എന്റെ കന്യാദാനം എന്റെ അമ്മ ചെയ്താൽ മതി… അതാണെനിക്ക് ഇഷ്ടം.. മറ്റാരും ഇതിൽ ഇടപെടണ്ട

രചന: മിഴി വർണ്ണ

കന്യാദാനം

***************

“മുഹൂർത്തത്തിനു സമയം ആയി പെൺകുട്ടിയെ വിളിച്ചോളൂ…”

തിരുമേനിയുടെ വാക്കുകൾ മണ്ഡപത്തിൽ മുഴങ്ങി.

അല്പസമയത്തിനകം സർവ്വാഭരണ വിഭൂഷിതയായി കൈകളിൽ താലവുമേന്തി നവവധു മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു.

ചന്ദന നിറത്തിലുള്ള പട്ടുസാരിയിൽ തികച്ചുമൊരു അപ്സരസ്സിനെ പോലെ “ചിലങ്ക” തിളങ്ങി നിന്നു.

കഴുത്തിൽ അണിഞ്ഞിരിക്കുന്ന പാലക്കയും, മുല്ലമൊട്ടും കാശുമാലയും അവളുടെ ഭംഗി വർധിപ്പിച്ചു.

പക്ഷേ ദൃഷ്‌ടി ദോഷമകറ്റാൻ അമ്മ സ്നേഹത്തോടെ അണിയിച്ചു നൽകിയ കരിമണിമാലക്ക് ഒരു പ്രത്യേക ചൈതന്യമായിരുന്നു.

കൃത്രിമ ചായക്കൂട്ടുകൾ ഇല്ലാതെ തന്നെ എല്ലാവരും നോക്കി നിന്നു പോകും വിധത്തിലുള്ള പുഞ്ചിരിയോടെ അവൾ മണ്ഡപത്തിനു വലം വെയ്ച്ചു. തന്റെ അമ്മയോടും അമ്മാവനോടും ഒപ്പം സദസിനെ വന്ദിച്ചുകൊണ്ടും മുത്തശ്ശിയുടെ കാൽ തൊട്ടു വന്ദിച്ചു കൊണ്ടും അവൾ മണ്ഡപത്തിലേക്ക് കയറി.

അവിടെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി ഇരിക്കുന്ന തന്റെ പ്രതിശ്രുത വരനു വശ്യമായ ഒരു പുഞ്ചിരി സമ്മാനിക്കാനും അവൾ മറന്നില്ല.

വിവാഹത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.

നാദസ്വരമേളവും മന്ത്രോചരണവും അന്തരീക്ഷമാകെ നിറഞ്ഞു നിന്നു. ഉയർന്നു പൊങ്ങിയ നാദസ്വര മേളത്തിനും പുഷ്പവർഷത്തിനും ഇടയിൽ ചിലങ്കയുടെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത ആലിലത്താലിയും സീമന്തരേഖയിൽ സിന്ദൂരവും ചാർത്തപ്പെട്ടു.

“കന്യാദാനം നടത്താനായി കുട്ടിയുടെ അച്ഛനെ വിളിക്കുക.”

തിരുമേനിയുടെ വാക്കുകൾക്കു മറുപടി നൽകിയത്‌ ചിലങ്കയുടെ അമ്മ ആയിരുന്നു.

“തിരുമേനി എന്റെ മോൾക്ക് അച്ഛൻ ഇല്ല… അമ്മയുടെ സ്ഥാനത്തു നിന്നു എന്റെ മകളെ ഞാൻ കൈപിടിച്ചു നൽകിയാൽ പോരെ? ”

നാട്ടുനടപ്പ് അനുസരിച്ചു പെൺകുട്ടിയുടെ അച്ഛൻ ആണ് കന്യാദാനം നടത്തേണ്ടത്. അച്ഛനോടൊപ്പം ചേർന്നു അതിൽ പങ്കാളി ആകാം എന്നല്ലാതെ അമ്മ മാത്രം കന്യാദാനം നടത്തുന്നത് നാട്ടുനടപ്പ് അല്ല…അച്ഛൻ ഇല്ലെങ്കിൽ കുട്ടിയുടെ അച്ഛന്റെ സ്ഥാനത്തുള്ള ആരെങ്കിലും വരട്ടെ…

അമ്മാവനോ…ചെറിയച്ഛനോ…സഹോദരനോ…അങ്ങനെ ആരെങ്കിലും.

