പ്രണയാർദ്രം നോവലിൻ്റെ ഭാഗം 30 വായിച്ചു നോക്കൂ…

രചന:സീതലക്ഷ്‌മി

കാറിന്റെ ശബ്ദം കേട്ട് സിദ്ധു പുറത്തേക്ക് ചെന്നു നോക്കി. ലക്ഷ്മിയാണെന്നാണ് അവൻ വിചാരിച്ചത്.

പക്ഷെ അത് നവി ആയിരുന്നു.രാത്രി ഏഴു മണി ആയിട്ടും ലക്ഷ്മിയെ കണ്ടില്ല. ഗൗതം പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ അവൾ വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞു. സിദ്ധുവിന്റെ മനസ്സിൽ ഭയം നിഴലിച്ചു.

അവന്റെ മനസ്സിലേക്ക് കടന്നു വന്നത് രാവിലെ കണ്ട ലക്ഷ്മിയുടെ ഫോട്ടോയും വേദിനെയുമാണ്. സിദ്ധു ഫോൺ എടുത്ത് ലക്ഷ്മിയെ വിളിച്ചു നോക്കി പക്ഷെ അപ്പോഴും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. അവൻ വേഗം കാറിന്റെ കീ എടുത്ത് താഴേക്ക് ചെന്നു. “നീ ഇത് എങ്ങോട്ടാ ഈ രാത്രി…”പുറത്തേക്ക് പോകുന്ന സിദ്ധുവിനോടായി മാധവൻ ചോദിച്ചു. “അവൾ വന്നില്ലല്ലോ ഇതുവരെ ഞാൻ ഒന്ന് നോക്കിയിട്ട് വരാം…”സിദ്ധു പറഞ്ഞു.

“അവൾ വന്നോളും ചിലപ്പോ ട്രാഫിക് കാണും… നീ പേടിക്കണ്ട…”മാധവൻ അവനോട് പറഞ്ഞു.

“എന്തായാലും ഞാൻ ഒന്ന് നോക്കിയിട്ട് വരാം…”സിദ്ധുവിനു ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.അവൻ വേഗം കാറും എടുത്ത് പാഞ്ഞു.അവൾ വരുന്ന വഴിയിലൊക്കെ നോക്കി എങ്കിലും കണ്ടില്ല.ഇടയ്ക്ക് വീട്ടിൽ വിളിച്ചു ലക്ഷ്മി വന്നോ എന്നവൻ അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. അവൾക്കെന്തെങ്കിലും പറ്റിക്കാണുമോ എന്ന് അവൻ പേടിച്ചു.ഇടയ്ക്ക് റോഡിൽ ഒരു ആക്‌സിഡന്റ് കാരണം അവൻ ബ്ലോക്കിൽ പെട്ടു പോയി.

“ഏതോ ഒരു പെണ്ണാ…തീർന്നെന്ന തോന്നുന്നത്…”അവനു ഓപ്പോസിറ്റ് വന്ന വണ്ടിയിൽ ഉള്ള ഒരാൾ പറയുന്നത് അവൻ കേട്ടു. അവന്റെ ചങ്കിടിക്കാൻ തുടങ്ങി. അവൻ കാറിൽ നിന്നും ഇറങ്ങി ആക്‌സിഡന്റ് നടന്ന സ്ഥലത്തേക്ക് നടന്നു..

“ഇനി ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടും കാര്യം ഉണ്ടെന്ന് തോന്നുന്നില്ല…”നടക്കുന്ന വഴിയിൽ ചില ആളുകൾ പറയുന്നത് അവൻ കേട്ടു. സിദ്ധുവിന് കാലുകൾ തളരുന്നത് പോലെ തോന്നി. നെഞ്ചിടിപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടുണ്ട്.

