പിന്നെയൊരിക്കലും കണ്ടിട്ടില്ലാത്ത ആ മുഖം മനസ്സിൽ നിറച്ചാണ് ഓരോ പടികളും കയറി ഇന്നിവിടെ നിൽക്കുന്നത്….

രചന : Remya Satheesh

ലാബിലേക്ക് കയറുമ്പോൾ ഒന്നു കൂടി തിരിഞ്ഞ് മുകളിലേക്ക് നോക്കി…

ഇല്ല. കാണുന്നില്ല…

എന്നും കാണുന്ന ഇടങ്ങളിലെല്ലാം കണ്ണുകൾ കൊണ്ടോടിച്ചൊന്നു നോക്കി..

കാണാതായപ്പോൾ ഉള്ളിലൊരു കുഞ്ഞു വിഷമം ഉടലെടുത്ത പോലെ …

അത് കണ്ണിലേക്ക് പടരുന്നതിനു മുന്നേ ലാബിലേക്കു കയറി..

രാവിലെ പിടിച്ചു മണ്ണിരയെ അനന്തുവേട്ടൻ മയക്കി വെച്ചിട്ടുണ്ട്…

അതിനെ പലകയിൽ തറച്ചു വെക്കാൻ തുടങ്ങി..

ഇന്നത്തെ പ്രാക്ടിക്കൽ മണ്ണിരയുടെ ദഹന വ്യവസ്ഥയാണ്…

കത്രികയും ഫോർ സെപ്സും ഉപയോഗിച്ച് പതിയെ അതിന്റെ തൊലി മുറിക്കാൻ ശ്രമിക്കുമ്പോഴും കാണാൻ കൊതിച്ച മുഖം കാണാൻ കഴിയാത്ത വിഷമം വിരലുകളെ പോലും തളർത്തിയിരുന്നു…

അരുൺ….

സയൻസ് ബാച്ചിന്റെ മുഖ്യ എതിരാളികളായ കൊമേഴ്സിലെ ഹീറോ…

പാട്ടുകൾ കൊണ്ട് തന്റെ ഹൃദയം കവർന്നവൻ….

അവനറിയാതെ അവനെ ശ്രദ്ധിക്കുന്നതാണ് ഇപ്പോഴത്തെ ഹോബി …

ഓരോ പിരിയഡും സാർ പോയി കഴിഞ്ഞാൽ അവനും അവന്റെ കൂട്ടുകാരനും കൂടി പുറത്തു നിൽക്കുന്നത് കാണാം..

ക്ലാസിന്റെ നേരെ ഓപ്പോസിറ്റായതു കാരണം കൃത്യമായി തൻ്റെ കണ്ണുകളുടെ വലയത്തിൽ അവനെ കുരുക്കിയിടാറുണ്ട് …

അങ്ങനെയാണ് ഇപ്പോൾ ലാബിൽ കയറുന്നതിനുമുന്നെ അവന്റെ മുഖ ദർശനം ശീലമായത്…

ബുധനാഴ്ച്ച ഉച്ചക്കു ശേഷം ആദ്യത്തെ പിരിയഡാണ് സുവോളജി ലാബ് …

അവരുടെ അക്കൗണ്ടൻ്റ് മിസ്സ് വയസായത് കൊണ്ട് സ്റ്റെപ് ഒക്കെ കേറി മുകളിലെത്തിമ്പോ ഒരു നേരമാകും.. മിസ്സ് വന്നലെ ഇവരൊക്കെ ഉള്ളിൽ കയറൂ..

പണ്ടൊരു ദിവസം അവനെ കാണാതെ ലാബിൽ കയറി.

അന്ന് ചീക് സെൽ ആയിരുന്നു എടുക്കേണ്ടി ഇരുന്നത്..

മാന്തി മാന്തി ചോര വന്നിട്ടും ചിക് സെൽ കിട്ടിയില്ല..

