ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 17 ഒന്ന് വായിക്കൂ…

രചന : പ്രണയിനി

അമ്മു നിനക്ക് നാളെയൊരു പെണ്ണുകാണൽ ചടങ്ങ് ഉണ്ട്…. എല്ലാം അന്വേഷിച്ചു ഓക്കേ ആയതിനു ശേഷമാണ് അവരോട് പറഞ്ഞത് വന്നോളാൻ…

ഇതൊരു ചടങ്ങ് മാത്രമാണ്..

എന്തായാലും ഈ കല്യാണം ഉറപ്പിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു…

ടൂർ കഴിഞ്ഞു വന്ന്‌ അതിന്റെ ക്ഷീണം ഉറങ്ങിയും തീർത്തു ശനിയാഴ്ച രാവിലെ എഴുന്നേറ്റ അമ്മു,

കേൾക്കുന്ന കാര്യം സത്യമോ അതോ മിഥ്യയോ എന്നറിയാതെ നിന്നു….

എന്തിനോ ഹൃദയം വല്ലാതെ പിടയുന്നു….

ഞാൻ ഇത്രയുമൊക്കെ പറഞ്ഞിട്ടും എന്തെ ഇവർക്കാർക്കും എന്നെ മനസിലാകുന്നില്ല…

അതും അവനെയൊന്നു കാണാൻ കൂട്ടാക്കാതെ,

സംസാരിക്കാൻ പോലും അവസരം നൽകാതെ…

എല്ലാത്തിനും മേലെ എന്റെ സന്തോഷം ആഗ്രഹിക്കാതെ മറ്റൊരാൾക്ക്‌ എന്റെ ജീവിതം തീറെഴുതി കൊടുക്കാൻ പോകുവാണെന്നോ…

എന്താണ് ഇവർക്കൊന്നും മനസിലാകാത്തത്… മനസിലാകുന്നുണ്ടാകും… അറിയാത്തത് പോലെ നടിക്കുന്നതാകും… ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും.. എന്നാൽ ഉറക്കം നടിക്കുന്നവരെ എഴുനേൽപ്പിക്കുക ശ്രമകരമാണ്…

ചേട്ടായി എന്തിനാണ് ഇങ്ങെനെയൊരു അസ്ത്രം തന്റെനേരെ ഇപ്പോഴേ എയ്തത്… ഞാൻ അവനോടൊപ്പം ഓടിപ്പോകുമോ എന്നു പേടിച്ചിട്ടാണോ….

അമ്മുവിന് സ്വയം പുച്ഛം തോന്നി….

എങ്കിലും ഇതിന്റെ സത്യാവസ്ഥയും തന്റെ അവസ്ഥയും ഒന്നൂടി എല്ലാരേം പറഞ്ഞു ബോധ്യപെടുത്താൻ അവൾ തീരുമാനിച്ചു… ഇനി ചിലപ്പോ മറ്റൊരു കാരണം അവർ പറയുക ഞാൻ വീണ്ടും വീണ്ടും അതേപറ്റി പറയാത്തത് കൊണ്ട് ഞാൻ പിന്മാറി എന്നാകും… ഒരിക്കലും എന്നെകൊണ്ട് സാധിക്കാത്ത കാര്യം..

എന്തായാലും സ്വന്തം ജീവിതം കളഞ്ഞും മറ്റൊരാളുടെ ജീവിതം ഇല്ലാണ്ടാക്കിയും എനിക്ക് ജീവിക്കണ്ട… കഥകളിലും സിനിമയിലും നടക്കുമാരിക്കും അങ്ങെനെയൊക്കെ… മറ്റൊരാൾ ജീവിതത്തിലേക്ക് വരുമ്പോൾ കഴിഞ്ഞ കാലത്തെ മറന്നു കളയാൻ സാധിക്കുന്നവർ.. എന്നാൽ ഇത് കഥയോ സിനിമയോ ഒന്നുമല്ല.. എന്റെ ജീവിതമാണ്… ഞാൻ ജീവിക്കേണ്ട എന്റെ ജീവിതം…

