എന്റെ അമ്മ പറയുന്നത് അനുസരിച് നിക്കാൻ പറ്റുമെങ്കിൽ നീ ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ നിനക്ക് പോവാം…

രചന : ജിജി ബൈജു..

“മംഗല്യം”

**************

“മോളെ ഇന്നു മുതൽ ഇതാണ് നിന്റെ വീട്.ശരത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കി അവനെ അനുസരിച്ചു ജീവിക്കണം. പിന്നെ അറിയാലോ അവനു അമ്മ മാത്രമേ ഉള്ളൂ.

അവരെ നീ എന്നെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കണം.മോൾടെ പിടിവാശിയും ദേഷ്യവുമൊക്കെ മാറ്റണം. മോളുടെ വാശിക്ക് മുമ്പിൽ എല്ലാം സാധിച്ചു തരുന്ന അച്ഛനെ പോലെ ആയിരിക്കില്ല ചിലപ്പോൾ ശരത്. പിന്നെ ഞാൻ മനസ്സിലാക്കിയടത്തോളം അവനു അമ്മ എന്നു പറഞ്ഞാൽ ജീവനാണ്.അമ്മമാരെ സ്നേഹിക്കുന്ന പയ്യന്മാർ സ്നേഹം ഉള്ളവർ ആയിരിക്കും.

അതുകൊണ്ട് മോള് അതിലൊന്നും പ്രശ്നം ഉണ്ടാക്കാതെ രണ്ട് പേരോടും നല്ല രീതിയിൽ പെരുമാറണം.

ഗംഗ ഇത്രയും പറഞ്ഞപ്പോഴേക്കും നിധി പരിഭവത്തോടെ പറഞ്ഞു.” മതി! അമ്മ എന്നെ കൂടുതൽ പറഞ്ഞു പേടിപ്പിക്കാതെ..!

കല്യാണം ഉറപ്പിച്ചപ്പോൾ തുടങ്ങിയുള്ള ഉപദേശങ്ങൾ ആണ്. അപ്പച്ചിയും ചിറ്റയും കുറച്ചു മുമ്പ് വന്നു ഇതൊക്കെ തന്നെ പറഞ്ഞു. എല്ലാരും കൂടി എന്നെ ഒരു യുദ്ധകളത്തിൽ അയക്കുന്ന പോലെ ഉണ്ടല്ലോ “. “അങ്ങനെയല്ല മോളെ.. എല്ലാരും ഓരോ ടെൻഷൻ കൊണ്ട് പറയുന്നതാണ്. അങ്ങനെയുള്ള വാർത്തകൾ ആണല്ലോ നമ്മൾ ദിവസവും കേട്ടു കൊണ്ടിരിക്കുന്നത്.മോള് വിഷമിക്കണ്ട.. അമ്മ ഇനി ഒന്നും പറയില്ല. ഞങ്ങൾ ഇറങ്ങട്ടെ. നാളെ തന്നെ അങ്ങോട്ട് വന്നേക്കണം. കല്യാണ ദിവസം ശരത്തിന്റെ വീട്ടിൽ ആവണം എന്നു അവർ നേരത്തെ പറഞ്ഞു വെച്ചത് കൊണ്ടാണ് അച്ഛൻ സമ്മതിച്ചത്.”

അപ്പോഴേക്കും ഗംഗേ എന്നൊരു വിളി വന്നു.

“അച്ഛൻ വിളിക്കുന്നുണ്ട്..” എന്നു പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങിയ ഗംഗ എന്തോ ഓർത്തപോലെ തിരിച്ചു നിധിയുടെ അടുത്തേക്ക് വന്നു

“പിന്നെ മോളെ..ഒരു കാര്യം കൂടി.

കുടുംബം ആവുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവും.

അതൊക്കെ മോള് ഇവിടെ തന്നെ തീർക്കണം .

ഒന്നും നമ്മുടെ വീട്ടിൽ വന്നു പറയരുത്. മിക്ക പ്രശ്നങ്ങളും വലുതാവുന്നത് ഈ ബന്ധുക്കൾ തമ്മിലുള്ള ഈഗോ കാരണമാണ്.” “എന്റെ അമ്മേ..എന്നെ ഇങ്ങനെ ഇട്ട് ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ..അല്ലാതെ തന്നെ ഈ സാരിയും ഓർണമെൻറ്സ് ഒക്കെ ഇട്ടു മനുഷ്യൻ ഇവിടെ വീർപ്പുമുട്ടി ഇരിക്കുവാണ്‌. അമ്മ സമാധാനത്തോടെ പൊയ്ക്കോ.. ഇവിടുത്തെ ഒരു കാര്യവും ഞാൻ അവിടെ വിളമ്പില്ല. വേണേൽ നിങ്ങളുടെ എല്ലാവരുടെയും നമ്പറ് ഫോണിൽ നിന്നും ഡിലീറ്റ് ആക്കിയേക്കാം..

പോരെ!!” ഗംഗ പറഞ്ഞു തീർക്കുന്നതിനുമുന്നേ നിധി ചിരിച്ചു കൊണ്ട് പറഞ്ഞു.

അതുകേട്ടതും ഗംഗ വീണ്ടും പരിഭവത്തോടെ “നിനക്ക് എല്ലാം തമാശയാണ്. ഞങ്ങളുടെ ആധി എന്തായിരുന്നെന്നു കുറേ നാൾ കഴിഞ്ഞ് നിനക്കൊരു മകൾ ഉണ്ടാവുമ്പോൾ നീയും അറിയും.” ഇത്രയും പറഞ്ഞ ശേഷം ഒരു ചെറിയ പരിഭവത്തോടെ ഗംഗ മുറിയിൽ നിന്നും ഇറങ്ങി. പിന്നാലെ നിധിയും.

