പ്രണയാർദ്രം നോവലിൻ്റെ ഭാഗം 31 വായിക്കുക…..

രചന:സീതലക്ഷ്മി

രാവിലെ ദേഹത്തുകൂടെ എന്തോ കേറുന്നത് പോലെ തോന്നിയപ്പോഴാണ് സിദ്ധുവും ലക്ഷ്മിയും കണ്ണ് തുറന്നത്. അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറാൻ ശ്രെമിക്കുവായിരുന്നു നിഹ. “ആ ഇനി നീ കൂടെ കിടന്ന അച്ഛൻ താഴെ വീഴും….”സിദ്ധു നിഹയോടായി പറഞ്ഞു. “ആണോ… എന്ന നമുക്ക് തള്ളി താഴെ ഇടാം”ലക്ഷ്മി അതും പറഞ്ഞു കുറച്ചുകൂടെ നീങ്ങി കിടന്നു. അപ്പോഴേക്കും സിദ്ധു താഴെ വീണിരുന്നു. ലക്ഷ്മി നിഹയെയും കെട്ടിപ്പിടിച്ചു കിടന്നു. “എന്റെ ദൈവമെ…”നടുവിന് കയ്യും കൊടുത്ത് സിദ്ധു എഴുന്നേറ്റു.അത് കണ്ട് ലക്ഷ്മിയും നിഹയും ചിരിച്ചു. പുതപ്പ് എടുത്ത് രണ്ടുപേർക്കും ശെരിക്ക് പുതപ്പിച്ച് ഓരോ ഉമ്മയും കൊടുത്തിട്ട് അവൻ ഫ്രഷ് ആകാനായി പോയി.

“മാഡം… മുരുകേശൻ വന്നിട്ടുണ്ട്…”പ്രിയങ്കയോടായി ഒരു സ്ത്രീ വന്നു പറഞ്ഞു. “വരാൻ പറ….”പ്രിയങ്ക പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ മുരുകേശൻ പ്രിയങ്കയുടെ അടുത്തേക്ക് വന്നു. “എന്താ മുരുകേശാ സുഖമല്ലേ…”പ്രിയങ്ക അയാളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു. മുരുകേശൻ ഒന്നും മിണ്ടിയില്ല.

“എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്…”മുരുകേശൻ ചോദിച്ചു. “മുരുകേശൻ ഒന്നുകൂടെ സിദ്ധാർഥിന്റെ വീട്ടിലേക്ക് പോകണം…”പ്രിയങ്ക പറഞ്ഞു. “ഇതിൽ ഇന്നുവരെ അവർ എനിക്ക് തന്നതും നിങ്ങൾ എനിക്ക് തന്നതും ആയ മുഴുവൻ പൈസയും ഉണ്ട്…എനിക്കിനി നിങ്ങൾ പറയുന്നതൊന്നും കേൾക്കാൻ കഴിയില്ല…”കയ്യിൽ ഇരുന്ന കവറിൽ നിന്നും പൈസ എടുത്തു അവൾക്കു നേരെ നീട്ടികൊണ്ട് അയാൾ പറഞ്ഞു. “അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മുരുകേശാ…രണ്ട് ആഴ്ച്ച കൂടെ കഴിഞ്ഞാൽ മുരുകേശന്റെ മോൾടെ ഓപ്പറേഷൻ അല്ലെ…അതിന് കാശ് വേണ്ടേ…”പ്രിയങ്ക അയാളോടായി പറഞ്ഞു.

“ഓരോ തവണ അവിടെ ചെല്ലുമ്പോഴും ആ സാറിന്റെ കണ്ണുകൾ എന്നോട് അപേക്ഷിക്കുകയാ ചെയ്യുന്നത്…ഒരച്ഛന്റെ വേദന എന്താണെന്ന് എനിക്ക് അറിയാം… ആരുടെയും കണ്ണീര് വീണ പണം കൊണ്ട് എന്റെ കുഞ്ഞ് ജീവിക്കണ്ട…”നിറഞ്ഞ കണ്ണുകളോടെ കയ്യിലെ പണം മുന്നിൽ ഉണ്ടായിരുന്ന ടീപോയിൽ വെച്ചിട്ട് അയാൾ തിരിച്ചു നടന്നു.ഒന്ന് നിന്ന് പ്രിയങ്കയെ തിരിഞ്ഞു നോക്കികൊണ്ട് അയാൾ പറഞ്ഞു. “സ്വന്തം കുഞ്ഞാണെന്ന് പോലും അറിയാതെ ആ സാറ്…”പറഞ്ഞു മുഴുവിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. “അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ മുരുകേശാ…”പ്രിയങ്ക പുച്ഛത്തോടെ പറഞ്ഞു.

