൻ പുശ്ചത്തോടെ ഓർത്തു.

ചെറുക്കൻ്റെ അച്ഛൻ അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ, ഫോൺ കട്ട് ചെയ്തപ്പോൾ ശിവൻ വിഷണ്ണനായി.

“ശിവേട്ടാ… അടുപ്പിൽ വെള്ളമൊഴിച്ചേക്കട്ടെ പാകമായ കറികളൊക്കെ വല്ല ഹോട്ടലുകാർക്കും കൊടുക്കാം”

ദേഹണ്ഡക്കാരൻ, തല ചൊറിഞ്ഞ് കൊണ്ട് വിളിച്ച് ചോദിച്ചു.

“നീ നിൻ്റെ ജോലി മുടക്കേണ്ട,

വരുന്നവരെന്തായാലും സദ്യ കഴിച്ചിട്ട് പോകട്ടെ ,

അല്ലെങ്കിലും താലികെട്ട് കാണാൻ, അടുത്ത ബന്ധുക്കൾ മാത്രമല്ലേ ഉണ്ടാവാറുള്ളു”

തിരിച്ച് വീട്ടിനകത്തേയ്ക്ക് കയറാതെ, ശിവൻ തൻ്റെ മകളെ കൂട്ടാനായി അമ്പലത്തിലേക്ക് പോയി.

സമയം കടന്ന് പോയിക്കൊണ്ടിരുന്നു, കല്യാണത്തിന് ക്ഷണിച്ചവരൊക്കെ കുടുംബസമേതം, വീട്ട് മുറ്റത്തൊരുക്കിയ വലിയ പന്തലിനുള്ളിലേക്ക് വന്ന് കൊണ്ടിരുന്നു.

കാര്യമറിയാത്ത പലരും, സദ്യ വിളമ്പുന്ന പന്തലിനുള്ളിലെ കസേരകളിൽ, നേരത്തെ സ്ഥാനം പിടിച്ചു.

മുഹൂർത്തത്തിന് ഒരു മണിക്കൂർ ബാക്കിയുള്ളപ്പോൾ,

ചെറുക്കൻ്റെയച്ഛൻ ശിവൻ്റെ ഫോണിലേക്ക് വിളിച്ചു.

ഈശ്വരാ .. ചെറുക്കൻ വീട്ടുകാർ എങ്ങനെയോ വാർത്തയറിഞ്ഞിരിക്കുന്നു ,തന്നെ ചീത്ത പറയാനായിരിക്കും ,ഇപ്പോൾ വിളിക്കുന്നത്.

ശിവൻ മടിച്ച് മടിച്ച്, കോൾ അറ്റൻ്റ് ചെയ്തു.

“ശിവാ … അവൻ നമ്മളെ ചതിച്ചെടാ…”

കാർന്നോര് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞത് കേട്ട് ശിവൻ അമ്പരന്നു.

“ആരുടെ കാര്യമാ നിങ്ങള് പറയുന്നത്”

ജിജ്ഞാസയോടെ ശിവൻ ചോദിച്ചു.

“എൻ്റെ മകൻ്റെ കാര്യം തന്നെയാ പറയുന്നത് ,അവന് കല്യാണത്തിന് താല്പര്യമില്ലെന്നും, കല്യാണം കഴിഞ്ഞാൽ അവന് സിനിമാനടനാകണമെന്ന ലക്ഷ്യം പൂർത്തിയാക്കാനാവില്ലെന്നും, അത് കൊണ്ട് അവൻ്റെ ലക്ഷ്യം നേടിയിട്ടേ ഇനി തിരിച്ച് വരികയുള്ളു എന്നും, അതിനായി ഹൈദരാബാദിലേക്ക് പോകുവാണെന്നും പറഞ്ഞ്,

ദേ ഇവിടെ കത്തെഴുതി വച്ചിട്ട് പോയിരിക്കുന്നു.

അവനൊരു സിനിമാ ഭ്രാന്തനാണെന്നുള്ള കാര്യം ഞാൻ നിങ്ങളിൽ നിന്നും മറച്ച് വച്ചിരിക്കുകയായിരുന്നു

ഇനി ഞാൻ നിങ്ങളുടെയൊക്കെ മുഖത്ത് എങ്ങിനെ നോക്കും”

അത് കേട്ട് ശിവൻ്റെയുള്ളിൽ ഒന്നല്ല, രണ്ട് ലഡ്ഡു പൊട്ടി.

“ആഹാ കൊള്ളാമല്ലോ ,എന്തായാലും താലികെട്ടിന് മുൻപ് അവൻ്റെ തനി സ്വരൂപം പുറത്ത് വന്നത് നന്നായി,

ഇല്ലെങ്കിൽ ഞങ്ങടെ കൊച്ചിൻ്റെ നൂറ് പവനും കൂടി അവൻ കൊണ്ട് പോയേനെ ,ങ്ഹാ പിന്നെ,

നിശ്ചയത്തിന് വാങ്ങിയ പത്ത് ലക്ഷം രൂപ,

എത്രയും വേഗം ഇവിടെത്തിച്ചേക്കണം, ഇല്ലെങ്കിൽ വഞ്ചനാകുറ്റത്തിന് എല്ലാത്തിനെയും ഞങ്ങൾ അഴിയെണ്ണിക്കും”

ശിവൻ ,കിട്ടിയ അവസരത്തിൽ കത്തിക്കയറി.

