നനഞ്ഞൊട്ടിയ ദേഹവുമായ് ഓടിക്കേറി വന്നവളെ അയാൾ അടിമുടിയൊന്ന് നോക്കി….

രചന : ബാഗ്മ തി

നീലക്കുറുഞ്ഞി

**************

നനഞ്ഞൊട്ടിയ ദേഹവുമായ് ഓടിക്കേറി വന്നവളെ അയാൾ അടിമുടിയൊന്ന് നോക്കി….

വെളുത്ത സാരിക്കകത്ത് നനവിലൂടെ പ്രകടമാവുന്ന ശരീരഭാഗങ്ങൾ..കണങ്കാലിലൂടെ ടൈൽസിൽ പടരുന്ന വെള്ളത്തുള്ളികൾ…

അതവിടെ ഭൂപടംപോലെ വ്യാപിച്ചുപരക്കുന്നു….

കൺപീലികളിലും.മറ്റും പറ്റിപിടിച്ച നീർത്തുള്ളികൾ ചാലിട്ടൊഴുകി അധരങ്ങളെ തലോടി ഒഴുകിമാറുന്നു..

അവളാകെ വിറക്കുന്ന അവസ്ഥയിലാണ്…

“കുട്ടി എന്ത്പണിയാണ് കാണിച്ചത്… ഇവിടെ മൊത്തം വെള്ളമായല്ലോ..പുറത്ത് രോഗികൾ കാത്തിരിക്കുമ്പോൾ എന്തിനാണ് ഇടിച്ചുകയറിയത്..

സിസ്റ്റർ കുപിതയായ് അവളുടെ നേരെ ചെന്നു…

ഡോക്ടർ ജെറിന്റെ ക്ലിനിക്കിലാണ് സംഭവം…

” സിസ്റ്റർ…. ജെറിൻ മൌനംപാലിക്കാനെന്ന മട്ടിൽ അവരെ നോക്കിയതും പുള്ളിക്കാരി കലിപ്പോടെ അവളെ നോക്കി പടിയിറങ്ങി….

ഡോക്ടർ അവൾക്കുനേരെ തിരിഞ്ഞു…

സാരിവാരിപുതച്ചവൾ ആലിലപോലെ വിറക്കുകയാണപ്പോഴും…

“…ഇരിക്കു..”

അയാൾ കസേരയിലേക്ക് വിരൽ ചൂണ്ടി…എന്നാൽ നനഞ്ഞൊട്ടിയതിനാലാവാം.അവളത് നിരസിച്ചു…

” എന്തുപറ്റി?? എന്താണ്.അസുഖം?

ഡോക്ടറിന്റെ ചോദ്യം കേട്ടവൾ കൈ കൂപ്പി നിന്നു…

“”” സാർ…രക്ഷിക്കണം.. എന്റെ അച്ഛൻ….”

” അച്ഛനെന്തുപറ്റി…?

” അച്ഛൻ വീണുതലപൊട്ടി….

അവൾ വീണ്ടും കരയാൻ തുടങ്ങി

” എന്നിട്ട് എവിടെ അച്ഛൻ…കുട്ടി കരച്ചിൽ നിർത്തിയിട്ട് അച്ഛനെ അകത്തേക്ക് കൊണ്ടുവരൂ…”

” അത്…ഡോക്ടർ…അച്ഛൻ….ഡോക്ടർ എന്റെ കൂടെ ഒന്ന് വരുമോ?

യാചനയോടെ അവൾ കൈകൂപ്പി..

“എങ്ങോട്ട് വരണമെന്നാണ് കുട്ടി പറയുന്നത് വെറുതെ സമയം മെനക്കെടുത്താൻ…രാവിലെ മുതൽ ക്യു നിൽക്കുന്നവരാണ് പുറത്ത് കാത്തുനിൽക്കുന്നത്.

ഇടിച്ച് കയറിവന്നതുംപോരാഞ്ഞിട്ട് ….”

സിസ്റ്റർ കലിതുള്ളിക്കൊണ്ട് ശബ്ദമുയർത്തി..

” സുഷമ…ആ കുട്ടി പറയട്ടെ…”

ജെറിൻ സുഷമയെ നോക്കി താക്കീതോടെ പറഞ്ഞു…

സുഷമ നുരഞ്ഞുപൊങ്ങിയ കോപം കടിച്ചമർത്തി പുച്ഛത്തോടെ അവളെ നോക്കി…

പെടുന്നനെ അവൾ ജെറിന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്ക് കുതിച്ചു…

” ഹലോ…എന്താണീ.കാണിക്കുന്നത്…വിട്.കുട്ടി….”

