ഒന്നിച്ചൊന്നായി തുടർക്കഥയുടെ അവസാനഭാഗം വായിക്കുക…

രചന : പ്രണയിനി

അമ്മു വിറക്കുന്ന ചുവടുകളോടെ മുന്നോട്ട് നടന്നു.

എനിക്കിയാളെ കാണണ്ട… കല്യാണം കഴിക്കണ്ട എന്നൊക്കെ അവളുടെ മനസ് അവളോട് തന്നെ അലമുറയിട്ടു…

കൈകൾ വല്ലാതെ വിറക്കുന്നുണ്ട് അമ്മുവിന്റെ…

അവളോ ട്രെയോ ആര് വേണേലും വീണു പോകാം…

പയ്യന്റെ മുന്നിൽ ചെന്ന് നിന്നു അവൾ ട്രെ മുന്നിലേക്ക് നീട്ടി… ഒരു കൈ വന്ന്‌ ചായ എടുക്കുന്നത് അവൾ ഏതോ ലോകത്തെന്ന പോലെ അറിഞ്ഞു…

പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ ഒരുവന്റെ ശബ്ദം പിടിച്ചു നിർത്തി..

അമലു ❤️

അമ്മു ഞെട്ടി തിരിഞ്ഞുനോക്കി..കൈയിൽ നിന്നും വഴുതിയ ട്രെ പെട്ടെന്ന് ആരോ വാങ്ങി പിടിച്ചു…. തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്കായില്ല… കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകുന്നുണ്ട്… തടയാനോ തുടക്കാനോ അവളുടെ കൈകൾ ഉയർന്നില്ല.. ഏതോ ലോകത്തെന്ന പോലെ അവൾ ജെറിലിനെ തന്നെ നോക്കിനിന്നു..

എടാ കൊച്ചേ…

അമ്മു എന്നിട്ടും കണ്ണിമ പോലും ചിമ്മുന്നില്ല…

ജെറിൽ വന്നവളുടെ കൈയിൽ പിടിച്ചു എല്ലാരേം ഒന്ന് നോക്കി അകത്തേക്ക് നടന്നു.. അമ്മു ഒരു സ്വപ്നത്തിൽ എന്നപോലെ അവനോടൊപ്പം മുന്നോട്ട് ചുവടുകൾ വെച്ചു.

അമ്മുവിന്റെ മുറിയിലേക്കാണ് അവൻ അവളുമായി പോയത്…

അവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി..

എന്നിട്ട് അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു…

അമലു

അമ്മു ഒന്ന് ഞെട്ടി വിറച്ചു… അവൾ പതിയെ കൈയുയർത്തി ജെറിലിന്റെ കവിളിലൊന്നു തലോടി.. കണ്ണിൽ തൊട്ടു… ഇരു കൈകൾ കൊണ്ട് അവന്റെ മുഖം അവൾ കൈകളിൽ കോരിയെടുത്തു….

എന്താടാ ഇങ്ങെനെ നോക്കുന്നെ…

ഞാൻ…. ഞാൻ… കാണുന്നത് സത്യാണോ…

അതേടാ  … സത്യാണ് … ഇതാണ്…ഈ നിമിഷമാണ് സത്യം…

അമ്മു അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..

ഇത്രനാളും പിടിച്ചു വെച്ച സങ്കടവും വേദനയുമൊക്കെ അവനെ കെട്ടിപിടിച് അവൾ കരഞ്ഞു തീർത്തു…

അവളൊന്നു നോർമൽ ആകുന്നത് വരെ അവൻ അവളെ ചേർത്തുപിടിച്ചു തലോടി..

മതിയെടാ കരഞ്ഞത്…

എനിക്ക്…. നിക്ക്… വിശ്വസിക്കാൻ പറ്റുന്നില്ല…

എന്റെ കൊച്ചു ധൈര്യമായി വിശ്വസിച്ചോ…

ഞാൻ ഉറപ്പ് തന്നതല്ലേ നിന്നെ ഒരിക്കലും ഞാൻ കൈവിടില്ലെന്നു… ഒറ്റക്ക് ആക്കില്ലന്നു..

