ആരെ വേണമെങ്കിലും ചതിക്കാൻ യാതൊരു മടിയും ഇല്ലാത്തവളാണ് ആനി….

രചന : ഷൈലജ രവി

പാടാൻ മറന്ന കിളികൾ

**************

നഗരത്തിലെ പ്രശസ്തമായ ആനന്ദ് ടെക്റ്റയിൽസിലെ ക്ലീനിങ് സ്റ്റാഫാണ് സീത. സീതയും മിനിയും മീരയും ആമിയും ഉറ്റ കൂട്ടുകാരികളായിരുന്നു. അവർ സംസാരിച്ചുകൊണ്ട് നിൽക്കുന്നിടത്തേക്ക് അവിടത്തെ ഓഫീസ് ബോയ് സുരേന്ദ്രൻ വന്നിട്ട് പറഞ്ഞു,

“സീതേച്ചി, മുതലാളി വിളിക്കുന്നു” എന്നിട്ട് അവൻ തിരക്കിട്ട് അകത്തേക്ക് പോയി.

മുതലാളിയെ കാണുന്നതിന് വേണ്ടി സീത തിരക്കിട്ട് ഓഫീസ് റൂമിൽ പോയി

“സർ , എന്നെ വിളിച്ചു എന്ന് സുരേന്ദ്രൻ പറഞ്ഞു”

ആ സീതയോ, വരൂ” അവൾ അകത്തേക്ക് ചെന്നു.

“സീത, ഒരു പ്രധാനകാര്യം പറയാനാണ് ഞാൻ വിളിച്ചത്. നമ്മുടെ ഷോപ്പിലേക്ക് പുതിയൊരു സ്റ്റാഫ് വരുന്നുണ്ട്. എന്റെ അച്ഛനൊപ്പം പഠിച്ച വാസുവേട്ടൻറെ കൊച്ചുമോളാണ്. ആ കുട്ടിയുടെ പഠിത്തം കഴിഞ്ഞിട്ടും തുടർ പഠനത്തിന് അവളെ പട്ടണത്തിൽ വിട്ട് പഠിപ്പിക്കാൻ അവരെ കൊണ്ട് സാധിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആ കുട്ടിക്ക് വിരോധം ഇല്ലെങ്കിൽ ഷോപ്പിലേക്ക് പോന്നോളു എന്ന്.

സീത എല്ലാ കാര്യങ്ങളിലും അവളെ സഹായിക്കണം.”

“ശരി മുതലാളീ” അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

സീത പോയപ്പോൾ മുതലാളി തന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഓർത്തുകൊണ്ടിരുന്നു.

അച്ഛനും, വാസുവേട്ടനും ഒന്നിച്ച് പഠിച്ചതാണത്രേ.

അവരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. ആ കുട്ടിക്ക് ഒരു ജോലി തരപ്പെടുമോ എന്നറിയാനാണ് വാസുവേട്ടൻ അച്ഛനെ കാണാൻ വന്നത്.

“ഇപ്പോ ഷോപ്പിൽ എന്റെ മോനാ അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഞാൻ അവനെ വിളിച്ച് പറയാം. വാസു മോളോട് പറയു നാളെ തന്നെ അവിടേക്ക് പോന്നോളാൻ. സ്റ്റാഫിനെ ആവശ്യം ഇല്ല എന്നാലും വാസു പറഞ്ഞിട്ട് ഞാൻ ഈ കാര്യം ചെയ്തു തന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിലുളള സ്നേഹത്തിന് എന്തു വിലയാ ഉള്ളത്” അതും പറഞ്ഞു കൊണ്ട് വാസുവിനെ കെട്ടിപിടിച്ചു.

“എത്ര കാലം ആയിടാ നമ്മൾ കണ്ടിട്ട് നിന്നെ കണ്ടിട്ട് എനിക്ക് മനസിലായില്ല. നീ അങ്ങട് വയസനായല്ലോ.”

നഗരത്തിലെ പ്രശസ്തമായ ആനന്ദ് ടെക്സ്റ്റയിൽസിന്റെ ഉടമ തന്നെ കെട്ടിപിടിച്ചപ്പോൾ വാസുവിന് ആകെ വിഷമമായി

താനും ആനന്ദും തമ്മിലുള്ള അന്തരം അവനൊരു കോടീശ്വരനും താനൊരു പാവപ്പെട്ടവനും എന്നിട്ടും അവൻ അതൊന്നും ആലോചിക്കാതെ അല്ലെ തന്നെ ചേർത്തു പിടിച്ചത്.

