സ്നേഹമുള്ളിടത്തു കൊച്ചു കൊച്ചു വ, ഴക്കുകളും പിണക്കങ്ങളും ഉണ്ടാവും….

രചന: ശിവ

അമ്മയെ കണ്ടിട്ട് കുറച്ചു നാളായില്ലേ അതുകൊണ്ട് ഞാൻ വീട്ടിൽ പോയി അമ്മയെയും കണ്ടു രണ്ടു ദിവസം എന്റെ വീട്ടിൽ നിന്നോട്ടെ എന്നെന്റെ ഭാര്യ എന്നോട് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…… മറ്റൊന്നും കൊണ്ടല്ല അവളില്ലാത്ത കൊണ്ടു രണ്ടു ദിവസം വെള്ളമടി നടക്കുമല്ലോ……

വല്ലപ്പോഴും മാത്രം കൂട്ടുകാരുടെ കൂടെ കൂടി കുറച്ചു കുടിക്കുമായിരുന്നു അതു പക്ഷേ അവളെ കല്യാണം കഴിച്ചതോടെ നിന്നു……

അവൾ നിർത്തിച്ചു എന്നു പറയുന്നതാവും ശെരി…… എന്റെ അമ്മയാണെങ്കിൽ ചേട്ടന്റെ വീട്ടിൽ പോയേക്കുവാണ് നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ അതുകൊണ്ട് തന്നെ അവൾ പോയാൽ രണ്ടു ദിവസം അടിച്ചു പൊളിക്കാം…….

മറ്റൊന്നും ആലോചിക്കാതെ പിറ്റേന്ന് തന്നെ അവളോട് പൊക്കോളാൻ പറഞ്ഞു…….

അതുകേട്ടു സന്തോഷം കൊണ്ടവളെന്റെ കവിളത്തൊരുമ്മ തന്നു……. പാവം അവൾക്കറിയില്ലല്ലോ എന്റെ മനസ്സിലിരുപ്പ്……

അത്യാവശ്യം ഫുഡ് ഉണ്ടാക്കാനൊക്കെ എനിക്ക് അറിയാം അതുകൊണ്ട് തന്നെ അവൾ രണ്ടു ദിവസം മാറി നിന്നാലും ഞാൻ വല്ലതും ഉണ്ടാക്കി കഴിച്ചോളും എന്നവൾക്കു അറിയാം…….

അതുകൊണ്ട് തന്നെ പിറ്റേന്ന് തന്നെ പോവാൻ അവൾ തീരുമാനിച്ചു……

അതേ ഞാൻ ഇല്ലെന്നു വെച്ചെന്റെ പൊന്നുമോൻ സുഖിച്ചു നടക്കാമെന്നു ഓർക്കണ്ട രണ്ടു ദിവസം കഴിഞ്ഞു ഞാനിങ്ങു വരും അതോർമ്മ വേണം…..

കൂട്ടുകാരുമായി കൂട്ടും കൂടി കറങ്ങി നടന്നേക്കല്ലേ
സമയത്തു ഫുഡ് ഉണ്ടാക്കി കഴിച്ചോണം….. പിന്നെ ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ ഞാൻ അലക്കി തേച്ചു അലമാരിയിൽ വെച്ചിട്ടുണ്ട്…. പിന്നെ ഇച്ചായ പുറത്തേക്കു ഒക്കെ പോവുമ്പോൾ വീട് ശെരിക്ക് പൂട്ടിയിട്ടിട്ടു വേണം പോവാൻ……

പിന്നെ മഴ നനഞ്ഞു നടന്നേക്കല്ലേ പനി പിടിച്ചു കിടന്നാൽ നോക്കാൻ ഞാൻ അടുത്തില്ല ആ ഓർമ്മ വേണം…… ശ്ശെടാ ഞാനെന്താടി കൊച്ചു കുഞ്ഞു വല്ലതുമാണോ….. ഇതൊക്കെ എനിക്കറിയാം നീ ധൈര്യമായി പോയിട്ടു വാ എന്നും പറഞ്ഞു അവളുടെ നെറുകയിൽ ഉമ്മ വെച്ചു …….