മുരുകേശൻ അവിടെ നിന്നു. “മുരുകേശൻ എല്ലാം നിർത്തുവാണെന്ന് പറഞ്ഞു പോയാൽ എങ്ങനെ ശെരിയാകും… തന്റെ മോൾ ഇത്രയും നാൾ എങ്കിലും ജീവിച്ചത് എന്റെ പൈസ കൊണ്ടല്ലേ…

ഇനിയും അവളും തന്റെ കുടുംബവും എല്ലാം ജീവിക്കണോ വേണ്ടയോ എന്നും ഞാൻ തന്നെ തീരുമാനിക്കും…”മുരുകേശന്റെ മുന്നിലേക്ക് നിന്നു കൊണ്ട് പ്രിയങ്ക പറഞ്ഞു. അയാൾ അവളെ സംശയത്തോടെ നോക്കി. “ഞാൻ പറയുന്നത് പോലെ ചെയ്താൽ മുരുകേശന്റെ മോളും ഭാര്യയും മക്കളും എല്ലാവരും ജീവിക്കും…മറിച്ചാണേൽ…”പ്രിയങ്ക അത്രയും പറഞ്ഞു ചിരിച്ചു. വേദിന്റെ കാർ ഗേറ്റ് കടന്നു വീടിനകത്തേക്ക് ചെന്നു. കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന മുരുകേശനെ വേദ് കണ്ടു.

കാറിൽ നിന്നിറങ്ങി വീടിനകത്തേക്ക് വേദ് കയറി ചെന്നു. വേദിനെ കണ്ടതും പ്രിയങ്ക നിന്ന് പരുങ്ങി.

“ആരാ അത്…”പ്രിയങ്കയുടെ അടുത്തേക്ക് ചെന്നു ഗൗരവത്തിൽ വേദ് ചോദിച്ചു. “വീട് മാറി വന്നതാ…”വേദിനോട് ഒരു കള്ളം പറഞ്ഞിട്ട് പ്രിയങ്ക അകത്തേക്ക് പോയി.

ലക്ഷ്മിയും സിദ്ധുവും നിഹയും കൂടെ ദേവിനെ കാണാൻ പോയിരിക്കുവായിരുന്നു. തിരിച്ചു വീട്ടിൽ എത്തിയ അവർ ഹാളിൽ മാധവന്റെയും ശ്രീജയുടെയും കൂടെ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി.

“പ്രിയങ്ക…. What a surprise….”സിദ്ധു അതും പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്നു.

ലക്ഷ്മിയുടെ മുഖം ആണെങ്കിൽ പ്രിയങ്കയെ കണ്ടതും വീർത്തു. “എത്ര നാൾ ആയെടോ കണ്ടിട്ട്…എവിടെ ആയിരുന്നു താൻ…”സിദ്ധു ചോദിച്ചു. “ഞാൻ മുംബൈയിൽ ആയിരുന്നു… ഇപ്പോഴാ നാട്ടിലേക്ക് വന്നത്…”പ്രിയങ്ക ചിരിച്ചു കൊണ്ട് പറഞ്ഞു.

“മുംബൈയിലോ… പ്രിയങ്കയുടെ ഹസ്ബൻഡ് കാനഡയിൽ സെറ്റൽഡ് അല്ലെ…”സിദ്ധു ചോദിച്ചു.

“ആക്ച്വലി… ആ കല്യാണം മുടങ്ങി പോയി സിദ്ധു…”വിഷമത്തോടെ പ്രിയങ്ക പറഞ്ഞു.

“അയ്യോ… മോളേ.. ഇതൊന്നും ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല…”മാധവൻ പറഞ്ഞു.

“അയാളുമായി ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല…. അയാൾക്ക് എപ്പോഴും പണം പണം എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു…അതുകൊണ്ട് ഞാൻ ആ ബന്ധം വേണ്ടെന്ന് വെച്ചു…”മുഖത്ത് വിഷമം വരുത്തികൊണ്ട് പ്രിയങ്ക പറഞ്ഞു. “അല്ലെങ്കിലും മനസ്സിൽ ഒരാളെ വെച്ചിട്ട് മറ്റൊരാൾക്ക്‌ എങ്ങനെയാ കഴുത്തു നീട്ടികൊടുക്കാൻ പറ്റുക….”പ്രിയങ്ക സിദ്ധുവിനെ നോക്കി പറഞ്ഞു. അത് പക്ഷെ കൊണ്ടത് ലക്ഷ്മിക്കിട്ടാണ്. “അയ്യോ… ലക്ഷ്മിയെ ഞാൻ ശ്രെദ്ധിച്ചില്ല… സുഖമാണോ ലക്ഷ്മി…”ലക്ഷ്മിയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപിടിച്ചു കൊണ്ട് പ്രിയങ്ക ചോദിച്ചു.

