അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 43 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

മുറിക്കുള്ളിലേക്ക് കയറണോ വേണ്ടയോ എന്നവൾ ഒരു നിമിഷം ചിന്തിച്ചു പിന്നെ ഒന്നും മിണ്ടാതെ ഹാളിലേക്കു നടന്നു.. അനന്തൻ ഹാളിൽ ഇരുന്ന് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്..

” എന്നാൽ നാളെ അവര് വരുന്നതിനു മുൻപ് ഞങ്ങൾ വരാം.. ” അനന്തൻ

അത് സമ്മതമെന്നോണം രാഘവനും നളിനിയും തലയാട്ടി.. തിരിച്ചു മേലെടത്തേക്ക് തിരിക്കുമ്പോൾ ഭദ്രയുടെ മുഖത്തെ തെളിച്ചമില്ലായ്മ അവൻ ശ്രദ്ധിച്ചിരുന്നു.. ഒന്നും ചോദിക്കാൻ പോയില്ല..

മേലേടത് എത്തിയതും ഭദ്ര കുളിക്കാൻ കയറി.

അനന്തൻ ചെറുചിരിയോടെ അവളെ നോക്കി പിന്നെ കുഞ്ഞിനെ എടുത്ത് കളിപ്പിച്ചു..

ഷവറിന് താഴെ നിൽക്കുമ്പോഴും ഭദ്രയുടെ മനസ്സ് സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.. അനന്തന്റെ അടുത്ത് അധികം നിന്നാൽ എന്തായാലും കണ്ട് പിടിക്കും.. താൻ സംശയിച്ചെന്ന് കരുതുമോ എന്നൊരു ഭയവും അവളിൽ ഉടലെടുത്തു. കുളിച്ചു ഇറങ്ങിയതും അച്ഛനും മകനും കുളിക്കാൻ കയറി. ഭദ്ര വേഗം സാരി മാറി.. അച്ഛന്റേം മോന്റേം കളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് പക്ഷെ അതിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല..

അവൾ വേഗം അടുക്കളയിലേക്ക് ചെന്നു..

ചപ്പാത്തിക്ക് മാവ് കുഴച്ച് മൂടി വെച്ചു അപ്പോഴേക്കും അച്ഛനും മകനും ഒരുങ്ങി ഇറങ്ങിയിരുന്നു..

” ഭദ്രേ..” കുഞ്ഞിനെ ഹാളിൽ ഇരുത്തി അവൻ അടുക്കളയിലേക്ക് നടന്നു.. ഭദ്ര പുറത്തേക്ക് നോക്കി വാതിലിൽ ചാരി നിൽക്കുന്നുണ്ട്..

” ഭദ്രേ.. ” അനന്തൻ വിളിച്ചതും ഭദ്ര തിരിഞ്ഞു.. ”

നീ എന്ത് ആലോചിച്ചു നില്ക്കാ പോവണ്ടേ.. ”

അനന്തൻ

” മ്മ്.. ” അവൾ വേഗം അടുക്കള വാതിലിൽ അടച്ചു ലോക്ക് ചെയ്തു.

ഒന്ന് നെടുവീർപ്പ് ഇട്ട് തിരിഞ്ഞപ്പോൾ തൊട്ട് പിന്നിൽ അനന്തൻ ഉണ്ട്..

അവൾ ഞെട്ടി

” എ.. എന്താ.. ” ഭദ്ര വിക്കി..

” നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ.. “? അനന്തൻ അവളിലേക്ക് ഒന്നൂടെ അടുത്തു

ഭദ്ര തലവിലങ്ങനെയാട്ടി.. ” അനന്തേട്ടന് എന്തെങ്കിലും പറയാൻ ഉണ്ടോ.. “? ഭദ്ര

” മ്മ് ഉണ്ട്.. കുറച്ചൂടെ കഴിഞ്ഞ് പറയാമെന്നു കരുതിയതാ. ഇനി എന്തായാലും പറയാം.. ” അവൻ തിരിഞ്ഞു ഹാളിലേക്ക് നടന്നു.. ഭദ്ര നെറ്റി ചുളിച്ചുകൊണ്ട് പുറകെയും.. അനന്തൻ നിലത്തിരുന്നു കളിക്കുന്ന കുഞ്ഞിനെ നോക്കി സോഫയിലേക്കിരുന്നു.. ഭദ്ര അവനെ നോക്കികൊണ്ട് നേരയുള്ള ചെയറിലും ഇരുന്നു.. ഭദ്രയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്… അവൻ എന്താണ് പറയാൻ പോവുന്നതെന്നറിയാൻ അവൾ ആകാംഷയോടെ ഇരുന്നു..

” നിന്നെ കാണാതായി ഒരു വർഷം കഴിഞ്ഞിട്ടുണ്ടാവും.. അന്നൊക്കെ രാത്രി ഞാൻ നന്നായി കുടിച്ചിട്ടാ കിടക്കാ…. അങ്ങനെ ഒരു 12 കഴിഞ്ഞപ്പോഴാ എനിക്ക് നിന്റെ അമ്മയുടെ കാൾ വരുന്നത്..