തിരുമേനിയുടെ വാക്കുകൾ കേട്ട് സുഭദ്രാമ്മയുടെ മുഖം വാടി.

“നിനക്ക് എന്താ സുഭദ്രേ നാട്ടുനടപ്പ് അറിയില്ലേ… അച്ഛൻ ഇല്ലെങ്കിൽ അമ്മാവൻമാരല്ലേ പെണ്ണിനെ കൈപിടിച്ചു കൊടുക്കുന്നത്. പിന്നെ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം എന്താ?? ലോകത്ത് ഇല്ലാത്ത പുതുമ ഒന്നും കാണിക്കാൻ നിക്കണ്ട നീ. നിന്റെ മോൾടെ കന്യാദാനം നടത്താൻ അവളുടെ അമ്മാവൻ ഉണ്ട്. നീ ഇനി ഇടയ്ക്കു കയറാൻ നിൽക്കണ്ട. ”

നാത്തൂന്റെ വാക്കുകൾ സുഭദ്രയെ കൂടുതൽ വിഷമിപ്പിച്ചു. ഒരു പെണ്ണ് ആണ് എന്നു മറന്നു കൊണ്ടു താൻ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്നാ ചിന്തയോടെ അവൾ പിറകിലേക്ക് മാറി നിന്നു.

“ഒരു നിമിഷം… ”

അമ്മാവൻ മണ്ഡപത്തിലേക്ക് കയറും മുൻപ് തന്നെ ചിലങ്കയുടെ ശബ്ദം അവിടെ മുഴങ്ങി. അവൾ മണ്ഡപത്തിൽ നിന്നും എണീറ്റു. അമ്മയുടെ മുഖം ഒന്നു വാടിയാൽ മനസിലാക്കുന്ന മകൾക്ക് അമ്മയുടെ ആരും കാണാതെ ഒളിപ്പിക്കുന്ന കണ്ണീർ ഒരിക്കലും അവഗണിക്കാൻ ആകില്ലല്ലോ. കല്യാണ മണ്ഡപത്തിൽ നിന്നു എണീക്കുന്നത് അപശകുനം ആണെന്ന് പറഞ്ഞു എങ്കിലും അവൾ അതൊന്നും ചെവിക്കൊണ്ടില്ല.

ചിലങ്കയുടെ പെട്ടെന്നുള്ള പെരുമാറ്റം കണ്ടു വരനും ചാടി എഴുന്നേറ്റു.

“എന്റെ കന്യാദാനം എന്റെ അമ്മ ചെയ്താൽ മതി…കാരണം എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ അമ്മ തന്നെയാണ്. പിന്നെ എന്റെ അമ്മ ഈ കടമ കൂടി നിർവഹിച്ചാൽ എന്താ?? ”

ചിലങ്കയുടെ സംസാരം കേട്ട് വിവാഹം കൂടാൻ എത്തിയവർക്കിടയിൽ മുറുമുറുക്കലുകൾ തുടങ്ങി.

അതു കണ്ടു അവളുടെ അമ്മാവൻ അവളോട്‌ ദേഷ്യപ്പെട്ടു.

“നീ എന്തൊക്കെയാ ചിലങ്കേ ഈ പറയുന്നത്. നാട്ടുനടപ്പ് അനുസരിച്ചു കന്യാദാനം ചെയ്യാൻ ഉള്ള അവകാശം അച്ഛനുള്ളതു ആണ്. അച്ഛന്റെ അഭാവത്തിൽ ആ സ്ഥത്തുള്ള മറ്റൊരാൾക്ക്‌…പിന്നെ എങ്ങനെ നിന്റെ അമ്മക്ക് ഈ ചടങ്ങ് നടത്താൻ ആകും?? ”

“അമ്മാവൻ പറഞ്ഞത് ശരിയാണ്. നാട്ടുനടപ്പ് അനുസരിച്ചു ഈ കടമ നിർവഹിക്കുന്നത് അച്ഛൻ ആണ്.

