കളിയാക്കിയവരുടെ മുന്നിലൂടെ കുഞ്ഞുങ്ങളെയും എടുത്ത് തലയുയർത്തി നടന്നൂ ഞങ്ങൾ…

💖💖ഒരു നല്ല നാളേക്കായ് ….💖💖

രചന : Meera Saraswathi

“കണ്ണേട്ടാ..നമ്മുടെ കുഞ്ഞാവയെ നമുക്ക് ആമീന്ന് വിളിച്ചാലോ..”

“പറ്റില്ലാ.. നമുക്കെയ്യ് മോളല്ലാ.. മോനാ.. ന്റെ കുഞ്ചൂസ്.. അല്ലേടാ ചക്കരേ…”

പെണ്ണിന്റെ വയറിൽ ഒന്ന് തലോടി ഉമ്മവെച്ച് കൊണ്ടവൻ പറഞ്ഞു..

“അയ്യടാ.. അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി.. നമുക്ക് വരാൻ പോണതെ ആമി മോളാ..”

“ഉറപ്പാണോ..??”

“ഉറപ്പാണെന്നേ…”

കിലുങ്ങിച്ചിരിച്ചു കൊണ്ട് പറയുന്ന പെണ്ണിനെ നെഞ്ചോട് ചേർത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു..

സന്തോഷക്കൊടുമുടിയിൽ ആയിരുന്നു രണ്ടാളും.. ആദ്യത്തെ കൺമണിയുടെ വരവറിയിച്ചു കൊണ്ട് പ്രഗ്നൻസി ടെസ്റ്റ് കിറ്റിൽ രണ്ട് ചുകപ്പ് വര തെളിഞ്ഞ ദിനം ..

“മാളൂട്ടീ.. നേരത്തെ ആയിപ്പോയെന്ന് തോന്നണുണ്ടോ നിനക്ക്…?”

പെട്ടെന്ന് ഒരു കുഞ്ഞെന്നത് രണ്ടുപേരും കൂടി എടുത്ത തീരുമാനം ആയിരുന്നിട്ട് കൂടിയവൻ ചോദിച്ചു..

വിവാഹം കഴിഞ്ഞ് മൂന്നു മാസം ആയതേയുള്ളൂ.. അവന്റെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റാതെ ആ പെണ്ണിന്റെ തലമുടിയിലൂടെ വിരലൊടിച്ചു.. ഇല്ലെന്ന് തലയാട്ടി അവന്റെ കവിളിലൊരു മുത്തം കൊടുത്ത് ആ പെണ്ണടർന്നു മാറി..

“അമ്മയോട് പറഞ്ഞേച്ചും വരാം…”

“ഡീ.. പതുക്കെ..”

സന്തോഷത്തോടെ താഴേക്കോടിച്ചെല്ലുന്ന പെണ്ണോടവൻ വിളിച്ചു പറഞ്ഞു.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“കണ്ണേട്ടാ… ലൈറ്റിട്.. കിടക്കയിലെന്തോ നനവ് പോലെ..”

വെപ്രാളത്തോടെ മാളു അവനെ വിളിച്ചുണർത്തി.

എഴുന്നേറ്റു ലൈറ്റിട്ട് തിരിച്ചു വരുമ്പോഴേക്കും പെണ്ണ് കരച്ചിൽ തുടങ്ങിയിരുന്നു.. വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് ഓടിയടുത്തു.. കിടക്കയിൽ പടർന്ന രക്തക്കറ കണ്ടതും ആകെ ഭയപ്പെട്ടു പോയി.. അവളെ വാരിയെടുത്ത് താഴേക്ക് നടന്നു കണ്ണൻ.. അമ്മയുടെ ഡോർ തട്ടിവിളിച്ചു..

“അമ്മാ.. ന്റെ കുഞ്ഞ്…

പതം പറഞ്ഞു കരയുന്ന പെണ്ണിനെ ഒന്നൂടെ നെഞ്ചോട് ചേർത്ത് പിടിച്ചു..

“ഹോസ്പിറ്റലിൽ പോയി വരാം.. മോള് പേടിക്കാതെ..”