ഇതൊക്കെ ആലോചിച്ചതിൻ്റെ ഇടയിൽ മണ്ണിരയുടെ വയറും ഗിസ്സാർഡും എല്ലാം പൊട്ടി തകർന്നു പോയി…

അഞ്ജന. വാട്ട് ആർ യൂ ഡൂയിംഗ് എന്ന മഞ്ജു മിസ്സ്‌ൻ്റെ അലർച്ച കേട്ടാണ് ഞെട്ടിയത്..

ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു. മിസ്സും അധികം ഷൗട്ടിങ് ഒന്നും ചെയ്യാതെ മാറി പോയി..

ഇന്നത്തെ ദിവസം പോക്കാണെന്ന് വിചാരിച്ച് പുറത്തിറങ്ങിയപ്പോൾ അതെ നിൽക്കുന്നു വിചാരിച്ച ആൾ പഴയ സ്ഥലത്ത്. നോക്കാൻ പോയില്ല..

ക്ലാസ്സിൽ വന്നിരിക്കുമ്പോഴും അവനായിരുന്നു മനസ്സിൽ.

എന്നാണ് അവനെ ശ്രദ്ധിച്ചു തുടങ്ങിയത്.

പ്ലസ് വൺലേ എൻഎസ്എസ് ക്യാമ്പ് സമയത്തണെന്ന് തോന്നുന്നു ..

ക്യാമ്പിൽ വളരെ ആക്ടീവ് ആയ അവനും, രാത്രിയിലേ സാഹിത്യ വേദിയിലെ അവൻ്റെ പാട്ടുകളും.

അതിൽ പിന്നെയാണ് അവനെ തൻ്റെ സ്വപ്നങ്ങളിലെ രാജകുമാരൻ ആയി കാണാൻ തുടങ്ങിയത്…

തിരിച്ചൊരു നോട്ടം കൊണ്ട് പോലും അനുഗ്രഹിക്കതെ അവനും അതിനിട കൊടുക്കാതെ ഞാനും ..

ഓരോ ഹൃദ്ധയമിടിപ്പിനും അവൻ്റെ കഥ പറയാനുണ്ട്..

അവൻ്റെ നോട്ടത്തിൻ്റെ,

ചിരിയുടെ, ശബ്ദത്തിൻ്റെ…

തനിക്കായല്ലെങ്കിലും അവനിൽ നിന്നും പുറപ്പെടുന്നതെന്തും അവനാ യുള്ളതെന്തും തനിക്ക് പ്രിയപ്പെട്ടതാണ്…

മിടിപ്പുകളുടെ വേഗതയിൽ ദിനരാത്രങ്ങളും മാസങ്ങളും കടന്നു പോയി. വാസരാന്ത്യത്തിലെ പരീക്ഷാച്ചൂടിൽ ഉള്ളിൽ തിളക്കുന്ന പ്രണയച്ചൂട് ആ ഹൃദയത്തിലേക്ക് പകർത്തിയെഴുതാൻ തീരുമാനിച്ചു

ഉച്ച ഊണിനു ശേഷം എന്തു പറയണം എങ്ങിനെ പറയണമെന്നറിയാതെയുഴറി ആ മുന്നിൽ നിൽക്കുമ്പോൾ ആ മുഖത്തെ പുഞ്ചിരി ഒരു മഴ നൽകിയ കുളിരെന്റെ ഹൃദയത്തിൽ പകർന്നു…

“നാളെ ലാബ് എക്സാമാണ്. എന്നും ഈ മുഖം കണ്ടിട്ടതിന് കയറണമെന്നുണ്ട് .. വരുമോ?.”

ആ കണ്ണുകളിലേക്ക് നോട്ടമെയ്തു കൊണ്ട് അവിടെ പ്രണയം തിരഞ്ഞു കൊണ്ടൊരു ചൂണ്ടയിട്ടു…

“അരുണേ ….

ഇതൊന്നു ക്ലിയർ ചെയ്തു താടാ ..”