ആക്‌സിഡന്റ് നടന്ന സ്ഥലത്ത് ആളുകൾ കൂടി നിൽപ്പുണ്ട്. ആൾകൂട്ടം കാരണം അവനു ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തത്‌. “ഹലോ സിദ്ധുവേട്ടാ… ദേ ചേച്ചി വന്നു….”സ്വാതി പറഞ്ഞു. സിദ്ധു മറുപടി ഒന്നും പറയാതെ വേഗം ഫോൺ കട്ട്‌ ചെയ്തു കാറിനടുത്തേക്ക് ഓടി.

ബ്ലോക്കിനിടയിൽ നിന്നും എങ്ങനെ ഒക്കെയോ അവൻ കാറും കൊണ്ട് പുറത്തു കടന്നു.വേഗം വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയതും അവൻ വേഗം അകത്തേക്ക് ചെന്നു. ഹാളിൽ നിഹയുടെയും വസുവിന്റെയും കൂടെ ഇരിക്കുക ആയിരുന്നു ലെച്ചു.

സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു ബലമായി കയ്യിൽ പിടിച്ചെണീപ്പിച്ചു കവിളിൽ ആഞ്ഞടിച്ചു.പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് പകച്ചു. “എവിടെ പോയി കിടക്കുവായിരുന്നു ഇത്രയും നേരം….”സിദ്ധു ദേഷ്യത്തിൽ അവളോട് അലറി. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ശബ്ദം കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു. “ചോദിച്ചത് കേട്ടില്ലേ… എവിടെ പോയി കിടക്കുവായിരുന്നെന്ന്….”സിദ്ധു അവളുടെ കയ്യിൽ പിടിമുറുക്കികൊണ്ട് അലറി.

“ഞാ….. ഞാൻ വീട്ടിൽ… “വിതുമ്പി കൊണ്ട് ലക്ഷ്മി പറഞ്ഞു. “നീ അവിടുന്ന് ഇറങ്ങിയ നേരം വെച്ച് നോക്കുവാണെങ്കിൽ ഇവിടെ എത്താൻ എന്താ വൈകിയേ…”സിദ്ധു ദേഷ്യത്തിൽ അവളോട് ചോദിച്ചു.

“ഞാൻ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കാണാൻ പോയി…”ഏങ്ങി കൊണ്ട് ലെച്ചു പറഞ്ഞു. “നിനക്ക് അതൊന്ന് വിളിച്ചു പറഞ്ഞാൽ എന്താ…ഞാൻ എവിടെ ഒക്കെ പോയി നോക്കി എന്ന് അറിയുവോ….”സിദ്ധു കിടന്നു അലറി. “സിദ്ധു മതി നിർത്തിക്കെ…ഞാൻ നിന്നോട് പറഞ്ഞതല്ലേ അവൾ വന്നോളുമെന്ന്…ഒരിത്തിരി വൈകിയതിനാണോ നീ ഈ കിടന്നു അലറുന്നത്..”മാധവൻ ഇടക്ക് കയറി പറഞ്ഞു.

“എന്ത് പേടിച്ചിട്ടാ ഞാൻ ഡ്രൈവ് ചെയ്തെ എന്ന് അറിയുവോ…. വഴിയിൽ ഒരു ആക്‌സിഡന്റ് കണ്ടപ്പോ ഞാൻ വിചാരിച്ചു….”അവന്റെ ശബ്ദം ഇടറി. “ഇനി എന്നോട് പറയാതെ എവിടെ എങ്കിലും പോയാൽ…നിൽക്കുന്ന നിൽപ് കണ്ടില്ലേ…”സിദ്ധു അതും പറഞ്ഞു അവളെ തല്ലാനായി കൈ ഓങ്ങിയതും ലക്ഷ്മി കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി പോയി. “വല്ലാത്ത കഷ്ടവാ കേട്ടോ സിദ്ധു…വെറുതെ ആവശ്യമില്ലാതെ അവളെ വഴക്ക് പറഞ്ഞു… പാവം…”ശ്രീജ പറഞ്ഞു. സിദ്ധു ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.അവൻ ലോണിൽ പോയി ഇരുന്നു കുറച്ചു നേരം.ലക്ഷ്മിയെ അടിക്കണമെന്ന് അവൻ വിചാരിച്ചതല്ല.

