തേൻനിലാവ്, നോവൽ, ഭാഗം 9 വായിക്കുക…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

മുറിയിലുള്ള സാധനങ്ങളെല്ലാം തച്ചു തകർക്കാനുള്ള ദേഷ്യം വന്നെങ്കിലും സംയമനം പാലിച്ചു കൊണ്ടവൻ ബെഡിലേക്കിരുന്നു. ടേബിളിൽ ഇരുന്ന അമ്മയോടൊപ്പൊമുള്ള ഫോട്ടോ അവൻെറ കണ്ണിൽ ഉടക്കി.

അവനും അമ്മയും ജനനിയുമൊന്നിച്ചുള്ള ഫോട്ടോ ആയിരുന്നു അത്. അവനത് കയ്യിലെടുത്തു.

“എന്തിനാ അമ്മേ….. ”

അവൻെറ കണ്ണുകൾ നിറഞ്ഞു.

എന്തൊക്കെയോ ചിന്തകളിൽ മുഴുകി ഫോട്ടോ നെഞ്ചോടു ചേർത്തവൻ ബെഡിലേക്കിരുന്നു.

അവൻെറ മനസ്സാകെ അസ്വസ്ഥമായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ ജീവിതം തന്നെ മാറ്റി മറിച്ച സംഭവങ്ങൾ ഓരോന്നായി അവൻ ഓർത്തെടുത്തു.

നിറം മങ്ങിയ ജീവിതത്തിൽ ഏഴഴകോടെ വിടർന്നു നിൽക്കുന്ന ഭാഗങ്ങളിലെല്ലാം അവളുടെ മുഖം കൂടി ഉണ്ടായിരുന്നു.

പീലിക്കണ്ണുകളും കട്ടപ്പല്ലുമുള്ളൊരു സുന്ദരി. കുപ്പിവള കിലുക്കം പോലുള്ള അവളുടെ ചിരി അവൻെറ കാതുകളിൽ അലയടിച്ചു.

മുറിയുടെ ഒരു മൂലക്ക് ഇരിക്കുന്ന ഗിത്താർ അവനെ മാടി വിളിക്കും പോലെ.

അവൻ എഴുന്നേറ്റ് പോയി ഗിത്താറിലൂടെ പതിയെ വിരലോടിച്ചു. നാളുകൾക്ക് ശേഷം അവൻെറ സ്പർശത്തിൽ തളരിതയായവൾ അവനു വേണ്ടി ഈണമിടാൻ തയ്യാറായി നിന്നു.

എന്നാൽ അവളെ നിരാശയാക്കിയവൻ കരം പിൻവലിച്ചു.

മനസ്സ് വീണ്ടും കൈ വിട്ടു തുടങ്ങവേ ഫോണിൽ നിന്നും തുടരെ തുടരെ ബീപ്പ് ശബ്ദം അവൻെറ ശ്രദ്ധ തിരിച്ചു കൊണ്ടുവന്നു.

വാട്സാപ്പിൽ മെസേജ് വന്നുകൊണ്ടിരിക്കുകയാണ്.

പരിചയമില്ലാത്ത ഏതോ നംബറിൽ നിന്നും കുറേ ഫോട്ടോസ് ആയിരുന്നു അത്.

സംശയത്തോടെ അവനത് തുറന്നു നോക്കി. അവൻ അറിയാതെ തന്നെ അവൻെറ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

അപ്പുവിൻെറ മെസേജ് ആണ്. ചന്തുവിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി പൊട്ടൊക്കെ തൊട്ട് കൊടുത്ത്.

അവൻ പാലു കുടിക്കുന്നതും കിടക്കുന്നതും പിന്നെ അപ്പു അവനെ ചേർത്തു പിടിച്ചുള്ളതുമായ കുറേ ഫോട്ടോസ്.

ചിരിക്കുന്ന ഒരു ഇമോജി അയച്ചു കൊടുത്തവൻ നെറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് കിടന്നു. അവൻെറ ഉള്ളിലെ ദേഷ്യവും സങ്കടവുമെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു.

ജനനിയെ ഓർമ്മ വന്നപ്പോൾ അവൻ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. സോഫയുടെ ഒരു മൂലയിൽ കൈതണ്ടയിൽ തല താങ്ങി ഇരിക്കുകയായിരുന്നു അവൾ.

“ജാനു……. ”

ജിത്തു അവളുടെ അടുത്തായി ഇരുന്നു.

“സോറിടി… എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല അതാ…. ”

അവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.

അവൾ അവൻെറ കഴുത്തിലേക്ക് തല ചായ്ച്ചു കിടന്നു.

“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അച്ഛൻ എന്നോടിങ്ങനെ….. ”

അവൾ വിതുമ്പി.