പക്ഷേ അതിനോടൊപ്പം അമ്മാവൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. അച്ഛന്റെ അഭാവത്തിൽ അച്ഛന്റെ സ്ഥാനത്തുള്ള വ്യക്തിക്കാണ് അതിനുള്ള അവകാശം എന്നു. എന്റെ അച്ഛന്റെ സ്ഥാനത്തു ഉള്ളത് എന്റെ അമ്മ തന്നെയാണ്. അപ്പോൾ ഈ കടമ നിർവഹിക്കാൻ ഉള്ള അവകാശവും അധികാരം സ്വന്തം മകളുടെ കല്യാണത്തിന് പിറകിലേക്ക് മാറി നിൽക്കേണ്ടി വന്ന എന്റെ അമ്മക്ക് മാത്രമാണ്. ”

“എന്താ ഈ കുട്ടി പറയുന്നത്”

“ഈ അഹങ്കാരിപെണ്ണിനെ മാത്രമേ കിട്ടിയുള്ളോ ഈ ചെക്കന്”

“കല്യാണമണ്ഡപത്തിൽ വെച്ചു ഇതാണ് പുകിൽ എങ്കിൽ ചെന്നു കേറുന്ന വീട്ടിൽ എങ്ങനെ ആയിരിക്കോ എന്തോ? ”

“പഠിപ്പ് കൂടി പോയതിന്റെ കുഴപ്പം ആണ് ഇതൊക്കെ.”

ചിലങ്കയുടെ സംസാരം കേട്ട് കൂടി നിൽക്കുന്നവർ അവളെ കുറ്റം പറയാൻ തുടങ്ങിയത് കണ്ടതോടെ സുഭദ്രമ്മ അവളെ സമാധാനിപ്പിച്ചു ഇരുത്താൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിഫലമായി. കൂട്ടത്തിൽ ചിലർ അമ്മയുടെ വളർത്തു ദോഷം കൊണ്ടാണ് മകൾ ഇത്രയും അ^ഹങ്കാരി ആയതു എന്നു പറഞ്ഞതോടെ ചിലങ്കയുടെ മുഖം ദേഷ്യം കൊണ്ടു ചു_മന്നിരുന്നു.

“അമ്മയുടെ വളർത്തു ദോഷം…. ശരിയാണ് എന്റെ അമ്മയുടെ വളർത്തു ദോഷം കൊണ്ടു തന്നെയാണ് ഇന്നു ഞാൻ ഈ നിലയിൽ എത്തിയത്. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും സ്വന്തം സുഖം നോക്കി പോകാതെ എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചത് ആണ് എന്റെ അമ്മയുടെ വളർത്തു ദോഷം എങ്കിൽ അതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ.”

കല്യാണപെണ്ണിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടിട്ടാവാം മണ്ഡപത്തിൽ എങ്ങും ഒരു നിശബ്ദത തളം കെട്ടി നിന്നു.

സ്വന്തം ദേഷ്യം നിയന്ത്രിച്ചു കൊണ്ടു അവൾ തുടർന്നു.

“എനിക്ക് എന്റെ അച്ഛനെ കണ്ട ഓർമ പോലും ഇല്ല…ഞാൻ അമ്മയുടെ വയറ്റിൽ ഉള്ളപ്പോൾ ആയിരുന്നു അച്ഛൻ മറ്റൊരു സ്ത്രീയിൽ മയങ്ങി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതു.

വേണമെങ്കിൽ അമ്മക്ക് എന്നെ വയറ്റിൽ വെച്ചു തന്നെ കൊന്നു കളഞ്ഞു കൊണ്ടു മറ്റൊരു ജീവിതം തിരഞ്ഞെടുക്കമായിരുന്നു. പക്ഷേ എന്റെ അമ്മ അങ്ങനെ ചെയ്തില്ല. മറ്റുള്ളവരുടെ എച്ചിൽ പത്രങ്ങൾ കഴുകി ആണെങ്കിലും എന്നെ വളർത്തി.

സ്വന്തം സന്തോഷങ്ങൾ ഒഴിവാക്കി എനിക്ക് വേണ്ടി ജീവിച്ചു.

ഞാൻ ഒരിക്കലും എന്റെ അച്ഛനെ കുറിച്ച് അന്വേഷിച്ചിട്ടില്ല….കൂട്ടുകാർ അച്ഛൻ എന്തു ചെയ്യുന്നു…അച്ഛന്റെ പേരെന്താ എന്നൊക്കെ ചോദിക്കുമ്പോൾ അറിയില്ല എന്നുള്ള എന്റെ മറുപടി കേൾക്കുമ്പോൾ പലപ്പോഴും അവരുടെ മുഖത്തു കളിയാക്കി കൊണ്ടു ഒരു ചിരി വിരിയും… അതു എന്നെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്നു എനിക്ക് മാത്രമേ അറിയൂ. അതിൽ അവരുടെ തെറ്റല്ല. കാരണം സ്വന്തം അച്ഛന്റെ പേര് പോലും അറിയില്ല എന്നു പറഞ്ഞാൽ ആർക്കായാലും പുച്ഛം അല്ലേ തോന്നൂ.

