നീ നടന്ന വഴികളിലൂടെ, ഭാഗം ഇരുപത് വായിക്കൂ…

രചന: Minimol M

അഭി മുറിയിലേക്ക് വന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്നത് കണ്ടത്…

അറിയാത്ത നമ്പർ ആയത് കൊണ്ട് അവൻ ഒന്ന് മടിച്ചു…

കാൾ കട്ട് ആയപ്പോൾ അവൻ ഫോൺ എടുത്തു കോൾ ഹിസ്റ്ററി നോക്കി..

അതെ നമ്പറിൽ നിന്നും 32 മിസ്ഡ് കോൾസ് അവൻ കണ്ടു..

അമ്പരപ്പോടെ അവൻ ആ നമ്പർ റീഡയൽ ചെയ്തു..

“ഹെൽ….”

അവൻ പറയുന്നതിന് മുന്നേ അപ്പുറത്ത് നിന്നും മറുപടി വന്നിരുന്നു…

“ഒരു ഫോൺ വിളിച്ചാൽ അത് എടുക്കാനുള്ള മാനെഴ്സ് ഇല്ലെ അഭയ് ചന്ദ്രശേഖരന്….”

ദേഷ്യത്തോടെ ഉള്ള ഒരു സ്ത്രീ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി….

അഭിക്ക് ആകെ ദേഷ്യം പിടിച്ചു വന്നു…

“ആളും തരവും നോക്കി സംസാരിക്കാൻ പഠിക്കണം…നിങ്ങള് ആരാ…”

അഭി ദേഷ്യത്തോടെ ചോദിച്ചു.

“വിളിച്ചിട്ട് ഫോൺ എടുക്കാതെ ഇരുന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല..”

മറുവശത്ത് നിന്നും പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു..

“അതെ..ഒന്നുകിൽ ആള് ആരാണ് എന്ന് പറയണം.. അല്ലെങ്കിൽ മര്യാദയ്ക്ക് സംസാരിക്കണം…. അല്ലെങ്കിൽ ചിലപ്പോ വായിൽ പല്ല് കണ്ടു എന്ന് വരില്ല…”

അഭി മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു..

“ഞാ… ഞാൻ… സ്വാതി… സ്വാതി…”

മറുവശത്ത് നിന്നും പെട്ടെന്ന് പേടിയോടെ പറഞ്ഞു..

“ഏതു സ്വാതി….”

അഭി താല്പര്യമില്ലാത്തത് പോലെ പറഞ്ഞു. ..

“സ്വാതി… അരുന്ധതി ബിൽഡേഴ്സ്…. നമ്മൾ ഇന്ന് മീറ്റ് ചെയ്തിരുന്നു….”

സ്വാതി സൗമ്യമായി തന്നെ പറഞ്ഞു ..

“ഓഹോ…ഓർമ വന്നു..നീ എന്തിനാ ഇപ്പൊ എന്നെ വിളിച്ചത് ..”

അഭി മടുപ്പോടെ ചോദിച്ചു…

“ഇന്നത്തെ കോൺട്രാക്ട് മറന്നോ… നാളെ അതിന്റെ മീറ്റിംഗ് ഉണ്ടു… സാന്ദ്ര ഗ്രൂപ്പിന്റെ എം ഡി നാളെ എത്തും..സോ നാളെ തന്നെ മീറ്റിംഗ് ഫിക്സ് ചെയ്തു…”

സ്വാതി അധികാരത്തോടെ പറഞ്ഞു..

“അതിനു ഒഫീഷ്യൽ മെയില് അയച്ചാൽ മതിയല്ലോ..ഇങ്ങനെ പേഴ്സണൽ ആയി വിളിച്ചു പറയണോ.. അല്ലെങ്കിൽ ഓഫീസ് വഴി കോൺടാക്ട് ചെയ്യണം.. അല്ലാതെ ഇങ്ങനെ വിളിക്കുന്നത് ആണോ മര്യാദ…”

അഭി തന്റെ ദേഷ്യം മുഴുവൻ പുറത്ത് കാട്ടി…

“അത് പിന്നെ..ഏട്ടൻ…അല്ല.. ശരി.. സി യൂ ടുമറോ…”

സ്വാതി പെട്ടെന്ന് കോൾ കട്ട്‌ ചെയ്തു..