അവനൊരു മാറ്റവും ഇല്ലാലോ ദൈവമേ എന്നു വിളിച്ചു വാസു .

“എന്താടോ താൻ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നേ ഞാൻ നിന്നെ കെട്ടിപിടിച്ചത് നിനക്ക് ഇഷ്ട്ടം ആയില്ലേ”

ഇത് കേട്ടപ്പോ വാസുവിന്റെ കണ്ണ് നിറയുകയും കൈ കൊണ്ട് മുഖം പൊത്തി പിടിച്ച് എങ്ങി കരഞ്ഞു.

“താൻ കരയണ്ടാ ഞാൻ ആ ആനന്ദ് തന്നെയാ .

തന്റെ ആ പഴയ ചങ്ങാതി. ഓരോ ദിവസവും താൻ കൊണ്ടു വരുന്ന ഉച്ച ഭക്ഷണത്തിനു വേണ്ടി സ്കൂളിലേക്ക് വന്നിരുന്ന ആ കരുമാടിയാ ഞാൻ.

ഒരുപാട് നാൾ നീ കൊണ്ടുവരുന്ന ഉച്ച ഭക്ഷണം കൊണ്ട് എന്നെ ഊട്ടിയത്, അതൊന്നും ഞാൻ മറന്നിട്ടില്ല”

കടലിൽ പോയ അച്ഛൻ തിരിച്ച് വരാതിരുന്നപ്പോഴാ ഞങ്ങൾ ആ നാടുവിട്ട് പോന്നത്.

അമ്മയും ഞാനും രണ്ട് അനിയത്തിമാരെയും കൊണ്ട് അമ്മയുടെ വീട്ടിലേക്ക് പോന്നു അമ്മയുടെ വീട്ടിൽ ഞങ്ങളെന്നും അധികപറ്റായിരുന്നു അമ്മയുടെ ചേട്ടന് ഞങ്ങളെ കൂടി നോക്കാൻ പറ്റില്ലെന്നും പറഞ്ഞു കൊണ്ട് എന്നും വഴക്ക്. അമ്മക്ക് വീതം കിട്ടിയ ആ രണ്ടു സെന്റിൽ ഓലയും മുളയും കൂടി ഒരു കൊച്ചു കുര കെട്ടി ഞങ്ങളുടെ താമസം അങ്ങോട്ടായി .

ഒരു മഴ വന്നാൽ വീട്ടിൽ ഉണ്ടായിരുന്ന പാത്രം എല്ലാം നിരത്തി വക്കണം ആകെ ചോരാത്ത ഇടം നോക്കി അമ്മ ഞങ്ങളേയും കൊണ്ട് അവിടെ ഇരിക്കും.

അപ്പോഴൊക്കെയും ഞാൻ കണ്ടിരുന്ന സ്വപ്നം എന്തായിരുന്നു എന്ന് നിനക്ക് അറിയുമോ വാസുട്ടാ.

മഴ പെയ്താൽ ചോരാത്ത ഒരു വീട്. എന്റെ അനിയത്തിമാർക്ക് മൂന്ന് നേരവും വയറു നിറയെ കഴിക്കാൻ ഭക്ഷണവും.

അമ്മാവൻ പണി കഴിഞ്ഞ് വരുമ്പോ കൊണ്ടുവരുന്ന പലഹാര പൊതിയിലേക്ക് കൊതിയോടെ നോക്കി നിൽക്കുന്ന എന്റെ അനിയത്തിമാരെ ഞാൻ വേദനയോടെ നോക്കി നിന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ ഒരുപാട് സ്ഥലത്ത് ജോലി അന്വേഷിച്ചു പോയിട്ടുണ്ട്. കൊച്ചു കുട്ടി ആണെന്ന് പറഞ്ഞു എല്ലാരും കൂടി എന്നെ ആട്ടി പായിച്ചു. പിന്നെയാ അമ്മ പോയി കൊണ്ടിരുന്ന ആ പണി എനിക്ക് കിട്ടുന്നത് പാറമടയിൽ…

എന്റെ അമ്മക്ക് പകരം ജോലിക്കായി. കരിങ്കല്ല് ചെറിയ കക്ഷണങ്ങളായി ചുറ്റിക കൊണ്ട് അടിച്ചു മെറ്റൽ ആക്കുന്ന ജോലി അമ്മക്ക് പൊടി അടിച്ച് ശ്വാസംമുട്ടൽ ആയി ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ചോര ചർദ്ധിച്ച് കുഴഞ്ഞു വീണു. ഇനി ജോലി ചെയ്യാൻ അമ്മക്ക് കഴിയില്ലെന്ന് അറിഞ്ഞപ്പോൾ അവിടത്തെ മുതലാളി ആ ജോലി എനിക്ക് തന്നു .പിന്നെ അവിടത്തെ ജോലിക്കാരിൽ ഒരാളായി ഞാനും വെറുതെ ഇരിക്കാതെ കഠിനമായി ജോലി ചെയ്തിട്ടാ ഞാൻ ഇവിടെ വരെ എത്തിയത്.

