രണ്ടു മാസത്തിലേറെയായി ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്നു.

രചന: Neeraja S

അലിവ്

പകൽ മുഴുവൻ അലഞ്ഞു നടന്നതിന്റെ ക്ഷീണം. നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി. വെയ്റ്റിംഗ് ഷെഡ്‌ഡിന്റെ തൂണിൽ ചാരി ബസ്സ് കാത്തുനിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത്.

“വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്..” ഒപ്പം കോൺടാക്ട് നമ്പറും കൊടുത്തിരിക്കുന്നു.

മടുത്ത മനസ്സിൽ നിന്നും ഒരുൾവിളി. ഫോണെടുത്തു നമ്പർ ഞെക്കി ചെവിയിൽ ചേർത്തു.

അങ്ങേതലയ്ക്കലെ സ്ത്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ് പറഞ്ഞു തന്നു. രാവിലെ വരാമെന്നു പറഞ്ഞ് ഫോൺ വച്ചു. ആവേശം അല്പം കൂടിപ്പോയോന്നു സംശയം. വീട്ടുജോലിക്ക് പോയെന്നറിഞ്ഞാൽ എല്ലാവരുംകൂടി ശരിയാക്കും. അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ.. ഒരു ചെറിയ വിറയൽ.. വേണ്ടായിരുന്നു.

വീടിനടുത്തേക്കുള്ള ബസ് എത്തിയിരിക്കുന്നു. തിരക്കിൽ നൂണ്ടുകേറി കമ്പിയിൽ തൂങ്ങി നിന്നു.

ഭർത്താവും രണ്ട് കുട്ടികളുമായി അല്ലലില്ലാതെ നീങ്ങുകയായിരുന്നു. രണ്ടുമാസത്തിലേറെയായി ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്നു. ഒന്നിച്ചു കുറച്ച് തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടതാണ്. തിരിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്നതിനാൽ വേറെ ജോലി തിരക്കി ഇറങ്ങിയില്ല.

ഉണ്ടായിരുന്ന നീക്കിയിരിപ്പെല്ലാം തീർന്നിരിക്കുന്നു. വീട്ടുചെലവ്, കുട്ടികളുടെ ഫീസ്, മറ്റുചിലവുകൾ എല്ലാംകൂടി ഓർത്തിട്ട് തല പെരുക്കുന്നു.

അതൊക്കെ കാണേണ്ടവർ മനഃപൂർവം നിസ്സംഗത പാലിച്ചപ്പോൾ…. ജോലി തേടിയിറങ്ങി… ചില നിബന്ധനകൾ ഉണ്ടായിരുന്നു… തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വിടില്ല… ഏതെങ്കിലും ഓഫീസ് ജോലിയാണെങ്കിൽ സമ്മതം..

കഴിഞ്ഞ ഒരാഴ്ചയായി ബിരുദസർട്ടിഫിക്കറ്റ് കൈയ്യിലെടുത്തു് ഓഫീസുകൾ കയറിയിറങ്ങുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തിരച്ചിൽ… അടുത്തുള്ള ചെറിയ സിറ്റികൾ താണ്ടി ഇന്ന് കുറച്ച് ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലി തിരക്കി നടന്നത്… എല്ലാവർക്കും പുതുമുഖങ്ങളെ മതി. മുപ്പത്തഞ്ചുവയസ്സുള്ള… കുട്ടികളും കുടുംബവുമുള്ള തന്റെ സ്ഥാനം വളരെ പിന്നിലാണ്..

ഇതിപ്പോൾ വീട്ടുജോലി… വരുന്നിടത്തു വച്ചു കാണാം… എങ്കിലും ഒരു വിങ്ങൽ..

കാളിങ് ബെല്ലിൽ വിരലമർത്തിയിട്ട് ഒതുങ്ങി നിന്നു. അകത്തെവിടെയോ ഒരു പക്ഷി ചിലയ്ക്കുന്ന ശബ്ദം. അല്പസമയത്തിനു ശേഷം വാതിൽ തുറക്കപ്പെട്ടു. സമപ്രായം തോന്നിക്കുന്ന ഒരു യുവതി.

