ലോഡ്ജ് വേണ്ട, എന്റെ വീട് മതി, അവിടെ ആരുമില്ല, ഇന്ന് മുഴുവന്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും

രചന : സിനാസ് അലി

മാലാഖ….

❤❤❤❤❤❤

അനൂപിന്റെ ആദ്യ ശമ്പള ദിവസമാണിന്ന്. ശമ്പളം കയ്യിൽ കിട്ടിയ ഉടൻ അവൻ പോയത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു മോഹം നിറവേറ്റാനാണ്. ഒരു സ്ത്രീയെ മതിയാവോളം അറിയണം, ആസ്വദിക്കണം അതായിരുന്നു അവന്റെ മോഹം. അവൻ ആദ്യം റെയില്‍വേ സ്റ്റേഷന് സമീപം പോയി നിന്നു. അവിടെ അണിഞ്ഞൊരുങ്ങി മുഖത്ത് ശൃംഗാര ഭാവങ്ങളുമായി കുറച്ച് സ്ത്രീകളെ കണ്ടു.

പക്ഷെ ഒന്നിനെയും അവനങ്ങട് ബോധിച്ചില്ല. പിന്നെ അവൻ പോയത് ബസ്റ്റാന്റിലേക്കായിരുന്നു.

അവിടെയും കണ്ടു ഒരു നേരത്തെ പട്ടിണി മാറ്റാന്‍ വേണ്ടി അണിഞ്ഞൊരുങ്ങി വന്നു നില്‍ക്കുന്ന സ്ത്രീകളെ. പക്ഷെ അവരില്‍ ആരെയും അവന് ബോധിച്ചില്ല. ആകെ നിരാശ തോന്നി അവന്. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്കൻ അടുത്ത് വന്ന് അവനെ നോക്കി പുഞ്ചിരിച്ചു

“എന്താ മോനേ ഒരു തിരിഞ്ഞു കളി..? സാധനത്തെ തപ്പി ഇറങ്ങിയതാണോ..?”

അയാളോട് കാര്യം പറഞ്ഞു. അയാള്‍ അവനെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി,

എന്നിട്ട് കക്ഷത്തിൽ നിന്നും ഒരു ആൽബം എടുത്ത് കാണിച്ചു. അവൻ മോഹിച്ചത് പോലത്തെ ഒരുപാട് സ്ത്രീകളെ അതില്‍ കണ്ടു. കാശ് കുറച്ച് കൂടുതലാണെങ്കിലും അതില്‍ ഒന്നിനെ ഉറപ്പിച്ചു.

അവനോട് ഒരു ടാക്സി വിളിച്ച് അയാള്‍ പറയുന്ന സ്ഥലത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. അവൻ ടാക്സിയും വിളിച്ച് പറഞ്ഞ സ്ഥലത്തേക്ക് പോയി.

കുറച്ച് സമയം അവിടെ കാത്തു നിന്നു. അല്പം കഴിഞ്ഞ് ആൽബത്തിൽ കണ്ട പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു, അവൻ അവളേയും കൊണ്ട് ഒരു ലോഡ്ജില്‍ മുറിയെടുത്തു.

അവളോട് തന്റെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം അവൻ തുറന്നുപറഞ്ഞു. തനിക്ക് നല്ല കമ്പനി തരാനും അവളോട് ആവശ്യപ്പെട്ടു. ടിപ് തന്നാലേ നല്ലതുപോലെ കമ്പനി തരികയൊള്ളൂ എന്ന് അവള്‍ പറഞ്ഞപ്പോള്‍ തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ടെടുത് അവള്‍ക്ക് നേരെ നീട്ടി.

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

അങ്ങനെ ജീവിതത്തില്‍ ആദ്യമായി അവൻ ഒരു പെണ്ണിനെ അറിഞ്ഞു. അവന് സ്വയം അഭിമാനം തോന്നിയ നിമിഷങ്ങള്‍. ഒരുപാട് സന്തോഷം തോന്നി. എല്ലാം കഴിഞ്ഞ് അവൻ വീട്ടില്‍ പോയി.

അമ്മയും അനിയത്തിയും അവനേയും കാത്തിരിപ്പായിരുന്നു. അവനെ കണ്ടതും അനിയത്തി അടുത്തേക്ക് ഓടി

“ഏട്ടാ, ഏട്ടന് ശമ്പളം കിട്ടിയിട്ട് എനിക്കും അമ്മക്കും ഒന്നും വാങ്ങിച്ചില്ലേ…?”

ശമ്പളം കിട്ടിയില്ല എന്ന് കള്ളം പറഞ്ഞ് അവൻ വീട്ടിനകത്തേക്ക് കയറി. കിട്ടിയ ശമ്പളം മുഴുവന്‍ അവിടെ ചിലവായിരുന്നു. അമ്മ വിളമ്പിയ ഭക്ഷണം കഴിച്ച് അവൻ കിടന്നുറങ്ങി.

