എടീ… എനിക്ക് നിന്നേക്കാൾ വലുത് എന്റെ പെങ്ങന്മാർ തന്നെയാ. എനിക്ക് എന്തേലും ആവശ്യം വന്നാൽ അവരേ ഉണ്ടാവൂ…

രചന : ജിജി ബൈജു.

ചില കുടുംബങ്ങളിൽ..?

******************

“എടീ ഗീതൂ .. എന്റെ ടവൽ എവിടെ?? എത്ര നേരമായിട്ട് വിളിക്കുവാ നിന്നെ..!!

നീ ഇതെവിടെയാണ്?”

സുഭാഷിന്റെ വിളി കേട്ട് ഗീതു തോർത്തുമായി ഓടിവന്നു.

“അത് പുറത്ത് ഉണക്കാൻ വിരിച്ചിട്ടേക്കുവായിരുന്നു.

നിങ്ങൾക്ക് ചെന്ന് എടുത്തുകൂടെ? എല്ലാം ഞാൻ തന്നെ ചെയ്യണം എന്നുണ്ടോ?”

ഗീതു ചെറിയ പരിഭവത്തോടെയും ദേഷ്യത്തോടെയും ടവൽ സുഭാഷിന്റെ നേരെ നീട്ടി.

സുഭാഷ് ടവൽ തട്ടി പറിച്ചു കൊണ്ട് പറഞ്ഞു

“പിന്നെ നിനക്ക് ഇവിടെ എന്താ പണി.? ഏത് സമയവും ടിവി യുടെ മുമ്പിൽ ഇരിക്കുന്നത് കാണാം!!

അല്ലാതെയെന്ത് പണിയാണ് നീ ഇവിടെ ചെയ്യുന്നത്??”

“അതേ..ഞാൻ ടിവി യുടെ മുമ്പിൽ ഇരിക്കുന്നത് മാത്രം നിങ്ങളുടെ കണ്ണിൽ കാണുകയുള്ളൂ..

വേറെ ജോലി ഒക്കെ ചെയ്യാൻ ഇവിടെ വേലക്കാരിയെ വെച്ചിട്ടുണ്ടല്ലോ…!!!!അല്ലേ!!!??”

“നിന്നോട് തർക്കിച്ചു നിൽക്കാൻ എനിക്ക് സമയമില്ല..” ഇത്രയും മാത്രം പറഞ്ഞ ശേഷം സുഭാഷ് ദേഷ്യത്തോടെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.

ഗീതു ദേഷ്യത്തോടെ രാഹുലിന്റെ മുറിയിലേക്ക് ചെന്നു. മുറിയിൽ കയറിയതും പുതച്ചുമൂടി കിടക്കുന്ന രാഹുലിനെയാണ് കണ്ടത്. കോളേജിൽ പോകാനുള്ള സമയം ആയിട്ടും എഴുന്നേൽക്കാതെ കിടന്ന് ഉറങ്ങുന്ന രാഹുലിനെ കണ്ടതും ഗീതുവിന്റെ ദേഷ്യം കൂടി. അവൾ പുതപ്പു വലിച്ചു മാറ്റിക്കൊണ്ട് അവനു നേരെ തിരിഞ്ഞു. “കോളേജ് ഉണ്ടെന്നുള്ള ഒരു വിചാരവും ഇല്ലാ!!! ഇങ്ങനെ കിടന്ന് ഉറങ്ങിയാൽ മാത്രം മതി!! ഇന്ന് നീ എഴുന്നേൽക്കുന്നുണ്ടോ അതോ ലീവ് എടുക്കാൻ ആണോ പ്ലാൻ? ”

അമ്മയുടെ ഉയർന്ന ശബ്ദം കേട്ടതും പാതി തുറന്ന കണ്ണ് അമർത്തി തിരുമ്മിക്കൊണ്ട് രാഹുൽ എഴുന്നേറ്റ് ബെഡിൽ ഇരുന്നു.

എന്നിട്ട് അമ്മയുടെ കയ്യിൽ നിന്നും ആ പുതപ്പ് തട്ടിപ്പറിച്ചിട്ട് ഒന്നുകൂടെ പുതച്ചുമൂടി കിടന്ന് ഉറങ്ങി.

ഇത് കണ്ടതും ദേഷ്യം അടക്കിപ്പിടിച്ചുകൊണ്ട് ഫാനിന്റെ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം ഗീതു അടുക്കളയിലേക്ക് പോയി.

“അമ്മേ!!!! ഫാൻ!!!!!!!!” അസ്വസ്ഥനായി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

അടുക്കളയിൽ നിന്നും അമ്മയുടെ മറുപടി ഒന്നും ഇല്ലെന്ന് മനസിലായപ്പോൾ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു. ‘ഇന്ന് അച്ഛനുമായി വഴക്കിട്ട് കാണും! അതുകൊണ്ടാവും രാവിലെ തന്നെ ഇത്ര ദേഷ്യം!!

അല്ലെങ്കിലും അച്ഛനോടുള്ള വഴക്കിന്റെ ബാക്കി അനുഭവിക്കേണ്ടത് ഞാൻ ആണല്ലോ!!!

‘ എന്നൊക്കെ സ്വയം ചിന്തിച്ചുകൊണ്ട് അവൻ മൊബൈൽ എടുത്ത് സമയം നോക്കി. സമയം 6.30am എന്ന് കണ്ടതും 7.30am ക്ക് അലാറം സെറ്റ് ചെയ്തശേഷം ഫാൻ ഓൺ ആക്കി അവൻ വീണ്ടും പുതച്ചുമൂടി കിടന്നു.

‘അല്ലെങ്കിലും ഞാൻ ഇവിടെ ചെയ്യുന്നതൊന്നും ജോലി അല്ലല്ലോ!! ഈ ആണുങ്ങളുടെ വിചാരം അവർ മാത്രം പുറത്തുപോയി പണിയെടുക്കുന്നത്..ഞങ്ങൾ പെണ്ണുങ്ങൾ വീട്ടിൽ വെറുതെ ഇരിക്കുന്നു എന്നൊക്കെയാണ്!!! ഒരു ഗ്ലാസ്‌ പോലും എടുത്തു വെക്കാൻ സഹായിക്കില്ല!! എന്നിട്ട് ഓരോ ഡയലോഗും!!!’

