നിന്നെ കൂടെ കൊണ്ട് പോവാനാ ഞാൻ വന്നത്. നീയില്ലാതെ എനിക്ക് പറ്റുന്നില്ലെടാ…

രചന: ശിവ എസ് നായർ

കട്ടിലിനരികിൽ ഒരു നിമിഷം അവളെ കണ്ടതും ജഗൻ നടുങ്ങി തരിച്ചു.

അവനെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ് അവൾ.

“മധു… നീ… നീയെങ്ങനെ ഇവിടെ വന്നു”

“എന്റെ കൂടെ വരുന്നോ..??? നിന്നെ കൂടെ കൊണ്ട് പോവാനാ ഞാൻ വന്നത്. നീയില്ലാതെ എനിക്ക് പറ്റുന്നില്ലെടാ… ”

“ഇല്ല… ഞാൻ… ഞാൻ വരുന്നില്ല…” അൽപ്പം പേടിയോടെ അവൻ പറഞ്ഞു.

“പക്ഷെ നിന്നെ ഞാൻ കൊണ്ട് പോവും…. ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ. എന്നോട് ക്ഷമിക്കു
ജഗൻ.

അവന്റെ നെറ്റിയിൽ അവൾ മൃദുവായി ചുംബിച്ചു.

സാവധാനം മധുരിമയുടെ കൈകൾ ജഗന്റെ കഴുത്തിനെ ലക്ഷ്യം വച്ചു നീങ്ങി.

അവന്റെ കഴുത്തിൽ അവൾ പിടി മുറുക്കി. ശ്വാസം കിട്ടാതെ ജഗൻ പിടഞ്ഞു.

“മധു… എന്നെ വിടു…. ” അവൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചു.

“നിന്നെയെനിക്ക് വേണം ജഗൻ…. ഞാൻ നിന്നെ കൊണ്ട് പോവുകയാ… ”

“അമ്മേ… ” ജഗൻ അലറി കൊണ്ട് ചാടിയെഴുന്നേറ്റു.

ഒരു നിമിഷം ജഗൻ പകച്ചു ചുറ്റും നോക്കി. മുറിയിൽ അപ്പോഴും ട്യൂബ് ലൈറ്റ് പ്രകാശിക്കുന്നുണ്ടായിരുന്നു. മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിന്റെ ഒച്ച അവനെ അലോസരപ്പെടുത്തി.

കണ്ടത് സ്വപ്നമാണെന്ന് ഓർത്തപ്പോൾ അവനു തെല്ലു ആശ്വാസം തോന്നി.

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞതേയുള്ളൂ.

“ഇന്നത്തെ ഉറക്കം പോയി കിട്ടി…. ” പിറു പിറുത്തു കൊണ്ട് ജഗൻ ഒരു സിഗററ്റ് എടുത്തു കത്തിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.

കുറച്ചു ദിവസമായി ഈ പതിവ് തുടങ്ങിയിട്ട്. ഒന്ന് മയങ്ങി വരുമ്പോൾ ജഗൻ മധുരിമയെ സ്വപ്നം കണ്ടു ഞെട്ടി ഉണരും.

പിന്നെ ഒരു പോള കണ്ണടയ്ക്കാൻ കഴിയില്ല.ഉറങ്ങി വരുമ്പോൾ അവൾ മുന്നിൽ വന്നു നിൽക്കുന്നതായും ശ്വാസം മുട്ടിച്ചു കൊല്ലുന്നതായും സ്വപ്നം കാണാൻ തുടങ്ങും.

അവന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.

ജഗൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു.

റിങ്ങ് കേട്ട് തീരാറായപ്പോഴാണ് മറുതലയ്ക്കൽ ഫോൺ എടുത്തത്.

“ഹലോ… ” ഉറക്ക ചടവോടെയുള്ള അമ്മയുടെ സ്വരം ജഗൻ കേട്ടു.

“അമ്മേ… ”

“നീ ഇതുവരെ ഉറങ്ങിയില്ലേ മോനെ… ”

“നേരത്തെ കിടന്നതാ ഉറങ്ങാൻ. പക്ഷെ കുറച്ചു മുൻപ് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു..
ഇപ്പൊ ഒരാഴ്ച ആയിട്ട് ഇങ്ങനെയാ അമ്മേ…. തീരെ ഉറങ്ങാൻ കഴിയുന്നില്ല..”