“ആരാണ്.. ”

പെട്ടെന്ന് ശരീരത്തിന് ഒരു തളർച്ച പോലെ ഇനിയും തിരിഞ്ഞു നടക്കാൻ സമയമുണ്ട്.. പക്ഷെ..

“ഞാൻ സീമ… ഇവിടെ ഒരൊഴിവുണ്ടെന്നറിഞ്ഞു വന്നതാണ്.. ഇന്നലെ വിളിച്ചിരുന്നു. ”

“ഓ.. യെസ്… കയറി വരൂ.. ”

എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.. സിനിമയിലും സീരിയലിലും ഒക്കെ കാണുന്നതുപോലെ പിൻഭാഗത്തുകൂടി ആയിരിക്കുമോ അകത്തേക്ക് കടക്കേണ്ടത്. എന്തു ചെയ്യണം എന്നറിയാതെ നിന്നു.. അവരുടെ മുഖത്ത് സൗമ്യമായ ഭാവമാണ്… എങ്കിലും..

“ഞാൻ പിൻഭാഗത്തുകൂടി വരാം മാഡം.. ”

“അതൊന്നും വേണ്ട… സീമ കയറി വന്നോളൂ ..”
ചിരിയോടെ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് നടന്നു. ചെറിയൊരാശ്വാസത്തോടെ ചെരുപ്പ് ഊരി ഒരു വശത്തായി ഒതുക്കിവച്ചിട്ട് പിന്നാലെ കയറിച്ചെന്നു. ഇരിക്കാൻ പറഞ്ഞപ്പോൾ സെറ്റിയുടെ ഓരം ചേർന്നിരുന്നു. വല്ലാത്ത ഒരു ഭാരം മനസ്സിനുള്ളിൽ ചിറകടിക്കുന്നുണ്ടായിരുന്നു.. തല അറിയാതെ കുനിഞ്ഞുപോകുന്നു.

“എനിക്ക് തനിയെ ചെയ്യാവുന്ന ജോലിയേ ഇവിടുള്ളൂ.. പക്ഷെ.. രണ്ടാഴ്ച മുൻപ് എനിക്ക് ചെറിയൊരു സർജറി വേണ്ടിവന്നു. പതുക്കെ നടക്കാം. രണ്ടു മാസമെങ്കിലും റസ്റ്റ്‌ എടുക്കണം..”

“താല്പര്യം ഉണ്ടെങ്കിൽ നാളെമുതൽ ജോലിക്ക് വരാം.. ഏഴുമണി ആകുമ്പോൾ വരണം.. വൈകുന്നേരം ജോലി തീരുമ്പോൾ പോകാം..”

പതുക്കെ തലയാട്ടി.. നാളെ രാവിലെ വരാമെന്ന് പറഞ്ഞ് പതുക്കെ എഴുന്നേറ്റു. തിരികെ ഇറങ്ങി ചെരിപ്പിട്ട് ഗേറ്റ് കടന്നപ്പോഴാണ് ശ്വാസം നേരെ വീണത്.. അങ്ങനെ ആ കടമ്പ കടന്നിരിക്കുന്നു.

ഒരു അച്ചാർ കമ്പനിയിൽ ജോലി കിട്ടിയെന്നാണ് എല്ലാവരോടും പറഞ്ഞത്.. അതും എല്ലാത്തിന്റെയും മേൽനോട്ടം മാത്രം.

അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് തന്നെ ജോലികൾ ഒതുക്കിയിട്ട് അവരുടെ വീടിന്റെ പിൻഭാഗത്തു ഹാജരായി..

“സീമ മുൻവശത്തുകൂടി കയറി പോരെ കെട്ടോ.. ഇവിടെ ഒരു വേലക്കാരിയായിട്ടൊന്നും നിൽക്കണ്ട എനിക്ക് ഒരു സഹായി..”