ആയമ്മ ആശ്വസിപ്പിച്ചു..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഇനിയിത് നിൽക്കില്ല.. ആദ്യ മാസം ആയത് കൊണ്ട് ഡിഎൻസി വേണ്ടാ.. നോർമൽ പിരീഡ്സ്‌ പോലെ പൊക്കോളും.. അതുകൊണ്ട് അഡ്മിറ്റ് വേണ്ടാട്ടോ..രണ്ടാഴ്ച റെസ്റ്റെടുത്തോട്ടെ..

പിന്നെ.. ആറു മാസം ഗാപ് കൊടുത്ത് അടുത്ത പ്രെഗ്നൻസിക്ക് ശ്രമിച്ചാൽ മതി…

ഡോക്ടറത്‌ പറഞ്ഞതും എല്ലാവരുടെയും മുഖം മങ്ങിയിരുന്നു.. മാളുവിൽ നിന്നും അടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ ഉണ്ടായി..

ആശ്വസിപ്പിക്കാനെന്നോണം കണ്ണനവളുടെ കരം മുറുകെ പിടിച്ചു.. അമ്മയുടെ കണ്ണുകളിലും നീർമണികൾ സ്ഥാനം പിടിച്ചിരുന്നു..

“സാരമില്ല കുട്ടി.. എന്തെങ്കിലും പ്രശ്‌നമുള്ളതിനാൽ ദൈവം തിരിച്ചെടുത്തതാണെന്ന് കരുതിയാൽ മതി..

എന്തായാലും പ്രെഗ്നന്റ് ആവുമെന്നതിനുള്ള പോസിറ്റിവ് സൈൻ ആണല്ലോ ഇത്‌.. അങ്ങനെ ആശ്വസിക്കാം.. തൈറോയിഡ് ഒക്കെ നോർമൽ ആണ്.. അതിനാൽ വേറെ ഭയമൊന്നും വേണ്ട..

എന്തായാലും അടുത്ത പ്രെഗ്നൻസി പ്ലാൻ ചെയ്യുന്നതിന് ഒരു മാസം മുന്നേ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങാം..

ഡോക്ടറുടെ സംസാരം ചെറിയൊരാശ്വാസം പകർന്നെങ്കിലും മാളൂട്ടിയുടെ മുഖത്ത് തളം കെട്ടിയ വേദന വല്ലാതെ നോവിക്കും പോലെ..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“വെൽ.. ബിഫോർ യു ഹാഡ് ഫൈവ് അബോർഷൻസ്… ദാറ്റ് മീൻസ് ദിസ് ഈസ് യുവർ സിക്സ്ത് പ്രെഗ്നൻസി.. റൈറ്റ്..?”

ശെരിയാണ്.. വിവാഹം കഴിഞ്ഞിപ്പോൾ ഏഴു വർഷമായിരുന്നു. ഇതിപ്പോ എനിക്ക് ആറാമത്തെ ഗർഭമാണ്.. കഴിഞ്ഞ അഞ്ച് പ്രാവശ്യവും അലസിപ്പോയതാണ്.. ഓരോ പ്രാവശ്യവും ഒത്തിരിയേറെ പ്രതീക്ഷിക്കുമെങ്കിലും നിരാശയാകും ഫലം.. പ്രതേകിച്ച് ഒരു കാരണവുമില്ലാതെ അലസിപ്പോകുമ്പോൾ ദൈവം വിധിച്ചിട്ടുണ്ടാകില്ലെന്ന പതിവ് പല്ലവിയിൽ ആശ്വസിക്കും..

നന്നായി വീർത്തു വന്ന വയറിൽ പതിയെ തലോടി ഡോക്ടറെ നോക്കി പുഞ്ചിരിച്ചു മാളു.. ഇത് വരെ ഫ്ലാറ്റിനടുത്തുള്ള ചെറിയ ക്ലിനിക്കിലെ മലയാളി ഡോക്ടറെയാണ് കാണിച്ചു കൊണ്ടിരുന്നത്. അവിടെ അഡ്മിറ്റ് ഇല്ല.. ഇതിപ്പോ എട്ടാം മാസം ആയതിനാൽ ഡെലിവെറിക്കുള്ള ഡോക്ടറെ മാറ്റിക്കാണിക്കാൻ വന്നതായിരുന്നു. ആളൊരു ഈജിപ്‌ഷൻ ലേഡി ഡോക്ടർ ആണ്..