അഭി ദേഷ്യത്തിൽ ഫോൺ എടുത്തു ടേബിളിൽ വച്ച് തിരിഞ്ഞു…

അപ്പോഴാണ് വാതിലിന് അടുത്ത് ആരോ ഉണ്ടെന്ന് അവന് തോന്നിയത്…

“ആരാ അവിടെ…”

അഭി ഉച്ചത്തിൽ ചോദിച്ചു കൊണ്ടു വാതിലിന് അടുത്തേക്ക് നടന്നു…

“പെട്ടു അപ്പു…നീ പെട്ടു…”

വാതിലിന് അടുത്ത് നിന്ന അപ്പു പെട്ടെന്ന് വീൽചെയർ മുന്നോട്ട് നീക്കി കൊണ്ട് പിറുപിറുത്തു…

“അത് ശരി… നീ ആയിരുന്നോ ഉണ്ടക്കണ്ണി…”

അഭി ഊറി വന്ന ചിരി അടക്കി കൊണ്ട് ഗൗരവത്തിൽ അവളെ നോക്കി..

“അത് പിന്നെ..ഞാൻ ഇത് വഴി പോയപ്പോ…”

അപ്പു വിക്കി…

“എന്തേ.. ഇത് വഴി പോയപ്പോ ഇവിടെ എന്തേലും അൽഭുതം കണ്ടോ… ഐ മീൻ എന്തേലും വിചിത്രമായി…”

അഭി തമാശയായി ചോദിച്ചു …

“ഈശ്വര.. ഏതു നേരത്ത് ആണ് ആവോ എനിക്കു ഇതിലെ വരാൻ തോന്നിയത്…”

അപ്പു തലയ്ക്ക് കൈ വെച്ച് പോയി…

“എന്താടി ചിന്തിച്ച് കൂട്ടുന്നത്…”

അഭി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു…

“ഒന്നുമില്ല..ഞാനിത് വഴി പോയപ്പോ. ഇവിടെ ആരോടോ ദേഷ്യപ്പെട് സംസാരിക്കുന്നത്….”

അപ്പു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“ആര് സംസാരിച്ചു എന്ന്…”

അഭി പുരികം ഉയർത്തി…

“ഇവിടെ….”

അപ്പു അവന് നേരെ തല ഉയർത്തി കാണിച്ചു..

“ഏതു ഇവിടെ…ഇവിടെ ആരാ… ഇവിടേക്ക് പേരില്ലേ ..”

അഭി ഗൗരവത്തിൽ തന്നെ ചോദിച്ചു..

“അത് പിന്നെ… ഇയാള്…”

അപ്പു നന്നായി വിയർത്തു…

“ഏതു ഇയാള്…എനിക്ക് എന്താ പേരില്ലേ…”

അഭി കുനിഞ്ഞു അവൾക്ക് നേരെ തല താഴ്ത്തി…

“അത് പിന്നെ.. അഭ്…അഭി… അഭിയെട്ടൻ…”

അപ്പു കണ്ണുകൾ ഇറുക്കി അടച്ച് കൊണ്ട് പറഞ്ഞു…

അഭിയുടെ പൊട്ടിച്ചിരി കേട്ടാണ് അവള് കണ്ണ് തുറന്നത്…

അവൻ കൈ വയറിന് മേലെ പൊത്തി പിടിച്ചു കൊണ്ട് ചിരിയാണ്…

“എന്റെ പേര് എന്താണെന്ന് അറിയോ നിനക്ക് ..”