“മോനേ..ഞങ്ങൾ ഇറങ്ങുന്നു. അപ്പോൾ നാളെ വീട്ടിൽ വരുമ്പോൾ കാണാം..” നിധിയുടെ അച്ഛൻ വിജയൻ മരുമകൻ ശരത്തിനോട് പറഞ്ഞു .

അപ്പോഴേക്കും ഗംഗ വന്നു. പുറകെ നിധിയും. നിധി വേഗം ചെന്നു സങ്കടത്തോടെ നിൽക്കുന്ന അനിയൻ നിധിനെ കെട്ടിപിടിച്ചു നിറ കണ്ണുകളോടെ കൊണ്ട് പറഞ്ഞു “എടാ..ഞാൻ ഇല്ലെന്ന് കരുതി എപ്പോഴും മൊബൈലിൽ കുത്തിക്കൊണ്ട് ഇരുന്നാലുണ്ടല്ലോ!! മര്യാദക്ക് പഠിച്ചോളണം!!”

നിധിൻ ഒന്നും പറയാൻ ആവാതെ ‘അതെ’ എന്നു തലയാട്ടി.

വിജയൻ യാത്ര പറയാൻ നിധിയുടെ അടുത്തേക്ക് ചെന്നു. എങ്കിലും ഒന്നും പറയാൻ സാധിക്കാതെ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി ശരത്തിനോടും അവന്റെ അമ്മ സരസ്വതിയോടും പോകുന്നു എന്നു തലയാട്ടി അവിടെ നിന്നും ഇറങ്ങി.

കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീരിനെ മറച്ചുവെച്ചുകൊണ്ട് നിധി അവർ പോകുന്നത് നോക്കി നിന്നു….

മൂന്നു മാസങ്ങൾക്കു ശേഷം.

നിധി സിറ്റ് ഔട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. അവളുടെ പഴയ പ്രസരിപ്പ് ഒക്കെ മുഖത്തു നിന്നും അപ്രത്യക്ഷമായിരിക്കുന്നു.

‘എന്തായിരിക്കും ശരത്തെട്ടന് എന്നോട് ഇത്രയും ദേഷ്യം. കല്യാണം കഴിഞ്ഞു വീട്ടിൽ പോയി വന്ന അന്നു തുടങ്ങി എന്നെ ഓരോന്നും പറഞ്ഞ് കുറ്റപ്പെടുത്താൻ തുടങ്ങിയതാണ്. എന്തോ താൻ പെട്ടിരിക്കുന്നത് ഒരു കെണിയിൽ ആണോ?. എല്ലാം വീട്ടിൽ പറഞ്ഞാലോ… വേണ്ട പാവം അച്ഛനും അമ്മയും വിഷമിക്കും. അവരെങ്കിലും സമാധാനത്തോടെ ഇരിക്കട്ടെ. എന്റെ പ്രശ്നങ്ങൾ അറിഞ്ഞാൽ അവരുടെ ശ്രദ്ധ മുഴുവനും എന്നിലാവും. അത് ചിലപ്പോൾ നിധിന്റെ പഠിത്തത്തെയും ബാധിക്കും. നീറ്റ് പരീക്ഷക്ക് തയ്യാർ എടുത്തുകൊണ്ടിരിക്കുകയാണ് അവൻ. ഞാൻ കാരണം എന്റെ അനിയന്റെ പഠിത്തം മുടങ്ങരുത്.’

അവളോർത്തു. അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു.

അവൾ മൊബൈൽ എടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി. അമ്മയായിരുന്നു അത്. അവൾ വേഗം മുഖമൊന്നു അമർത്തി തുടച്ചശേഷം കാൾ അറ്റൻഡ് ചെയ്തു. “അമ്മേ..പറയൂ.. “. നിധി ചോദിച്ചു.

“ഒന്നും ഇല്ല മോളെ അമ്മ വെറുതെ വിളിച്ചതാണ്.

എന്തോ ഇന്നു ഞാൻ നിന്നെ സ്വപ്നം കണ്ടു.

അപ്പോൾ മുതൽ എന്തോ ഒരു ടെൻഷൻ. അതാ വിളിച്ചത്. രാവിലെ വിളിച്ചാൽ അച്ഛൻ വഴക്ക് പറയും. ഓരോന്നും പറഞ്ഞു കൊച്ചിനെ ടെൻഷൻ അടിപ്പിക്കുന്നു എന്നു പറഞ്ഞു. അതാ ഇപ്പൊ വിളിച്ചത്. മോൾക്ക് അവിടെ സുഖം തന്നെയല്ലേ.”

അതുകേട്ടതും നിധിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു ഫോൺ നനഞ്ഞു. അവൾ മെല്ലെ കണ്ണ് തുടച്ചുകൊണ്ട് ഉള്ളിലെ സങ്കടം കടിച്ചമർത്തികൊണ്ട് പറഞ്ഞു. “അമ്മ വിഷമിക്കാതിരിക്കൂ..

എനിക്കിവിടെ ഒരു പ്രശ്നവും ഇല്ല വൈകിട്ട് ശരത്തേട്ടൻ വരുമ്പോൾ സിനിമക്ക് പോകാം എന്നു പറഞ്ഞിട്ടുണ്ട്.” അവൾ പരുങ്ങലോടെ പറഞ്ഞു.

