ഞാൻ ഇന്ന് മാഷിന്റെ വീട്ടിൽ താമസിക്കുന്നതിൽ വിരോധമുണ്ടോ.. ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല.

രചന : സജി മാനന്തവാടി

നഗരത്തിലെ പ്ലസ്ടു സ്കൂളിൽ നിന്നാണ് മനോജ് മാഷ് വളരെയകലെയുളള ആനപ്പാറ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. നഗരത്തിലെ തിക്കും തിരക്കും ബഹളവുമില്ലാത്ത പ്രശാന്തസുന്ദര ഗ്രാമം .

അവിടം മനോജ് മാഷിന് ശരിക്കും ബോധിച്ചു. പല വർണ്ണത്തിലുള്ള വയലുകളും മൊട്ടകുന്നുകളും പുഴയും വൻമരങ്ങളുള്ള കാടുകളും സ്നേഹമുള്ള മനുഷ്യരും ആനപ്പാറയെ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നു. പുതിയ സ്കൂളിലെ ചരിത്രാധ്യാപകനായിരുന്ന മനോജ് മാഷിന് ഒരു ദിവസം ഒന്ന് രണ്ട് പിരിയഡ് ക്ലാസു മാത്രമെയുണ്ടായിരുന്നുള്ളു.

ക്ലാസ് കഴിഞ്ഞാൽ വായനയാണ് മാഷിന്റെ ഇഷ്ടവിനോദം. ഭക്ഷണവും ലഭിക്കുന്ന ഒരു വീട്ടിലാണ് താമസം. ആറരക്ക് ചായ , 8 മണിക്ക് ബ്രെയ്ക്ക് ഫാസ്റ്റ് ,

ഉച്ചക്ക് ഊണ് സ്കൂളിനടുത്തുള്ള ചായകടയിൽ നിന്ന് , വെെകുന്നേരം വീണ്ടും ചായയും എന്തെങ്കിലും പലഹാരവും രാത്രി 8 മണിക്ക് ഊണ് . എല്ലാം കൂടി ആറായിരം രൂപ.

വൈകുന്നേരത്തെ ചായകുടി കഴിഞ്ഞാൽ നടക്കാൻ പോകുന്നത് മാഷിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു..

ഒരു ദിവസം കുന്നിന്റെ മുകളിലെക്കാണെങ്കിൽ അടുത്ത ദിവസം പുഴയോരത്തെ റോഡിലൂടെ ആയിരിക്കും നടപ്പ്. പോകുന്ന വഴികളിൽ മാഷ് പഠിപ്പിക്കുന്ന കുട്ടികളെയും അവരുടെ രക്ഷാകർത്താക്കളെയും കണ്ടുമുട്ടാറുണ്ട്. ചിലരുടെ ദൈന്യത കാണുമ്പോൾ അവരെ സാമ്പത്തികമായി സഹായിക്കാനും മാഷിന് മടിയില്ല. മാഷിന്‌ ബന്ധുക്കളായി നഗരത്തിൽ താമസിക്കുന്ന അമ്മമാത്രമെയുള്ളു. അമ്മ ഒരു റിറ്റയേഡ് ടീച്ചറായതിനാൽ അമ്മയെ സാമ്പത്തികമായി സഹായിക്കേണ്ടതില്ലായിരുന്നു.

പലരും മാഷിന്റെ കൂടെ നടക്കാൻ പോകാറുണ്ടെങ്കിലും മാഷിനെ പോലെ എല്ലാ ദിവസവും നടക്കണം എന്ന ദുർവാശിയുളളവരല്ലായിരുന്നു അവർ.

ഒരു ദിവസം മാഷ് കുന്നിൻ മുകളിലെ സൂയിസൈഡ് പോയിന്റ് കാണാൻ പോയി. ആ സ്ഥലത്തെ പാറയിൽ കയറി നഗരങ്ങളിൽ നിന്ന് വരുന്ന പലരും ചാടി ആത്മഹത്യ ചെയ്യാറുണ്ടെന്ന് കൂടെ നടക്കുന്ന നാട്ടുക്കാർ പറഞ്ഞു കേട്ടിരുന്നു.