“അച്ഛൻെറ സ്വഭാവം പണ്ടേ അങ്ങനെ തന്നെ ആണല്ലോ… എന്നും സ്വന്തം കാര്യം മാത്രം…..ഈ ലോകത്ത് ആ മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടുണ്ടോ….”

ജിത്തുവിൻെറ മുഖഭാവം മാറി.

“അമ്മ എങ്കിലും ഉണ്ടായിരുന്നെങ്കിൽ…….. ”

“ങ്ഹും അമ്മ….. എന്നെങ്കിലും ആ സ്ത്രീയെ കാണുമ്പോൾ എനിക്ക് ചോദിക്കണം നമ്മളോടീ ക്രൂരത കാണിച്ചത് എന്തിനായിരുന്നുവെന്ന്… നമ്മളെ മനസ്സിലാക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന്…. ”

അവൻെറ കണ്ണുകൾ കലങ്ങി.

“അത് ചോദിക്കാൻ നമുക്കെന്ത് അവകാശമുണ്ട് ജിത്തു… നമ്മൾ എപ്പോഴെങ്കിലും അമ്മയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ….. ”

ജനനിയുടെ ചോദ്യം ജിത്തുവിൻെറ മനസ്സിനെ പിടിച്ചുലയ്ക്കാൻ തക്കവണ്ണമായിരുന്നു. ഒന്നും മിണ്ടാനാവാതെ മൗനമായി ഇരിക്കാനേ അവന് കഴിഞ്ഞൊള്ളു.

***************

സോഷ്യോളജി ടീച്ചർ തകർത്ത് ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളെല്ലാം ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ അപ്പു മാത്രം കാര്യമായ ആലോചനയിലാണ്. ദേവമ്മ ആണെങ്കിൽ ടീച്ചറുടെ വായിൽ നിന്ന് വീഴുന്ന ഓരോ കാര്യവും എഴുതി എടുക്കുന്ന തിരക്കിലാണ്.

“ദേവമ്മേ…….. ”

“മ്…….. ”

ദേവമ്മ അവളെ കാര്യമായി ശ്രദ്ധിക്കാതെ മൂളി.

“ദേവമ്മേ………. ”

“ഓ…. എന്താടി…….. ”

“ഈ മെലഡി എങ്ങനെയാ ഇത്ര ചോക്ലേറ്റി ആയത്….. ”

“എന്ത്….. ”

“ഈ മെലഡി എങ്ങനെയാ ഇത്ര ചോക്ലേറ്റി ആയതെന്ന്….. ”

“ഒന്ന് പോയേടി….. ”

“ഹ… പറ ദേവമ്മേ….. ”

അപ്പു അവളുടെ കൈ പിടിച്ചു കുലുക്കി.

“ദേ അപ്പു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്…. ”

ദേവമ്മ അവളുടെ കൈ തട്ടി മാറ്റി.

ശബ്ദം ഒരല്പം കൂടി പോയതു കൊണ്ടാവണം ടീച്ചർ അവരെ നോക്കി കണ്ണുരുട്ടി.

“എന്താ ദേവിക…. Any thing to say….. ”

ടീച്ചർ പൊക്കിയത് ദേവമ്മയെ ആയിരുന്നു.

“ഏയ്… Nothing miss…. ”

അവൾ ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.

“ഹമ്മ്…. Sit down…. ”

അപ്പുവിനെ നോക്കി പേടിപ്പിച്ചവൾ മിണ്ടാതെ ഇരുന്നു.

“ദേവമ്മേ…….. ”

അപ്പു പാലും തേനും കലർത്തി വിളിച്ചു.

“മിണ്ടാതെ ഇരുന്നോ അവിടെ…… ”

ദേവമ്മ കലിപ്പായി.

“ഈ…. ഞാൻ ചുമ്മാ ബോറടിച്ചപ്പോ പറഞ്ഞതല്ലേ…. ”

“ദേ എൻെറ ഈ കൈ അകലത്തുനിന്ന് മാറി ഇരുക്കുന്നതാ നിനക്ക് നല്ലത്….. ”

ദേവമ്മയുടെ മുഖഭാവം കണ്ടപ്പോൾ കാര്യം അത്ര പന്തിയല്ല എന്നവൾക്ക് മനസ്സിലായി. അപ്പു പിന്നെ ഒന്നും മിണ്ടാൻ പോയില്ല.

അധിക നേരം ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാനും അപ്പുവിന് കഴിഞ്ഞില്ല. ബോറഡി അതിൻെറ പരമോന്നതയിൽ എത്തിയിരുന്നു.

ദേവമ്മയുടെ ബാഗ് പരതിയപ്പോൾ അവൾക്കൊരു നെയിൽ പോളിഷ് കിട്ടി.

