നേരം പുലരുമ്പോ തൊട്ട് അടുക്കളേൽ കേറിയും പശുവിനെ കറന്നേച്ചും മുറ്റം തൂത്ത് വാരിയും തുണി അലക്കിയും ഒരു വീട് ഭരിച്ചോണ്ടിരിക്കുന്ന വല്യമ്മച്ചിക്ക്..

രചന : Adam John

അന്ന് വീട്ടിലോട്ട് വരുമ്പോ വല്യപ്പച്ചന്റൊപ്പം ഒരാൾ കൂടിണ്ടാരുന്നു.

പ്ലാസ്റ്റിക്കൊണ്ട് മെടഞ്ഞ ഒരു ചാരുകസേര.

ഹെഡ്‌ഫോണിന്റെ വയറ് കണക്കെ ചുറ്റിപ്പിണഞ്ഞു കീറിയ കസേരയുടെ ദൈന്യത കാണുമ്പോ ആരുടേം കണ്ണ് നിറയും

സോഫി മോളെ ഒഴിവാക്കിയതീ പിന്നെ വല്യമ്മച്ചിക്ക് കിട്ടിയ മനസ്സമാധാനം കസേര വന്നതോടെ പോയിക്കിട്ടി.

വേറൊന്നും കൊണ്ടല്ല.

കാലത്ത് പശുവിനെ മേയാൻ വിട്ട ശേഷം ഒറ്റത്തോർത്തും ഉടുത്തോണ്ട് പത്രമെടുത്തേച്ച് കസേരയിലോട്ട് ഒരിരിപ്പുണ്ട്.

എന്നതൊക്കെ പറഞ്ഞാലും നല്ല രസവാരുന്നു ആ കാഴ്ച കാണാൻ.

രവിവർമ ചിത്രങ്ങളെ അനുസ്മരിച്ചു പോവും വിധമുള്ള ഇരിപ്പ് എത്ര മനോഹരവാരുന്നെന്നോ.

ഇടക്ക് തുമ്മുവോ മൂക്ക് ചീറ്റുവോ ഒക്കെ ചെയുമ്പ ഒറ്റ മുണ്ട് പൊക്കിയേച്ച് മൂക്കിന് മോളിലൂടെ ഒരു പ്രയോഗവുണ്ട്.

ആ സമയത്ത് ആരേലും ആ വഴിക്ക് പോവാന്നേൽ ഉറപ്പായും ബോധം പോയിക്കിട്ടും.

പത്രമെടുത്തേച്ച് ആദ്യം നോക്കുവ കൊപ്രയുടേം കുരുമുളകിന്റേം ഒക്കെ വിലയെന്നതാന്നാ.

ഒരിക്കലിതെ കൂട്ട് ഡേറ്റ് നോക്കാതെ പഴയ പത്രവെടുത്ത് വായിച്ചെച്ച് കുരുമുളകിന് വില കൂടിയെന്നും പറഞ്ഞോണ്ട് വിക്കാൻ ചെന്നാരുന്നു.

അബദ്ധം പറ്റിയതാന്ന് മനസ്സിലായതും ചാക്കും തലേൽ ചുമന്നോണ്ട് അങ്ങേര് തിരികെ പോന്നു.

എന്താന്നെലും ചെന്ന സ്ഥിതിക്ക് അതങ്ങ് കൊടുത്തൂടായോന്ന് വല്യമ്മച്ചി ചോദിച്ചപ്പോ പറയുവാ അങ്ങനിപ്പോ അവന്മാര് ലാഭവുണ്ടാക്കണ്ടെന്ന്.

അങ്ങ് ആഫ്രിക്കയിലോ ആമസോൺ മഴക്കാടുകളിലോ ഏതേലും സ്ത്രീ മരം കേറുവോ വിറക് വെട്ടുവോ ചെയ്ത വാർത്തയെങ്ങാനും പത്രത്തേൽ വന്നാൽ വല്യപ്പച്ചൻ ജിറാഫിന്റെ കൂട്ട് കഴുത്ത് അകത്തോട്ട് നീട്ടി ഒരൊറ്റ വിളിയാ എടിയേ ഇങ്ങോട്ടൊന്ന് വായോന്ന്.

അടുക്കളയിലെ പണി പാതി വഴിയിൽ ഇട്ടേച്ച് ഓടി വരുന്ന വല്യമ്മച്ചിയെ വാർത്ത കാണിച്ചേച്ച് പറയും ദെ കണ്ടില്ലേ പെണ്ണുങ്ങളായാൽ ഇങ്ങനെ വേണോന്ന്.

നേരം പുലരുമ്പോ തൊട്ട് അടുക്കളേൽ കേറിയും പശുവിനെ കറന്നേച്ചും മുറ്റം തൂത്ത് വാരിയും തുണി അലക്കിയും ഒരു വീട് ഭരിച്ചോണ്ടിരിക്കുന്ന വല്യമ്മച്ചിക്ക് അതൊക്കെ കണ്ടിട്ടെന്നാ തോന്നാൻ.

എന്നാലും ഭർത്താവിനെ ധിക്കരിക്കാൻ പാടില്ലാലോ എന്നോർത്ത് മൂക്കത്ത് വിരൽ വെച്ചേച്ച് ആശ്ചര്യഭാവത്തോടെ നോക്കിയേച്ചും പോവും.