എന്തൊക്കെയോ സ്വയം പിറുപിറുത്തുകൊണ്ട് അടുക്കളയിൽ പാത്രങ്ങൾ കഴുകുവായിരുന്നു ഗീതു

“എന്റെയോർമ്മയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ… എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ….” സ്വന്തം റിങ്ടോൺ കുറച്ചു സമയം ആസ്വദിച്ച ശേഷം ഗീതു കാൾ അറ്റൻഡ് ചെയ്തു.

ഗീതുവിന്റെ ഉറ്റസുഹൃത്തായ മിത്രയായിരുന്നു അത്.

പാത്രങ്ങൾ ഒക്കെ ഒന്ന് ഒതുക്കി അടുപ്പത്തു നിന്ന് സാമ്പാർ ഇറക്കി വെച്ച് ഗ്യാസ് ഓഫ്‌ ചെയ്തശേഷം ഗീതു ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി.

“എന്താടി നീ ഇത്ര രാവിലെ…?” ഗീതു ചോദിച്ചു

“നമ്മുടെ കൂടെ പഠിച്ച വിഷ്ണുവിനെ നിനക്ക് ഓർമ്മയില്ലേ..?

മിത്ര ഗീതുവിനോട് ചോദിച്ചു.”ഓർമയുണ്ട്..

അവനിപ്പോ എന്തുപറ്റി?”ഗീതു ആശ്ചര്യത്തോടെ ചോദിച്ചു.

“അവനൊന്നും പറ്റിയില്ല. അവനെ ഞാൻ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഒരു ഗെറ്റ് ടുഗെതർ പ്ലാൻ ചെയ്താലോ എന്ന് ചോദിച്ചു. നിന്റെ നമ്പർ ഞാൻ അവനു കൊടുത്തിട്ടുണ്ട്. അവൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യും.. അതിൽ ഡീറ്റൈൽസും ഇടും.. അതൊന്ന് അറിയിക്കാൻ വിളിച്ചതാ…

“ഒക്കേ.. അവൻ ഡീറ്റെയിൽസ് ഇടട്ടെ..

നോക്കാം..”ഗീതു പറഞ്ഞു.

“പിന്നെ കഴിഞ്ഞ ദിവസം ഞാൻ നിന്റെ അമ്മയെ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു..” അത് പറയുമ്പോൾ മിത്രയുടെ ശബ്ദം ഇടറിയിരുന്നു. ഇത് കേട്ടതും ഗീതുവിന്റെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

കണ്ണുകൾ നിറഞ്ഞു..

മിത്ര തുടർന്നു.. “പാവം.. എന്നെ കണ്ടതും മിത്രമോൾ അല്ലേ.. മോൾക്ക് സുഖല്ലേ…

എന്നൊക്കെ ചോദിച്ചു.നീ അമ്മയുടെ അടുത്തേക്കൊന്നും പോകാറില്ല അല്ലേ…

എന്തെങ്കിലും വിശേഷം ഉള്ള ദിവസം മാത്രം വന്നു പോകുമെന്ന് പറഞ്ഞു.അമ്മ പറയുന്നുണ്ടായിരുന്നു.

എനിക്ക് നമ്മുടെ സ്കൂളിലെ ഓർമ്മകൾ ഒക്കെ മനസ്സിൽ വന്നു. നിന്നെ ഓരോ പരിപാടിക്കും അമ്മ കൊണ്ട് വരുന്നതും നിനക്ക് വേണ്ട സാധനങ്ങൾ വാങ്ങി തരുന്നതും എല്ലാം..നീ ഇടയ്ക്കൊക്കെ ഒന്ന് ചെന്ന് അമ്മയെ കാണണം..”

ഗീതുവിന്റെ യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. ഒന്നും പറയാൻ കഴിയാതെ അവൾ നിന്നു.

“ഗീതു … നീ കേൾക്കുന്നുണ്ടോ..?”

മിത്രയുടെ ചോദ്യം കേട്ടതും പെട്ടന്ന് അവൾ “മ്മ്..”

എന്ന് മൂളി.. “ഗീതൂ !!! നീയിതെവിടെയാ!!!!???”

സുബാഷ്‌ന്റെ വിളി കേട്ടതും എടി നിന്നെ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം അവൾ അകത്തേക്ക് പോയി.

കുളി കഴിഞ്ഞ് റെഡി ആയി ഭക്ഷണം കഴിക്കാനായി ഡൈനിങ് ടേബിളിന്റെ അടുത്ത വന്നപ്പോൾ ഭക്ഷണം കാണാഞ്ഞത്കൊണ്ട് ആയിരുന്നു സുഭാഷ് ഗീതുവിനെ വിളിച്ചത്. ഗീതു ദോശയും സാമ്പാറും കൊണ്ട് വന്നു വെച്ച് കൊടുത്തു. “ഇനി വിളമ്പാൻ പ്രത്യേകം പറയണമായിരിക്കും!!!!!” സുഭാഷിനെ കനത്ത ശബ്ദം കേട്ടതും ദേഷ്യം അടക്കിപ്പിടിച്ചുകൊണ്ട് ഗീതു ഭക്ഷണം വിളമ്പിക്കൊടുത്തു.

“അമ്മേ…. ഫുഡ്ഡ്!!!!” ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്

രാഹുൽകസേരയിൽ വന്നിരുന്നുകൊണ്ട് അമ്മയോട് പറഞ്ഞു!! “ആദ്യം പോയി കുളിക്ക് എന്നിട്ട് ഭക്ഷണം തരാം!!!” ദേഷ്യത്തോടെ ഗീതു പറഞ്ഞു..

“ഒക്കെ!! എങ്കിൽ ഞാൻ പോയി കുളിച്ചിട്ട് വരാം!!

എന്റെ ടവൽ എവിടെ!?” രാഹുലിന്റെ ചോദ്യം കേട്ടതും സുഭാഷ് ഗീതുവിനെ ഒന്ന് നോക്കി. “നീ അപ്പൊ അവന്റെ കാര്യവും നോക്കാറില്ലേ?? ഞാൻ കരുതി എന്റെ കാര്യം മാത്രമാണ് നിനക്ക് നോക്കാൻ മടിയെന്ന്!!” അത് കേട്ടതും ഗീതുവിന്റെ ദേഷ്യം വർധിച്ചു!!

“അത് പുറത്ത് അലക്കിയിട്ടിട്ടുണ്ട്!വേണേൽ പോയി എടുക്ക്!!” ഗീതു രാഹുലിനോട് പറഞ്ഞു!