“എന്ത് പറ്റി മോനെ നിനക്ക്?? അമ്മയോട് പറയ്യ്…. ”

“അത് പിന്നെ അമ്മേ… ഞാൻ.. ഞാൻ കുറച്ചു ദിവസമായി മധുരിമയെ സ്വപ്നം കാണുന്നു.

ഉറക്കത്തിൽ ഞെട്ടി ഉണരുന്നു…. കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ അടുത്തിരിക്കുന്ന പോലെ തോന്നുന്നു… എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്ന പോലെയൊക്കെ…. എത്ര ദിവസായി ഒന്നുറങ്ങിയിട്ട് എന്നറിയോ… ”

“നീ വിഷമിക്കണ്ട… നാളെ തന്നെ ഞാൻ കുടുംബ ക്ഷേത്രത്തിൽ പോയി നിനക്ക് വേണ്ടി പ്രത്യേക വഴിപാട് ചെയ്യാം…. നീ അവളെ പറ്റി ഓർക്കാനൊന്നും നിൽക്കണ്ട…. പഞ്ചാക്ഷരി മന്ത്രം ജപിച്ചു കിടന്നുറങ്ങു. വെറുതെ ഓരോന്നും ഓർത്തു കിടന്നിട്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്…. ”

“ഹും… ” ജഗൻ നീട്ടിയൊന്നു മൂളി…. ”

“എന്നാ ഞാൻ വയ്ക്കുവാ നീ രാവിലെ വിളിക്ക്… ”

“ശരിയമ്മേ… ” അവൻ കാൾ കട്ട്‌ ചെയ്തു ഫോൺ സോഫയിൽ ഇട്ടു.

“അല്ലെങ്കിലും ഞാൻ അനുഭവിക്കുന്ന വീർപ്പു മുട്ടൽ ആർക്കും മനസിലാവില്ല…
അതറിയണമെങ്കിൽ ഒരുപാട് സ്നേഹിച്ച ആളെ എന്നന്നേയ്ക്കുമായി നഷ്ടപ്പെടണം…. ”

കണ്ണുകൾ അടച്ചു ജഗൻ സോഫയിലേക്ക് ചാരി കിടന്നു.

അവന്റെ കൺകോണിലൂടെ കണ്ണു നീർ ഒലിച്ചിറങ്ങി.

ജഗന്റെ ഓർമ്മകൾ കുറച്ചു വർഷങ്ങൾ പിന്നോട്ട് പോയി.

രാവിലെ നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ജഗൻ ഉണർന്നത്.

എടുത്തു നോക്കിയപ്പോൾ മഹിയുടെ കാൾ ആണ്.

രാവിലെ മധുരിമയുടെ കാൾ തന്നെ വിളിച്ചു ഉണർത്തിയില്ലല്ലോ എന്നോർത്ത് കൊണ്ട് ജഗൻ മഹിയുടെ കാൾ എടുക്കാൻ തുടങ്ങിയപ്പോഴേക്കും കാൾ കട്ട്‌ ആയി.

“ഇന്നെന്താ അവൾ വിളിക്കാത്തത്…. സാധാരണ ഒരു ദിവസം പോലും രാവിലത്തെ കാൾ മധു മുടക്കാറില്ലല്ലോ… ”

ഫോണിന്റെ ലോക്ക് എടുത്ത ശേഷം അവൻ മധുവിനെ വിളിച്ചു.

റിങ്ങ് ചെയ്തു നിന്നതല്ലാതെ അവൾ ഫോൺ എടുത്തില്ല.

വീണ്ടും അവളെ വിളിക്കാൻ തുടങ്ങുമ്പോഴായിരുന്നു മഹി വീണ്ടും വിളിച്ചത്.

“എന്താടാ രാവിലെ തന്നെ വിളിച്ചു വെറുപ്പിക്കുന്നത്?? എന്താ കാര്യം?? ”

“ഡാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ.. മധുരിമയ്ക്കു അൽപ്പം സീരിയസ് ആണ്… ” മഹിയുടെ പരിഭ്രമിച്ച സ്വരം അവന്റെ കാതിൽ പതിഞ്ഞു.

“അവൾക്ക് എന്ത് പറ്റി മഹി… ഞാൻ വിളിച്ചിട്ട് മധു ഫോണും എടുക്കുന്നില്ലല്ലോ..??” ഒരു ഞെട്ടലോടെ ജഗൻ ചോദിച്ചു.