അപ്പൊഴും പ്രിയങ്കയുടെ മനസ്സിൽ ലക്ഷ്മിയോടുള്ള പകയും ദേഷ്യവും ഇളകി മറിയുവായിരുന്നു. ലക്ഷ്മി പ്രിയങ്കയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.

“എന്നോട് ദേഷ്യമുണ്ടോ ലക്ഷ്മിക്ക് ഇപ്പോഴും…”പ്രിയങ്ക ചോദിച്ചു.

“ഏയ്…. ഇല്ല…”ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇതാര ഈ നിക്കുന്നെ… ഇങ്ങു വന്നേ ചോദിക്കട്ടെ…”ലക്ഷ്മിയുടെ പിറകിൽ മറഞ്ഞു നിൽക്കുന്ന നിഹയെ നോക്കി പ്രിയങ്ക പറഞ്ഞു.

“എന്താ വാവേടെ പേര്…”പ്രിയങ്ക അവളെ എടുത്തുകൊണ്ടു ചോദിച്ചു.

“നിഹ….”കൊഞ്ചികൊണ്ട് നിഹ പറഞ്ഞു.

“നിഹാരിക സിദ്ധാർഥ്…”പിറകിൽ നിന്നും സിദ്ധു വിളിച്ചു പറഞ്ഞു. പ്രിയങ്കയുടെ ഉള്ളിൽ അത് കേട്ട് പുച്ഛ ചിരി വിരിഞ്ഞു. “പ്രിയങ്ക വന്നിട്ട് ഒരുപാട് നേരമായോ…”ലക്ഷ്മി ചോദിച്ചു. “ഇല്ല…. അഞ്ചു മിനുട്ട് ആയതേ ഉള്ളൂ…”പ്രിയങ്ക പറഞ്ഞു. “ഞാൻ ചായ എടുക്കാം…”ലക്ഷ്മി നേരെ കിച്ചണിലേക്ക് പോയി.

“ഇവളെ എന്തിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നെ….ഇത്രയും നാളും ഇല്ലാതിരുന്ന സാധനം ഇപ്പൊ എവിടുന്ന് പൊട്ടി മുളച്ചോ ആവോ…ഓ കൊഞ്ചി കുഴയുന്ന കണ്ടില്ല… ഒരു ചിദ്ധു…

ഹും…”ചായ വെക്കുന്നതിനിടയിൽ പതം പറയുന്ന ലക്ഷ്മിയെ കണ്ടുകൊണ്ടാണ് ശ്രീജ വന്നത്.

“എന്ത് പറ്റി മോളേ…”ശ്രീജ ചോദിച്ചു.

“ഒന്നുമില്ല…”ലക്ഷ്മി പറഞ്ഞു. “ഒന്നുമില്ലെന്ന് ഒന്നും പറയണ്ട… ഇവൾക്ക് അസൂയയാ ആന്റി…”ലോകേഷ് അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു.ശ്രീജ അതുകേട്ടു ചിരിച്ചു. “അസൂയ നിന്റെ മറ്റവൾക്ക്…. നീ എന്താ ഇവിടെ…”ലക്ഷ്മി ഗൗരവത്തിൽ ചോദിച്ചു. “എനിക്കെന്താ ഇവിടെ വന്നൂടെ…”സ്ലാബിൽ കയറി ഇരുന്നു കൊണ്ട് ലോകേഷ് പറഞ്ഞു.

“എന്തെങ്കിലും ചെയ്യ്…. അവൾ പറഞ്ഞത് കേട്ടോ നിങ്ങൾ… മനസ്സിൽ ഒരാളെ വെച്ചിട്ട് എങ്ങനെയാ മറ്റൊരാൾക്ക്‌ കഴുത്തു നീട്ടി കൊടുക്കുന്നത് എന്ന്…”ശ്രീജയോടും ലോകേഷിനോടുമായി ലക്ഷ്മി പറഞ്ഞു.