‘അമ്മേടെ കലിപ്പ് ഇതുവരെ കുറഞ്ഞില്ലേ.. ‘

എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ടവൽ എടുത്ത് വീശി മൂളിപ്പാട്ടും പാടിക്കൊണ്ട് അവൻ ബാത്‌റൂമിലേക്ക് പോയി.

കഴിച്ചു കഴിഞ്ഞ ശേഷം സുഭാഷ് കൈ കഴുകാനായി എഴുന്നേറ്റു. ഗീതു പാത്രങ്ങൾ ഒക്കെ എടുത്ത് വെക്കുന്നതിന്റെ തിരക്കിലായിരുന്നു. പെട്ടെന്ന് മേശപ്പുറത്തു ഇരുന്ന സുഭാഷിന്റെ ഫോൺ റിങ് ചെയ്തു.

ഡിസ്പ്ലേയിൽ നോക്കിയപ്പോൾ സുഭാഷ്ന്റെ സഹോദരി സുമ ആയിരുന്നു അത്. ഗീതു കാൾ അറ്റൻഡ് ചെയ്തു. “ഹലോ..” എന്ന് പറഞ്ഞതും സുഭാഷ് ഫോൺ ബലമായി പിടിച്ചു വാങ്ങി.

“ഞാൻ ഉള്ളപ്പോൾ എന്റെ ഫോൺ ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം!!” എന്ന്പറഞ്ഞ ശേഷം സുഭാഷ് പുറത്തേക്ക് പോയി.

“എന്താ മോളെ…ചേട്ടൻ ചോദിച്ച കാര്യം അഭിയോട് സൂചിപ്പിച്ചായിരുന്നോ?..രണ്ട് ദിവസം കൂടെ ഉള്ളൂ..

എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാ…”

സുഭാഷ് ചോദിച്ചു.

“ചേട്ടൻ വൈകിട്ട് വീട്ടിലേക്ക് വായോ… അപ്പോൾ പറയാം!!”സുമ പറഞ്ഞു.

“ശെരി, ഞാൻ വരാം!!” എന്ന് പറഞ്ഞ ശേഷം സുഭാഷ് ഫോൺ കട്ട്‌ ചെയ്തു.

“എന്താ പെങ്ങളോട് ഒരു സ്വകാര്യം.. ഇന്നലെ ഞാനറിയാതെ സുധയെയും വിളിക്കുന്നുണ്ടായിരുന്നല്ലോ.

എന്നെക്കാൾ വലുതാണല്ലോ നിങ്ങൾക്ക് പെങ്ങന്മാർ അതുകൊണ്ടാണ് ഞാൻ ഒന്നും ചോദിക്കാത്തത്

ഗീതു പറഞ്ഞു!!

“അതേടി എനിക്ക് നിന്നെക്കാൾ വലുത് എന്റെ പെങ്ങന്മാർ തന്നെയാ. എനിക്ക് എന്തേലും ആവശ്യം വന്നാൽ അവരേ ഉണ്ടാവൂ. അല്ലാതെ നിന്റെ വീട്ടുകാർ ഒന്നും കാണില്ല.”സുഭാഷ് ദേഷ്യത്തോടെ പറഞ്ഞു.

ഇതും കേട്ടു കൊണ്ട് രാഹുൽ വന്നു.

“അച്ഛൻ അങ്ങനെ പറയരുത്..മാമന്മാരെ അച്ഛൻ ശത്രുക്കളെ പോലെ അല്ലേ കാണുന്നെ…!!

അച്ഛന് എന്തേലും ആവശ്യം വന്നാൽ അവർ സഹായിക്കും എന്ന് ഉറപ്പാണ്. പിന്നെ അച്ഛനെ പേടിച്ചിട്ടാണ് അവർ ഇങ്ങോട്ട് വരാത്തത് ” തല തോർത്തിക്കൊണ്ട് രാഹുൽ പറഞ്ഞു.

“എന്നെ പേടിക്കാൻ ഞാൻ എന്താ വല്ല ഭൂതവും ആണോ?

പെങ്ങളോട് സ്നേഹം ഉണ്ടെങ്കിൽ ആങ്ങളമാർ വരും.

ഇത്‌ ചുമ്മാ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വരാതിരിക്കുന്നു.വല്യ ജന്മിമാർ അല്ലേ?..

ശരിയാണ്.. എനിക്ക് അവരേ ഇഷ്ടമല്ല.

ഞാൻ എന്റെ പെങ്ങന്മാർക്ക് എന്ത് സഹായം ചെയ്താലും ഇവളെ ഓരോന്നും പറഞ്ഞു കൊടുത്ത് ഈ വീട്ടിൽ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയത് അവരാണ്.അവർക്ക് എന്ത് കാര്യം ഇരിക്കുന്നു എന്റെ ശമ്പളം ഞാൻ എന്ത് ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കാൻ!!!”അവര് തറവാട് ഒക്കെ ഭാഗം വെച്ചല്ലോ ഞാൻ എന്തെങ്കിലും ചോദിച്ചോ?

“നിങ്ങൾ പെങ്ങന്മാർക്ക് കൊടുക്കോ കൊടുക്കാതിരിക്കുകയോ ചെയ്തോ… അതിനിടക്ക് വെറുതെ പാവം എന്റെ ആങ്ങളമാരെ വലിച്ചിടണ്ട”.

ഗീതു ദേഷ്യത്തോടെ ശബ്ദം ഉയർത്തി പറഞ്ഞു.

“എടാ നീ ദോശ കഴിച്ചു കോളേജിൽ പോവാൻ നോക്ക്… അങ്ങേരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല!!

എല്ലാം കൈ വിട്ട് പോവുമ്പോൾ പഠിച്ചോളും..!

രണ്ടും കൂടി എത്ര ലക്ഷം ആണെന്നോ അടിച്ചു മാറ്റിയത്. എനിക്ക് ഇതൊന്നും അറിയില്ല എന്നാണ് വിചാരം. ചോദിക്കുമ്പോൾ കടം ആയി കൊടുത്തു എന്ന് പേരും. അതൊക്കെ കിട്ടാകടം ആണെന്ന് അറിയാൻ പോകുന്നേയുള്ളു..!!”എത്ര പറഞ്ഞിട്ടും ദേഷ്യം തീരാതെ ഗീതു പറഞ്ഞു കൊണ്ടേ ഇരുന്നു

“നീ ഇവിടെ കിടന്നു പറഞ്ഞു കൊണ്ടിരുന്നോ!!ഞാൻ പോകുന്നു!! ” എന്ന് പറഞ്ഞു കൊണ്ട് സുഭാഷ് ഇറങ്ങി. പിറകെ “അമ്മേ ഞാൻ പോകുന്നു!!”എന്ന് പറഞ്ഞു രാഹുൽ കോളേജിലേക്ക് പോയി.