അവളെ ഒന്ന് കാണാതായപ്പോൾ അവൻ അത്രത്തോളം പേടിച്ച് പോയി. ആ ദേഷ്യത്തിലും സ്നേഹത്തിലും അറിയാതെ അടിച്ചു പോയതാണ്.

ഇന്നുവരെ അവൾ എവിടെ പോയാലും എത്ര താമസിച്ചു വീട്ടിൽ വന്നാലും താൻ ഇതുവരെ അവളെ വഴക്ക് പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞാലും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും ഒരു തടസമാകില്ലെന്ന് പറഞ്ഞ താൻ തന്നെയാണോ അവളോട് ഇന്ന് ദേഷ്യപ്പെട്ടത്.

ലക്ഷ്മിയുടെ ആ നിറഞ്ഞ കണ്ണുകളും പേടിച്ചരണ്ട മുഖവും ഓർക്കേ അവന്റെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി.ഒരു നിമിഷത്തേക്ക് അവളെ നഷ്ടമായോ എന്ന പേടി അവനെ വന്നു പൊതിഞ്ഞ ആ നിമിഷത്തെ കുറിച്ച് അവൻ ഓർത്തു.അവളില്ലെങ്കിൽ താൻ വെറും ശൂന്യമാണ്.അവളോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവുമാണ് ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്ന നിമിഷം എന്ന് സിദ്ധു ഓർത്തു.അവളുടെ ഒപ്പം ഉണ്ടായിരുന്ന പ്രണയനിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു. ലക്ഷ്മിയുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ സിദ്ധുവിന്റെ മടിയിൽ ഇരിക്കുവായിരുന്നു ലക്ഷ്‌മി.

അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചിട്ടുണ്ട്.

“സിദ്ധു…”അവന്റെ നെഞ്ചിൽ കണ്ണുകളടച്ചു ചാരി കിടന്നുകൊണ്ടവൾ വിളിച്ചു. “മ്മ്…”അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവൻ മൂളി. “നമ്മൾ തമ്മിൽ കണ്ടുമുട്ടിയില്ലായിരുന്നെങ്കിലോ….”അവന്റെ നെഞ്ചിൽ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു.അവൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. “നമ്മളിന്നും കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഞാനും നീ നീയുമായിരുന്നേനെ…..

ഓർമകളിൽ പോലും ഒരിടവുമില്ലാത്ത വെറും അപരിചിതരെ പോലെ…”അവൻ ആർദ്രമായി പറഞ്ഞു. “നിനക്കെന്താ എന്നെ ഇഷ്ടപ്പെട്ടത്… ഈ നാട്ടിൽ വേറെ പെമ്പിള്ളേർ ഒന്നും ഇല്ലായിരുന്നോ…”ലക്ഷ്മി ചോദിച്ചു. “വേറെ പെമ്പിള്ളേർ ഉണ്ടായിരുന്നു… പക്ഷെ നിന്നെ പോലെ ആരുമില്ലല്ലോ…”സിദ്ധു അവളെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു. ഒരാളും മറ്റൊരാൾക്ക്‌ പകരമാവില്ല എന്നതിലല്ല, ആ ഒരാൾക്കു മറ്റൊരാളും പകരമാവില്ല എന്നിടത്താണ് പ്രണയമെന്ന കൺസെപ്റ്റ് മരിക്കുന്നതും ഒരേയൊരു പ്രണയം മാത്രമെന്ന യാഥാർഥ്യം തിരിച്ചറിയപ്പെടുന്നതും…

മഴ ആർത്തുലച്ച് പെയ്യുന്നുണ്ട്. സമയം ഒരുപാടായി.

സിദ്ധു റൂമിലേക്ക് ചെന്നു. റൂം മുഴുവനും കണ്ണോടിച്ചെങ്കിലും ലക്ഷ്മിയെ കണ്ടില്ല.അവൻ പതിയെ ബാൽക്കണിയിലേക്ക് നടന്നു.അവിടെ ബീൻ ബാഗിൽ കരഞ്ഞു തളർന്നു ലക്ഷ്‌മി കിടപ്പുണ്ടായിരുന്നു.