“ശരി.. മാഡം.. ”

“നമുക്ക് ഏകദേശം ഒരേപ്രായമാണെന്ന് തോന്നുന്നു.. ഒന്നുകിൽ പേര് വിളിക്കാം അല്ലെങ്കിൽ ചേച്ചിയെന്ന് വിളിക്കാം ”

അവർ ചിരിയോടെ പറഞ്ഞപ്പോൾ പകുതി ആശ്വാസമായി.

അടുക്കളയിലേക്കു കടന്നപ്പോൾ ഇതെന്റെ വീടാണ്… എന്റെ അടുക്കളയാണ്… മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. നല്ല വൃത്തിയുള്ള അടുക്കള.. സ്വന്തം വീടായി കരുതി ഒരറ്റത്ത് നിന്നും തുടങ്ങി..

ജോലി കഴിഞ്ഞ് വൈകുന്നേരം പോരാൻനേരം അവർ അഞ്ഞൂറുരൂപ കൈയിൽ തന്നു.. ആദ്യമായി ജോലി ചെയ്തതിന്റെ പ്രതിഫലം.. കണ്ണുകൾ നിറഞ്ഞു.. ഉള്ളിൽ തിങ്ങിവന്ന തേങ്ങലടക്കി വേഗത്തിൽ ഇറങ്ങി നടന്നു..

വീടിനടുത്തുള്ള കടയിൽ നിന്നും കുട്ടികൾക്ക് പലഹാരവും കുറച്ച് പച്ചക്കറിയും വാങ്ങി.. കൂടെ ഒരു അച്ചാറ് കുപ്പി കൂടി വാങ്ങാൻ മറന്നില്ല.. അമ്മ ജോലിചെയ്യുന്ന സ്ഥലത്തുണ്ടാക്കിയ അച്ചാർ കുട്ടികളും കഴിക്കട്ടെ…

രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അവർ അടുത്ത് വന്നു.

“ഇന്നലെ തന്നത് ശമ്പളമായി കരുതണ്ട കെട്ടോ… വണ്ടിക്കൂലിക്കു തന്നതാണ്.. അതുപോലെ സീമയുടെ അക്കൗണ്ട് നമ്പർ തരണം. സാലറി മാസാവസാനം അക്കൗണ്ടിൽ ഇടാം.. അതാണ് എളുപ്പം..”

പുഞ്ചിരിയോടെ തലയാട്ടി. ചില നേരങ്ങളിൽ ചിന്തകൾ ഏറുമ്പോൾ വല്ലാതെ സങ്കടം വന്നു എങ്കിലും അമ്മ എപ്പോഴും പറയുന്നത് ഓർമയിൽ വരും.

“ജീവിതത്തിൽ എപ്പോഴും തന്നേക്കാൾ ഉയർന്നവരെ നോക്കി അയ്യോ എനിക്ക് അതില്ലല്ലോ ഇതില്ലല്ലോ എന്ന് സങ്കടപ്പെടരുത്…. തന്നെക്കാൾ താഴ്ന്നവരെ നോക്കി അവരെക്കാളും ഉയരെ ആണല്ലോ താൻ എന്നോർത്ത് സമാധാനപ്പെടണം.. ”

ശരിയാണ്.. ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥ ഓർക്കുമ്പോൾ തനിക്ക് സ്വർഗ്ഗമാണ്.. ഇങ്ങനെ ഒരു ജോലി ചെയ്യുന്നത് തനിക്കല്ലാതെ വേറെയാർക്കും അറിയില്ല.. ഇവിടെയുള്ളവർ ഒരു വേലക്കാരിയായി താഴ്ത്തിക്കെട്ടുന്നുമില്ല..

അക്കൗണ്ട് നമ്പർ അടക്കമുള്ള ബാങ്ക് ഡീറ്റെയിൽസ് ഒരു പേപ്പറിൽ എഴുതി ചേച്ചിയുടെ കൈയ്യിൽ കൊടുത്തപ്പോൾ അത് സാറിന്റെ കൈയ്യിൽ കൊടുക്കാൻ ആവശ്യപ്പെട്ടു.. വന്നിട്ട് ഒരാഴ്ചയായിരിക്കുന്നു. ഇതുവരെ അടുത്ത് കണ്ടിട്ടില്ല.

