ഏറെക്കാലത്തിനു ശേഷമാണ് അയാൾ തന്റെ പഴയ പ്രണയിനിയെ കാണുന്നത്..

രചന : സൂര്യകാന്തി (ജിഷ രഹീഷ് )

അയാളും അവളും…

*************

ഏറെക്കാലത്തിനു ശേഷമാണ് അയാൾ തന്റെ പഴയ പ്രണയിനിയെ കാണുന്നത്..

അന്ന് ആ പാർട്ടിയിൽ അവളെത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ് തന്റെ ഭാര്യ എന്നത്തേതിലുമധികം സുന്ദരിയായിരിക്കണമെന്ന് അയാൾ ആഗ്രഹിച്ചത്..

പതിവില്ലാതെ, ചോദിക്കാതെ തന്നെ കിട്ടിയ ആടയാഭരണങ്ങൾ ഭാര്യയെ അമ്പരപ്പിച്ചിരുന്നിരിക്കണം..

പക്ഷെ അയാളത് ശ്രെദ്ധിച്ചിരുന്നില്ല…

ആ പാർട്ടി ഹാളിൽ പരിചിതമായതും അല്ലാത്തതുമായ മുഖങ്ങൾക്കിടയിൽ അയാൾ അക്ഷമയോടെ കാത്തിരുന്നത് അവൾക്ക് വേണ്ടിയായിരുന്നു..

പിരിഞ്ഞതിൽ പിന്നെ കണ്ടിട്ടില്ലവളെ…

ഭർത്താവിന്റെ വില കൂടിയ കാർ ആ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നതും അവളുടെയും കണ്ണുകൾ ആൾക്കൂട്ടത്തിൽ പരതുകയായിരുന്നു..

അയാൾക്ക്‌ വേണ്ടി..

കാർ പാർക്ക് ചെയ്യുന്നതിനിടയിൽ,

അവളുടെ കണ്ണുകൾ തനിക്കരികെയിരിക്കുന്ന ഭർത്താവിലെത്തി..

അതെ അയാൾ പെർഫെക്ട് ആണ്.. അവളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു..

അവളുടെ ഭർത്താവിന്റെയുള്ളിലും, പതിവില്ലാതെ, ഭാര്യയുടെ തന്റെ കാര്യത്തിലുള്ള ശ്രെദ്ധ ആശ്ചര്യമുണർത്തിയിരുന്നു…

അവൾ ഭർത്താവിന്റെ കൈ കോർത്തു പിടിച്ചു വരുന്നത് കണ്ടെങ്കിലും അയാൾ കാണാത്ത മട്ടിൽ മൊബൈൽ ഫോൺ ചെവിയിൽ വെച്ചു..

അയാൾക്കരികിലൂടെ,അയാളെ ശ്രെദ്ധിക്കുന്നില്ലെന്ന മട്ടിൽ കടന്നു പോവുമ്പോൾ അവൾ പുച്ഛത്തിൽ ചുണ്ടൊന്നു കോട്ടിയത് അയാൾ ശ്രെദ്ധിക്കാതിരുന്നില്ല..

പരസ്പരം നോക്കാതെ, എന്നാൽ പരസ്പരം അളക്കുന്ന,അവർക്ക് ചുറ്റും പല മിഴികളും അവരിലെത്തുന്നുണ്ടായിരുന്നു..

അവരെ അറിയുന്ന, അവരുടെ പ്രണയം അറിയാമായിരുന്ന പലരും..

അത്രമേൽ തീവ്രമായ, വിവാഹത്തിൽ എത്തിച്ചേരുമെന്ന് അവരൊക്കെ കരുതിയിരുന്ന പ്രണയം..

എന്നിട്ടും ഒടുവിലൊരു നാൾ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വഴി പിരിഞ്ഞു പോയൊരാ പ്രണയം

പലവട്ടം അടുത്ത് കൂടെ പോയിട്ടും പരസ്പരം ശ്രെദ്ധിക്കുന്നില്ലെന്ന് അറിയിക്കാൻ ശ്രെമിക്കുന്ന രണ്ടുപേർ..

