നന്ദേട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്കു കയറി വന്നപ്പോൾ എന്ത് സ്നേഹമായിരുന്നു…..

രചന: ചാരുത ദേവ്

“നിന്നെപ്പോലൊരു മച്ചി കയറിവന്നതോടെയാണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്…

പ്രസവിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു പെണ്ണാണോ… ഇറങ്ങി പൊയ്ക്കൂടേ ഒരുമ്പെട്ടോളെ… ” സാവിത്രി വേണിയുടെ നേരെ ആക്രോശിച്ചു… കണ്ണുകൾ നിറച്ചുകൊണ്ട് അവൾ മുറിയിലേക്ക് പോയി… പിന്നെയും എന്തൊക്കെയോ ചില ശാപവാക്കുകൾ അവളെ അനുഗമിക്കുന്നുണ്ടായിരുന്നു…

കട്ടിലിലേക്ക് വീണ് അവൾ ഏങ്ങിയേങ്ങി കരഞ്ഞു… അവൾ ഓർത്തു…’നന്ദേട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്കു കയറി വന്നപ്പോൾ എന്ത് സ്നേഹമായിരുന്നു എല്ലാവർക്കും… പക്ഷേ, വിവാഹം കഴിഞ്ഞു 3 വർഷം ആയിട്ടും കുട്ടികൾ ആകാഞ്ഞപ്പോൾ എല്ലാവർക്കും മുറുമുറുപ്പ് തുടങ്ങി…3 മാസം മുൻപാണ് ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയത്… അപ്പോൾ അറിഞ്ഞു, തനിക്കാണ് പ്രശ്നം…തന്റെ ട്യൂബിൽ ബ്ലോക്കുണ്ട്… മരുന്ന് കഴിച്ചാൽ മാറും എന്ന് ഡോക്ടർ പറഞ്ഞതാണ്…പക്ഷേ, ആ വിവരം അറിഞ്ഞത് മുതൽ എല്ലാവർക്കും തന്നോട് വെറുപ്പായി… ആദ്യമൊക്കെ നന്ദേട്ടൻ ആശ്വസിപ്പിക്കുമായിരുന്നു…

പക്ഷേ, ഇപ്പൊ നന്ദേട്ടനും തന്നെ അവഗണിച്ചു തുടങ്ങി…ഓഫീസിൽ നിന്ന് വന്നാൽ പിന്നെ മുഴുവൻ സമയവും ഫോണിൽ…തന്നെ ഒന്ന് ശ്രദ്ധിക്കാറു പോലുമില്ല…’എല്ലാം ആലോചിച്ചപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നി… പെട്ടന്ന് മുറിയുടെ വാതിൽ തുറന്ന് നന്ദൻ കയറിവന്നു…

പ്രതീക്ഷയോടെയുള്ള അവളുടെ നോട്ടങ്ങളെ അവഗണിച്ച് അയാൾ കുളിക്കാൻ പോയി… ഒരു രണ്ട് മിനിറ്റ് കഴിഞ്ഞു കാണണം…അയാളുടെ ഫോൺ ബെല്ലടിച്ചു… അവൾ കാൾ അറ്റൻഡ് ചെയ്ത് ‘ഹലോ’ പറഞ്ഞപ്പോൾ മറുതലക്കൽ നിന്ന് ഒന്നും പറയാതെ കാൾ കട്ടായി… 23 വട്ടം ഇത് ആവർത്തിച്ചു… പെട്ടന്ന് വാട്സാപ്പിൽ തുടരെ തുടരെ മെസ്സേജുകൾ വരാൻ തുടങ്ങി…അവൾ അത് ഓപ്പൺ ചെയ്തു വായിച്ചു…

“നന്ദാ, നീ വീട്ടിൽനിന്നു ഫയൽ എടുക്കാൻ മറന്നു…പിന്നെ നാളെ വരുമ്പോൾ പ്രൊട്ടക്ഷൻ എടുക്കാൻ മറക്കണ്ട…”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…അതിന് മുകളിലുള്ള മെസ്സേജുകൾ അവൾ നോക്കി…നന്ദനും മറ്റൊരു പെണ്ണും ഒരുമിച്ച് നിൽക്കുന്ന സെൽഫികൾ… അവളുടെ നഗ്നമായ ചിത്രങ്ങൾ…