പിറ്റേന്ന് വൈകുന്നേരം അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു ചെന്നാക്കി…… ട്രെയിനു വേണ്ടി വെയിറ്റ് ചെയ്തു നിന്നപ്പോളേക്കും എന്റെ വയറിനുള്ളിൽ ഒരു തിരയിളക്കം……..

ബാത്‌റൂമിൽ പോകാതെ പറ്റില്ല…… എന്റെ അവസ്ഥ കണ്ടവൾ നിങ്ങൾ പൊക്കോ ഇച്ചായ ഞാൻ പൊക്കോളാം ട്രെയിൻ വരാൻ ഇനിയും അരമുക്കാൽ മണിക്കൂർ എടുക്കും അതുവരെ നിക്കണ്ട ഞാൻ പൊക്കോളാം എന്നവൾ പറഞ്ഞത് കൊണ്ട് ഞാൻ വീട്ടിലേക്കു പോന്നു…….

വീട്ടിലെത്തി ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോളേക്കും എല്ലാം സെറ്റ് ചെയ്തു മറ്റുള്ളവർ എല്ലാം ഇവിടുണ്ട് നീ വേഗം വരാൻ പറഞ്ഞു കൂട്ടുകാരന്റെ കോൾ വന്നു…….. പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല വീടും പൂട്ടി ബൈക്കും എടുത്തു ഒറ്റ പോക്കായിരുന്നു…..

അവിടെ ചെന്നു രണ്ടെണ്ണം അടിച്ചപ്പോളാണ് ഫോൺ വീട്ടിൽ വെച്ചിട്ടാണ് വന്നതെന്ന് ഓർത്തത്‌…….

അവൾ വിളിച്ചാൽ കിട്ടില്ല ഇനിയിപ്പോൾ പോയി ഫോൺ എടുത്തു തിരിച്ചു വരവൊന്നും നടക്കില്ല…… വീട്ടിൽ ചെന്നിട്ടു അവളെ വിളിച്ചു എന്തെങ്കിലും ഒക്കെ പറഞ്ഞു സോപ്പിടാം എന്നു വിചാരിച്ചു കൊണ്ടു അവിടെ തന്നങ്ങു ഇരുന്നു…..

ഒൻപതു മണിയോടെ കുടിയെല്ലാം കഴിഞ്ഞു വീട്ടിലേക്കു പോന്നു….. ഒരുപാട് നാളു കൂടി കുടിച്ചത് കൊണ്ടാവും അൽപ്പം ഫിറ്റായി പോയി അതുകൊണ്ട് തന്നെ ബൈക്ക് കൂട്ടുകാരന്റെ വീട്ടിൽ വെച്ചു നടന്നു പോന്നു…….

വീട്ടിൽ ലൈറ്റ് പോലും ഇടാതെയാണ് പോയതെന്ന് മുറ്റത്തു എത്തിയപ്പോൾ ആണ് മനസ്സിൽ ആയതു……. അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അതു പെട്ടത്……. വീടിന്റെ വാതിലിൽ ഒരു രൂപം ……..

എനിക്കു തോന്നിയതാണോ എന്നറിയാൻ കണ്ണു തിരുമ്മി സൂക്ഷിച്ചു ഒന്നൂടി നോക്കി തോന്നലല്ല സംഭവം സത്യമാണ്….. അടുത്തോട്ടു ചെല്ലുംതോറും അതൊരു സ്ത്രീ രൂപം ആണെന്ന് മനസ്സിൽ ആയി…… ഇനി വല്ല യക്ഷിയും ആണോ…..

എന്നതായാലും രണ്ടും കൽപ്പിച്ചു വാതിൽക്കൽ എത്തിയതും ഞാൻ ഞെട്ടി തരിച്ചു നിന്നു യക്ഷിയെക്കാളും വലിയ യക്ഷിയായി കലിതുള്ളി എന്റെ ഭാര്യ നിൽക്കുന്നു…… കർത്താവെ ഇവൾ പോയില്ലേ….. ഇതെന്നാടി നീ പോയില്ലേ……

അവൾ മറുപടി പറയാതെ നിന്നു…….. ഞാൻ നേരെ കേറി വാതിൽ തുറന്നു ലൈറ്റ് ഇട്ടു അപ്പോളേക്കും അവൾ ബാഗുമായി അകത്തേക്ക് കയറി……. എന്താടി എന്തുപറ്റി എന്താ നീ പോവാഞ്ഞത്…… ഡി നീ പോയ സങ്കടത്തിൽ അൽപ്പം കുടിച്ചു പോയി നീ ക്ഷെമിക്കു ഇനി കുടിക്കില്ല സത്യം…. ഉവ്വാ ഞാൻ പോയ സങ്കടത്തിൽ അല്ല സന്തോഷത്തിൽ കുടിച്ചെന്നു പറ മനുഷ്യാ…….

