അവന്റെ സ്നേഹത്തിന് മേൽ എന്റെ സംശയത്തിന്റെ നിഴൽ വീണുകൊണ്ടിരുന്നു…

രചന: ജ്വാലന ഗൗതം

അവനെ ഞാൻ ആദ്യമായി കണ്ടത് എന്നാണാവോ ?

ഓർമയില്ല. ബാങ്ക് ഉദ്യോഗസ്ഥർ ആകണമെന്ന് ഉറച്ചു പഠിക്കുന്നവരുടെ ഇടയിൽ ഒരു കോണിൽ ഇരിക്കുന്ന ഞാനും കൂടെ പഠിക്കുന്ന പെൺകുട്ടികളോടുപോലും മിണ്ടാത്ത അവനും പരസ്പരം എപ്പോളോ കണ്ടിരിക്കാം.അന്ന് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ അവൻ എല്ലാവർക്കും ലഡ്ഡു കൊടുക്കുകയാണ്.

എനിക്ക് നേരയും നീട്ടി, ഒന്ന് ഞാനുമെടുത്തു അഭിനന്ദനങ്ങൾ പറഞ്ഞു. മുഖം നോക്കാതെയുള്ള ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.ഒരു താങ്ക്സ് പറയാൻ പോലും വാതുറക്കാത്ത ഇവൻ ജോലികിട്ടിയിടത്ത്‌ പോയി എന്ത് ചെയ്യാനാണ്, എന്ന് ചിന്തിച്ചു ലഡ്ഡു കഴിക്കുന്ന എന്നോട് സുവർണ പറയ്യാണ് “എടി.. ഇവൻ കോച്ചിംഗിനു വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു അതിനുമുൻപ് ജോബ്‌ കിട്ടി ഇവനെ എങ്ങാനും കെട്ടാൻ പറ്റിയെങ്കിൽ ഇപ്പോ ക്ലാസ്സ്‌ നിർത്തിയെനെ ഞാൻ” അവൾ ഇത്തിരി നിരാശയോടാണതു പറഞ്ഞത്.

“ഓ പിന്നേ ഇവനെ പോലൊരു ജാഡയെ കെട്ടുന്നതിനേക്കാൾ നല്ലത് പഠിച്ചു ഒരു ജോലി വാങ്ങുന്നതാണ് പോയിരുന്നു പഠിക്കടി …. അവളോടായി ഞാൻ പറഞ്ഞു. പിന്നീട് അവൻ ക്ലാസ്സിന് വന്നിട്ടില്ല അവനു ആദ്യ പോസ്റ്റിങ്ങ്‌ റാഞ്ചിയിലാണെന്നു ആരോ പറയുന്നത് കേട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി എനിക്ക് ഏകദേശം ജോലി കിട്ടുമെന്ന് ഉറപ്പായപ്പോൾ ഞാനും ക്ലാസ്സ്‌ നിർത്തി. ഒരു ദിവസം ഫേസ്ബുക്കിൽ എനിക്ക് ഒരു റിക്വസ്റ്റ് വന്നു. ഈ ജാഡപിശാഷ് ഇപ്പോ എന്തിനാ എനിക്ക് റിക്വസ്റ്റ് അയച്ചത്?

ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി അത് അച്ഛൻ കേട്ടു “എന്താടി ഒറ്റക്ക് ഇരുന്നു സംസാരിക്കാണെ??

“അച്ഛൻ വിളിച്ചു ചോദിച്ചു ഞാൻ ഒന്നും മിണ്ടിയില്ല അവന്റെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ് ചേച്ചീടെ മോളെ എന്റടുത്തു നോക്കാൻ ഏല്പിച്ചു ചേച്ചി പുറത്തേക്ക് പോയത്. വന്നപാടെ അവൾ എന്റെ ഫോൺ കൈക്കലാക്കി പിടിച്ചുവാങ്ങിയാൽ ഭൂകമ്പം ഉണ്ടാകുമെന്നു അറിയാവുന്നത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടി മതിയപ്പോൾ അവൾ എന്റെ ഫോൺ എടുത്തു മുറ്റത്തേക് ഒരേറ്‌..ഫോണിന്റെ കഥകഴിഞ്ഞെന്ന കരുതിയെ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.

അതിനു മുന്നേ തന്നെ അവൾ ആ റിക്വസ്റ്റിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കിയിരുന്നു. ആ കുരുത്തംകെട്ട സാധനത്തിനെ അവളുടെ അമ്മയോടൊപ്പം പറഞ്ഞുവിട്ടു ഞാൻ വീണ്ടും fb തുറന്നു.