രണ്ടു പേരും പോയതിനു ശേഷം ഗീതു പാത്രങ്ങൾ ഒക്കെ കഴുകി. വീട് വൃത്തിയാക്കിയ ശേഷം ടിവി ഓൺ ചെയ്തു ഭക്ഷണം കഴിക്കാൻ ഇരുന്നു.

ടീവിയിൽ സർവം സഹയായ ഭാര്യയുടെ കഥ പറയുന്ന സീരിയൽ കണ്ടതും ഇതിലും ഇത്‌ തന്നെയാണല്ലോ ദൈവമേ എന്ന് പറഞ്ഞു കൊണ്ട് ചാനൽ മാറ്റി.

ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി അലക്കാനുള്ള തുണി വാഷിംഗ്‌ മെഷീനിൽ ഇട്ട് വീണ്ടും ഹാളിൽ വന്നിരുന്നു.ടിവി കാണുന്നതിനിടയിൽ മിത്ര പറഞ്ഞ കാര്യം ഓർത്തു ഗീത പെട്ടെന്നു മൊബൈൽ എടുത്തു നെറ്റ് ഓൺ ചെയ്തു.

വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ

“ഓർമകൂട്ടായ്മ ” എന്ന പുതിയ ഗ്രൂപ്പിൽ അവളെ ആഡ് ചെയ്തിരിക്കുന്നു.

മിത്ര പറഞ്ഞ വിഷ്ണുവിന്റെ ഗ്രൂപ്പ്‌ ആണെന് അവൾക് മനസ്സിലായി. അവൾ ആദ്യം അതിലെ അംഗങ്ങളെ നോക്കി. അതിൽ മൂന്ന് നമ്പർ മാത്രമേ അവളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളൂ. മൊത്തം 17പേര് ഉണ്ടായിരുന്നു ആ ഗ്രൂപ്പിൽ. പലരെയും പ്രൊഫൈൽ പിക്ചർ നോക്കി അവൾ തിരിച്ചറിഞ്ഞു.

ഓരോരുത്തരെയും കാണുമ്പോൾ അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ആ ഗ്രൂപ്പ്‌ അവളെ അവളുടെ കലാലയത്തിലേക്ക് കൂട്ടി കൊണ്ടുപോയി. പെട്ടെന്നു അതിൽ അഡ്മിൻ വിഷ്ണുവിന്റെ വോയിസ്‌ മെസ്സേജ് വന്നു. അവൾ അത് ഓപ്പൺ ചെയ്തു.

ഹായ് മൈ ഡിയർ ഫ്രണ്ട്‌സ്

എല്ലാർക്കും സുഖമല്ലേ?

ഈ ഗ്രൂപ്പിന്റെ ഉദ്യമം നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ബാംഗ്ലൂരിലെ തിരക്കിട്ട ജോലിക്കിടയിലും എന്റെ മനസ്സിൽ എന്നും നിങ്ങൾ ഉണ്ടായിരുന്നു. കുറച്ചു പേര് മാത്രം ആയെ എനിക്ക് കോൺടാക്ട് ഉണ്ടായിരുന്നുള്ളൂ. അവരും ഞാനും ചേർന്നു ഈ ഗ്രൂപ്പിൽ 17പേരെ കണ്ടുപിടിച്ചിട്ടുണ്ട്.

ബാക്കി ഉള്ളവരുടെ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ഇടണം.

പിന്നെ , വരുന്ന 7 ന് ഞാൻ തിരിച്ചുപോകും.

അതിനുമുമ്പായി നാളെ വൈകിട്ട് നമുക്ക് കോളേജ് ക്യാമ്പസ്സിൽ ഒത്തു കൂടിയാലോ. ഇത് ഒരു തുടക്കം ആയി അടുത്ത കൂടിച്ചേരൽ ഡേറ്റും സ്ഥലവും തീരുമാനിച്ചു നമുക്ക് പിരിയാം.

അറിയാം എല്ലാവരും തിരക്കിൽ ആണെന്, സമയം ഇല്ലാത്തത് കൊണ്ടും എല്ലാവരെയും കാണാനുള്ള ആഗ്രഹവും കൊണ്ടാണ് പെട്ടെന്നു തീരുമാനിച്ചത്.

എല്ലാവരും അഭിപ്രായം അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വോയിസ്‌ കേൾക്കുന്നതിനിടയിൽ തന്നെ ഓരോരുത്തർ സമ്മതിച്ചു കൊണ്ടുള്ള സിമ്പൽസ് ഇടുന്നുണ്ടായിരുന്നു. കൂട്ടത്തിൽ മിത്രയും ഉണ്ടായിരുന്നു.

ഗീതുവിന് അത് കണ്ടപ്പോൾ എന്തോ എല്ലാവരെയും കാണാനും ഒരു ദിവസമെങ്കിലും ഈ വീട്ടു ജോലിയും തിരക്കുകളും ഒക്കെ മാറ്റി വെച്ച് പഴയ ആ കാലത്തിലോട്ട് പോകുവാൻ അവളുടെ മനസ്സും ആഗ്രഹിച്ചു

അവൾ നെറ്റ് ഓഫ്‌ ചെയ്തു സുഭാഷിനെ ഫോൺ ചെയ്തു. സുഭാഷ് ഫോൺ എടുത്തിട്ട് കടുപ്പിച്ചു ചോദിച്ചു,

“എന്താ പുതിയ വല്ല പരാതിയും ഉണ്ടോ?

ഈ നേരത്ത് വിളി പതിവില്ലല്ലോ!!”

അത് കേട്ടപ്പോൾ തന്നെ ഗീതുവിന് ഒന്നും പറയാതെ കട്ട്‌ ചെയ്യാനാണ് തോന്നിയത്. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ അവൾ കാര്യം പറഞ്ഞു..

” ചേട്ടാ ഞാൻ നാളെ വൈകിട്ട് കോളേജ് വരെ ഒന്നു പൊയ്ക്കോട്ടേ..?ഫ്രണ്ട്‌സ് ഒക്കെ വരുന്നുണ്ട് എല്ലാവരെയും കണ്ടിട്ട് ഒരുപാട് വർഷം ആയില്ലേ

ഞാൻ പോയിട്ട് വേഗം… ”

അവളുടെ വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ ” നീ എവിടെയും പോവാൻ നിക്കണ്ട!