അഭി ചിരി അടങ്ങിയപ്പോൾ ചോദിച്ചു…

അപ്പു മറുപടി ഒന്നും പറഞ്ഞില്ല…

“അഭയ്.. അഭയ് ചന്ദ്രശേഖരൻ….മനസ്സിലായോ… അല്ലാതെ.. ഇവിടെ അവിടെ.. ഇയാള്.. അയാള്… അഭ്‌… എന്നൊന്നും അല്ല..”

അഭി കുസൃതിയോടെ പറഞ്ഞു..

“ഞ.. ഞാൻ പോട്ടെ… താഴെ തിരക്കും…”

അപ്പു രക്ഷപ്പെടാൻ എന്നോണം പറഞ്ഞു..

“അല്ല ഞാൻ ആരോടാണ് സംസാരിച്ചത് എന്ന് അറിയണ്ടേ നിനക്ക് .”

അഭി മീശ പിരിച്ചു കൊണ്ട് ചോദിച്ചു..

അപ്പു വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി..

“അങ്ങനെ പറയരുത്.. നീ കേൾക്കണം.. ഞാൻ എന്റെ കാമുകിയോട് ഇത്തിരി വിശേഷം പറയുക ആയിരുന്നു… സ്വാതി… അവൾക്ക് ഭയങ്കര പരാതി…”

അഭി കുസൃതിയോടെ പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി..

അപ്പുവിന് നെഞ്ചില് ഒരു കല്ല് എടുത്തു വച്ചത് പോലെ തോന്നി..ഒറ്റ നിമിഷം കൊണ്ട് അവളുടെ മുഖം മങ്ങി… എങ്കിലും അവളു അത് സമർഥമായി മറച്ചു പിടിച്ചു…

“ആഹ്…ആണോ…എങ്കിൽ ഞാൻ ശല്യം ആവുന്നില്ല… സംസാരം നടക്കട്ടെ…”

അപ്പു വീൽചെയർ നീക്കി കൊണ്ട് മുന്നോട്ട് നീങ്ങി..

അവളുടെ മുഖഭാവം ശ്രദ്ധിച്ച അഭിയുടെ മുഖം ഒരു നിമിഷം മങ്ങി… എങ്കിലും അപ്പുവിന്റെ കൺകോണിൽ കണ്ട നീർ തിളക്കം അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…

“നിന്റെ മനസ്സിൽ ഉള്ളത് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ഞാൻ അത് പുറത്തു കൊണ്ടു വരും മോളെ.. അല്ലെങ്കിൽ എന്റെ പേര് അഭയ് എന്നല്ല .. ”

അഭി അവളുടെ പോക്ക് നോക്കി കൊണ്ട് പിറുപിറുത്തു…

അപ്പു മുറിയിലേക്ക് പോകുന്ന വഴിക്ക് ആണ് എതിരെ സുമതി വന്നത്…

അവര് അവളെ പുച്ഛത്തോടെ ഒന്ന് നോക്കി…

അപ്പു തിരിച്ച് പുഞ്ചിരി സമ്മാനിച്ചു…

“മംഗലത്ത് വീട്ടിലെ കെട്ടിലമ്മ ആയി വിലസുക ആണല്ലേ നീ.. എന്റെ മോളുടെ സ്ഥാനം തട്ടി എടുക്കാൻ ശ്രമിച്ചാൽ ഉണ്ടല്ലോ….”

സുമതി പുച്ഛത്തോടെ പറഞ്ഞു..

അപ്പുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു..

അവള് മുഖം താഴ്ത്തി…

“ഓ… എന്ത് പറഞ്ഞാലും തമ്പുരാട്ടി നിന്ന് കരഞ്ഞോളും.. അതിൽ വീഴാൻ കുറേ ആൾക്കാരും… അസത്ത്…”

സുമതി വെറുപ്പോടെ പറഞ്ഞു..

