ദേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് ഇവിടെ വന്ന് പോക്രിത്തരം പറഞ്ഞാലുണ്ടല്ലാ….

രചന : സിന്ധു കെ.വി

ഓൺ ‘ ലൈൻ’

******************

രാവിലെ അടുക്കളയിൽ വൻ യുദ്ധത്തിലായിരുന്നു അമ്മിണി, രാത്രി കുടിച്ച് കുന്തം മറിഞ്ഞ് വീട്ടിലെത്തിയ കെട്ട്യോൻ പിറ്റേന്നത്തേക്കുള്ള മെനു പറഞ്ഞേൽപ്പിച്ചിട്ടാ കട്ടിലിലേക്ക് വീണ് ബോധം കെട്ടത്,

‘രാവിലെ കഴിക്കാൻ ഇടിയപ്പോം മുട്ടക്കറീം,

ഉച്ചയ്ക്കത്തേക്കിന് ചോറും അവിയലും സാമ്പാറും ഇഞ്ചിക്കറീം..’

പറയുന്നത് കേട്ടാൽ തോന്നും അയാൾ പണി ചെയ്ത് കാശ് അവരെ ഏൽപ്പിച്ചിട്ടാണെന്ന്,

ഇത്, വൈകുന്നേരം കുടിക്കാനുള്ള കാശ് വരെ അമ്മിണി അന്യന്റെ അടുക്കളപ്പണി ചെയ്ത് സമ്പാദിക്കണം. എന്നാലും രാത്രി കുടിച്ചു വന്നാൽ അയാൾ അവർക്ക് കിടക്കപ്പൊറുതി കൊടുക്കാറില്ല

കുടിച്ചില്ലേൽ ആള് വെറും പൂച്ചയാ, അപ്പൊ അമ്മിണിയെ പേടിയും ബഹുമാനവും സ്നേഹവുമൊക്കെയാ, പണിയൊന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കുന്ന അയാൾക്ക് ചെല്ലും ചെലവും കൊടുക്കുന്നുണ്ടല്ലോ…

പക്ഷെ മൂവന്തിക്കു നിർബന്ധിത ജല സേവനം കഴിഞ്ഞാൽ കാര്യങ്ങളാകെ തിരിയും, പിന്നെ ഭാര്യയുടെ ചെലവിൽ കഴിയുന്ന അയാളുടെ ഈഗോയും കോംപ്ലക്സുമൊക്കെ മുഴുത്ത പ്രഹരങ്ങളായി അമ്മിണിയുടെ മേൽ വർഷിക്കപ്പെടും.

‘കാശുകൊടുത്തിട്ടല്ലേ കുടിക്കുന്നതെ’ ന്നു ചോദിച്ചാൽ, പട്ടിണി കിടക്കുന്നവനു പച്ചവെള്ളം വാങ്ങിക്കൊടുക്കാനാളില്ലേലും കുടിക്കാൻ കാശില്ലാതിരിക്കുന്ന കുടിയന് ‘വെളളം’ വാങ്ങിക്കൊടുക്കാനാളുണ്ടാവും. അതും കുടിച്ചേച്ചു വന്ന് ‘കണ്ടവന്റെ ഔദാര്യത്തിൽ’ കുടിക്കേണ്ടി വന്ന് തന്റെ അഭിമാനം കളഞ്ഞതിനു കാരണക്കാരിയായ ഭാര്യയ്ക്ക് അന്ന് ഇരട്ടി വീതത്തിൽ താണ്ഢനമേൽക്കേണ്ടിയുംവരും. അതു കാരണം പണി കഴിഞ്ഞു വരുന്ന വഴി തന്നെ കെട്ടിയോന്റെ വിഹിതം കൈയ്യോടെ ഏൽപ്പിച്ചേക്കും അമ്മിണി.