ഇപ്പൊ കഴിയുന്നത് പോലെ തന്നെ കഴിഞ്ഞാൽ മതി!!!

പുതിയ കറക്കം ഒന്നും വേണ്ട.

നാളെ ഒന്നു പോയി,

പിന്നെ അവർ വിളിക്കുമ്പോ വിളിക്കുമ്പോ പോവാൻ നിക്കണം. നീ ഇല്ലെന്നു പറഞ്ഞേര്! വേണേൽ എന്റെ കുറ്റവും പറഞ്ഞോ നിന്റെ കെട്ടിയോൻ ഒരു ദുഷ്ടനാണെന്ന്. അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ തീ തിന്നു കൊണ്ട് ഇരിക്കുകയാ അതിനിടയിലാ അവളുടെ ഒരു…!! നീ ഫോൺ വെക്ക്!!!

സുഭാഷ് ദേഷ്യപെട്ടു.

“അല്ലേലും സമ്മതം ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ!

എനിക്കും അറിയാം മറ്റുള്ള ചില ഭാര്യമാരെ പോലെ സ്വയം തീരുമാനം എടുത്ത് പോവാനും വരാനും ഒക്കെ പക്ഷെ ഞാൻ നിങ്ങൾക്ക് ഒരു വില നൽകിയിട്ടുണ്ട്.

അതുകൊണ്ടാണ് സമ്മതിക്കില്ല എന്നറിഞ്ഞിട്ടും എല്ലാത്തിനും ഈ പിറകെ നടക്കുന്നത്. നിങ്ങളുടെ പെങ്ങളെ കഴിഞ്ഞ മാസം ഇതുപോലത്തെ പരിപാടിക്ക് നിങ്ങളല്ലേ കൊണ്ടുപോയി ആക്കിയത്..!”

ഗീത പറഞ്ഞു.

“അത് അവൾ തന്നിഷ്ടത്തിന് പോയതല്ല..

അവളുടെ ഭർത്താവിന്റെ സമ്മതപ്രകാരം ആണ് പോയത് “.

സുഭാഷ് പറഞ്ഞത് കേട്ടതും ഗീതു പരിഹാസത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.”അതേ സമ്മതപ്രകാരം തന്നെയാ പോയത്, സമ്മതിച്ചത് അവൾ പോയി വന്നു കാര്യം അവൻ അറിഞ്ഞതിനു ശേഷം ആണെന്ന് മാത്രം.

ഞാൻ അന്നു അഭിയെ വിളിച്ചിട്ടുണ്ടായിരുന്നു. അവൻ കാര്യം അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല.

ഞാൻ എന്തായാലും അവരോട് നാളെ വരും എന്ന് പറയാൻ പോവുകയാണ്”.

“നിനക്ക് അത്രക്ക് ധൈര്യം ആണെങ്കിൽ ചെയ്തു കാണിക്ക്!!” എന്ന് പറഞ്ഞു സുഭാഷ് ഫോൺ കട്ട്‌ ചെയ്തു.

ഗീത ഫോൺ മേശപ്പുറത്തു വെച്ചു ദേഷ്യത്തോടെ സോഫയിൽ കിടന്നു.

കുറച്ചു കഴിഞ്ഞു അവൾ ഫോൺ എടുത്ത് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു..

“ഹായ് ഡിയർസ്!!

എനിക്കും എല്ലാരേയും കാണണം എന്നുണ്ട്, പക്ഷെ നാളെ ഒരു കസിന്റെ മാര്യേജ് ആണ്.

നേരത്തെ പറഞ്ഞാലും എനിക്ക് നാളത്തെ ദിവസം വരാൻ പറ്റില്ലായിരുന്നു. നാളെ എന്തായാലും നിങ്ങൾ ഒത്തുകൂട്…

എന്നിട്ട് അടുത്ത ഡേറ്റ് ഗ്രൂപ്പിൽ ഇട്.ഞാൻ തീർച്ചയായും വരാം..”

മെസ്സേജ് അയച്ചതിനു ശേഷം നെറ്റ് ഓഫ്‌ ചെയ്തു ഫോൺ മേശപ്പുറത്ത് വെച്ച് അവൾ അടുക്കളയിലേക്ക് പോയി.

വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങിയ സുഭാഷ് ബേക്കറിയിൽ നിന്നും സുമയുടെ കുട്ടികൾക്ക് പലഹാരം വാങ്ങി. സുമയുടെ വീട്ടിലേക്ക് പോയി.

ഗേറ്റ് കടന്നു വാതിൽക്കൽ എത്തി കാളിങ് ബെൽ അടിച്ചു. സുമ വന്നു വാതിൽ തുറന്നു.

“ആ ചേട്ടാ..വരൂ കയറി ഇരിക്കൂ..”സുമ പറഞ്ഞു.

അപ്പോഴേക്കും മുറിയിൽ നിന്നും സുധയും എത്തി.

“ആ നീയും ഉണ്ടായിരുന്നോ ഇവിടെ..

നന്നായി..അപ്പൊ എനിക്ക് അവിടം വരെ വന്നു ബുദ്ധിമുട്ടണ്ടല്ലോ “എന്ന് പറഞു കയ്യിലെ കവർ മേശപ്പുറത്തു വെച്ച് കസേരയിൽ ഇരുന്നു.

സുമയും സുധയും പരിഭ്രമിച്ചു നിൽക്കുന്നത് കണ്ട സുഭാഷ് ചോദിച്ചു. ” നിങ്ങൾ എന്താ ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നത്.

സാധാരണ ഇങ്ങനെ അല്ലല്ലോ എന്നെ കണ്ടാൽ…എന്താ ആർക്കും ഒരു സന്തോഷവും ഇല്ലാത്തത്..!? ”

“ഒന്നും ഇല്ല ചേട്ടാ, ഞാൻ ചായ എടുത്തു വരാം”

എന്ന് പറഞ്ഞു സുധയെ ഒന്ന് നോക്കിയ ശേഷം സുമ അടുക്കളയിലേക്ക് പോയി. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായതുപോലെ സുധ സുഭാഷിന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു

“ചേട്ടന് ഞങ്ങളോട് ഒന്നും തോന്നരുത്..ചേട്ടൻ ഞങ്ങൾക്ക് തന്ന തുക ഇപ്പൊ തിരിച്ചു തരാൻ സാധിക്കില്ല

അതുകേട്ടതും സുഭാഷ് സങ്കടത്തോടെയും പരിഭ്രമത്തോടെയും പറഞ്ഞു

“മോളെ ചതിക്കല്ലേ, നിസ്സാര ക്യാഷ് ഒന്നും അല്ല 10 ലക്ഷം രൂപയാ..

