കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലിയുമാക്കി തന്നിട്ട് നിന്നെക്കൊണ്ട് കുടുംബത്തിന് എ, ന്തു ഗു, ണം എന്ന് അമ്മ പറയുന്നത് കേൾക്കുമ്പോൾ…

രചന : Bhadra Venugopal

ബസ്സിലെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന ശേഷമാണ് ഞാൻ അവളെ കണ്ടത്. കുറച്ചു നാൾ മുൻപ് ഒന്നിച്ച് ഒരു ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത ഒരു പരിചയം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

ചേച്ചി എന്ന വിളിയോടെ അവൾ കൈ പിടിച്ചപ്പോൾ ഓർമ്മയിൽ അവളുടെ പേരു പരതിക്കൊണ്ട്

( ഈയിടെയായി പേരുകൾ മറന്നു പോകുന്നു , എന്താണോ ആവോ? )

ചിരിയോടെ ഞാൻ ചോദിച്ചു ഒത്തിരി നാളായല്ലോ കണ്ടിട്ട് ? നേരത്തെ വല്ലപ്പോഴും ഒക്കെ ബസ്സ് സ്റ്റേഷനിൽ വെച്ച് കാണാറുണ്ടായിരുന്നു .

ഞാനിപ്പോൾ കോട്ടയത്താ ചേച്ചി , അതാ കാണാത്തത്? എന്റെ വിശേഷങ്ങളൊക്കെ അവൾ താൽപ്പര്യത്തോടെ ചോദിച്ചു. ഇപ്പോൾ എവിടെ പോയതാ ? ഒരു ഫിലിമിന് അവൾ പറഞ്ഞു .

ഒത്തിരിനാളായി ചേച്ചി ഞാൻ സിനിമയൊക്കെ തിയറ്ററിൽ കണ്ടിട്ട് , ഓഫീസിൽ ചിലരൊക്കെ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കാണണം എന്ന് തോന്നി. “ജയ ജയ… ” ഞാൻ അർദ്ധോഗതിയിൽ നിറുത്തി , ഉം. അവൾ തലയാട്ടി .

വീട്ടിൽ പല പ്രാവശ്യം പറഞ്ഞിട്ട് നടന്നില്ല .

ഇന്ന് ഒരു കൂട്ടുകാരിക്കൊപ്പം പോയി.

സിനിമ ഇഷ്ടമായോ?

എന്റെ ചോദ്യത്തിന് അവൾ പെട്ടെന്ന് മറുപടി പറഞ്ഞില്ല.

അവളുടെ കണ്ണുകൾ വിദൂരതയിൽ എന്തോ തിരയും പോലെ തോന്നി , ആ കഥ കുറേയൊക്കെ എന്റെ ജീവിതമാ ചേച്ചി , ചേച്ചിക്കറിയോ പെൺമക്കളോട് ഏറ്റവും വിവേചനം കാട്ടുന്നത് അമ്മമാർ തന്നെയാണ്. സിനിമയിലെ പോലെ എനിക്കും വീട്ടിൽ രണ്ടു വയസ്സിന് മൂത്ത ഒരു ചേട്ടനുണ്ടായിരുന്നു.

അവനെ അമ്മ രാജകുമാരനെപ്പോലെയാണ് നോക്കിയത് . പാലും മുട്ട പുഴുങ്ങിയതും വറുത്ത മീൻ കഷ്ണങ്ങളും ഒക്കെ ഒരുക്കി വെച്ച് അവനായി കാത്തിരിക്കും , അൽപ്പം മുളകോ എണ്ണയോ ബാക്കിയായതും മീൻ കറിയും എനിക്ക് ,

അവൻ അൽപ്പമെങ്കിലും മീൻ വറുത്തത് ബാക്കി വെച്ച് പോകണേ എന്ന് എത്രയോ ദിവസം പ്രാർത്ഥിച്ചിട്ടുണ്ട് . അന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ അമ്മയുടെ മകളല്ലേ എന്ന്.