എങ്കിലും ഞാൻ ഒരിക്കലും അമ്മയോട് അയാളെ കുറച്ചു തിരക്കിയില്ല.

കാരണം ആ ചോദ്യം എന്റെ അമ്മയുടെ കണ്ണുകൾ നിറയ്ക്കും എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു.

പിന്നീട് പലപ്പോഴായി കുടുംബക്കാരുടെ കുത്തുവാക്കുകളിൽ നിന്നു സത്യങ്ങൾ അറിഞ്ഞപ്പോൾ ഈ അമ്മയോട് എനിക്കുള്ള ബഹുമാനം കൂടിയിട്ടേ ഉള്ളൂ. പണ്ട് കൂട്ടുകാരെ അവരുടെ അച്ഛൻമാർ സ്നേഹിക്കുന്നത് കാണുമ്പോൾ ഞാനും കൊതിച്ചിട്ട് ഉണ്ട് ആ സ്നേഹം കിട്ടാൻ.

അച്ഛൻ ഉണ്ടായിട്ടും അച്ഛന്റെ സ്നേഹം കിട്ടാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റില്ല. അതിലും ഭേദം അച്ഛൻ മരിച്ചു പോകുന്നത് ആയിരുന്നു എന്നു പോലും തോന്നി പോകും.

സത്യം അറിഞ്ഞതിനു ശേഷം എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ അമ്മ മാത്രം ആണെന്ന് ഞാൻ തീരുമാനിച്ചതു ആയിരുന്നു.

അതിൽ ഇന്നും ഒരു മാറ്റവും ഇല്ല.

സ്വയം പട്ടിണി കിടന്നും… ജോലി ചെയുന്ന വീട്ടിലെ മുതലാളിമാരുടെ ആട്ടും തുപ്പും കേട്ടും ഈ സ്ത്രീ എനിക്കുവേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും ബലത്തിൽ ആണ് ചിലങ്ക എന്ന ഞാൻ ഡോ.ചിലങ്ക ആയതു. ഈ സ്ത്രീയുടെ ഒരു ആയുസിന്റെ തന്നെ വിലയാണ് എന്റെ പേരിനു മുൻപിൽ ഉള്ള Dr. എന്ന ഈ രണ്ടക്ഷരം.

ഇന്നു എനിക്ക് എന്റെ അച്ഛൻ എന്നത് sslc സർട്ടിഫിക്കറ്റിലെ ഒരു പേര് മാത്രം ആണ്.

കാരണം ജന്മം നൽകിയത് കൊണ്ടു ആരും അച്ഛൻ ആകുന്നില്ല. സ്വന്തം കുഞ്ഞിന്റെയും അവളുടെ അമ്മയുടെയും എല്ലാ സുഖത്തിലും ദുഃഖത്തിലും താങ്ങായി കൂടെ നിൽക്കുന്ന യഥാർത്ഥ പുരുഷനു കാലം നൽകിയ പേരാണ് “അച്ഛൻ”…അല്ലാതെ സ്വന്തം സുഖത്തിനു വേണ്ടി സ്വന്തം കുടുംബത്തെ വഞ്ചിക്കുന്നവർക്ക് ചേരുന്നത് അല്ല ആ മഹത്തരമായ പദം.

ഒരു അമ്മയായും അച്ഛനായും കൂടെ നിന്നു… സ്വയം എരിഞ്ഞു എന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന ഈ അമ്മക്ക് അല്ലാതെ ആർക്കാണ് എന്നെ എന്റെ ഭർത്താവിന്റെ കൈ പിടിച്ചു ഏൽപ്പിക്കാൻ അവകാശം ഉള്ളത്?? സ്വന്തം ജീവിതം എനിക്ക് വേണ്ടി ഹോമിച്ച ഈ അമ്മയുടെ സ്ഥാനം സ്വയം ദൈവത്തിനു മുകളിൽ അല്ലേ?? ഇനി നിങ്ങൾ പറയൂ എന്റെ അമ്മ കന്യകദാനം ചെയ്യുന്നതിൽ തെറ്റുണ്ടോ?? ”

പറഞ്ഞു നിർത്തുമ്പോൾ ചിലങ്കയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവളുടെ മാത്രം അല്ല അവിടെ നിന്ന പലരുടെയും മുഖത്തു ദുഃഖത്തിന്റെ നിഴൽ പതിഞ്ഞിരുന്നു.