ഇവിടെ എനിക്കായി പറയാനും സംസാരിക്കാനും ഞാൻ മാത്രേ ഉള്ളു… അത് ഞാൻ ചെയ്യണം…

പിന്നീട് ഒരിക്കൽ അങ്ങെനെ ചെയ്തില്ലല്ലോ എന്നോർത്തു കുറ്റബോധപെടാൻ ഇടയാകരുത്…

അമ്മു രണ്ടും കല്പിച്ചു ചോദിക്കാൻ തീരുമാനിച്ചു…

ചേട്ടായി….

ഹ്മ്മ്….

അതുൽ പുറം തിരിഞ്ഞു നില്കുവാണ്… കൂടെ ചേച്ചിയുമുണ്ട്…

ചേച്ചി കണ്ണുകൾ കൊണ്ട് അവളോട് കാര്യം തിരക്കി… അവൾ നിസ്സഹായതയോടെ ശ്രീയെ നോക്കി…

ചേട്ടായി എനിക്കൊരു കാര്യo……..

വേണ്ട… നിനക്ക് പറയാനുള്ളത് അതെ പഴയ കാര്യം തന്നെയാണേൽ പറയണമെന്നില്ല… എനിക്ക് കേൾക്കാനും താല്പര്യമില്ല… മറ്റെന്തെങ്കിലും ആണേൽ പറയാം നിനക്ക്… അമ്മുവിന്റെ സംസാരത്തെ മുറിച്ചുകൊണ്ടുതന്നെ അതുൽ പറഞ്ഞു

ചേട്ടായി…. പ്ലീസ്‌… എന്നെ മനസിലാക്കണം..എനിക്ക് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല… എന്നെയതിനു നിർബന്ധിക്കരുത്.. ഒരാളെ മനസ്സിൽ വെച്ചു മറ്റൊരാളുടെ ജീവിതത്തിലേക്ക് കയറിചെല്ലാൻ എനിക്കാകില്ല..

നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റമില്ല… ഇതുവരെ ക്ഷമിച്ചു….

ഇനിയില്ല.. പോട്ടെ പോട്ടെ എന്ന് വെച്ചപ്പോൾ നിനക്ക് പിന്നേം കുറെ കാരണങ്ങൾ അല്ലെ….

ആരും പറഞ്ഞില്ലല്ലോ പ്രേമിക്കാൻ… അങ്ങെനെ പോയത്കൊണ്ടല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിയത്…

കാരണക്കാരി നീയല്ലേ… നീ മാത്രം..

അമ്മു ഏട്ടനെ തന്നെ നോക്കി… അവളുടെ നോട്ടത്തിൽ അവൻ അല്പം പതറി…

ശരിയാണ് … ചേട്ടായി പറഞ്ഞത് നേരാണ്…

ഞാനാണ് തെറ്റുകാരി…എന്നാൽ ഇതിലൊക്കെ ചേട്ടായി മനഃപൂർവം മറക്കുന്ന ഒന്നുണ്ട്…

ചേട്ടായിയുടെ ജീവിതം… എന്നെ കുറ്റപ്പെടുത്തുമ്പോൾ അതുടി ഇടയിൽ ഒന്ന് ഓർക്കണം… ഇത് ഞാൻ പറയേണ്ട എന്ന് കരുതിയതാണ്… പക്ഷെ പറയേണ്ടിവന്നു…

അതുൽ ഉത്തരമില്ലാതെ നിന്നു.. എന്നിട്ടും തോറ്റുകൊടുക്കാൻ അവൻ ഒരുക്കമായിരുന്നില്ല…

നീ എന്തൊക്കെ പറഞ്ഞാലും കരഞ്ഞാലും ഈ കല്യാണം നടക്കും… നടത്തിയിരിക്കും ഞാൻ…അതെന്റെ വാശി ആണെന്ന് കൂട്ടിക്കോ…