“പനി കൂടിയതാ നീ വേഗം വാ… ”

പല്ല് തേച്ചു മുഖം കഴുകി ഒരു ഷർട്ട്‌ എടുത്തിട്ട് ജഗൻ ബൈക്കുമെടുത്തു അതിവേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

ഹോസ്പിറ്റൽ വരാന്തയിൽ അവനെയും കാത്ത് മഹി നിൽപ്പുണ്ടായിരുന്നു.

“ഡാ അവൾ എവിടെ…?? ”

കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകൾ കണ്ടപ്പോൾ എന്റെ നെഞ്ച് പട പടാന്ന് മിടിച്ചു.

ഒന്നും മിണ്ടാതെ അവന്റെ കയ്യും പിടിച്ചു മഹി മോർച്ചറിക്ക് സമീപത്തേക്ക് നടന്നു.

മോർച്ചറി അടുക്കും തോറും അവന്റെ കൈകാലുകളിൽ ഒരു വിറയൽ പടർന്നു. അടിവയറ്റിൽ ഒരു പൊള്ളൽ അവനു അനുഭവപ്പെട്ടു.

വെള്ള തുണി കൊണ്ട് മൂടി പുതച്ച മധുരിമയുടെ ശരീരം പുറത്തേക്കു കൊണ്ട് വരുന്നത് കണ്ടതും ജഗൻ നടുങ്ങി.

അലമുറയിട്ട് കരയുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും രൂപം കണ്ണുനീർ വന്നു മൂടുമ്പോൾ അവ്യക്തമായി കണ്ടത് മാത്രം ഓർമയുണ്ട്.

പൊട്ടി കരച്ചിലോടെ ജഗൻ അവളുടെ നിശ്ചലമായ ശരീരത്തിൽ വീണ് അലറിക്കരഞ്ഞു.

ഭ്രാന്തനെ പോലെ അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

ഒരു വിധത്തിലാണ് മഹി അവനെ പിടിച്ചു മാറ്റിയത്.

“എന്റെ മധു… അവൾക്ക് എന്താടാ പറ്റിയത്….” ജഗൻ മഹിയുടെ തോളിൽ പിടിച്ചു ഉലച്ചു.

“രാത്രി പെട്ടന്ന് ശ്വാസം മുട്ടൽ കൂടിയതാടാ…. ” കണ്ണു തുടച്ചു കൊണ്ട് മഹി പറഞ്ഞു.

ഒരാഴ്ചയോളം പനി ആയിട്ട് ആശുപത്രിയിൽ ആയിരുന്നു മധുരിമ. തലേ ദിവസം ഡിസ്ചാർജ് ആയി വീട്ടിൽ വന്നതേയുള്ളൂ.രാത്രി പതിനൊന്നു മണിയോടെ ശ്വാസതടസം ഉണ്ടായിതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

“ഇന്നലെ സംസാരിച്ചു ഫോൺ വയ്ക്കുമ്പോൾ പോലും അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നെടാ…. എന്റെ മധു… എനിക്ക് സഹിക്കണില്ലടാ…. അവൾ ഇങ്ങനെ കിടക്കുന്നത് കാണാൻ എനിക്ക് വയ്യ….. ”

ജഗൻ ഭിത്തിയിലേക്ക് ചാരി…. പിന്നെ ആർത്തു കരഞ്ഞു കൊണ്ട് ഭിത്തിയിലൂടെ ഊർന്നിറങ്ങി നിലത്തേക്ക് ഇരുന്നു….

അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ അരികിൽ മൗനമായി മഹി നിന്നു.

ജഗന്റെ മനസ്സിലൂടെ മധുരിമയുടെ പുഞ്ചിരി തൂകി നിൽക്കുന്ന മുഖവും അവളുമൊത്തുള്ള മധുരിക്കുന്ന ഓർമ്മകളും കടന്നു പോയി.വർഷങ്ങളായി തമ്മിൽ വിട്ടു പിരിയാൻ കഴിയാനാവാത്ത വിധം അവർ സ്നേഹിച്ചു തുടങ്ങിയിട്ട്. പെട്ടന്ന് ഒരു നിമിഷം യാത്ര പോലും പറയാതെ ജീവിത യാത്രയിൽ അവനെ ഒറ്റയ്ക്കാക്കി അവൾ പോയതു ജഗനു സഹിക്കാൻ കഴിഞ്ഞില്ല….