പകലത്തെ ‘പൂച്ച’ യെ നമ്പാൻ കൊള്ളാത്ത കാരണം രാത്രിയിലെ ഓർഡറുകളൊക്കെ വേവിച്ചു പാത്രത്തിലാക്കുന്ന തിരക്കിലായിരുന്നു അമ്മിണി,

ഇനി അതുണ്ടാക്കി വെച്ചില്ലേൽ രാത്രി കുടിച്ചു വന്ന് അതിനുള്ള താങ്ങ് കൂടി കൊള്ളേണ്ടി വരുമല്ലോ എന്ന് പേടിച്ച് വെളുപ്പിനേ എഴുന്നേറ്റ് പാചകത്തിലേർപ്പെട്ടതാണവർ. വീട്ടിലെ പണി തീർത്തിട്ടു വേണം കുളിച്ചൊരുങ്ങി ജോലിക്കുപോവാൻ. പലയിടത്തായി പല സമയത്തായി പത്ത് പന്ത്രണ്ട് വീടുകളിൽ ജോലിയെടുക്കുന്നുണ്ട് എന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണവർ.

സാമ്പാറിന് കടുകു കൂടി വറുത്തിട്ട് പാചകയജ്‌ഞം അവസാനിപ്പിച്ചപ്പോഴാണ് വീടിനു പുറത്തു നിന്നൊരു ശബ്ദം

” അതേയ് ഇവിടാരൂല്ലേ?”

നാഴീം ചിരട്ടേം കണക്കേ നാലു പെൺകുട്ടികളെ നിരത്തി നിർത്തി ഒരു സ്ത്രീ ചോദിക്കുന്നതു കേട്ടാണ് അമ്മിണി വീട്ടുവാതിൽക്കലേക്കെത്തിയത്.

“ആരാ മനസ്സിലായില്ല?”

” എനിക്കു റാംദാസിനെ കാണണം”

” റാം ദാസോ… അതാരാ?”

” ഇതാണാളുടെ വീടെന്ന് ഗൂഗിൾ പറഞ്ഞല്ലോ”

” ശെടാ അതാരാ അങ്ങിനെ പറയാൻ…?

ആരായാലും നിങ്ങളെ അവരു പറ്റിച്ചതാ, ഇത് ഞങ്ങൾട വീടാ… വാടകയ്ക്കാണേലും സ്വന്തം പോലാ, പത്തു കൊല്ലത്തിനു മേലായി ഇവിടത്തന്നെ താമസം. ഞങ്ങക്കു മുമ്പേ ആ പേരുള്ള ആരേലും താമസിച്ചോ എന്നറിയത്തില്ല കേട്ടാ”

അമ്മിണി അവരെ പറഞ്ഞു വിടാൻ തിരക്കുകൂട്ടി,പക്ഷെ വന്നവർക്കു പോകാൻ ഒരു തിടുക്കവുമുണ്ടായില്ല..

” ഗൂഗിള് കള്ളം പറയത്തില്ല ഇത് തന്നെ വീട്,

നിങ്ങള് ആളെ വിളിക്ക്”

” ദേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് ഇവിടെ വന്ന് പോക്രിത്തരം പറഞ്ഞാലെണ്ടല്ലാ… ഞാൻ മര്യാദ ഭാഷയ്ക്ക് കാര്യം പറഞ്ഞ് ഇനി ചൂലെടുക്കണോ?”

അമ്മിണിക്കു വിറഞ്ഞു കയറി.

അവരുടെ ഭാവമാറ്റം കണ്ടു പേടിച്ച സ്ത്രീ ഫോണെടുത്ത് ആരെയോ വിളിച്ചു.

അകത്തു നിന്നും ബെല്ലടി ശബ്ദം ഉയർന്നപ്പോൾ ആശ്വാസത്തോടെ അവർ അമ്മിണിയെ നോക്കി.

അമ്മിണി അകത്ത് ചെന്ന് സംശയത്തോടെ ഫോണെടുത്തു

” ഹലോ ഇത് ഞാനാ ഇത് തന്നാ റാംദാസിന്റെ ഫോൺ”

വാതിക്കലെ സ്ത്രീയുടെ സ്വരം ഫോണിലൂടെ കേട്ട നടുക്കത്തിൽ അവർ വേഗം വാതിൽക്കലെത്തി.

” ഇപ്പ മനസ്സിലായാ ഞാൻ ചുമ്മാ പറഞ്ഞതല്ലെന്ന്, വാ പിള്ളാരെ ഇനി മുതൽ ഇതാ നമ്മടെ വീട്” അവർ അമ്മിണിയെ അവഗണിച്ച് കുട്ടികളുമായി വീട്ടിൽക്കയറി.