ദിവസങ്ങള്‍ കടന്നുപോയി. അടുത്ത ശമ്പള ദിവസം വന്നെത്തി. ശമ്പളം കയ്യില്‍ കിട്ടിയ ഉടന്‍ അവൻ ആ ബ്രോക്കറുടെ അടുത്തേക്ക് പാഞ്ഞു. അന്നത്തെ അതേ പെണ്ണിനെ ഉറപ്പിച്ചു. ടാക്സിയിൽ അവള്‍ക്കായി കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു. അതിസുന്ദരി ആയിരുന്നു അവള്‍. മറ്റേ പെണ്‍കുട്ടിക്ക് ഇന്ന് വരാന്‍ പറ്റാത്തത് കൊണ്ട് അവള്‍ക്ക് പകരം വന്നതാണ് താന്‍ എന്ന് അവള്‍ പറഞ്ഞു. അവന് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി. കാരണം മറ്റെവളേക്കാൾ ആയിരം മടങ്ങ് സുന്ദരിയാണ് ഇവൾ. അവളോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.

പക്ഷെ അവള്‍ കയറിയില്ല

“നമുക്ക് ഈ ടാക്സി വേണ്ട. നിങ്ങളുടെ ബൈക്ക് മതി. ലോഡ്ജും വേണ്ട, എന്റെ വീട് മതി.

വീട്ടില്‍ ആരും ഇല്ല. ഇന്ന് മുഴുവന്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും”

അങ്ങനെ അവർ രണ്ടുപേരും ബൈക്കില്‍ അവളുടെ വീട്ടിലേക്ക് തിരിച്ചു. കുറച്ച് അകലെ ആയിരുന്നു അവളുടെ വീട്. അവർ പോകുന്ന വഴി അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഹോട്ടലിലെ അവശിഷ്ടങ്ങള്‍ കൊണ്ട് തട്ടുന്ന വേസ്റ്റ് ബോക്സിൽ നിന്നും ആർത്തിയോടെ ദുർഗന്ധം പിടിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ വാരി ഭക്ഷിക്കുന്നത് കണ്ടു. അവന് സഹിക്കാനായില്ല ആ കാഴ്ച. അവൻ തല തിരിച്ച് ബൈക്കിന്റെ വേഗത കൂട്ടി ആ കാഴ്ച്ചയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷെ പിറകിലിരിക്കുന്നവൾ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവളുടെ ശരീരത്തിന് അവൻ പറഞ്ഞ് ഉറപ്പിച്ച കാശ് ഇപ്പോള്‍ വേണം എന്ന് ആവശ്യപ്പെട്ടു.

അവൻ ഉടന്‍ കാശ് അവളെ ഏല്‍പ്പിച്ചു. ആ കാശിൽ നിന്നും അഞ്ഞൂറു രൂപ അവന്റെ കയ്യില്‍ കൊടുത്തിട്ട് ആ പെണ്‍കുട്ടിക്ക് ആഹാരം മേടിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അവൻ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ആഹാരം മേടിച്ച് ആ കുട്ടിക്ക് കൊടുത്തു. കുട്ടി ആർത്തിയോടെ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞതിന് ശേഷം ആ പിഞ്ചുപൈതൽ അവന്റെ കണ്ണിലേക്ക് ഒന്നു നോക്കി ഹോ!!! അവളുടെ കണ്ണിലെ ആ തിളക്കം, മുഖത്തെ സന്തോഷം എല്ലാം അവന്റെ ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത ഒരു അനുഭവം ആയിരുന്നു. ആ ഫീലിംഗിനെ എന്ത് പേരിട്ടു വിളിച്ചാലും അതികമാവില്ല എന്നവന് തോന്നി.

അവർ അവിടെ നിന്നും യാത്ര തിരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു.

പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് നോക്കി.

എന്നിട്ട് കട്ട് ചെയ്തു. മൊബൈല്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. അവള്‍ അത് ആരാണ് എന്ന് തിരക്കി. അവൻ പുച്ഛത്തോടെ പറഞ്ഞു

” ഹോ, അത് അനിയത്തിയാ”

അവള്‍ ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. അവൻ മനസ്സില്ലാമനസ്സോടെ ഫോണ്‍ എടുത്തു

“ഏട്ടാ, ഇന്ന് ശമ്പളം കിട്ടിയല്ലോ അല്ലേ..?

എനിക്ക് നല്ലൊരു ഉടുപ്പ് മേടിച്ചു തരോ..? എന്റെ പൊന്നു ചേട്ടനെല്ലേ.., പ്ലീസ്”

അവൻ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.

അവർ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച് സമയത്തിന് ശേഷം അവളുടെ വീടിനടുതെത്തി. കാടിനോട് ചേര്‍ന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ചെറിയ കുടിൽ ആയിരുന്നു അവളുടേത്. അവള്‍ ബൈക്കില്‍ നിന്നും ഇറങ്ങി. അവൻ ഇറങ്ങാന്‍ നേരം അവൾ തടഞ്ഞു.