മഹി ജഗനെയും കൊണ്ട് അവന്റെ വീട്ടിലേക്കു പോയി.

മധുരിമയുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു. മധുരിമ ഓർമയായി മാറിയിട്ടും അത് ഉൾകൊള്ളാൻ കഴിയാനാവാതെ ജഗൻ അവളുടെ ഓർമ്മകളെയും താലോലിച്ചു കൊണ്ട് ഒരു വർഷമായി മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞു കൂടി.

അവന്റെ ഇരുണ്ട മുറിക്കുള്ളിലെ ഭിത്തിയിൽ ജഗൻ മധുരിമയെ വരച്ചു വച്ചു. എങ്ങോട്ട് നോക്കിയാലും അവൾ മാത്രം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.

“മധു നിന്റൊപ്പം ഞാൻ കൂടി വരാൻ ഇരുന്നതാ… ആലോചിച്ചപ്പോൾ തോന്നി നിന്റെ ഓർമ്മകൾ പേറി ജീവിക്കുന്ന ഒരു സ്മാരകമായി കഴിയുന്നതാണ് കൂടുതൽ നല്ലതെന്നു…. മധു നീ മരിച്ചിട്ടില്ല എന്റെ ഉള്ളിലും ഈ നാലു ചുമരുകൾക്കുള്ളിലും നീ ഇന്നും ജീവിക്കുന്നുണ്ട് മധു…. ”

അവളുടെ ചിത്രത്തിനു സമീപം ഭിത്തിയിൽ ചോര കൊണ്ട് ജഗൻ ഇങ്ങനെ എഴുതി വച്ചു.

സ്കൂൾ കാലം മുതൽ ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവരാണ് ജഗനും മധുരിമയും. എഞ്ചിനീയറിംഗ് പഠനത്തിനായി ബാംഗ്ലൂർ പോയപ്പോഴും അവർ ഒരുമിച്ചു തന്നെയായിരുന്നു. പിന്നീട് എപ്പോഴോ ആ സൗഹൃദം പ്രണയമായി മാറി.ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രണയം വീട്ടിൽ അവതരിപ്പിച്ചതും.പക്ഷെ പ്രതീക്ഷിച്ച പോലെ യാതൊന്നും വീട്ടുകാരിൽ നിന്നുമുണ്ടായില്ല. ഇരു വീട്ടിലും സമ്മതമായിരുന്നു ആ ബന്ധം. പക്ഷെ മധുവിന്റെ അപ്രതീക്ഷിതമായ മരണം അവരെ തമ്മിൽ അകറ്റി മാറ്റി.

അവനെ ആ അവസ്ഥയിൽ നിന്നും മാറ്റിയെടുക്കാൻ ഒരുപാട് പണിപ്പെട്ടു. മരുന്നും മന്ത്രവുമായി ഒരു കൊല്ലം വേണ്ടി വന്നു ജഗനെ നേരെയാക്കാൻ.

പക്ഷേ മധുരിമയുടെ ഓർമകളെ അവനിൽ നിന്നും പറിച്ചു മാറ്റാൻ ആർക്കും കഴിഞ്ഞില്ല. ഇരുണ്ട മുറിയിൽ നിന്നും അവനെ പുറത്തു കൊണ്ട് വരാൻ കഴിഞ്ഞുവെങ്കിലും അവന്റെ മനസ്സ് അപ്പോഴും മധുവിന്റെ പിന്നാലെ സഞ്ചരിച്ചു കൊണ്ടിരുന്നു.

അവന്റെ അവസ്ഥ കണ്ടു കരയാൻ മാത്രമേ ജഗന്റെ അമ്മയ്ക്ക് കഴിഞ്ഞുള്ളു.

“എന്റെ മോനെ മരിച്ചവർ മരിച്ചു. പോയവരെ ഓർത്തു നീ ജീവിച്ചിരിക്കുന്ന ഞങ്ങളെ കൂടി വിഷമിപ്പിക്കരുത്. നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ. ഇനിയും നീ ഇങ്ങനെ തുടർന്നാൽ നെഞ്ച് പൊട്ടി അമ്മ മരിച്ചു പോകും…. അമ്മയ്ക്ക് അറിയാം മോന് അവളെ അത്ര പെട്ടന്ന് മറക്കാൻ കഴിയില്ലെന്ന്… തല്ക്കാലം നീ ഇവിടെ നിന്ന് മാറി നിൽക്കു…. അപ്പോ എന്റെ മോന് ആശ്വാസം ആകും…. ” അമ്മയുടെ വാക്കുകൾ അവന്റെ മനസിനെ പിടിച്ചുലച്ചു.

