ഇനിയൊരു നിമിഷം ഇവളെ ഇവിടെ താ, മസിപ്പിക്കരുത്. ഇന്ന് തന്നെ ഇവടെ വീട്ടിൽ നിന്ന് അപ്പനെയും ആങ്ങളമാരെയും വിളിപ്പിക്കണം….

രചന : നന്ദിനി ദേവി

അന്ന

*******

ഹോട്ടലിന്റെ റിസപ്‌ഷനിൽ രഞ്ജിത്തിനെ കാത്തിരിക്കുമ്പോൾ ദീപു അക്ഷമയോടെ വാച്ചിലേക്ക് നോക്കി.

എയർപോർട്ടിലേക്കു പോകാനുള്ള ക്യാബ് വെയിറ്റിങ്ങിൽ ആണ്. ഇവൻ ഇതെവിടെ പോയി കിടക്കുന്നു.

ഫോണെടുത്തു രഞ്ജിത്തിന്റെ നമ്പറിലേക്കു വിളിച്ചു.

“ഹലോ ദീപു ….ജസ്റ്റ് ഫൈവ് മിനിറ്റ് ….ഇതാ എത്തി”

അഞ്ചുമിനിട്ടും പത്തുമിനിട്ടും കടന്നു പോയി. ഇനിയും താമസിച്ചാൽ ഫ്ലൈറ്റ് അതിൻറെ വഴിക്കു പോകും.

അയാൾ എഴുന്നേൽക്കുമ്പോഴാണ് ലിഫ്റ്റിന്റെ ഡോർ തുറന്നു രഞ്ജിത്തും കൂടെയൊരു പെണ്ണും ഇറങ്ങിയത്. ദീപു നെറ്റി ചുളിച്ചു നോക്കി ….

ഇപ്പോഴാണ് ആളെ പിടി കിട്ടിയത്.

അശ്വതി, നേരത്തെ ഞങ്ങളുടെ കമ്പനിയിലാണ് അവൾ വർക്ക് ചെയ്തിരുന്നത്. അവൾ ദീപുവിനെ നോക്കി പുഞ്ചിരിച്ചു. ഇവൾ ആയിരുന്നോ ഇന്നലെ ഇവൻറെ അന്തിക്കൂട്ട്. ദീപുവിന് വല്ലാത്ത വെറുപ്പ് തോന്നി.

കാറിൽ ലഗേജ് വെച്ച് തിരിയുമ്പോൾ അവർ പരസ്പരം പുണർന്നു നിൽക്കുന്നത് കണ്ടു. ദീപു കാറിനുള്ളിലേക്കു കടന്നിരുന്നു. അവൾക്കു പോകാൻ വേറെ ക്യാബ് വന്നിട്ടുണ്ട്. അശ്വതിയെ യാത്രയാക്കിയിട്ടാണ് രഞ്ജിത് കാറിൽ കയറിയത്.

ദീപുവിനു ഒരേസമയം അവനോട് അസൂയയും നീരസവും തോന്നി.

“ഹ്മ്മ് …എന്താടോ ഒരു ഗൗരവം ” രഞ്ജിത് ഒരു ചിരിയോടെ ചോദിച്ചു.

“അശ്വതി ഇന്നലെ നിന്റെ റൂമിൽ ഉണ്ടായിരുന്നോ ” ദീപു ദേഷ്യത്തോടെ ചോദിച്ചു.
രഞ്ജിത്തിന്റെ മുഖത്തൊരു കള്ളച്ചിരി വിടർന്നു.

“നീ ഇന്നലെ പാമ്പായി പോയില്ലേ മോനെ ”

“ഹാ …എനിക്ക് കള്ളുകുടി മാത്രമേയുള്ളൂ ….

പെണ്ണുപിടിത്തം ഇല്ല ”

“എനിക്ക് രണ്ടുമുണ്ട്…ഞാനേ ..പാലാക്കാരൻ അച്ചായനാ. ഇങ്ങേരു ഒരു പുണ്യാളൻ വന്നിരിക്കുന്നു.”

കുറച്ചു നേരത്തേക്ക് കാറിൽ നിശബ്ദത നിറഞ്ഞു. കാർ മുംബൈയിലെ ട്രാഫിക് തിരക്കിൽപ്പെട്ട് കിടക്കുകയാണ്.