അത് കേട്ടതും ഗംഗ “എന്നാ പിന്നെ വൈകിട്ട് നിങ്ങൾക്ക് ഇങ്ങോട്ട് വന്നൂടെ..

കല്യാണം കഴിഞ്ഞു പിറ്റേന്ന് വന്നു പോയതല്ലേ നിങ്ങൾ..പിന്നെ ഒരു ദിവസം പോലും വന്നില്ലല്ലോ..”

പെട്ടെന്നുള്ള ഗംഗയുടെ ചോദ്യത്തിൽ നിധി ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു “അത് ഞങ്ങൾ അടുത്ത ആഴ്ച വരുന്നുണ്ട് അമ്മേ..രണ്ട് ദിവസം അവിടെ താമസിക്കണമെന്നും ഉണ്ട്

അത് അമ്മയോട് പിന്നെ പറയാമെന്നു വിചാരിച്ചതാണ് ഞാൻ..” അതുകേട്ടപ്പോൾ സന്തോഷത്തോടെ ഗംഗ പറഞ്ഞു..

“എന്നാൽ അത് മതി മോളെ.. ശരി അമ്മ ഫോൺ വെക്കട്ടെ . അടുത്ത ആഴ്ച കാണാം. “അമ്മ മോൾക്ക് ഇഷ്ടപ്പെട്ട പാലട ഉണ്ടാക്കി വെക്കാം.”

” ഓക്കേ ശരി അമ്മേ..” എന്നു പറഞ്ഞു നിധി ഫോൺ കട്ട് ചെയ്തു കുറെ നേരം എങ്ങലടിച്ചു കരഞ്ഞു.

അപ്പോഴേക്കും സരസ്വതി അമ്മ ഹാളിലേക്ക് വന്നു.

അവിടെ ആരെയും കണ്ടില്ല. തല ഉയർത്തി നോക്കിയപ്പോൾ ഫാൻ കറങ്ങുന്നത് കണ്ടു. “എടി നിധീ..” അവർ ഉച്ചത്തിൽ വിളിച്ചു. അതുകേട്ടു നിധി സിറ്റ് ഔട്ടിൽ നിന്നും വരുന്നു. “നീ എവിടെ നിരങ്ങാൻ പോയതാണ് ഈ ഫാനും ഇട്ടു കൊണ്ട്.

കറന്റ്‌ ക്യാഷ് അല്ലേൽ തന്നെ കൂടുതൽ ആണ്.

നിന്റെ പേരിൽ മാത്രമേ നിധിയുള്ളൂ അല്ലാതെ നിന്റെ അച്ഛൻ നിധിയൊന്നും എന്റെ മോനു കെട്ടി പൊതിഞ്ഞു കൊടുത്തിട്ടില്ല”. സരസ്വതി അമ്മ ദേഷ്യത്തോടെ പറഞ്ഞു.അത് കേട്ടപ്പോൾ ദേഷ്യത്തോടെ നിധി അവരെ നോക്കി. “എനിക്ക് തന്ന 50 പവൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിധി തന്നെയാണ്. പിന്നെ നേരത്തെ കറന്റ്‌ പോയത് അമ്മ മുറിയിൽ ഇരുന്നപ്പോൾ അറിയായിരുന്നല്ലോ?

അതോ അമ്മയുടെ മുറിയിൽ ഇൻവെർട്ടർ ഉണ്ടായിരുന്നോ? കറന്റ്‌ പോയപ്പോൾ ഞാൻ ഒന്ന് സിറ്റ് ഔട്ടിൽ ഇരുന്നതാണ്. അതിനിടക്ക് അമ്മ വിളിച്ചു.

അതുകൊണ്ട് കറന്റ്‌ വന്നത് ഞാൻ അറിഞ്ഞില്ല.”

അവൾ അത് പറഞ്ഞതും സരസ്വതി അമ്മ പരിഹാസ രൂപേനെ അവളെ നോക്കികൊണ്ട് പറഞ്ഞു

“അല്ലേലും എല്ലായിടത്തും ഈ അമ്മമാരാണ് ഓരോന്നും പറഞ്ഞു പെണ്മക്കളെ ഇളക്കി വിടുന്നത്.

അതിന്റെ ഭവിശ്യത്തു അനുഭവിക്കുന്നതോ..പാവം ഞങ്ങളെ പോലെ ഉള്ളവർ.”

“എന്റെ അമ്മ നിങ്ങൾ പറയുന്ന ഗണത്തിൽ പെട്ട ആളല്ല. പിന്നെ ഇത്രയും പാവം ആയ നിങ്ങൾ കാരണം ആണ് എന്റെ കവിൾ ഇങ്ങനെ വീർത്തു കിടക്കുന്നത്. ഓരോ പരദൂഷണം പറഞ്ഞു മകനെ ദേഷ്യം കേറ്റും. അത് കേൾക്കാൻ ഒരു മകനും.

അല്ല ഭാര്യമാർ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ അവരേ അച്ചികോന്തൻ എന്നു വിളിക്കില്ലേ.. അപ്പോൾ നിങ്ങളുടെ മകൻ ആരാ…?”അവളിൽ ഈ മൂന്നു മാസമായി അലയടിച്ചു കൊണ്ടിരുന്ന ദേഷ്യം ഒരു കൊടുംങ്കാറ്റ് ആയി മാറുക ആയിരുന്നു.