“നീ ഇനി അത് തലയിൽ കേറ്റണ്ട…

വേഗം ചായ ഇട്ടോണ്ട് വാ…”ശ്രീജ അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി. “ഇനി അവൾ വല്ല അവിഹിതത്തിനും വന്നതാണോ…”ലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കാനായി ലോകേഷ് പറഞ്ഞു. “കൊല്ലും ഞാൻ രണ്ടിനെയും…ഇതിൽ വിം കലക്കി കൊടുത്താലോ…”ചായ കപ്പിലേക്ക് പകർന്നു കൊണ്ട് ലക്ഷ്മി പറഞ്ഞു. “എടി വെറുതെ ആവശ്യമില്ലാത്ത പരിപാടി ഒന്നും കാണിക്കല്ലേ…”ലോകേഷ് പറഞ്ഞു.

“എന്റെ ദൈവമെ… എന്റെ ചെക്കനെ അവളുടെ അടുത്ത് നിന്ന് രക്ഷിക്കണേ…”ലക്ഷ്മി അതും പറഞ്ഞു ചായയുമായി പോയി. പുറത്ത് ഗാർഡൻ ഏരിയയിൽ നിന്ന് സംസാരിക്കുവായിരുന്നു സിദ്ധുവും പ്രിയങ്കയും. “പ്രിയങ്കക്ക് ഒരു കല്യാണം കഴിച്ചു കൂടെ…”സിദ്ധു ചോദിച്ചു. “സിദ്ധു… I still love you…”പ്രിയങ്ക പറഞ്ഞു. സിദ്ധു അത് കേട്ട് ചിരിച്ചു. “I am not joking sidhu… I… I really love you…”പ്രിയങ്ക പറഞ്ഞു.

“അത്രക്ക് ഇഷ്ടമുണ്ടായിരുന്ന ആൾ എന്തിനാ വേറെ കല്യാണത്തിന് സമ്മതിച്ചേ…” സിദ്ധുവിന്റെ ചോദ്യത്തിൽ പ്രിയങ്ക ഒന്ന് പതറി പോയി.

അപ്പോഴേക്കും ലക്ഷ്മി ചായയും കൊണ്ട് അങ്ങോട്ടേക്ക് വന്നു. “ചായ നന്നായിട്ടുണ്ട് ലക്ഷ്മി…”ഒരു കവിൾ കുടിച്ചതിന് ശേഷം പ്രിയങ്ക പറഞ്ഞു. ലക്ഷ്മി ഒന്ന് ചിരിച്ചു. “പിന്നല്ല…അവൾ കുക്കിംഗിൽ റാണി അല്ലെ…”ലക്ഷ്മിയെ പിടിച്ചു അരികിൽ ഇരുത്തികൊണ്ട് സിദ്ധു പറഞ്ഞു.

“അയ്യടാ… സുഖിപ്പിക്കല്ലേ…”സിദ്ധുവിന് മാത്രം കേൾക്കാൻ പാകത്തിൽ ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ തോളിലൂടെ കൈചുറ്റിപിടിച്ചു അവൻ കുടിച്ച ചായയുടെ ബാക്കി സിദ്ധു അവൾക്കു കൊടുത്തു. അവൾ അത് കുടിച്ചു. ഇതെല്ലാം പ്രിയങ്ക ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. “എന്നാൽ ഞാൻ ഇറങ്ങട്ടെ…”പ്രിയങ്ക എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ഇടയ്ക്കൊക്കെ ഇങ്ങോട്ടേക്കു വരണം…”സിദ്ധു പറഞ്ഞു. “തീർച്ചയായിട്ടും വരാം…”പ്രിയങ്ക പറഞ്ഞു. “കാണാം… കാണണം…”ലക്ഷ്മിയെ കെട്ടിപ്പിടിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞു.

“അപ്പൊ ശെരി സിദ്ധു… ഇടയ്ക്ക് ഞാൻ വിളിക്കാം…”അതും പറഞ്ഞു പ്രിയങ്ക സിദ്ധുവിനെ കെട്ടിപ്പിടിച്ചു. ലക്ഷ്മി സിദ്ധുവിനെ നോക്കി കണ്ണുരുട്ടി. സിദ്ധു പക്ഷെ അത് കണ്ടില്ല.

“ഹാവൂ… സാധനം പോയി…”പ്രിയങ്ക പോകുന്നത് നോക്കി ലക്ഷ്മി പറഞ്ഞു.ലക്ഷ്മി ചായ കുടിച്ച കപ്പ്‌ എടുത്ത് ട്രെയിലേക്ക് വെച്ച് വീട്ടിലേക്ക് നടന്നു. സിദ്ധു അപ്പോഴേക്കും അവളെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചു.