അപ്പോഴേക്കും സംഗതികളുടെ കിടപ്പുവശം ഏതാണ്ടൊക്കെ മനസിലാക്കിയ അമ്മിണി അകത്തെ മുറിയിലേക്കോടി അവിടെ കട്ടിലിൽ ഉടുതുണി പുതച്ചുറങ്ങുന്ന കെട്ട്യോനെ ചൂണ്ടി തന്റെ പുറകെയെത്തിയ സ്ത്രീയോടു ചോദിച്ചു

“ഇതാണാ നിങ്ങളു പറഞ്ഞ മൊതല്..? ഇയാൾട പേര് റാംദാസെന്നൊന്ന്വല്ല, രാമദാസൻന്നാ”.

മൂന്നാം കൊല്ലവും എട്ടാം ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഒറ്റപ്പുത്രന്റെ ഓൺ ലൈൻ ക്ലാസ്സിനു വേണ്ടി ലോണെടുത്തു വാങ്ങിയ ഫോൺ ഇങ്ങനെ ഒരു പാരയാവുമെന്ന് സ്വപ്നേപി അമ്മിണി വിചാരിച്ചില്ല.

ഉടുതുണിയാൽ മുഖമടക്കം മൂടി ചുരുണ്ടു കിടന്നുറങ്ങുന്ന ആളിൽ ‘റാംദാസിനെ’ കണ്ടെത്താനുള്ള ശ്രമത്തിലേർപ്പെട്ടിരുന്ന സ്ത്രീയോട് അമ്മിണിക്ക് സഹതാപവും ദേഷ്യവും ഒരുമിച്ചു തോന്നി,

‘ഇവൾക്ക് വേറെ ആരേം കിട്ടിയില്ലേ പ്രേമിക്കാൻ, അല്ല ഇതിനി പ്രേമവും അതിന്റെ പിന്നാലെയുള്ള ഇറങ്ങിപ്പോക്കും തന്നാണോ…?’

എന്തായാലും ഇറങ്ങിപ്പുറപ്പെട്ട് വന്നവളോട് തന്നെ സംശയം തീർക്കാം എന്നു വിചാരിച്ച് ചോദിച്ചു

“ഇത് തന്നെയാണോ നിങ്ങളുദ്ദേശിച്ച ആള്?”

“ആളെ ഞാൻ നേരെ കണ്ടിട്ടില്ല, ഫോണിൽ ഫോട്ടോ അയച്ചു തന്നിട്ടുണ്ട്. പക്ഷെ മുഖം മൂടി കിടക്കണ കാരണം മനസ്സിലാവണില്ല” അവർ നിസ്സഹായയായി.

“അതേയ് നിങ്ങളെങ്ങനെയാ ഇങ്ങേരെ പരിചയപ്പെട്ടത് ?”

അമ്മിണി ക്രോസ് വിസ്താരം ആരംഭിച്ചു.

” ഫെയ്സ്ബുക്കിക്കൂടി”

അവർ അമ്മിണിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കി സഹകരിച്ചു.

“പലചരക്ക് കടേല പറ്റുബുക്കല്ലാണ്ട് ഈപ്പറഞ്ഞ ബുക്കൊന്നും ഇങ്ങേർക്കില്ല, ജോലി എന്താന്ന് പറഞ്ഞ്?”

“എഞ്ചിനീയറാണെന്നാ പറഞ്ഞത്”

“ആ.. പഷ്ട്ട്, സ്വിച്ചിട്ടാൽ വെളിച്ചം തന്ന ബൾബിനോടെള്ള അത്ഭുതം മാറിയിട്ടില്ല ഇതുവരെ അയാക്ക്, അല്ല നിങ്ങ എന്തിനാ ഇപ്പ ഇങ്ങേര തിരക്കി വന്നത്? വീട്ടീന്നെറങ്ങിപ്പോന്നതാണാ?”

“അതെ, റാംദാസ് പറഞ്ഞിട്ടാ”

” എന്തു പറഞ്ഞ്?”

” വീട്ടീന്നെറങ്ങിപ്പോന്നാ പൊന്നുപോലെ നോക്കിക്കോളാന്ന്”

” എന്നെ വെറുതെ ചിരിപ്പിക്കല്ലേ പെണ്ണെ, എന്റെ അവസാന തരി പൊന്നും വിറ്റുതുലച്ചിരിക്കണവനാണ് നിന്നെ പൊന്നുപോലെ നോക്കാമ്പോണത്, കഷ്ടം. അല്ല നിനക്ക് വീടും വീട്ടുകാരും കെട്ട്യോനുമൊന്നുമില്ലേ?”