അനിയത്തിമാരെ നല്ല നിലയിൽ എത്തിച്ചു

ഇപ്പോ ഈ ഷോപ്പ് കൂടാതെ മൂന്നാല് ഷോപ്പ് കൂടി ഉണ്ട് ഈ ടൗണിൽ.

“വാസുവേ നിന്റെ വീട്ട് കാര്യം കൂടി പറയ ഡോ മക്കൾ എന്തു ചെയ്യുന്നു.”

“എനിക്ക് രണ്ട് പെൺകുട്ടികളാ ഒരാൾ അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാളുടെ ഒപ്പം ജീവിക്കുന്നു. താഴെ ഉള്ള ആൾ എന്റൊപ്പം ഉണ്ട് അവളുടെ മോളാ ആനി . ആ കുട്ടിക്ക് വേണ്ടിയാ ഞാൻ ഇവിടേക്ക് വന്നത്.

സന്തോഷം ആയിട്ടോ എനിക്ക് എന്റെ കുട്ടിക്കൊരു ജോലി ആയല്ലോ.”

*************

തിരികെ കൂട്ടുകാരികളുടെ അടുത്തേക്ക് വന്ന സീത പറഞ്ഞു ”

നമുക്ക് പുതിയൊരു സൂപ്പർവൈസർ വരുന്നുണ്ട് നാളെ മുതൽ”

നാളെ പുതിയ ആളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ നാലു പേരും.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആണ് അവരുടെ ജോലി സമയം. കടയിൽ തിരക്ക് കൂടിയാൽ തുണിയുടെ സെക്ഷനിലേക്കും അവരെ പറഞ്ഞു വിടും. അപ്പോഴൊക്കെ അവർക്കവിടെ പിടിപ്പത് പണി ആയിരിക്കും രാത്രി 10 മണി വരെ നിൽക്കേണ്ടിയും വന്നിട്ടുണ്ട് അവർക്കവിടെ.

കടയിലെ ജോലിയൊക്കെ തീർത്ത് അവർ പോകാനിറങ്ങിയപ്പോഴാണ് സീതയുടെ വീടിന്റെ അടുത്തുള്ള കൂട്ടുകാരിയെ കാണുന്നത്. അന്നത്തെ വിശേഷങ്ങളും എല്ലാം പറഞ്ഞു കൊണ്ട് അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു. സീത പറഞ്ഞു

“ടീ ഞങ്ങൾ നിക്കുന്ന കടയിൽ ഞങ്ങൾക്ക് ഒരു സൂപ്പർവൈസർ വരുന്നുണ്ടെന്ന്. ആനി എന്നാണ് പേര്”

“ടീ നീയെന്തൊക്കെയാ പറയുന്നെ നിങ്ങൾക്ക് സൂപ്പർവൈസറോ…”

“അതേടീ …”

“നരേന്ദ്രൻ മുതലാളിയുടെ അച്‌ഛന്റെ ഒപ്പം പഠിച്ച വാസുവിന്റെ കൊച്ചുമകളാ എന്നൊക്കെ പറഞ്ഞു”

“ഭഗവാനെ ഇനി നിങ്ങടെ വിധിയാ നിങ്ങൾ അനുഭവിച്ചോ. ടി, സീതേ ആ ആനിയെ ഞങ്ങൾ നിൽക്കുന്ന ഷോപ്പിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാൻ ഞങ്ങൾ പെട്ട പാട് ഞങ്ങൾക്കേ അറിയുകയുള്ളു”

“നീ എന്തൊക്കെയാ പറയുന്നേ പാറു ഇതൊക്കെ ഉള്ളതാണോ”

“എന്റെ സിതേച്ചി ഇതാരെങ്കിലും നുണ പറയുവോ

ഞങ്ങൾ അനുഭവിച്ചതാ ഇതൊക്കെ .