ബഹളം കേട്ടു അച്ഛനും അമ്മയുമൊക്കെ വന്നു…

അമ്മു ശരിക്കും നിസ്സഹായ ആയി… ഇനിയാരുമില്ല സഹായിക്കാൻ.. എല്ലാർക്കും ഇപ്പോൾ താനൊരു ഭാരമാണ്.. അധികപറ്റാണ്…

എല്ലാരുടെയും മുഖത്തുണ്ടത്.. ഞാൻ ഒരാളെ സ്നേഹിച്ചതുകൊണ്ടാണോ ഇത്രയും വെറുക്കപെട്ടവൾ ആയത്… അത്രയും വലിയ തെറ്റാണോ ഞാൻ ചെയ്തത്…ഇപോ എന്നെ കാണുന്നതെ ദേഷ്യാണ്…

അമ്മു നിറഞ്ഞ മിഴികളോടെ ഇടറുന്ന കാലുകളോടെ തന്റെ മുറിയിലേക്ക് പോയി…

മുറിയിൽ കയറി വാതിലടച്ചു അവൾ പൊട്ടിക്കരഞ്ഞു….

ജെറിലിന്റെ മുഖം മനസിലേക്ക് വന്നതും അവൾ ഫോണെടുത്തു… അവനെ വിളിക്കാൻ ഒരുങ്ങവെയാണ് അവൾ അവൻ പറഞ്ഞതോർത്തത്… ആള് കുടുംബസമേതം ഒരു ധ്യാനത്തിന് പോയിരിക്കുവാണ്..

മമ്മിയുടെ നേർച്ചയാണ്… അതാണ് ഇഷ്ടമില്ലാതിരുന്നിട്ടും പോയത്.. മൂന്ന് ദിവസമാണ് ധ്യാനം…

വരണമെങ്കിൽ  തിങ്കൾ വൈകുന്നേരം ആകും.. എന്താപ്പോ ചെയ്യുക.. അവിടെ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നാണ് റൂൾ… മൂന്ന് ദിവസം അവിടെ അവരുടെ രീതിക്കനുസരിച്ചു പ്രാർത്ഥനയിൽ മുഴുകുക… ശരീരവും മനസും ദൈവത്തിൽ അർപ്പിച്ചു… താമസവും ഭക്ഷണവും അവർ തന്നെ provide ചെയ്യും…

എന്റെ ദേവി… ഇനി ഞാൻ എന്ത് ചെയ്യും…

ആരോട് പറയുo…

പെട്ടെന്നാണ് കതകിൽ ശക്തമായ മുട്ട് കേട്ടത്…

അമ്മു മുഖം തുടച്ചു കതക് തുറന്നു… മുന്നിൽ അമ്മയാണ്… വല്ലാത്ത ഭാവത്തിൽ നില്കുന്നു…

നീ എന്തിനാ കതകടച്ചു കുറ്റിയിട്ടത്?

ഒന്നുമില്ല… വെറുതെ….

എന്നാൽ ഇനി കതക് അടക്കണ്ട…

അതെന്താ….

കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട.. പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…

അമ്മു ഒന്നും പറഞ്ഞില്ല… അമ്മ മുറിയിലേക്ക് കയറി എന്തൊക്കെയോ നോക്കുന്നത് അവൾ ശ്രദ്ധിച്ചു.. പെട്ടെന്നാണ് തട്ടിനു അടിയിൽ ഇരിക്കുന്ന ഒരു ബ്ലേഡ് അമ്മയുടെ കണ്ണിൽ പെട്ടത്…