ഹോസ്റ്റലർ ആയതുകൊണ്ട് തന്നെ അവളുടെ ബാഗിൽ ഒട്ടുമിക്ക എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളും കാണും.

നെയിൽ പോളിഷും കയ്യിലെടുത്ത് അപ്പു ഒന്ന് തലപൊക്കി ടീച്ചർ എവിടെയാണെന്ന് നോക്കി.

ആള് ബോർഡിൽ എന്തൊക്കെയോ ഫ്ലോ ചാർട് ഒക്കെ വരച്ച് കാര്യമായ പഠിപ്പിക്കലാണ്.

പൊക്കം കുറവായതു കൊണ്ടും ലാസ്റ്റ് ബെഞ്ച് ആയതുകൊണ്ടും അപ്പു എന്താ ചെയ്യുന്നതെന്ന് ടീച്ചർക്ക് കാണാൻ പറ്റില്ല.

അവളൊന്ന് കുനിഞ്ഞിരുന്ന് നെയിൽ പോളിഷ് ഇടാൻ തുടങ്ങി.

“എൻെറ പൊന്നോ… അത് എടുത്ത് വച്ചേ അപ്പു… മിസ്സങ്ങാനും കണ്ടാ തീർന്നു…..”

“മിസ്സ് കാണൊന്നും ഇല്ല… നീ ആയിട്ട് വിളിച്ചു കാണിക്കാതിരുന്നാ മതി…. ”

“എൻെറ പുതിയ നെയിൽ പോളിഷാ മിസ്സ് പൊക്കിയാ വേറെ വാങ്ങി തന്നോണം…. ”

“ആ… തരാന്നേ…… ”

പിന്നെ അപ്പുവിൻെറ ഫുൾ ശ്രദ്ധ നെയിൽ പോളിഷിലായിരുന്നു. അവൾ അതുകൊണ്ടൊരു താജ് മഹൽ പണിയുന്ന തിരക്കിലാണ്.

ഒടുക്കം നെയിൽ പോളിഷ് ഇട്ട് കഴിഞ്ഞ് നഖത്തിലേക്ക് ഊതിക്കൊണ്ടിരുന്നപ്പോൾ അവൾ വെറുതെ ഒന്നു പുറത്തേക്കു നോക്കി.

ജനലിനപ്പുറം കൈ രണ്ടും മാറിൽ പിണച്ചു കെട്ടി തൂണിൽ ചാരി ജിത്തു അവളുടെ ചെയ്തികൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അവനെ കണ്ടപാടെ അവളുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിൻെറ പോലെ ആയി.

അവളൊരു ചമ്മിയ ചിരി പാസാക്കിയതും തലയാട്ടി ചിരിച്ചുകൊണ്ടവൻ നടന്നു.

“ശ്ശോ…… ”

അവൾ സ്വയം തലക്ക് പുറകിൽ തട്ടി.

***************

ബ്രക്ക് സമയത്ത് അവരെല്ലാവരും കൂടി സ്റ്റെപ്പിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു.

ജിത്തു പതിവ് പോലെ പുസ്തക വായനയിലാണ്.

ശിവ എന്തോ ആവശ്യത്തിനു സ്റ്റാഫ് റൂമിൽ പോയിരിക്കുകയാണ്.

“ഇന്നാ മേഘേച്ചി…… ”

അപ്പു കയ്യിലെ തേൻമിഠായി എല്ലാവർക്കും പങ്കുവയ്ക്കുകയാണ്.

“നിനക്ക് ഈ സാധനം അത്രക്ക് ഇഷ്ടാ അപ്പു… ”

മനു തേൻമിഠായിലേക്ക് നോക്കി ചോദിച്ചു.

“മ്….. എന്ത് ഇഷ്ടാന്നറിയോ…. ചെറുപ്പം തൊട്ട് എവിടെ പോയാലും മുത്തശ്ശൻ തേൻനിലാവ് വാങ്ങി തരും…. ”

അപ്പു തേൻമിഠായി കൊതിയോടെ നുണഞ്ഞു.

“ഇങ്ങനെ മിഠായി കഴിച്ചാ ഡയബറ്റിക്സ് വരൂട്ടോ….. ”

“പിന്നെ….. നിക്കൊന്നും വരില്ല….. ”

അപ്പു ആ സമയം കൊണ്ട് ഒരെണ്ണം കൂടി അകത്താക്കി.

“അളിയാ…. വന്നെടാ…. വന്നു…. മറ്റവള് എത്തിയിട്ടുണ്ട്…… ”

ശിവ ഓടി കിതച്ചു വന്ന് മനുവിൻെറ പു_റത്തേക്കു ചാടി.