ഭക്ഷണം കഴിക്കുന്ന സാറിന്റെ അടുത്ത്ചെന്നു പതുക്കെ വിളിച്ചു.. മുഖം ഉയർത്തിയപ്പോൾ പരിചയമുള്ള മുഖം.. എവിടെയോ കണ്ടിട്ടുണ്ട്.. കൈയ്യിലിരുന്ന പേപ്പർ മേശയിൽ വച്ചിട്ട് തിരിഞ്ഞു നടന്നു.. അതെ ഇത് അവൻ തന്നെ… ഒന്നിച്ചു സ്കൂളിൽ പഠിച്ച, അയൽവക്കക്കാരൻ ചങ്ങാതി… വല്യ കൂട്ടായിരുന്നു.. ഒന്നിച്ചാണ്‌ സ്കൂളിൽ പോകുന്നതും വരുന്നതും…കോളേജിൽ ദൂരെ എവിടെയോ ചേർന്നിരുന്നു.. പിന്നെ ഒരിക്കലും കണ്ടിട്ടില്ല… പതിനാറു വർഷങ്ങൾ… അവനെന്തായാലും തന്നെ തിരിച്ചറിയില്ല.

അന്നത്തെ മെല്ലിച്ച നീണ്ടമുടിക്കാരിക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു… നന്നായി തടിച്ചിരിക്കുന്നു. രണ്ട് സിസേറിയൻ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാതെതന്നെ വണ്ണംവച്ചു.. കുറയ്ക്കാൻ നോക്കിയിട്ട് കുറഞ്ഞതുമില്ല.. മുടിയാണെങ്കിൽ ഉള്ളു പോയി മുടിയെന്ന പേരുമാത്രം..

പെറ്റതള്ള പോലും ഇത്രയും വർഷങ്ങൾക്കു ശേഷം കണ്ടാൽ അറിയില്ല… പിന്നെയാണ് അവൻ… ആശ്വാസത്തോടെ ജോലികളിൽ മുഴുകി.

മാസാവസാനം അക്കൗണ്ടിൽ ക്യാഷ് വന്നെന്നുള്ള മെസ്സേജ് ഫോണിൽ വന്നപ്പോൾ ഞെട്ടിപ്പോയി.. പതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം രൂപ ശമ്പളമായി കിട്ടിയിരിക്കുന്നു. അവർക്ക് എന്തെങ്കിലും മിസ്റ്റേക്ക് വന്നതാകുമോ… ആകെ സമാധാനം പോയി.

ചേച്ചിയോട് അക്കാര്യം സൂചിപ്പിച്ചപ്പോൾ അവർ ചിരിച്ചു..

“അത്രയും വേണ്ടെങ്കിൽ അടുത്ത തവണ പകുതി തരാം.. ”

അന്ന് മുതൽ ജോലിയിൽ അല്പം ആത്മാർത്ഥത കൂടി.. ശമ്പളത്തിനനുസരിച്ച് ജോലി ചെയ്യണ്ടേ.. സമയം കണ്ടെത്തി കാടുകയറിക്കിടന്ന പൂന്തോട്ടമൊക്കെ വൃത്തിയാക്കി. എല്ലാം നോക്കിയും കണ്ടും വൃത്തിയായി ചെയ്തു..

രണ്ടു മാസം കടന്നുപോയത് അറിഞ്ഞില്ല.. ചേച്ചി ചെറിയ ജോലിയൊക്കെ ചെയ്യാൻ തുടങ്ങിയിരുന്നു.. കിട്ടിയിരുന്ന കാശ് നിന്നുപോകുന്നതിനെക്കുറിച്ചു ആലോചിക്കാൻ തന്നെ അശക്തയായിരുന്നു. ഇതുപോലൊരു ജോലി എങ്ങനെ തപ്പിയെടുക്കും.

നിർദേശപ്രകാരം ഡിഗ്രിസർട്ടിഫിക്കറ്റിന്റെ കോപ്പിയും ബയോഡേറ്റയും ചേച്ചിയെ ഏല്പിച്ചിരുന്നു.

