“ആദ്യരാത്രി ഉച്ചക്കാണ് ” ഈ ചെറുകഥ വായിച്ചു നോക്കൂ…..

രചന : റഷീദ് എം ആർ ക്കെ

സൗദിയിലായിരുന്നപ്പോൾ റൂമിൽ ഏത് നട്ടപാതിരാക്ക് ലൈറ്റ് ഓൺ ചെയ്താലും ഉണരാതെ കൂർക്കം വലിച്ചുറങ്ങുന്ന റൂം മേറ്റ് അഹമ്മദ്ക്ക തന്റെ ഉറക്കം നഷ്ട്ടപെടുത്താനൊന്നും ഇവിടെയുള്ള ലൈറ്റിന് കഴിയില്ല എന്നതിന്റെ കാരണം പറഞ്ഞത് ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോഴായിരുന്നു.

പണ്ട് നാട്ടിൽ അടക്ക കച്ചോടം അച്ചടക്കത്തോടെ ചെയ്യുമ്പോഴാണ് ന്റെ ഉശാറൊന്നു കൂട്ടാൻ വേണ്ടി വാപ്പ പെണ്ണ് കെട്ടിപ്പിക്കുന്നത് . കല്യാണം കഴിഞ്ഞന്ന്‌ രാത്രി ഞാൻ എന്തൊക്കെയോ കണക്കു കൂട്ടി മുറിയിൽ കിടക്കുമ്പോഴായിരുന്നു മണവാട്ടിയായി ന്റെ ബീവി സുലൈഖ പതുക്കെ റൂമിലേക്ക്‌ വന്നത്.

വന്നയുടനെ ഞാൻ പുതുമാരന്റെ ചുണ്ടിലെ മറ്റേ ചിരിയെ വിളിച്ച് വരുത്തി ഓളെ കാണിച്ച് ഒച്ചണ്ടാക്കാതെ പറഞ്ഞു ” ആ വാതിലാണ്ട് അടച്ചാളെ… ” കേട്ടതും ഓള് പതുക്കെ ചെന്ന് വാതിലടച്ച് കുറ്റിയിട്ട ശേഷം എന്റെ അടുത്തേക്ക് വന്നപ്പോൾ ” ഇഞ്ഞിപ്പൊ ന്തിനാ ലൈറ്റ്.. അതാ ണ്ട് കെടുത്തിക്കാളെ .. ?” എന്ന് ഞാൻ പറഞ്ഞതും സുലൈഖ ന്റെ ചങ്ക് തകർക്കാൻ പാകത്തിൽ ഒറ്റ കരച്ചിലായിരുന്നു…!!!

പ്രതീക്ഷിക്കാതെയുള്ള ആ കരച്ചിൽ കണ്ടതും ഞാൻ പെട്ടെന്ന് കുപ്പായ പോക്കറ്റിലുണ്ടായിരുന്ന ബീഡി കെട്ട് ഒന്നു തപ്പി നോക്കി. പത്തയ്മ്പത് കിലോയുള്ള അടക്കചാക്ക് ഏറ്റുമ്പോൾ വരെ കിതക്കാത്ത എനിക്ക് അതൊക്കപ്പാടെ അങ്ങട്ട് കണ്ടപ്പോൾ വല്ലാതെ കിതക്കാൻ തോന്നി.. !!

” പടച്ചോനെ വാപ്പ തന്ന മഹറിന്റ കായി പോയാ..?”

എന്നൊക്കെയുള്ള നൂറു കൂട്ടം ചോദ്യങ്ങൾ മനസ്സ് ഉത്തരമില്ലാതെ അച്ചടിച്ച് കയ്യിൽ തന്നതും ഞാൻ വെറുതെ അയച്ച് വെച്ച ലുങ്കി പെട്ടെന്ന് മുറുക്കിയുടുത്ത് മെല്ലെ എഴുന്നേറ്റു.

” ഇനിപ്പോ ന്റെ ചൊർക്ക് പറ്റാഞ്ഞിട്ടോ മറ്റോ ആണെങ്കിൽ ന്റെ അല്ലാഹ്.. “ബാക്കി ആലോചിക്കാൻ നിൽക്കാതെ അവളുടെ അടുത്തേക്ക് ചെന്ന് വിറയുന്ന ചുണ്ടോടെ ചോദിച്ചു ” ന്തിനാപ്പൊ കര.. യ.. ണെ.. ?? ഞാനൊന്നും കാട്ടീലല്ലോ.!!”