നിങ്ങൾ അറിയാത്ത ഒരു കാര്യം കൂടി ഉണ്ട് എന്റെ വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാൻ നിങ്ങൾക്ക് പണം തന്നത്. കുറച്ച് മാസങ്ങൾ മാത്രമേ മുടങ്ങാതെ എനിക്ക് അടക്കാൻ പറ്റിയുള്ളൂ..

അറിയാലോ എന്റെ ഒരു വരുമാനത്തിൽ അല്ലെ എല്ലാം ചെയ്യുന്നത്. കൂട്ടത്തിൽ നിങ്ങളുടെ ഓരോ ആവശ്യങ്ങളും..അതൊന്നും ഞാൻ ഇപ്പൊ പറയുന്നില്ല..” സങ്കടം കൊണ്ട് സുഭാഷിന് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

അപ്പോഴേക്കും സുമ ചായയും കൊണ്ട് വന്നു.

ചായ സുഭാഷിന് നേരെ നീട്ടി..

“അവിടെ വെച്ചോ!!ഞാൻ പിന്നെ കുടിച്ചോളാം”

സുഭാഷ് പറഞ്ഞു.

സുമ ചായ ഗ്ലാസ്‌ മേശപ്പുറത്തു വെച്ചിട്ടു സുഭാഷിനോട് പറഞ്ഞു

“ചേട്ടൻ ഞങ്ങൾക്ക് തന്ന പണം കടമായിട്ടാണ് എന്ന് ഞങ്ങളുടെ ഭർത്താക്കന്മാർക് അറിയില്ല.

വീടുപണിക്കും ബിസിനസ്സിനും ഒക്കെ ചേട്ടൻ സഹായിച്ചത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോ കടം ആയാണ് തന്നതെന്നും ചേട്ടൻ തിരികെ ചോദിച്ചു എന്നും ഞങ്ങൾ എങ്ങനെയാ പറയുന്നേ…ഞങ്ങളുടെ വില ഇടിയില്ലേ…അല്ലേൽ തന്നെ അറിയാലോ അഭിയേട്ടന്റെ വീട്ടുകാരുടെ സ്വഭാവം…. ഇതും കൂടി അറിഞ്ഞാൽ അവരുടെ മുമ്പിൽ എനിക്ക് ഒരു വിലയും ഉണ്ടാവില്ല..അത് കൊണ്ട് ചേട്ടൻ ഞങ്ങളോട് ക്ഷമിക്കണം.”

“അപ്പൊ എന്റെ വീട്…….”സുഭാഷ് സങ്കടത്തോടെ ചോദിച്ചു.

“ചേട്ടനോട് ആരാ പറഞ്ഞെ വീട് പണയപ്പെടുത്താൻ…!!?? ഞങ്ങൾ ചോദിച്ചപ്പോൾ ഇല്ല എങ്കിൽ ഇല്ല എന്ന് പറയണം ആയിരുന്നു!!!

അല്ലാതെ ഈ പത്തു ലക്ഷം ഒക്കെ ഞങ്ങൾ എവിടുന്നു എടുത്തു തരാനാണ്!??”

സുധയുടെ മറുപടി കേട്ടതും വിഷമത്തോടെ സുഭാഷ് പറഞ്ഞു.

“അതേ മോളെ..നിങ്ങളോട് എനിക്ക് ഇല്ല എന്ന് പറയാൻ അറിയില്ല. നിങ്ങൾ ഓരോന്ന് ആവശ്യപ്പെടുമ്പോൾ അച്ഛനെയും അമ്മയെയും ഓർമ വരും..പെങ്ങമാരെ നല്ലവണ്ണം നോക്കണം എന്ന അവരുടെ വാക്കും..

അതിനു മുമ്പിൽ ഭാര്യയുടെ വാക്കിനു ഞാൻ ഒരു വിലയും കൊടുത്തില്ല. എന്റെ ഈ അവസ്ഥ അവൾ മുൻകൂട്ടി പ്രവചിച്ചതാണ്. പണത്തെക്കാൾ ഏറെ ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും എന്നെ സ്നേഹിക്കും എന്ന അമിത ആത്മ വിശ്വാസം അവളുമായുള്ള കലഹത്തിലേ അവസാനിക്കാറുള്ളൂ

“പിന്നെ ഞാൻ പണം തിരികെ ചോദിക്കാൻ വന്നത് ഗതി ഇല്ലാത്ത എന്റെ പെങ്ങന്മാരോട് അല്ല.

എനിക്ക് അറിയാം ഇപ്പോഴത്തെ സ്ഥിതിക്ക് നിങ്ങൾ രണ്ടാളും വിചാരിച്ചാൽ 10 ലക്ഷം എനിക്ക് ഈസി ആയി തരാൻ പറ്റും എന്ന്. നിങ്ങൾക്ക് കഴിവ് ഇല്ല എങ്കിൽ എന്റെ വീട് ജപ്തി ചെയ്തു പോയാൽ പോലും ഞാൻ പണം തിരികെ ആവശ്യപ്പെടില്ലായിരുന്നു.

ഇനി ഞാൻ ഇവിടെ ഇരിക്കുന്നതിൽ അർത്ഥം ഉണ്ടെന്നു തോന്നുന്നില്ല. കാരണം നിങ്ങൾ ആദ്യമേ തന്നെ ‘നോ’ പറഞ്ഞു.എത്ര നേരം ഇവിടെ ഇരുന്നാലും അത് ‘യെസ്’ ആവില്ല.

ചേട്ടൻ പോട്ടെ..നിങ്ങൾ വിഷമിക്കേണ്ട ചേട്ടൻ വേറെ അറേഞ്ച് ചെയ്യാം.. ഭാര്യയും മകനും ഉള്ളതല്ലേ അവരേ തെരുവിൽ ഇറക്കാൻ പറ്റില്ലല്ലോ!

അത് പറഞ്ഞപ്പോൾ സുഭാഷിന്റെ ശബ്ദം ഇടറി.

കസേരയിൽ നിന്നും എഴുന്നേറ്റ് പോകാൻ ഇറങ്ങി.