നിന്റെ അമ്മാവന് വയ്യെന്ന് പറഞ്ഞു..

വേഗം എഴുനേറ്റ് മുഖം കഴുകി.. ഒരു ഓട്ടമായിരുന്നു.. കുടിച്ചതുകൊണ്ട് കാർ എടുക്കാനും പേടി..

ഞാൻ അവിടെ എത്തുമ്പോൾ അമ്മാവൻ നെഞ്ച് പൊത്തി പിടിച്ചു ഇരിക്കുന്നുണ്ട്.. പിന്നെ വേഗം അഖിലിന്റെ ഓട്ടോ വിളിച്ചു. അമ്മാവനെ നളിനി അമ്മായിയും അമ്മയും കൂടി ഞാനും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഞാൻ അവരുടെ കൈയിൽ ക്യാഷ് കൊടുത്ത് മാറി നിന്നു.. കുടിച്ച കാരണം അവിടെ നിൽക്കാൻ തോന്നിയില്ല. പിന്നെ അഖിലും പറഞ്ഞു അവൻ നിൽക്കാമെന്ന്..

അവനോട്‌ പറഞ്ഞ് ഞാൻ ഇറങ്ങി.. ആ സമയത്ത് നളിനി അമ്മായി ഓടി വന്നു.. ശരണ്യ ഒറ്റക്കാണ്..

അവളോട് വാതിലടച്ചു ഇരുന്നേക്ക് നാളെ വരാം.. എന്നൊക്കെ പറയാൻ പറഞ്ഞു..

ഞാനും തലയാട്ടി ഇറങ്ങി.. ”

അനന്തൻ ഒന്ന് നിർത്തി ഭദ്രയെ നോക്കി..

അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി ഇരിപ്പാണവൾ..

” മംഗലത്ത് എത്തിയപ്പോൾ ഞാൻ കയറി.

വാതിലിൽ കുറച്ച് നേരം തട്ടി വിളിച്ചു.. അവൾ കതക് തുറന്നു എന്നെ കണ്ടതും കെട്ടി പിടിച്ചു.. ”

അനന്തൻ ഭദ്രയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണ് ഇപ്പൊ പുറത്ത് വരും അതാ അവസ്ഥ..

മൂക്ക് നല്ലപോലെ ചുവന്നിട്ടുണ്ട്..

” പേടിച്ചിട്ടാവും എന്ന് കരുതി ഞാൻ അങ്ങനെ തന്നെ നിന്നു.. പക്ഷെ..

” എനിക്ക് അനന്തേട്ടൻ ഇല്ലാതെ പറ്റില്ലെന്ന് പറഞ്ഞപ്പോഴാ എനിക്ക് കാര്യം മനസിലായത്.. ”

ഞാൻ അവളെ വേഗം അടർത്തി മാറ്റി ഒന്ന് കൊടുത്തു.. കവിളിൽ കൈ വെച്ചു നിൽക്കുമ്പോഴും വാശി അവൾക്ക്.. എന്നെങ്കിലും അവളുടെ സ്നേഹം മനസിലാക്കും.. നീ തിരികെ വരില്ല എന്നൊക്കെ.. ” ഞാൻ പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല.. പടി ഇറങ്ങി വേഗത്തിൽ നടക്കുമ്പോഴും അവൾ ഒരിക്കൽ അവളുടെ സ്നേഹം മനസിലാക്കുമെന്ന് അലറുന്നുണ്ടായിരുന്നു.

ഞാൻ ഒന്നും പറയാൻ നിന്നില്ല.. മനസ്സിൽ ആകെ ഒരു കുറ്റബോധം നിന്റെ മുഖമാ മനസ്സിൽ ആദ്യം വന്നത്.. നിന്നോട് എന്തോ തെറ്റ് ചെയ്ത പോലെ തോന്നി.. നിന്റെ അനിയത്തി എനിക്കും അനിയത്തി അല്ലേ.. ഭദ്രേ.. ” അനന്തൻ

” അനന്തേട്ടൻ എന്താ ഇതൊന്നും മുൻപ് എന്നോട് പറയാഞ്ഞേ.. “?

” ഒരു തെറ്റിദ്ധാരണ കഴിഞ്ഞ് നമ്മൾ ഒരുമിച്ച് ജീവിച്ചു തുടങ്ങുന്നേ ഉള്ളൂ.. അതിനിടക്ക് വീണ്ടും..

ഞാൻ എല്ലാം നിന്നോട് പറയാമെന്നു ഉറപ്പിച്ചതാ.. പക്ഷെ ഇപ്പോഴല്ല അവളുടെ കല്യാണം നല്ല രീതിയിൽ നടന്ന് കഴിഞ്ഞിട്ട്.. അതുമല്ല..