അധികവും കാമുകി കാമുകന്മാരാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതുപോലും . അത് കേട്ടതിനു ശേഷം എല്ലാ ദിവസവും മാഷ് കുന്നിൻ മുകളിലെ ആത്മഹത്യ മുനമ്പിലേക്ക് നടക്കാൻ തുടങ്ങി.

പലരും അവിടെ പോകുന്നത് വിലക്കിയെങ്കിലും മാഷ് അത് വകവെച്ചിരുന്നില്ല.

ഒരു ദിവസം കുന്നിൻ മുകളിലെത്തിയപ്പോൾ അവിടെ ആത്മഹത്യ മുനമ്പിൽ ഒരാൾ ചാടനായി നിൽക്കുന്നതായി മാഷിന് തോന്നി. മാഷ് ഓട്ടത്തിന്റെയും നടപ്പിന്റെയും ഇടയിലുള്ള വേഗതയിൽ അങ്ങോട്ട് കുതിച്ചു.

അടുത്തെത്തുന്തോറും അതൊരു സ്‌ത്രീയാണെന്നും ഇരുപത് ഇരുപത്തിനാല് വയസുളളവളെന്നും വെളുത്തു മെലിഞ്ഞ സുന്ദരിയാണെന്നും മനസ്സിലായി.

“ഹലോ ചാടി ചാവാനുള്ള പരിപാടിയാണോ ?”

” ചാവാനല്ലെങ്കിൽ പിന്നെന്തിനാ മാഷെ ഇവിടെ വരുന്നെ ? ഒരു കമ്പനിക്ക് എന്റെ ഒപ്പം ചാടുന്നോ ?

ഓ അല്ലെങ്കിൽ അതു വേണ്ട. ആളുകൾ ഇല്ലാക്കഥകളുണ്ടാക്കും. അതുകൊണ്ട് മാഷ് നാളെ ചാടിയാൽ മതി. ”

” പേരറിയാത്ത ചാട്ടക്കാരി, ഞാൻ വന്നത് ആത്മഹത്യക്കല്ല ഇവിടെ വന്ന് താഴേക്ക് നോക്കുമ്പോഴുള്ള ആത്മരതിക്കാ ഞാനിവിടെ വരുന്നത്. ”

” ഏതായാലും അത് നന്നായി .എന്റെ കൂടെ ചാടി എനിക്കൊരു പേര് ദോഷമുണ്ടാക്കുമോയെന്നായിരുന്നു എന്റെ പേടി. അത് മാറി. ”

“ആത്മഹത്യ ചെയ്യുന്നവൻ നാളെ കുറിച്ച് എന്തിന് പേടിക്കണം. ഇനിയെന്താ തിരിച്ചു വരാനുള്ള പ്ലാനുണ്ടോ ?”

” ഓ ഈ ജീവിതം തന്നെ മടുത്തിട്ടാ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. പിന്നെ മാഷ് ഒന്നു പോയെ എന്റെ സമയം കളയാതെ .”

“ഓ അപ്പോൾ മുഹൂർത്തം കുറിച്ചിട്ടാണോ ചാടാൻ വന്നത്. എന്നാ വച്ച് താമസിപ്പിക്കണ്ട ചാടിക്കോ.

പിന്നൊരു കാര്യം ഞാനിവിടെ വരാൻ തുടങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇവിടെ ചാടി ആത്മഹത്യക്ക് ശ്രമിച്ചവരിൽ 25% പേരുടെയും കൈയും കാലും ഒടിഞ്ഞ് ഇനിയൊന്ന് ആത്മഹത്യക്ക് പോലും പരസഹായം വേണ്ട അവസ്ഥയിലാണ്.

ഇവിടെയടുത്തുള്ള മോർച്ചറി കൈകാര്യം ചെയ്യുന്നത് ഡോക്ടർ രാകേഷാകട്ടെ മൃതദേഹത്തെ പോസ്റ്റ് മോർട്ടം നടത്തുന്നതിനു മുമ്പ് അയാൾ മറ്റുളള അറ്റൻഡർമാരെ മാറ്റി നിർത്തും പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ .

അതെന്തിനാണെന്ന് ആർക്കുമറിയില്ല. തല വെട്ടിപ്പൊളിച്ച് വയറു കീറി കരളുo മറ്റ് അവയവങ്ങളുമെടുത്ത് പരിശോധനക്കയക്കും. ഒന്ന് ചിന്തിച്ചു നോക്ക് തന്നെ പോലെ സുന്ദരി പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്നത്. അതൊന്ന് ചിന്തിച്ചിട്ട് ആത്മഹത്യ ചെയ്തോ.”