കുഞ്ഞുങ്ങളെ കാണണ്ടേ എന്നുള്ള ഡോക്ടറുടെ ചോദ്യത്തിന് ആവേശത്തോടെ പോയി എക്സാമിനേഷൻ ബെഡിൽ കയറിക്കിടന്നു..

അൾട്രാ സൗണ്ട് സ്കാനറിലെ സ്‌ക്രീനിൽ കണ്ട തന്റെ കുഞ്ഞുങ്ങളുടെ ചലനങ്ങൾ ആവേശത്തോടെ ഒപ്പിയെടുത്തു.

“കണ്ടോ.. രണ്ടാളും നല്ല കുറുമ്പന്മാരാ.. നല്ല അനക്കമൊക്കെയുണ്ട്.. ഹൃദയമിടിപ്പ് കൂടി കേൾക്കാം..???”

എന്റെ കുറുമ്പന്മാരുടെ ഹാർട്ട് ബീറ്റിനായി കാതോർത്തു… മധുരമുള്ളൊരു ഇമ്പമായി കാതിൽ അവ അലയടിച്ചു..

“ജൻഡർ അറിയാലോ അല്ലെ..? അഞ്ചാം മാസത്തിലെ പറഞ്ഞു കാണുമല്ലോ..”

“അറിഞ്ഞിട്ടില്ല ഡോക്ടർ.. ഞങ്ങൾക്കിപ്പോൾ അറിയേണ്ട.. വർഷങ്ങളായുള്ള കാത്തിരിപ്പിനോളം വരില്ലല്ലോ ഇത്.. അവര് വന്നിട്ട് ആണാണോ പെണ്ണാണൊന്ന് അറിഞ്ഞാൽ മതി…”

കണ്ണേട്ടന്റെ ആ മറുപടി കേട്ടതും ഡോക്ടർ അത്ഭുതത്തോടെ കണ്ണ് മിഴിച്ചു.. ഇനിയൊരു രണ്ടു മാസം.. അതും കൂടെ കഴിഞ്ഞാൽ എന്റെ പൊന്നു മക്കൾ വരുമല്ലോ.. ഒരു മാസം കൂടെ നല്ലപോലെ റെസ്റ്റെടുക്കാൻ പറഞ്ഞു ഡോക്ടർ.. ഒൻപതാം മാസം ആയിക്കിട്ടിയാൽ പിന്നെ ഭയക്കേണ്ടെന്ന്..

റെസ്റ്റെടുക്കലൊന്നും ഇപ്പോ ഒരു വിഷയമല്ലാതായി മാറി.. ആദ്യമൊക്കെ ചുമ്മാ കിടന്ന് മുഷിപ്പായിരുന്നു..

കൂടാതെ എപ്പോഴും കിടക്കുന്നതിന്റെ ക്ഷീണം വേറെയും.. ചേട്ടൻ ജോലിക്ക് പോയാൽ തനിച്ചാകുന്ന ഭയവും ഒറ്റപ്പെടലും വേറെയും.. പോകെ പോകെ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലെന്നുള്ള ആലോചനയിൽ സമാധാനിച്ചു തുടങ്ങി.. ഒരു വിധം വീട്ടു ജോലികളൊക്കെ കണ്ണേട്ടൻ തന്നെയായിരുന്നു ചെയ്തിരുന്നത്..

അബുദാബിയിലെ ഒരു കുഞ്ഞു ഫ്ലാറ്റിലാണിപ്പോൾ ഞങ്ങൾ.. ഒരു സ്റ്റുഡിയോ റൂം.. അതുകൊണ്ട് കാര്യമായ ജോലികളൊന്നും ഉണ്ടാവില്ലല്ലോ..

ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ള ഭക്ഷണം ഒരു വിധം ഒപ്പിച്ച് കണ്ണേട്ടനുണ്ടാക്കും..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വിവാഹം കഴിഞ്ഞ് രണ്ടു വർഷമയപ്പൊഴെക്കും കണ്ണേട്ടന് അബൂദബിയിൽ ജോലി ലഭിച്ചു.

