രണ്ടാളും കൂടി എന്നെ പ, റ്റിച്ചപ്പോൾ , എൻ്റെ ഭർത്താവ് എന്നെ ച, തിച്ചപ്പോൾ എനിക്ക് വാ, ശിയായി…

രചന : നിശീഥിനി

മടങ്ങിവന്ന സമ്മാനം

****************

ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോഴാണ് ഹോസ്റ്റൽ വാർഡൻ ആ പൊതി വച്ച് നീട്ടിയത്.അൽഭുതം തോന്നി.തനിയ്ക്കാരാണ് സമ്മാനം അയയ്ക്കാൻ.

അവളുടെ മുഖഭാവം കണ്ട് വാർഡൻ അവളെ തന്നെ നോക്കിയിരുന്നു.

“എന്തെങ്കിലും പ്രശ്നമുണ്ടോ രേഖേ.ഇന്നത്തെ കൊറിയറിൽ വന്നതാണ്.”

“ഇല്ല മാഡം.എനിയ്ക്കാരും സമ്മാനങ്ങൾ അയയ്ക്കാനില്ല.തെറ്റി വന്നതാകുമോ.”

പാഴ്സൽ വാങ്ങി അവൾ മുറിയിൽ വന്നു.കൂടെ മുറിയിലുള്ള രണ്ടു പെൺകുട്ടികളും ആകാംക്ഷയോടെ അവളെ നോക്കിയിരിക്കുന്നു.

നഗരത്തിലെ കോളേജിൽ പഠിക്കുന്ന അവർക്കിരുവർക്കും അറിയേണ്ടത് അത് തിന്നാനുള്ള എന്തെങ്കിലും ആണോയെന്നാണ്.അതിലെ ഉള്ളടക്കം അവരെ ബോധിപ്പിക്കേണ്ട ബാധ്യത അവൾക്കുണ്ട്.

സാമാന്യം വലിപ്പമുള്ളൊരു പാക്കറ്റ്.അവൾ അത് വലിച്ച് തുറന്നു.ഒരു പഴയ ഡയറി, മൂന്ന് നോവലുകൾ.ഒരു പഴയ റയിൻ കോട്ട്.വളരെ പഴയതെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത കടുംനീല കളർ ബംഗാൾ കോട്ടൻ സാരി.അവളുടെ അഡ്രസ്സ് എഴുതിയ നീളൻ കവർ,ആരോ അവൾക്കെഴുതിയ കത്ത്.പരിചയമില്ലാത്ത കൈപ്പട.പക്ഷെ ആ ഡയറി ആരുടേതാണെന്ന് അവൾ ഊഹിച്ചിരുന്നു.

അവളുടെ കൈ വിറയ്ക്കാൻ തുടങ്ങി.പെൺകുട്ടികളുടെ സാമീപ്യം അവിടില്ലായിരുന്നെങ്കിൽ അവൾ പൊട്ടിക്കരഞ്ഞേനെ.അവളുടെ നെഞ്ചിൽ വല്ലാതെ വിങ്ങലുണ്ടായി.പൊട്ടിക്കരയാൻ തോന്നി. തനിച്ചിരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നവൾ ആഗ്രഹിച്ചു.അവളാ റയിൻകോട്ട് നെഞ്ചോട് ചേർത്തു പിടിച്ചു.സാരിയിൽ ചുംബനങ്ങൾ കൊണ്ട് മൂടി.

കത്ത് വായിക്കുവാനായി എടുത്തപ്പോൾ അവളുടെ കൈ വല്ലാതെ വിറയ്ക്കുവാൻ തുടങ്ങി.

അവളുടെ ഭാവ മാറ്റം കണ്ട് പെൺകുട്ടികൾ ഓരോരുത്തരായി മുറി വിട്ട് പുറത്തിറങ്ങി.

അവൾക്കും ചുറ്റും ചോക്കലേറ്റ് ഗന്ധം പരക്കാൻ തുടങ്ങി.അവളുടെ കണ്ണുകൾ ചുറ്റിലും ആരെയോ തെരഞ്ഞു.അവൾ ആ റയിൻകോട്ടണിഞ്ഞ് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു.ഒരു പോക്കറ്റിൽ കൈ ഇട്ട് കൊണ്ട് സ്റ്റൈലിൽ.ഒരു തണുത്ത കാറ്റ് അവളെ ചുറ്റി കടന്നുപോയി

അന്നവൾ കുളിച്ചില്ല.വസ്ത്രം മാറിയില്ല.ആഹാരം കഴിച്ചില്ല.അതൊന്നും ആരും ചോദ്യം ചെയ്തതുമില്ല.അന്വേഷിച്ചില്ല.ആ കോട്ട് ഊരുന്നത് വരെ അവളൊരു “ട്രാൻസ് ” സ്റ്റേറ്റിലായിരുന്നു.ഉന്മാദിനി.അവളെ പേടിച്ച് റൂം മേറ്റസായ രണ്ട് പെൺകുട്ടികൾ ആ രാത്രിയിൽ കൂട്ടുകാരികളോടൊപ്പം മറ്റൊരു മുറിയിൽ കഴിഞ്ഞു കൂടി.

അവൾ മുറിയടച്ച് കുറ്റിയിട്ട് കത്ത് വായിക്കാൻ തുടങ്ങി.