അപ്പോഴേക്കും അവന്റെ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു “ഹായ്, ഹൗ ആർ യു?”

ഒരുമണിക്കൂർ മുമ്പ് അയച്ച മെസ്സേജ് ആണ്…

“ഫൈൻ,താങ്ക്സ്. ഗുഡ്നൈറ്റ്‌” പറഞ്ഞു ഞാനാചാറ്റ് അവസാനിപ്പിച്ചു. പിന്നീട് അവന്റെ മെസ്സേജ് വന്നിട്ടില്ല. ഞാൻ ഫേസ്ബുക് നോക്കെതെ ആയി.

മാസങ്ങൾ കഴിഞ്ഞു ഒരിക്കൽ ഫേസ്ബുക് നോക്കുമ്പോൾ അവന്റെ ഒരു മെസ്സേജ് ഉണ്ട്,

“എനിക്ക് സുഖമില്ല അതുകൊണ്ട് ജോബ്‌ റിസൈൻ ചെയ്തു ഇപ്പോ നാട്ടിൽ ഉണ്ട് “ഒരു മാസം മുന്നേ അയച്ച മെസ്സേജ് ആണ് “വാട്ട്‌ ഹാപ്പെൻഡ്?”എന്ന് മെസ്സേജ് ഇട്ടു അവന്റെ റിപ്ലൈക്കയി ഞാൻ കാത്തിരുന്നു പക്ഷേ അവൻ വന്നില്ല. അവനു എന്തുപറ്റിക്കാണും എന്നാലോചിച്ചു തലപുകച്ച് ഞാനിരുന്നു. വിളിച്ച് ചോദിക്കാന്നുവച്ചാൽ നമ്പർ അറിയില്ല. ആരോടൊക്കെയോ തിരക്കി ഒരു നമ്പർ കിട്ടി അതിൽ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫും.

അവസാനം എന്റെ നമ്പർ മെസ്സേജ് ചെയ്തിട്ട് വിളിക്കാൻ പറഞ്ഞു പക്ഷേ അവൻ ആ മെസ്സേജ് നോക്കിയില്ല കുറെ ദിവസം ഞാൻ അവന്റെ വിളിക്കായി കാത്തിരുന്നു.പിന്നീട് പതിയെ ഞാനും എന്റെ തിരക്കിലേക് പോയപ്പോൾ അവനെ മറന്നു.

രണ്ടുമാസം കഴിഞ്ഞുകാണും ഒരു അൺനോണ് നമ്പറിൽ നിന്നും കാൾ വന്നു ആദ്യം ഞാൻ അത് എടുത്തില്ല തുടരെ തുടരെ കാൾ വന്നുകൊണ്ടിരുന്നപ്പോൾ ഞാൻ എടുത്തു “ഹലോ, ജ്യോതിയല്ലേ? ” “അതേ, ആരാ ഇത്!” മറുവശത്തു നിന്നും ഒരു ചോദ്യമാണ് മറുപടിയായി കിട്ടിയത്

“വിളിക്കാൻ നമ്പർ തന്നിട്ട് ആരാണ് ചോദിക്കുന്നോ?”

“സോറി ശബ്ദം മനസിലായില്ല”. അതിനു ഒരു പൊട്ടിച്ചിരിയോടെയാണ് മറുപടി വന്നത് “അതിനു താൻ എപ്പോഴാ എന്റെ ശബ്‍ദം കേട്ടിട്ടുള്ളത് “.

അപ്പോഴാണ് എനിക്ക് അവന്റെ ചിരിയുടെ അർത്ഥം മനസിലായത്. ശരിയാണ് ഞാൻ ഇന്ന് അല്ലേ ആദ്യമായി അവനോടു സംസാരിക്കുന്നത്.ഞാനും ചിരിച്ചു അതിന്റെ ചമ്മൽ മാറിയപ്പോൾ ഞാൻ അവന്റെ അസുഖത്തെപ്പറ്റി തിരക്കി “ഹേയ് അത് ഒന്നുമില്ല ചെറിയ ഒരു പനി” ഞങ്ങളുടെ സംസാരം കുറച്ച് മിനിറ്റുകൾ കൂടി നീണ്ടു. പിന്നീട് ആഴ്ചയിൽ ഒരിക്കൽ മാത്രം വിളിച്ചിരുന്ന ഞങ്ങളുടെ സൗഹൃദം ദിവസേനയും സംസാരത്തിന്റെ നീളം മണിക്കൂറുകളും കടന്നുപൊയ്ക്കൊണ്ടിരുന്നു ഞങ്ങൾ അറിയാതെ ഞങ്ങൾ തമ്മിൽ അറിയുകയായിരുന്നു.