അപ്പോഴേക്കും സുമയുടെ മകൾ ക്ലാസ്സ്‌ കഴിഞ്ഞു അകത്തോട്ടു കയറിയപാടെ സുഭാഷിനെ കണ്ട സന്തോഷത്തിൽ അടുത്തേക്ക് ഓടിച്ചെന്നു കൊണ്ട് പറഞ്ഞു

” മാമ.. പറഞ്ഞത് ഓർമയുണ്ടല്ലോ എനിക്ക് ഐ ഫോൺ വാങ്ങി തരാം എന്നു പറഞ്ഞത് എനിക്ക് ഫുൾ A പ്ലസ് കിട്ടും.”

സുഭാഷ് അവളുടെ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.. “മോള് നന്നായി പഠിക്ക്. മാമൻ പിന്നീട് വരാം.” അത്രയും മാത്രം പറഞ്ഞു പുറത്തിറങ്ങി.

പിന്നാലെ ഒന്നും മിണ്ടാതെ എങ്ങിനെയെങ്കിലും സുഭാഷ് ഒന്നു പോയാൽ മതി എന്ന ഭാവത്തിൽ സുമയും സുധയും.

പുറത്തു ഇറങ്ങിയതും അഭിയുടെ കാർ ഗേറ്റ് കടന്നു വന്നു.

അഭി കാറിൽ നിന്നും ഇറങ്ങിയതും സുഭാഷിനെ കണ്ടപാടെ സന്തോഷത്തോടെ ഓടിവന്ന് കൈ പിടിച്ചു കൊണ്ട് ചോദിച്ചു.

” ചേട്ടൻ എപ്പോ വന്നു??ഞാൻ രാത്രി സുമയും ആയി അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു ”

ഒന്നും മനസ്സിലാവാത്ത പോലെ സുമ അഭിയെ നോക്കി.

അപ്പോഴേക്കും സുഭാഷ് പറഞ്ഞു..”അതിനെന്താ എപ്പോ വേണേലും നിങ്ങൾക്ക് അവിടെ വരാലോ..!!

ഞാൻ പോട്ടെ.”

അപ്പോൾ തന്നെ സുഭാഷിനെ തടഞ്ഞു കൊണ്ട് അഭി പറഞ്ഞു “ചേട്ടൻ കയറി ഇരിക്കൂ..എനിക്ക് ഒരു കാര്യം പറയാനുണ്ട്”.

‘ ഇങ്ങേർക്ക് ഇത്‌ എന്ത് പറ്റി? ഇന്നു ഞാൻ ഓഫീസിൽ നിന്നു വരുന്നതിനു മുമ്പ് തന്നെ ക്യാഷ് ഇല്ലെന്നും പറഞ്ഞു തിരികെ അയക്കണം..തമ്മിൽ കാണാനുള്ള സാഹചര്യം ഉണ്ടാക്കരുത് എന്ന് പറഞ്ഞു പോയ മനുഷ്യനാണ് ചേട്ടനെ ആനയിച്ചു വീണ്ടും അകത്തോട്ടു കയറ്റുന്നത്..’

സുമ മനസ്സിൽ ഓർത്തു

“ഞാൻ പോട്ടെ എനിക്ക് കുറച്ച് തിരക്കുണ്ട്..നിനക്ക് എന്താ പറയാനുള്ളത്?” സുഭാഷ് ചോദിച്ചു.

“അത് ചേട്ടൻ ഒന്നും തോന്നരുത്..എനിക്ക് പുതിയ ഒരു ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ട് ഒരു പത്തു ലക്ഷം രൂപ തരണം. കടമായിട്ട് മതി..

ബിസിനസ്‌ തുടങ്ങി രണ്ടു മാസത്തിനുള്ളിൽ തന്നെ എനിക്ക് തിരിച്ചു തരാൻ പറ്റും.

ചേട്ടൻ നോ പറയരുത്..

സുമയെ ഓർത്ത് എനിക്ക് തരണം.ചേട്ടന്റെ ക്യാഷ് കൊണ്ട് ബിസിനെസ് തുടങ്ങിയാൽ നല്ല ഐശ്വര്യം ആണ്.”

അഭി പറയുന്നത് കേട്ട് സുമയും സുധയും ഒന്നും അറിയാതെ നേരിയ ചമ്മലോടെ സുഭാഷിനെ നോക്കുമ്പോൾ സുഭാഷ് അവരേ രൂക്ഷമായി നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. അത് കണ്ടതും രണ്ടു പേരും പെട്ടെന്ന് ദൃഷ്ടി മാറ്റി.

“നീ എന്നോട് തന്നെയാണോ ക്യാഷ് ചോദിച്ചത്?

സുഭാഷ് ചോദിച്ചു.

“അതേ.. ചേട്ടൻ അത്ഭുതപെടണ്ട എന്റെ ബിസിനെസ് പാർട്ണർ രവി ഗീതു ചേച്ചിയുടെ ആങ്ങള ഹരിയുടെ കൂട്ടുകാരൻ ആണ്. അവൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്.

അവർ ഇന്നു ഗീതു ചേച്ചിയുടെ ഷെയർ അക്കൗണ്ടിൽ ഇട്ടു കൊടുത്തിട്ടുണ്ട് എന്ന്. ടൗണിൽ രണ്ടു കടമുറിയും പിന്നെ വീടിനടുത്തുള്ള ഒരേക്കർ റബ്ബർ തോട്ടവും ചേച്ചിക്കാണ് എന്നും പറഞ്ഞു.

ചേട്ടന്റെ കടo അറിഞ്ഞിട്ടാവും. ഇന്നു എന്തായാലും 30 ലക്ഷം രൂപ ചേച്ചിടെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. ചേട്ടൻ എങ്ങിനെ പ്രതികരിക്കും എന്ന് അറിയാത്തോണ്ട് വീട്ടിൽ വരുമ്പോൾ പറയാം എന്ന് ചേച്ചി വിചാരിച്ചു കാണും.”

ഇത്‌ കേട്ടതും അത്ഭുതത്തോടെയും സുഭാഷിനെ പിണക്കി വിടണ്ടായിരുന്നു എന്ന ഭാവത്തോടെയും സുമയും സുധയും ഒന്നും പറയാൻ ആവാതെ പരസ്പരം നോക്കി.

സുഭാഷ് അവരോടായി പറഞ്ഞു, “സ്നേഹിച്ചവർ കൈ വിട്ടാലും എന്നെ ദൈവം കൈ വിടില്ല എന്ന് എനിക്ക് മനസ്സിലായി. എങ്കിലും അത് ഗീതുവിന്റ പണം ആണ്. ചിലപ്പോൾ എന്റെ ദുഃഖവും ജപ്തിയും ഒക്കെ അവൾ അറിഞ്ഞിട്ടുണ്ടാവും. എങ്കിലും ഞാൻ ഉണ്ടാക്കിയ കടം ഞാൻ തന്നെ വീടാൻ ശ്രമിക്കും.

