മൈ അയൺ ലേഡി… ഈ കഥ വായിക്കാതെ പോകരുത്..

മൈ അയൺ ലേഡി…

രചന: ബിന്ധ്യ ബാലൻ

“നിന്നെപ്പോലൊരുത്തി കാരണമാടി എന്റെ മോൻ ചാവാതെ ചത്തത്… കാലം കുറച്ചെടുത്തു അവന്റെ ചങ്കേലെ പെടച്ചിൽ മാറാൻ.. ഇപ്പൊ അവനൊന്നു ചിരിച്ച് തുടങ്ങിയപ്പോ വരുന്നു വേറൊരുത്തി..

മേലാൽ.. മേലാൽ എന്റെ കൊച്ചിനെ വിളിച്ചേക്കരുത്.. നീയെന്നല്ല ഒരുത്തിയും ഇനി എന്റെ മോന്റെ മുന്നിൽ വരരുത്. സമയമാകുമ്പോ അവനു പറ്റിയൊരു പെണ്ണിനെ ഞങ്ങൾ കണ്ടുപിടിച്ചോളാം…. ക്ഷേമം തിരക്കാൻ വിളിക്കുന്നു.. നാശം ”

വല്യച്ഛന്റെ പേരക്കുഞ്ഞിന്റെ പേരിടൽ ചടങ്ങ് വിളിക്കാൻ കൂട്ടുകാരനെ വിളിച്ച എനിക്ക് അവന്റെ മാതാശ്രീയുടെ വായിലിരിക്കുന്ന വളിച്ചതും പുളിച്ചതുമായ സകലതും കേൾക്കേണ്ടി വന്നു.

‘അത്.. ഞാൻ.. എനിക്ക്.. യ്യോ… ശ്ശോ.. “എന്നിങ്ങനെയുള്ള കൊച്ച് കൊച്ച് വാക്കുകൾ അല്ലാതെ മറ്റൊന്നും പറയാൻ എനിക്കൊരു അവസരം തരാതെ മാതാശ്രീ ഫോണിൽ കത്തികയറി. ആ അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. പ്രേമിച്ച പെണ്ണ് ചതിച്ചതറിഞ്ഞ് ചാവാനൊരുങ്ങിയ മകനെ വീണ്ടും ഒരു പെണ്ണ് വിളിക്കുന്നത്‌ കണ്ടപ്പോൾ അമ്മയുടെ നെഞ്ച് പിടഞ്ഞിട്ടുണ്ടാവും. ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നല്ലേ. മകനോടുള്ള ആ അമ്മയുടെ നിറഞ്ഞ സ്നേഹവും കരുതലുമാണ് ആ പൊട്ടിത്തെറിക്ക് കാരണമെന്ന് എനിക്ക് മനസിലായി.

ഞാൻ ഒന്നും മിണ്ടാതെ ഫോൺ വച്ചു. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോ കൂട്ടുകാരൻ വിളിക്കുന്നു. ഫോൺ എടുത്ത് ചെവിയോട് ചേർത്തപ്പോൾ അവൻ പറഞ്ഞു

“നീ വിളിച്ചിട്ടുണ്ടായിരുന്നല്ലേ.. ഡീ മോളെ സോറി.. നിനക്ക് അറിയാല്ലോ.. അമ്മയ്ക്ക് ഇപ്പൊ എന്നേ ഏത് പെണ്ണ് വിളിച്ചാലും പേടിയാണ്. ആ പേടി കൊണ്ട് നിന്നോട് എന്തൊക്കെയോ പറഞ്ഞതാടി.. അല്ലാതെ.. നീയങ് ക്ഷമിക്ക് ”

“അത് സാരമില്ല… എനിക്ക് മനസിലാകും… അമ്മയോട് ക്ഷമിക്കെന്നൊക്കെ പറയാതെ… ആ പിന്നെ ഞാൻ വിളിച്ചത് ചേച്ചീടെ കുഞ്ഞിന്റെ പേരിടൽ വിളിക്കാനാണ്.. ഈ മാസം മുപ്പതിനാണ് ചടങ്ങ്.. വരാതിരിക്കരുത് കേട്ടോ ”

കുഞ്ഞിന്റെ പേരിടലിനു പക്ഷെ ആൾ വന്നില്ല.. അമ്മ പറഞ്ഞു കാണും പോവണ്ടാന്ന്.. ഹും… കാലം പോകുംതോറും സൗഹൃദം വളർന്നു കൊണ്ടിരുന്നു… വളർന്നു വളർന്നു സൗഹൃദം പ്രണയമായി മാറിയപ്പോ ആകെ ടെൻഷൻ..

അമ്മ… ദൈവമേ…. അന്ന് കേട്ട ചീത്ത മുഴുവൻ ഇപ്പോഴും കാതിൽ കെട്ടിക്കിടക്കുന്നത് പോലെ..

എന്നാലും അമ്മയോട് പറയാതെങ്ങനാ… വലിയ കലിപ്പ് ഉണ്ടാവാൻ ചാൻസില്ല.. കാരണം, കാലങ്ങളോളം മകൻ പെണ്ണ് കെട്ടാതെ ഒരൊറ്റ നിൽപ്പ് നിന്നപ്പോൾ ആ അമ്മയുടെ പ്രാർത്ഥന പിന്നെയങ്ങോട് ഒന്ന് മാത്രമായിരുന്നു.. പ്രേമിച്ച് വിളിച്ചോണ്ട് വന്നിട്ടാണേലും അവൻ വിവാഹം കഴിച്ച് കണ്ടാൽ മതി..അത് തന്നെ.. പതിയെ പതിയെ എന്റെ കാര്യം അമ്മയോട് അവതരിപ്പിച്ചെങ്കിലും, പണ്ടൊരിക്കൽ അമ്മ ചീത്ത പറഞ്ഞോടിച്ച ‘പെണ്ണാണ് ‘ഞാൻ എന്ന് ടിയാൻ അമ്മയോട് പറഞ്ഞില്ല..

ഒടുക്കം എന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് എന്നെ വിളിച്ചിറക്കി കൊണ്ട് വന്നിട്ട് എന്റെ ‘താന്തോന്നി ‘അമ്മയെ വിളിച്ചിട്ട് കാര്യം അവതരിപ്പിച്ചു.. അമ്മ അങ്ങ് കുവൈറ്റിലിരുന്നൊരൊറ്റ ചോദ്യം

“പൊന്നു മോനെ.. ഇനിയെങ്കിലും നീ പെങ്കൊച്ചേതാന്ന് പറയെടാ “.. “അത്.. അമ്മയ്ക്കൊർമ്മയുണ്ടോ, അമ്മ അന്നൊരു ദിവസം എന്റെയൊരു ഫ്രണ്ട് കൊച്ചിനെ ചീത്ത വിളിച്ചത്.. ആ അവളാണ്.. പേര് ബിന്ധ്യ… ”

മകന്റെ മറുപടി കേട്ട് അമ്മ തലയിൽ കൈ വച്ചൊരൊറ്റ പറച്ചിൽ

“യ്യോ. ആ കൊച്ചാണോ… എടാ മോനെ…ഫസ്റ്റ് തന്നെ എന്റെ ഇമ്പ്രെഷൻ കളഞ്ഞ കൊച്ചാണ്…അതിനെയാണോ നീ വിളിച്ചോണ്ട് വന്നത്… ”

“അതിന് അമ്മേം അവളെ ഉമ്മ വയ്ക്കുവല്ലാരുന്നല്ലോ…. ദേ അവളിപ്പോ അമ്മേടെ മരുമകളാണ്… ഞാൻ ഫോൺ കൊടുക്കാം.. ചുമ്മാ ഒന്നനുഗ്രഹിച്ചേക്ക് ”

അമ്മയോട് കൊഞ്ചിപറഞ്ഞു താന്തോന്നി ഫോൺ എനിക്ക് തന്നു. ചെവിയോട് ചേർത്ത് ഹലോ പറഞ്ഞപ്പോ അമ്മ പറയുവാ

“കൊച്ചേ… കാര്യങ്ങളെല്ലാം അവൻ പറഞ്ഞു…. മോളെന്നാത്തിനാ പേടിക്കുന്നെ… പേടിക്കണ്ട കേട്ടോ.. അവരാരും എന്റെ മോളെ ഒന്നും ചെയ്യത്തില്ല…. പിന്നെ അമ്മയെന്തിനാ ഇവിടെ ഉള്ളത്… ”

അത് കേട്ടപ്പോ ഉള്ളിലൊരു തണുപ്പ് പടർന്നു…. കരച്ചിലിനിടയിലും അറിയാതൊരു ചിരി വിടർന്ന നിമിഷം… സന്തോഷം കൊണ്ട് അമ്മയോട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.. എന്റെ നിൽപ്പ് കണ്ട് അമ്മ പിന്നെയും എന്നെ ചീത്ത പറയുവാണോ എന്ന് സംശയിച്ച് താന്തോന്നി ഫോൺ വാങ്ങി ലൗഡ്സ്പീക്കറിലിട്ട് ചോദിച്ചു

“അമ്മയെന്നാ ഇവളെ പറഞ്ഞത്… ദേ അവള് ഇവിടെ കിളി പോയി നിൽക്കുവാ… ”

ചോദിച്ചതിന് മറുപടി പറയാതെ എന്റെ താന്തോന്നിയെ അമ്മ ഒരൊറ്റ വിരട്ടൽ

“ഡാ ചെറുക്കാ…. എന്റെ കൊച്ചിനെ മര്യാദയ്ക്ക് നോക്കിക്കോണം… കൊച്ചിന്റെ മുഖം വാടുന്നതെങ്ങാനും ഞാൻ കണ്ടാൽ നിന്നെ ഞാൻ വടി വെട്ടി അടിക്കും പറഞ്ഞേക്കാം” അത് കേട്ട് ‘ഇപ്പൊ നിങ്ങൾ ഒന്നായോ ‘ എന്ന മട്ടിൽ താന്തോന്നി ഒരു നോട്ടം.

കല്യാണം കഴിഞ്ഞു ഇപ്പൊ അഞ്ചു മാസം ആകുന്നു…അങ്ങ് കുവൈറ്റിൽ ആണെങ്കിലും, അമ്മ ഒരിക്കലും ദൂരെയാണെന്നു ഇന്നോളം തോന്നിയിട്ടില്ല.. തോന്നിപ്പിച്ചിട്ടുമില്ല… പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞോരു സത്യമാണ്, എന്റെ ഇച്ചായന്റെ ചങ്കിലെ സ്നേഹവും ധൈര്യവും അലിവും എല്ലാം ആ അമ്മ പകുത്തു കൊടുത്തതാണ് എന്ന്… കാരണം ഞങ്ങളുടെ അമ്മ ഒരേ സമയം സ്ട്രോങ്ങ്‌ ആണ്… സെൻസിറ്റീവ് ആണ്… എന്റെ കാഴ്ചപ്പാടിൽ ഷീ ഈസ് ദ റിയൽ അയൺ ലേഡി…. ”

ലൈക്ക് ഷെയർ ചെയ്യണേ…

രചന: ബിന്ധ്യ ബാലൻ