B. Ed ആവശ്യത്തിന് വാങ്ങി വെച്ചതായിരുന്നു… അമ്മ അതും കയ്യിലെടുത്തു വെളിയിലേക്കിറങ്ങി.

ഓഹ്… അപ്പോൾ അതാണ് കാര്യം..ഞാൻ വല്ല അബദ്ധവും കാണിക്കുമോ എന്ന പേടിയാണ്…

എന്ത് കാണിക്കാൻ… ഒരിക്കലും ഞാൻ എന്റെ ജീവൻ വെടിഞ്ഞു സ്വയം പരിഹാസ്യ ആകില്ല എന്ന് ഇവർക്കറിഞ്ഞൂടാ… അത് പണ്ടേ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്… ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ കാലങ്ങൾ എത്ര കഴിഞ്ഞാലും ഞങ്ങൾ ഒന്നാകും… ഇനി അതിനു വിധി ഇല്ലെങ്കിൽ ഈ ജീവിതം ഇങ്ങെനെയങ്ങു ഒറ്റക്ക് പോകും.. എങ്കിലും മറ്റൊരാൾക്ക്‌ മുന്നിൽ തല കുനിക്കാൻ വയ്യ…

ഇനിയൊരു പ്രതീക്ഷ വരാൻ പോകുന്ന പയ്യനാണ്… കാര്യങ്ങൾ പറയാം… ആൾക്ക് മനസിലാകുമല്ലോ…. എങ്ങെനെയും ഈ കല്യാണം മുടക്കണം… ഇതല്ലാതെ മറ്റു വഴികൾ ഒന്നുമില്ല മുന്നിൽ… ജെറിൽ വരുന്ന ദിവസം എല്ലാം അവനെ അറിയിക്കണം..

അവനൊന്നു വന്ന്‌ സംസാരിക്കട്ടെ… അപ്പോൾ അറിയാം ബാക്കി ജീവിതത്തിന്റെ പോക്ക്…

രണ്ട് മതത്തിൽ പെട്ടവർ പ്രണയിക്കുന്നത് ഇത്ര വലിയ തെറ്റോ….

അമ്മു വല്ലാത്തൊരു അവസ്ഥയിലായി… ആകെ കൂട്ടിലകപ്പെട്ട പോലെ… ഉള്ളും പുറവുമൊക്കെ പൊള്ളുന്നു… ഒന്നും ചെയ്യാൻ സാധിക്കുന്നില്ല..

ശ്രദ്ധ കിട്ടുന്നില്ല.. ഒന്ന് മനസ് തുറന്നു ചിരിക്കാനോ കരയാനോ പറ്റാത്ത വിധം എല്ലാരും തന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്…

എങ്ങോട് തിരിഞ്ഞാലും എല്ലാരുടെയും കണ്ണു തന്റെ മേലെയാണ്… കുളിക്കാൻ കയറി അല്പം താമസിച്ചാൽ അപ്പോൾ വാതിലിൽ മുട്ട് കേൾകാം… കഴിഞ്ഞില്ലേ… എന്തെടുക്കുവാ അതിനകത്തെന്ന് ചോദിച്ചു… രാത്രിയിൽ അതിലും കഷ്ടാണ് അവസ്ഥ… ഒറ്റക്കൊന്നു കിടന്നു കരഞ്ഞു സങ്കടം മാറ്റം എന്നോർത്തപ്പോൾ അമ്മ വന്നിരിക്കുന്നു കൂടെ കിടക്കാൻ… കൂടെ ഉപദേശവും… ഇതിനിടയിൽ ഉറക്കത്തിൽ താനൊന്നു തിരിഞ്ഞു മറിയുകയോ അല്ലേൽ ബാത്‌റൂമിൽ പോകാൻ എണീകുകയോ ചെയ്താൽ പിന്നെ അടുത്ത ചോദ്യമായി പറച്ചിലായി…

അമ്മു മടുത്തു ശരിക്കും… ചില സമയങ്ങളിൽ അവൾ കണ്ണു നിറച്ചൊന്നു നോക്കും അമ്മയെ…

എന്തിനാ തന്നെയിങ്ങെനെ സംശയിക്കുന്നത്…

വേദനിപ്പിക്കുന്നത്… അതാകും ആ നോട്ടത്തിലൂടെ അവൾ ചോദിക്കുക…ആ നോട്ടത്തിൽ മറുപടി ഇല്ലാതെ അമ്മയും പിൻവലിയും…

എല്ലാം തന്റെ വിധി… അനുഭവിക്കുക

അങ്ങെനെ ആ ദിവസം വന്നെത്തി… വീട്ടിൽ എല്ലാരും തിരക്ക് പിടിച്ച ഓട്ടത്തിലാണ്..