ഞാൻ പോകുന്നു. നിന്റെ ബിസിനസ്സിന് വേറെ പണം കണ്ടെത്തുന്നതായിരിക്കും ഉചിതം “എന്ന് പറഞ്ഞു അഭിയുടെ തോളിൽ തട്ടി കൊണ്ട് സുഭാഷ് ഗേറ്റ് കടന്നു പോയി.

സ്നേഹബന്ധത്തിനു ഒരു വിലയും കൽപ്പിക്കാതിരുന്ന മൂന്ന് പേർക്കും ഒന്നും മിണ്ടാതെ നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ

വീട്ടിലേക്ക് പോകാൻ കാർ ഡ്രൈവ് ചെയ്യുമ്പോഴും സുഭാഷിന്റ മനസ് നിറയെ ഗീതുവിന്റെ മുഖവും അവൾ എപ്പോഴും പറയാറുള്ള വാക്കുകളും ആയിരുന്നു. “കൂടപിറപ്പുകളോട് ഉള്ള സ്നേഹവും സഹായവും ഒക്കെ നല്ലത് തന്നെ..പക്ഷെ എപ്പോഴും അവനവന്റെ കൈ തന്നെ സ്വന്തം തലക്കും ഭാഗത്തു വെക്കണം!”

ചിന്തയിൽ നിന്നു ഉണർന്നപ്പോഴേക്കും വീട് എത്തി.

കാറിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു അകത്തേക്ക് കയറി. സാധാരണ കാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ പേടിച്ചിട്ട് ഗീതു ഓടിവരാറുണ്ട്.

ഇവൾ ഇത്‌ എവിടെ പോയി എന്നോർത്ത് കൊണ്ട് ഡോർ നോക്കിയപ്പോൾ ലോക്ക് ചെയ്തിട്ടില്ലായിരുന്നു.

അകത്തു കയറിയപ്പോൾ ടിവി ഓൺ ചെയ്തു കൊണ്ട് സോഫയിൽ കിടക്കുന്ന ഗീതുവിനെ കണ്ടു.

അവളെ ഉണർത്താതെ കുറെ നേരം അവളുടെ മുഖത്തേക്ക് സുഭാഷ് നോക്കി നിന്നു.

സ്നേഹത്തോടെ അവളെ ഒന്നു നോക്കിയിട്ട് ഒരുപാട് നാളുകൾ ആയി എന്ന് കുറ്റബോധത്തോടെ ഓർത്തുകൊണ്ട് റിമോട്ട് എടുത്ത് ടിവി ഓഫ്‌ ചെയ്തു.

അപ്പോൾ മേശപ്പുറത്തു ഇരിക്കുന്ന ഗീതുവിന്റെ മൊബൈലിൽ മെസ്സേജ് വന്നതിന്റെ ശബ്ദം കേട്ട് സുഭാഷ് ഫോൺ എടുത്ത് മെസ്സേജ് നോക്കി. ഓർമ കൂട്ടായ്മ എന്ന പുതിയ ഗ്രൂപ്പ്‌ കണ്ടപ്പോൾ ഗീതു ഉച്ചക്ക് പറഞ്ഞ കാര്യം ഓർത്തു മെസ്സേജ് ഓപ്പൺ ചെയ്തു.

“ഗീതു നീ വരാതിരിക്കരുത്.. കസിന്റെ കല്യാണം ഒക്കെ നീ തലേന്ന് പൊക്കോ.. ഇനി അടുത്തൊന്നും കൂടാൻ പറ്റില്ല..” വിഷ്ണുവിന്റെ മെസ്സേജ് ആയിരുന്നു.

തന്നോട് പോകും എന്ന് പറഞ്ഞെങ്കിലും അവൾ ഇല്ല എന്നാണ് ഗ്രൂപ്പിൽ ഇട്ടത് എന്ന് സുഭാഷിന് മനസ്സിലായി…

മെസ്സേജിന് റിപ്ലൈ ആയി ഞാൻ വരാം എന്ന് ടൈപ്പ് ചെയ്തതിനു ശേഷം നെറ്റ് ഓഫ് ചെയ്തു ഫോൺ മേശപ്പുറത്തു വെച്ച് ചുവരിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയുടെ അടുത്ത് പോയി പറഞ്ഞു

” അച്ഛാ അമ്മേ ഞാൻ ഇതുവരെയും നിങ്ങൾക്ക് തന്ന വാക്ക് പാലിച്ചു. ഞാൻ എന്റെ പെങ്ങമാർക്ക് ഒരു കുറവും വരുത്തിയില്ല പണവും സ്നേഹവും ഞാൻ ആവോളം കൊടുത്തു.

ഇനിയും അവരോട് എനിക്ക് എന്നും സ്നേഹം ഉണ്ടാവും. പക്ഷെ മുതലെടുക്കുന്ന സ്നേഹത്തിനു മുമ്പിൽ ഞാൻ അന്ധനാവില്ല.. ”

അത് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേൽക്കുന്ന ഗീതുവിനെ ആണ് കണ്ടത്. സുഭാഷിനെ കണ്ടതും ഞെട്ടലോടെ ഗീതു പറഞ്ഞു

“അയ്യോ ചേട്ടാ.. വന്നത് ഞാൻ അറിഞ്ഞില്ല..

ഉറങ്ങിപ്പോയി. ഞാൻ ഇപ്പോൾ ചായ എടുത്തു കൊണ്ടുവരാം.”എന്ന് പറഞ്ഞ ഗീതുവിനെ കൈ പിടിച്ചു സുഭാഷ് തന്നിലേക്ക് തിരിച്ചു ചേർത്ത് നിർത്തി..

അത്ഭുതത്തോടെ സുഭാഷിന്റ മുഖത്തേക്ക് നോക്കിയ അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി സുഭാഷ് അവളെ ചേർത്ത് പിടിച്ചു.

സന്തോഷവും സങ്കടവും സഹിക്കാൻ കഴിയാതെ ഗീതു സുഭാഷിനെ കെട്ടിപിടിച്ചു കരഞ്ഞു……

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ജിജി ബൈജു.


Comments

Leave a Reply

Your email address will not be published. Required fields are marked *