“സുമേ…മതി…”

പിന്നിൽ നിന്നും സാവിത്രിയുടെ സ്വരം ഉയർന്നു…

അപ്പു നിറഞ്ഞ കണ്ണുകൾ ഉയർത്തി നോക്കി…

“അഹ്.. അത് പിന്നെ ഏട്ടത്തി… ഞാൻ ഇത് വഴി പോയപ്പോൾ…”

സുമതി വിക്കി…

“നീ അധികം നിന്ന് പരുങ്ങണ്ട.. പറഞ്ഞത് ഒക്കെ ഞാൻ കേട്ടു…. നിന്റെ മകളുടെ സ്ഥാനം എങ്ങനെയാ ഇവള് തട്ടി എടുക്കുന്നത്….”

സാവിത്രി തീ പാറുന്ന കണ്ണുകളോടെ ചോദിച്ചു…

“അത്..പിന്നെ ഏട്ടത്തി… അഭി ഗംഗ മോൾക്‌ ഉള്ളത് ആണല്ലോ… അപോ പിന്നെ അവരുടെ ഇടയിലേക്ക് വരരുത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ…”

സുമതി വിക്കി വിക്കി പറഞ്ഞു…

“അങ്ങനെ ഒരു വാക്ക് ഇവിടെ ആരാ നിനക്ക് തന്നത് സുമേ… ഞാൻ പറഞ്ഞോ.. ഇല്ലെങ്കിൽ ചന്ദ്രേട്ടൻ പറഞ്ഞോ..അതും അല്ലെങ്കിൽ. ഇവിടത്തെ മൂത്ത ആൾക്കാര് ആരേലും പറഞ്ഞോ.. അതും പോട്ടെ… അഭി പറഞ്ഞോ.. ഇല്ലല്ലോ..”

സാവിത്രി ദേഷ്യത്തോടെ പറഞ്ഞു..

സുമതി ഒരു നിമിഷം സ്ഥബ്ദയായി…

“അവര് തമ്മില് അല്ലെ ഏട്ടത്തി ചേർച്ച…”

സുമതിയുടെ സ്വരം പതറി…

“ആര് പറഞ്ഞു… ഗംഗയ്ക്ക് അഭിയോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.. തിരിച്ച് അഭിക്കും അങ്ങനെ ഒരു ഇഷ്ടം ഇല്ല.. അവന്റെ അമ്മ അല്ലെ ഞാൻ… എനിക്ക് അറിയാം… നീ ചുമ്മാ കഥ അറിയാതെ ആട്ടം കാണല്ലെ സുമേ.”

സാവിത്രി അപ്പുവിന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു…

അത് കൂടി കണ്ടതോടെ സുമതിക്ക് ദേഷ്യം കൂടി…

“അപ്പോ കാല് വയ്യാത്ത ഈ അസത്തിനെ ആണോ ഏട്ടത്തി അഭീക്ക്‌ വേണ്ടി കണ്ടു പിടിച്ചത്.. എന്റെ കുഞ്ഞിന് ആശ കൊടുത്തിട്ട്…”

സുമതി ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ പറഞ്ഞു…

“സുമേ..മതി… ഇവിടെ ആരും ഗംഗയ്ക്ക് ആശ കൊടുത്തിട്ടില്ല.. അതിര് കവിഞ്ഞ ഒരു ഇഷ്ടം അവൾക്കും അഭിയോട് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല… പിന്നെ ഇവളെ എന്റെ അഭിയുടെ പെണ്ണ് ആയി കൂട്ടണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടു… അത് ഞാൻ സമ്മതിക്കുന്നു….”