അതുകൊണ്ടല്ലേ ഞാനിപ്പോ സീതേച്ചിയോട് പറഞ്ഞത് ഒറ്റ ദിവസം ഒന്നും പോരാട്ടോ അവളെ കുറിച്ച് പറയാൻ കുറെയേറെ ഉണ്ട്”

“ചേച്ചിക്കറിയില്ലേ നമ്മുടെ ജാന്വേടത്തിയെ”

“എവിടത്തെയാ പാറു ജാന്വേടത്തി”

“ചേച്ചി നമ്മുടെ തെക്കേലെ കണാരേട്ടന്റെ മോള്”

“പ്ലാവിൽ നിന്നും വീണ് തളർന്നു കിടക്കുന്ന കണാരേട്ടന്റെ മോള് ജാനകിയല്ലെ”

“അവൾ തന്നെയാ. പാവം അവളുടെ കഷ്ട്ടപ്പാട് കണ്ട് അവളെ ജോലിക്ക് നിർത്തിയിരുന്നു ഞങ്ങളുടെ കടയിൽ പാവം ആയിരുന്നു. ജാനകിയെ ചതിച്ച് ഷോപ്പിൽ നിന്നും ഓടിച്ചത് ഇവളാണ്. ആദ്യം എല്ലാവരെയുo കൈയ്യിലെടുക്കും പിന്നെ പിന്നെ ഓരോരുത്തരുടെയും കുറ്റങ്ങൾ മുതലാളിയോട് പറഞ്ഞു കൊടുക്കും. മുതലാളിക്ക് ആനി പറയുന്നതാ വേദവാക്യം. സീതേച്ചിക്കറിയോ ഞങ്ങളുടെ ഷോപ്പിന്റെ കുറച്ച് മാറിയുള്ള ആവണി ടെക്റ്റയിൽസിൽ ഉണ്ടായിരുന്നതാ ആനി.

കുറെ നാൾ അവിടെ നിന്നപ്പോ എല്ലാർക്കും നല്ല അഭിപ്രായം ആയിരുന്നു . എല്ലാരും ആനിയെക്കുറിച്ച് നല്ലതേ പറയാനുള്ളു. ആ ഷോപ്പ് നിർത്തി പോയപ്പോൾ അവിടത്തെ വിജയേട്ടനാ പറഞ്ഞേ അവളോട് ഞങ്ങളുടെ ഷോപ്പിനെ കുറിച്ച് വിജയേട്ടൻ തന്നെയാ ഞങ്ങളുടെ മുതലാളിയോട് ചോദിച്ച് അവളെ ഫ്ലോർ ക്ലീനിങ്ങിലേക്ക് വരാൻ പറഞ്ഞതും.

ആദ്യം ഒക്കെ നന്നായി പണി ചെയ്യുമായിരുന്നു പിന്നെ പിന്നെ മറ്റുള്ളവരെ കൊണ്ട് അവളുടെ പണി ചെയ്യിപ്പിക്കുകയും അവരെ പേടിപ്പിച്ച് നിർത്തി പോരികയും ചെയ്തു. സ്റ്റാഫായി കയറി വന്നവൾ പെട്ടെന്നൊരു ദിവസം സൂപ്പർവൈസറായി. അന്നു മുതൽ ഞങ്ങളുടെ നാശവും തുടങ്ങി. ആനിയുടെ ആത്മാർത്ഥതയും ജോലിയിലുള്ള കഴിവും അവളിലുള്ള വിശ്വാസവും അവളെ മുതലാളിയുടെ ഗുഡ് ലിസ്റ്റിൽ കയറി കൂടി.

“അല്ല പാറൂ, ജാനുവിനെ അവളെങ്ങിനെയാ???”

ഷോപ്പിലെ ട്ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിനിടയിൽ ജാനകിക്ക് ഒരു കൈ ചെയിൻ കിട്ടി.

ജോലിയെല്ലാം കഴിഞ്ഞിട്ട് സൂപ്പർവൈസർക്ക് കൊടുക്കാം എന്നു പറഞ്ഞു കൊണ്ട് കൈയ്യിൽ പിടിച്ചതാ ആ പാവം. ഷോപ്പിലെ നിത്യ സന്ദർകയായ ഷേർളി മേഡത്തിന്റെ കൈ ചെയിൻ ആയിരുന്നു അത്.

ചെയിൻ പോയതൊന്നും അറിയാതെ മേഡം വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് ചെയിൻ പോയത്.

ഉടൻ തന്നെ ഞങ്ങടെ ഷോപ്പിലേക്ക് വിളിച്ചു ചെയിൻ പോയതും ഒക്കെ പറഞ്ഞു.