അവൻ അവളുടെ അടുത്തേക്ക് പതിയെ നടന്ന് ചെന്നു. കവിളിൽ വിരലുകളുടെ പാട് ചുവന്നു കിടപ്പുണ്ട്.അത് കണ്ടപ്പോൾ അവന്റെ ഉള്ളം വിങ്ങി. അവൻ അവളെ ഉണർത്താതെ പതിയെ ആ പാടിൽ ചുണ്ട് ചേർത്തു അകന്ന് മാറി. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ കയ്യിൽ വീണു.

അവൾ ഉറങ്ങിയിട്ടില്ലെന്ന് അവനു മനസ്സിലായി.അവൾ പതിയെ കണ്ണ് തുറന്നു. “ലെച്ചു….”അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്ത് വിളിച്ചു. “സോറി…”സിദ്ധു പറഞ്ഞു. അവൾ അവന്റെ കൈ തട്ടി മാറ്റി. “ലെച്ചു… അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ പറ്റിപോയതാടി…. എന്നോട് ക്ഷെമിക്ക് നീ….”ഇടറിയ ശബ്ദത്തിൽ സിദ്ധു പറഞ്ഞു. ലക്ഷ്മി ഒന്നും മിണ്ടാതെ റൂമിൽ ചെന്നു ബെഡിൽ കേറി കിടന്നു.സിദ്ധുവും അവളുടെ അടുത്ത് ചെന്നു കിടന്നു. അവൻ വന്നു കിടന്നതും അവൾ തലയണയും എടുത്തു സോഫയിൽ പോയി കിടന്നു.അവൾ ഒരു സൈഡ് ചരിഞ്ഞു കിടക്കുക ആയിരുന്നു.

സിദ്ധു ചെന്നു അവളുടെ അടുത്ത് കിടന്നു വയറിലൂടെ ചുറ്റിപ്പിടിച്ചു.

“എന്നെ തൊടണ്ട….”സിദ്ധുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു. “ഓഹോ… ഞാൻ തോടും…”സിദ്ധു അതും പറഞ്ഞു അവളിലേക്ക് കൂടുതൽ ചേർന്ന് കിടന്നു അവളെ ചുറ്റിപ്പിടിച്ചു.ലക്ഷ്മി കുതറി മാറാൻ ശ്രെമിച്ചെങ്കിലും നടന്നില്ല. “നീ എന്തിനാ ഇവിടെ കിടക്കുന്നെ… വന്നു ബെഡിൽ കിടക്കെടി…”സിദ്ധു പറഞ്ഞു. “ഞാൻ ഇവിടെ കിടന്നോളാം…”ലക്ഷ്മി അവളുടെ ദേഹത്തു നിന്ന് അവന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.

“ഇവിടെ സ്ഥലം ഇല്ല അവിടെ വന്നു കിടക്കെടി ഭദ്രു….”സിദ്ധു അവളെ വീണ്ടും ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു. “നീ പോയി ബെഡിൽ കിടക്ക്…ഞാൻ ഇവിടെ കിടന്നോളാം…”ലക്ഷ്മി പറഞ്ഞു. “അയ്യടാ അതൊന്നും പറ്റൂല ഞാൻ നിന്നെ കെട്ടിപിടിച്ചേ കിടക്കു…”സിദ്ധു അതും പറഞ്ഞു അവളിലേക്ക് ചേർന്ന് കിടന്നു. “തല്ലാൻ നേരത്ത് ഈ സ്നേഹം ഒന്നും കണ്ടില്ലല്ലോ…”ലക്ഷ്മി പറഞ്ഞു.

“വേദനിച്ചോ…”അവളുടെ കവിളിൽ തഴുകികൊണ്ട് അവൻ പതിയെ ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല.