“നീയിത് സ്നേഹയോടൊന്നും പറയാൻ നിൽക്കണ്ട കേട്ടോ ”

രഞ്ജിത്ത് ദീപുവിന്റെ തോളിൽ കൈയിട്ടു. അവന്റെ ഷർട്ടിൽ നിന്നും ലേഡീസ് പെർഫ്യൂമിന്റെ സുഗന്ധം ദീപുവിന് അനുഭവപ്പെട്ടു. അയാൾ ഈർഷ്യയോടെ മുഖം ചുളിച്ചു.

“അശ്വതി എങ്ങനെ ഇവിടെ വന്നു ”

അവളിപ്പോൾ മുംബൈയിലാണ് …ഞാൻ സ്റ്റാറ്റസ് ഇട്ടതു കണ്ട് അവൾ വിളിച്ചു. അവളുടെ ഹസും ടൂറിലാണ്. അപ്പോൾ നൈറ്റ് ഒന്നിച്ചു സ്പെൻഡ്‌ ചെയ്യാമെന്ന് വിചാരിച്ചു.”

രഞ്ജിത്ത് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

“അവളൊരു മൊതലാ അളിയാ ….. നല്ലോണം സുഖിപ്പിക്കാൻ അറിയാം ”

ഇന്നലത്തെ രാവിൻറെ ഓർമ്മയിൽ രഞ്ജിത്ത് കീഴ്ച്ചുണ്ട് കടിച്ചു.

“രഞ്ജീ …ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ. അന്ന ഇതൊക്കെയറിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക ”

“അവൾ ഒന്നും അറിയാൻ പോകുന്നില്ല …ഇനി അറിഞ്ഞാലും ഒന്നും സംഭവിക്കില്ല. എൻറെ പിള്ളേരെയും കൊണ്ട് ഇറങ്ങിപ്പോവാൻ അവൾക്ക് വേറെ ഇടമില്ലല്ലോ”

” നല്ല ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും അവളെ നീ ജോലിക്കൊന്നും വിടാഞ്ഞിട്ടല്ലേ ….”

“എനിക്ക് ഒന്നാമതെ ടൂറിംഗ് ജോബാണ് ….അവളും കൂടി ജോലിക്കു പോയാൽ അപ്പന്റെയും അമ്മയുടെയും പിള്ളേരുടേയുമൊക്കെ കാര്യം ആര് നോക്കും. അവൾക്കുള്ളത് ഒട്ടും കുറയാതെ ഞാൻ കൊടുക്കുന്നുണ്ട്, കാശും ഗിഫ്റ്റും സ്നേഹവും പിന്നെ സെക്‌സും.”

രഞ്ജിത്തും ദീപുവും തിരുവന്തപുരത്തു ഒരു കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

രഞ്ജിത്തിന് പെണ്ണെന്നാൽ ഒരു വീക്നെസ് ആണ്. അത് മറ്റാരും അറിയാതെ നയത്തിൽ കൈകാര്യം ചെയ്യാനുമറിയാം. അയാൾ വിവാഹിതനും ആറും ഒൻപതും വയസ്സുള്ള രണ്ടുകുട്ടികളുടെ പിതാവുമാണ്. ഭാര്യ അന്ന വീട്ടമ്മയാണ്. ഇതൊന്നും അറിയാതെ സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.

അന്നയെ കാണുമ്പോഴൊക്കെ ദീപുവിന് ഉള്ളിൽ സഹതാപം തോന്നാറുണ്ട്.

ഒരാഴ്‌ചത്തെ മുംബൈ യാത്ര കഴിഞ്ഞു രഞ്ജിത്ത് എത്തിയപ്പോൾ പതിവുപോലെ പുഞ്ചിരിയുമായി അന്ന വാതിൽ തുറന്നു. അത് കണ്ടപ്പോൾ രഞ്ജിത്തിന് ഉള്ളിലൊരു കുറ്റബോധം അനുഭവപ്പെട്ടു. ഊണിനു അയാൾക്ക്‌ പ്രിയപ്പെട്ട കറികൾ ഒരുക്കിയിരുന്നു.

എല്ലാവരോടുമൊപ്പം ഊണ് കഴിച്ചെഴുന്നേറ്റ് അയാൾ ബെഡ്റൂമിലേക്ക് പോയി. കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കമില്ലാത്ത രാത്രികൾ കാരണം അയാൾ മതികെട്ട് ഉറങ്ങിപ്പോയി.

കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണർന്നത്. അവർ സ്‌കൂളിൽ നിന്നും എത്തിയിരിക്കുന്നു. റിയായും റിയാനും ഡാഡിക്കരികിലേക്കു പാഞ്ഞെത്തി.

അയാൾ പെട്ടി തുറന്നു കുട്ടികൾക്കായി വാങ്ങിയ സമ്മാനങ്ങൾ പുറത്തെടുത്തു കൊടുത്തു. അന്നയെ അവിടെയെങ്ങും കണ്ടില്ല. അയാൾ കിച്ചണിലേക്കു ചെന്നു.

“എന്താ ഇച്ചായാ …വല്ലതും വേണോ ”

അവൾ വൈകുന്നേരത്തെ ചായക്ക്‌ ഒപ്പം കഴിക്കാൻ കട്ലറ്റ് ഉണ്ടാക്കുകയാണ്. നല്ല കൈപ്പുണ്യമാണ്‌ അന്നക്ക്.

പാനിലെ മൊരിഞ്ഞ കട്ലറ്റ് പ്ളേറ്റിലേക്കു മാറ്റിവെച്ചു. തിളയ്ക്കുന്ന ചായയിൽ നിന്നും ആദ്യം കുറച്ചു മാറ്റിവെച്ചു. അപ്പനും അമ്മയ്ക്കും വിതൗട്ടാണ്.ബാക്കിയുള്ളതിലേക്കു പഞ്ചസാരയിട്ടു.

“അമ്മ എവിടെപ്പോയി ”

“കുളിയ്ക്കുന്നു ”

“നീയെന്താ മുറിയിലേക്ക് വരാതിരുന്നത് ”

“ഞാൻ വന്നാരുന്നു …അപ്പോൾ ഇച്ചായൻ നല്ല ഉറക്കം ”

“യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നു. നിനക്ക് രണ്ടു ചുരിദാർ വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്. അലമാരയിൽ വെച്ചിട്ടുണ്ട്, പോയി നോക്ക് ”

“ഇതൊന്നു കഴിയട്ടെ ഇച്ചായാ ”

പണ്ടൊക്കെ ഇങ്ങനെ ഗിഫ്റ്റ് കൊണ്ടുവരുമ്പോഴുള്ള അന്നയുടെ സന്തോഷമൊന്നു കാണേണ്ടതായിരുന്നു.

ചുരിദാർ ആണെങ്കിൽ അപ്പോൾ തന്നെ ഇട്ടു നോക്കണം. ശരിയാണെങ്കിൽ പറ്റിയാൽ അന്ന് തന്നെ ബ്ലൗസ് തയ്പ്പിക്കണം.

ചായകുടി കഴിഞ്ഞു കുട്ടികളെയും കൊണ്ട് രഞ്ജിത്ത് പുറത്തൊന്നു ചുറ്റിയടിച്ചു. അത് കഴിഞ്ഞപ്പോൾ സന്ധ്യപ്രാർത്ഥനയും കുട്ടികളുടെ ഹോംവർക്കുമായി അന്ന തിരക്കിലായിരുന്നു. രഞ്ജി ആ നേരം മുറിയിൽ കയറി കതകടച്ചു ബാഗിന്റെ ഉള്ളറയിൽ നിന്നും മറ്റൊരു മൊബൈൽ കൈയിലെടുത്തു ഇന്നലത്തെ കേളികളൊക്കെ ഇതിൽ പകർത്തിയിട്ടുണ്ട്. ഹെഡ്‌ഫോൺ കണക്ട് ചെയ്തു അയാൾ അതൊക്കെ ഒന്നുകൂടി കണ്ടു. ഹാവൂ

അന്നയൊന്ന് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു.

ഫോൺ സ്വിച്ച് ഓഫ് ചെയ്തു പഴയ സ്ഥാനത്തേക്ക് തന്നെ വെച്ചു.

അത്താഴം കഴിഞ്ഞു അടുക്കളയിലെ പണികൾ ഒതുക്കി രാവിലത്തേക്കുള്ളതും അത്യാവശ്യം തീർത്തു അന്ന കിടക്കാൻ വന്നപ്പോൾ പതിനൊന്നായിരുന്നു.