അമ്മു പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും എണിറ്റു…

ഇത്…..ഇതെങ്ങെനെ…..

അതോ…. അതൊക്കെയുണ്ട്… നിന്റെ ഈ ഇച്ചായന്റെ സൗന്ദര്യത്തിൽ കഴിവിൽ വീഴാത്ത ആരുണ്ട് മോളെ…

തമാശ പറയല്ലേ… എനിക്കിപ്പോഴും ചങ്കിടിക്കുവാ…. ഒന്ന് പറയെന്നെ… എങ്ങെനെ ഇവിടെത്തി… അപ്പോൾ ഇയാളാണോ എന്നെ കാണാൻ വരാനിരുന്നേ…

നീയൊന്നു സമാദാനപെടു എന്റെ പെണ്ണെ… എല്ലാം ഞാൻ പറയാം….

അന്ന് അമലു അറിയുകയായിരുന്നു മമ്മിയുടെ നാടകം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങൾ…

ആദ്യം വീട്ടിൽ വന്നപ്പോൾ എല്ലായിടത്തും സംഭവിക്കുന്നപോലൊക്കെ വാക്ക് തർക്കവും അല്പം ഒച്ചപ്പാടും ഉണ്ടായി… എന്നാൽ ക്രെമേണ ജെറിൽ തന്റെയും അമ്മുവിന്റെയും പ്രണയത്തിന്റെ ആഴവും അവൾ അനുഭവിക്കുന്ന സങ്കടവും വേദനയുമൊക്കെ അവരെ ബോധ്യപെടുത്തി…

അപ്പോഴാണ് മതത്തിന്റെ കാര്യം…

അവൾ അവളുടെ വിശ്വാസത്തിൽ മാത്രേ ജീവിക്കൂ എന്ന ജെറിലിന്റെ ഉറച്ച തീരുമാനത്തിൽ അവസാനം എല്ലാം ശരിയായി… പിന്നെ പപ്പയും മമ്മിയും അത്പോലാണ് കാര്യങ്ങൾ സംസാരിച്ചതും..

എല്ലാരും ഒന്നിച്ചിരുന്നാണ് ബാക്കി കാര്യങ്ങൾ തീരുമാനിച്ചത്… അമ്മുവിനെ ഇപ്പോളൊന്നും അറിയിക്കേണ്ട എന്നുള്ളത് എല്ലാരുടെയും കൂട്ടമായ തീരുമാനമായിരുന്നു…

അമ്മുവിന്റെ അവസ്ഥ കണ്ടു അല്പം ഭയം തോന്നിയത്കൊണ്ടാണ് അമ്മയൊക്കെ എപ്പോഴും അവളെ ശ്രദ്ധിച്ചത് എന്നുകൂടി കേട്ടപ്പോൾ ആ ദിവസങ്ങളിലെ കാര്യങ്ങൾ അവളുടെ ഓർമകളിലേക്ക് എത്തി…

ഇതാണ് സംഭവം… കണ്ടോടി പെണ്ണെ… പുലി പോലെ വന്നത് എലി പോലെ ആയില്ലേ… നിന്റെ ഇച്ചായന്റെ പവർ കണ്ടോ….

അമ്മു ഇപ്പോഴും ഓരോന്ന് ആലോചിച്ചിരിപ്പ് തന്നെ…

എന്റെ പെണ്ണെ മതി ആലോചിച്ചത്… ബാക്കി പിന്നെ ആലോചിക്കാo… ആദ്യം നീ ഇങ്ങു വായോ….

എന്നും പറഞ്ഞു ജെറിൽ അവളെ നെഞ്ചോട് ഇറുക്കി ചേർത്തു…. ഇത്രനേരം ക്രമം തെറ്റി മിടിച്ച അവളുടെ ഹൃദയം ഇപ്പോൾ സാദാരണ പോലെയായി….

അമലു

എന്തോ….

