അവൾക്കെന്നെ വലിയ ഇഷ്ടാ.. ആ നോട്ടം കണ്ടോ, ചിരി കണ്ടോ.. ഞാൻ അവളെ പ്രേമിക്കാൻ പോവാ…

രചന : Ammu Santhosh

പ്രണയം ദുഖമാണുണ്ണി…

കൂട്ടല്ലോ സുഖപ്രദം

“ദേ അവളാണ് മേഘ ”

“ആ കണ്ടിട്ട് മേഘം പോലൊക്കെ തന്നെ ഉണ്ട് ”

അജു അലക്ഷ്യമായി പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു

“ഡാ അജു വർണവിവേചനം തെറ്റാണെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട് ”

ഞാൻ തെല്ലു ഗൗരവത്തിൽ അജുവിനോട് പറഞ്ഞു

അവൻ ഇച്ചിരി വെളുത്തിരിക്കുന്നതിന്റെ കുശുമ്പാണെന്നേ.

“ഗാന്ധിജിയല്ലല്ലോ അത് പറഞ്ഞെ. എബ്രഹാം ലിങ്കണല്ലേ? “ഹിസ്റ്ററി പഠിച്ചതിന്റ അഹങ്കാരം.

“ആണോ “? ഞാൻ ഒന്നാലോചിച്ചു

“അല്ലെ ?”അവൻ

“ശ്ശെടാ കൺഫ്യൂഷൻ ആയല്ലോ.ങേ അല്ല

അതല്ലല്ലോ ഇവിടുത്തെ പ്രശ്നം. നീ കേട്ടെ അവൾക്കെന്നെ വലിയ ഇഷ്ട.. ആ നോട്ടം കണ്ടോ

ആ ചിരി കണ്ടോ “ഞാൻ കൈ ചൂണ്ടി

‘അയിന്?”അവനു നിസാരം.

“അയിനൊന്നുമില്ല ഞാൻ പ്രേമിക്കാൻ പോവാ ”

ഞാൻ സീരിയസായി

അവൻ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി

“എന്താ ?”

“അയ്യേ നീയോ? നിനക്ക് അതൊന്നും പറ്റൂല. പ്രേമം എന്നത് ഭ്രാന്തന്മാർക്കു മാത്രം പറഞ്ഞിട്ടുളളതാ.

നീ നോർമൽ ല്ലേ? ”

“ങേ ?”അഭിമാനം. പക്ഷെ ഞാൻ പെട്ടെന്ന് തല ഒന്ന് കുടഞ്ഞു.

“പോടാ പോടാ ”

“സത്യം. ഈ പ്രേമിക്കുന്നവരെല്ലാം മനോരോഗികളാണ്ന്നേ.

നീ കണ്ടിട്ടില്ലേ അവര് തന്നെ ഇരുന്നു കരയും

ചിരിക്കും കവിത എഴുതും കഥ എഴുതും.

വട്ടാടാ എല്ലാത്തിനും ”

“വട്ടു നിന്റെ തന്തക്ക് . അല്ല പിന്നെ. നീ നോക്കിക്കേ അവൾ ഇങ്ങോട്ടു നടന്നു വരുന്നു.

ഞാൻ മിണ്ടട്ടെ?”

“മിണ്ടിയാൽ നിന്റ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും. എടാ ഇവൾ നമ്മുടെ സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് സാറിന്റെ മോളല്ലേ? എനിക്ക് അറിയാം.അവൾക്ക് മൂന്നു ആങ്ങളമാരുണ്ടെടാ.

നിന്റെ കാര്യം മാത്രമല്ല എന്റെ കാര്യോം പോക്കാ. ഉണ്ണി ഇത് വേണ്ടാട്ടോ. പ്രണയം ദുഖമാണുണ്ണി.”

“എനിക്ക് ആ ദുഃഖം വേണം “ഞാൻ മയങ്ങിയ പോലെ പറഞ്ഞു “എടാ പ്ലീസ് ഡാ കൂടെ നിക്ക് ”

“എനിക്ക് വേറെ ആരാടാ ഉള്ളെ? ”

അവൻ എന്നെ ഒന്ന് നോക്കി പഴയ അഞ്ചുവയസുകാരന്റെ അതെ മുഖം കുറുമ്പ്

“എടാ പ്ലീസ് ”

“ആ ശരി ”

അവനോട്ടും ഇഷ്ടമില്ലാഞ്ഞിട്ടും ഞാൻ ആ പ്രേമത്തിൽ ചെന്ന് ചാടി

അവൻ പറഞ്ഞത് 100% സത്യമാണെന്ന് എനിക്ക് മനസിലായി

പ്രേമം ഒരു ലഹരിയാണ് കഞ്ചാവടിച്ച പോലെ കിറുങ്ങി ഏത് നേരോം ചാറ്റിംഗ്, ഏതു നേരോം ഫോൺവിളി.