“ഈ ഡയമണ്ട് നെക്‌ളേസ് കഴിഞ്ഞ വെഡിങ് ആനിവേഴ്സറിക്ക് അദ്ദേഹം ഗിഫ്റ്റ് ചെയ്തതാണ്..

അവൾ തൊട്ടുപിറകിൽ നിന്നും ശബ്ദം അല്പം കൂട്ടിപ്പറഞ്ഞത് താൻ കേൾക്കാനാണെന്ന് അയാൾക്ക് അറിയാമായിരുന്നു…

ഒരു മൊട്ടുകമ്മലും, നൂലുപോലുള്ള സ്വർണ്ണച്ചെയിനും അണിഞ്ഞ അവളുടെ രൂപം അയാളുടെ മനസ്സിൽ തെളിഞ്ഞു..

ആടയാഭരണങ്ങളിൽ അശ്ശേഷം ഭ്രമമില്ലാതിരുന്നവൾ…

സ്റ്റെപ്പ് കട്ട്‌ ചെയ്തിട്ട,ഭാര്യയുടെ സിൽക്ക് പോലുള്ള തലമുടിയെ പറ്റി അയാൾ പുകഴ്ത്തുന്നത് കേട്ടപ്പോൾ കാച്ചെണ്ണ തേച്ചു പരിപാലിച്ചിരുന്ന, നീണ്ടിടതൂർന്ന തന്റെ മുടിയോട് അയാൾക്കുണ്ടായിരുന്ന ഭ്രാന്തമായ ഇഷ്ടം അവളോർത്തെടുത്തിരുന്നു

ഒരിക്കൽ പോലും അവർ പരസ്പരം നോക്കിയിരുന്നില്ല.. പക്ഷെ അത്രയും ആളുകൾക്കിടയിലും അവർ പരസ്പരം തിരഞ്ഞുകൊണ്ടേയിരുന്നിരുന്നു..

ആ നിമിഷങ്ങളിലൊന്നിലും അവരുടെ ചിന്തകളിൽ മറ്റൊരാൾക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല..

ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും കണ്ണുകൾ പരസ്പരം തേടിക്കൊണ്ടിരുന്നു..

എങ്കിലും ഒരിക്കൽ പോലും അവരുടെ നോട്ടങ്ങൾ ഒന്നു ചേർന്നിരുന്നില്ല..

വാഷ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്ന നിമിഷത്തിലാണ്,

ഒട്ടും പ്രതീക്ഷിക്കാതെ അവർ അഭിമുഖമായി എത്തിയത്..

മറ്റാരും ഇടയിലില്ലാതെ മിഴികൾ തമ്മിൽ കൊരുത്തത്..

വർഷങ്ങൾക്കിപ്പുറം..

ആ നിമിഷത്തിൽ അയാൾക്ക് ആ കൗമാരക്കാരിയെ ഓർമ്മ വന്നു.. അവളോട് ആദ്യമായി പ്രണയം തോന്നിയത്… അത് തുറന്നു പറഞ്ഞപ്പോൾ പരിഭ്രമത്തോടെയവൾ ഓടിമറഞ്ഞത്.. പിന്നെ തന്നെ കാണുമ്പോഴൊക്കെ മുഖമുയർത്താതെ നടന്നത്..

നീണ്ട കാത്തിരിപ്പിനിടയിൽ എപ്പോഴോ അയാളുടെ നോട്ടത്തിൽ അവൾ കീഴടങ്ങിയത്, പ്രണയം പൂത്തുലഞ്ഞ കാലം… അവളെ സ്വന്തമാക്കണമെന്ന് തോന്നിയ നിമിഷങ്ങൾ.. അവളില്ലാതെ അപൂർണ്ണനാണെന്ന് കരുതിയ ദിനരാത്രങ്ങൾ…

എപ്പോഴോ ഒരിക്കൽ,കാറ്റിൽ പാറിക്കളിക്കുന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ച് വലത് ചെവിയ്ക്ക് താഴെയായി ചുണ്ടുകൾ ചേർത്തത്..