“ഇവിടെ നിന്ന് പോയാലും സീമയ്ക്കു ജോലി വേണമല്ലോ.. ഞാനൊന്നു ശ്രമിച്ചു നോക്കാം ”

ചേച്ചിയുടെ നിർദേശപ്രകാരം ഒരു കമ്പനിയിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. കമ്പനിയുടെ എംഡി ഒരു സ്ത്രീയായിരുന്നു. ചേച്ചിയുടെ കൂട്ടുകാരി.

അവരുടെ വേലക്കാരിയായിട്ടല്ല… കുടുംബസുഹൃത്തെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. ചേച്ചി തന്നു കൊണ്ടിരുന്ന അതെ ശമ്പളത്തിൽ അവിടെ ജോലി കിട്ടി.

ആദ്യശമ്പളം കിട്ടിയപ്പോൾ ചേച്ചിക്ക് ചെറിയൊരു സമ്മാനവും കുട്ടികൾക്ക് പലഹാരവുമായി അവരുടെ വീട്ടിലെത്തി. മൂന്നര മാസത്തിനു മുൻപ് ഭയന്ന് നാണം കൊണ്ട് തല കുനിച്ചു വിറയലോടെ നിന്നതുപോലെ ആയിരുന്നില്ല…. കാളിങ് ബെല്ലിൽ വിരലമർത്തിയത്..

ചേച്ചി വാതിൽ തുറന്ന് സന്തോഷത്തോടെ അകത്തു വിളിച്ചിരുത്തി. സംസാരിച്ചിരിക്കുമ്പോൾ.

പിന്നിൽ നിന്നും ഒരു വിളി…

“എടീ… മോളി.. ”

തന്റെ പഴയ ഇരട്ടപ്പേര്… ഞെട്ടലോടെ തിരിഞ്ഞുനോക്കി.. അവൻ…. ചിരിയോടെ വന്നടുത്തിരുന്നു.

“കണ്ടപ്പോൾ തന്നെ നിന്നെ മനസ്സിലായി.. പക്ഷെ ഒരു വീട്ടുവേലക്കാരിയുടെ റോളിൽ നീ എന്റെ മുൻപിൽ വന്നു നിൽക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…”

“എത്രയോ തവണ ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിച്ചിരിക്കുന്നു… ഒന്നിച്ചു നടന്നവർ.. നീ മറന്നാലും ഞാൻ മറക്കില്ല.. ”

“ഇവളാണ് പറഞ്ഞത്… നിൽക്കട്ടെ… ബുദ്ധിമുട്ടിക്കാതെ നോക്കിക്കോളാമെന്ന്… ”

“ഇപ്പോൾ നീ തല ഉയർത്തിപ്പിടിച്ചാണ് ഇവിടെ എന്റെ മുന്നിൽ ഇരിക്കുന്നതെന്നു എനിക്കറിയാം..”

“ജീവിതം അങ്ങനെ ഒക്കെയാണ്… ഞാനും ഒത്തിരി വഴികളിലൂടെ നടന്നാണ് ഇവിടെ എത്തി നിൽക്കുന്നത്…”

“നീയെന്താ… ഒന്നും മിണ്ടാത്തത്… ”

വാക്കുകൾ എവിടെയോ കുരുങ്ങിക്കിടക്കുന്നു..

“ശരിയാടാ.. നീ പരിചയം കാണിച്ചിരുന്നെങ്കിൽ ഞാൻ തകർന്നു പോകുമായിരുന്നു..”

ചായ കുടിച്ച് ഇനി എല്ലാവരും കൂടി വരാമെന്നു പറഞ്ഞിറങ്ങി നടക്കുമ്പോൾ ഇരുപതിനായിരം രൂപ ശമ്പളം വന്ന വഴി വ്യക്തമായിരുന്നു.

മിത്രമാണ്…. അവന് അങ്ങനെ ആകാനല്ലേ കഴിയൂ. ലൈക്ക് & കമന്റ് ചെയ്യണേ

രചന: Neeraja S