അതിനിടയിൽ തന്നെ രണ്ട് അബോർഷൻ നടന്നിരുന്നു.. നാട്ടുകാരുടെ ചോദ്യങ്ങളും മച്ചി വിളികളും എന്നെ വല്ലാത്തയാവസ്ഥയിൽ എത്തിച്ചു തുടങ്ങി.. കൂടാതെ സങ്കടങ്ങൾ പെയ്ത്‌ തീർക്കാൻ കണ്ണേട്ടൻ അരികിലില്ലെന്ന പ്രശ്നവും.. അടുത്ത ബന്ധുക്കളുടെ കല്യാണങ്ങളിൽ പോലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി നിന്നിട്ടുണ്ട്.

“നിന്നെക്കാൾ കഷ്ടാണെടോ എന്റെ കാര്യം..

നിനക്കവിടെ ആശ്വസിപ്പിക്കാൻ അടുത്ത് അമ്മയുണ്ട്.. എനിക്കോ..???”

നെഞ്ച് നീറിപ്പൊട്ടുന്ന അവസരങ്ങളിൽ പരാതിയുടെ ഭാണ്ഡക്കെട്ടഴിക്കുമ്പോൾ കണ്ണേട്ടൻ പറയും.. ഒട്ടും സഹിക്കാൻ വയ്യാതായപ്പോൾ ഇനിയും നാട്ടിൽ നിൽക്കേണ്ട ഇങ്ങു കേറിപ്പോരെന്ന് ആള് പറഞ്ഞതും സന്തോഷത്തോടെ പ്രവാസം സ്വീകരിച്ചു. ഇതിപ്പോൾ രണ്ടാമത്തെ വർഷമാണിവിടെ..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ആദ്യ മാസങ്ങൾ പോലെയല്ല ഗർഭ കാലത്തേ അവസാന മാസങ്ങൾ.. ദിവസങ്ങൾ നീങ്ങാത്തത് പോലെ..

പകലുകൾക്കും രാത്രികൾക്കും വല്ലാത്ത ദൈർഘ്യം പോലെ.. കാത്തിരിപ്പിന് വല്ലാത്ത നീട്ടം പോലെ..

കുഞ്ഞുങ്ങളുടെ ഓരോ ചലനങ്ങളിലും വരാനായോടാ മക്കളെയെന്ന് ആവർത്തിക്കും..

ഓരോ കുഞ്ഞു വേദനകളും എന്നിൽ പ്രസവ വേദനയാണോ എന്ന സംശയവും നേർത്ത പേടിയും ഉടലെടുക്കും..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

എന്റെ അക്ഷമ തന്നെയാകണം എന്റെ കുന്നുമണികൾക്കും. കൃത്യം ഒരു മാസം മുന്നേ ലേബർ പൈൻ തുടങ്ങി.. രാവിലെ ചെറുതായി തുടങ്ങിയ പേറ്റു നോവ് രാത്രിയായപ്പോഴേക്കും അസഹ്യമായി തുടങ്ങി..

രാവിലെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി.

ശരീരത്തിലെ ഓരോ അണുവിനെയും വേദന കാർന്നു തിന്നുമ്പോൾ ആശ്വസിപ്പിച്ചും കൊണ്ട് കണ്ണേട്ടൻ അരികത്തായി തന്നെ ഉണ്ടായിരുന്നു.. ലേബർ റൂമിലെ ബെഡിൽ വേദനയാൽ പുളയുമ്പോൾ തലയിലൂടെ ആ വിരലുകളോടുന്നുണ്ടായിരുന്നു..

“സഹിക്കാൻ പറ്റണില്ല കണ്ണേട്ടാ.. ഒന്ന് വേഗം എടുക്കാൻ പറയാവോ..”

ഒന്ന് സിസെറിയൻ ചെയ്യ് ഡോക്ടറെ..

എനിക്കിവളുടെ വേദന കാണാൻ കഴിയുന്നില്ല..

കരച്ചിലിനിടയിലും അപേക്ഷയോടെ പെണ്ണ് പറഞ്ഞപ്പോൾ അതേ അപേക്ഷയോടെയവൻ ഡോക്ടറോട് പറഞ്ഞു…

ഒടുക്കം അവളുടെ വേദന ഉച്ഛസ്ഥായിയിലെത്തിയപ്പോൾ അവളുടെ കരച്ചിൽ കാൺകെ കണ്ണന്റെ ശരീരം തളരും പോലെ തോന്നി..