“നിന്റെ അധിക പ്രസംഗം ഒക്കെ നിന്റെ വീട്ടിൽ എടുത്താൽ മതി. ഇങ്ങോട്ട് എടുക്കണ്ട. പിന്നെ നക്കാപിച്ച 50 പവനും തന്നു ഒരു സർക്കാർ ഉദ്യോഗസ്ഥനെ ചുളുവിൽ തട്ടി എടുത്തതല്ലേ നിന്റെ അച്ഛൻ.ബ്രോക്കർ ഞങ്ങളോട് പറഞ്ഞത് ചുരുങ്ങിയത് 150 പവനും 12 ലക്ഷത്തിന്റെ കാറും കിട്ടും എന്നായിരുന്നു.”

അത് കേട്ട ഉടനെ നിധി സരസ്വതി അമ്മയുടെ മുമ്പിൽ വന്നു പരിഹാസത്തോടെ പറഞ്ഞു..

“അങ്ങനെ ഉള്ളിലുള്ളത് പുറത്തു വരട്ടെ…അപ്പോൾ ഇതും ഉള്ളിൽ വെച്ചു കൊണ്ടാണല്ലേ നിങ്ങൾ അമ്മയും മോനും പെണ്ണ് കാണാൻ വന്നപ്പോൾ ഞങ്ങൾ സ്ത്രീധനത്തിന് എതിരാണ് നിങ്ങളുടെ മോൾക്ക് ഇഷ്ടമുള്ളത് കൊടുക്കാം അല്ലെങ്കിൽ കൊടുക്കാതിരിക്കാം..

എന്തായാലും എന്റെ മോൻ ഇനി വേറെ പെണ്ണ് കാണാൻ പോവുന്നില്ല അവനു ഈ നിധി തന്നെ മതി എന്നൊക്കെ ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിട്ടത്. നിങ്ങളുടെ ആ നാടകത്തിലാണ് പാവം എന്റെ അച്ഛൻ വീണത്.”

“പിന്നെ ഞങ്ങൾ ഒരു ബ്രോക്കരോടും 150 പവനും കാറും ഒന്നും കൊടുക്കാമെന്നു പറഞ്ഞിട്ടില്ല.

അല്ലെങ്കിൽ തന്നെ അയാളെ ഞങ്ങൾ കല്യാണ കാര്യം നോക്കാനും പറഞ്ഞിട്ടില്ല.അപ്പച്ചി വഴിയുള്ള പരിചയത്തിൽ വന്നതാണ് അയാൾ. നുണ പറഞ്ഞു കല്യാണം നടത്തിക്കുന്ന അയാളെ ഞാൻ കാണുന്നുണ്ട്.”

“നീ കൂടുതൽ ഒന്നും പറയണ്ട. ഇവിടുത്തെ മുതൽ എല്ലാം എന്റെ മോനുള്ളതാണ്. അപ്പോൾ അത് നീയും അനുഭവിക്കും. അതുപോലെ നിന്റെ വീട്ടിൽ നിന്നും എന്ത് കൊണ്ടു വന്നാലും നിനക്കും കൂടി വേണ്ടിയാണ്.” സരസ്വതി അമ്മ പറഞ്ഞു.

“അയ്യോ!!!!അമ്മയും മോനും എന്നെ അങ്ങനെ സ്നേഹിക്കണ്ട.. നിങ്ങളുടെ മനസ്സിലിരിപ്പ് അറിഞ്ഞ സ്ഥിതിക്ക് ഒരു ചില്ലി ക്യാഷ് പോലും എന്റെ വീട്ടിൽ ഞാൻ ആവശ്യപ്പെടില്ല. പിന്നെ നിങ്ങൾ പറഞ്ഞ 150 അല്ല അതിൽ കൂടുതൽ എനിക്ക് എന്റെ അച്ഛൻ തരുമായിരുന്നു, അറിയാലോ ലോകം മുഴുവൻ ബാധിച്ച കോവിഡ് അതെന്റെ അച്ഛന്റെ ബിസിനെസ്സിനെയും ബാധിച്ചു പാവം ഇപ്പോൾ വീണ്ടും കര കേറി പൂർവ സ്ഥിയിൽ വരുന്നതേ ഉള്ളൂ.ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ആലോചന ആയതു കൊണ്ട് തന്നെയാ അച്ഛൻ ഈ കല്യാണം ഇപ്പോൾ നടത്തിയത്. അതിനിടയ്ക്ക നിതിന്റെ പഠിത്തം..അതിനും വേണം ലക്ഷങ്ങൾ.

എന്താ.. പെൺ മക്കളെ കെട്ടിച്ചു കഴിഞ്ഞാൽ അമ്മായി അച്ഛൻ മരുമകന്റെ പോക്കറ്റ് നിറച്ചു കൊണ്ടിരിക്കണം എന്ന വല്ല നിയമവും ഉണ്ടോ…??ഈ മൂന്നു മാസം ആയിട്ടും നിങ്ങളുടെ മകൻ എന്നോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല. വേറെ വല്ല ഇഷ്ടവും ഉണ്ടാവും എന്നു വരെ ഞാൻ കരുതി.

ഇപ്പോഴല്ലേ മനസ്സിലായത് പരമ്പരാഗതമായി നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധനം എന്ന കെണിയിൽ ആണ് ഞാനും പെട്ടിരിക്കുന്നത് എന്നു.”

“എന്താ ഇവിടെ ഇത്രേം ശബ്ദം??? ജംഗ്ഷൻ വരെ കേൾക്കാമല്ലോ നിന്റെ അലർച്ച !!??” എന്നു പറഞ്ഞു അകത്തേക്ക് കയറിയ ശരത് ഡോർ വലിച്ചടച്ചു ദേഷ്യത്തോടെ കയ്യിലുള്ള ബാഗ് സോഫയിലേക്ക് എറിഞ്ഞു.