അനിയത്തി ചേച്ചിടെ ഭർത്താവിനെ മോഹിക്കുന്നത് അറിഞ്ഞാൽ നീ എങ്ങനെ സഹിക്കും എന്നൊക്കെ ഓർത്തപ്പോൾ… ” അനന്തൻ

” മ്മ് വാ പോവാം.. ” ഭദ്ര എഴുനേറ്റ് കുഞ്ഞിനെ എടുത്തു.. അനന്തന്റെ മുഖം വല്ലാതായി.. ഭദ്ര കൂടുതൽ എന്തെങ്കിലും പറയുമെന്ന് കരുതിയെങ്കിലും അവൾ ഒരു ഭാവവും കൂടാതെ എഴുനേറ്റ് പോയത് എന്തോ പോലെ.. അനന്തനും അവളുടെ പുറകെ നടന്നു. അനന്തൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുമ്പോൾ ഭദ്ര അവനെ ശ്രദ്ധിക്കാതെ മറ്റെങ്ങോട്ടോ നോക്കി നിന്നു.. അവൻ അടുത്ത് ബുള്ളറ്റ് നിർത്തിയതും ഭദ്ര അനന്തനെ ശ്രദ്ധിക്കാതെ ബുള്ളറ്റിൽ കയറി.. അനന്തൻ ഇടയ്ക്കിടെ മിററിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു.. ഭദ്ര അവന്റെ വയറിലൂടെ കൈയിട്ട് അവന്റെ പിൻ കഴുത്തിൽ ചുണ്ടുകൾ അമർത്തി.. അത്ര നേരം ടെൻഷൻ ആയിരുന്ന അനന്തൻ കഴുത്തിൽ തണുത്ത ചുണ്ടുകൾ അമർന്നതും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. വയറിലൂടെ ചുറ്റിയ അവളുടെ കൈയെടുത്ത് അവൻ ചുണ്ടോട് ചേർത്തു..

ഭദ്രയും ചെറുതായി പുഞ്ചിരിച്ചു. പക്ഷെ ശരണ്യയെ ഓർത്തപ്പോൾ അവളുടെ കണ്ണുകളിൽ കോപം നിറഞ്ഞു..

❤❤❤❤❤❤❤❤❤❤

ഭദ്ര നേരെ അമ്പലത്തിനുള്ളിലേക്കും അനന്തൻ കമ്മിറ്റി ഓഫീസിലേക്കും കയറി.. കുഞ്ഞിനെ കൈ പിടിച്ചു നിന്നു മഹാദേവന്റെ മുന്നിൽ നിന്ന് തൊഴുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

ഇനിയും പരീക്ഷിക്കരുതേ.. എന്ന് അവൾ മഹാദേവനോട് മൗനമായി കേണു….

അമ്പലത്തിൽ എല്ലാ പ്രതിഷ്ഠയും തൊഴുത് ഇറങ്ങി.. അനന്തൻ ഓഫീസിന് പുറത്ത് ആരോടോ സംസാരിച്ചു നിൽക്കുന്നുണ്ട്.. കൈകൾ കെട്ടി നിൽക്കുകയാണെങ്കിലും ഒരു കൈ മീശയെയും താടിയെയും ഇടക്കെ തഴുകുന്നുണ്ട്.. ഒരു ഡാർക്ക്‌ ബ്ലൂ കളർ ഷർട്ട്‌ ആണ്.. വെള്ള മുണ്ടും..

അമ്പലത്തിൽ കുറേയധികം ലൈറ്റ് വർക്കുകളുമുണ്ട്.. ആരുട്ടൻ അതൊക്കെ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്.. ഇടക്ക് അനന്തന്റെ നോട്ടം ഭദ്രയിലേക്ക് പാറി വീണു..

കൂടെ നിന്ന ആളോട് തലയാട്ടി യാത്ര ചോദിച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു..

” എന്തേ മീറ്റിംഗ് കഴിഞ്ഞില്ലേ..? ” ഭദ്ര

” കഴിഞ്ഞു.. ഡാൻസ് ഇപ്പോ തുടങ്ങും കാണുന്നില്ലേ.. ” അനന്തൻ

” വേണോ.. പോയിട്ട് ചപ്പാത്തി ഉണ്ടാക്കണം.”

” ഇവിടുന്ന് കഴിച്ചിട്ട് പോവാടി.. ” പറയുന്നതിനൊപ്പം കുഞ്ഞിനെ എടുത്ത് അവളുടെ തോളിലൂടെ കൈയിട്ട് മണ്ഡപത്തിലേക്ക് നടന്നു..