ഒരു വേള മധുവിന്റെ ഓർമകളിൽ നിന്നൊരു മോചനം അവനും ആഗ്രഹിച്ചിരുന്നു.

അങ്ങനെ ജഗൻ ഗൾഫിലേക്ക് വിമാനം കയറി. മഹി വഴി നല്ലൊരു ജോലി അവനു അവിടെ ശരിയാക്കിയിരുന്നു.

എല്ലാത്തിലും നിന്നുമൊരു ഒളിച്ചോട്ടമായിരുന്നു ആ യാത്ര.

ജോലിത്തിരക്കും മറ്റും കാരണം ഒരു വിധം ജീവിതത്തിന്റെ താളം വീണ്ടെടുക്കാൻ ജഗന് കഴിഞ്ഞു.

ഇടയ്ക്കിടെ മധുവിന്റെ ഓർമ്മകൾ മനസിലേക്ക് കടന്നു വരുമെങ്കിലും ജഗൻ തന്റെ ചിന്തകളെ ദിശ തിരിച്ചു വിടും.

ഒരു വിധം അവളുടെ ഓർമകളിൽ നിന്നും മനസിനെ പാകപ്പെടുത്തിയെടുത്തു അടുക്കും ചിട്ടയുമുള്ള ജീവിതം നയിച്ചു വരുകയായിരുന്നു ജഗൻ ഇത്രകാലവും.

നാലുവർഷം മുൻപാണ് ജഗൻ ഗൾഫിലേക്ക് വന്നത്. ഇതുവരെ തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല.

മനസ്സ് തെല്ലൊന്ന് ശാന്തമായി തുടങ്ങിയപ്പോഴാണ് പൂർവാധികം ശക്തിയോടെ മധുവിന്റെ സ്‌മൃതികൾ ജഗനെ കാർന്നു തിന്നാൻ തുടങ്ങിയത്. ”

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ജഗൻ ഓർത്തു. അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായി മാറി.

ഉറക്കം നഷ്ടപ്പെട്ട അവന്റെ മനസ്സിൽ ഭ്രാന്തൻ ചിന്തകൾ കയറികൂടി.

കഴിഞ്ഞ ആഴ്ച ലീവ് എടുത്തു വരാൻ അമ്മ നിർബന്ധിച്ചു തുടങ്ങിയ ശേഷമാണ് ഇങ്ങനെ ദുസ്വപ്നം കണ്ടു ഞെട്ടിയുണരൽ പതിവായത് എന്നവൻ ഓർത്തു.

അറിയാതെ പോലും മധുവിനെ പറ്റി ചിന്തിക്കരുതെന്ന് വിചാരിച്ചു ജഗൻ അവളുടെ ഓർമയ്ക്കായി കരുതി വച്ചതെല്ലാം ഉപേക്ഷിച്ചു പോന്നത്.

തന്റെ മുറിയിലെ നാലു ചുമരുകൾക്കുള്ളിൽ ജഗൻ തളച്ചിട്ടു പോന്ന മധുവിന്റെ സ്മൃതികൾ കടൽ കടന്നു ഇന്ന് അവന്റെ അരികിൽ വന്നിരിക്കുന്നു.

“എന്തിനാ മധു നീയെന്നെ വിട്ടു പോയത്… വീണ്ടും എന്തിനു നീയെന്നെ തേടി വന്നു…. ഒരിക്കൽ എന്നെ തനിച്ചാക്കി യാത്ര പോലും പറയാതെ നീ പോയി…. അന്ന് മരിച്ചു ജഗനും. ഊണും ഉറക്കവുമില്ലാത്ത എത്രയോ ദിനരാത്രങ്ങൾ….