രേഖയറിയാൻ അഞ്ജു എഴുതുന്നത്.നിങ്ങളെ എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

മരണം കഴിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞു പോയ ദിവസം, ഞാനും മോളും തനിച്ചായ രാത്രിയിൽ ഞാൻ നിങ്ങളെ ഓർത്തു.എനിക്ക് നിങ്ങളെയോർത്ത് സഹതാപം തോന്നി.സ്നേഹം തോന്നി.ഞാനയാളെ എന്നേ നിങ്ങൾക്ക് വിട്ടു തന്നേനെ . പക്ഷേ രണ്ടാളും കൂടി എന്നെ പറ്റിച്ചപ്പോൾ ,എൻ്റെ ഭർത്താവ് എന്നെ ചതിച്ചപ്പോൾ എനിക്ക് വാശിയായി.

ഒരു പക്ഷേ രേഖയായിരുന്നു അരുണിന്റെ ഭാര്യയെങ്കിൽ കുറെ കാലം കൂടി പാവം ജീവിച്ചേനെ.രോഗിയായപ്പോഴും ഞാൻ ആ പാവത്തിന് സമാധാനം കൊടുത്തില്ല.മരണത്തെക്കുറിച്ചും ചതിയെക്കുറിച്ചും പറഞ്ഞ് പറഞ്ഞ് ഞാനയാളെ പീഡിപ്പിച്ചു കൊന്നു.നീയായിരുന്നുവെങ്കിൽ..അയാൾ ഇത്ര പെട്ടെന്ന് മരിക്കുകയില്ലായിരുന്നു.

ഞാൻ നിനക്കർഹതപ്പെട്ട സാധനങ്ങൾ നിനക്കയയ്ക്കുന്നു.അരുണിൻ്റെ പ്രിയപ്പെട്ട ഡയറി,

അതിൽ മുഴുവൻ നിന്നെക്കുറിച്ചുള്ള കവിതകളാണ്.പിന്നെ നീ അയച്ച് കൊടുത്ത നിന്റെ പ്രിയപ്പെട്ട നോവലുകൾ. മഴയത്ത് ,എന്നെ പറ്റിച്ചു നിന്നെയും കൊണ്ട് കറങ്ങാൻ പോയപ്പോൾ നീയണിഞ്ഞ റയിൻകോട്ട്.മരിയ്ക്കുന്ന സമയത്തും അത് അടുത്ത് വച്ചിരുന്നു.പിന്നെ നിനക്ക് സമ്മാനിക്കാനായി വാങ്ങിയതും പക്ഷെ ഒരിക്കലും തരാൻ കഴിയാതെ പോയതുമായ കോട്ടൺ സാരി.നിനക്കാത്മാവിൽ വിശ്വാസമുണ്ടോ?

അരുണിന്റെ ആത്മാവുമായി ബന്ധിപ്പിക്കുന്ന അദൃശ്യചരടുകൾ നിനക്ക് ചുറ്റുമുണ്ട്.

ഇനിയുള്ള കാലം എനിയ്ക്കെൻ്റെ മകളുണ്ട്.ഞാൻ സന്തോഷവതിയാണ്.അരുണിനെ മനസ്സ് കൊണ്ട് വരിച്ച നിന്നെയോർത്താണെൻ്റെ സങ്കടം.

ഞാൻ കുറച്ചു പക്വത കാണിച്ചെങ്കിൽ,നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ സപത്നിയായി നീയെന്റെ കൂടെയുണ്ടായേനെ.ഞാൻ നിന്റെ സത്യസന്ധമായ സ്നേഹത്തെ മനസ്സിലാക്കിയില്ല.

അരുൺ നമ്മളിലാരെയാകും കൂടുതൽ സ്നേഹിച്ചത്.നിന്നെ തന്നെയാകും.നിന്നെ ഞാനെന്റെ സപത്നിയായി സ്വീകരിച്ചു.

സ്നേഹത്തോടെ അഞ്ജു.

“മേട്രൻ ഓടി വായോ .രേഖേച്ചി അനങ്ങുന്നില്ല.”

മേട്രനും വാർഡനും കുട്ടികളും ഓടി വന്നു.രേഖ മുറിയിലെ കസേരയിൽ ഇരിക്കുകയാണ്.

ശാന്തമായി,ചിരിച്ച മുഖഭാവം.

കടുംനീല സാരിയുടുത്ത് സുന്ദരിയായിട്ടുണ്ട്.

മേശമേൽ ഡയറി തുറന്ന് വച്ചിരിക്കുന്നു.

“സൈലന്റ് അറ്റാക്കാണ് എന്നാണ് തോന്നുന്നത്.

വെളുപ്പിനെ നടന്നതാകാം.പോസ്റ്റ്മോർട്ടം വേണ്ടി വരും.സുഖമരണം.ഭാഗ്യവതി.”

ഡോക്ടർ മേട്രനെ അറിയിച്ചു.

“നാൽപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ.”

കുട്ടികളെല്ലാം രേഖയുടെ മരണത്തിൽ ദുഃഖിതനായി.അരുണിൻ്റെ പ്രിയപ്പെട്ട ചോക്ലേറ്റ് പെർഫ്യൂം ഗന്ധം അവിടെ പരന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിശീഥിനി