ഈശ്വരാ .. ഇതെന്ത് ലോകമാണ് ,ഞാൻ വേലക്കാരി ആയത് കൊണ്ട് എനിക്ക് നല്ല വസ്ത്രം ധരിക്കാൻ പാടില്ലേ….

വേഷം…

രചന: സജി തൈപ്പറമ്പ്

കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ടപ്പോൾ നീരജ ചെന്ന് വാതിൽ തുറന്നു

മുന്നിൽ നില്ക്കുന്ന ഡൈലിവറി ബോയിയെ അവൾ ജിജ്ഞാസയോടെ നോക്കി .

മാം, ഇവിടെ നിന്നും ഓർഡർ ചെയ്തിരുന്ന പിസ കൊണ്ട് വന്നിട്ടുണ്ട് ,ഇതാണ് ബില്ല്

അയാൾ കൊടുത്ത പായ്ക്കറ്റും , ബില്ലും വാങ്ങി അകത്തേയ്ക്ക് പോയ നീരജ ബില്ല്എമൗണ്ടുമായി തിരിച്ച് വന്നു.

മാം, നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്, പക്ഷേ ഈ വേഷം,… വെരി ബാഡ്

അപ്രതീക്ഷിതമായ അയാളുടെ തുറന്ന് പറച്ചിലിൽ അവൾ ചൂളിപ്പോയി.

പിറ്റേന്നും പതിവ് പോലെ കോളിങ്ങ് ബെല്ല് കേട്ടാണവൾ മുൻവാതിൽ തുറന്നത്

തലേ ദിവസം വന്ന ഡെലിവറി ബോയിയെ കണ്ടവൾ പുഞ്ചിരിച്ചു.

അയാൾ കൊണ്ട് വന്ന പായ്ക്കറ്റ് വാങ്ങി അകത്തേയ്ക്ക് പോയ നീരജ , തിരിച്ച് വന്ന് അയാളുടെ കൈയ്യിൽ പൈസ കൊടുത്തു .

അതുംവാങ്ങി , ഒന്നും മിണ്ടാതെ അയാൾ പോയപ്പോൾ, അവൾക്ക് നിരാശ തോന്നി.

തനിക്കുള്ളതിൽ വച്ച് ഏറ്റവും നല്ല വേഷമായിരുന്നു അവളന്ന് ധരിച്ചിരുന്നത്

അത് കണ്ടിട്ട് അയാൾ തന്നെ പുകഴ്ത്തുമെന്ന പ്രതീക്ഷിച്ചിരുന്ന നീരജയ്ക്ക്, തന്നെ അയാൾ ശ്രദ്ധിക്കാതെ പോയതിൽ ഉള്ളിൽ അമർഷം തോന്നി.

അതിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി

ഒരാളുടെ നന്മയെ കുറിച്ച് പറയാനോ പുകഴ്ത്താനോ ഉള്ളതിനെക്കാളും എല്ലാവർക്കും താത്പര്യം, മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് പറയാനാണെന്ന് .

നീയെന്താ കല്യാണത്തിന് പോകാൻ വന്നതാണോ?

അതോ ഇവിടുത്തെ വീട്ട് ജോലിക്ക് വന്നതാണോ?

ഒരു വേലക്കാരിയുടെ വേഷമാണോ നീ ധരിച്ചിരിക്കുന്നത് ?

കൊച്ചമ്മയുടെ പുശ്ച ഭാവത്തോടെയുള്ള ചോദ്യവും നോട്ടവും അവളെ മറ്റൊരു പാഠം കൂടി പഠിപ്പിച്ചു.

സമൂഹം ഒരാളുടെ ,നിലയ്ക്കും,വിലയ്ക്കും ഒത്ത വേഷങ്ങൾ പോലും തീരുമാനിച്ചുറപ്പിച്ച് വച്ചിരിക്കുന്നു എന്ന്.

ഈശ്വരാ .. ഇതെന്ത് ലോകമാണ് ,ഞാൻ വേലക്കാരി ആയത് കൊണ്ട് എനിക്ക് നല്ല വസ്ത്രം ധരിക്കാൻ പാടില്ലേ? ഞാനെന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ട സ്വാതന്ത്ര്യം പോലും എനിക്കില്ലേ?

സങ്കടത്തോടെ അവൾ,സ്റ്റോർ റൂമിൽ ചെന്ന് താൻ മാറ്റിയിട്ടിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ വീണ്ടുമെടുത്ത് ധരിച്ചു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ..

രചന: സജി തൈപ്പറമ്പ്