എല്ലാം മറന്നു തുടങ്ങിയപ്പോൾ വീണ്ടും എന്റെ ഉറക്കം നഷ്ടപ്പെടുത്തി കൊണ്ട് നീ തിരിച്ചു വന്നു…. മധു നിനക്കെന്താ വേണ്ടത്…. എന്നെ കൊണ്ട് പോകാനാണോ നീ വന്നത്…. എങ്കിൽ ഞാൻ വരാം… നിന്റെ സന്തോഷമാണ് മധു എനിക്ക് വലുത്…. ”

സമനില തെറ്റിയ ജഗൻ വെരുകിനെ പോലെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

എന്തോ ഓർത്തിട്ടെന്ന പോലെ ജഗൻ ഫോൺ എടുത്തു മഹിയെ വിളിച്ചു.

“ഞാൻ മധുവിന്റെ കൂടെ പോവുകയാ… കുറച്ചു ദിവസമായി അവൾ എന്നെ കൊണ്ട് പോകാൻ ശ്രമിക്കുന്നു….ബൈ മഹി… ” ജഗൻ കാൾ കട്ട്‌ ചെയ്തു.

ശേഷം കുറച്ചു സ്ലീപ്പിങ് ബീഡ്‌സ് എടുത്തു വായിലേക്ക് ഇട്ടു വെള്ളം കുടിച്ച് ജഗൻ സോഫയിലേക്ക് ചാഞ്ഞു.

പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.

അതേസമയം എന്തോ പന്തികേട് തോന്നിയ മഹി അപ്പോൾ തന്നെ ജഗന്റെ അടുത്തേക്ക് പാഞ്ഞു.

ഓർമ വരുമ്പോൾ ജഗന്റെ അരികിൽ തല കുമ്പിട്ട് മഹി ഇരിക്കുന്നുണ്ടായിരുന്നു.

ജഗൻ ചുറ്റും നോക്കി. താൻ ഹോസ്പിറ്റലിൽ ആണെന്ന് അവനു മനസിലായി. കഴിഞ്ഞ കാര്യങ്ങൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

“ഹാ നീ ഉണർന്നോ…. എന്ത് പണിയാടാ കാണിച്ചു വച്ചത്…. ഭാഗ്യത്തിനാ രക്ഷപെട്ടത്…. ” മഹി അവനെ ശാസിച്ചു.

“പറ്റുന്നില്ലടാ മഹി… നാട്ടിലേക്കു ചെല്ലാൻ അമ്മ നിർബന്ധിച്ചു തുടങ്ങിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അവൾ കൊല്ലാൻ ശ്രമിക്കുന്ന പോലെ ഒക്കെ തോന്നി. ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി…. എന്റെ സമനില തെറ്റുന്ന പോലെ… ”

“വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടിയിട്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്…. തല്ക്കാലം നീ റസ്റ്റ്‌ എടുക്ക്…. എന്റെ പരിചയത്തിൽ ഒരു സൈക്യാട്രിസ്റ്റ് ഉണ്ട്. നീ അയാളെ ചെന്നു കണ്ടു സംസാരിക്കു…. അപ്പൊ ഒന്ന് റിലാക്സ് ആകും. നാട്ടിൽ പോകുന്നതിനെ പറ്റി ആലോചിച്ചിട്ടാകും ഇങ്ങനെ വേണ്ടാത്ത ചിന്തകൾ… എല്ലാം ശരിയാവും… ”

മഹി അവനെ സമാധാനിപ്പിച്ചു.

മഹിയുടെ നിർദേശ പ്രകാരം ജഗൻ സൈക്യാട്രിസ്റ്റ് ഗോപി സുന്ദറിനെ പോയി കണ്ടു.

ജഗൻ തന്റെ അവസ്ഥ അദ്ദേഹത്തോടു പറഞ്ഞു.

“അവളുടെ ഓർമ്മകളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനു വേണ്ടിയാണ് ജഗൻ പ്രവാസം സ്വീകരിച്ചത്. ഒരുവിധം അതിൽ നിങ്ങൾ വിജയിക്കുക തന്നെ ചെയ്തു. വർഷങ്ങൾക്ക് ശേഷം വീണ്ടും നാട്ടിൽ പോകുന്നതിനെ പറ്റി ചിന്തിച്ചപ്പോൾ ഉണ്ടായ അസ്വസ്ഥതകൾ ആണ് ഇതിനു കാരണം.

ഇതുവരെ താങ്കൾക്ക് മധുരിമയുടെ മരണം മാനസികമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.നാട്ടിൽ പോയാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറുമോ എന്ന ഭയമാണ് ഇതിനെല്ലാം കാരണം.