ഗണനായകായ ഗണദൈവതായ

ഗണദ്യക്ഷായ ദീമഹി

ഗുണ ശരീരായ… ഗുണ മണ്ഡിതായ

ഗുണേശനായ ധീമഹി…

ഗുണാധീതായ ഗുണാധീശായ

ഗുണ പ്രവിഷ്ടായ ദീമഹി

ഭദ്രയുടെ കണ്ണുകൾ വിടർന്നു.. പതിനെട്ടു വയസ്സ് മുതൽ പത്തു വയസ്സ് വരെ ഉള്ള പെൺകുട്ടികളാണ് അവരെല്ലാം ഒരേപോലെ നൃത്തം ചെയുന്നത് അവൾ ഇമ്മചിമ്മാതെ നോക്കി ഇരുന്നു..

ചെറുപ്പത്തിൽ നൃത്തം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ വേണുവച്ഛൻ വിട്ടില്ല.. ഭദ്രയെയും കുഞ്ഞിനേയും ചെയറിൽ ഇരുത്തി സ്റ്റേജിന്റെ ഇടത് ഭാഗത്ത്‌ നിൽക്കുന്ന കമ്മിറ്റി പ്രസിഡന്റിന്റെ അടുത്തേക്ക് അനന്തൻ ചെന്നു..

ഭക്ഷണത്തിന്റെ കാര്യം പറയാൻ ആണ്.. രാത്രി എല്ലാവർക്കും അത്താഴം ഒരുക്കുന്നത് അമ്പലത്തിൽ തന്നെയാണ്.. നാളെയും.. ഭദ്ര നോക്കുമ്പോൾ അനന്തൻ അയാളോട് കാര്യമായി സംസാരിക്കുന്നുണ്ട്..

അവൾ മടിയിലിരിക്കുന്ന കുഞ്ഞിനെ നോക്കി.. നൃത്തം ചെയുന്ന പെൺകുട്ടികളെ അത്ഭുതത്തോടെ നോക്കി ഇരിപ്പാണ് കക്ഷി.. അവൾ ഒരു ചെറുപുഞ്ചിരിയോടെ അനന്തനെ നോക്കി.. അവിടെ സംസാരം കഴിഞ്ഞ് നൃത്തം ശ്രദ്ധിച്ചു തുടങ്ങി.. ഇരുകൈ കെട്ടി നിന്ന് കൈമുട്ടിൽ വിരലുകൾ കൊണ്ട് താളം പിടിക്കുന്നുണ്ട്.. അവന്റെ കണ്ണുകൾ നൃത്തം നന്നായി ആസ്വദിക്കുന്നത് കണ്ട് ഭദ്രക്കെന്തോ ചെറിയ രീതിയിൽ അസൂയ തോന്നി.. അനന്തൻ തന്നെ പോലും ശ്രദ്ധിക്കാതെ നൃത്തം ആസ്വദിക്കുന്നത് ഭദ്രയെകൊണ്ട് സഹിക്കാൻ കഴിയുന്നില്ല.. അവൾ വേഗം എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു..

” അതേ.. ” അവൻ താളം പിടിക്കുന്ന വിരലുകൾ പിടിച്ചു കൊണ്ട് അവൾ വിളിച്ചു..

” മ്മ്.. ” അനന്തൻ പെട്ടെന്ന് തിരിഞ്ഞു..

” പോവാം കുഞ്ഞിന് ഉറക്കം വരുന്നു.. ”

” ആണോ അച്ചേടെ പൊന്നിന് ഉറക്കം വരുന്നുണ്ടോ..? ” അവൻ കുഞ്ഞിനെ വാങ്ങി. ”

മ്മ്.. വാ കഴിച്ചിട്ട് പോവാം.. ”

അനന്തൻ അവളെയും കൂട്ടി ഊട്ടുപുരയിലേക്ക് നടന്നു

❤❤❤❤❤❤❤❤❤❤

തിരിച്ചു വന്ന് ഭദ്ര മാവ് ഫ്രിഡ്ജിൽ കയറ്റി വെച്ചു. ഇനി എന്തായാലും രാവിലെ ഉണ്ടാക്കാം..

അവൾ മുറിയിൽ ചെന്നപ്പോൾ അനന്തനെ അവിടെ എങ്ങും കണ്ടില്ല.. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ടുണ്ട്.. സാരി മാറ്റി നോക്കിയപ്പോഴും ആള് എത്തിയിട്ടില്ല.. ഭദ്ര നേരെ ബാൽക്കണിയിലേക്ക് ചെന്നു. പ്രതീക്ഷിച്ച പോലെ ആള് അവിടെ തന്നെ ഉണ്ട്.. നിലാവ് നോക്കി ഇരിക്കുന്നു..

” ഇങ്ങേര് എന്തിനാ ഇവിടെ വന്നിരിക്കുന്നേ.. ”

ഭദ്ര ചിന്തയോടെ അവന്റെ അടുത്തേക്ക് ചെന്നു..”