കഴുത്തിലെ ടാഗ് ഊരി മാറ്റികൊണ്ട് ശരത് നിധിയുടെ നേരെ തിരിഞ്ഞു. “എന്താ നിന്റെ പ്രശ്നം ഇന്നലെ കിട്ടിയത് പോരാന്നുണ്ടോ “ശരത് ചോദിച്ചു.

” അങ്ങനെ ചോദിക്ക് മോനേ അവളോട്! എന്തായിരുന്നു ഇവിടുത്തെ അങ്കം!! നീ കാണേണ്ടതായിരുന്നു. ഫാൻ വെറുത കിടന്നു കറങ്ങുന്നു. നീ എവിടെ ആയിരുന്നു ഈ ഒരു ചോദ്യം ഞാൻ ചോദിച്ചുപോയി. എന്റെ മോനേ… പിന്നെ അവൾ പറഞ്ഞു കൂട്ടിയതിനൊന്നും കയ്യും കണക്കും ഇല്ല. എനിക്കുണ്ടോ അവൾക്ക് ഒപ്പം മല്ലിടാൻ അവളുടെ പ്രായമാണോ ഞാൻ..എനിക്ക് മതി ആയി ഞാൻ വല്ല വൃദ്ധ സദനത്തിലും പോയി കിടന്നോളാം.. ” എന്നു പറഞ്ഞു കള്ള കരച്ചിലും പാസാക്കി നിധിയെ ഒളി കണ്ണിട്ടു നോക്കി സരസ്വതി അമ്മ മുറിയിലേക്ക് പോയി.

“നിങ്ങളുടെ അമ്മ മുമ്പ് നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ…? നല്ല നടിയാണ്.. കാരണം ഇതുപോലെ ഉള്ള നാടകം കളിച്ചാണ് എന്റെ കയ്യിൽ നിന്നും 10 പവൻ കൈക്കലാക്കിയത്.

ഇപ്പൊ നാടകം ഉണ്ടോന്നു എനിക്കറിയില്ല അവരോട് വല്ല സിനിമയും നോക്കാൻ പറ..അല്ലെങ്കിൽ വേണ്ട ഈ സ്വഭാവത്തിന് സീരിയൽ ആണ് നല്ലത്” നിധി പരിഹാസത്തോടെ പറഞ്ഞു.

“നീ എന്താടി എന്റെ അമ്മയെ കളിയാക്കുന്നോ?

അമ്മ പറഞ്ഞതിൽ എന്താ തെറ്റ്? നീ കുറച്ചു ദിവസം ആയി ഇവിടെ കിടന്നു പ്രസംഗിക്കുന്നത്.

പോട്ടെ എന്നു വിചാരിക്കുമ്പോൾ നീ തലയിൽ കയറുന്നോ..എന്റെ അമ്മ പറയുന്നത് അനുസരിച് നിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ നിനക്ക് പോവാം “ശരത് പറഞ്ഞു

“അല്ലേലും ഇത്‌ എനിക്ക് പറ്റിയ ജീവിതം അല്ല എന്നു ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. പോവാൻ തന്നെയാണ് തീരുമാനം.

എനിക്ക് ഇനിയും ജീവിതo ബാക്കിയുണ്ട് മനസ്സ് നേരെ ഇരിക്കുന്ന ഈ അവസ്ഥയിൽ തന്നെ എനിക്ക് രക്ഷപെടണം. അല്ലെങ്കിൽ വല്ല വിഷാദ രോഗത്തിനും അടിമപ്പെട്ട് ആത്മഹത്യാ ചെയ്തുപോകും.

ഓരോ വാർത്തകൾ കാണുമ്പോൽ ആത്മഹത്യാ ചെയ്യുന്ന പെൺപിള്ളേരെ കുറിച് ഞാൻ ഓർക്കുമായിരുന്നു.ഇവളുമാർക്ക് വട്ടുണ്ടോ ഞാൻ ആയിരിക്കണം ആ സ്ഥാനത് എന്നൊക്കെ.

ഇപ്പോൾ ആ സ്ഥാനത് എത്തിയപ്പോൾ എനിക്ക് മനസ്സിലായി അവര് കുടിച്ച കൈപുനീര്.. അവരനുഭവിച്ച പീഡനം… കാരണം ആഗ്രഹങ്ങൾ ഒരു പരിധിവരെ നമുക്ക് നിറവേറ്റാം പക്ഷെ പെണ്ണിനേക്കാൾ കൂടുതൽ പണത്തെ സ്നേഹിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ അത്യാഗ്രഹം നിറവേറ്റാൻ ആരെ കൊണ്ടും കഴിയില്ല,.

ഇനി അച്ഛൻ ശ്രമിച്ചാൽ തന്നെ ഞാൻ സമ്മതിക്കത്തും ഇല്ല.” നിധി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“പിന്നെ നിങ്ങൾ പറഞ്ഞല്ലോ കുറച്ചു ദിവസം ആയി ഞാൻ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട് എന്നു..

ഇന്നലെ വരെ ഇത്രയും ശബ്ദം ഞാൻ എടുത്തിട്ടുണ്ടോ? ഇന്നലെ എന്നെ നിങ്ങൾ അടിക്കാൻ തുടങ്ങി. അപ്പോൾ ഞാൻ എടുത്ത തീരുമാനം ആണ്. വേറൊരു വീട്ടിൽ ജനിച്ചു രാജകുമാരിയെ പോലെ വളർന്നു വെറും മൂന്നു മാസത്തെ ബന്ധം മാത്രം ഉള്ള നിങ്ങളുടെ കൈ കൊണ്ട് തീരേണ്ടതല്ല എന്റെ ജീവിതം എന്നു. കുറച്ചു മുമ്പ് വരെ ഞാൻ ഓർക്കുകയായിരുന്നു ഞാൻ ചെയ്ത തെറ്റ് എന്താണെന്ന്.