സാവിത്രി പറഞ്ഞത് ഒരു ഞെട്ടലടെയാണ് അപ്പു കേട്ടത്…

“എന്റെ കുഞ്ഞിന്റെ കണ്ണീരു വീഴ്തിയിട്ട് ഇവള് ഇവിടെ സുഖിച്ചു കഴിയില്ല.. നോക്കിക്കോ…”
സുമതി വെല്ലുവിളിച്ച് കൊണ്ട് തിരിഞ്ഞു നടന്നു…

അപ്പു പേടിയോടെ അവരെ നോക്കി…

“മോള് അതൊന്നും കെട്ട് പേടിക്കണ്ട.. ഗംഗയ്ക്കോ അഭിക്കോ പരസ്പരം അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.. ഉണ്ടെങ്കിൽ അത് എന്റെ മോൻ ആദ്യം എന്നോട് ആവും പറയുക…”

സാവിത്രി അഭിമാനത്തോടെ പറഞ്ഞു…

“എന്നാലും അമ്മേ… ഞാൻ കാരണം അല്ലെ എല്ലാം..”

അപ്പുവിന്റെ തല താഴ്ന്നു…

“ഒന്നും നീ കാരണം അല്ല.. എല്ലാം നല്ലതിന് ആണെന്ന് കരുതിയാൽ മതി… തൽകാലം നാളെ ട്രീറ്റ്മെന്റ്… അതിനു പോകുന്ന കാര്യം മാത്രം മോള് ഓർത്താൽ മതി….”

സാവിത്രി അവളുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…

അപ്പു തലയാട്ടി…

“മോള് ചെല്ല്… ഉറങ്ങാൻ വൈകി ഇപ്പൊ തന്നെ .നാളെ രാവിലെ നമുക്ക് പോകേണ്ടി വരും…”

സാവിത്രി പറഞ്ഞപ്പോൾ അവള് പതിയെ മുറിയിലേക്ക് നീങ്ങി…

“അടിപൊളി എന്റെ അമ്മകുട്ടി….ഉമ്മ…”

അഭി സാവിത്രിയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“കള്ള…. നീ ഇവിടെ നിന്ന് എല്ലാം ഒളിഞ്ഞ് കേൾക്കൽ ആയിരുന്നോ…”

സാവിത്രി അവന്റെ ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“ഏയ്… ഞാൻ ഇടപെടാൻ തുടങ്ങുമ്പോഴേക്കും എന്റെ അമ്മ കുട്ടി വന്നില്ലേ… വിത്ത് മാസ് ഡയലോഗ്…”

അഭി അവരുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു…

“ഡാ ചെക്കാ…അമ്മയ്ക്ക് മനസ്സിലാകുന്നുണ്ട് എല്ലാം…”

സാവിത്രി കള്ള ചിരിയോടെ പറഞ്ഞു…

“എന്ത്…”

അഭി ഒന്നും അറിയാത്ത ഭാവത്തിൽ അവരെ നോക്കി ..

“പൊന്ന് മോനെ… എന്റെ മോന് അധികം ഉരുണ്ടു കളിക്കണ്ട… അമ്മയ്ക്ക് അറിയാം… വരട്ടെ… ആദ്യം എന്റെ മോള് ഒന്ന് എണീറ്റ് നിൽക്കട്ടെ… എന്നിട്ട് അമ്മ തന്നെ ആ കാര്യം നോക്കിക്കോളാം…”

സാവിത്രി പറഞ്ഞപ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അഭി ചമ്മലോടെ അവരെ നോക്കി…

“സോറി അമ്മ…. എനിക്ക് ഇപ്പഴും അറിയില്ല അവൾക്ക് എന്നെ ഇഷ്ടം ആണോ എന്ന്…. ഒരിക്കൽ അനുഭവിച്ച വേദന ഇനിയും താങ്ങാൻ പറ്റില്ല എന്നൊരു തോന്നൽ..”

അഭിയുടെ സ്വരം ഇടറി…

“അമ്മയ്ക്ക് അറിയാം നിന്റെ മനസ്സ്… എടുത്തു ചാടി ഒന്നും ചെയ്യണ്ട മോനെ.. നോക്കാം.. എന്റെ മോനെ അപ്പുവിന് ഇഷ്ടം ആകും… ആ ഉറപ്പ് അമ്മയ്ക്ക് ഉണ്ടു…”

സാവിത്രി അവന്റെ കയ്യിൽ അമർത്തി പിടിച്ചു…

“അല്ല..എന്റെ അമ്മകുട്ടി പോയി ഉറങ്ങിക്കോ…. നാളെ രാവിലെ പോകാൻ ഉള്ളത് അല്ലെ.. ”

അഭി അവരുടെ തോളിൽ തല ചായ്ച്ചു..

