ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ എന്താ സാ-ധനം കാണാൻ അത്…

രചന : ഗിരീഷ് കാവാലം

“ശ്യാം മാമനും, മാമിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല. മാമൻ സൂപ്പറാ ഈ മാമിയെ കാണാൻ ഒട്ടും കൊള്ളില്ല”

ശ്യാമിനെയും, അളകനന്ദയെയും നോക്കി , കുറുമ്പിപെണ്ണായ ശ്യാമിന്റെ അനന്തിരവൾ രണ്ടാക്ളാസുകാരി കാത്തുകുട്ടി അത് പറയുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വന്ന അമ്മ ജലജാമ്മയ്ക്ക് ചുറ്റുമുള്ള എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി ഇരുന്നുപോയി

“ആ കുഞ്ഞ് പറഞ്ഞതിലും കാര്യം ഉണ്ട് ഇവൻ എന്തുകണ്ടിട്ടാ ആ പെണ്ണിനെ പ്രേമിച്ചത്. തോട്ടിക്കോല് പോലെ കുറച്ച് നീളം ഉണ്ടെന്നൊഴിച്ചാൽ എന്താ സാധനം കാണാൻ അത് . പെണ്ണായാൽ കുറച്ചൊക്കെ മെന വേണം”

“മെലിഞ്ഞു, കവിൾ ഒട്ടി, കൈയ്യിലെ ഞരമ്പുകളൊക്കെ തെളിഞ്ഞു കാണാവുന്ന രൂപം ആകെ ഉണ്ടെന്ന് പറഞ്ഞാൽ കുറച്ചു നീളം മാത്രം”

അടുത്ത മുറിയിൽ ബന്ധുവായ ഒരു സ്ത്രീ അഞ്ജുവിനോട് അടക്കം പറഞ്ഞു

ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള ഒരു യാത്രയിൽ മുൻപേ പോയ ട്രെയിൻ പാളം തെറ്റിയതുമൂലം, AC കമ്പാർട്ട്മെന്റിലെ അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന തങ്ങളുടെ ട്രെയിൻ പകൽ മുഴുവൻ ട്രാക്കിൽ പിടിച്ചിട്ടത് ഒരു സൗഹൃദത്തിലേക്ക് മാറാനും തുടർന്ന് വിവാഹത്തിലെത്താനും ശ്യാമിനും, നേഴ്സ് ആയ അളകനന്ദക്കും ട്രെയിനിലെ ആ പകൽ ധാരാളം ആയിരുന്നു. തണുപ്പുള്ള ജനുവരിയിലെ ആ AC യാത്രയിൽ ജാക്കെറ്റിനുള്ളിലെ അളകനന്ദ ശരീരവടിവുള്ള ഒരു പെണ്ണായിരുന്നു ശ്യാമിന്റെ കണ്ണിൽ അന്ന്

ഏത് ചടങ്ങുകൾക്ക് പോയാലും അളകനന്ദയുടെ കൂടെ അഞ്ജു നിൽക്കില്ലായിരുന്നു. ബന്ധുക്കൾ ഒരുമിക്കാറുള്ള ചടങ്ങുകളിലെല്ലാം അവഗണന നേരിടുന്ന അളകനന്ദക്ക് പരിഭവം ആരോടും ഇല്ലായിരുന്നു.
ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിലും സാധാരണ വീട്ടിൽ നിന്നുള്ള അളകനന്ദ വെറും ഒരു കാഴ്ചക്കാരി മാത്രമായിരുന്നു . അണിഞ്ഞൊരുങ്ങി ആർഭാടത്തോടെ നടക്കുന്ന അഞ്ജു, അളകനന്ദയെ ചേട്ടത്തി എന്ന് പോലും വിളിക്കാറില്ലായിരുന്നു.

എന്ത് കഴിച്ചിട്ടും ശരീരം ക്ഷീണിച്ചു കോലം കെട്ടു വരുന്നതുകൊണ്ട് അതുവരെ തന്നോട് ചേർന്നു നിന്ന ഭർത്താവ് ശ്യാമും മെല്ലെ മുഖം തിരിക്കുവാൻ തുടങ്ങി. അത് അവളുടെ മനസ്സിൽ മുറിവേല്പിക്കുന്നതായിരുന്നു

ഇപ്പോൾ വിവാഹം വേണ്ട എന്നു ശ്യാം തീരുമാനിച്ചതുകൊണ്ടാണ് ശ്യാമിനെക്കാൾ നാല് വയസ്സ് ഇളയവനായ അർജുനും അഞ്ജുവും തമ്മിലുള്ള വിവാഹം ആദ്യം നടന്നത്

“എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അളകനന്ദ അവൾക്ക് ചേച്ചിയല്ലേ. ഇതുവരെ അവളെ ചേച്ചിയെന്നു അഞ്ജു വിളിച്ചിട്ടില്ല ”

“ദേ.. പിന്നെ.. ഇങ്ങോട്ട് നോക്കിക്കേ..അതേ… എന്നിങ്ങനെയാ ചേച്ചി എന്ന് വിളിക്കുന്നതിന്‌ പകരം വിളിക്കാൻ ഉപയോഗിക്കുന്നത് ”

അഞ്ജുവിന്റെ സ്വഭാവം ഇഷ്ടപ്പെടാത്ത അയൽവാസിയായ ഒരു സ്ത്രീ ബന്ധുവായ മറ്റൊരു സ്ത്രീയോട് അടുത്തമുറിയിൽ ഇരുന്നു അടക്കം പറഞ്ഞു