എന്റെ അമ്മ പറഞ്ഞതുപോലെ നിങ്ങളുടെ കാര്യം നോക്കി നിങ്ങളുടെ അമ്മയെ പരിപാലിച്ചു ഇനി പഠിക്കാൻ പോവണ്ട എന്നു നിങ്ങൾ പറഞ്ഞതു പോലെ എന്റെ പിജി പാതിവഴിയിൽ നിർത്തി.

ഇപ്പോഴല്ലേ എന്റെ തെറ്റ് എനിക്ക് മനസ്സിലായത്..

കൊണ്ടുവന്ന സ്ത്രീധനത്തിന്റ തൂക്കം പോരാ എന്നു. ”

നിധി പറഞ്ഞു തീർന്നതും ശരത് ദേഷ്യത്തോടെ പറഞ്ഞു.

“ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഞാൻ സ്ത്രീധനത്തിന് എതിരും ആണ്. നിന്റെ ഭരണം ഒന്നും ഇവിടെ നടക്കില്ലാ എന്ന് വന്നപ്പോൾ നീ ഓരോ കഥയുണ്ടാക്കുകയാണല്ലേ. ഈ കഥയാകുമ്പോൾ നല്ല റീച്ചും കിട്ടും. ”

ശരത് പറഞ്ഞു.

“എവിടെ നിങ്ങളുടെ മുഖo ഞാൻ ഒന്ന് കാണട്ടെ.

അമ്മ മാത്രം അല്ല മോനും നല്ല നടനാണ്.150 പവനും കാറും അതിന്റെ കഥയൊക്കെ അമ്മേടെ ഉള്ളിൽ നിന്നും പുറത്തുചാടി. ഇതു ഉള്ളിൽ വെച്ചു കൊണ്ടാണല്ലേ കാർ മാറണം എന്നൊക്കെ പറഞ്ഞു നിങ്ങൾ ഓരോ കള്ള കോളും വിളിച്ചു കൊണ്ട് എന്റെ മുമ്പിൽ കൂടി നടന്നത്.

ഇതിനേക്കാൾ അന്തസ്സുണ്ട് എന്തായാലും നേരിട്ട് സ്ത്രീധനം കുറഞ്ഞു എന്നു പറഞ്ഞു പീഡിപ്പിക്കുന്ന ആണുങ്ങൾക്ക്. ഇത്‌ പണവും വേണം ആരും ഒന്നും അറിയാനും പാടില്ല ജോലിയെം ബാധിക്കരുത്.

കൊള്ളാം നിങ്ങളുടെ ബുദ്ധി.”

നിധി ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു നിർത്തി.

അപ്പോഴേക്കും മുറിയിൽ നിന്നും പുറത്തിറങ്ങിക്കൊണ്ട് സരസ്വതി അമ്മ ദേഷ്യത്തോടെ “നീ എന്തിനാടാ അവളുടെ അധിക പ്രസംഗം കേൾക്കുന്നത് മുടിക്കുത്തിനു പിടിച്ചു പുറത്തേക്കിടെടാ ആ അശ്ലീകരത്തെ”

അതുകേട്ട ശരത് നിധിയുടെ മുടികുത്തിനു പിടിച്ചു കൊണ്ട് പുറത്തേക്ക് വലിച്ചു. വേദന കൊണ്ട് അവൾ പുളഞ്ഞു അവന്റെ കൈ മാറ്റാൻ നോക്കിയെങ്കിലുo അവന്റെ ബലിഷ്ടമായ കരങ്ങൾ തടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.

വലിച്ചുകൊണ്ട് പോവുന്നതിനിടയ്ക്ക് അവൻ പറയുന്നുണ്ടായിരുന്നു..”അതേടി നിന്റെ അച്ഛന്റെ സ്വത്ത്‌ മോഹിച്ചിട്ടു തന്നെയാണ് ഞാൻ നിന്നെ കെട്ടിയത്. വീടും പത്രാസ്സും കണ്ടപ്പോൾ തോന്നിയില്ല അതൊരു മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ ആണെന്ന്..ഞങ്ങളുടെ ഡിമാൻഡ് ആ ബ്രോക്കർക്ക് അറിയാമായിരുന്നു. അത് കിട്ടും എന്നു അയാൾ പറഞ്ഞ ഉറപ്പിലാണ് ഞങ്ങൾ ഈ ആലോചനയും ആയി മുന്നോട്ട് പോയത്. നിന്റെ വീട്ടിൽ പോയ ആ ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് കാര്യങ്ങൾ എനിക്ക് മനസ്സിലായി. നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇത്രക്കും അഹങ്കാരം കാണിക്കുന്ന നിന്നെ എനിക്ക് വേണ്ട”

എന്ന് പറഞ്ഞു ശക്തി ആയി അവളെ വലിച്ചു പുറത്താക്കാൻ ഡോർ തുറന്ന ശരത് പുറത്ത് നിൽക്കുന്നവരെ കണ്ട് ഞെട്ടി.

നിധിയുടെ മുടിക്കുത്തിൽ നിന്നും പതിയെ പിടി വിട്ടു ഒരു ചുവട് പിന്നോട്ട് വെച്ചു.