അനന്തേട്ടന് ഉറക്കം ഇല്ലേ..? ”

അവൻ ആകാശത്തുനിന്ന് നോട്ടം മാറ്റി ഭദ്രയെ നോക്കി.. മുഖത്ത് വലിയ അയവ് ഒന്നൂല്ല..

വീർപ്പിച്ച പിടിച്ച ബലൂൺ പോലെ കയറ്റി വെച്ചിട്ടുണ്ട്..

” വാ.. ” അവൻ കൈ നീട്ടിയപ്പോൾ ഭദ്ര അവനെ ഒന്ന് നോക്കി..” വാടി.. ” അവളെ കൈയിൽ പിടിച്ചു വലിച്ചു തന്റെ മടിയിലേക്കിരുത്തി.. ഇടുപ്പിലൂടെ കൈ ചുറ്റി അവളുടെ തോളിൽ മുഖം അമർത്തി.. ” നിന്റെ മുഖം എന്താ ബലൂൺ പോലെ വീർപ്പിച്ചു പിടിച്ചിരിക്കുന്നെ.. “?

” ഓഹ്.. ഇപ്പോ നിങ്ങൾക്ക് എന്റെ മുഖം പിടിക്കാതായോ..? ” ഭദ്ര..

” എന്റെ പൊന്നു കാളി.. നീ എന്തോ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നുണ്ട് അതാ മുഖം ഇങ്ങനെ ഇരിക്കുന്നേ.. എന്താണെന്ന് പറയെടി പെണ്ണേ.. ”

സൗമ്യമായി ചോദിക്കുന്നതിനൊപ്പം അവളുടെ കഴുത്തിൽ ചുംബിച്ചു..

ഭദ്ര ചെറുതായി കഴുത്ത് വെട്ടിച്ചു..

” ഒന്നൂല്ല.. അനന്തേട്ടൻ ഈ പെണ്ണുങ്ങളെ എന്തിനാ വായ് നോക്കുന്നെ.. “? ഭദ്ര

” ഞാനോ എപ്പോ.. 🙄? ”

” ഞാൻ കണ്ടല്ലോ.. നൃത്തം ചെയുന്ന പെൺകുട്ടികളെ നോക്കുന്നത്.. ”

” അത് ഞാൻ നൃത്തം ആസ്വദിച്ചതല്ലേ.. ”

” മ്മ് നന്നായി ആസ്വദിച്ചല്ലേ.. ഞാൻ കണ്ടു.”

അവളുടെ കുശുമ്പോടെ ഉള്ള സംസാരം കേട്ട് അവന് ചിരി വന്നു.. അവൻ ഇടുപ്പിൽ ചേർത്ത കൈകൾ ഒന്നൂടെ മുറുക്കി കൊണ്ട് അവളെ നെഞ്ചോട് ചേർത്തു..

” ഞാൻ ഒരുത്തിയെ നന്നായി ആസ്വദിച്ചിട്ടുണ്ട്..

എന്റെ കണ്ണുകൾ പോലും ദൈവം തന്ന നിധി ആണെന്ന് തോന്നി പോയ കാഴ്ച അത് ഒന്നേ ഉള്ളൂ… ” അവൻ മൃദുവായി പറഞ്ഞതും ഭദ്ര അവനെ സംശയത്തോടെ നോക്കി..

” എവള്.. എന്ത് കാഴ്ച.. 🙄”? അവൾ

” എന്റെ ഭാര്യ.. വെണ്ണക്കൽ ശില്പം പോലെ ഉള്ള അവളുടെ ശരീരത്തിൽ ഞാൻ കെട്ടിയ താലിയും ഞാൻ ചാർത്തിയ സിന്ദൂരവും മാത്രമായി.. എന്റെ പ്രണയത്തിലും കാമത്തിലും ലയിച്ചു ഷീണിതയായി എന്നെ പ്രണയത്തോടെ നോക്കി കിടക്കുന്നവൾ.. ” അനന്തൻ അവളുടെ വയറിലൂടെ വിരലുകൾ കൊണ്ട് വീണ പോലെ തഴുകിയതും ഭദ്രയുടെ മുഖം ചുവന്നു.. അവൾ വേഗം മുഖം താഴ്ത്തി.. ” എനിക്ക് ആ കാഴ്ച കാണാൻ തോന്നുന്നു.. ” അനന്തൻ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു അവിടെ മൃദുവായി കടിച്ചു.. ഭദ്ര വേഗം അവന്റെ മടിയിൽ നിന്ന് എഴുനേറ്റു..

” നിലാവ് നോക്കി ഇരുന്ന് സാഹിത്യം പറയാതെ വന്ന് കിടക്കാൻ നോക്ക്.. ”

അവൾ നാണം മറക്കാൻ മുഖം തിരിച്ചു വേഗം നടന്നു..

” ഡീ ഉറങ്ങല്ലേട്ടാ.. ” അവൻ കള്ള ചിരിയോടെ പറഞ്ഞതും ഭദ്ര കേൾക്കാത്ത പോലെ റൂമിലേക്ക് കയറി പുറകെ പുഞ്ചിരിയോടെ അനന്തനും..