ജിത്തു പുസ്തകത്തിൽ നിന്നും തല ഉയർത്തി നോക്കി. മേഘയും ശിൽപ്പയും മനുവും ശിവയെ നോക്കി ബാക്കി പറയല്ലേ എന്ന് തലയാട്ടി.

“ആരാ വന്നേ ശിവേട്ടാ….”

അപ്പുവിനും ദേവമ്മക്കും മാത്രം ഒന്നും മനസ്സിലായില്ല.

“ഹേ….. ആരാ വന്നേ….. ”

ശിവ ഉരുണ്ടു കളിച്ചു.

“ആരോ വന്നൂന്ന് പറഞ്ഞിട്ട്… ആരാ അത്….. ”

“അ…. അത്….. അത് പിന്നെ ആരൂല…. ”

ശിവയുടെ നോട്ടം ജിത്തുവിലായിരുന്നു.

“ഈ ശിവേട്ടന് വട്ടാ….. ”

അപ്പു അവൻെറ പുറത്തു ത^ട്ടി.

“ജിത്തുവേട്ടാ……. ”

ആരുടേയോ വിളി കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി.

ചുരിദ്ദാറണിഞ്ഞൊരു സുന്ദരിയായ പെൺകുട്ടിയായിരുന്നു അത്.

അവളെ കണ്ട് എല്ലാവരും ജിത്തുവിനേയും അവളേയും മാറി മാറി നോക്കുകയാണ്.

അപ്പുവും ദേവമ്മയും അവരുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.

“എനിക്ക് ഒരു കാര്യം പറയാനുണ്ട്….. ”

“മ്…. എന്താ….. ”

ജിത്തു മുഖത്തൊരു ഭാവവും വരുത്താതെ ചോദിച്ചു.

“ഒന്ന് എൻെറ കൂടെ വരാമോ… Just for five minutes….. ”

“മ്….. ”

ജിത്തു അവളോടൊപ്പം പോകുന്നത് കണ്ട് അപ്പു സംശയത്തോടെ മനുവിനെ നോക്കി.

“ആരാ മനുവേട്ടാ അത്…… ”

“ശീതൾ…. ശീതൾ സെബാസ്റ്റ്യൻ…. ജിത്തുവിൻെറ ഫസ്റ്റ് ലൗ….. അവൻ ഇങ്ങനെയൊക്കെ ആവാനുള്ളതിൻെറ പ്രധാന കാരണം ഇവളാ….. ”

“ങേ…… ലവ്വോ…… ”

അപ്പു വിശ്വസിക്കാവാതെ മനുവിനെ തന്നെ ഉറ്റു നോക്കി.

“ഇപ്പോഴും അവര് സെറ്റാണോ….. ”

ദേവമ്മക്കും ആകംശയായി.

“മ്.. ഹ്… അവളുടെ കല്യാണം കഴിഞ്ഞിട്ട് മാസം കുറേ ആയി…. കോളേജ് തുടങ്ങിയപ്പോ തൊട്ട് ലീവായിരുന്നു ഇന്നാ വരുന്നത്….. ”

“ഓ….. തേപ്പ്… തേപ്പ്…… ”

അപ്പു വാ പൊത്തി ചിരിച്ചു.

“തേക്കാനും മായ്ക്കാനും അവർ ഒരിക്കലുമൊരു പ്രണയ ബന്ധത്തിൽ ആയിരുന്നില്ല….. ”

“പിന്നേ….. ”

അപ്പു ഒന്നും മനസ്സിലാകാതെ നെറ്റി ചുളിച്ചു.

“അതൊരു വലിയ കഥയാ അപ്പുക്കുട്ടാ…… ”

ശിവ ഒരു ദീർഘശ്വാസമെടുത്തു.

“സാരമില്ല…. ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ പെട്ടെന്ന് പറ ശിവേട്ടാ…”

അപ്പു തിടുക്കം കൂട്ടി.

“ഞങ്ങൾ യു ജി ഫൈനൽ ഇയർ പഠിക്കുന്ന സമയത്താണ് ആദ്യമായി ശീതളിനെ കാണുന്നത്…. ഉണ്ട കണ്ണുകളും കട്ടപ്പല്ലുമുള്ളൊരു പഞ്ച പാവം ഫസ്റ്റ് ഇയർ പെൺകുട്ടി…. ”

മനുവിൻെറ ഓർമ്മകൾ രണ്ടു വർഷം പുറകിലേക്കു സഞ്ചരിച്ചു. യു ജി പഠനകാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിച്ച കാലഘട്ടം.

(തുടരും……..)

ജിത്തുവിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അടുത്ത പാർടിൽ ഉണ്ടാവൂട്ടോ…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)