അല്ലടി സങ്കടം കൊണ്ടാണ്…. അതൊക്കെ പോട്ടെ നീ എന്താ പോകാഞ്ഞത്….. അതുപിന്നെ നിങ്ങൾ സ്റ്റേഷനിൽ നിന്നു പോന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു നാളെ ഇങ്ങോട്ടു വരുമെന്നു പറഞ്ഞു…… പിന്നെ ഞാൻ എന്തിനാ അങ്ങോട്ട്‌ പോവുന്നത്….. അതെന്നാടി നീ ചെല്ലുന്ന കാര്യം അമ്മയോട് പറഞ്ഞില്ലായിരുന്നോ……. ഇല്ല അമ്മക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്നു ഓർത്തു പറഞ്ഞില്ല….. എന്തായാലും അതു നന്നായി ഇങ്ങനെ നിങ്ങളെ കാണാൻ പറ്റിയല്ലോ അപ്പോൾ ഇതിനാണ് എന്നെ പറഞ്ഞു വിടാൻ ഇത്രയും ഉത്സാഹം കാണിച്ചത്…..

ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല.
രാവിലെ നിങ്ങളുടെ കെട്ടിറങ്ങിയിട്ട് കാണിച്ചു തരാം ഞാൻ എന്നും പറഞ്ഞവൾ റൂമിലേക്ക് പോയി …….
കർത്താവെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി. എന്നാലും എന്റെ അമ്മായിയമ്മേ നിങ്ങൾ എനിക്കിട്ടു ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ ഓർത്തില്ല…… ഡി നീ കഴിക്കുന്നില്ലേ…..

എനിക്കൊന്നും വേണ്ട….. നിങ്ങൾ ഫോൺ ഇവിടെ വെച്ചിട്ടാ പോയതല്ലേ….. നിങ്ങൾക്ക് ഈ കുന്ത്രാണ്ടം എടുത്തോണ്ട് എങ്കിലും ഒന്നു പോയി കൂടായിരുന്നോ ഞാൻ എത്ര നേരമായി വന്നിട്ട് എത്ര വട്ടം വിളിച്ചു …..

അയ്യോ സോറി പറ്റിപ്പോയി ഒന്നു ക്ഷെമിക്കടി……

ക്ഷേമിക്കാം നാളെ രാവിലെ ആവട്ടെ എന്നും പറഞ്ഞവൾ ഉറങ്ങാൻ കിടന്നു….. എന്തായാലും നാളത്തെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. ഇതും പറഞ്ഞു ചീവീടിനെ പോലെ ചിലച്ചു ചിലച്ചു നാളത്തെ ദിവസം എനിക്കു സമാധാനം തരില്ല…..

വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു ഓർത്തു ഞാനും കിടന്നു ഉറങ്ങി……. വെളുപ്പിനെ പരവേശം മൂത്തു വെള്ളം കുടിക്കാൻ എണീറ്റ് കുടിച്ചു.. സമയം നോക്കിയപ്പോൾ അഞ്ചു മണി അവൾ നല്ല ഉറക്കമാണ്……. ആറുമണിക്ക് അവൾ എണീക്കും അതിനു മുൻപ് സ്ഥലം വിടണം അല്ലെങ്കിൽ വലിയൊരു യുദ്ധം അരങ്ങേറും……….

പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു പോയി ഫ്രഷ് ആയി കൂട്ടുകാരന്റെ വീട്ടിലേക്കു വിട്ടു…….

അവിടെത്തിയതും അവളുടെ കോൾ വന്നു….
“ഇച്ചായ നിങ്ങൾ എവിടാ……

“ഞാൻ ഇവിടെ അനീഷിന്റെ വീട്ടിൽ ഉണ്ട്….. ബൈക്ക് എടുക്കാൻ വന്നതാ….