അവരേ കണ്ട ഉടനെ സരസ്വതി അമ്മ വേഗം മുറിയിൽ കയറി കതകടച്ചു.

അച്ഛാ എന്നും പറഞ്ഞു നിലവിളിച്ചുകൊണ്ട് നിധി വിജയന്റെ മാറിലേക് വീണു.

അയാൾ വേഗം മകളെ കെട്ടിപിടിച്ചു. അവളുടെ മുഖം ഉയർത്തി കണ്ണ് നീര് തുടച്ചു കൊണ്ട് പറഞ്ഞു “മോള് കരയാതെ.. അച്ഛനില്ലേ മോൾക്ക്.. അച്ഛന്റെ രാജകുമാരിയല്ലേ നീ.. അറിഞ്ഞില്ല കുഞ്ഞേ നിന്നെ ഒരു ചെകുത്താൻ കോട്ടയിലേക്കാണ് തള്ളി വിട്ടത് എന്നു. ഞങ്ങൾ എല്ലാം കേട്ടു.

കുറെ നേരമായി പുറത്തു നിൽക്കുന്നു.

രാവിലെ മുതൽ നിന്നെ സ്വപ്നം കണ്ടെന്നു പറഞ്ഞു നിന്റെ അമ്മ എനിക്ക് സ്വര്യം തന്നിട്ടില്ല.. നിന്നെ ഫോൺ വിളിച്ചപ്പോ മുതൽ അവൾക്ക് എന്തോ ടെൻഷൻ ഉണ്ട്..ഒന്നും അറിയിക്കാതെ ആണെന്ന തോന്നുന്നേ കൊച്ചിന്റെ ശബ്ദം ഒക്കെ ഇടറിയിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു പിന്നെ സങ്കടം.

എന്നാ പിന്നെ നിന്നെ ഒന്ന് കാണിക്കാലോ എന്നു വിചാരിച്ചു.

ഇവൾ തന്നെയാ പറഞ്ഞത് വരുന്ന വിവരം ആരെയും അറിയിക്കേണ്ട എന്നു. അതുകൊണ്ട് എന്താ..എല്ലാം നേരിട്ട് അറിയാൻ ആയല്ലോ. തൃപ്തി ആയി. ഇനി ഒരു നിമിഷം പോലും എന്റെ മോള് ഇവിടെ നിൽക്കരുത്. മോള് പോയി റെഡി ആയി എല്ലാം എടുത്തുകൊണ്ടു വാ.” എന്നു പറഞ്ഞു നിധിയെഅകത്തേക്ക് പറഞ്ഞു വിട്ട ശേഷം അയാൾ ശരത്തിന്റെ അടുത്തേക്ക് ചെന്ന്.

നിധി മുയിലേക്ക് പോയി. പിന്നാലെ അമ്മയും.

മുറിയിൽ വെച്ചു ഗംഗ ചോദിച്ചു “മോളെ എന്താ നീ ഞങ്ങളോട് ഒന്നും പറയാതിരുന്നത്. എന്തിനാ എല്ലാം ഉള്ളിൽ ഒതുക്കിയത്.”

“അമ്മ തന്നെ അല്ലേ പറഞ്ഞത് ഇവിടുത്തെ കാര്യങ്ങൾ ഒന്നും അവിടെ പറയരുത് എന്നു.

എന്തിനാ നിങ്ങൾ കൂടി സങ്കടപെടുന്നത് എന്നു കൂടി കരുതിയിട്ടാണ് ഞാൻ പറയാതിരുന്നത്.

മാത്രമല്ല എനിക്ക് അറിയില്ലായിരുന്നു അമ്മേ സ്ത്രീധനം ആയിരുന്നു ഇവരുടെ ഉള്ളിൽ എന്നു.”

നിധി പറഞ്ഞു

“എന്റെ പൊന്നു മോളെ ഞാൻ ഉപദേശിച്ചത് സാധാരണ സ്നേഹത്തിന്റെ പേരിലുള്ള കുഞ്ഞ് കുഞ്ഞ് പരിഭവങ്ങളും പ്രശ്നങ്ങളും ഉണ്ടാവുമ്പോഴാണ് . മോള് അനുഭവിച്ചത് അതാണോ ഇത്‌ ഗാർഹിക പീഡനം അല്ലേ.. മോൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ, മറ്റുള്ളവരെ പോലെ ഞങ്ങളും നീതീക്ക് വേണ്ടി അലയേണ്ടി വന്നേനെ.

എന്തായാലും നിന്നെ ജീവനോടെ കിട്ടിയല്ലോ. ഈ കുറഞ്ഞ കാലയളവിൽ തന്നെ അവന്റെ സ്വഭാവം ഭഗവാൻ മനസ്സിലാക്കി തന്നല്ലോ.

തറവാട്ടിൽ ആർക്കും ഇങ്ങനെ ഒരു ഗതി വന്നിട്ടില്ല.

അഭിമാനം ഓർത്തു നിന്നെ ഇവിടെ വിട്ടിട്ട് പോയാൽ നിന്നെ ഞങ്ങൾക്ക് ചിലപ്പോൾ നഷ്ടപ്പെടും.

മോള് വേഗം ഫ്രഷ് ആയി വാ ഞാൻ താഴെ ഉണ്ടാകും.” ഗംഗ പറഞ്ഞു.