പെട്ടന്നുണ്ടായ നീക്കത്തിൽ അമ്പരന്നുപോയ ജെറിൻ പതർച്ചയോടെ അവളോട് പറഞ്ഞുകൊണ്ടിരുന്നു.

ക്ലിനിക്കിലെ ജീവനക്കാരും രോഗികളും മിഴിച്ചുനിൽക്കെ ശരവേഗത്തിൽ അവൾ മുന്നോട്ട് പാഞ്ഞു….

യാന്ത്രികമായ് അവൾക്കൊപ്പം നീങ്ങുകയാണ് താനെന്ന് ജെറിന് മനസിലായി…തന്റെ കൈതണ്ടയിൽ പിടിമുറുക്കിയ അവളുടെ നീണ്ട നഖങ്ങൾ അവനെ നോവിക്കുന്നുണ്ടായിരുന്നു..കുറച്ച് മുന്നോട്ട് ചെന്നതും ഒരു വയൽ വരമ്പിലൂടെയായ് യാത്ര.. നനഞ്ഞ ചേല അവൾ നടക്കുമ്പോൾ സീൽക്കാരം പുറപ്പെടുവിച്ചുകൊണ്ടിരുന്നു…ഓടിച്ച പൊളിഞ്ഞുവീഴാറായ ഒരു കൊച്ച് വീടിന്റെ മുന്പിൽ അവളുടെ ഓട്ടം ചെന്നവസാനിവച്ചതും അവളവന്റെ കൈകൾ സ്വതന്ത്രമാക്കി….

” ഡോക്ടർ അച്ഛൻ ദാ അവിടെയുണ്ട്…”

അവൾ വിറയാർന്ന ശബ്ദത്തിൽ അകത്തെ ഇരുട്ടിലേക്ക് വിരൽ ചൂണ്ടി….

അയാൾ അവൾക്കൊപ്പം അകത്തേക്ക് കയറി… ജനാലയിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തിൽ ആ വൃദ്ദനെ ജെറിൻ കണ്ടു…നരബാധിച്ച് മെലിഞ്ഞ.ഒരു മനുഷ്യരൂപം…

തലപൊട്ടി രക്തം ഒഴുകുന്നുണ്ട്….

അതൊന്നും വകവെക്കാതെ അയാൾ ഒരു ഫോട്ടോയിലേക്ക് നോക്കി പതംപറയുന്നുണ്ട്…..

കാലുകളിൽ അണിഞ്ഞ ചങ്ങലയുടെ ചലനങ്ങൾ ജെറിന്റെ ശ്രദ്ധയിൽപ്പെട്ടു….

അവൾ വിശദീകരിക്കാതെ തന്നെ കാര്യങ്ങൾ അവന് ബോധ്യപ്പെട്ടു…

ജെറിൻ അയാൾക്കരികിലേക്ക് ഇരുന്നു….

നെറ്റിയിൽ മുറിവുണ്ട്…

” പേടിക്കാനൊന്നുമില്ല ..മുറിവ് ഡ്രസ് ചെയ്യണം…

” അച്ഛനെ ഈ അവസ്ഥയിൽ ഞാനെങ്ങെനയാണ്.ഡോക്ടർ….പുറത്തിറക്കിയാൽ എങ്ങോട്ടെന്നില്ലാതെ ഓടും…

പരസഹായത്തിന് ആരും.വരില്ല…

എല്ലാവർക്കും പേടിയാണ് അച്ഛനെ…. ”

മഴയോളം നനവ് മിഴിയിലൂടെ ഒഴുകിയിറങ്ങുകയാണവളിൽ…

ജെറിൻ അൽപസമയം ഒന്ന് ആലോചിച്ച് നിന്നു…

ശേഷം ഫോണെടുത്ത് ആരെയോ വിളിച്ചുകൊണ്ട് പുറത്തിറങ്ങി…

ഏതാനുംസമയത്തിനകം ഒരു ഫസ്റ്റ് ഐയ്ഡ് ബോക്സുമായ് ഒരാൾ അവിടെയെത്തി…

അത് വാങ്ങിയ ശേഷം ജെറിന് ആ വൃദ്ദനെ പിടിച്ചെഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നുവെച്ചു….

നീറ്റലോടെ അയാൾ ചെറുതായൊന്ന് ഞരങ്ങി കണ്ണ് തുറന്നു…

അവശതയോടെ അയാൾ ജെറിനെ നോക്കി…

“” ഏതവനാടാ നീ…ഇവൾ വിളിച്ചുവരുത്തിയതാണോ നിന്നെ???ടീ നാണംകെട്ടവളേ…. ******

അയാൾ അസഭ്യം പറയുന്നത് കേട്ട് ജെറിൻ പിന്തിരിഞ്ഞില്ല…അയാൾ ചെറിയ ബലപ്രയോഗത്തിലൂടെ മുറിവ് കെട്ടിവെച്ചു…

“” നാട്ടുകാരെ ഈ ഭദ്രകാളിയും അവളുടെ മറ്റവനും കൂടെ എന്നെ കൊല്ലാൻപോണേ…

ടീ…****** നീ പണ്ടാരടങ്ങി പോവും …”

ഏതാനും മിനിട്ടുകൾ ബഹളം.വെച്ച് അയാൾ വീണ്ടും ചരിഞ്ഞ് കിടന്ന് ഉറക്കമായ്….