വല്യപ്പച്ചന്റെ പ്രിഷ്ട ഭാരം താങ്ങാൻ വയ്യാത്തോണ്ടാന്നോ എന്തോ കസേരയുടെ മെടഞ്ഞ ഭാഗം നാൾക്ക് നാൾ അമ്മാവന്റെ ജെട്ടിയുടെ കൂട്ട് ശോഷിച്ചു വന്ന് തുടങ്ങി.

അപ്പോഴാണ് അമ്മാവൻ പുതിയൊരു ആശയം റെപ്രസന്റ് ചെയ്യുന്നേ.

പഞ്ചായത്തീന്ന് കിട്ടിയ പഴയൊരു കോഴിക്കൂടുണ്ടാരുന്നേ..

കോഴികളില്ലാത്ത ദുഖത്തിൽ മഴയും വെയിലും കൊണ്ട് ആർക്കോ വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നൊരു സാധു.

അമ്മാവനതിന്റെ നെറ്റ് വലിച്ചു പറിച്ചേച്ച് വല്യപ്പച്ചന്റെ കസേരക്ക് വെച്ചു കൊടുത്ത്.

അവിടവിടായി ഇച്ചിരി തുരുമ്പും തുളയുവോക്കെ ഉണ്ടേലും വല്യപ്പച്ചനത് ഒത്തിരി ഇഷ്ടവായി.

ഇത്രയും നാൾ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തവൻ ഇന്നിതാ തന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചിരിക്കുന്നു.

വല്യപ്പച്ചൻ അന്നാദ്യവായി മകനെയൊർത്ത് അഭിമാനം കൊണ്ടു.

അല്ലേലും ഒരു വകക്കും കൊള്ളാത്തവരെന്ന് നമ്മള് ആക്ഷേപിക്കുന്ന പലരും ഇത് പോലെ എന്തേലുവൊക്കെ കഴിവുള്ളവരാരിക്കുന്നേ.

അങ്ങനിരിക്കെ ഒരു ദിവസം.

വല്യമ്മച്ചി അടുക്കളയിൽ കാര്യവായെന്തോ പണിയിലാരുന്നു.

വല്യപ്പച്ചൻ പതിവ് പോലെ ഒറ്റ മുണ്ടുടുത്തേച്ച് ചാരു കസേരയിൽ ഇരുന്നോണ്ട് പത്രം വായിക്കുവാ.

ഇടക്കെങ്ങാണ്ട് ഏതോ വാർത്ത കണ്ട് പതിവ് പോലെ അകത്തോട്ട് കഴുത്ത് നീട്ടി വല്യമ്മച്ചിയെ വിളിക്കുവാരുന്നേ.

വിളിക്കുന്നതിനിടയിൽ ഒറ്റമുണ്ടിനിടയിൽ വീർപ്പ് മുട്ടി കഴിയുവാരുന്ന സ്ഥാവര ജംഗമം സ്ഥാനം തെറ്റി അമ്മാവന്റെ കൈപ്പണി കൊണ്ട് ഭംഗിയാക്കിയ നെറ്റിന്റെ വിടവിലൊട്ട് കേറിയൊന്ന് കൊളുത്തി.

വല്യപ്പച്ചന്റെ കാറിക്കൂവൽ കേട്ട് വല്യമ്മച്ചി കരുതിയത് എന്നത്തെയും പോലെ പത്രത്തിലെന്തേലും വാർത്ത കണ്ടിട്ടാരിക്കൂന്നാ.

പക്ഷെ കൂവലിനൊപ്പം തെറി കൂടി കേക്കാൻ തുടങ്ങിയപ്പഴാണ് സംഗതി വേറെന്തോ ആണെന്ന് മനസ്സിലാക്കി വല്യമ്മച്ചി അങ്ങോട്ടേക്കോടി വന്നേ.

വന്നപ്പോ കണ്ട കാഴ്ച വൈദ്യുതി ലൈനിൽ കുടുങ്ങിയ വവ്വാലിന്റെ കൂട്ട് വല്യപ്പച്ചൻ ഇരുന്നിടത്തൂന്ന് എരിപൊരി കൊള്ളുവാ.

കാര്യവെന്തന്നറിയാൻ സൂക്ഷിച്ചു നോക്കിയ വല്യമ്മച്ചി തലയിൽ കൈവെച്ചു പോയി.

ആരോടേലും പറയാൻ ഒക്കുവോ.

ഒടുക്കം തവി എടുത്തോണ്ട് വന്നേച്ച് ഒരു കണക്കിന് നെറ്റ് ഇളക്കി മാറ്റിക്കോണ്ട് രക്ഷപ്രവർത്തനം നടത്തിയാണ് വല്യപ്പച്ചന്റെ മാനം രക്ഷിച്ചേ.

അന്നത്തോടെ കസേരമ്മേലുള്ള വല്യപ്പച്ചന്റെ ഛായ ചിത്ര പ്രദർശനം അവസാനിപ്പിച്ചെങ്കിലും അതിന് കാരണക്കാരൻ അമ്മാവൻ ആണെന്നാണ് വല്യപ്പച്ചനിപ്പഴും വിശ്വസിക്കുന്നെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Adam John