എന്നു പറഞ്ഞ് അവന്റെ കൂട്ടുകാരൻ വിളിച്ചതും മറുപടിയൊന്നും നൽകാതെ ഒരു പിൻ നോട്ടം പോലും എനിക്കായി ബാക്കിവെക്കാതെ അവൻ നടന്നു നീങ്ങി …

അപ്പോഴും ആ വഴിയോരത്ത് അവൻ പിന്നിട്ട പാതയിലേക്കുറ്റു നോക്കി വേരിറങ്ങിയതു പോലെ താൻ തറഞ്ഞു നിൽക്കുകയായിരുന്നു …

ഇന്നുമതേ….

ആ ഇടത്തു നിന്നും അണുവിട ഇളകാതെ ….

*************

പ്രണയം അങ്ങിനെ ആണല്ലോ..

അത് നമ്മെ കരഞ്ഞു കൊണ്ട് ചിരിപ്പിക്കും.. വിരഹം കൊണ്ട് വേദനിപ്പിക്കും…

അവസാനം സന്തോഷം കൊണ്ട് വീർപ്പുമുട്ടിക്കും.

അടുത്ത പിരിയഡിനുള്ള ബെല്ലടിച്ചപ്പോഴാണ് ഓർമകളിൽ നിന്നും ഞെട്ടിയുണർന്നത്…

അന്നു താൻ അവനായ് കാത്തിരുന്ന അതേ വരാന്തയിലൂടെ മിഴികൾ പാഞ്ഞു …

ആ സ്കൂളിലെ സുവോളജി ടീച്ചറായി തിരിച്ചു വരവ്… ജോയിൻ ചെയ്തിട്ട് ഇന്ന് ആദ്യത്തെ ലാബാണ്…

അതിനു ശേഷം പിന്നെയൊരിക്കലും കണ്ടിട്ടില്ലാത്ത ആ മുഖം മനസ്സിൽ നിറച്ചാണ് ഓരോ പടികളും കയറി ഇന്നിവിടെ നിൽക്കുന്നത്….

തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ തന്റെ പ്രണയം… അറിഞ്ഞിരുന്നെങ്കിൽ, തിരിച്ചും ഇഷ്ടമായിരുന്നെങ്കിൽ അന്ന് തന്റെ മുന്നിൽ വന്നിരുന്നേനെയല്ലോ…

ചോദ്യങ്ങൾ മുഴക്കത്തോടെ കാതിൽ വന്നലക്കുമ്പോഴും മറുപടി പറയാതിറങ്ങിപ്പോയ തന്റെ പ്രണയമാണ് ഉള്ളിലെന്നും …

പുറത്തെ മഴയവശേഷിപ്പുകളെ പേറിയൊരു കുഞ്ഞൻ കാറ്റ് കവിളിൽ ഉമ്മ വെച്ചപ്പോൾ ഓർമകളിൽ നിന്നും പടിയിറങ്ങി ബാത് റൂമിൽകയറി മുഖമൊന്നു ഒതുക്കി…

ലാബിലേക്കുള്ള മാന്വലും കൈയ്യിലെടുത്ത് തിരിയുമ്പോഴാണ് പ്യൂൺ നാരായണേട്ടൻ കയറി വന്നത്…

“അഞ്ജു ടീച്ചർക്കൊരു വിസിറ്ററുണ്ട്… പുറത്തു കാത്തു നിൽക്കുന്നു…”

ഈ നേരത്ത് ആരാണെന്നറിയാനുള്ള ആകാംഷയോടെയാണ് മുന്നോട്ടു നടന്നത്…

നടത്തത്തിന്റെ താളത്തിനനുസരിച്ച് ഉലയുന്ന സാരിയുടെ ശബ്ദം കേട്ടിട്ടാവണം ഒരാൾ തിരിഞ്ഞു നോക്കി

കൈപ്പിടിയിലൊതുങ്ങാത്തൊരു ഹൃദയമിടിപ്പായി അവനെ എന്റെ ഹൃദയം തിരിച്ചറിഞ്ഞതായി അടയാളപ്പെടുത്തി..

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ മുന്നോട്ടു നടന്നടുക്കുന്നതിനു മുന്നേ തന്റെ അടുക്കലേക്കാ പാദങ്ങൾ നീങ്ങിയിരുന്നു…..