“എനിക്ക് നിന്നെ ഒന്ന് കാണണം ഇവിടെ വരെ വരോ? ” മണിക്കൂറുകൾ നീണ്ട സംസാരത്തിനൊടുവിൽ ഞാൻ ചോദിച്ചു.

“അതിനു നീ എന്നെ കണ്ടിട്ടുള്ളതല്ലേ പിന്നെ എന്തിനാ ഇപ്പോ കാണുന്നേ.. ” “കണ്ടിട്ടുള്ളത് കൊണ്ട് പിന്നെ കണ്ടൂടാന്ന് നിയമം ഒന്നുമില്ലല്ലോ..”ഞാൻ പരിഭവത്തോടെ പറഞ്ഞു. ഒരു ചിരിയിൽ അവനാ സംസാരം അവിടെ അവസാനിപ്പിച്ചു.അവനെ കാണാനുള്ള മോഹം തികട്ടിവരുമ്പോഴൊക്കെ “എപ്പോഴാ നീ വരാ? “എന്ന ചോദ്യം ചോദിച്ചുകൊണ്ടിരുന്നു ഞാൻ.

രണ്ടുമാസം കഴിഞ്ഞു, അടുത്തമാസം അങ്ങനെ കുറെയേറെ തീയതികൾ അവൻ പറഞ്ഞു പക്ഷേ ഒന്നിനും അവൻ വന്നില്ല. മാസങ്ങൾ കഴിയുംതോറും അവന്റെ സ്നേഹത്തിന് മേൽ എന്റെ സംശയത്തിന്റെ നിഴൽ വീണുകൊണ്ടിരുന്നു അത് പിന്നെ ദേഷ്യമായും മാറി.. വഴക്കിടാൻ മാത്രം വിളിക്കുന്ന സ്ഥിതിയിലേക് നീങ്ങുകയും ചെയ്തപ്പോൾ അവന്റെ കാൾ എടുക്കേണ്ടയെന്ന തീരുമാനത്തിൽ എത്തി ഞാൻ.

വിളിച്ചു മടുത്തു അവൻ വിളിക്കാതെയായി.

കുറേ ദിവസങ്ങൾ കഴിഞ്ഞു അവൻ എനിക്ക് മെസ്സേജ് ഇട്ടു. “ഈ വരുന്ന നവം. 28 ന് ഞാൻ തിരുവനന്തപുരം പോകുന്നുണ്ട് റെയിൽവേ സ്റ്റേഷനിൽ വന്നാൽ ഒരുമിച്ചു പോകാം. ” ആ മെസ്സേജ് കണ്ട് സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നിയെങ്കിലും അവനു മറുപടി കൊടുത്തില്ല. 27ന് രാത്രി ഞാൻ മെസ്സേജ് ഇട്ടു

“നാളെ സ്റ്റേഷനിൽ ഞാൻ ഉണ്ടാകും” അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തി പോകുന്നവരുടെയും വരുന്നവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി അവനെ തിരഞ്ഞു നിന്നു.

പെട്ടന്നാണ് പുറകിൽ നിന്നു എന്റെ പെരുവിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കുന്നത്. “വാ ട്രെയിനിനു സമയമായി” അവൻ എന്നെയും വിളിച്ചോണ്ട് ട്രെയ്‌നിലെക് കയറി സീറ്റുപിടിച്ചു ഒരിടത്ത്‌ ഇരുന്നു.

അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത്..

അവൻ ആകെ മാറി അവന്റെ തിളങ്ങുന്ന കണ്ണിലെ പ്രകാശമൊക്കെ മങ്ങി, കൺതടത്തിനു ചുറ്റും കറുത്ത വളയങ്ങൾ, റോസ് നിറമുണ്ടായിരുന്ന അവന്റെ ചുണ്ടുകൾ കറുത്തുകരുവാളിച്ചുപോയി, ശരീരം പട്ടിണി കിടക്കുന്നവനെ പോലെ മെലിഞ്ഞു ഉണങ്ങി. തലയിൽ ഒരു തൊപ്പിയും വച്ചിരിക്കുന്നു.