“എന്റെ കുട്ടി ഒന്നും ആലോചിച്ച് തല പുകയ്ക്കണ്ട. .എല്ലാം ശരിയാകും.. എന്റെ മോള് വരും… മോൻ പോയി ഉറങ്ങു. ഞാനും ചെല്ലട്ടേ. .”

സാവിത്രി പറഞ്ഞു ..

അഭി തലയാട്ടി കൊണ്ട് മുറിയിലേക്ക് നടന്നു..

രാവിലെ അഭി താഴേക്ക് വരുമ്പോഴേക്കും അനിയും റെഡി ആയി ഉമ്മറത്ത് ഉണ്ടായിരുന്നു.

“രാവിലെ തന്നെ മീറ്റിംഗ് ഉണ്ടോ അഭി…”

ജോഗിങ് കഴിഞ്ഞ് വന്ന ദേവ് ചോദിച്ചു…

“ഉണ്ട് ഏട്ടാ… പുതിയ കോൺട്രാക്ട് ആണ്..
സാന്ദ്ര ഗ്രൂപ്പിന്റെ.. ജോയിന്റ് കോൺട്രാക്ട് ആണ്.. ഒരു അരുന്ധതി ബിൽഡേഴ്സ്… ഇന്ന് ആണ് ഫസ്റ്റ് ഒഫീഷ്യൽ മീറ്റിംഗ്.. കോൺട്രാക്ട് ഇന്ന് സൈൻ ചെയ്യണം…”

അഭി പറഞ്ഞു…

“നന്നായി വരട്ടെ എല്ലാം…”

മുത്തശ്ശൻ പറഞ്ഞു…

അപ്പുവിനെ കൂട്ടി ദക്ഷ ഉമ്മറത്തേക്ക് വന്നു ..

“അപ്പു ഒരുപാട് വൈകണ്ട… നമുക്ക് കരുണലയത്തിലേക്ക് പോകാൻ ഉള്ളതാണ്.. രണ്ടാളും റെഡി ആയിക്കോ… നിങ്ങളെ അവിടെ ആക്കിട്ട് വേണം എനിക്കും ഹോസ്പിറ്റലിൽ പോകാൻ…”

ദേവിന്റെ പിന്നാലെ വന്ന ഭദ്രൻ പറഞ്ഞു…

അപ്പു തലയാട്ടി…

അത് കേട്ടാണ് അഭി പിന്തിരിഞ്ഞു നോക്കിയത്…

അവന്റെ നോട്ടം കണ്ടപ്പോൾ അപ്പു തല താഴ്ത്തി…

“എത്ര നാള് വേണ്ടി വരും മോനെ അവിടെ…”

മുത്തശ്ശി ആവലാതിയോടെ ചോദിച്ചു…

“അത് ട്രീറ്റ്മെന്റ് നേ അനുസരിച്ച് ഇരിക്കും മുത്തശ്ശി… ഇവള് പെട്ടെന്ന് റികവർ ആകട്ടെ ..അതല്ലേ നമുക്ക് വേണ്ടത്…”

ദേവ് ആണ് മറുപടി പറഞ്ഞത് .

അഭി അവളെ പാളി നോക്കി ..

അവന് എന്തോ സങ്കടം തോന്നി..

“അപ്പോ ഇനി എന്റെ കുട്ടിയെ കാണാൻ പറ്റില്ല…കാത്തിരിക്കണം അല്ലെ..”