ജെറിൻ എഴുന്നേറ്റ് അവളുടെ.അരികിലേക്ക് ചെന്നു…മരുന്നുകൾ അവളെ ഏൽപ്പിച്ചു…

നിർദേശങ്ങൾ നൽകുന്നതൊക്കെയും അവൾ തലകുലുക്കി കേട്ടുനിന്നു….

ശേഷം ആ കൂരവിട്ടിറങ്ങിനടന്നു…യാത്രപറയാൻ പോലും അവളെ പുറത്തേക്ക് കണ്ടില്ല….

ഡ്രൈവറിനൊപ്പം നടന്ന് നീങ്ങവെ ആ പാടത്തിനും ഗ്രാമത്തിനും ഇത്രയേറെ മനോഹാരിതയുണ്ടോ എന്നയാൾ ചിന്തിച്ചുപോയി….

അയാൾ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു…ആ ഗ്രാമപ്രദേശത്ത് അയാൾ ക്ലിനിക്ക് ആരംഭിച്ചിട്ട് അധികകാലമായില്ല….അതിനിടയിൽ നാടുകാണാനുള്ള മാനസികാവസ്ഥയിലുമായിരുന്നില്ല…

ഒരുതരം ഒളിച്ചോട്ടമായിരുന്നു….

” ഡോക്ടറേ….”

പുറകിൽ നിന്ന് ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയതും അവൾ ഓടിയടുത്തെത്തി…

കയ്യിൽ ചുരുട്ടിപിടിച്ച നോട്ടുകൾ…

“ഡോക്ടറിന്റെ ഫീസ് എത്രയാണെന്ന് എനിക്കറിയില്ല…ന്റേൽ ഇപ്പോൾ ഇതേ ഉള്ളു…ബാക്കി എത്രയാണെന്ന് പറഞ്ഞാമതി..ഞാൻ നാളെതന്നെ എത്തിക്കാം…”

ജെറിൻ ചെറുചിരിയോടെ തനിക്ക് നേരെ നീട്ടിയ കൈകളിലേക്ക് നോക്കി…

” എനിക്ക് ഇത്തവണ ഫീസ് വേണ്ട…അടുത്ത.തവണ ഞാൻ വാങ്ങിക്കാം….”

” സാർ….അത് പറ്റില്ല…എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല….ഇത് വാങ്ങിക്ക്…”

അവളുടെ സ്വരത്തിൽ ഗൌരവം കലർന്നിരുന്നു…

” അത് വാങ്ങ് സാറേ…നമുക്ക് പോവാം…മഴക്ക് മുന്പ് നടന്ന് റോഡിലെത്തണം…”

മൂടിയ ആകാശം നോക്കി ഡ്രൈവറ് പറഞ്ഞുകൊണ്ടിരുന്നു….

ജെറിൻ മടിയോടെ അത് വാങ്ങി …

ശരവേഗത്തിൽ തിരിച്ച് പോവുന്നവളെ നോക്കിനിന്നു….

“”ഇങ്ങനെയും സ്ത്രീജന്മങ്ങളുണ്ടാവും അല്ലേ വിനോദേട്ടാ…..???”

“” ഹം…ഉണ്ടല്ലോ…ഡോക്ടറ് ഇനി പഴയതൊന്നും ഓർത്ത് വിഷമിക്കരുത്….അതിനാണ് എന്നെ എൽസാമ്മ കൂടെ അയച്ചിരിക്കുന്നത് ….”

“…അതൊക്കെ ഞാനെന്നേ ഓർമ കല്ലറയിലടച്ചതല്ലേ…എന്നാലും ചിലസമയത്ത് ഓർമകളിലൊരു കടവാതിൽ പോലെ കടിച്ചുതൂങ്ങികിടക്കും….”

മഴ വീണ്ടും പെയ്ത് തുടങ്ങി… വിനോദ് ഓടാനും….

കാറിൽ കയറി ടവ്വലെടുത്ത് തലതുടക്കുമ്പോഴും അങ്ങകലെ പൊട്ടുപോലെ കാണുന്ന ആ കൊച്ചുകൂരയിലായിരുന്നു അയാളുടെ മനസ്സ്….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ബാഗ്മ തി