എരിവും പുളിയും നിറഞ്ഞ മെസ്സേജുകൾ…താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നവൾക്ക് മനസിലായി… പെട്ടെന്ന് ബാത്റൂമിന്റെ ഡോർ തുറന്ന് നന്ദൻ ഇറങ്ങി വന്നു…

തന്റെ ഫോണും പിടിച്ചുള്ള വേണിയുടെ നിൽപ്പ് കണ്ടപ്പോഴേ കാര്യങ്ങൾ പന്തിയല്ലെന്ന് അയാൾക്ക്‌ മനസിലായി…

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വേണി എന്റെ ഫോൺ എടുക്കരുത് എന്ന്…?”

“അതിന്റെ കാരണം പക്ഷേ എനിക്കിപ്പോഴാണ് മനസിലായത് നന്ദേട്ടാ… ആരാ ഹേമ…?
അവളും നിങ്ങളും തമ്മിൽ എന്താണ്
ബന്ധം…?

അയാൾ പകപ്പോടെ അവളെ നോക്കി…

“അല്ല…ഉത്തരം പറഞ്ഞു ബുദ്ധിമുട്ടണ്ട… എനിക്ക് വേണ്ട ഉത്തരങ്ങളെല്ലാം ഫോണിൽ നിന്ന് കിട്ടി…

എങ്ങനെ തോന്നി നന്ദേട്ടന് എന്നെ ചതിക്കാൻ… ഒരുപാട് സ്നേഹിച്ചിരുന്നില്ലേ ഞാൻ… ‘മച്ചി’ എന്ന് വിളിച്ച് നിങ്ങളുടെ അമ്മ എന്നോട് ദേഷ്യം തീർക്കുമ്പോഴും എല്ലാം സഹിച്ചു നിന്നില്ലേ ഞാൻ…

നാണമില്ലല്ലോ നിങ്ങൾക്ക്… ഭാര്യ ജീവിച്ചിരിക്കുമ്പോൾ വേറൊരുത്തിയുടെ പിന്നാലെ പോകാൻ… ഇവളൊരുത്തിയെ ഉള്ളോ, അതോ വേറെയും ഉണ്ടോ… ആരൊക്കെ വരും ഇനി അവകാശം ചോദിച്ച്…?”

“മതി, നിർത്ത് നീ…ഞാൻ മോശക്കാരൻ തന്നെയാണ്… സമ്മതിച്ചു… പക്ഷേ, നീ വല്യ നല്ലപിള്ള ചമയണ്ട… കാശുകാരനായ എന്റെ ആലോചന വന്നപ്പോൾ, നിന്റെ കാമുകനെ പുല്ലുപോലെ തൂക്കിയെറിഞ്ഞു വന്നവളല്ലേ നീ.. ആ നീ വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ ഓരോന്ന് കിടന്ന് കൂവണ്ട… പിന്നെ, എന്റെ അമ്മ നിന്നെ ‘മച്ചി’ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് നീ അങ്ങനെ ആയതുകൊണ്ട് തന്നെയാണ്…”

അവൾ വിതുമ്പിക്കരഞ്ഞു…

അയാൾക്ക്‌ അലിവ് തോന്നി…

“വേണി, ഞാൻ ഓപ്പൺ ആയി പറയാം… ഞാനും ഹേമയും തമ്മിൽ സ്നേഹത്തിലാണ്… ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞങ്ങൾ ഇപ്പൊ ഒന്നാണ്… ഞങ്ങൾ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു… അതിന് ഒരേയൊരു തടസ്സം നീയാണ്… നീ ഒഴിഞ്ഞു തരണം, ഞങ്ങൾക്കിടയിൽ നിന്ന്… അച്ഛനും അമ്മയ്ക്കും ഒരു പേരക്കുട്ടി വേണമെന്ന് ആഗ്രഹം കാണില്ലേ… നീ നല്ലത് പോലെ ആലോചിക്കൂ… ഞാനെങ്കിലും നന്നായി ജീവിക്കട്ടെ… ”