“നിന്നെ കാണാതായപ്പോൾ ഞാൻ നിനക്ക് എന്തെങ്കിലും പറ്റി കാണുമെന്നു പേടിച്ചു പോയി… അതിന്റെ വെപ്രാളത്തിലും ദേഷ്യത്തിലും ചെയ്തതാ….സോറി…” “എനിക്കറിയാം നിനക്ക് നല്ലത് പോലെ വേദനിച്ചെന്ന്….”സിദ്ധു പറഞ്ഞു.

കഴുത്തിൽ നനവ് അനുഭവപ്പെട്ടപ്പോൾ ലക്ഷ്മി തിരിഞ്ഞു കിടന്നു. സിദ്ധുവിന്റെ കണ്ണ് നിറഞ്ഞു നിൽപ്പുണ്ട്.

അത് കണ്ടപ്പോൾ അതുവരെ അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം അവൾ തുറന്നു വിട്ടു.അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കരഞ്ഞു.സിദ്ധു അവളെ അവന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു. “നിഹ എവിടെ…”പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖം അടർത്തി മാറ്റി ചോദിച്ചു. “അവൾ അമ്മയുടെ കൂടെ കിടന്നു…”സിദ്ധു പറഞ്ഞു.

ലക്ഷ്മി അവന്റെ നെഞ്ചിൽ വീണ്ടും മുഖം അമർത്തി കിടന്നു. “ലെച്ചു… എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…”സിദ്ധു പറഞ്ഞു. അവൾ മുഖം ഉയർത്തി അവനെ നോക്കി. സിദ്ധു അവനു വന്ന ആ ഫോൺ കാളിനെ പറ്റിയും വേദിനെ കുറിച്ചും എല്ലാം അവളോട് പറഞ്ഞു.അതെല്ലാം കേട്ട് ലെച്ചു പൊട്ടിച്ചിരിച്ചു.

“ദൈവമെ എനിക്ക് ആരാധകരൊ… എനിക്ക് വയ്യ…”ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു. “നിനക്ക് തമാശ… മനുഷ്യൻ ഇവിടെ എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുവാ… ആ വേദിനെ ഞാൻ വെറുതെ വിടില്ല…” “അയ്യേ… നീ വെറുതെ പ്രശ്നത്തിനൊന്നും പോവണ്ട… ആ വേദ് എന്നെ എന്ത് ചെയ്യാനാ…ഇതെന്താ വല്ല സിനിമയുമാണോ… ഇതൊക്കെ ചുമ്മാ…പിന്നെ ആ കാൾ അത് നിന്നെ പറ്റിക്കാൻ വേണ്ടി ആരെങ്കിലും ചെയ്തത്‌ ആകും… ആ എന്തായാലും ദേവ് ഡീറ്റെയിൽസ് എടുക്കാം എന്ന് പറഞ്ഞില്ലേ…

നോക്കാം…” “ലെച്ചു… നീ സൂക്ഷിക്കണം…

വേദിനേ അങ്ങനെ നിസ്സാരക്കാരനായി കാണാൻ പറ്റില്ല…” “ഓ പിന്നെ…അവൻ എന്നെ ഇപ്പൊ മൂക്കിൽ വലിച്ചു കേറ്റും… അല്ല ഇനിയിപ്പോ അവൻ എങ്ങാനും എന്നെ തട്ടിക്കൊണ്ടു പോയാൽ എന്റെ ചെക്കൻ ഇല്ലെ എന്നെ രക്ഷിക്കാൻ…”

“ഓഹോ…” “ആന്നേ… എന്റെ ചെക്കൻ വന്ന് അവനെയും അവന്റെ ഗുണ്ടകളെയും ഒക്കെ ഇടിച്ചിട്ട് എന്നെ രക്ഷിക്കൂലേ…”സിദ്ധുവിന്റെ മീശ പിരിച്ചുകൊണ്ട് ലക്ഷ്മി പറഞ്ഞു. “ഏയ് ഞാൻ രക്ഷിക്കേണ്ടി വരില്ല…നിന്റെ കയ്യിലിരുപ്പ് മനസ്സിലാകുമ്പോൾ അവൻ തന്നെ നിന്നെ തിരിച്ചു കൊണ്ടാക്കും…”സിദ്ധു പറഞ്ഞു. ലക്ഷ്മി അത് കേട്ട് അവന്റെ മീശയിൽ പിടിച്ചു വലിച്ചു.