അതാണ്ട് കേട്ടതും ഓള് വീണ്ടും കരച്ചിലൊന്ന്‌ ഒച്ച കൂട്ടി …! ഇതെങ്ങാനും ഓടിനുള്ളിലൂടെ പുറത്തെത്തി എന്റെ കുറ്റോം പറഞ്ഞിരിക്കുന്ന അലമ്പ് അമ്മായിമാർ കേട്ടാൽ കണ്ടപാടെ ചാടി വീണെന്നും പറഞ്ഞ് വെറുതെ മാനം കെടുത്തും എന്നോർമ്മ വന്നപ്പോൾ അവളോട്‌ ഞാൻ പതുക്കെ ചോദിച്ചു ” ജ്ജ് കാര്യം പറയ്.. ന്തിനാ ഈ കരച്ചിൽ.. ? കുടീലുള്ളൊരു കേട്ടാ ഓല് തെറ്റിദ്ധരിക്കും.. ന്താ.. ???” എന്ന് ചോദിച്ചതും ന്റെ സുലൈഖ അന്ന് ഒന്നര കിലോ തേങ്ങലുമായി പറഞ്ഞ മറുപടിയായിരുന്നു ” ലൈറ്റ് ഓഫാക്കണ്ട.. !!”

പ്രതീക്ഷിക്കാതെ ആ മറുപടി കേട്ടതും വിശ്വാസം വരാതെ ഞാൻ ഒറ്റ ചോദ്യാർന്നു..

” ങ്ങേഹെ.. അ.. തെ.. ന്ത്യെ…??” ???” ”

നിക്ക്.. പേടിയാ… !!” എന്ന് പറഞ്ഞ് അവൾ വീണ്ടും കുറുക്കനെ പോലെ കരഞ്ഞപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിക്കാതെ ” ന്നാ വേണ്ട കെടുത്തണ്ട… ജ്ജ് കരയല്ലേ.. ” എന്ന് പറഞ്ഞ് ഞാൻ മെല്ലെ കട്ടിലിലങ്ങനെ കിടന്നു.

നെഞ്ചിൽ മല്ലിക പാകിയത് മുളച്ചത് പോലെയുള്ള ഈ നാല് രോമങ്ങൾ ഒരയഞ്ഞ തടവും തടവി ഞാനന്നങ്ങനേ കിടക്കുമ്പോൾ മനസ്സിൽ കിനാവ്‌ കണ്ട ആദ്യരാത്രിയിലെ ഇരുട്ട് എന്നെ നോക്കി പല്ലിളിക്കുന്നത് ഞാനപ്പോൾ കണ്ടു. സീറോ ബൾബുകൾ മുഖത്ത് നോക്കി “വിധിയില്ല അഹമ്മദേ അൻക്ക് … നിനക്കൊന്നു പൊട്ടികരഞ്ഞൂടെ.. ”

എന്നൊക്കെ പറഞ്ഞ് ആളെ ആക്കി കൊണ്ടിരിക്കേർന്നു.

” റഹ്‌മാനായ റബ്ബേ ജീവിതം കാലം മുഴുവനും ലൈറ്റിട്ട് ഇവളുടെ കൂടെ കിടന്നുറങ്ങാനാണോ ന്റെ വാപ്പ ന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചത് ..?”

എന്നൊക്കെ ചിന്തിച്ച് കിടക്കുമ്പോൾ കട്ടിലിൽ ന്റെ അടുത്ത് സാരിയും ചുറ്റി ഉണങ്ങിയ മുല്ലപ്പൂവിന്റെ മണവുമായി തിരിഞ്ഞ് കിടക്കുന്ന ഓളെ ഒന്ന് ചൗട്ടാൻ തോന്നിയെങ്കിലും കാല് പൊന്തിയില്ല…

യുദ്ധം നടക്കേണ്ട അങ്ങാടിയിൽ ഹർത്താൽ നടന്നത് പോലെ എന്റെയാ റൂമിൽ ആകെയൊരു നിശബ്ദത അന്ന് അനുഭവപ്പെട്ടത് ഇന്നും എനിക്കോർമ്മയുണ്ട്.

അന്നാ രാത്രി ലൈറ്റിട്ട കാരണം ഞാൻ ഒരുപോള കണ്ണടച്ചിട്ടില്ല എന്ന് മാത്രമല്ല അവൾ നല്ലോണം ഉറങ്ങിയത് ഞാൻ കാണുകയും കൂടി ചെയ്തപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തൊരു സങ്കടം എനിക്കുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ കോഴികൂട് തുറക്കുന്നതിന് മുൻപ് എഴുന്നേറ്റ് കിണറ്റിനരികിൽ നിന്ന് പല്ല് തേക്കുമ്പോൾ ന്റെ മൂത്ത അമ്മായി വന്നു കൊണ്ട് ” നേരം വെളുക്കുവോളം രണ്ടാളും കൂടി സൊറ പറഞ്ഞിരിക്കേർന്നു ല്ലേ…. ലൈറ്റൊന്നും ഓഫാക്കീട്ടില്ലല്ലോ ആ.. ആ. ആ… ” എന്നൊക്കെ പറയുമ്പോൾ ഫസ്റ്റ് നൈറ്റ് അടുപ്പ്ക്കായ പിരാന്തിൽ അമ്മായിയാണെന്നൊന്നും നോക്കാതെ വല്ലതും പറഞ്ഞു പോയാൽ കൂടി പോകുമെന്ന് പേടിച്ച് ഒന്നും മിണ്ടാതെ ഞാൻ വായിലുള്ള കോൾഗേറ്റ്ന്റെ പത ആഞ്ഞൊരു തുപ്പാണ്ട് തുപ്പി.. !!!