അതുകൊണ്ടാണ് ഇത്തരത്തിൽ ചിന്തിച്ചു കൂട്ടി സൂയിസൈഡ് ചെയ്യാൻ മുതിർന്നത്. മനസ്സ് കൊണ്ട് യാഥാർഥ്യത്തോട് പൊരുത്തപ്പെടണം ജഗൻ. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടരുത് പകരം അതിനെ അതിജീവിക്കണം. സത്യത്തെ മനസ്സ് കൊണ്ട് ഉൾ കൊള്ളു. ഭയം വെടിയു….ധൈര്യമായി നാട്ടിലേക്കു ചെല്ലു…. സാവധാനം എല്ലാം സ്വയം നിയന്ത്രിക്കാൻ ജഗന് സാധിക്കും…”

അദ്ദേഹത്തിന്റെ വാക്കുകൾ ജഗനെ ആശ്വാസം കൊള്ളിച്ചു.

അദ്ദേഹം പറഞ്ഞത് ശരിയാണെന്നു ജഗനു മനസിലായി.

പിന്നെയുള്ള ദിവസങ്ങൾ ജഗൻ സമാധാനത്തോടെ ഉറങ്ങി. അവളുടെ ഓർമ്മകൾ മനസിലേക്ക് വരുമ്പോൾ ചെറു ചിരിയോടെ ജഗൻ പഴയ കാര്യങ്ങൾ ഓർക്കും.

“നമ്മൾ എന്താണോ മറക്കാൻ ശ്രമിക്കുന്നത് അത് പൂർവാധികം ശക്തിയോടെ മനസിലേക്ക് കടന്നു വരുമെന്ന് അനുഭവത്തിലൂടെ ജഗൻ മനസിലാക്കി…. അതുകൊണ്ട് തന്നെ മധുവിന്റെ ഓർമ്മകളെ മറക്കാനുള്ള പാഴ് ശ്രമം അവൻ ഉപേക്ഷിച്ചു… ”

കുറച്ചു ദിവസങ്ങൾക്കു ശേഷം ജഗൻ നാട്ടിലേക്കു തിരിച്ചു.

അവിടെ അവനെ വരവേറ്റത് അമ്മാവൻ മാധവന്റെ മകളുമായി തന്റെ വിവാഹ കാര്യം അമ്മ നിശ്ചയിച്ച വാർത്തയായിരുന്നു.

“എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ അമ്മയ്ക്ക്… ”

“നിന്നോട് ചോദിച്ചാൽ നീ സമ്മതിക്കില്ല എന്നറിയാം… ”

ഒന്നും മിണ്ടാതെ ജഗൻ അകത്തേക്ക് പോയി.

തന്റെ പഴയ മുറി തുറന്നു ജഗൻ പൊടിയും മാറാലയും തുടച്ചു വൃത്തിയാക്കി. അന്ന് മുറി പൂട്ടി പോയ ശേഷം ഇന്നാണ് തുറക്കുന്നത്… താക്കോൽ ജഗൻ തന്റെ കൈവശം സൂക്ഷിച്ചു വച്ചിരുന്നു.

ഭിത്തിയിൽ ചോര കൊണ്ട് എഴുതി ചേർത്ത വരികളിൽ അവന്റെ കണ്ണുടക്കി നിന്നു.

ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ജഗൻ അമ്മാവന്റെ വീട്ടിലേക്ക് പോയി.

അമ്മാവന്റെ മകൾ രേവതിയെ കാണാനാണ് ജഗൻ ചെന്നത്.

“ഏട്ടൻ എപ്പോ വന്നു…?? അച്ഛനും അമ്മയും ഇപ്പൊ അങ്ങോട്ട്‌ പുറപ്പെട്ടു വന്നതേയുള്ളൂ ഇന്ന് ഏട്ടൻ വരുമെന്ന് അറിഞ്ഞിട്ട്… വഴിയിൽ വച്ചു കണ്ടില്ലായിരുന്നോ അവരെ… ” നിറഞ്ഞ ചിരിയോടെ അതും ചോദിച്ചു കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു.