” ഉണ്ട്’

” പിന്നെന്തിനാ ഇങ്ങനൊരലവലാതീട വാക്കും കേട്ടിറങ്ങിപ്പോന്നത്?”

” ബോറടിക്കാൻ തുടങ്ങി, മടുത്തു എനിക്കങ്ങേരെ, ഒരു പഴഞ്ചൻ ഭർത്താവ്”

” ആഹാ ആളു കൊള്ളാല്ലോ…

ബോറടിക്കുമ്പ, ബോറടിക്കുമ്പ ആളെ മാറ്റാൻ ഇതെന്താ കാശുകൊടുത്തു മേടിക്കണ സാധനോ മറ്റോ ആണാ ഭർത്താവ്?”

അമ്മിണിക്ക് അവരാപ്പറഞ്ഞതത്ര ദഹിച്ചില്ല

” എന്റെ പൊന്നു ചേച്ചി കാശുകൊടുത്തു വാങ്ങിക്കാനാണേൽ നല്ലതു നോക്കി വാങ്ങിച്ചൂടെ …

ഇതൊരുമാതിരി… അറുപഴഞ്ചൻ മനുഷ്യൻ, fbൽ അക്കൗണ്ടുണ്ടേലും എന്റെ ഫോട്ടോയ്ക്ക്‌ ലൈക്കോ കമന്റോ ഒന്നും തരില്ല, പക്ഷെ ഈ റാംദാസുണ്ടല്ലോ ഞാൻ ഫോട്ടോ ഇടുന്നതിനു മുന്നേ എനിക്ക് ലൈക്കും കമൻറും തരും എപ്പോഴും എപ്പോഴും പുതിയ ഫോട്ടോയിടാൻ പ്രോത്സാഹിപ്പിക്കേം ചെയ്യും

എന്തൊരു പുരോഗമനചിന്താഗതിക്കാരനാ”

” തന്നെ തന്നെ… ആ പുരോഗമനമാണല്ലാ ഞങ്ങളിപ്പനാലു നേരോം പുഴുങ്ങി തിന്നണത്.”

അമ്മിണി നെടുവീർപ്പിട്ടു.

ഇത്രയൊക്കെ ഒപ്പിച്ചു വച്ചിട്ട് ഒന്നും സംഭവിക്കാത്തതു പോലെയുള്ള കെട്ട്യോന്റെ കിടപ്പു കണ്ടപ്പോൾ അമ്മിണിക്ക് ദേഷ്യം സഹിക്കാതായി.

‘പച്ചക്കാമദേവൻ കിടക്കുന്ന കിടപ്പു കണ്ടില്ലേ’

അവർ അയാൾക്കിട്ട് ഒരു തള്ളുവച്ചു കൊടുത്തു.

ഭൂമി കുലക്കമാണെന്നോർത്തലറി വിളിച്ച് താഴെ നിന്ന് എഴുന്നേറ്റ അയാൾ മറ്റേതോ ലോകത്ത് എത്തപ്പെട്ടതുപോലെ എല്ലാവരേയും പകച്ചു നോക്കി.

അപ്പോഴാണ് റാംദാസിന്റെ കോലം കാമുകി കണ്ടത്.

” അയ്യേ…. ഇയാളൊന്നുമല്ല എന്റെ റാംദാസ്,

ആളുമാറിപ്പോയി, എന്റെ റാം നല്ല യംഗ് ആൻഡ് ക്യൂട്ടാ..”

” എന്റെ ദാസഞ്ചേട്ടനെന്താടി കൊഴപ്പം നീയിത്ര അയ്യേ വെക്കാൻ?”

കാര്യം പത്തു പൈസക്ക് ഉപകാരമില്ലെങ്കിലും മറ്റൊരുത്തി കെട്ട്യോനെ പുഛിച്ചത് ഒട്ടും ഇഷ്ടമായില്ല അമ്മിണിക്ക്.

” അയ്യോ… ഇത്ര പ്രായമില്ല എന്നു പറഞ്ഞതാ ചേച്ചി”

” നിന്റെ കൈയ്യിൽ ‘റാംദാസി’ ന്റെ ഫോട്ടോ വല്ലതും ഉണ്ടങ്കിൽ നോക്കട്ടെ”

പ്രതി ഭർത്താവല്ല എന്നറിഞ്ഞതിന്റെ ആശ്വാസത്തിൽ അമ്മിണി ഒന്നയഞ്ഞു.