❤❤❤❤❤❤❤❤❤❤

അനന്തൻ എഴുനേറ്റ് താഴേക്ക് ചെല്ലുമ്പോൾ ഭദ്ര ഉമ്മറത്തു ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട്..

” ഭദ്രേ ചായ.. ”

” അടുക്കളയിൽ ഉണ്ടല്ലോ.. ” ഭദ്ര പേപ്പറിൽ നിന്ന് മുഖം ഉയർത്താതെ പറഞ്ഞു.. അനന്തൻ ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്ന് ഫ്ലാസ്ക്കിൽ ഒഴിച്ച് വെച്ച ചായ കപ്പിലേക്ക് പകർത്തികൊണ്ട് ഉമ്മറത്തേക്ക് വന്നു..

അപ്പോഴും അവിടെ പാത്രം വായന തന്നെ..

” എന്താ ഭാര്യേ കാര്യമായി പത്രത്തിൽ.. “?

അനന്തൻ ചായ ഒന്ന് മൊത്തികൊണ്ട് അവളെ നോക്കി..

” ഓഹ് ഒന്നൂല്ല ഒരു ചെറിയ കൊലക്കേസ്..? ”

ഭദ്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..

” ചെറിയ കൊലക്കേസോ.. എന്ത്… ”

അവൻ നെറ്റി ചുളിച്ചു..

” ഭംഗി കൂടുതൽ ഭർത്താവിന്.. ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു.. ”

അനന്തൻ വേഗം മുഖം ഉയർത്തി..

ഭദ്ര ഒന്ന് മുരടനക്കി വീണ്ടും വായിച്ചു തുടങ്ങി

ചെന്നൈ.. : ഭർത്താവിന് ഭംഗി കൂടുതൽ ആണെന്നും.. ഭർത്താവിന്റെ ആരാധികമാരുടെ ശല്യവും കാരണം ഉറങ്ങി കിടന്ന ഭർത്താവിന്റെ തലയിൽ അമ്മികല്ലെടുത്തു അടിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ.. ഭർത്താവിന്റെ പുറകെ നാട്ടിലെ സകല പെൺകുട്ടികളും നടക്കുന്നതാണ് കൊലയിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പറയുന്നു.. അമ്മികല്ലുകൊണ്ട് വീണ്ടും വീണ്ടും അടിച്ചു മുഖം തകർത്ത നിലയിലാണ് ഭർത്താവിന്റെ ശരീരം കണ്ടത്.. ഭാര്യയെ പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തു

ഓഹ് എന്നാലും ഇവളൊക്കെ പുറത്ത് വരും

വീണ്ടും കെട്ടും.. ”

ഭദ്ര പറഞ്ഞു കഴിഞ്ഞ് അനന്തനെ നോക്കി..

അവിടെ ആകെ കിളിപ്പോയ മട്ടാണ്..

” രാവിലത്തേക്ക് ചപ്പാത്തി പോരെ.. “? ഭദ്ര

അനന്തൻ തലയാട്ടി..

” ഹ്മ്മ്.. ” ഭദ്ര ഒന്ന് ഇരുത്തി മൂളികൊണ്ട് അടുക്കളയിലേക്ക് നടന്നു..

❤❤❤❤❤❤❤❤❤❤

പതിനൊന്നു മണിക്കാണ് ചെക്കനും കൂട്ടരും വരുന്നത്.. അനന്തൻ മാറി നിന്ന് ഫോൺ ചെയുന്നുണ്ട്..

അമ്മയും അമ്മായിയും അടുക്കളയിൽ ആണ്.. അമ്മാവൻ ഹാളിലെ കസേരയും മേശയും തുടച്ചു വൃത്തി ആക്കുന്നുണ്ട്.. ഭവ്യയും പായലും ശരണ്യയെ ഒരുക്കുന്ന തിരക്കിൽ ആണ്.. പൂജയുടെ കൈയിൽ ആരുട്ടനും.. ഭദ്ര മുറ്റത്ത് നിന്ന് ഫോണിൽ സംസാരിക്കുന്ന അനന്തന്റെ അടുത്തേക്ക് ചെന്നു..

” ആ.. നേരെ ഇടത്തേക്ക് തിരിഞ്ഞാൽ മതി.. ആ ഇടവഴി..

ആ അമ്പലത്തിന്റെ എതിരെ ഉള്ള വഴി..ആ ശരി..

” അനന്തൻ തിരിഞ്ഞതും ഭദ്ര.. ”

അവര് എത്താറായി.. ”

” മ്മ്.. ”

” ഇത് കഴിഞ്ഞ് അമ്പലത്തിൽ പോവണം.. ”

” എന്തേ ഡാൻസ് ഉണ്ടോ.. ”

” ഏയ്‌ ഊട്ട്.. 😁 പിന്നെ മിഥിയും ദേവും വരും..