അവൾ ഞെട്ടലോടെ അയാളെ നോക്കി… തന്റെ ഭർത്താവാണ്, മറ്റൊരു പെണ്ണിന് വേണ്ടി സ്വന്തം ജീവിതത്തിൽ നിന്നും തന്നോട് ഒഴിഞ്ഞു തരാൻ ആവശ്യപ്പെടുന്നത്… അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.. തന്റെ ലോകം തനിക്കു മുന്നിൽ തകർന്നു വീഴുന്നത് അവളറിഞ്ഞു.. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവൾ ആഗ്രഹിച്ചില്ല… കിട്ടിയ തുണിയൊക്കെ വാരിപ്പെറുക്കി അവളിറങ്ങി…

വീട്ടിൽ ചെന്ന് കയറിയപ്പോൾ അവൾ വിചാരിച്ചത് പോലെ ഒരു ഞെട്ടൽ ഒന്നും ആരുടേയും മുഖത്ത് ഉണ്ടായിരുന്നില്ല… എല്ലാവരും എല്ലാം പ്രതീക്ഷിച്ചിരുന്ന പോലെ… ആരും ഒന്നും ചോദിച്ചില്ല… കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലക്ഷ്മി പറഞ്ഞു…

“ഇതിങ്ങനെയൊക്കെ തന്നെ ആകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു… ഹരിയേട്ടന്റെ കണ്ണുനീർ ചേച്ചിയുടെ തലയിൽ വീണിട്ടുണ്ട്… അനുഭവിക്കാതെ പോവില്ലല്ലോ… ”

“ലച്ചൂ…”

“ചേച്ചി എന്നോട് ചൂടാവണ്ട… അന്നും ഞാൻ പറഞ്ഞതല്ലേ ഹരിയേട്ടനെ വിവാഹം കഴിച്ചാൽ മതിയെന്ന്… ഓർമ്മ വെച്ച കാലം മുതൽ വേണി ഹരിയുടെ ആണെന്ന് എല്ലാവരുംകൂടെ പറഞ്ഞുറപ്പിച്ചത് ആയിരുന്നില്ലേ.. ലാസ്റ്റ് കുറേ പണം കണ്ടപ്പോൾ ചേച്ചിയുടെ കണ്ണ് മഞ്ഞളിച്ചു.. പാവം ഹരിയേട്ടൻ, ചേച്ചിയെ ജീവനായിരുന്നു… ഇപ്പോഴും വിവാഹം പോലും കഴിച്ചിട്ടില്ല…”

“മതി, നിർത്ത്…അന്ന് ഞാൻ ഹരിയേട്ടനെ വേണ്ടെന്നു വെച്ചത് കൊണ്ടാണ് നീയിപ്പോ വല്യ എഞ്ചിനീയർ ആണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നത്… അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്..

അച്ഛന്റെ ഹാർട്ട്‌ ഓപ്പറേഷന് ഒരു വഴിയും കാണാതിരുന്നപ്പോളാണ് നന്ദേട്ടന്റെ ആലോചന വരുന്നത്…

അന്നെനിക്കെന്റെ അച്ഛന്റെ ജീവനായിരുന്നു വലുത്… നിനക്ക് എല്ലാം അറിയാവുന്നതല്ലേ… ചെയ്തത് തെറ്റാണെന്ന് അറിയാം.. അത് ഇങ്ങനെ അനുഭവിച്ചു തീർക്കാൻ ആണ് വിധിയെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ… ”

പെട്ടെന്നാണ് അമ്മ വന്നത്…

“മോളെ, ഹരി വന്നിട്ടുണ്ട്… എല്ലാം അറിഞ്ഞു എന്ന് തോന്നുന്നു… ”