അത്‌ മനസ്സിലാക്കിയ ഡോക്ടർ അടുത്തുള്ള കസേര ചൂണ്ടി തലകറങ്ങുന്നുണ്ടേൽ അവിടിരുന്നോളൂ എന്ന് പറയുന്നത് ആ വേദനയുടെ ഇടയിലും പെണ്ണ് കേട്ടിരുന്നു..

പുഷ് ചെയ്യാൻ ഡോക്ടറും സിസ്റ്റർമാരും ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ പെണ്ണ് കുഴഞ്ഞ് പോയിരുന്നു.. ആദ്യമാദ്യം ശ്രമപ്പെട്ട് മുക്കിയെങ്കിലും പിന്നീട് യാന്ത്രികമായി തന്നെ മുക്കി തുടങ്ങിരുന്നു…

വളരെ ശക്തിയോടെ മുക്കിയതും കട്ടിയുള്ള വഴുവഴുക്കുള്ള വസ്തു തുടയിടുക്കിൽ നിന്നും താഴോട്ട് ഊർന്നു വീഴുന്നതറിഞ്ഞു.. വേദന പിന്നെയും അസഹ്യമായി.. പിന്നെയും കട്ടിയുള്ള സാധനം തുടയിടുക്കുകളിലൂടെ തള്ളി വരും പോലെ തോന്നി.. വീണ്ടും പുഷ് ചെയ്യന്ന് ആ മുറിയിലാകെ മുഴങ്ങി കേട്ടു…ഇനിയും വേദന സഹിക്കാൻ പറ്റില്ലെന്നുള്ള ചിന്തയിൽ യാന്ത്രികമായി തന്നെ അമർത്തി മുക്കിപ്പോയി.. അടുത്ത കുഞ്ഞും ഡോക്ടറുടെ കൈകളിൽ സുരക്ഷിതമായി വീണപ്പോഴേക്കും ആ വേദനയും സ്വിച്ചിട്ട പോലെ നിന്നിരുന്നു..

ഡോക്ടർ മുറിവിൽ സ്റ്റിച്ചിടുമ്പോഴാണ് അതിനിടയിലെപ്പോഴോ പച്ചമാംസത്തിൽ കീറിട്ട കാര്യം മനസ്സിലായത് തന്നെ..

ഒക്കെയും കഴിഞ്ഞ് തളർന്ന് കണ്ണേട്ടന്റെ മുഖത്തേക്ക് നോട്ടം പായിച്ചപ്പോൾ ഞാനാനുഭവിച്ച വേദനയാത്രയും ആ കണ്ണുകളിൽ കണ്ടിരുന്നു..

“ഒത്തിരി നൊന്തല്ലെടി പെണ്ണെ…”

മുഖമാകെ ചുംബനങ്ങൾ മൂടികൊണ്ട് ചോദിച്ചു..

സാരമില്ലെന്ന് കണ്ണടച്ച് കാണിച്ച് തളർച്ചയോടെ പുഞ്ചിരിച്ചു.. അപ്പോഴേക്കും നമ്മുടെ തക്കുടൂസ് രണ്ടാളെയും സിസ്റ്റർമാർ കണ്ണേട്ടന്റെ കൈയ്യിലായി വെച്ച് കൊടുത്തിരുന്നു..

“നമ്മുടെ ആമിയും കുഞ്ചൂസും..”

ആ കുഞ്ഞു കൈകളിലായി മുത്തി കണ്ണൻ പെണ്ണിനോട് പറഞ്ഞു… രണ്ടാളേം കാണണമെന്ന് തളർച്ചയോടെ പെണ്ണ് പറഞ്ഞതും സിസ്റ്റർ ബെഡിന്റെ തലഭാഗം റീമോർട് കണ്ട്രോൾ വെച്ച് പൊക്കിത്തന്നു..

നീലയും പിങ്കും ഷാളുകളിലായി പൊതിഞ്ഞ മുത്തുമണികളെ കൗതുകത്തോടെ നോക്കിയാ പെണ്ണ്..

കുഞ്ഞു കവിളുകളിൽ മാറിമാറി ഉമ്മ വെച്ചതും കണ്ണ്നീര് ധാരയായ് ഒഴുകിയിരുന്നു..