“ഊ…. നോവുന്നെടി പെണ്ണെ…” സിദ്ധു അവളുടെ മുഖം കൈകളിൽ എടുത്ത് മുഖം നിറയെ ചുംബിച്ചു.

അവന്റെ അധരങ്ങൾ അതിന്റെ ഇണയിലേക്ക് ചേർന്നു. ദീർഘനേരത്തെ ചുംബനത്തിന് ശേഷം ലക്ഷ്മി കിതച്ചുകൊണ്ട് അവന്റെ നെഞ്ചിൽ കിടന്നു.

“ഇവിടെ കിടന്നാൽ മതിയോ… വാ ബെഡിൽ കിടക്കാം…”സിദ്ധു പറഞ്ഞു. “വേണ്ട ഇന്നിവിടെ കിടക്കാം… നല്ല മഴയും തണുപ്പും ഒക്കെയല്ലേ ഇവിടെ കെട്ടിപിടിച്ചു കിടക്കാം…”ലക്ഷ്മി അതും പറഞ്ഞു അവനെ കെട്ടിപിടിച്ചു. സിദ്ധു എഴുന്നേറ്റ് പോയി പുതപ്പ് എടുത്തിട്ട് വന്നു അവളുടെ മുകളിൽ കയറി കിടന്നു പുതപ്പ് തലവഴി ഇട്ടു. “എടി ഭദ്രു….”സിദ്ധു അവളുടെ മുഖത്ത് വീണു കിടന്ന മുടികൾ ചെവിക്ക് പിറകിലേക്കായി ഒതുക്കി വെച്ചുകൊണ്ട് വിളിച്ചു. അവൾ പിരികം പൊക്കി എന്താണെന്നു ചോദിച്ചു. “അല്ല നല്ല മഴയും തണുപ്പും ഒക്കെ അല്ലെ… വെറുതെ കെട്ടിപിടിച്ചു കിടന്നാൽ മാത്രം മതിയോ…”അവളിലേക്ക് അമർന്നു കൊണ്ട് അവൻ പറഞ്ഞു. “അയ്യടാ… അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി…”ലക്ഷ്മി പറഞ്ഞു.

“Unromantic മൂരാച്ചി….”സിദ്ധു അവളെ വിളിച്ചു.

ലക്ഷ്മി അത് കേട്ട് ചിരിച്ചു. സിദ്ധു അവളുടെ സൈഡിലേക്ക് മാറി കിടന്നു.ലക്ഷ്മി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു. സിദ്ധു അവളെ അവന്റെ ബലിഷ്ഠമായ കരങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കി.

“എന്ത് വില കൊടുത്തിട്ടാണെങ്കിലും നിന്നെ എനിക്ക് വേണം ലക്ഷ്മി…കാരണം ഈ വേദിന്റെ മനസ്സിൽ കയറി പറ്റിയ ഒരേ ഒരു പെണ്ണ് നീയാ…”അവൻ അതും പറഞ്ഞു ഫോണിലുള്ള ലക്ഷ്മിയുടെ ഫോട്ടോയിൽ ചുണ്ടമർത്തി. “വേദ് പ്രകാശ് ശർമ്മക് പ്രണയമോ… അതും കല്യാണം കഴിഞ്ഞ ഒരു പെണ്ണിനോട്..”അവന്റെ നെഞ്ചിൽ നഗ്നമായി കിടന്നിരുന്നവൾ പറഞ്ഞു. “ഒരുപാട് വൈകിപ്പോയെന്ന് അറിയാം എന്നാലും എനിക്ക് അവളെ വേണം…”വേദ് പറഞ്ഞു. “നീയൊക്കെ എന്തിനാടാ ഈ ലക്ഷ്മി ലക്ഷ്മി എന്നും പറഞ്ഞു നടക്കുന്നത്…”അവൾ എഴുന്നേറ്റ് പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു കൊണ്ട് പറഞ്ഞു.

