അമ്മേ… അമ്മേ എന്ന് ഒരുപാട് തവണ വിളിച്ചു.. പക്ഷെ, പാവം എന്റെ അമ്മ മാത്രം ഒന്നുമറിഞ്ഞില്ല…

രചന : ശ്രുതി സൗപർണിക

അമ്മേ…

ഞാനിന്ന് സ്നേഹവാത്സല്ല്യങ്ങൾ നിറഞ്ഞു തുളുമ്പുന്ന ഒരുകൂട്ടം കാവൽമാലാഖമാർക്കു നടുവിലാണ്… പക്ഷെ എന്റെ അമ്മ കൂടെയില്ലല്ലോ എന്ന സങ്കടമാണിന്നെന്നെയേറെ അലട്ടുന്നത്…എങ്കിലും ഞാൻ അവർക്ക് മുന്നിൽ പുഞ്ചിരിയ്ക്കാൻ ശ്രമിക്കുന്നുണ്ട്… അവർ പലപ്പോഴും പറയാറുണ്ട് എനിക്ക് എന്റെ അമ്മയുടെ അതെ ചിരിയാണെന്ന്…

ഒരു ജീവന്റെ തുടിപ്പായി ആ ഉദരത്തിൽ പിറവിയെടുത്ത നാൾ തൊട്ട്, ഓരോ നിശ്വാസത്തിലും അമ്മയുടെ സ്നേഹം എന്തെന്നറിയുകയായിരുന്നു ഞാൻ… ഓരോ ശാരീരികാസ്വാസ്ഥ്യങ്ങളും മാനസികാസ്വാസ്ഥ്യങ്ങളും എന്നും അമ്മയെ അലട്ടുമ്പോഴും,

ആ സ്നേഹം കൂടിക്കൂടി വന്നത് ഞാനറിഞ്ഞു…

അമ്മയെ നേരിട്ട് കാണാനും ആ സ്നേഹലാളനങ്ങൾ നേരിട്ട് അനുഭവിച്ചറിയാനുമുള്ള നാളുകളെണ്ണിയാണ് ഞാൻ കാത്തിരുന്നത്..

അമ്മയെ കാണാനുള്ള തിരക്കിൽ ഞാൻ എന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചു.. ഒന്ന് ഇരിക്കാനോ നടക്കാനോ കിടക്കാനോ കഴിയാതെ ഉറക്കമില്ലാതെ തള്ളിനീക്കിയ അവസാനനാളുകളിൽ അമ്മ കരഞ്ഞപ്പോഴൊക്കെയും അമ്മയെ ഒരുനോക്ക് കാണാനുള്ള കൊതിയിൽ ഞാൻ സ്വാർത്ഥനാവുകയായിരുന്നു…

അമ്മ എന്നോട് പൊറുക്കണം…

പിന്നീട് ലേബർ റൂമിൽ ചിലവഴിച്ച നാല് ദിനങ്ങൾ,

ഓരോ നിമിഷങ്ങൾക്കും മണിക്കൂറുകളുടെ ദൈർഘ്യമായിരുന്നുവെന്ന് തോന്നി… പക്ഷെ അത്രെയും വേദന അനുഭവിച്ചിട്ടും,

ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗമില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ അമ്മ അനുഭവിച്ച പേടിയും,മാനസിക പിരിമുറുക്കവും ഇന്നും ഞാനോർക്കുന്നു..

അങ്ങനെ ശസ്ത്രക്രിയക്കായി, എന്റെ പിറവിക്കായ്, അമ്മയെ അവർ മയക്കി കിടത്തിയപ്പോൾ ആ അടിവയറ്റിന്നാഴങ്ങളെ അവർ മൂർച്ചയെറിയ കത്തിയാൽ കീറിമുറിച്ചപ്പോൾ,

എന്റെ ഇടനെഞ്ചു പിടഞ്ഞെങ്കിലും,

ഹൃദയമിടിപ്പിന് വേഗത കൂടിയെങ്കിലും, മറുഭാഗത്ത്‌ എന്റെ പൊന്നമ്മയെ ഒരു നോക്കു കാണാനുള്ള തിടുക്കമായിരുന്നു..

പക്ഷെ അപ്പഴേക്കും ഒരു കൈ വന്ന്, അമ്മയിൽ നിന്നുമെന്നെ അടർത്തി മാറ്റാൻ ശ്രെമിക്കുന്നതും ഞാനറിഞ്ഞു.. എന്തോ വല്ലാത്തൊരു ഭയം എന്നെ വരിഞ്ഞു മുറുക്കുന്ന പോലെ തോന്നി…!