“രണ്ടാൾക്കുമൊന്ന് പാല് കൊടുക്കെട്ടോ…”

അതും പറഞ്ഞ് ആ ലേബർ റൂം ഞങ്ങളുടെ നാല് പേർക്കുമായി വിട്ടു തന്ന് ആ മാലാഖ പുറത്തേക്ക് നടന്നിരുന്നു.. ആമിക്കുട്ടി അപ്പോഴേക്കും ചിണുങ്ങി തുടങ്ങിയിരുന്നു.. വളരെ ശ്രമപ്പെട്ട് മാളൂട്ടി കുഞ്ഞിനെ പാലൂട്ടാൻ ശ്രമിച്ചു.. കുറുമ്പി പെണ്ണ് ശ്രമപ്പെട്ട് നൊട്ടി നുണുങ്ങുന്നത് കൗതുകത്തോടെ ചിരിയോടെ നോക്കി നിന്നു..

ആ കുഞ്ഞു ചുണ്ടുകൾ പാൽ ചുരത്തുമ്പോൾ ഇത് വരെ അനുഭവിക്കാത്ത തരം നിർവൃതിയിലൂടെ ഒഴുകിപ്പോയി.. മോളൊന്ന് അടങ്ങിയതും പതിയെ ബെഡിൽ കിടത്തി കുഞ്ചൂസിനെ വാങ്ങിച്ച് പാലൂട്ടി തുടങ്ങി.. ഒക്കെയും കൗതുകത്തോടെ വീക്ഷിച്ച് കണ്ണേട്ടനും അടുത്തുള്ള കസേരയിൽ ഇരിപ്പുണ്ട്..

കുഞ്ഞുങ്ങൾക്ക് നാല് മാസമായപ്പോൾ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.. കളിയാക്കിയവരുടെ മുന്നിലൂടെ കുഞ്ഞുങ്ങളെയും എടുത്ത് തലയുയർത്തി നടന്നൂ ഞങ്ങൾ…

തിരിച്ചു പോകും വരെയും എല്ലാ കല്യാണത്തിനും മരണത്തിനുമൊക്കെയും സമാധാനത്തോടെ പങ്കെടുത്തു ഞങ്ങൾ.. ഒരു നല്ല നാളേക്കായ് കാത്തിരുന്ന് കാത്തിരുന്ന് ഞങ്ങളിലും എത്തിച്ചേർന്നു കുറെയേറെ നല്ല നാളെകൾ..

നമുക്ക് ആമിയെയും കുഞ്ചൂസിനെയും ഒരുമിച്ച് തരാനാകും ഈശ്വരൻ ഇത്രയും കാത്തിരിപ്പിച്ചത്..

അല്ലെ മാളു..?”

കുഞ്ചുവിനെ എന്നെ ഏൽപ്പിച്ച് ആമിയെ എടുത്ത് കൈയ്യിൽ വെച്ച് കൊണ്ട് കണ്ണേട്ടണത് പറഞ്ഞപ്പോൾ എന്റെ ചുണ്ടിലും ഒരു സന്തോഷ പൂത്തിരി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു.. എന്റെ ചിരിക്കണ്ടതും കുഞ്ചു പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്.. കുഞ്ചുവിന്റെ ചിരികണ്ടു ആമിമോളും.. ഞങ്ങളുടെ പൊന്നു മക്കൾ.. കുറേക്കാലം ഇരുട്ടായിരുന്നു ജീവിതത്തിൽ വെളിച്ചമായി വന്ന ഞങ്ങളുടെ കുഞ്ഞു മക്കൾ..

മനസ്സിൽ കുളിർമയേകാൻ നിഷ്കളങ്കമായി സ്നേഹിക്കാൻ കുഞ്ഞുങ്ങളോളം വേറെയാർക്ക് കഴിയും….

(അവസാനിച്ചു..)

എന്റെ അനുഭവം കഥാരൂപത്തിൽ എഴുതി നോക്ക്യതാണേ..ഇതുപോലുള്ള അനുഭവമുള്ള ആരേലുമുണ്ടോ..??

രചന : Meera Saraswathi


Comments

Leave a Reply

Your email address will not be published. Required fields are marked *