മുത്തശ്ശി സങ്കടത്തോടെ അവളുടെ തലയിൽ തഴുകി…

“ഏട്ടാ.. നമുക്ക് ഇറങ്ങിയാലോ.. ഇനിയും നിന്നാൽ വൈകും…”

അനി തോളിൽ തട്ടിയപ്പോൾ ആണ് അഭി ചിന്തയിൽ നിന്നും ഉണർന്നത്…

അവൻ മനസ്സില്ലാ മനസ്സോടെ മുറ്റത്തേക്ക് ഇറങ്ങി കാറിന് അടുത്തേക്ക് നടന്നു…

കാറിലേക്ക് കയറുന്നതിനു മുന്നേ അവൻ അവളുടെ മുഖത്തേക്ക് ഒന്നുടെ നോക്കി…

അവളുടെ മുഖത്ത് തെളിഞ്ഞ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ അവന് സാധിച്ചില്ല…

“രുദ്രെ…നീ എണീറ്റ് വല്ലതും കഴിക്കു… അല്ലാതെ ഇങ്ങനെ പട്ടിണി കിടക്കേണ്ട ആവശ്യം എന്താ..”

ദക്ഷ പറഞ്ഞു..

“എനിക്ക് വേണ്ട…ഞാനൊന്നു കിടക്കട്ടെ…. വയ്യാ…”

രുദ്ര പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

ദക്ഷ പിന്നെ അവളെ നിർബന്ധിക്കാതെ പുറത്തേക്ക് നടന്നു…

“അമ്മേ.. അവള് ഒന്നും കഴിച്ചിട്ടില്ല… കിടത്തം ആണ്.. വയ്യ എന്ന് പറഞ്ഞു .. ഞാനും കൂടി ഇന്ന് അവൾക്ക് കൂട്ട് നിക്കട്ടെ…”

ദക്ഷ അടുക്കളയിലേക്ക് വന്നു കൊണ്ട് സീതയോട് പറഞ്ഞു..

“അടി കിട്ടും.. മര്യാദയ്ക്ക് പോകാൻ നോക്ക്… എക്സാം അടുത്ത് വരികയാണ്… അതിനിടയിൽ ഉഴപ്പാൻ നിക്കണ്ട… പിന്നെ അവൾക്ക് തൽകാലം റെസ്റ്റ് വേണം… പിന്നെ പോർഷൻ മിസ്സ് ആയാലും അത് സാരമില്ല… ഞാൻ ഹരിയോട് പറയാം എന്ന് വച്ചു…….”

സീത അവളുടെ തലയിൽ തട്ടി കൊണ്ടു പറഞ്ഞു…

“അമ്മ എന്ത് പറഞ്ഞു സാറിനോട്…”

ദക്ഷ അമ്പരപ്പോടെ അവരെ നോക്കി .

“അവളെ പഠിത്തത്തിൽ ഒന്ന് ഹെൽപ് ചെയ്യാൻ… വേണമെങ്കിൽ എക്സ്ട്രാ ക്ലാസ്സ് എടുത്ത് കൊടുക്കാനും… ഹരി ആവുമ്പോ അവള് ഉഴപ്പില്ല…”

സീത ആത്മവിശ്വാസത്തോടെ പറഞ്ഞു..

“ബെസ്റ്റ്… എങ്കിൽ ഇവിടെ ചോരപ്പുഴ ഒഴുകും…. കീരിയും പാമ്പും കൂടി കടിച്ചു ചോര ഒഴുക്കാതെ ഇരുന്നാൽ മതിയായിരുന്നു… എന്റെ കൃഷ്ണാ…”

ദക്ഷ ഈശ്വരനെ വിളിച്ചു പോയി…

“എന്താടി.. ഇവിടെനിന്ന് കറങ്ങാതെ റെഡി ആയി പോകാൻ നോക്ക്….”

സീത മുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു..

ദക്ഷ കിളി പോയത് പോലെ തിരിഞ്ഞു നടന്നു…

(തുടരും) ലൈക്ക് കമന്റ് ചെയ്യണേ…

രചന: Minimol M


Comments

Leave a Reply

Your email address will not be published. Required fields are marked *