സിസി ടി വി ചെക്കു ചെയ്യാൻ പറയുകയും ചെയ്തു. അപ്പോഴാ കണ്ടത് നമ്മുടെ ജാനകി ചേച്ചിക്ക് ചെയിൻ കിട്ടിയതും ചേച്ചി അത് പേഴ്സിൽ വക്കുന്നതും. പിന്നെ പറയണോ? ആനി മുതലാളിയോട് പറയുകയും ജാനകിയെ എല്ലാവരുടെയും മുൻപിൽ കള്ളിയാക്കി മാറ്റാനും ജോലിയിൽ നിന്നും പിരിച്ച് വിടാനും സാധിച്ചു.

“അപ്പോൾ ജാനകി ഒന്നും പറഞ്ഞില്ലേ”

“ജാനകി ചേച്ചിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കാൻ മുതലാളി തയ്യാറായില്ല. അങ്ങനെ എത്ര പേർ എന്നറിയാമോ. ഓരോ സ്റ്റാഫും അവളെ കൊണ്ട് പൊറുതി മു_ട്ടിയപ്പോഴാ എല്ലാരും കൂടി അവളെ എങ്ങനെയെങ്കിലും ഈ ഷോപ്പിൽ നിന്നും പുറത്തു ചാടിക്കാൻ നിന്നത്. ചേച്ചിക്കറിയോ എല്ലാരുടെ മുന്നിലും അവൾ നല്ലവളാ. പക്ഷേ ഒരുപാട്‌ പേർക്ക് സ്വന്തം ജോലി പോലും നഷ്ടപ്പെട്ട് ചീത്ത പേര് കേട്ടിരിക്കുന്നു. ഈ ഞാൻ പോലും അനുഭവിച്ചിട്ടുണ്ട് സീതേച്ചി. അത്രക്കും ദുരിതം തന്നെയായിരുന്നു ആ നാളുകളിൽ.”

“ഇതൊക്കെ വാസുവേട്ടന് അറിയില്ലേ മോളെ”

“ഇല്ല ചേച്ചി ഇതൊന്നും അറിയില്ല .ഞാൻ നിക്കുന്ന ഷോപ്പിൽ സാലറി കുറവാണെന്ന് പറഞ്ഞാ അങ്ങോട്ട് വരുന്നത്. മുത്തശ്ശന്റെ കളി കൂട്ടുകാരൻ അല്ലെ.

അപ്പോ അവിടെ കയറി പറ്റാൻ ഓരോ സൂത്രം.”

“വലിയ പാടായല്ലോ മോളേ”

“ആനന്ദ് ടെക്സ്റ്റയിൽസിലേക്ക് വരാൻ കൂട്ടുപിടിച്ചത് വാണി ചേച്ചിയെയാ ആ ചേച്ചിക്ക് അറിയില്ല ആനിയുടെ സ്വഭാവം. സീതേച്ചി കണ്ടോ ഇപ്പോ ആ ഷോപ്പിൽ വാണിയേച്ചിക്കുള്ള സ്ഥാനം കൂടി പോവും ആനി അവിടേക്ക് വന്നാൽ. ആനിയുടെ സ്വഭാവം എതൊരാളെയും കുറിച്ച് എത്ര വലിയ നുണ പറഞ്ഞിട്ടാണെങ്കിലും അത് കൂടെ നിൽക്കുന്നവരെ കൊണ്ട് വിശ്വസിപ്പിക്കും . ആരെ വേണമെങ്കിലും ചതിക്കാനോ യാതൊരു മടിയും ഇല്ല . ശരിക്കും പറഞ്ഞാൽ നമ്മൾ അനുഭവിക്കേണ്ടത് അനുഭവിച്ചേ പറ്റു . ഇപ്പോ അതാ ഞങ്ങളുടെ അവസ്ഥ”

“കേട്ടിട്ട് തന്നെ പേടിയാകുന്നു. ഇനി ഞങ്ങളുടെ അവസ്ഥ എന്താകുമോ എന്തോ?”

“ആനി ഷോപ്പിൽ നിന്നും പോന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം, എന്റെ സീതേച്ചി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.

ജാനകിയേടത്തിയുടെ കാര്യം മുതലാളിയോട് ഞങ്ങൾ പറഞ്ഞ് അതൊക്കെ ഓക്കേ ആക്കി

ജാനകിയേടത്തിയുടെ സത്യസന്ധതയെ പറ്റി അറിഞ്ഞ മുതലാളി പഴയപോലെ ഷോപ്പിൽ ജോലിക്ക് നിർത്തുകയും ചെയ്തു.”

************

പുതിയ ജോലിക്കായി പിറ്റേ ദിവസം തന്നെ എല്ലാരുടെയും അനുഗ്രഹം വാങ്ങി ആനി ആനന്ദ് ടെക്സ്റ്റയിൽസിലേക്ക് വന്നു……

ആനിക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കാൻ മുതലാളി സീതയെ റൂമിലേക്ക് വിളിച്ചു.