സന്തോഷം ആയോ എന്റെ കൊച്ചിന്…

ഒരുപാട് ഒരുപാട്.. പറഞ്ഞറിയിക്കാൻ പറ്റില്ല…

ഇനി സങ്കടമൊന്നും വേണ്ടാട്ടോ.. നീ എന്റെ മാത്രമാണ്… എല്ലാ അനുഗ്രഹത്തോടെയും ആശിർവാദത്തോടെയും നിന്നെ എന്റെ കൈയിൽ ഇവർ ഏല്പിക്കും കെട്ടോ..

പെട്ടെന്ന് മുറിയിൽ ഒരു ശബ്ദം കേട്ടാണ് രണ്ടാളും അടർന്നു മാറിയത്….

നോക്കുമ്പോൾ എല്ലാരുമുണ്ട്..

അച്ഛനും അമ്മയും പപ്പയും മമ്മിയും ചേട്ടനും ചേച്ചിയുമൊക്കെ…

എന്താണിവിടെ രണ്ടാളും കൂടി പരിപാടി. ഇതേ ഉറപ്പീര് ആയെ ഉള്ളു… കല്യാണം പിന്നെയാണ്…

അതിനു മുൻപേ രണ്ടും പണി പറ്റിക്കുവോ…

ചേച്ചിയാണ് അത് പറഞ്ഞത്… അമ്മു ചമ്മലോടെ ജെറിലിന്റെ പിന്നിൽ ഒളിച്ചു…

മമ്മി മുറിയിലേക്ക് കയറി വന്നു അമ്മുവിനെ ചേർത്ത് പിടിച്ചു…

എന്റെ മോൾ എന്നോട് ക്ഷമിക്കണം കെട്ടോ…

അന്ന് ഞാൻ കുറെ വേദനിപ്പിച്ചു… ഇനി ഉണ്ടാവില്ലാട്ടോ…

എന്റെ മകന്റെ പെണ്ണ് നീ തന്നെയാണ്…

അമ്മു നിറക്കണ്ണുകളോടെ മമ്മിയെ നോക്കി…

അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു…

നിന്നെപ്പോലൊരു പെണ്ണിനെ ആരാ കിട്ടാൻ കൊതിക്കാത്തത്… ഇവൻ നിന്റെ ഭാഗ്യമല്ല നീ ഇവന്റെ പുണ്യമാണ്….

അമ്മു നിറചിരിയോടെ നോക്കുന്നത് തന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയുമാണ്… അവളോടി അവരുടെ അടുത്തെത്തി… മൂന്നു പേർക്ക് മുന്നിലും നിന്നു കൈകൂപ്പി പൊട്ടിക്കരഞ്ഞു…

ചേട്ടൻ അവളെ ചേർത്ത് പിടിച്ചു…

ഇനി ഞങ്ങളുടെ അമ്മുമോൾ എന്തിനാ കരയുന്നത്… നിനക്ക് നിന്റെ ചെക്കനെ തന്നെ ഞങ്ങൾ തന്നില്ലേ…

ചേട്ടായി… എന്നോട്… ക്ഷമിക്…..

ഒന്നും പറയേണ്ട… ഞങ്ങളാണ് ക്ഷമ ചോദിക്കേണ്ടത്.. നിങ്ങളെ മനസിലാക്കാൻ ഞങ്ങൾക്കാണ് കഴിയാതെ പോയത്….

ജാതിക്കും മതത്തിനുമല്ല  മനുഷ്യമനസിനാണ് നമുക്കിടയിൽ സ്ഥാനം വേണ്ടത്… നിന്നെ ഞങ്ങള്ക് വിശ്വസിച്ചു ഇവന്റെ കൈയിൽ ഏല്പിക്കാo…

നല്ലൊരു കുടുംബമാണ് നിനക്ക് കിട്ടാൻ പോകുന്നതെന്നു ഞങ്ങള്ക് ഉറപ്പുണ്ട്…

അമ്മയും അച്ഛനും അവളെ ചേർത്ത് പിടിച്ചു…

എല്ലാരുടെയും മനസ് നിറഞ്ഞു…

സന്തോഷമായി യാത്ര പറഞ്ഞു അവരിറങ്ങി..