ഗംഗ താഴെ ഇറങ്ങി സരസ്വതി അമ്മയുടെ കതകിൽ മുട്ടി. “വാതിൽ തുറക്കുന്നുണ്ടോ അല്ലെങ്കിൽ പോലീസിനെ വിളിക്കണോ?” ഗംഗ ശക്തി ആയി കതകിൽ അടിച്ചുകൊണ്ട് ചോദിച്ചു.

അതുകേട്ടപ്പോൾ സരസ്വതി അമ്മ വാതിൽ തുറന്നു പരുങ്ങലോടെ പുറത്തേക്കിറങ്ങി.

“ഞങ്ങളുടെ മോളെ ഞങ്ങൾ കൊണ്ടു പോവുകയാണ്. കേസിനും കൂട്ടത്തിനൊന്നും ഞങ്ങൾ നിൽക്കണ്ടെങ്കിൽ അവളുടെ കയ്യിൽ നിന്നും അടിച്ചു മാറ്റിയ സ്വർണം എടുത്തു കൊണ്ട് വാ.”

ഗംഗ സരസ്വതി അമ്മയോട് കോപത്തോടെ പറഞ്ഞു

അത് കേട്ടിട്ടും അവിടെ തന്നെ നിൽക്കുന്ന സരസ്വതി അമ്മയെ നോക്കി ഗംഗ വീണ്ടും പറഞ്ഞു.

“നിങ്ങളോടല്ലേ പോയി എടുക്കാൻ പറഞ്ഞത്!!!”

ആ ശബ്ദം കേട്ട് പേടിച്ചു അവർ ശരത്തിനെ നോക്കുന്നു. അവൻ ഒന്നും പ്രതികരിക്കാൻ ആവാതെ തല താഴ്ത്തി നിന്നു.

സരസ്വതി അമ്മ അലമാര തുറന്നു സ്വർണം വെച്ച പെട്ടി എടുത്തു ഗംഗയുട നേർക്ക് നീട്ടി. ഗംഗ ദേഷ്യത്തോടെ അത് പിടിച്ചു വാങ്ങി.

അപ്പോഴേക്കും പെട്ടിയും എടുത്ത് നിധി പടിയിറങ്ങി വന്നു.

മകളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി വിജയൻ അവളോട് നടക്കാൻ ആവശ്യപ്പെട്ടിട്ട് ശരത്തിന്റെ അടുത്തേക്ക് ചെന്നു.

ശരത് അയാളുടെ മുഖത്തേക്ക് നോക്കാതെ നിന്നു.

“എടാ..നീ പറഞ്ഞ പോലെ ഞാൻ ഒരു മുങ്ങിയ കപ്പൽ ഒന്നും അല്ല. ശരിയാണ് ബിസിനസ്‌ കുറച്ച് മോശം അവസ്ഥയിൽ ആണ്.പക്ഷെ അധികം താമസിയാതെ തന്നെ ഞാൻ എന്റെ പൂർവ സ്ഥിതിയിൽ എത്തും.അപ്പോൾ ആരും ആവശ്യപെടാതെ തന്നെ ഞാൻ എന്റെ മോൾക്ക് ഇനിയും സ്വർണവും പണവും കൊടുത്തേനെ..

നിന്റെ അത്യാഗ്രഹം മനസ്സിലാക്കി തന്ന സകല ദൈവങ്ങളോടും നന്ദി പറയുന്നു. പിന്നെ നിനക്കെതിരെ കേസ് കൊടുക്കാനും നിന്റെ ജോലി കളയാനൊന്നും ഞാൻ നിൽക്കുന്നില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കാൻ കൂടി വേണ്ടിയാണ് ഓരോ അച്ഛനും അമ്മയും കേസും കൂട്ടവും ആയി നടക്കുന്നത്. എന്നിട്ട് എന്താ എത്രയൊക്കെ പുരോഗമനം ഉണ്ടായാലും എത്രയൊക്കെ തലമുറകൾ പിന്നിട്ടാലും സ്ത്രീധനം എന്ന വിപത്തു നമ്മുടെ നാട്ടിൽ നിന്നും പോവില്ല.

അതുകൊണ്ട് ഞങ്ങളുടെ മോൾടെ ജീവൻ പോവുന്നതിനു മുമ്പ് ഞങ്ങൾ ഇറങ്ങുന്നു. ഇനി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒരു വക്കീൽ അല്ലാതെ നിന്റെ നിഴൽ വട്ടത്തു പോലും ആരും വരില്ല. നിന്റെ അമ്മയോടും പറഞ്ഞേക്ക്.”

ഇത്രയും പറഞ്ഞു നിധിയെയും കൂട്ടി അയാൾ ഇറങ്ങി. അപ്പോൾ ഗംഗ പറഞ്ഞു. “മോളെ ഒന്ന് വിട്ടേ വിജയേട്ടാ.. അവൾ അവളുടെ ശരത്തേട്ടനോട് യാത്ര പറയട്ടെ.. നമുക്ക് പുറത്തു നിൽക്കാം.”

നിധി ശരത്തിന്റെ അടുത്തേക്ക് ചെന്നു.

“എടാ ശരത്തെ..!!” അവളുടെ വിളി കേട്ട് അത്ഭുതത്തോടെ നോക്കിയ ശരത്തിന്റെ കരണം നോക്കി അവൾ സകല ശക്തിയും എടുത്ത് ആഞ്ഞടിച്ചു. പെട്ടെന്നുള്ള അടിയിൽ ശരത് താഴെ വീണു.

നിധി അവളുടെ കഴുത്തിലെ താലി മാല അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പുറത്തിറങ്ങി ഡോർ വലിച്ചടച്ചു!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജിജി ബൈജു..