പതിവിലും സുന്ദരിയായിരുന്നു അവൾ അവളുടെ മു, ഖത്തുനിന്നും ക, ണ്ണെടുക്കാതെ നിന്ന അവനെ അവൾ ത, ട്ടിവിളിച്ചു

രചന: Rosily Joseph

കല്യാണം കഴിഞ്ഞു ദിവസങ്ങൾ ഏറെ ആയെങ്കിലും അശ്വതിക്ക് അരുണിനോട് അൽപ്പം പോലും സ്നേഹം ഉണ്ടായില്ല.

ഒരിക്കൽ ഒരുപാട് സ്നേഹിച്ച ആൾ കണ്മുന്നിലൂടെ മറ്റൊരു പെണ്ണിന്റെ കയ്യ് പിടിച്ചു പോകുന്നതുകണ്ടപ്പോൾ തകർന്നുപോയതാണ് അവളുടെ മനസ്സ്. ഇനിയൊരു ജീവിതം വേണ്ട എന്ന് പറഞ്ഞിരുന്നപ്പോഴാണ് അരുണിന്റെ ആലോചന കടന്നുവരുന്നത് . എല്ലാവർക്കും ഇഷ്ടമായി.

അശ്വതിക്ക് ഇഷ്ടമായോ ചെക്കനെ..

അരുണിന്റെ ഒരേയൊരു പെങ്ങളായ നിഷയുടെ ചോദ്യം കേട്ട് അവൾ ചിന്തകളിൽ നിന്നുണർന്നു.

മുൻപൊരിക്കൽ വന്നിരുന്ന ആലോചനയാണിത്. അന്ന് കറുത്ത നിറമാണ് ചെക്കനെന്നും പറഞ്ഞു ഒഴിവാക്കിവിട്ടു. ഇന്ന് വീണ്ടും വന്നിരിക്കുന്നു അതേ ആലോചന.

മോളേ മോൾക്ക് ഇഷ്ടമായോ ഞങ്ങൾ ഇതങ്ങു ഉറപ്പിക്കട്ടെ…

അമ്മയുടെ ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.

ഒന്നും മിണ്ടാതെ നിന്ന അവളോട്‌ പിന്നെയാരും ഒന്നും ചോദിച്ചതുമില്ല

അച്ഛനില്ലാത്ത പെൺകുട്ടി ആയതുകൊണ്ട് അമ്മയും അമ്മാവന്മാരും കൂടി ചേർന്ന് എല്ലാം ഉറപ്പിച്ചു. പിന്നീട് വേഗം വിവാഹം നടത്തി . എല്ലാം അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു അരുൺ അവളെ വിവാഹം ചെയ്തത്.

പരസപരം ഒരു ധാരണയിൽ എത്തിയില്ലെങ്കിലും അരുണിന്റെ കാര്യങ്ങൾ എല്ലാം അവൾ നോക്കിക്കണ്ടു ചെയ്തു. അവിടുത്തെ അമ്മയ്ക്കും അച്ഛനും അവളെ വല്യ ഇഷ്ടമായിരുന്നു.

ഒരുദിവസം അരുണ് ജോലികഴിഞ്ഞു വരുമ്പോൾ അശ്വതിയെ പുറത്തേയ്ക്കൊന്നും കണ്ടില്ല

അമ്മേ.. അമ്മേ…

എന്താടാ വിളിച്ചു കൂവുന്നേ ഞാനിവിടെ തന്നെയുണ്ട്

വെറുതെ വിളിച്ചതാ പുറത്താരെയും കണ്ടില്ല..

മ്മ് ഞാൻ അടുക്കളയിൽ ആയിരുന്നു മാങ്ങാഅച്ചാറു ഇട്ടുവയ്ക്കാൻ ഒരു ഭരണി തപ്പുവായിരുന്നു..

മ്മ് അവളെന്തിയെ അമ്മേ അശ്വതി..