“ഉവ്വ നിങ്ങൾ മുങ്ങിയതാണെന്ന് എനിക്ക് അറിയാം……

എപ്പോഴേലും വീട്ടിലേക്കു വരുമല്ലോ അപ്പോൾ ഞാൻ ശെരിയാക്കി തരാം എന്നും പറഞ്ഞവൾ ഫോൺ വെച്ചു…..

കുറച്ചു നേരം കഴിഞ്ഞു അവളുടെ ദേഷ്യം അൽപ്പം കുറഞ്ഞിട്ടു പോയി തല കാണിക്കാമെന്നു ഓർത്തു അവിടെ ഇരുന്ന ചൂണ്ടയും എടുത്തു ആറ്റിൽ പോയി ചൂണ്ടയിട്ടു മീൻ പിടിച്ചു……

സമയം പത്തരയായി വിശപ്പിന്റെ വിളി തുടങ്ങി…. ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല…… അവൾ ആണെങ്കിൽ പല തവണ വരാൻ പറഞ്ഞു വിളിച്ചു….. എന്തായാലും വരുന്നത് വരുന്നിടത്തു കാണാമെന്നു ഓർത്തു ചൂണ്ടയിട്ടു കിട്ടിയ മീനുമായി വീട്ടിൽ എത്തി……..

എന്റെ ഭാഗ്യത്തിന് ദൈവം അമ്മായിയമ്മയുടെ രൂപത്തിൽ അവിടെ അവതരിച്ചിരുന്നു……

“അമ്മ എപ്പോൾ വന്നു…..

“ഞാനിപ്പോൾ വന്നതേ ഒള്ളൂ…. മോനിത് എവിടെ പോയതാ രാവിലെ തന്നെ….. “അതുപിന്നെ അമ്മ വരുമെന്ന് ഇവൾ പറഞ്ഞിരുന്നു…… അമ്മക്ക് ആണേൽ പുഴ മീൻ ഭയങ്കര ഇഷ്ടമാണെന്നു ഇവൾ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അതു പിടിച്ചു കൊണ്ടു വരാൻ പോയതാ …… രാവിലെയെ മീൻ കിട്ടൂ…

ഞാൻ തട്ടിവിട്ടു. അതുകേട്ടവൾ ചിരിച്ചു കൊണ്ടു അടുക്കളയിലേക്കു പോയി……

അവളുടെ പിന്നാലെ മീനുമായി അടുക്കളയിലേക്ക് ഞാനും ചെന്നു…. “ഒരു അബദ്ധം പറ്റിപ്പോയി ഇനി കുടിക്കില്ല നീ ആണേൽ സത്യം അമ്മയൊക്കെ വന്നില്ലേ അതുകൊണ്ട് നമ്മൾ തമ്മിൽ ഒരു പ്രശ്നം വേണ്ട പ്ലീസ് ഡി ….

” അതേ എന്റെ പൊന്നു മോൻ അധികം സോപ്പ് ഒന്നും ഇടേണ്ട ഇതവണത്തേക്കു ഞാൻ ക്ഷെമിച്ചു…… “ക്ഷെമിച്ചു എന്നു പറഞ്ഞാൽ പോരാ കെട്ടിപിടിച്ചു ഒരുമ്മ കൂടി തരണം……

“അയ്യടാ ഉമ്മയല്ല കാലുമടക്കി ഒരു തൊഴിയാണ് തരേണ്ടത്….. കൊഞ്ചാൻ നിക്കാതെ മോൻ
പോയി കൈ കഴുകി ഇരുന്നോളൂ ഞാൻ ഫുഡ് എടുത്തു തരാം…….. എന്തായാലും ഞാൻ ഹാപ്പിയായി മല പോലെ വന്നത് എലി പോലെ പോയല്ലോ………

ഞങ്ങൾ ഇങ്ങനൊക്കെയാണ്…..

സ്നേഹമുള്ളിടത്തു കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളും ഉണ്ടാവും…. അതു ആസ്വദിക്കാൻ കഴിഞ്ഞാൽ പിന്നെ ജീവിതം സന്താഷകരമായി തീരും….

രചന: ശിവ


Comments

Leave a Reply

Your email address will not be published. Required fields are marked *