അന്നത്തെ ദിവസം അഞ്ജു പേരിന് എന്തെങ്കിലും ചെയ്തെന്നൊഴിച്ചാൽ രാവിലെ മുതൽ അടുക്കളപണി ചെയ്തതെല്ലാം നാല് മാസം ഗർഭിണിയായിരുന്ന അളകനന്ദയായിരുന്നു

“അഞ്ജു നീ അടുക്കളയിലേക്ക് ചെല്ല് അളകനന്ദ ഒറ്റക്കല്ലേ പണി ചെയ്യുന്നത് അതും ചേട്ടത്തി ഗർഭിണിയും കൂടി അല്ലെ”

എല്ലാവരുടെയും മുൻപിൽ വച്ചു അർജുൻ, അഞ്ജുവിനോട് അങ്ങനെ പറഞ്ഞതും പുറകിൽ നിന്ന് അത് കേട്ട അളകനന്ദ പറഞ്ഞു

“ഞാൻ തന്നെ ചെയ്തോളാമെന്ന് പറഞ്ഞിട്ടാ അർജുൻ’

തന്നെ രക്ഷിക്കാൻ അളകനന്ദ അങ്ങനെ പറഞ്ഞെങ്കിലും അവൾ തനിക്കെതിരെ ഗോൾ അടിച്ചു എന്ന കുശുമ്പിലായിരുന്നു അഞ്ജു അപ്പോഴും

“ചേട്ടാ നമുക്ക് വേറെ മാറണ്ടേ. ശ്യാം ഏട്ടന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് നമ്മൾ മാറികൊടുക്കുന്നതല്ലേ നല്ലത്”

ബെഡ്‌റൂമിൽ വച്ചു അഞ്ജു അത് പറയുമ്പോൾ അർജുൻ ആ പറഞ്ഞതിന്റെ ഉദ്ദേശ ശുദ്ധി തിരിച്ചറിഞ്ഞു

അടുത്ത ആഴ്ച അളകനന്ദയെ പ്രസവത്തിനു അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസമാണ്. വീട്ടുജോലിക്ക് അമ്മയെ സഹായിക്കാതെ മാറിനിൽക്കാൻ കഴിയില്ലെന്ന തോന്നലിൽനിന്നാകും അഞ്ജുവിന്റെ ഈ വാക്കുകൾ എന്ന് അർജുൻ ഉറപ്പിച്ചു

പ്രസവത്തിനു അളകനന്ദയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയതോടെയാണ് അഞ്ജു ശരിക്കും പെട്ടുപോയത്.

അടുക്കളയിൽ അമ്മയെ സഹായിക്കാൻ അവൾ നിർബന്ധിതയായി

അളകനന്ദയുടെ പ്രസവം കഴിഞ്ഞു. എത്രയും പെട്ടന്ന് അവളെയും കുഞ്ഞിനേയും വീട്ടിൽ കൊണ്ടുവന്നാൽ മതിയെന്നായി അഞ്ജുവിന്റെ ചിന്ത

മൂന്നാം മാസം അളകനന്ദയെയും കുഞ്ഞിനേയും കൂട്ടികൊണ്ടുവരാനായി അവളുടെ വീട്ടിലേക്കുള്ള യാത്രയിൽ ഏറ്റവും സന്തോഷവതി അഞ്ജു ആയിരുന്നു. കുഞ്ഞിനേയും അളകനന്ദയെയും കാണുന്നതിലുപരി അടുക്കളപണിയിൽ നിന്നുള്ള മോചനം ആയിരുന്നു അഞ്ജുവിന്റെ മനസ്സിൽ

വീട്ടിൽ എത്തി അമ്മയും കുഞ്ഞിനേയും കണ്ട എല്ലാവരും ഒരു നിമിഷം അതിശയിച്ചു നിന്നുപോയി

പ്രത്യേകിച്ച് അഞ്ജുവിന്റെ നോട്ടം കുഞ്ഞിനെക്കാളുപരി അളകനന്ദയിൽ തറഞ്ഞു നിന്നു

ആളാകെ മാറിയ രൂപം. അഞ്ജുവിന് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല
പ്രസവ ശുശ്രൂഷയിൽ തടിച്ചു പുഷ്ടിപ്പെട്ട നീളത്തിനൊത്തു വണ്ണം വെച്ച അളകനന്ദ നല്ലപോലെ വെളുത്ത് സുന്ദരിയായി മാറിയിരിക്കുന്നു

ഇപ്പോൾ താൻ അളകനന്ദക്ക് മുന്നിൽ ഒന്നും അല്ല എന്ന തോന്നലിൽ സ്വയം ചുരുങ്ങി ചെറുതായപോലെ നിൽക്കുകയായിരുന്നു അഞ്ജു

“ചേച്ചി…….

അറിയാതെ അഞ്ജുവിന്റെ നാവിൽ നിന്ന് ഉയർന്നതും എല്ലാവരും അഞ്ജുവിനെ തന്നെ നോക്കി

ജാള്യതയോടെ അളകനന്ദയുടെ കൈ ചേർത്ത്പിടിച്ച്‌ അഞ്ജു നിൽക്കുമ്പോൾ, അളകനന്ദയുടെ കണ്ണുകളിൽ നേരിയ നനവ് പടരുന്നുണ്ടായിരുന്നു. അത് എല്ലാവർക്കും പുതുമയുള്ള ഒരു കാഴ്ചയായി മാറുകയായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഗിരീഷ് കാവാലം