“ഒരു തെറ്റും ഇല്ല ചിലങ്ക… നിന്നെ ഈ അമ്മ എന്റെ കൈകളിൽ ഏൽപ്പിക്കുന്നത് കാണാൻ ആണ് എനിക്കും ഇഷ്ടം…. ഒരു ദേവിയുടെ കൈ കൊണ്ടു നിന്നെ എനിക്ക് നൽകുന്നതിലും വലിയൊരു ഭാഗ്യം എനിക്ക് ഇനി വരാൻ ഇല്ല. നാട്ടുനടപ്പ് ഒന്നും എനിക്ക് പ്രശ്നം അല്ല. അമ്മ തന്നെ ഇവളെ എന്റെ കൈകളിൽ ഏൽപ്പിക്കണം. എനിക്ക് ഉറപ്പുണ്ട് സ്വന്തം അമ്മയെ ഇത്രത്തോളം സ്നേഹിക്കുന്ന നീ എന്റെ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കും…അതു ഈ അമ്മയുടെ വളർത്തു ഗുണത്തിൽ എനിക്ക് ഉള്ള വിശ്വാസം മാത്രമല്ല അഹങ്കാരം കൂടി ആണ്. വരൂ അമ്മേ…അമ്മയുടെ കൈ കൊണ്ടുതന്നെ ഈ മംഗളകർമ്മം പൂർണമാക്കൂ. ”

ഒരു പക്ഷേ ആ മണ്ഡപത്തിൽ കൂടി നിന്നവർ എല്ലാവരും പറയാൻ ആഗ്രഹിച്ച വാക്കുകൾ തന്നെയായിരുന്നു ദേവന്റെ (വരൻ) നാവിൽ നിന്നു പുറത്തു വന്നത്. ഒരു പക്ഷേ അവിടെ ഉള്ള എല്ലാവരും ഈ സമയം ആഗ്രഹിക്കുന്നതു ആ അമ്മയുടെ കൈകൾ കൊണ്ടുള്ള ചിലങ്കയുടെ കന്യാദാനം കാണുവാൻ ആണ്.

തന്റെ മകളെ ദേവന്റെ കൈയിൽ ഏൽപ്പിക്കുമ്പോഴും സുഭദ്രമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…പക്ഷേ ഇപ്പോൾ ആ കണ്ണുനീർ ദുഃഖസൂചകമല്ല മറിച്ചു സന്തോഷസൂചകമായ ആനന്ദാശ്രു ആയിരുന്നു എന്നു മാത്രം.

അഗ്നിയെക്കാൾ പരിശുദ്ധമായ ആ അമ്മയുടെ കണ്ണുനീർത്തുള്ളികളെ സാക്ഷിയാക്കി ദേവൻ പ്രതിജ്ഞ എടുത്തു ‘തന്റെ അവസാന ശ്വാസം വരെയും ചിലങ്ക തന്റെ കൈകളിൽ ഭദ്രമായിരിക്കും എന്നു.’

ഈ സമയം അമ്പലത്തിനു പുറത്തേക്ക് നടന്നു നീങ്ങുന്ന ഒരു വൃദ്ധന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു

“ശരിയാണ് ജന്മം നൽകിയതു കൊണ്ടു മാത്രം ആരും അച്ഛൻ ആകില്ല…. എന്നോട് ക്ഷമിക്കൂ സുഭദ്രേ…എനിക്ക് തിരുത്താൻ ആകാത്ത തെറ്റാണു പറ്റിയത്…ചിലങ്കമോളുടെ അച്ഛനും അമ്മയും എല്ലാം നീ മാത്രമാണ്… അടുത്ത ജന്മത്തിൽ എങ്കിലും എന്റെ തെറ്റു തിരുത്താൻ ദൈവം എനിക്ക് ഒരു അവസരം തരട്ടെ.”

നടന്നു നീങ്ങുന്ന ആ വൃദ്ധനു ചിലങ്കയുടെ അച്ഛന്റെ ഛായയായിരുന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മിഴി വർണ്ണ

Scroll to Top