അതിനു ശേഷം അവൾ മേല് കഴുകി നിശാവസ്ത്രത്തിലേക്കു കടന്നു. രഞ്ജിത് അപ്പോഴും ഉറങ്ങിയിരുന്നില്ല.

“നീയാ ചുരിദാർ ഇട്ടു നോക്കിയില്ലേ ”

“ഇല്ല നാളെയെങ്ങാനും ആവട്ടെ ….ഒന്ന് കിടന്നാൽ മതി”

അവളുടെ മുഖഭാവം കണ്ടപ്പോൾ ഒന്നും നടക്കില്ലെന്നു രഞ്ജിക്കു മനസ്സിലായി. അവൾ ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു. മൊബൈൽ കയ്യിലെടുക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു.

“ഇനി അതും നോക്കിക്കൊണ്ട് പാതിരാ വരെ കിടക്ക് ”

“ഇച്ചായാ എനിക്കാകെ സമയം കിട്ടുന്നത് ഇപ്പോഴാണ്. അതും വാട്സ് ആപ്പ് ഒന്ന് നോക്കും.

ഞങ്ങളുടെ കോളേജ് ഗ്രൂപ്പിൽ എന്നെയും ആഡ് ചെയ്തിട്ടുണ്ട്.

എന്ത് രസമാണെന്നോ, പണ്ടത്തെപ്പോലെ തന്നെയാണ് എല്ലാവരും.”

അവൾ മൊബൈൽ വെക്കാൻ ഭാവമില്ലെന്നു കണ്ടപ്പോൾ രാവുടുപ്പിന്റെ കുടുക്കുകൾ വലിച്ചു തുറന്നു അവളുടെ നഗ്നതയിലേക്കു അയാൾ മുഖം പൂഴ്ത്തി. തൻറെ അരിശം ദന്തക്ഷതങ്ങളായി അവളുടെ ശരീരത്തിൽ അയാൾ തീർത്തു.

“നോവുന്നു ഇച്ചായാ ”

ആ ദീന സ്വരം അയാളുടെ ആവേശത്തെ ഇരട്ടിയാക്കി. ഒടുവിൽ തളർന്നു അവളെ ചേർത്തുപിടിച്ചു കിടന്നു അയാൾ ഉറങ്ങി.

ഒരേ ദിവസത്തിന്റെ തനിയാവർത്തനം പോലെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയി.

അന്നയിലൊരു മാറ്റം പലപ്പോഴും രഞ്ജിത്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെറിയ ഇടവേളകളിൽ പോലും ഫോൺ എടുത്തു വെച്ചിരിക്കുന്നത് കാണാം.

അത് അയാളിൽ വല്ലാത്ത അസ്വസ്ഥത ജനിപ്പിച്ചു. അവളുടെ ഫോൺ ഒന്ന് ചെക്ക് ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. പറ്റിയൊരവസരത്തിനായി അയാൾ കാത്തിരുന്നു.

അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ പള്ളിയിൽപോകാൻ നേരത്തു അന്ന ഫോൺ തിരഞ്ഞെങ്കിലും അത് അവിടെയെയൊന്നും കണ്ടില്ല.

താമസിക്കുന്നതിനാൽ അവൾ പിള്ളേരെയും കൂട്ടി പള്ളിയിലേക്ക് പോയി. രഞ്ജിത്ത് ആ സമയം ഒളിപ്പിച്ചു വെച്ച അന്നയുടെ ഫോൺ എടുത്ത് പരിശോധിച്ചു. അതിലൊരു ചാറ്റിൽ അയാളുടെ കണ്ണുകൾ ഉടക്കി.

ആൽബി എന്ന പേരിലാണ് ചാറ്റ് ചെയ്തിരിക്കുന്നത് ….വളരെ വൾഗറായ മെസ്സേജുകളും ഫോട്ടോകളുമുണ്ട്. അയാളുടെ ഉള്ളു കിടുങ്ങിപ്പോയി. അന്ന തന്നെ ചതിച്ചിരിക്കുന്നു,

അവൾക്കൊരു കാമുകനുണ്ട്. അയാളുടെ രക്തം തിളച്ചു. അവസാനം വന്നതൊരു പോൺ വിഡിയോ ആയിരുന്നു. ഒരു സ്ത്രീയും പുരുഷനും കെട്ടിമറിയുന്നുണ്ട്, ഉയർന്ന ശീൽക്കാരങ്ങൾ,

അതിലെ മുഖങ്ങൾ അത്ര വ്യക്തമല്ല. താഴെയുള്ള മെസേജ് കണ്ടപ്പോൾ അയാൾക്ക്‌ തലചുറ്റുന്നതു പോലെ തോന്നി.