“എനിക്കെന്ത് കുറവാ ഉള്ളത്…”അവൾ വേദിനോടായി ചോദിച്ചു. വേദ് ബെഡിൽ നിന്നെഴുനേറ്റ് ഒരു സിഗേരറ്റും കത്തിച്ചു ബാൽക്കണിയിലേക്ക് പോയി നിന്നു. “എന്താ അവളുടെ സൗന്ദര്യം കണ്ടിട്ടാണോ…”അവൾ ചോദിച്ചു. “ഒരു പെണ്ണുണ്ട്… കാശിനെ മാത്രം സ്നേഹിക്കുന്നവൾ… ആദ്യം അവൾ ഒരുത്തന്റെ പിറകെ നടപ്പായിരുന്നു അവനെ കേട്ടാൻ വേണ്ടി…

പ്രേമം മൂത്തിട്ടൊന്നുമല്ല കേട്ടോ.. ഭ്രമം..

കാശിനോടുള്ള ഭ്രമം… അത് കഴിഞ്ഞ് അവനേക്കാൾ പൈസ ഉള്ളവനെ കണ്ടപ്പോൾ അവൾ അവനെ വിട്ട് മറ്റവന്റെ കൂടെ പോയി…

എൻഗേജ്മെന്റും കഴിഞ്ഞ് കല്യാണവും അടുത്ത സമയമായപ്പോൾ ബിസിനസ്സിൽ ആരോ അവനെ ചതിച്ചു അവന്റെ കയ്യിലെ പൈസ എല്ലാം പോയി…. അവൻ പാപ്പരായി…മോശം സമയത്ത് അവന്റെ കൂടെ നിക്കാതെ അവനെയും ഇട്ടേച്ചു അവൾ പോയി…. എന്തിനേറേ പറയുന്നു…

വയസ്സായ തന്തേനേം തള്ളേനേം നോക്കാതെ അവൾ പൈസയ്ക് വേണ്ടി കണ്ട മുതലാളിമാരുടെ ചൂടും പറ്റി കിടക്കുന്നു…അവിടെയാ പ്രിയങ്ക നീയും ലക്ഷ്മിയും തമ്മിലെ വ്യത്യാസം…എത്ര കൊല്ലം തപസ്സിരുന്നാലും നിനക്ക് അവൾ ആകാൻ പറ്റില്ല…”അവളെ നോക്കി ഒന്നു പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവൻ ബാത്‌റൂമിലേക്ക് പോയി. “എനിക്ക് ലക്ഷ്മിയോട് പ്രണയമാണോ കാമമാണോ എന്നൊന്നും എനിക്ക് അറിയില്ല… അവളെ എന്റെ ജീവിതകാലം മുഴുവനും എനിക്ക് എന്റെ അടുത്ത് വേണം…”പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിച്ചു വന്നു അവളോടായി അവൻ പറഞ്ഞിട്ട് ബാത്‌റൂമിലേക്ക് തിരിച്ചു പോയി.

“So the game begins….നമുക്ക് കാണാം ലക്ഷ്‌മി…”വേദ് പോയ വഴിയേ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞു.

തുടരും…

അപ്പൊ എല്ലാ കഥാപാത്രങ്ങളും വന്നു കഴിഞ്ഞു.ഇനി കഥയ്ക്ക് ഒരു തീരുമാനം ആകും…ഇനി വല്ല സംശയങ്ങളും ഉണ്ടോ…

അപ്പൊ പാർട്ട്‌ ഇഷ്ടപെട്ടെങ്കിൽ ലൈക്ക് &വലിയ കമന്റ്‌ സ്റ്റിക്കർസ് വേണ്ടേ..❤️

രചന:സീതലക്ഷ്‌മി