“ഞാൻ ഗുരുവായൂർ കേറി തൊഴുതിട്ടാ ഇങ്ങോട്ട് ഇറങ്ങിയെ അതോണ്ട് കണ്ടില്ല… രേവതിയോട് കുറച്ചു സംസാരിക്കാൻ വേണ്ടിയാ ഞാൻ വന്നത്… കാര്യങ്ങൾ എല്ലാം അമ്മ പറഞ്ഞു അറിഞ്ഞു…. ”

“മധുരിമയുടെ കാര്യം പറയാനാണ് വന്നതെങ്കിൽ എനിക്ക് അതൊക്കെ അറിയാം. അമ്മായി പറഞ്ഞിരുന്നു. അതൊന്നും എനിക്ക് പ്രശ്നമല്ല….”

“മതി നിർത്തു… ആദ്യം ഞാൻ പറയുന്നത് കേൾക്ക്. എനിക്കീ വിവാഹത്തിനു സമ്മതമല്ല.
അവളെ പാടെ മറക്കാൻ മറ്റൊരു വിവാഹം…

അതിനോട് എനിക്ക് യോജിപ്പില്ല. നിന്നെ ഒരു തരത്തിലും സന്തോഷിപ്പിക്കാൻ എനിക്ക് കഴിയില്ല….
ഒരു വിവാഹത്തെ പറ്റി ചിന്തിക്കാൻ എനിക്ക് കഴിയില്ല….

നിന്നെ മധുരിമയായോ മധുരിമയ്ക്കു പകരമയോ കാണാൻ എനിക്ക് സാധിക്കില്ല…. എന്റെ മനസിനെ ഒരുവിധം നേരെയാക്കി കൊണ്ട് വരുകയാണ് ഞാൻ… എന്റെ ജീവിതത്തിലേക്ക് ഇപ്പോൾ നീ കടന്നു വന്നാൽ ഒരു പക്ഷേ ഒരു ഭ്രാന്തന്റെ ഭാര്യയായി നിനക്ക് ജീവിക്കേണ്ടി വരും. നാളെ തന്നെ ഞാൻ തിരിച്ചു പോവുകയാ…. ”

അത്രയും പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ മുറ്റത്തേക്ക് ഇറങ്ങി ജഗൻ നടന്നു പോയി.

പിറ്റേന്ന് പോകാൻ നേരം ജഗൻ അമ്മയോടു പറഞ്ഞു

“ഒരു വിവാഹ ജീവിതം തുടങ്ങാനുള്ള മാനസികാവസ്ഥയല്ല എനിക്കിപ്പോൾ. എനിക്ക് ഇപ്പോൾ ആവശ്യം സമാധാനം മാത്രമാണ്. ചിന്തകളെ കടിഞ്ഞാണിട്ട് നിർത്താൻ ശ്രമിക്കുകയാണ് ഞാൻ.

എന്റെ മനസ്സ് എന്നാണോ മറ്റൊരു ജീവിതം തുടങ്ങുന്നതിനു പ്രാപ്തമാകുന്നത് അന്നേ ഞാനിനി നാട്ടിലേക്കു തിരിച്ചു വരു….ഈ രണ്ടും കെട്ട അവസ്ഥയിൽ ഒരുപക്ഷെ അമ്മയുടെ നിർബന്ധിത്തിനു വഴങ്ങി വിവാഹം കഴിച്ചു മറ്റൊരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എനിക്ക് സ്വയം വഞ്ചിക്കാൻ കഴിയില്ല അമ്മേ…. ഒരു ദിവസം അമ്മയുടെ പഴയ ജഗനായി ഞാൻ തിരിച്ചു വരും…. ”

ജഗൻ യാത്ര പറഞ്ഞിറങ്ങി.

നിറഞ്ഞു വന്ന കണ്ണുകൾ സാരി തുമ്പ് കൊണ്ട് ഒപ്പിയെടുത്തു അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ അവർ നോക്കി തിന്നു.

മധുരിമയുടെ ഓർമ്മകൾ പേറി ജഗൻ തന്റെ യാത്ര ആരംഭിച്ചു….വേദന കലർന്ന ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ മിന്നി.

“എല്ലാം അതിജീവിച്ചു ഞാൻ തിരിച്ചു വരും മധു…”

(ചില ഇഷ്ടങ്ങൾ അങ്ങനെയാണ്….
നമ്മെ വിട്ടു പോയാലും അത് ഉൾകൊള്ളാൻ ഒരുപാട് സമയം വേണ്ടി വരും. ചുറ്റിലും നോക്കിയാൽ ജഗനെ പോലെ ഒരുപാട് പേരെ നമുക്ക് കാണാം. )

രചന: ശിവ എസ് നായർ