“താങ്ക്സ് അന്ന ….. ഫോർ ആൻ എവർ റിമെംബെറിങ് ഡേ”

അവൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും തന്നെ വഞ്ചിച്ചിരിക്കുന്നു. ഇത് പൊറുക്കാൻ പാടില്ല.

അയാളിൽ രോഷം കത്തിപ്പടർന്നു.

പള്ളിയിൽ നിന്ന് വന്ന അന്നയുടെ കവിളത്തു അടി പൊട്ടി. തടുക്കാൻ വന്ന അമ്മച്ചിയേയും പിള്ളേരെയും രഞ്ജിത്ത് തള്ളിമാറ്റി അവളെ തല്ലിച്ചതച്ചു.

“മതിയെടാ …എന്ത് തെറ്റാ അവള് ചെയ്തത് ”

അപ്പനും അമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു. മക്കള് രണ്ടും വലിയ വായിൽ കരഞ്ഞു.

“ഇവള് പെഴച്ചവളാ …. എങ്ങനെ തോന്നിയെടീ എന്നോട് ഇത് ചെയ്യാൻ ”

അയാൾ ഫോണിലെ ചാറ്റുകളും മെസ്സേജുകളും അവരെ കാണിച്ചു.

“ഇനിയൊരു നിമിഷം ഇവളെ ഇവിടെ താമസിപ്പിക്കരുത്. ഇന്ന് തന്നെ ഇവടെ വീട്ടിൽ നിന്ന് അപ്പനെയും ആങ്ങളമാരെയും വിളിപ്പിക്കണം. നമ്മുടെ അടുത്ത കൂട്ടക്കാരെയും പള്ളിക്കാരെയുമൊക്കെ ഞാനൊന്നു വിളിക്കട്ടെ. എല്ലാവരും എല്ലാം അറിഞ്ഞുവേണം പറഞ്ഞയയ്ക്കാൻ. നാളെ എന്ത് വന്നാലും നമ്മളെ ആൾക്കാർ പഴി പറയരുത്.”

അന്നയുടെ മുഖം നീരുവെച്ചു വീങ്ങിയിരുന്നു.

അവളുടെ ഉള്ളിൽ എന്താണെന്നു അയാൾക്കും ഊഹിക്കാനായില്ല. അന്ന മുറിയിൽ മക്കളെയും ചേർത്ത് പിടിച്ചു ഇരുന്നു. അവളുടെയുള്ളിലൊരു കനൽ എരിയുന്നുണ്ടായിരുന്നു .

കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലൊരു ആൾക്കൂട്ടം രൂപപ്പെട്ടു. എല്ലാവരും ബെഡ്റൂമിന്റെ വാതിൽക്കൽ വന്നു അന്നയെ അവജ്ഞയോടെ നോക്കി. ഒടുക്കം അവളുടെ അപ്പനും അമ്മയും ആങ്ങളമാരുമെത്തി. അവർക്കു മുൻപിൽ ചാറ്റുകളും മെസ്സേജുകളും അവിഹിതത്തിന് തെളിവായി രഞ്ജിത്തും കുടുംബക്കാരും നിരത്തി.

അന്നയുടെ അപ്പൻ കോപിഷ്‌ഠനായി അവളെ മുടിക്ക് കുത്തിപ്പിടിച്ചു പുറത്തേക്കു വലിച്ചിഴച്ചു.

അമ്മച്ചി കരഞ്ഞു, ആങ്ങളമാർ ദയയില്ലാതെ നോക്കി.

“തല്ലലും കൊല്ലലുമൊക്കെ നിങ്ങടെ അവിടെ ചെന്നിട്ടു. ഇവിടുന്നു കൊണ്ട് പൊക്കോണം ഇപ്പോൾത്തന്നെ ”

രഞ്ജിത്തിന്റെ അമ്മ പറഞ്ഞു. അപ്പന്റെ കൈ തട്ടി മാറ്റി അന്ന നിവർന്നു നിന്നു. അവളുടെ കണ്ണുകളിൽ കനൽ എരിഞ്ഞു. അവൾ ചുറ്റുപാടും നോക്കി, കണ്ണുകൾ പള്ളിയിലെ പുരോഹിതനിൽ തറഞ്ഞു നിന്നു. അയാൾക്ക്‌ അടുത്തേക്ക് ചെന്ന് അവൾ മുട്ടുകുത്തിയിരുന്നു.