നീ അവനെ കണ്ടില്ലലോ.. ” അനന്തൻ

ഭദ്ര പിടിച്ചു നിര്ത്തിയപോലെ നിന്നു.. ശരീരം ചെറുതായി വിറക്കുന്നു.. ദേവിനെ അവസാനമായി കണ്ടത് ഓർക്കുമ്പോൾ ഇപ്പോഴും ഭയം വിട്ട് മാറുന്നില്ല.. അത് അറിഞ്ഞപോലെ അനന്തൻ അവളുടെ തോളിലൂടെ കൈയിട്ട് അകത്തേക്ക് നടന്നു.

❤❤❤❤❤❤❤❤❤❤❤

കണ്ണാടിക്ക് മുന്നിൽ സ്വന്തം രൂപം നോക്കി ശരണ്യ ഒന്ന് ചിരിച്ചു.. ചെക്കൻ വന്നെന്ന് പറഞ്ഞു അമ്മ വിളിക്കാൻ വന്നു.. അമ്മായി ചായ എന്നെ ഏൽപ്പിച്ചു.. കൈയും കാലും വിറക്കുന്നുണ്ട്..

പോലീസ് ആണെന്നല്ലേ പറഞ്ഞെ.. ഒരു താല്പര്യം ഇല്ലാതെ ഭയത്തോടെ നടക്കുമ്പോൾ ഒട്ടും വിചാരിച്ചില്ല ഒരിക്കൽ കണ്ട മുഖം തന്നെ ആണെന്ന്..

” രവി സാറിന്റെ മകൻ.. രണദേവ്…” പഠിക്കുന്ന കാലത്ത് തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് അന്ന് തന്നെ അയാളെ തിരിച്ചു ചീത്തയും വിളിച്ചിട്ടുണ്ട്..ശരണ്യ അയാളെ നോക്കി.. വരുത്തിച്ച ചിരിയോടെ ചിരിച്ചു.. കട്ടി മീശയാണ്.. തലമുടി ഒക്കെ പോലീസ് സ്റ്റൈൽ ആണ്.. നല്ല വെളുത്ത നിറം..

ശരണ്യ സ്വയം ഒന്ന് നോക്കി.. ഇരുനിറമാണ് താൻ.. പിന്നെ അയാളെയും വെളുത്ത കൈകൾ അതിൽ ഇടം കൈയിൽ സിൽവർ ചെയിൻ.. തോളിൽ ഷർട്ട് മുറുകിയത് കണ്ടാൽ അറിയാം ഉരുട്ടി കയറ്റി വെച്ചത്.. ശരണ്യ ഒന്ന് പാളി അനന്തനെ നോക്കി.. അനന്തന്റെ ചിരിയിൽ ഒരു സംതൃപ്തി ഉണ്ടായിരുന്നു.. ശരണ്യ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു..

” ഡീ.” റൂമിൽ ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാ ഒരു ശബ്ദം ശരണ്യ നോക്കിയപ്പോൾ ഭദ്രയാണ്.. ദേഷ്യത്തിലുള്ള അവളുടെ മുഖം കണ്ട് ശരണ്യക്ക് അൽപം പേടി തോന്നി.. ( ദൈവമേ അനന്തേട്ടൻ എന്തെങ്കിലും പറഞ്ഞുകാണോ..)

” എ.. എന്താ..? ” ശരണ്യ

കൈവീശി ഒന്ന് കൊടുത്തു ഭദ്ര..

” ഇത് എന്തിനാണെന്ന് മനസ്സിലായോ..? ”

ശരണ്യ കവിളിൽ കൈ വെച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

” പറയെടി നിനക്ക് എപ്പോ മുതലാ എന്റെ കെട്ട്യോനോട് പ്രേമം തുടങ്ങിയത്.. ഏഹ്..പറയാൻ.. ”

” എനിക്ക് നിങ്ങളുടെ കല്യാണം കഴിയുന്നതിന് മുന്നേ ഇഷ്ട്ടായിരുന്നു.. നീ പോയപ്പോൾ ഇനി ഒരിക്കലും വരില്ലെന്ന് കരുതി.. പിന്നെ അനന്തേട്ടൻ കുടിച്ചു നശിക്കുന്ന കണ്ടപ്പോ.. ”

” കണ്ടപ്പോ.. ഇവിടെ കുടിച്ചു നടക്കുന്നവർക്ക് ജീവിതം കൊടുക്കാൻ നടക്കണോ നീ..? ”

” അന്ന് അങ്ങനെ ഒരു അബദ്ധം പറ്റിയതാ..