“എനിക്ക് ഹരിയേട്ടന്റെ മുന്നിൽ വന്നു നിൽക്കാൻ കഴിയില്ലമ്മേ… ഞാൻ മുറിയിൽ ഇരുന്നോളാം… നിങ്ങൾ അങ്ങോട്ടേക്ക്
ചെല്ല്…”

കട്ടിലിൽ ചെന്ന് ഇരിക്കുമ്പോൾ മനസ്സിൽ ആ പഴയകാലം ഓർമ്മ വന്നു… മുറച്ചെറുക്കൻ ആയിരുന്നു ഹരിയേട്ടൻ… ഒരുപാട് ഇഷ്ടം ആയിരുന്നു…

താനെന്ന്‌ വെച്ചാൽ ജീവനായിരുന്നു… പക്ഷേ
ജീവിതപ്രാരാബ്ധങ്ങളുടെ ത്രാസിൽ വെച്ച് അളന്നപ്പോൾ ഹരിയേട്ടന്റെ സ്നേഹത്തേക്കാൾ മൂല്യം നന്ദേട്ടന്റെ പണത്തിനായിരുന്നു… ചതിച്ചു എന്ന് മനസ്സിലായപ്പോൾ പോലും പാവം ഒന്നും പറഞ്ഞില്ല…ചിരിക്കുക മാത്രം ചെയ്തു…

പെട്ടെന്ന് ഹരി മുറിയിലേക്ക് കടന്നുവന്നു…

“എന്താടോ, തന്നെ പുറത്തേക്കൊന്നും കാണുന്നില്ലല്ലോ…”

മറുപടി ഒന്നും പറഞ്ഞില്ല… വെറുതെ ചിരിച്ചു…

” 3 വർഷമായി തന്നെ കണ്ടിട്ട്…”

“ഇപ്പൊ മുഴുവനായും തകർന്നിരിക്കാണ്… പക വീട്ടാൻ പറ്റിയ അവസരം… അല്ലേ ഹരിയേട്ടാ…”

ഹരി അവളെ പുച്ഛത്തോടെ നോക്കി…

“കഷ്ടം തന്നെ വേണി… താനെന്താ വിചാരിച്ചിരുന്നത്, എനിക്ക് തന്നോട് ദേഷ്യവും
പകയും ആണെന്നോ.. ഹഹ… ഒന്നും ഇല്ലെടോ… ദുഃഖമുണ്ടായിരുന്നു… പക്ഷേ ഞാൻ അതൊക്കെ മറികടന്നു… ഇപ്പൊ എനിക്ക് നല്ലൊരു ജോലിയുണ്ട്, വീടുണ്ട്, പണമുണ്ട്… എല്ലാം തന്നോടുള്ള വാശി കൊണ്ട് നേടിയതാ… അതിനെനിക്ക് തന്നോട് നന്ദിയെ ഉള്ളൂ… ”

അവൾ അയാളെ ദയനീയമായി നോക്കി…

“തന്റെ അവസ്ഥ എനിക്ക് മനസിലാകും.. പക്ഷേ, താൻ ഇങ്ങനെ തളർന്നു പോകാൻ പാടില്ല… എല്ലാം നേരിടണം… ഇവിടെ ഇങ്ങനെ ഒളിച്ചിരുന്നിട്ടെന്തിനാ… ഒന്നും നഷ്ടപ്പെട്ടിട്ടില്ല.. എല്ലാം തിരിച്ചു പിടിക്കണം… നന്നായി ജീവിക്കണം… ഞാൻ ഉണ്ടെഡോ കൂടെ… ”

ആ വാക്കുകൾ അവൾക്ക് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രതീക്ഷയായിരുന്നു… മാറ്റങ്ങൾ അവിടെ തുടങ്ങുകയായിരുന്നു… അയാൾ അവളുടെ പഴയ ഹരിയേട്ടൻ ആയിമാറി.. അവളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും സാധിച്ചു കൊടുത്തു… അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകി… ഇഷ്ടം ഉള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി… അവളുടെ ദുഃഖങ്ങളിൽ അവളെ ആശ്വസിപ്പിച്ചു…