അവളൊന്ന് പിടഞ്ഞിരുന്നു…

ആ ഓർമ്മയിലാണ് അയാളുടെ ചുണ്ടുകളിലൊരു ചിരി വിടർന്നത്…

അവളും ഓർക്കുകയായിരുന്നു…

“ആദ്യമായി പ്രണയം പറഞ്ഞ നിമിഷം .

ഇഷ്ടമായിരുന്നുവെങ്കിലും പേടിയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.. അവസാനം മനസ്സിലെ ഇഷ്ടം പിടിച്ചു നിർത്താനാവാതെ തോൽവി സമ്മതിച്ച നിമിഷം..

അവനെ മാത്രം മനസ്സിലോർത്തു നടന്ന കാലം..

സ്വപ്നങ്ങളിൽ അവൻ മാത്രം തെളിയണമെന്നാഗ്രഹിച്ച രാവുകൾ..

അവനെയല്ലാതെ മറ്റൊരാളെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കരുതിയിരുന്ന കാലം..

അന്നൊരിക്കൽ ബീച്ചിൽ ചേർന്നിരിക്കുമ്പോൾ ഏതോ ഒരു സിനിമാ നടിയുടെ ഭംഗിയുള്ള കണ്ണുകളെ പറ്റിയവൻ പറഞ്ഞപ്പോൾ,കുശുമ്പ്, അവളുടെ വിരലിലെ കൂർത്ത നഖങ്ങളിലൂടെ അവന്റെ കൈത്തണ്ടയിൽ പതിഞ്ഞത്…

അവളിലും ചിരി വിടർന്നു…

പക്ഷെ…

പിന്നെ പതിയെ അവരുടെ മനസ്സിൽ പരസ്പരം കലഹിച്ച ആ നിമിഷങ്ങൾ തെളിഞ്ഞു..

ചുണ്ടുകളിലെ ചിരി മാഞ്ഞു..

ജയിക്കാനായി പലതും വിളിച്ചു പറഞ്ഞ നിമിഷങ്ങൾ.. പ്രണയം മരിച്ചു വീണെന്ന് കരുതിയ ദിനങ്ങൾ..

ഒടുവിൽ വീട്ടുകാരുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ മറ്റൊരുത്തനിലേക്ക് അവൾ നടന്നുപോയെന്നറിഞ്ഞപ്പോൾ അയാൾക്കും വാശിയായിരുന്നു.. അവളെക്കാൾ നല്ലൊരുവളെ അയാളും തിരഞ്ഞു..

ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞു,തികച്ചും അന്യരെ പ്പോലെ പരസ്പരം നോക്കാതെ അവർ എതിർദിശകളിലേക്ക് നടന്നു നീങ്ങി.. നീയില്ലെങ്കിലും ഞാൻ ഹാപ്പിയാണെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രെമിച്ചുകൊണ്ട്.. നിന്നെക്കാൾ നല്ലൊരാളെ തന്നെയാണ് കിട്ടിയതെന്ന് പറയാതെ പറഞ്ഞുകൊണ്ട്…

വീണ്ടും അഭിനയത്തിന്റെ മേലങ്കി പുതയ്ക്കുമ്പോഴും

അവരുടെ ഉള്ളിന്റെ ഉള്ളിലെവിടെയോ പ്രണയം മറവിയുടെ മൂടുപടമണിഞ്ഞിരിപ്പുണ്ടായിരുന്നിരിക്കണം..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : സൂര്യകാന്തി (ജിഷ രഹീഷ് )