അവൻ പഠിച്ച പുസ്തകങ്ങൾ , അവന്റെ പഴയ ഷർട്ടുകൾ , അവൻ പുതച്ച് പിഞ്ചിയ പുതപ്പ് ഇതൊക്കെയാണ് എനിക്ക്. അവൻ കഴിച്ച് ബാക്കി വെയ്ക്കുന്ന പാത്രത്തിലാവും മിക്കവാറും ഞാൻ കഴിക്കുക. അന്നൊക്കെ പുസ്തകം മാറിയാൽ മാത്രമാ എനിക്ക് പുതിയത് ഒന്ന് കിട്ടുക

പുതിയ ഒരു പുസ്തകം കിട്ടിയാൽ അത് നിവർത്തി ഒന്ന് മണക്കുക , എത്ര സന്തോഷമാണ് അത്

അന്നൊന്നും ഈ ആൺ പെൺ വിവേചനത്തെക്കുറിച്ച് അറിയില്ലായിരുന്നു. അല്ലെങ്കിൽ ഞാൻ എനിക്ക് ചുറ്റും കാണുന്ന എല്ലാ പെൺകുട്ടികളുടേയും അവസ്ഥ ഇതൊക്കെ തന്നെയായിരുന്നു.

സ്ക്കൂൾ വിട്ട് വന്നാൽ ഏട്ടൻ ചായ കുടിച്ച് കളിക്കാൻ പോകും , എനിക്കും ഒരുപാട് കൊതിയുണ്ടായിരുന്നു പക്ഷേ എനിക്ക് വീട് അടിച്ചു വാരലും വിളക്ക് തേച്ചു വെളുപ്പിക്കലും അയലത്തെ കിണറ്റിൽ നിന്ന് വെള്ളം കോരി നിറയ്ക്കലും ആടിന് തൂപ്പൊടിക്കലും അങ്ങനെ അന്തി കറുക്കും വരെ ജോലികൾ .

ചേച്ചി ഇങ്ങനെ ഒക്കെ അനുഭവിച്ചിട്ടുണ്ടോ? ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി .കാരണം ഞാൻ ഒറ്റ മകളായിരുന്നു. അതുകൊണ്ട് ആവശ്യത്തിലധികം കെയർ കിട്ടി വളർന്ന എനിക്ക് ബാല്യത്തിലെ ഇത്തരം നോവുകൾ ഒക്കെ തീരെ പരിചിതമല്ലായിരുന്നു. എന്റെ മകളോട് ഞാൻ ഈ വിവേചനം കാട്ടാറുണ്ടോ ?

ഞാൻ സ്വയം ചോദിച്ചു

“ഇല്ല , അവൾ കഴിഞ്ഞല്ലേ എനിക്ക് (അല്ല ഞങ്ങൾക്ക് )

മറ്റെന്തും ഉള്ളൂ.

ഒന്നു നിറുത്തിയ ശേഷം അവൾ തുടർന്നു സ്ക്കൂൾ ഫൈനൽ ഉയർന്ന മാർക്കോടെ ഞാൻ പാസ്സായി പ്രീഡിഗ്രിയും .

ഇടയ്ക്ക് ചില വിഷയങ്ങളൊക്കെ പോയി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ചേട്ടനും എനിക്കൊപ്പമായി. എന്നിട്ടും നല്ല മാർക്ക് വാങ്ങി പാസ്സായ എന്നെ മാറ്റി നിറുത്തി അവനെ പട്ടണത്തിലെ കോളേജിൽ ചേർത്തു.

അന്ന് ഞാൻ എത്രമാത്രം കരഞ്ഞെന്നോ?.

കുടുംബം നോക്കേണ്ടത് അവനാ , അവൻ പഠിച്ച് കണ്ണു തെളിയട്ടെ എന്നാണ് അമ്മ അന്ന് പറഞ്ഞത്.

ഒരു വർഷം ഞാൻ ടൈപ്പും തയ്യലുമായി നടന്നു.