എന്നെന്നേക്കുമായി ഞാനമ്മയിൽനിന്നും അകന്നു പോകുന്നപോലെ ഒരു തോന്നലായിരുന്നു…

അങ്ങനെ എനിക്ക് ജീവവായു നൽകിയിരുന്ന,

എന്നെ അമ്മയിൽ ചേർത്തു വെച്ചിരുന്ന ആ പൊക്കിൾക്കൊടി ആരോ മുറിച്ചു മാറ്റി…

പെട്ടെന്നെനിക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.. എങ്കിലും എന്റെ കണ്ണുകൾ അമ്മക്കായി പരതുകയായിരുന്നു…

ആരൊക്കെയോ എന്നെ അടിക്കുന്നു, തലകീഴായ് തൂക്കുന്നു എന്റെ മൂക്കിലും വായിലും എന്തൊക്കെയോ കേറ്റുന്നു… പാതി മയക്കത്തിലും വല്ലാത്ത വേദനയായിരുന്നു അമ്മേ.

ശ്വാസംകിട്ടാതെ പിടഞ്ഞ ആ നിമിഷങ്ങളിൽ ഞാൻ കണ്ടു, ഒന്നുമറിയാതെ എന്റെ കരച്ചിൽ പോലും കേൾക്കാനാവാത്ത അവസ്ഥയിൽ എന്റെയമ്മ വാടിത്തളർന്നു കിടക്കുന്നത്..

ഞാൻ അലറി കരഞ്ഞു…

അമ്മേ… അമ്മേ എന്ന് ഒരുപാട് തവണ വിളിച്ചു..

പക്ഷെ, പാവം എന്റെ അമ്മ മാത്രം ഒന്നുമറിഞ്ഞില്ല.. കുറേ യന്ത്രങ്ങൾക്കു നടുവിൽ ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞ അവസാന നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കി, ഇനിയെന്റെ അമ്മയിലേക്ക് ഒരു മടങ്ങിവരവില്ലെന്ന്, ആ മുഖം ഒന്ന് കാണാനോ, അമ്മ എനിക്കായ് കാത്തുവെച്ച ആ അമൃതൊന്നു നുകരാനോ, നേരിട്ട് അനുഭവിക്കാൻ ഞാൻ കൊതിച്ച ആ സ്നേഹം അനുഭവിക്കാനോ ഇനിയീ ജന്മം എനിക്ക് കഴിയില്ലെന്ന്..

പിടഞ്ഞ്, പിടഞ്ഞ് അവസാന ശ്വാസം വലിക്കുമ്പോഴും ഒരിക്കലെങ്കിലും അമ്മയെ ഒന്ന് കാണാൻ,

നെഞ്ചോടു ചേർത്തുപിടിച്ചു അമ്മ നൽകുന്ന ചുംബനമേറ്റുവാങ്ങാൻ, ഒരിക്കലെങ്കിലും ആ പാലിന്റെ മാധുര്യമൊന്നു നുണയാൻ എന്റെ ഹൃദയം പിടച്ചിരുന്നു അമ്മേ…

എന്റെ കണ്ണുകൾ എന്നന്നേക്കുമായി അടയുമ്പോഴും,എന്റെ മിഴികൾ പരതിയത് അമ്മയേക്കാണാനായിരുന്നു.. എന്റെ ശരീരത്തിലേക്ക് തിരിച്ചു കയറാൻ ഞാനൊരുപാട് ശ്രെമിച്ചെങ്കിലും എല്ലാം വിഫലമായി. ആ ശരീരത്തിൽനിന്നും വെറുമൊരു ആത്മാവായി ഞാൻ വലിച്ചെറിയപ്പെടുകയായിരുന്നു…

എന്നിട്ടും അമ്മയെ വിട്ടുപോവാനാവാതെ ഞാനാ ആശുപത്രിക്കുള്ളിൽ തന്നെ കുറെ ദൂരം അലഞ്ഞു നടന്നു.. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ജീവനില്ലാത്ത എന്റെ കുഞ്ഞു ശരീരം നെഞ്ചോടു ചേർത്തു പിടിച്ച്, ഒന്നലറി കരയാൻപോലുമാവാതെ എന്റെയമ്മ നെഞ്ചുപൊട്ടി കരയുന്നത് ദൂരെ നിന്നും നോക്കി നിൽക്കാനേ എനിക്കായുള്ളൂ.. ആ ചേതനയറ്റ ശരീരം ബലമായി അടർത്തിമാറ്റി കൊണ്ടുപോവുമ്പോൾ ദയനീയമായി അമ്മ നോക്കിയ ആ നോട്ടം, അന്ന് അമ്മയിൽനിന്നുമടർന്നു വീണ ഓരോ തുള്ളി കണ്ണുനീരും ഇന്നുമെന്റെ ഹൃദയം പൊള്ളിക്കുന്നു…