“ഒണ്ടൊണ്ട്” പ്രണയിനി തന്റെ ഫോണിൽ നിന്ന് ഒരു ഫോട്ടോ പെട്ടെന്ന് തപ്പി എടുത്തു.

ഫോട്ടോ കണ്ട അമ്മിണിക്ക് ആളെക്കണ്ട് നല്ല പരിചയം തോന്നി. അപ്പോഴാണ് ഒറ്റപ്പുത്രൻ ഫോൺ ആവശ്യപ്പെട്ട് ഉറക്കച്ചടവോടെ മുറിയിലേക്ക് വന്നത്,

അവന് ഓൺ ലൈൻ ക്ലാസ്സ് തുടങ്ങാറായത്രേ.

അവന്റെ ക്ലാസ്സ് കഴിഞ്ഞാൽ പിന്നെ പാട്ടുകേൾക്കാനെന്നു പറഞ്ഞ് ഫോൺ അച്ഛൻ എടുക്കും, ഷാപ്പിലേക്ക് ഇറങ്ങുന്നതിനു മുമ്പ് മോനെ തിരിച്ചേൽപ്പിക്കുകയും ചെയ്യും, ഏത് കോലത്തിലാണ് മടങ്ങി വരവെന്നറിയില്ലല്ലോ. മോന്റെ ടീച്ചർമാരുടെ ഉപദേശ പ്രകാരം രാത്രി അവന്റെ കൈയ്യിൽ നിന്ന് നിർബന്ധമായി ഫോൺ വാങ്ങി വയ്ക്കും അമ്മിണി.

മുറിക്കുള്ളിലെ ജനക്കൂട്ടം കണ്ട് അന്തം വിട്ടു നിന്ന മകനെക്കണ്ടപ്പോഴാണ് ഫോണിൽ കണ്ട യഥാർത്ഥ റാംദാസിന്റെ മുഖം അമ്മിണിക്ക് പെട്ടെന്ന് കത്തിയത്, ഒരു ദിവസം മകൻ, താൻ പത്ത് കൊല്ലം കഴിഞ്ഞാൽ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞ് കാണിച്ചത് ‘ റാംദാസി’ നെ അന്വേഷിച്ചു വന്നവൾ കാണിച്ച ഫോട്ടോ തന്നെയായിരുന്നു.

അമ്മിണിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു,

‘ഓൺലൈൻ’ ക്ലാസ്സെന്നു പറഞ്ഞ് മകൻ മുറിയടച്ചിരുന്നത് അമ്മയുടെ പ്രായമുള്ള ഈ മറുതയുമായി ‘ലൈന’ടിക്കാനായിരുന്നല്ലേ, ഇനി ആരൊക്കെ അന്വേഷിച്ചു വരുമോ ദൈവമേ.

” എടാ സാമദ്രോഹി നിന്നക്കൂടി ജീവിക്കാൻ ഇറങ്ങി വന്നവളാ ഈ നിക്കുന്നത് ഞാനെന്താ വേണ്ടത്” അവർ സർവ്വ കുറ്റവും ഏറ്റപോലെ തലകുനിച്ചു നിൽക്കുന്ന മകനെ നോക്കി,

ഉത്തരമില്ലെന്നു കണ്ട് റാം ദാസിന്റെ’ യഥാർത്ഥ രൂപം കണ്ട് കിളിപോയ പ്രണയിനിയോട് അവസാന കൗണ്ടറടിച്ചു,

“എന്തായാലും ഇത്രയൊക്കെ ആയില്ലെ, അവന് കെട്ടാൻ പ്രായോകുമ്പ മൂത്ത മോളെക്കൊണ്ട് കെട്ടിക്കാ.. ഇപ്പ പോ…. ഒളിച്ചോട്ടം നാലാളറിഞ്ഞ് നാണക്കേടാക്കുന്നേനു മുന്നേ തിരിച്ച് വീട്ടീക്കേറാൻ നോക്ക് പെണ്ണുമ്പിള്ള”.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സിന്ധു കെ.വി


Comments

Leave a Reply

Your email address will not be published. Required fields are marked *