ഞാൻ അതിലേക്കു തന്നെ നോക്കുന്നത് കണ്ടിട്ട് അവൻ ആ തൊപ്പി ഊരികാണിച്ചു. “അയ്യോ!! മുടിയെവിടെ പോയി? ” ഒന്ന് ചിരിച്ചിട്ട് അവൻ എന്നോട് ചോദിച്ചു “നമ്മൾ എപ്പോ എങ്ങോട്ടാ പോകുന്നെന്ന് അറിയോ” “ഇല്ലന്ന് ” ഞാൻ തലയാട്ടി.

“RCC യിലേക്ക് ” അത് കേട്ട ഞെട്ടലിൽ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഇരുന്നുപോയി ഞാൻ. എന്റെ കണ്ണുകൾ നിറയുന്നുവെന്നതിരിച്ചറിവിൽ നോട്ടംപിൻവലിച്ചു.

അവന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി പിന്നെ എനിക്ക് ഉണ്ടായില്ല. കരഞ്ഞു കലങ്ങിയ കണ്ണുകൾ മറ്റുള്ളോരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ബാഗിൽ നിന്നും കണ്ണട എടുത്തുവച്ചു ഞാൻ. പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ട്രയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ അവൻ ആണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.

“ഇത് കൊണ്ടാണ് നിന്നെ കാണാൻ വരാതിരുന്നത് അല്ലാതെ നീ കരുതുന്നപോലെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.”

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നു. അവൻ തുടർന്നു.. “നിന്റെ ഈ മൗനത്തിൽ നിന്നു തന്നെ അറിയാം നിന്റെ മനസ്സിൽ എന്താണെന്ന്..

എന്നെപോലെ ഒരാളെ സ്നേഹിക്കാൻ ഒരു പെണ്ണും തയ്യാറാകില്ല ഇപ്പോഴെകിലും നിന്നെ ഇത് അറിയിച്ചില്ലെങ്കിൽ ഞാൻ ചെയുന്നത് തെറ്റാകും..

അപ്പോഴും ഞാൻ ഒന്നും മിണ്ടില്ല. “നിനക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തു തരാം വാ ”

എന്ന് പറഞ്ഞു അവൻ എന്നെയും കൂട്ടി ടിക്കറ്റ്‌ കൗണ്ടറിലെക്ക് നടന്നു. ടിക്കറ്റ് എടുത്തു എന്റെ നേർക്ക് നീട്ടി, ഞാൻ അത് വാങ്ങി. “ഇനി ഞാൻ പോട്ടേ” എന്ന് ചോദിച്ച് അവൻ തിരിഞ്ഞു നടന്നപ്പോൾ തലകറങ്ങുന്നത് പോലെ തോന്നിയെനിക്ക്.

എന്റെ ചുറ്റിനും ഇരുട്ടുമൂടി ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി. അവനും ഞാനും തമ്മിലുള്ള ദൂരം കൂടികൊണ്ടിരിക്കുന്നത് സഹിക്കവയ്യാതെ ഞാനവന്റെ പേരെടുത്തു വിളിച്ചു..

“രാഹുൽ…..

“അവൻ തിരിഞ്ഞു നിന്നു. ഞാൻ ഓടി അവന്റെ അടുത്തുചെന്നു അവന്റെ കൈപിടിച്ച് വലത്തേ തള്ളവിരലിൽ ചുരിദാറിൽ നിന്നും ഊരിയ പിൻ എടുത്തു ഒരു കുത്ത് കൊടുത്ത്. “ആ……. ”

വേദനകൊണ്ട് അവൻ ഒന്ന് നിലവിളിച്ചു. അവന്റെ വിരലിൽ നിന്നും ചോര പൊടിച്ചു തുടങ്ങി. ആ ചുടുരക്തം എന്റെ നെറ്റിയിൽ ചാർത്തിതരാൻ പറഞ്ഞപ്പോൾ ‘ആ നിമിഷം’ റെയിൽവേ സ്റ്റേഷനിനുള്ളിൽ ആയിപ്പോയി എന്ന ദുഃഖംമാത്രമേ ഞങ്ങളിൽ ബാക്കി ഉണ്ടായിരുന്നുള്ളു….

ലൈക്ക് & കമന്റ് ചെയ്യൂ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: ജ്വാലന ഗൗതം