ഇതിപ്പോ ആരെങ്കിലും അറിഞ്ഞാൽ എന്നേം കൊല്ലും അവളേം കൊല്ലും. വീട്ടിലിരുന്നു വിളിക്കാൻ പറ്റുകേല.

ഞാൻ ഞങ്ങളുടെ നാട്ടിൽ മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ഒക്കെ സഞ്ചരിച്ചു തുടങ്ങി.

ചിലപ്പോൾ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾ, ഒഴിഞ്ഞ പീടികകൾ. ഒടുവിൽ ഞാൻ ഒരു സ്ഥലം കണ്ടെത്തി കുറച്ചു ദൂരമുണ്ട് പാറക്കെട്ടുകളാണ്.

അവിടെ ആരും വരാറില്ല.

പാറമേൽ കയറിയൊന്നും പരിചയമില്ലാത്ത കൊണ്ട് സൂക്ഷിച്ചു ഒക്കെയാണ് കേറിനിന്നു വിളി തുടങ്ങിയത്. രസം പിടിച്ചു വരുവാരുന്നു പാറയാണ് എന്നു മറന്നു . പിന്നെ ഒന്നും ഓർമയില്ല.

ആശുപത്രി

“സത്യം പറ നീ ആത്മഹത്യക്കു ശ്രമിച്ചതല്ലേ? ”

“ങേ ?ഞാൻ അജുവിനെ നോക്കി

“ആത്മഹത്യാ? കേട്ടിട്ടില്ലേ? ”

“ഒന്ന് പോടാ കോപ്പേ ”

“പിന്നെ മനുഷ്യരാരും പോകാത്തിടത്തു എന്തിനാടാ നീ പോയെ ?”

“അവൾക്കു ഫോൺ ചെയ്യാൻ ”

“പട്ടി ****** പിന്നെയും കുറെ വാക്കുകൾ അവൻ പറഞ്ഞു. സലിം കുമാർ പറഞ്ഞ പോലെ നാട്ടിലതിനെ തെറി എന്നൊക്കെ പറയും ഞാൻ ശ്രദ്ധിക്കാൻ പോയില്ല

എന്റെ കാൽ ഒടിഞ്ഞായിരുന്നു

ആ ദിവസങ്ങളിലൊക്കെ അജു മാത്രമായിരുന്നു എപ്പോളും കൂടെ. അവനൊരു മടുപ്പുമില്ലാതെ എന്നെ ബാത്‌റൂമിൽ കൊണ്ട് പോകും എനിക്ക് ഭക്ഷണം കൊണ്ട് തരും എന്റെ ഒപ്പം ഏതു നേരവും അവനുണ്ടായിരുന്നു ഒരു ദിവസം പോലും മേഘക്കു കാണാൻ വരാൻ സാധിച്ചില്ല അല്ലെങ്കിലും അവൾ എന്ത് വീട്ടിൽ പറയും ?

കോളേജിൽ പോയി തുടങ്ങിയപ്പോൾ അവൾ പഴയപോലെ എന്നെ കാണാൻ വന്നു പക്ഷെ എനിക്ക് എന്തോ ഒരു ഉഷാറില്ലത്തപോലെ. ഒടിഞ്ഞ കാലിന്റെ ഒരു വേദന പെട്ടെന്ന് മറക്കാൻ പറ്റുമോ?

“അതെ ഏട്ടന്റെ കൂടെ എപ്പോളും ഉള്ള മറ്റേ ചേട്ടന്റെ പേരെന്താ ?”

ഒരു ദിവസം അവൾ ചോദിച്ചു

“അജു ”

“ആ ചേട്ടനെന്താ എപ്പോളും ഒപ്പം നടക്കുന്നെ ?

ഞാൻ ഭയങ്കര പൊസ്സസ്സീവ് ആണ് കേട്ടോ എനിക്ക് ആ ചേട്ടനെ ഇഷ്ടമേയല്ല. ഏട്ടൻ ഇനി അയാൾക്കൊപ്പം നടക്കേണ്ട ”

എന്റെ തലയിൽ നിന്ന് ആ നിമിഷം പ്രേമഭ്രാന്ത് ഇറങ്ങി.

കുടിച്ച കള്ളൊക്കെ ഒരു നിമിഷം കൊണ്ട് ആവിയായി പോകുമ്പോ തോന്നുന്ന ഒരു ഫീൽ

“എന്താ? “ഞാൻ എടുത്തു ചോദിച്ചു

“എനിക്ക് ഏട്ടൻ എന്റെ മാത്രം ആകുന്നതാ ഇഷ്ടം ”

അവളുടെ ഒരു നാണം.

മാങ്ങാത്തൊലി. പോടീ പുല്ലേ ഞാൻ മനസ്സിൽ പറഞ്ഞു.

എന്റെ അമ്മയെ അവൾക്കിഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ കൂടെ ഞാൻ ചിലപ്പോൾ അങ്ങ് സഹിച്ചേനെ. കാരണം അമ്മക്ക് നല്ല സാമർഥ്യം ആണ്. ഇവളെ അങ്ങ് ശരിയാക്കി എടുത്തോളും.