നാട്ടിലുള്ള എന്റെ ഒരു അദ്ധ്യാപകൻ ഞാൻ ഡിഗ്രിക്ക് ചേർന്നില്ല എന്നറിഞ്ഞ് അച്ഛനെക്കണ്ട് വഴക്ക് പറഞ്ഞതിൽ പിന്നെയാണ് എന്നെ നാട്ടിലുള്ള ഒരു കോളേജിൽ ഡിഗ്രിക്ക് ചേർത്തത്. അതിനിടെ അവനായി വരുത്തുന്ന തൊഴിൽ വാർത്തയൊക്കെ വച്ച് ഞാൻ പഠിക്കാൻ തുടങ്ങി .

അങ്ങനെ ഡിഗ്രി കഴിഞ്ഞപ്പോഴേക്കും തന്നെ ജോലിയായി. അവൻ ഡിഗ്രി പൂർത്തിയാക്കിയില്ല.

ജോലിയായിക്കഴിഞ്ഞ് അധികം കഴിയും മുൻപേ വിവാഹം , പുള്ളിയും ഗവ. എംപ്ലോയി . ജീവിതം മാറുമെന്നും ഇഷ്ടങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും യാത്ര ചെയ്യാം എന്നും ഞാൻ വെറുതെ കൊതിച്ചു.

അതും ജലരേഖയായി .

അരലക്ഷം രൂപയിലേറെ ശമ്പളം വാങ്ങിയിട്ടും എനിക്ക് ഇഷ്മുള്ള അൽപ്പം വിലയുള്ള ഒരു സാരിയോ ചുരിദാറോ വാങ്ങാൻ പോയാലും വിലക്ക്

കിട്ടുന്നതു മുഴുവൻ തുണിക്കടയിലും വീട്ടിലും കൊടുത്തു തീർത്താൽ മതിയല്ലോ എന്ന്.

പുള്ളിക്കാരന്റെ ശമ്പളത്തിൽ ഏറെയും കൂട്ടുകാരുമൊപ്പം കറങ്ങാനും ബാറിലും ബാക്കി നാത്തൂന്റെ കുട്ടികളുടെ പഠിപ്പിനും (റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി വസ്തു വകകൾ വാങ്ങിക്കൂട്ടുന്ന അളിയന് കാശില്ല അത്രെ. )

ഒക്കെ യായി വകമാറ്റുമ്പോൾ ഞാൻ ഒന്നും ചോദിക്കാറില്ല.

വെളുപ്പിന് തുടങ്ങുന്ന പണിയാണ് , അതിനിടെ ന്യൂസ് പേപ്പർ ഒന്ന് ഓടിച്ച് നോക്കിയാലോ ഫോണിൽ ആരോടെങ്കിലും മിണ്ടിയാലോ കലിപ്പാണ് .

ഓഫീസിൽ പോകും വരേയും ഓഫീസിൽ നിന്ന് വന്ന ശേഷവും ചാനലുകൾ മാറ്റി ഫോണിൽ കുത്തി സമയം പോക്കുന്ന ആളാണ് പറയുന്നത്.

അതിനിടയിൽ കുട്ടികളുടെ പഠിത്തം പരീക്ഷ അസുഖങ്ങൾ അങ്ങനെ എന്തൊക്കെ പ്രശ്നങ്ങൾ..

വല്ലപ്പോഴും ഒരു തേങ്ങാ ചിരവിയാലോ , തുണി ഇസ്തിരിയിട്ടാലോ പിന്നെ ഒരു മാസം അതായി പറച്ചിൽ.