കാറിൽ കയറുന്നതിനു മുൻപ് അമ്മുവിനെ നോക്കി കണ്ണിറുക്കി കാണിക്കാനും ജെറിൽ മറന്നില്ല

അമ്മുവിന് നാണം തോന്നി… ശ്രീ അവളെ തോളുകൊണ്ട് ഒന്ന് തട്ടി….

പിന്നെയെല്ലാം പെട്ടെന്നായിരുന്നു…. കല്യാണം രജിസ്റ്റർ ഓഫീസിൽ വെച് നടത്തി പിന്നെ എല്ലാ ബന്ധുക്കൾക് വേണ്ടി ഒരു റിസപ്ഷൻ നടത്താനും തീരുമാനിച്ചു….

ബഹുജനം പലവിധം… ചിലരൊക്കെ കല്യാണം ഇങ്ങെനെയാണെന്ന് കേട്ടു മുറുമുറുക്കാനും തുടങ്ങി..

എന്നാൽ ഇപ്പോൾ അതൊന്നും ഇവരെ ബാധിക്കാത്ത രീതിയിലാണ് എല്ലാരും…

എല്ലാരേം തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ ഒക്കില്ലല്ലോ… പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ…

അങ്ങെനെ രണ്ട് മാസം കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച ജെറിൽ അമ്മുവിനെ മിന്നു കെട്ടി സ്വന്തമാക്കി…

വീട്ടുകാർ മാത്രം പങ്കെടുത്ത കുഞ്ഞൊരു ചടങ്ങ്…

വൈകുന്നേരം പേരുകേട്ട ലോട്ടസ് മഹലിൽ വെച്ച് റിസപ്ഷൻ ഗ്രാൻഡ് ആയി തന്നെ നടത്തി…

സ്റ്റേജിൽ ഒരുങ്ങി നിൽക്കുന്ന ജെറിലും അമ്മുവും എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റി…അത്രയും മനോഹരം ആയിരുന്നു രണ്ടാളെയും കാണാൻ…

എല്ലാരുടെയും മുഖത്ത്  അവരെ കണ്ടു  സന്തോഷം നിറഞ്ഞു…..ഒരുപാട് ആളുകൾ വിരുന്നിൽ പങ്കെടുത്തു…സ്കൂളിൽ നിന്നും കോളേജിൽ നിന്നും ജെറിലിന്റെ ഓഫീസിൽ നിന്നും ഒകെ ആളുകൾ പങ്കെടുത്തു…

ഫങ്ക്ഷൻ ഒകെ കഴിഞ്ഞു ജെറിലിന്റെ വീട്ടിലേക്ക് എല്ലാരൂടിയാണ് അമ്മുവിനെ കൊണ്ടുചെന്നാക്കിയത്..

കാത്തിരുന്നു കൊതിച്ച കല്യാണം ആണെങ്കിൽ കൂടിയും അമ്മുവിന് വീട്ടുകാരെ പിരിയുന്ന സമയം ആയപ്പോൾ സങ്കടം കൂടി.. എന്നാൽ അതുപോലും ജെറിൽ തന്റെ ചേർത്ത് നിർത്തലിലൂടെ മാറ്റിയെടുത്തു….

അന്ന് രാത്രിയിൽ എല്ലാ വിധത്തിലും ജെറിലിനു സ്വന്തം ആകുമ്പോൾ രണ്ടാളുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…. ഇനി വരും ജന്മങ്ങളിൽ എല്ലാം എനിക്ക് ഇവൾ മതിയെന്ന് ജെറിലിന്റെ ഹൃദയം അവളോട് മന്ത്രിച്ചു…

അതറിഞ്ഞപോലെ അമ്മു ജെറിലിന്റെ കവിളിൽ ചുംബിച്ചു 💙

അവസാനിച്ചു…..

എന്റെയി കുഞ്ഞു കഥക്കായി കാത്തിരുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരോടു ഒരുപാട് സ്നേഹം 💙❤️

വായിക്കുന്നവർ ഒരു വരിയെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകണേ 😍

രചന : പ്രണയിനി