അമ്മുവിനെ കാണാൻ ഇന്നാണ് ചെറുക്കനും കൂട്ടരും വരുന്നത്.. അത് പ്രമാണിച്ചു  വീട്ടിലും ആരൊക്കെയോ വരുന്നുണ്ട്.. എല്ലാരുടെയും നടപ്പിലും എടുപ്പിലും ഇതേതാണ്ട് ഉറപ്പിച്ച മട്ടാണ്..

ആരും അമ്മുവിനെയോ അവളുടെ അവസ്ഥയെയോ കാണാൻ ശ്രമിക്കുന്നില്ല..അവൾ എല്ലാത്തിനും ഒരു പാവ പോലെ നിന്നു കൊടുക്കുകയാണ്…

ഒരു സാരീയാണ് അമ്മുവിനെ ഉടുപ്പിച്ചത്..

എന്നത്തേയും പോലെ സിമ്പിൾ ആയുള്ള ഒരുക്കം… എന്നാൽ ആ കണ്ണുകളിൽ സന്തോഷമില്ല

മുഖത്ത് പ്രസരിപ്പില്ല… ആകെ വിളറി വെളുത്ത രൂപം.. ശരീരവും ക്ഷീണിച്ചിരിക്കുന്നു… ഒരുങ്ങയിറങ്ങിയ അമ്മുവിനെ കണ്ടു എല്ലാർക്കും വേദനയാണ് തോന്നിയത്… എങ്ങെനെ സന്തോഷമായി നടന്ന കുട്ടിയാണ്.. ഇപ്പോൾ….

ആ സമയമാണ് തിണ്ണയിൽ നിന്നും വിളി വരുന്നത്… ചെറുക്കനും കൂട്ടരും എത്തിയെന്നു..

ഇതുവരെ സംഭരിച്ചു വെച്ച ധൈര്യമൊക്കെ ചോർന്നു പോകുന്നതുപോലെ… കൈയും കാലും വിറക്കുന്നു… എങ്ങെനെ ഇതിൽ നിന്നൊന്നു രക്ഷപെടും… അത് മാത്രമായി ചിന്ത… അമ്മു എല്ലാരേയും മാറി മാറി നോക്കി…

ഹാളിൽ നിന്നും ആരുടെയൊക്കെയോ സംസാരം അവ്യക്തമായി കേൾകാം… അല്പ സമയത്തിന് ശേഷം പെണ്ണിനെ വിളിപ്പിച്ചു അമ്മാവൻ…

അമ്മു ഞെട്ടലോടെ എണിറ്റു.. മനസ് പുറകോട്ട് വലിക്കുന്നു…

അമ്മു ദാ… ചായ പിടിക്ക്‌…ശ്രീയാണ്…

നടക്… ഞാൻ പിറകെയുണ്ട്…

അമ്മു പതിയെ മുന്നിലേക്ക് നടന്നു.. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച നിമിഷം.. ജെറിലിനു മുന്നിൽ ഇങ്ങെനെ ചെന്ന് നില്കുന്നത്..

പക്ഷെ…. പക്ഷെ…. ഇപോൾ…

അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക് വീഴാൻ വെമ്പി.. അവൾ ഹാളിലെത്തി…

വയ്യ.. താൻ വീണുപോകും… മറ്റൊരാൾക്കു മുന്നിൽ തനിക് ഇങ്ങെനെ നില്കാൻ പറ്റില്ല..

അവളുടെ ഉള്ളം കേണു…

പയ്യന് ചായ കൊടുക്ക് മോളെ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും 😄😄😄

രചന : പ്രണയിനി