ഇതിലും മികച്ചതാണ് എന്റെ വീട്ടുകാർ , വീട്ടുചിലവിനും മരുന്നു വാങ്ങാനും ഒക്കെയായി നല്ലൊരു തുക ഞാൻ മാസാമാസം എത്തിച്ചു കൊടുക്കും , എന്നാലും അമ്മ പറയും കഷ്ടപ്പെട്ട് പഠിപ്പിച്ച് ജോലിയുമാക്കി തന്നിട്ട് നിന്നെക്കൊണ്ട് കുടുംബത്തിന് എന്തു ഗുണം എന്ന്? എനിക്ക് അതൊക്കെ കേൾക്കുമ്പോൾ ചിരി വരും.

കൂട്ടുകാരികൾ ഒക്കെ ചോദിക്കും നീ രക്ഷപ്പെട്ടല്ലോ എന്ന് , ശരിയാണ് ഇതൊക്കെയാണ് പെണ്ണിന്റെ രക്ഷപ്പെടൽ.

അവളുടെ കണ്ണുകൾ നനയുന്നുവോ , അതോ എന്റെ കണ്ണുകളാണോ?

എനിക്ക് ലോക വിവരം ഇല്ല എന്നു പറഞ്ഞ് പുള്ളിയും മക്കളും കളിയാക്കും.

ശരിയാ ചേച്ചി , എനിക്ക് ലോകവിവരമില്ല തീരെ ,

ക്രിക്കറ്ററിയില്ല ഫുട്ബാളറിയില്ല , അതിലെ കളിക്കാരെ അറിയില്ല. സിനിമാ താരങ്ങളെ തീരെ അറിയില്ല . പത്രം വായിക്കാനോ റ്റിവി കാണാനോ അഞ്ചുമിനിട്ട് ഇരിക്കാൻ എനിക്ക് പറ്റാറില്ല , കുട്ടികൾ അവരുടെ വിശേഷങ്ങൾ പറയാൻ വരുമ്പോഴേക്കും ഞാൻ പണിയെടുത്ത് തളർന്നിരിക്കും. കൈയ്യിൽ മൊബൈൽ ഉണ്ടെങ്കിലും അതിലെ പല കാര്യങ്ങളും അറിയില്ല. കൂട്ടുകാരോടൊപ്പം ഇടയ്ക്ക് ഒന്ന് പുറത്തു പോകാൻ ഫുഡ് കഴിക്കാൻ , ഒക്കെ ഒരു പാട് കൊതിയുണ്ട് . ഇന്ന് ഈ സിനിമ കാണാൻ പോയത് തന്നെ പേടിച്ചാണ് . പക്ഷേ ….

അവളൊന്ന് നിറുത്തി .

കുങ്ഫൂ പഠിക്കാൻ തീരുമാനിച്ചോ? ഞാൻ പെട്ടെന്ന് ചോദിച്ചു . അവൾ ചെറുതായി ചിരിച്ചു അതൊന്നും ഇല്ല ചേച്ചി . എന്നാലും ഇങ്ങനെ ജീവിച്ചാൽ പോര എന്ന തോന്നൽ സിനിമ ഉണ്ടാക്കി. ഇനി എത്ര വർഷം കൂടി നമ്മൾ ഉണ്ടാവും ഈ ഭൂമിയിൽ കുറച്ചു ദിവസമെങ്കിലും നമുക്കായി ജീവിക്കണ്ടേ?

ഇപ്പോൾ എനിക്ക് അൽപ്പം കോൺഫിഡൻസ് ഒക്കെ തോന്നുന്നു അവൾ ചിരിച്ചു.

അവൾ യാത്ര പറഞ്ഞ് ഇറങ്ങി പോയപ്പോഴും (പേര് എന്താണ് …?) അവൾ ബാക്കിയാക്കിയ ഒരു ചോദ്യം എന്റെ തലയ്ക്കുള്ളിൽ ചുറ്റിത്തിരിഞ്ഞു.

“ഇനി എത്ര നാളുണ്ടാവും ഈ ഭൂമിയിൽ ? കുറച്ചു ദിവസമെങ്കിലും നമുക്കായി ജീവിക്കണ്ടേ…?”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Bhadra Venugopal


Comments

Leave a Reply

Your email address will not be published. Required fields are marked *