അമ്മയിൽ നിന്നും അടർത്തി മാറ്റിയ ആ ജീവനറ്റ ശരീരം അവർ കൊണ്ട് പോവുമ്പോൾ ഞാൻ അതിനു പുറകെ പോയി, എങ്ങനെയെങ്കിലും തിരിച്ചാ ശരീരത്തിലേക്ക് കേറാൻ കഴിയുമോന്ന് വീണ്ടും വീണ്ടും ശ്രെമിച്ചെങ്കിലും എന്റെ പരിശ്രമങ്ങളെല്ലാം പാഴ്ശ്രമങ്ങളായി. എന്റെയാ ശരീരത്തെ ആരൊക്കെയോ ചേർന്നു ഒരു കുഞ്ഞു കുഴിയിൽ അടക്കം ചെയ്തു.

ഇനിയെനിക്കൊന്നിനും കഴിയില്ലെന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും അമ്മയുടെ അടുത്തേക്കോടി.. ഉറക്കെ കരഞ്ഞാൽ ആ അടിവയറ്റിലെ തുന്നിചേർത്ത മുറിവ് പൊട്ടുമെന്ന ഭയത്താൽ അമ്മയെ ഒന്ന് കരയാൻ പോലും അനുവദിക്കാതെ ആരൊക്കെയോ അമ്മയെ വിലക്കുകയും അശ്വസിപ്പിക്കാൻ ശ്രെമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.. അപ്പഴും കട്ടിലിൽ ഒന്നനങ്ങാനൊ മനസുതുറന്ന് കരയാനോ കഴിയാതെ എന്റെയമ്മ വിങ്ങിപ്പൊട്ടുവായിരുന്നു..

ഭൂമിയിലെ എന്റെ സമയം അവസാനിക്കാറായിരുന്നു…

അമ്മയുടെ അടുത്തേക്ക് അടുക്കാൻ ശ്രെമിക്കുന്തോറും എന്നെയാരോ പുറകോട്ടു വലിക്കുന്നു..

ഞാൻ അകലേക്ക്‌ അകലേക്ക്‌ പോവുന്നത് പോലെ.. അങ്ങനെ അകന്ന് അകന്ന് ഞാനങ്ങ് ദൂരെ ഒരു ലോകത്തേക്ക് പോയി.. ഈ ലോകത്തിരുന്ന് ഇന്നും ഞാനെന്റെ അമ്മയേ കാണുന്നുണ്ട്..

എനിക്ക് പകരം അമ്മക്ക് ഒരു ഉണ്ണി വന്നപ്പോൾ അമ്മയെന്നെ മറക്കുമോന്ന് ഞാനൊത്തിരി ഭയന്നു,

പക്ഷെ ആ ഉണ്ണിയെ സ്നേഹിക്കുമ്പോഴും ആ ഉണ്ണിക്ക് വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും,അമ്മ എന്നെയോർത്തു വേദനിക്കുന്നത് കാണുമ്പോൾ അമ്മയുടെ മകനായി ജീവിക്കാൻ കഴിയാത്തതിൽ ഞാനൊരുപാട് വേദനിക്കുന്നു..

ആ ഉദരത്തിലല്ലാതെ ഇനിയൊരു ജന്മം എനിക്കുവേണ്ട… കോടാനുകോടി വർഷങ്ങളെടുത്താലും ഇനിയൊരു ജന്മമുണ്ടെങ്കിൽ അതു എന്റെ പൊന്നമ്മയുടെ മകനായി മാത്രം മതിയെനിക്ക്…

എന്റെ അമ്മ അറിയാൻ,

അങ്ങകലെ… എന്നും അമ്മയെ നോക്കി, ആ നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിന്നും അമ്മയുടെ മാത്രം പൊന്നുമോൻ…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ശ്രുതി സൗപർണിക


Comments

Leave a Reply

Your email address will not be published. Required fields are marked *