പക്ഷെ അന്നേ അനന്തേട്ടൻ എന്നോട് പറഞ്ഞതാ നീ അല്ലാതെ അങ്ങേരുടെ മനസ്സിൽ വേറെ ആരും ഇല്ലെന്ന്.. പക്ഷെ നീ വരില്ലെന്ന് കരുതി ഞാൻ കാത്തിരുന്നു.. പക്ഷെ നീ വന്നു. പഴയപോലെ നിങ്ങൾ സ്നേഹിക്കില്ലെന്ന് വിചാരിച്ചു.. പക്ഷെ അതിലും കൂടുതൽ നിങ്ങൾ സ്നേഹിച്ചു..

എനിക്ക് അപ്പോഴാ മനസ്സിലായത്.. അനന്തേട്ടന്റെ മനസ്സിലുള്ള നിന്നെ അങ്ങനെ ഒന്നും പറിച്ചു മാറ്റാൻ കഴിയില്ലെന്ന്.. കാരണം അയാൾ നിന്നെ ഓർത്ത് ജീവിച്ചതല്ല.. നിന്റെ ഓർമകൾ മാത്രമായി ജീവിച്ചതാ.. കണ്ണ് അകന്നാൽ മനസ്സ് അകലുമെന്ന് ഞാൻ കരുതി.. ”

ശരണ്യ പറഞ്ഞു നിർത്തി അവളെ നോക്കി..

ഭദ്ര അവളെ പുച്ഛത്തോടെ നോക്കി..

” എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കാ.. അങ്ങേര് മാത്രമേ ഈ നാട്ടിൽ ആണായുള്ളു.. എല്ലാ അവളുമാർക്കും അങ്ങേര് മതി.. അതിന് മാത്രം എന്താ അങ്ങേർക്ക് പ്രത്യേകത.. “? ഭദ്ര ശരണ്യ തിരിഞ്ഞു നിന്നു ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി..

” അങ്ങേർക്ക് പ്രത്യേക മാത്രമേ ഉള്ളൂ.. രൂപത്തിലും സ്വഭാവത്തിലും ഭംഗിയും ചങ്കൂറ്റവും ഒരേ പോലെയുള്ള ഒരാളെ ഈ നാട്ടിൽ ഉള്ളൂ അത് അങ്ങേരാ.. നിന്നെ സ്നേഹിക്കുന്നത് തന്നെ മറ്റുള്ളവർക്ക് അസൂയ തോന്നും വിധത്തിലാ ..

ആരും ആഗ്രഹിക്കും അത് പോലെ ഒരു ഭർത്താവിനെ.. നിന്നെ തന്നെ അങ്ങേര് രാഞ്ജിയെ പോലെയല്ലേ നോക്കുന്നെ..”

ശരണ്യ പുച്ഛത്തോടെ പറഞ്ഞു..

എന്തോ ഓർത്തപോലെ ഭദ്ര ചിരിച്ചു.. അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.ശരണ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. മറക്കണം.. ചേച്ചിയാണ് അവൾ അവളുടെ ഭർത്താവ് സ്വന്തം സഹോദരനെ പോലെയും.. ജനലിൽ പിടിച്ച അവളുടെ കൈകൾ ഒന്നൂടെ മുറുകി..

❤❤❤❤❤❤❤❤❤❤❤

ഭദ്ര ചിരിയോടെ ഹാളിൽ എത്തി.. എല്ലാവരും നിശ്ചയത്തിന്റെ ഡേറ്റ് സംസാരിക്കുകയാണ്..

കലണ്ടർ ഒക്കെ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്..

ഭദ്ര അനന്തനെ നോക്കി.. ഒരു കൈ ഡൈനിങ് ടേബിളിൽ കുത്തി മറു കൈകൊണ്ട് മുണ്ടിന്റെ തുമ്പ് പിടിച്ചു ഇടുപ്പിൽ കുത്തിയാണ് നിൽക്കുന്നത്.. നിൽപ്പ് കാണാൻ തന്നെ ഒരു അഴക്..

മേശയിൽ വിടർത്തി വെച്ച കലണ്ടറിലേക്കാണ് എല്ലാവരുടെയും നോട്ടം ഭദ്രയുടെ കണ്ണുകളോ അനന്തനെ വലയം ചെയ്തു.. അതേ ഞാൻ അനന്തന്റെ രാഞ്ജി തന്നെയാണ്.. മേലേടത്ത് ആണ് ഞങ്ങളുടെ കൊട്ടാരം.. എന്തോ ഓർത്ത് ഭദ്ര ചിരിച്ചതും പൂജ അവളെ പിച്ചി..

” എന്താടി ഒരു ഇളക്കം..? ” പൂജ

” എന്ത് എനിക്ക് ഇളകിക്കൂടെ.. ”

” ഇളകിക്കോ.. ഇളകി ഇവിടെ എങ്ങാനും വീണാലും എടുത്ത് കൊണ്ടുപോവാൻ ആളില്ലേ.. ”

പൂജ അനന്തനെ നോക്കി പറഞ്ഞതും ഭദ്രയും അനന്തനെ നോക്കി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : കാർത്തുമ്പി തുമ്പി