അവൾക്ക് നഷ്ടപ്പെട്ടതൊക്കെ തിരികെ ലഭിക്കുന്നത് പോലെ തോന്നി… അവളുടെ ജീവിതത്തിലേക്ക് സന്തോഷം വീണ്ടും കടന്നുവന്നു.. ഇടയിലെപ്പോഴോ അവളുടെ മനസ്സിൽ ഹരിയോടുള്ള പ്രണയം വീണ്ടും മൊട്ടിട്ടു.. പക്ഷേ പറയാൻ ഉള്ള ധൈര്യം
അവൾക്ക് ഉണ്ടായിരുന്നില്ല…

ഒടുവിൽ അത് സംഭവിച്ചു…
‘നന്ദനുമായുള്ള അവളുടെ വിവാഹബന്ധം നിയമപരമായി വേർപെട്ടു…’തന്റെ ഇഷ്ടം ഹരിയെ അറിയിക്കാൻ ഇനിയും വൈകിക്കൂടാ എന്നവൾക്ക് തോന്നി… സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞ് അവൾ ഹരിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയി…

“എന്താടോ, എന്താ കാര്യം…?”

“ഹരിയേട്ടനോട് എങ്ങനെ അത് പറയണം എന്ന് എനിക്കറിയില്ല…”

“താൻ വളച്ചു കെട്ടാതെ കാര്യം പറ…”

“നന്ദേട്ടനുമായി പിണങ്ങി വീട്ടിൽ വന്നപ്പോൾ എന്റെ ജീവിതം അവിടെ അവസാനിച്ചു എന്നാണ് ഞാൻ കരുതിയത്… ദുഃഖങ്ങളുടെ ഒരു തീരാക്കയത്തിലേക്ക് വീണുപോയത് പോലെയാണ് എനിക്ക് തോന്നിയത്… പക്ഷേ, അവിടെ നിന്നും ഞാൻ ഉയിർത്തെഴുന്നേറ്റത് ഹരിയേട്ടൻ ഒരാള് കാരണം മാത്രമാണ്… എന്റെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടുവന്നത് ഹരിയേട്ടനാണ്… ആ സന്തോഷം എന്നും എന്റെ ജീവിതത്തിൽ വേണം എന്ന് എനിക്ക് ആഗ്രഹിമുണ്ട്… ”

“താൻ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസിലായി… പക്ഷേ, അതൊന്നും നടക്കില്ല വേണി… നീ എന്റെ നല്ലൊരു സുഹൃത്ത്…

അതിനപ്പുറത്തേക്ക് ഒന്നുമില്ല… നിന്റെ ദുഃഖത്തിൽ കൂടെ നിൽക്കണം എന്ന് തോന്നി… അത്ര തന്നെ… ഒരിക്കൽ നീ കാരണം ഞാൻ ഒരുപാട് കരഞ്ഞതാ… ഇനിയും വയ്യ… ഞാൻ ഇറങ്ങുന്നു…”

കെട്ടിപ്പടുത്ത സ്വപ്‌നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീഴുന്നത് അവൾ അറിഞ്ഞു…

ആ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ എന്ന് അവൾ മോഹിച്ചു പോയി…

(ദിവസങ്ങൾക്കു ശേഷം മറ്റൊരിടത്ത്…)

“ഇനിയിപ്പോ നമുക്ക് മുന്നിൽ തടസ്സങ്ങൾ ഒന്നുമില്ല… നിയമപരമായി ഡിവോഴ്സ് ലഭിച്ചു…

ഇനി വേണിയുടെ ശല്യം ഇല്ല… എത്രയും വേഗം വിവാഹം നടത്തണം… വീട്ടിൽ നിന്നും പ്രഷർ ഉണ്ട്…ഒരു കുഞ്ഞിക്കാല് കാണാൻ അച്ഛനും അമ്മയ്ക്കും വല്ലാത്ത കൊതിയാണ്… ”

“ഹഹ.. നന്ദൻ ഇതെന്തൊക്കെയാ പറയുന്നത്… വിവാഹമോ… ഐ ഡോണ്ട് ബിലീവ് ഇൻ മാരിറ്റൽ റിലേഷൻഷിപ്പ്…”

“ഹേമാ, നിനക്ക് വേണ്ടിയാണ് ഞാൻ വേണിയെ ഒഴിവാക്കിയത്…”

“What… ഞാൻ ആവശ്യപ്പെട്ടോ വേണിയെ ഒഴിവാക്കാൻ…?”