“സീതേ ഇവിടത്തെ എല്ലാ കാര്യങ്ങളും ആനിക്ക് പറഞ്ഞു കൊടുക്കുക . കൂടെയുള്ള സ്റ്റാഫുകളെയും പരിചയപ്പെടുത്തുക. പിന്നെ ആനി, എന്താവശ്യം ഉണ്ടെങ്കിലും സീതയോട് ചോദിക്കാൻ മറക്കണ്ട സീത ഇവിടെ വർഷങ്ങൾ ആയിട്ടുള്ള സ്‌റ്റാഫാണ്”

ഇതൊക്കെ കേട്ട ആനിക്ക് സീതയോട് ദേഷ്യം തോന്നി.

“എന്റെ കീഴിൽ നിൽക്കേണ്ട നീയാണോ എനിക്ക് കാര്യങ്ങൾ പറഞ്ഞു തരേണ്ടത്. ഞാൻ ഇവിടത്തെ സൂപ്പർവൈസറാണ്. ഞാൻ പറയുന്നത് അങ്ങട് കേട്ടാൽ മതി എന്നെ ആരും പഠിപ്പിക്കേണ്ട.”

ഇതൊക്കെ കേട്ട സീതക്ക് ഒരുപാട് വിഷമം തോന്നി. ഇത്രയും നാളും താൻ പറഞ്ഞത് ഇവിടെ ആരും കേൾക്കാതിരുന്നിട്ടില്ല. ആരോടും മോശമായി സംസാരിക്കാതെയും അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുത്തുംകൊണ്ട് അവരുടെ ഒപ്പം നിന്ന് ജോലി ചെയ്തിരുന്ന ഒരാളാണ് സീത. ആനി വന്നതിൽ പിന്നെ സീതയെ മുതലാളി വിളിക്കാറില്ല. ഒരു കാര്യവും പറയാറില്ല.

ഇതൊക്കെ കാണുമ്പോൾ സീതക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു ആരോടും ഒന്നും പറയാതെയും എല്ലാം ഉള്ളിലൊതുക്കി ആരോടും ഒരു പരിഭവമില്ലാതെ ജോലി ചെയ്തു പോന്നു.

എന്നും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ സീതയും കൂട്ടുകാരികളും പാറുവിനെ കണ്ട് അന്നന്ന് നടന്ന കാര്യങ്ങൾ ഒക്കെ പറയുകയും ചെയ്യും.അപ്പോ പാറു പറയും,

“സീതേച്ചി. ആനി വന്നു കയറിയതേ ഉള്ളു. അപ്പോഴെക്കും കല്ലു കടി തുടങ്ങി അല്ലേ. ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു സിതേച്ചി?”

*****************

ആയിടക്കാണ് ഒരു ഹോസ്പിറ്റലിന്റെ ക്ലീനിങ്ങ് വർക്ക് നരേന്ദ്രന് കിട്ടുന്നത്.

കുറച്ച് അധികം സ്റ്റാഫുകളെ ജോലിക്ക് ആവശ്യമായി വന്നു.

അവിടേക്ക് മാനേജർ പോസ്റ്റിലേക്ക് ആതിര എന്ന കുട്ടിയും അവർക്ക് താഴെയുളള പോസ്റ്റിലേക്ക് ബാബുരാജിനെയും നിയമിച്ചു. പുതുതായി കുറച്ച് പേരെക്കൂടി ക്ലീനിംങ്ങ് സ്റ്റാഫായി നിയമിക്കുകയും ചെയ്തു. നല്ല നിലയിൽ പോയി കൊണ്ടിരുന്ന ആ ഓഫിസിലേക്കാണ് ഒരു ദിവസം ആനി പോയത്.

ഓഫീസിലേക്ക് കയറിയപ്പോഴെ കണ്ടു മാനേജർ ചെയറിൽ ഇരിക്കുന്ന ആതിരയെ അവളെ ബഹുമാനത്തോടെ നോക്കുന്ന സ്റ്റാഫുകളെയും.

ഓഫീസിലേക്ക് കയറി വന്ന നരേന്ദ്രൻ മുതലാളിയെ കണ്ട ആതിര ബഹുമാനത്തോടെ എണീക്കുകയും സംസാരിക്കുകയും ചെയ്തു .