അന്ന് ചായ കുടി കഴിഞ്ഞ് റൂമിൽ പോയി അന്തംവിട്ടിരിക്കുമ്പോഴാ ന്റെ സുലൈഖ അടുത്തേക്ക് വന്ന് കാര്യങ്ങൾ പറയുന്നത്. അവൾ കുട്ടികാലം മുതലേ ലൈറ്റിട്ട് കിടന്നുറങ്ങാൻ ശീലിച്ചവൾ ആണെന്നും ലൈറ്റ് ഇല്ലെങ്കിൽ എന്തൊക്കെയോ മുന്നിൽ വരുന്നുണ്ടെന്ന്‌ തോന്നി പേടിച്ച് നിലവിളിക്കുമെന്നും ഉള്ള സത്യങ്ങൾ… !!

കേട്ടപ്പോൾ ” ഇതിനൊക്കെ എന്ത് പറയും ന്റെ പടച്ചോനെ..?’ എന്ന് ചിന്തിച്ച് നിൽക്കുമ്പോൾ മനസ്സ് ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു ‘ ഇവളെങ്ങാനും ഇക്കാര്യങ്ങൾ പറയാതെ ഞാൻ ലൈറ്റ് ഓഫാക്കി അവൾ എന്തെങ്കിലും കണ്ട് പേടിച്ച് നിലവിളിച്ചിരുന്നെങ്കിൽ അതിനുത്തരവാദി വീട്ടുകാരെല്ലാവരും കൂടി എന്നെ ആക്കിയേന്നേ …!

പടച്ചോൻ കാത്തു.. !’

അന്നുമുതൽ ലൈറ്റുള്ള മുറിയിൽ കിടന്ന് ശീലിച്ചോണ്ട് എനിക്കിന്ന് ഈ ലൈറ്റൊന്നും ഒരു പ്രശ്നമല്ല മക്കളെ എന്ന് പറഞ്ഞ് മലപ്പുറത്തുകാരൻ അഹമ്മദ്ക്ക കഥ നിർത്തിയതും റൂമിലുള്ള എല്ലാവരും പരിസരം മറന്ന് ചിരിക്കാൻ തുടങ്ങി.

ഈ സമയത്താണ് ബക്കാലക്കാരൻ അബ്ദു ചിരിക്കാതെ അഹമ്മദ്ക്കയെ വല്ലാത്തൊരു നോട്ടവും നോക്കി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് …. !!

“എന്താ അബ്ദോ അനക്കൊരു സംശയം ഉള്ളത് പോലെ …???” എന്ന് ഞാനവനോട് ചോദിച്ചപ്പോൾ അബ്ദു ഒറ്റ ശ്വാസത്തിൽ ചോദിച്ച ചോദ്യമായിരുന്നു ”

അല്ല അഹമ്മദ്ക്കാ അപ്പൊ ഇങ്ങളെ ആദ്യരാത്രി..????..

ആ ചോദ്യത്തിനുള്ള മറുപടിയായി അഹമ്മദ്ക്ക കയ്യിലുള്ള കീറിയ ഖുബൂസ് മഞ്ഞപ്പൊടി കൂടിയ സൈദിന്റെ കോയി കറിയിൽ നല്ലൊരു മുക്കല് മുക്കി വായിലിട്ടോണ്ട് പറഞ്ഞു ” അത് പിറ്റേന്ന് ഉച്ചക്ക് നടത്തി .. !!”

അതോടെ എല്ലാ സംശയവും തീർന്ന അബ്ദു ചിരി നിർത്താൻ വല്ലാതെ പ്രയാസ്സപ്പെടുന്നത് അവനോടൊപ്പം ചിരിക്കുന്ന ഞാനും കണ്ടു….

വാൽ പീസ് : ലൈറ്റിട്ട് ഉറങ്ങാൻ ശീലിച്ച പെണ്ണുങ്ങൾ കല്യാണത്തിന് മുൻപ് ആ ശീലം മാറ്റാൻ ശ്രമിക്കുക.

കാരണം പെങ്ങന്മാരെ കുട്ട്യോൾ ഉള്ള ഭർത്താക്കന്മാരുടെ വീട്ടിൽ അവർ പോകാതെ ഉച്ചക്ക് ഫസ്റ്റ് നൈറ്റ് നടത്താൻ പറ്റിയെന്ന് വരൂലാ തടസ്സങ്ങൾ നേരിട്ടേക്കാം .. !! നോട്ട് : കഥാപാത്രങ്ങൾ സാങ്കൽപ്പികം ആണെന്ന് പറയാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. 🤭 സ്നേഹത്തോടെ

രചന : റഷീദ് എം ആർ ക്കെ സലാല