“അച്ചാ …എനിക്കൊന്നു കുമ്പസാരിക്കണം ”

ഫാദർ അതുകേട്ട് അമ്പരന്നു.

“കുമ്പസാരിക്കുമ്പോൾ കർത്താവും ഞാനും നീയുമെ പാടുള്ളുവെന്നു അറിയില്ലേ. ”

“എനിക്ക് എല്ലാവരും കേൾക്കെ കുമ്പസാരിക്കണം അച്ചോ ”

ഫാദർ ചുറ്റും നിൽക്കുന്ന എല്ലാവരെയും നോക്കി.

“നിങ്ങളുടെ വിവാഹം നടത്തിയത് ഞാനാണ്.

ഇങ്ങനെയൊരു വിധിയും കാണേണ്ടി വന്നല്ലോ.

വ്യഭിചാരം പാപമാണെന്നു അറിയില്ലേ കുഞ്ഞേ ”

“അത് പെണ്ണ് ചെയ്താലും ആണ് ചെയ്താലും പാപമല്ലേ അച്ചാ ”

“അതേ ”

അവൾ ചുരിദാറിന്റെ പോക്കെറ്റിൽ നിന്നും ഒരു ഫോൺ പുറത്തെടുത്തു. അതിൽ ഒരു നമ്പർ ഡയൽ ചെയ്തു. ടീപ്പോയിലിരുന്ന അവളുടെ ഫോണിലേക്കു കാൾ വന്നു. അതിന്റെ ഡിസ്‌പ്ലെയിൽ ആൽബി എന്ന പേര് തെളിഞ്ഞു.

“എനിക്ക് അവിഹിതമുണ്ടെന്നു നിങ്ങൾ ആരോപിക്കുന്ന ആൽബിയുടെ നമ്പർ ആണിത് ”

ചുറ്റുമുള്ളവർ പൊട്ടൻ ആട്ടം കാണുന്നത് പോലെ മിഴിച്ചു നിന്നു. ആ ഫോൺ തന്റെ രഹസ്യഫോൺ ആണെന്ന് രഞ്ജിത് ഒരു ഞെട്ടലോടെ മനസ്സിലാക്കി.

നിമിഷനേരം കൊണ്ട് അവിടെയുണ്ടായിരുന്ന സ്മാർട്ട് ടിവിയിലേക്കു അന്ന ഫോൺ കണക്ട് ചെയ്തു.

രഞ്ജിത്ത് ഫോൺ കൈക്കലാക്കാൻ ചാടി വീണു.

അന്ന അയാളെ ഒറ്റതള്ളിനു താഴെയിട്ടു. അസാധാരണ ശക്തിയായിരുന്നു അവൾക്കു അന്നേരം.

സ്‌ക്രീനിൽ തെളിഞ്ഞ രഞ്ജിത്തിന്റെ ചാറ്റുകളിലേക്കു എല്ലാവരും കണ്ണുകൾ നട്ടു.

വിഡിയോ ഓരോന്നായി അന്ന പ്ലേ ചെയ്തു.

അതിലോരോന്നിലും രഞ്ജിത്തിനൊപ്പം പല പെൺമുഖങ്ങളും അവർ കണ്ടു. സ്ത്രീജനങ്ങൾ ഒക്കെ അതിലേക്കു നോക്കാനാവാതെ തല താഴ്ത്തിയിരുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് രഞ്ജിത്തിന് മനസ്സിലായില്ല. കണ്ണിൽ ഇരുട്ട് പടർന്നു, മുൻപിൽ മഹാശൂന്യത. താൻ അന്നയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതാണ് വിനയായത്. ഒന്നും ഒരിക്കലും അവൾ അറിയില്ലെന്ന് കരുതി. പക്ഷേ തനിക്കൊരു കെണിയൊരുക്കി അവൾ കാത്തിരിക്കുകയായിരുന്നു.

അന്നയുടെ സ്വരം ഉയർന്നു കേട്ടു.