“അയ്യോ ശിവാ ചതിക്കല്ലേ ? നിങ്ങടെ പൈസ മുഴുവൻ ബാങ്കിലുണ്ട്, കുറച്ച് സാവകാശം തരണം, ഞാൻ മുഴുവനും എടുത്ത് തരാം”

ആ ആശ്വാസ വാർത്ത അറിയിക്കാനായി, ശിവൻ വരാന്തയിലേക്ക് കയറുമ്പോൾ ,ഗേറ്റിന് മുന്നിൽ ഒരു കാറ് വന്ന് നിന്നു.

ശിവൻ തിരിഞ്ഞ് നോക്കുമ്പോൾ, അതിൻ്റെ ബാക്ക് ഡോറ് തുറന്ന്, കെയ്യിൽ ബൊക്കയും കഴുത്തിൽ വലിയൊരു ഹാരവുമണിഞ്ഞ് ശ്രീലക്ഷ്മി ഇറങ്ങി വന്നു.

“ആഹാ, വന്നല്ലോ വനമാല , ചേച്ചീ.. അളിയാ…

ദാ വന്ന് നില്ക്കുന്നു ഒളിച്ചോടിപ്പോയ നിങ്ങടെ മോള്

ഈ തറവാടിൻ്റെ മാനം കളഞ്ഞിട്ട് ,യാതൊരുളുപ്പമില്ലാതെ വന്ന് നില്ക്കുന്നത് കണ്ടില്ലേ?

കുറ്റിച്ചൂല് കൊണ്ട് അടിച്ചിറക്കണം ഈ പെഴച്ചവളെ”

അമ്മാവൻ്റെ അലർച്ചകേട്ട് സനലാണ് ആദ്യം ചാടിയിറങ്ങിയത്, അവൻ കലവറയിൽ ചെന്ന് കറിക്കത്തിയുമെടുത്ത് കൊണ്ടാണ്, കാറിനടുത്തേക്ക് രോഷാകുലനായി പാഞ്ഞടുത്തത് .

പെട്ടെന്ന് അവരെയെല്ലാം ഞെട്ടിച്ച് കൊണ്ട് ,

ശ്രീലക്ഷിയുടെ പുറകെ കാറിൽ നിന്നും, അവളെ കൊണ്ട് പോയ ചെറുപ്പക്കാരനുമിറങ്ങി വന്നു.

അത് അവൾക്ക് കല്യാണമുറപ്പിച്ച് വച്ചിരുന്ന ശ്രീനന്ദനായിരുന്നു.

കോപം കൊണ്ട് ജ്വലിച്ചിരുന്ന എല്ലാവരുടെയും മുഖത്ത്, അത്ഭുതം വിടർന്നു.

“എല്ലാവരും വായടച്ച് വയ്ക്ക്, ഇല്ലെങ്കിൽ ഈച്ച കയറും, ഇത് ഞങ്ങൾ നിങ്ങൾക്ക് കരുതി വച്ച ഒരു സർപ്രൈസായിരുന്നു, എല്ലാവരും കല്യാണത്തിന് ഓരോ പുതുമകൾ കൊണ്ട് വരില്ലേ?

അത് പോലെ രണ്ട് വീട്ടുകാരെയും ഇത്തിരി നേരമൊന്ന് ടെൻഷനടുപ്പിക്കാമെന്ന് ഞങ്ങളും വിചാരിച്ചു ,

ങ്ഹാ പിന്നെ ,ഈ വേഷഭൂഷാദികളൊക്കെ നന്ദുവിൻ്റെ ക്രിയേഷനാ, ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ”

ശ്രീലക്ഷ്മി ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്നാലും ഇത് വല്ലാത്തൊരു പുതുമയായി പോയിമോളെ ,ഞാനിനി നിൻ്റെ ഭാവി അമ്മായിഅപ്പൻ്റെ മുഖത്ത് എങ്ങിനെ നോക്കും”

കുറച്ച് മുമ്പ്, താൻ ആവേശത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞതോർത്തായിരുന്നു,

ശിവൻ്റെ വേവലാതി.

“ങ്ഹാ,ഇപ്പാഴെങ്കിലും നിങ്ങള് വന്നല്ലോ,

മുഹൂർത്തത്തിന് ഇനിയും അരമണിക്കൂറുണ്ട്

ഡാ ശിവാ ..

നീ നന്ദുമോൻ്റെ വീട്ടിൽ വിളിച്ച് പിള്ളേരിവിടെ വന്നിട്ടുണ്ടെന്നും,അവര് എത്രയും വേഗം പുറപ്പെട്ടോളാനും പറയ്”

വീണ്ടും പാര ,തനിക്ക് തന്നെയാണല്ലോ എന്നോർത്ത് ശിവൻ തലയ്ക്ക് കൈവച്ചു.

അല്ലെങ്കിലും മരുമക്കളുടെ കാര്യം വരുമ്പോൾ, റിസ്ക് മുഴുവനും അമ്മാവൻമാർക്കാണല്ലോ ?

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം….

രചന : സജി തൈപ്പറമ്പ്