“ഗുഡ് മോർണിംഗ് സർ”

“ആതിരേ ഇത് ആനി നമ്മുടെ ഷോപ്പിലെ സൂപ്പർവൈസറാ” ആതിര ചിരിച്ചു കൊണ്ട് ആനിക്ക് കൈ കൊടുത്തു. ചിരിച്ച് കൊണ്ട് ആനി ആതിരയെ നോക്കി

ആനിയുടെ മനസ്സിൽ എങ്ങനെ എങ്കിലും ആതിരയെ പുറത്താക്കി ആ കസേരയിൽ ഇരിക്കണം എന്നുള്ള ചിന്ത ആയിരുന്നു അതിനു വേണ്ടിയുള്ള സംസാരങ്ങൾ എല്ലാം നരേന്ദ്രൻ മുതലാളിയോട് പറയുകയും ചെയ്തു എന്തൊക്കെ പറഞ്ഞിട്ടും നടക്കാതെ വന്നപ്പോഴാണ് ആ ഹോസ്പിറ്റലിലെ പ്രധാന ഡോക്ട്ടറായ ജോണിനെ കൂട്ടുപിടിച്ചത്.

ജോണിന്റെ കൂടെ കൂടിയ ആനി എതു വിധത്തിൽ ആയാലും ആ കസേരയിൽ ഇരിക്കണം എന്നുറപ്പിച്ചു. അതിനു മുന്നോടിയായി ഷോപ്പിൽ ഒരു സൂപ്പർവൈസറിന്റെ ആവശ്യം ഇല്ലെന്നും എന്നെ ഹോസ്പിറ്റലിലേക്ക് വിടണം എന്നും ഡോക്ടറെ കൊണ്ട് പറയിക്കുകയും ചെയ്തു. അത് സീതക്കും കൂട്ടുകാർക്കും ആശ്വാസമാകുകയും സീതയെ ഷോപ്പിലെ ക്ലീനിങ് സൂപ്പർവൈസർ ആയി നിയമിക്കുകയും ചെയ്തു.

എന്നാൽ ആനിയുടെ കളി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. അതിന് ഡോക്ടർ ജോണിൻറെ നല്ല സഹായവും ഉണ്ടായിരുന്നു.

ഹോസ്പിറ്റലിലെത്തിയ ആനി ആദ്യമൊക്കെ നല്ല രീതിയിൽ നിൽക്കുകയും പതുക്കെ പതുക്കെ ബാബുരാജിനെ പുറത്താക്കാനുള്ള പദ്ധതിയിട്ടു.

ആനിയോട് ഇഷ്ടം ഉള്ള കുറച്ച് സ്റ്റാഫുകൾ ഉണ്ടായിരുന്നു അവർ എല്ലാ കാര്യത്തിനും കൂടെ നിൽക്കാം എന്നും പറഞ്ഞു. കൂടെ നിൽക്കാം എന്നു പറഞ്ഞവർക്ക് ഡ്യൂട്ടി കൂടുതൽ കൊടുക്കുകയും അതികം തിരക്കില്ലാത്ത എരിയ നോക്കി അവിടത്തെ ക്ലീനിങ്ങ് എൽപ്പിക്കുകയും ചെയ്തു പോന്നു

ഡോക്ടർ ജോൺ പറഞ്ഞു കൊടുത്തത് പ്രകാരം ബാബുരാജിനെയും ആതിരയേയും തമ്മിൽ ഓരോ സ്ഥലത്തു വച്ച് കണ്ടെന്നും അവർ തമ്മിൽ സഭ്യമല്ലാത്ത ബന്ധമാണ് ഉള്ളതെന്നും മുതലാളിയെ പറഞ്ഞ് വിശ്വസിപ്പിച്ച് അവരെ അവിടെ നിന്നും പുറത്താക്കി. താമസിയാതെ ആ കസേരയിൽ ആനിയെ ഇരുത്തുകയും ചെയ്തു .

ഒരു കാര്യവും തന്നെ ചെയ്യാൻ അറിയാത്ത ആനിയെ പിടിച്ച് മാനേജരാക്കി. പാവപ്പെട്ട ഒരുപാട് സ്റ്റാഫുകളുടെ ശമ്പളത്തിൽ കൈയ്യിട്ട് വാരിയും, അവരെ പരമാവധി ഉപദ്രവിച്ചും ആനി അവിടെ ആ കസേരയിൽ ഇരിപ്പായി.

ആനിയെ പേടിച്ച് ശമ്പളം കുറഞ്ഞാലും സാരമില്ല ജോലി ഉണ്ടായാൽ മതി എന്നു വിചാരിച്ച് ആരും പരാതിപ്പെടാനും പോയില്ല.

എതു കാര്യവും ചെയ്യുമ്പോഴും നരേന്ദ്രൻ മുതലാളിയുടെ ഒപ്പം ആനിയും ഉ_ണ്ടായിരുന്നു.