“നിങ്ങൾ എൻറെ ഫോണിൽ കണ്ടതും ഇതിലുള്ള ഒരു വീഡിയോ തന്നെയാണ്. ചാറ്റ് മെസ്സേജ് നോക്കുന്നതിനിടയിൽ അതിലുള്ളത് ഞാനാണോ എന്ന് നിങ്ങൾ നോക്കിയില്ല. എൻറെ ഭർത്താവിന്റെ വ്യഭിചാരത്തിന് ശിക്ഷയില്ലേ അച്ചോ.

ആർക്കുമൊന്നും പറയാൻ കഴിഞ്ഞില്ല. അന്നയുടെ ആങ്ങളമാർ രഞ്ജിത്തിന് നേരെ ചാടിവീണു.

“വേണ്ട …പോലീസിനെ വിളിച്ചിട്ടുണ്ട് ”

അത് കേട്ടപ്പോൾ രഞ്ജിത്തിന്റെ മുഖം വിളറി വെളുത്തു. അയാൾ അവളുടെ കാൽക്കലേക്കു വീണു.

“ഒരേയൊരു ചാൻസ് എനിക്ക് തരണം മോളെ

മക്കളെയോർത്തെങ്കിലും”

“ഞാൻ വ്യഭിചാരിണിയാണെന്നു മുദ്രകുത്തിയപ്പോൾ നീ ഇപ്പറയുന്ന ഒരേയൊരു ചാൻസ് എനിക്ക് നല്കിയിരുന്നുവോ…. ഒരുകാര്യത്തിൽ നന്ദിയുണ്ട്, കൂട്ടക്കാരെയും പള്ളിക്കാരെയുമൊക്കെ വിളിച്ചു കൂട്ടി ഇങ്ങനെ ഒരു സദസ് നൽകിയതിന്.”

അവൾ അത്യധികമായ വെറുപ്പോടെ പറഞ്ഞു.

പോലീസ് ജീപ്പ് മുറ്റത്തു വന്നിരുന്നു. അതിൽ നിന്നും ഒരു സബ് ഇൻസ്പെക്ടറും പോലീസുകാരും ഇറങ്ങി. SI ഒരു സ്ത്രീയായിരുന്നു. അവർ അന്നയുടെ അടുത്തേക്ക് വന്നു അവളുടെ മുഖത്തെ പാടുകളിൽ വിരലോടിച്ചു. അടുത്ത നിമിഷം പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം കേട്ടു. രഞ്ജിത്ത് കവിളും പൊത്തി നിൽക്കുന്നുണ്ടായിരുന്നു.

“ഞാൻ സുസ്മിത, അന്നയുടെ ക്ലാസ്സ്മേറ്റാണ്.

എൻറെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു ഇവൾ.

കോളേജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വർഷങ്ങൾക്കു ശേഷം ഞങ്ങൾ കാണുന്നത്.

അപ്പോൾ ഞാൻ കണ്ടത് പഴയ അന്നയുടെ ഒരു നിഴലിനെ മാത്രം ആയിരുന്നു. ഒരുപാട് നിർബന്ധിച്ചതിനു ശേഷമാണ് ഇവൾ എന്നോട് മനസ്സ് തുറന്നത്. ഭർത്താവിൻറെ അവിഹിത ബന്ധങ്ങളിൽ ഇവളുടെ മനസ് മരവിച്ചു പോയിരുന്നു.

അന്യ സ്ത്രീകളുടെ ഗന്ധവും പേറിവന്നു ഇവളോട് കാണിക്കുന്ന പരാക്രമങ്ങൾ വേറെയും.

ഈ പകൽമാന്യന്റെ ലീലാവിലാസങ്ങൾ ആരോട് പറഞ്ഞാലും ഇവളെ ആരും വിശ്വസിക്കില്ല.

സ്വന്തമായൊരു ജോലിയില്ല , പോകാൻ ഒരിടമില്ല.