കറുത്ത പാന്റും ഇളം നീല ഷർട്ടും ധരിച്ച് മുഖത്തെ പണ്ടത്തെ കുട്ടിത്തം താടി മീശകൾക്കിടയിലൊളിപ്പിച്ച് കണ്ണുകളിലും ചുണ്ടുകളിലും അതി ചിരിയുമായി അവൻ …

അരുൺ…

“അഞ്ജുവിന്റെ എന്നെ മറന്നിട്ടില്ലല്ലോ അല്ലേ…?”

മുഖവുരയേതുമില്ലാതാരു ചോദ്യം.

“ഞാനിവിടെ SBI യിൽ പ്രൊബേഷനറി ഓഫീസറായി കയറിട്ടോ… അപ്പൊ താനിവിടെ ജോയിൻ ചെയ്തുന്നറിഞ്ഞു. ഒന്നു കണ്ടിട്ടു പോവാമെന്നു കരുതി.”

അപ്പൊ അതു മാത്രമാണ് കാര്യം… ഒരു ഫോർമാലിറ്റി .. 100 വാട്ട് കത്തിയ ബൾബിപ്പോൾ മണ്ണെണ്ണ വിളക്ക് പോലെ മുന്നിഞ്ഞു കത്താൻ തുടങ്ങി….

“അപ്പൊ നമ്മൾ അവസാനം കണ്ടപ്പോൾ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം തരാമെന്നു കരുതി….

ഒരുപാടു വൈകി… ഇനിയും വൈകിക്കരുതല്ലോ”

പരിഭവത്താലും പരിഭ്രമത്താലും ഒരു വിറയൽ എന്നെയാകെ തളർത്തിയിരുന്നു… ശ്വാസനിശ്വാസങ്ങൾക്കപ്പുറം മൗനം ഭരിച്ച കുറച്ചു നിമിഷങ്ങൾ…

ആ കനത്ത പുറന്തോടു പൊട്ടിച്ചതും എന്റെ ഹൃദയത്തിലൊരു പ്രതീക്ഷയുടെ തിരിനാളം കൊളുത്തിയതും ഞങ്ങളെ ഭരിക്കുന്ന മൗനത്തിനിടയിലും അവന്റെ കൺകളിൽ ഞാൻ കണ്ട കുസൃതിയായിരുന്നു….

“ഇനി ലാബിലേക്കു മാത്രമല്ല ഈ ജന്മത്തേക്ക് ഓരോ പുലരികളിലും ഈ മുഖം കണി കണ്ടുണരാൻ ഇയാൾക്ക് സമ്മതമാണോ …?

ഡ്രാമാറ്റിക്കായി ഇടതുകരം നിവർത്തി വലതുകരം ഹൃദയത്തോടു ചേർത്ത് അല്പം കനിഞ്ഞു എന്റെ നേരെ ചോദ്യമെറിഞ്ഞവനെ നിറഞ്ഞ കണ്ണുകൾ നിറച്ചു കണ്ടു…

ഹൃദയം തുടികൊട്ടി…

അടി വയറ്റിൽ മഞ്ഞുവീണു കുളിർന്നു..

കൺമുന്നിൽ ശലഭങ്ങൾ നൃത്തമാടി..

എന്നിട്ടും ശബ്ദം… എന്റെ ശബ്ദം എന്നോട് പിണങ്ങി നിന്നു…

“ഈ മൗനം സമ്മതമായെടുത്ത് ഞാൻ പോവാട്ടോ.

അമ്മയെ കൂട്ടി വേഗം വീട്ടിലേക്ക് ഞാൻ വരുന്നുണ്ട് ”

സന്തോഷം കണ്ണടകളെ നനച്ചു പെയ്തിറങ്ങി …

അവന്റെ കണ്ണുകളും പെയ്യുകയായിരുന്നു…

അവൾക്കായി ഒന്നുമില്ലായ്മയിൽ നിന്നും ഉയർത്തെഴുന്നേറ്റവന്റെ കഥ ഒരു ദിവസം അവൾക്കായ് പറയാനവൻ കാത്തുവെച്ചു ….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Remya Satheesh