“എന്താണ് മാഡം… അസൂയയാ…”അവളുടെ കയ്യിൽ നിന്ന് ട്രേ മേടിച്ചു അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് വെച്ചു കൊണ്ടവൻ ചോദിച്ചു.

“എനിക്ക് അസൂയ ഒന്നുമില്ല…”ലക്ഷ്മി പറഞ്ഞു.

“അത് നിന്റെ മുഖം കണ്ടാലും പറയും…”സിദ്ധു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവളെ നോക്കി. “അത് പിന്നെ… അവൾ പറഞ്ഞത് നീയും കേട്ടതല്ലേ ഒരാളെ മനസ്സിൽ വെച്ചിട്ട് മറ്റൊരാൾക്ക്‌ മുൻപിൽ എങ്ങനെയാ കഴുത്തു നീട്ടുന്നത് എന്ന്…

അവൾക്കു ഇപ്പോഴും നിന്നെ ഇഷ്ടമാണെന്നല്ലേ അതിന് അർഥം…”അവന്റെ ഷർട്ടിന്റെ ബട്ടൻസിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു.

ഇഷ്ടമാണെടി… അവൾ എന്നോട് പറഞ്ഞു….

പാവം എനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുവാ…”മുഖത്ത് സങ്കടം വരുത്തികൊണ്ട് സിദ്ധു പറഞ്ഞു.

“കണ്ടോ… എനിക്ക് അപ്പോഴേ തോന്നി…ദേ മനുഷ്യ വല്ല അവിഹിതത്തിനും പോയാൽ നിങ്ങൾ എന്റെ കയ്യിൽ നിന്ന് മേടിക്കും കേട്ടല്ലോ…”അവന്റെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.

“എന്ത് മേടിക്കും… മ്മ്മ്…”അവളിലേക്ക് കൂടുതൽ ചേർന്ന് നിന്ന് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അവൻ ചോദിച്ചു. “നല്ല അടി മേടിക്കും… മാറിക്കെ അങ്ങോട്ട്…”അവനിൽ നിന്ന് കുതറിക്കൊണ്ട് അവൾ പറഞ്ഞു. സിദ്ധു അവളെ വീണ്ടും ഇടുപ്പിലൂടെ പിടിച്ചു ചേർത്ത് നിർത്തി മുഖം അവളിലേക്ക് അടുപ്പിച്ചു. “സിദ്ധു…അപ്പുറത്തും ഇപ്പുറത്തും വീട്ടുകാർ ഉണ്ട്…ഗേറ്റ് തുറന്നു കിടക്കുവാ ആരെങ്കിലും കാണുവേ…”വീടിന്റെ മുകളിലെ ബാൽക്കണിയിൽ നിന്ന് മാധവൻ വിളിച്ചു പറഞ്ഞു. സിദ്ധുവും ലക്ഷ്മിയും ഞെട്ടി അകന്ന് മാറി.

“ഞാൻ… കണ്ണിൽ എന്തോ പൊടി പോയെന്നു പറഞ്ഞപ്പോ… അത് നോക്കുവായിരുന്നു…”സിദ്ധു എന്തൊക്കെയോ പറഞ്ഞു. “ഞാനും പണ്ട് ഒരുപാട് പൊടി എടുത്തു കൊടുത്തിട്ടുള്ളതാ…”മാധവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ലക്ഷ്മിയും സിദ്ധുവും വേഗം അകത്തേക്ക് കയറി പോയി.

“ഹലോ… ദേവ് പറയെടാ…” “സിദ്ധു…

സൈബർസെല്ലിൽ നിന്ന് ആ ഫോൺ കാളിന്റെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്…” “കിട്ടിയോ… ആരാ അത്…” “ആ സിം ഏതോ ഷാജി എന്ന് പറയുന്ന ആളുടെ പേരിലാണ്…”

“ഷാജിയോ… അതാരാ…” “അങ്ങനെ ഒരാളില്ല…

അയാൾ കള്ളപേരിലാണ് സിം എടുത്തത്… നിനക്ക് വന്ന കാൾസിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തപ്പോൾ അത് കാക്കനാട് ഉള്ള ഒരു വീട്ടിൽ നിന്നാണ് നിനക്ക് കാൾസ് എല്ലാം വന്നത്… നിന്റെ സംശയം ശെരിയാ.. അത് വേദിന്റെ വീടായിരുന്നു….”

സിദ്ധുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….

തുടരും…

ലൈക്കും കമന്റും തരണേ പിള്ളേരെ♥️

രചന:സീതലക്ഷ്മി