ആത്മഹത്യയുടെ വക്കിൽ നിന്ന് ഞാനാണ് ഇവളെ മടക്കിക്കൊണ്ടു വന്നത്. ഞാൻ പറഞ്ഞതനുസരിച്ചാണ് മറ്റേ ഫോണിൽ നിന്ന് ഇവൾ ചാറ്റ് ചെയ്തത്. അങ്ങനെ ഇവനെ കുടുക്കാനൊരു അവസരം ഇവനായിട്ടു തന്നെ ഉണ്ടാക്കി തന്നു. ഗാർഹിക പീഢനത്തിനും പരസ്ത്രീബന്ധത്തിനും നിൻറെ പേരിൽ കേസ് എടുത്തിട്ടുണ്ട്. നീ ഒരു നല്ല വക്കീലിനെ വെച്ച് ഇറങ്ങിപ്പോരുമെന്നു എനിക്കറിയാം. പക്ഷേ ഇവൾക്കും കുഞ്ഞുങ്ങൾക്കും കിട്ടാനുള്ളതൊക്കെ ഞാൻ വാങ്ങിച്ചു കൊടുത്തിരിക്കും. ഇവിടെയുള്ളവരൊക്കെ ഈ സംഭവങ്ങൾക്കു സാക്ഷികളാണ്, വേണ്ടി വന്നാൽ നിങ്ങളെയൊക്കെ സ്റ്റേഷനിൽ വിളിപ്പിക്കും.”

രഞ്ജിത്തിനെ അറസ്റ്റു ചെയ്തു ജീപ്പിൽ കയറ്റി.

“ഇനിയെന്താ നിന്റെ തീരുമാനം ”

സബ് ഇൻസ്‌പെക്ടർ സുസ്മിത അന്നയോടായി ചോദിച്ചു.

“ഞങ്ങൾ അവളെ വീട്ടിലേക്കു കൊണ്ട് പോവുകയാണ് മേഡം”

അന്നയുടെ മൂത്തസഹോദരൻ പറഞ്ഞു.

“കേസും കൂട്ടവുമില്ലാതെ കഴിവതും പെട്ടെന്ന് നമുക്ക് ഡിവോഴ്സ് വാങ്ങിക്കാൻ ശ്രമിക്കാം.

നിൻറെ ജോലിക്കാര്യം ഞാൻ ശരിയാക്കിയിട്ടുണ്ട്.

മേരിമാതാ ഹോസ്പ്പിറ്റലിൽ അക്കൗണ്ട്സിലാണ് ജോലി. തുടക്കത്തിൽ ശമ്പളം കാര്യമായി ഉണ്ടാവില്ല

എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ നമുക്ക് വേറെ വല്ലയിടത്തും നോക്കാം.”

അന്ന സുസ്മിതയെ കെട്ടിപ്പിടിച്ചു ഒരേങ്ങലോടെ ചുമലിലേക്ക് മുഖം താഴ്ത്തി.

“സാരമില്ലെടീ …ഞാനില്ലേ കൂടെ ”

ആ വീട്ടിൽ നിന്നും മക്കളെയും കൂട്ടി എന്നെന്നേക്കുമായി പടിയിറങ്ങുമ്പോൾ അന്നയുടെ മനസ്സിൽ ഉണ്ടായിരുന്നത് ആ സൗഹൃദത്തിന്റെ തണൽ മാത്രമായിരുന്നു. ആ തണലിൽ മുൻപോട്ടുള്ള വഴിയിലെ ഏതു പ്രതിസന്ധിയെയും നേരിടാമെന്ന ആത്മവിശ്വാസം അവളിൽ നിറഞ്ഞു നിന്നു.

കാലം മുൻപോട്ടു പോകവേ അന്നാസ് കഫേ എന്നൊരു കോഫിഷോപ്പ് ചെയിനിന്റെ സാരഥിയായി അവൾ അറിയപ്പെട്ടു. ഒപ്പം അതിജീവനത്തിന്റെ ഉത്തമമാതൃകയായും അന്നയെ മാധ്യമങ്ങൾ വാഴ്ത്തി.

അപ്പോഴേക്കും സുസ്മിതയും DYSP റാങ്കിൽ എത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അവർ ഒന്നിച്ചാണ് പങ്കെടുത്തത്. ഇരുവർക്കും പറയാനുള്ളത് ഒരേകാര്യമായിരുന്നു.

പെണ്ണേ നിന്നിലെ നിന്നെയറിയുക, നിന്നിലെ ശക്തിയിൽ വിശ്വസിക്കുക, പരസ്പരം സൗഹൃദത്തിന്റെ താങ്ങും തണലുമാവുക.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

(അവസാനിച്ചു)

രചന : നന്ദിനി ദേവി