” എന്റെ ഗുരുവായുരപ്പാ ഞാനിനിയെന്തു ചെയ്യും ? ആത്മഹത്യ കുറിപ്പെഴുതിയാ ഞാനിവിടെ വന്നത്.

” അതു കുഴപ്പമില്ല വീട്ടിൽ ചെന്ന് കീറി കളഞ്ഞാൽ പോരെ ?”

“അതിന് കത്തല്ല മാഷെ, ഫോണിൽ മെസെജാ അയച്ചത്. ഇനി ഡിലീറ്റ് ചെയ്യാന്ന് വിചാരിച്ചാ തന്നെ അതിനും മാർഗ്ഗമില്ല. കാരണം ഞാനെന്റെ ഫോൺ പുഴയിലെറിഞ്ഞിട്ടാ വന്നത്. ”

” പഷ്ട് . അതു പോട്ടെ താനെന്തിനാ എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത് ? ”

“അതൊരു നീണ്ടകഥയാ മാഷെ . ”

” കുന്നിറങ്ങി താഴെയെത്താൻ ഒരു മണിക്കൂർ വേണം വിരോധമില്ലങ്കിൽ ആ നീണ്ടകഥ കേൾക്കാൻ ഞാൻ തയ്യാറാണ് . പിന്നെ ഞാനൊരു മാഷാണെന്ന് എങ്ങിനെ മനസ്സിലായി?”

” ഓഹോ ഞാൻ വെറുതെ മാഷെന്ന് വിളിച്ചതാണ്.

ശരിക്കും മാഷാന്നെന്ന് എനിക്കറിയില്ലായിരുന്നു. ”

” ദേ ഒരു പാമ്പ് ”

ഒരു പാമ്പിനെ ചൂണ്ടി കൊണ്ട് മാഷ് പറഞ്ഞു.

” അയ്യോ ? എവിടെ ? ”

അവൾ ചാടി മാഷിനെ കെട്ടിപ്പിടിച്ചു.

“ഓഹോ അതുകൊള്ളാം. ഒരു ചെറിയപാമ്പിനെ പേടിയുള്ളയാളാണോ ആത്മഹത്യക്ക് ശ്രമിച്ചത് ?”

“ആത്മഹത്യ ചെയ്യുന്നവർക്ക് പേടിയില്ലാന്നാണോ മാഷ് കരുതിയിരിക്കുന്നത് ?”

” ഞാൻ ചോദിച്ചുന്നെയുള്ളു. അതു പോട്ടെ ഒരു കാര്യം പറയാൻ വിട്ടു. ആറര കഴിഞ്ഞാൽ ആനപ്പാറയിൽ നിന്ന് നഗരത്തിലേക്ക് ബസ്സില്ല . ഇനിയെന്തു ചെയ്യും ?”

“ഞാൻ ഇന്ന് മാഷിന്റെ വീട്ടിൽ താമസിക്കുന്നതിൽ വിരോധമുണ്ടോ ?”

“ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല. പിന്നെ നാട്ടുക്കാർ എന്തു വിചാരിക്കും?”

“എനിക്കറിയാം മാഷ് വിവാഹിതനല്ലെന്ന് ”

” അതെങ്ങനെ മനസ്സിലായി?”

“എന്റെ മാഷെ, കല്യാണം കഴിച്ചതാണെങ്കിൽ ഇങ്ങനെ ഒറ്റക്ക് കുന്നു കേറി നടക്കുമായിരുന്നോ?

ഇനി ഇവിടെ വരുകയാണെങ്കിൽ അത് ആത്മഹത്യ ചെയ്യാനായിരിക്കും തീർച്ച ”

” സമ്മതിച്ചിരിക്കുന്നു ഡോ തന്റെ നിഗമനങ്ങൾ .

എന്നാ സമയം കളയണ്ട , തന്റെ കഥ കേൾക്കാൻ തിടുക്കമായീന്ന് കൂട്ടിക്കോ. ”

” എന്റെ പേര് ആര്യ വിനോദ്.വിനോദ് അച്ഛന്റെ പേരാണ് . തെറ്റിധരിക്കണ്ട . ഞാനൊരു ലോക്കൽ കോ ഓപ്പറേറ്റിവ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഞാനായിരുന്നു കാഷ്യർ.