അയാൾ ഞെട്ടലോടെ അവളെ നോക്കി…

“നോക്ക് നന്ദൻ… ഞാൻ തന്റെ ഭാര്യയാകാം എന്ന് വാക്കൊന്നും തന്നിട്ടില്ലല്ലോ… അതുമല്ല, എന്നെക്കണ്ടപ്പോൾ ഇത്ര പെട്ടെന്ന് സ്വന്തം ഭാര്യയെ ഒഴിവാക്കിയ താൻ എന്നെയും ഒഴിവാക്കില്ലെന്ന് ആരുകണ്ടു…”

“ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്…”

“ഓഹ്, ഷട്ട് അപ്പ് നന്ദൻ… ദിസ്‌ ഈസ് സോ ഇറിറ്റേറ്റിങ്… ഇയാളെ ഡേറ്റ് ചെയ്തത് എന്റെ തെറ്റ്… സോ, എനിക്കിതു കണ്ടിന്യൂ ചെയ്യാൻ താല്പര്യം ഇല്ല… നൗ, പ്ലീസ് ഗെറ്റ് ലോസ്റ്റ്.”

അവിടെ നിന്നിറങ്ങുമ്പോൾ അയാളുടെ മനസ്സ് നീറുകയായിരുന്നു…

തന്റെ തെറ്റ് അയാൾക്ക്‌ ബോധ്യമായി… കുറ്റബോധം കൊണ്ട് അയാളുടെ നെഞ്ചുരുകി…

“തെറ്റ് പറ്റിപ്പോയി… വേണിയോട് അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു… അവൾക്ക് താനെന്നുവെച്ചാൽ ജീവനായിരുന്നു… പക്ഷേ ഹേമയുടെ ചതിയിൽ വീണുപോയി… ആ തെറ്റ് തിരുത്തണം… നാളെ തന്നെ വേണിയെ വിളിച്ചുകൊണ്ടുവരണം… അവൾ തന്നെ മനസ്സിലാക്കും… എല്ലാം ക്ഷമിക്കും…

ഒരു വർഷം ട്രീറ്റ്‌മെന്റ് നടത്തിയാൽ അവളുടെ വയ്യായ്ക ഒക്കെ മാറും… തങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കും… പിന്നെ എല്ലാം മറന്ന് പുതിയൊരു ജീവിതം…”

അയാൾ മനസ്സിൽ ഉറപ്പിച്ചു…

വീട്ടിലേക്കു ചെന്നുകയറിയപ്പോൾ അമ്മ മുൻപിൽ ഇരിക്കുന്നുണ്ട്… അയാളെ ഒന്ന് നോക്കി കൈയിലേക്ക് ഒരു കവർ വെച്ചുകൊടുത്ത് അവർ ഉള്ളിലേക്ക് പോയി… അയാൾ അത് തുറന്നു നോക്കി… ഒരു കല്യാണക്കുറി ആയിരുന്നു അത്…
അതിലെ പേരുകൾ വായിച്ച് അയാൾ ഞെട്ടി…

‘വേണി വിത്ത്‌ ഹരി’ ഒരു തുള്ളി കണ്ണീരോടെ അതിലേക്കു നോക്കി നിൽക്കാൻ മാത്രമേ അയാൾക്ക്‌ സാധിച്ചുള്ളൂ…

വാൽക്കഷണം : ആരെയും കൊല്ലാത്ത ഒരു കഥ എഴുതാൻ ആവശ്യപ്പെട്ടവർക്ക് പ്രത്യേകം ഡെഡിക്കേറ്റ് ചെയ്യുന്നു…

രചന: ചാരുത ദേവ്


Comments

Leave a Reply

Your email address will not be published. Required fields are marked *