എന്നിട്ട് അവൻ കൊടുത്ത കാശ് അവന്റെ ഷർട്ടിന്റെ പോക്കറ്റിലിട്ടു. അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി

“ഈ കാശ് കൊണ്ട് നിങ്ങള്‍ക്ക് എന്റെ ശരീരം വിലക്കു വാങ്ങാന്‍ പറ്റും, എന്റെ ശരീരം കിട്ടിയാല്‍ നിങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകും. പക്ഷെ എത്ര സമയം കിട്ടും നിങ്ങള്‍ക്ക് ആ സന്തോഷം…? കൂടിയാ ഒരു അര മണിക്കൂര്‍. പക്ഷെ ഇതേ കാശ് കൊണ്ട് നിങ്ങള്‍ക്ക് ഒരുപാട് പേരെ സന്തോഷിപ്പിക്കാനാവും. നമ്മള്‍ റോഡില്‍ കണ്ട ആ പെണ്‍കുട്ടിയുടെ സന്തോഷം, നിങ്ങളെ കാത്തിരിക്കുന്ന അമ്മയുടെയും, അനിയത്തിയുടേയും സന്തോഷം. അവരുടെ സന്തോഷം നിങ്ങളുടെ അരമണിക്കൂര്‍ കൊണ്ട് കിട്ടുന്ന സന്തോഷത്തിനേക്കാൾ ആയിരം മടങ്ങ് കൂടുതല്‍ ആയിരിക്കും.

അവരുടെ സന്തോഷങ്ങൾക്ക് കാരണം താനാണ് എന്ന് ആലോചിക്കുമ്പോൾ നിങ്ങള്‍ക്ക് കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ, അത് അനുഭവിച്ച് തന്നെ അറിയണം. ഇപ്പോ നിങ്ങള്‍ വീട്ടില്‍ പോകണം.

നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ ആ ഒരു ഫീല്‍ കിട്ടിയില്ലെങ്കില്‍ എന്റെ അടുത്തേക്ക് വരാം”

അവള്‍ അവന്റെ ഫോണ്‍ മേടിച്ച് തന്റെ നമ്പര്‍ സേവ് ചെയ്തു. ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവളുടെ വീട്ടിലേക്ക് നടന്നു. അവൻ ബൈക്ക് തിരിച്ച് വീട്ടിലേക്കും പോയി.

അവൻ അനിയത്തിക്ക് ഉടുപ്പും, അമ്മക്ക് സാരിയും,

വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങള്‍ എല്ലാം മേടിച്ച് വീട്ടില്‍ പോയി. അമ്മയുടെയും, അനിയത്തിയുടെയും സന്തോഷം കണ്ടപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു.

കാരണം അവര്‍ക്ക് വേറെ ആരും ഇല്ലായിരുന്നു ഇതൊക്കെ ചെയ്തു കൊടുക്കാന്‍.അന്ന് വീട്ടില്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. തനിക്ക് നല്ല ബുദ്ധി പറഞ്ഞു തന്ന അവളോട് അവൻ മനസ്സുകൊണ്ട് ആയിരം വട്ടം നന്ദി പറഞ്ഞു. അവൻ ഫോണെടുത്ത് അവള്‍ സേവ് ചെയ്ത നമ്പര്‍ നോക്കി “മാലാഖ” എന്നായിരുന്നു അവള്‍ തന്റെ പേര് സേവ് ചെയ്തിരുന്നത്. ശരിക്കും അവള്‍ ഒരു മാലാഖ തന്നെയായിരുന്നു.

അന്ന് രാത്രി അവൻ ഒരു സിനിമക്ക് പോയി.

വീട്ടിലെത്തിയപ്പോള്‍ കുറച്ച് താമസിച്ചിരുന്നു. നല്ല പഴംപൊരി ഉണ്ടാക്കി അമ്മ കട്ടിലിനോട് ചേർന്നുള്ള മേശമേല്‍ വെച്ചിരുന്നു. അവൻ അതില്‍ നിന്നും ഒരു പഴംപൊരിയെടുത്ത് കഴിക്കാനൊരുങ്ങി, പക്ഷെ ഭയങ്കര എണ്ണ കാരണം അവൻ അതിലെ എണ്ണ ഒപ്പിയെടുക്കാൻ വേണ്ടി അലമാരക്കു മുകളിലുള്ള അടുക്കി വെച്ചിരുന്ന ഒരു പഴയ ന്യൂസ് പേപ്പര്‍ എടുത്തു. അത് കീറാൻ ഒരുങ്ങുമ്പോഴാണ് അവൻ അവളുടെ ഫോട്ടോ ആ ന്യൂസ് പേപ്പറില്‍ കാണുന്നത്. മാലാഖയുടെ ഫോട്ടോ. ആ ഫോട്ടോക്ക് താഴെയുള്ള തലക്കെട്ട് വായിച്ചപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയത്

“മൃഗീയ ബലാത്സംഗത്തിന് ഇരയായി കോളേജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു”

ഈ തലക്കെട്ട് വായിച്ചു തീര്‍ന്നതും കറന്റ് പോയതും ഒരുമിച്ചായിരുന്നു. അവൻ ഇരുട്ടത്ത് വല്ലാതെ ഭയപ്പെട്ടു. പെട്ടെന്നാണ് മൊബൈല്‍ ശബ്ദിച്ചത്.

ഫോണെടുത്ത് നോക്കിയപ്പോള്‍ “മാലാഖ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സിനാസ് അലി