പക്ഷെ എന്റെ അജുവിനെ ഇഷ്ടമല്ല എന്ന് പറഞ്ഞ ഒരുത്തി ഇനി അതാരാണെങ്കിലും എന്റെ ജീവിതത്തിൽ വേണ്ട.

ഞാൻ ഇങ്ങനെ കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോഴാണ് ദേ അജു.

“എടാ ഉണ്ണി എന്റെ വീട്ടിൽ താറാവ് കറി വെച്ചെട. നമ്മൾ എത്ര നാളായി അല്ലെ ആഗ്രഹിക്കുന്നെ? .

വാ പോകാം

പോകുമ്പോൾ പൊറോട്ട വാങ്ങി കൊണ്ട് പോകാം ”

അജു ഓടി വന്നു കിതച്ചു കൊണ്ട് പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചു. എന്റെ അജു. അവനെന്റെ വെറുമൊരു കൂട്ട് മാത്രം അല്ല എന്റെ കൂടെപ്പിറപ്പ്.

ആ ഓർമയിൽ അപ്പോൾഎന്ത് കൊണ്ടോ എന്റെ കണ്ണ് നിറയുകയും ചെയ്തു.

“എടാ ഇവൾക്ക് നിന്റെ ഒപ്പം ഞാൻ നടക്കുന്നത് ഇഷ്ടമല്ലന്ന്. ഞാൻ എന്താ ചെയ്യക ?നീ പൊയ്ക്കോ “ഞാൻ അജുവിനെ നോക്കി പറഞ്ഞു.

അവനെന്താ പറയുക എന്നറിയണമല്ലോ

അജുവിന്‌ മുഖത്തൊരു സംശയമോ ചമ്മലോ നാണമോ ഒന്നും ഇല്ല

“ഓ പിന്നേ ഇന്നലെ വന്ന ഇവള് പറഞ്ഞാൽ ഞാൻ അങ്ങ് പോവല്ലേ. ഒന്ന് പോടാപ്പാ. എടി കൊച്ചെ നീ പൊയ്‌ക്കോട്ടോ.ഞാൻ ചത്താലും ഇവനെ വിട്ടു പോവൂല. നീ വാ താറാവ് കറി തീർന്നു പോവേ

അവളുടെ മുഖം വിളറി

അവളെന്നെ രൂക്ഷമായി ഒന്ന് നോക്കി

“അപ്പൊ മോള് കേട്ടല്ലോ ഇവൻ പോകില്ല.

ഇന്നെന്നല്ല എന്റെ ജീവൻ ഉള്ളടത്തോളം. അതാ റിയൽ ഫ്രണ്ട്ഷിപ്പ്. ഒരു പ്രേമം വരുമ്പോളേക്കും കൂട്ടുകാരെ കളഞ്ഞാൽ ഞാൻ തന്തക്കു പിറക്കാത്തവനായി പോവില്ലേ മോളെ? . മോള് പൊയ്ക്കോ.പ്രേമം ഇന്ന് വരും നാളെ പോകും കൂട്ടുകാര് സ്റ്റേബിളാ. ”

“വാടാ “ഞാൻ അജുവിനെ കൂട്ടി നടന്നു

“ഇപ്പൊ നീ വീണ്ടും നോർമൽ ആയി ”

അജു എന്നെ കെട്ടിപ്പിടിച്ചു

“അവൾ നിന്നെ accept ചെയ്യുവാണെങ്കിൽ ചിലപ്പോൾ വീണ്ടും ഞാൻ… ”

ഞാൻ കള്ളച്ചിരി ചിരിച്ചു

“ഉവ്വേ പെണ്ണല്ലേ വർഗം.. എനിക്ക് ഒരു ഡൗട്ടുമില്ല.നിനക്ക് പ്രേമമൊന്നും പറഞ്ഞിട്ടില്ലപ്പാ.

നമുക്ക് പോയി പൊറോട്ടയും താറാവും തിന്നാം.

നമുക്കൊക്കെ അതെ പറഞ്ഞിട്ടുള്ളു. ഇനി നിർബന്ധമാണെങ്കിൽ പോയി മറ്റേ കാലും കൂടി ഒടിക്ക് ”

ഞാൻ അജുവിന്റ ബൈക്കിനു പിന്നിലിരുന്നു

തല്ക്കാലം പ്രേമം വേണ്ട

കാല് മതി .

അസാദ്ധ്യവേദന ആണെന്നേ. ഞാൻ അജുവിന്റ തോളിലൂടെ കൈ ചുറ്റി.

ഒരു കാര്യം സത്യം ആണ്

പ്രണയത്തേക്കാൾ സുന്ദരമാണ് സൗഹൃദം..

എന്നും സുഖകരവും സൗഹൃദം തന്നെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ammu Santhosh


Comments

Leave a Reply

Your email address will not be published. Required fields are marked *