ആനി മുതലാളിയുടെ ഏറ്റവും വിശ്വസ്തയായി മാറി.

മറ്റൊരു ഹോസ്പിറ്റലിലെ ക്ലീനിങ് വർക്കിന് ക്വൊട്ടേഷൻ കൊടുക്കാൻ നേരം മുതലാളി എല്ലാം ആനിയെ ആണ് ഏൽപ്പിച്ചത്.

ജോൺ ഡോക്ട്ടറുടെ ഫ്രണ്ടായ ജോർജും അവിടെ ക്വൊട്ടേഷൻ വച്ചിരുന്നു. ജോൺ ഡോക്ടറുടെ ബന്ധു കൂടിയായ ജോർജ്ജും ആ വർക്ക് കിട്ടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അത് കിട്ടിയാൽ ജോൺ ഡോക്ടർക്ക് വലിയ എന്തോ ഓഫർ ജോർജ്ജ് കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ജോർജ്ജിന് ആ വർക്ക് കിട്ടിയാൽ ആനിയെ കൂടുതൽ ശമ്പളത്തിൽ അവിടെ മാ_നേജർ ആക്കാമെന്ന് ഡോക്ടർ പറയുകയും ആനി ക്വൊട്ടേഷൻ വിവരങ്ങൾ ചോർത്തി കൊടുക്കുകയും ചെയ്തു.

അതനുസരിച്ചു ജോർജ്ജ് കളിക്കുകയും മുതലാളിക്ക് ആ കോൺട്രാക്ട് നഷ്ടപ്പെടുകയും ചെയ്തു.

ഇതറിഞ്ഞ മുതലാളി ആനിയെ കമ്പനിയിൽ നിന്നും പുറത്താക്കി. എന്നാൽ പുതിയ കമ്പനിയിലെ ജോലിയും, ഉയർന്ന ശമ്പളവും സ്വപ്നം കണ്ട ആനിയ്ക്ക് യാതൊരു കുറ്റബോധവും തോന്നിയില്ല.

സീതയുടെ ആത്മാർത്ഥത അറിയാവുന്ന മുതലാളി സീതയെ ഹോസ്പിറ്റൽ ക്ലീനിങ് സെക്ഷനിൽ ആനിക്ക് പകരം മാനേജർ ആയി നിയമിച്ചു.

പുതിയ കമ്പനിയിൽ ചാർജ് എടുക്കാൻ ചെന്ന ആനിയോട് ജോർജ്ജ് പറഞ്ഞു, “സ്വന്തം ഉയർച്ചക്ക് വേണ്ടി ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തെ ചതിച്ച നിന്നെ വിശ്വസിക്കാൻ കൊള്ളില്ല.

ഇവിടെ ക്ലീനിങ് സെക്ഷനിൽ നിനക്ക് ജോലി ചെയ്യാം.

മാനേജരുടെ റൂമിൽ ചെന്ന് ജോയ്‌നിങ് റിപ്പോർട്ട് ഒപ്പിട്ട് ജോലിയിൽ പ്രവേശിച്ചോളൂ”

മറ്റ് മാർഗ്ഗമില്ലാതെ അവൾ മാനേജരുടെ റൂമിലേക്ക് ചെന്ന്. അവിടെ ഇരിക്കുന്ന ആളെ കണ്ട ആനി ഞെട്ടിപ്പോയി. അത് ആതിര ആയിരുന്നു.

“ആനി വരൂ. ജോയ്‌നിങ് റിപ്പോർട്ട് ഒപ്പിട്ടോളൂ”

അത് കഴിഞ്ഞപ്പോൾ തനിക്ക് ജോലി തരാൻ വന്ന സൂപ്പർവൈസറെ കണ്ടതും ആനിയുടെ പതനം പൂർത്തിയായി. അത് ബാബുരാജ് ആയിരുന്നു.

“ഇവളെ ഒന്ന് കയ്യിൽ കിട്ടാൻ ഞാൻ നോക്കിയിരിക്കുകയായിരുന്നു. നീ ചെയ്തതിനെല്ലാം നിനക്ക് തരാം. വാ.” അതും പറഞ്ഞ് അവൻ നടന്നു. നിറഞ്ഞ കണ്ണുകളുമായി കുറ്റബോധത്താൽ നീറുന്ന മനസ്സുമായി ആനിയും അവന്റെ പുറകെ നടന്നു.

“സ്വാർത്ഥതയോടെ ഇരിക്കുന്നിടം നശിപ്പിക്കുന്നവർക്കുള്ള ശിക്ഷ ഇതാണ്”

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഷൈലജ രവി