വൈകുന്നേരം ക്യാഷ് കൗണ്ട് ചെയ്തപ്പം ഒരു ലക്ഷം രൂപയുടെ കുറവ്. അന്ന് ഉച്ച കഴിഞ്ഞ് വയറുവേദന വന്നപ്പോൾ ഞാനൊന്നു ഫാർമസി വരെ പോയിരുന്നു. ഞാൻ പണവുമായി മുങ്ങിയെന്നാണ് അവര് പറയുന്നത്. ”

“ഇന്നത്തെ കാലത്ത് ആ പണം മോഷ്ടിച്ചവരെ കണ്ടെത്താൻ എന്താ പ്രയാസം ? CCTV നോക്കിയാ പോരെ?”

“എന്റെ കഷ്ടകാലത്തിന് കഴിഞ്ഞ ദിവസം ആ കുന്ത്രാണ്ടം കണ്ണടച്ചിരുന്നു. ഞാൻ വെറുതെ കള്ളിയുമായി . ജയിലിൽ കയറേണ്ടിവരുമെന്നാ മനേജർ പറഞ്ഞിരിക്കുന്നത്. വീട്ടുക്കാർക്കുണ്ടാകുന്ന മാനഹാനി വെറെ . ഒരു ലക്ഷം കൈയിലുണ്ടായിരുന്നെങ്കിൽ അത് കൊടുത്ത് രക്ഷപ്പെടാമായിരുന്നു.

ഞാൻ മരിക്കാതിരിക്കാൻ ഇനിയെന്താ മാഷേ ഒരു വഴി ? ”

” അതു പേടിക്കണ്ട ആ ഒരു തുക ഞാൻ കടമായി തരാം. പിന്നെ എന്റെ സുഹൃത്താണ് അവിടെത്തെ Dysp ജേക്കബ്.സാറിനോട് തന്റെ കാര്യം പറയാം. ഇന്ന് തന്നെ നീ വീട്ടിൽ പോകണം . നിന്റെ വീട്ടിലുള്ളവർ നിന്നെ കാണാതെ പേടിച്ചിരിക്കുകയായിരിക്കും. ”

അന്ന് രാത്രി കാറിൽ നഗരത്തിലേക്ക് അവളുമായി പോകുമ്പോൾ അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാളോട് പറ്റി ചേർന്നിരുന്നു.

*************

പിന്നിട് നടന്ന അന്വേഷണത്തിൽ യഥാർത്ഥ മോഷ്ടാവ് ആ ബാങ്കിലെ മാനേജർ തന്നെയാണെന്ന് തെളിഞ്ഞു.

മനോജ് മാഷ് ആര്യയെ വിവാഹം ചെയ്തതിനു ശേഷം ഒരിക്കൽ പോലും അയാളെ ആത്മഹത്യ മുനമ്പിലെക്കെന്നല്ല ഒന്ന് ചുമ്മാ ചുറ്റി നടക്കാൻ പോലും ആര്യ അനുവദിച്ചിരുന്നില്ല. അയാൾക്ക് സ്കൂൾ വിട്ടുവന്നാൽ വീട്ടിൽ പിടിപ്പതു പണിയായിരുന്നു. ബാങ്കിൽ നിന്ന് ആര്യ വരുമ്പോൾ ഏഴ് മണിയാകും.

അപ്പോഴേക്കും അത്താഴത്തിനുളള മുഴുവൻ കാര്യങ്ങളും അയാൾ ചെയ്യണമായിരുന്നു.

ഒരു ജോലിക്കാരിയെ വെക്കാമെന്നു പറഞ്ഞാൽ അവൾ മുന വെച്ച് പറയും ആ പൂതി മനസ്സിൽ വെച്ചാമതിയെന്ന് . ആ നശിച്ച ആത്മഹത്യ മുനമ്പിലേക്ക് നടക്കാൻ തോന്നിയ നിമിഷത്തെ അയാൾ മനസ്സിൽ ശപിച്ചു കൊണ്ട് കാലം കഴിക്കുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി മാനന്തവാടി