മ്മ് എനിക്ക് മനസ്സിലായി അവളെകാണാത്തതുകൊണ്ട നീയെന്നെ വിളിച്ചതെന്ന്

അവള് മുറിയിൽ കാണും

അതുംപറഞ്ഞു ലക്ഷ്മിക്കുട്ടി അടുക്കളയിലേയ്ക്ക് പോയി. നേരം സന്ധ്യയായി തുടങ്ങിയിരുന്നു എല്ലായിടത്തും ലൈറ്റിട്ട് അരുൺ മുറിയിലേയ്ക്ക് ചെന്നു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. കട്ടിലിൽ തലയിണയും കെട്ടിപിടിച്ചു കമിഴ്ന്നു കിടന്ന അവളുടെ അടുത്തേയ്ക്ക് അവൻ മെല്ലെ ചെന്നു. ലൈറ്റിട്ടു. ലൈറ്റ് വെട്ടം കണ്ടവൾ തിരിഞ്ഞുനോക്കി. അരുണിനെക്കണ്ടതും തലയിണമാറ്റിവെച്ചു എഴുന്നേറ്റിരുന്നു.

എന്തുപറ്റി സുഖമില്ലേ.. !

ഏയ് ഒന്നൂല്ല

മുഖം ഇടുമിച്ചിട്ടുണ്ടല്ലോ പനിയൊന്നും ഇല്ല എന്താ പറ്റിയത്..?

ഒന്നൂല്ല ഏട്ടാ..

മ്മ്..

അതുപറഞ്ഞയാൾ ഡ്രസ്സ് മാറുവാൻ തുടങ്ങി. അപ്പോഴേയ്ക്കും ചായയുമായി അമ്മ മുറിയിലേയ്ക്ക് എത്തിയിരുന്നു

മോളേ കുടിക്കാൻ ചൂടുവെള്ളം വല്ലോം വേണോ..

വേണ്ടമ്മേ..

വേദന സഹിക്കാൻ വയ്യെങ്കിൽ ആ പാരസെറ്റാമോളിന്റെ പകുതി എടുത്തു കഴിച്ചാൽ മതി. അമ്മ താഴെ ഉണ്ടാകുമെ എന്തെങ്കിലും വേണെങ്കിൽ പറഞ്ഞാൽ മതി

മ്മ്..

എല്ലാം കേട്ട് ഒന്നും മനസ്സിലാകാതെ അരുൺ അമ്മയെയും അശ്വതിയെയും മാറിമാറി നോക്കി

അമ്മ പോയിക്കഴിഞ്ഞതും അവൻ അവൾക്കരികിലായി വന്നിരുന്നു.

അപ്പൊ ഒന്നൂല്ലെന്ന് പറഞ്ഞത് വെറുതെയാ അല്ലെ

അതിനവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഇപ്പൊ വേദന ഉണ്ടോ..

മ്മ് പക്ഷേ അരുണേട്ടൻ അടുത്ത് വന്നിരുന്നപ്പോ എന്തോ വേദന കുറഞ്ഞതുപോലെ..

വയറിൽ കൈയ്‌വെച്ചുകൊണ്ടവൾ പറഞ്ഞു

ശരിക്കും..

മ്മ്

ഞാനീ ആർത്തവം എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതിനെപ്പറ്റിയൊന്നും അറിയില്ല എനിക്ക്..

മ്മ്..

******************

അശ്വതീ..

മയക്കത്തിലായിരുന്ന അവളെ അവൻ വിളിച്ചു

കണ്ണുകൾ മെല്ലെത്തുറന്നു അവൾ അവനെനോക്കി

ഭക്ഷണം കഴിക്കണ്ടേ നേരം ഒരുപാടായി

എനിക്ക് വേണ്ട ഏട്ടൻ കഴിച്ചോ എനിക്കൊന്ന് ഉറങ്ങിയാൽ മതി ഭയങ്കര ക്ഷീണം

ഉറങ്ങിക്കോ പക്ഷേ അതിനുമുൻപ് എനിക്കുവേണ്ടി കുറച്ചു കഴിക്കണം പ്ലീസ്..

അവൻ നിര്ബന്ധിച്ചവളെ താഴേയ്ക്ക് കൂട്ടിക്കൊണ്ടുപോയി

ഇരിക്ക്..

കസേര വലിച്ചിട്ട് അവളെ അവിടെയിരുത്തി

ഉറങ്ങല്ലേ അശ്വതി..

ഉറക്കം തൂങ്ങുന്ന അവളോടായി അവൻ പറഞ്ഞു..

ദാ കഴിക്ക്

അമ്മയും അച്ഛനുമൊക്ക..??

അവര് കഴിച്ചിട്ട് കിടന്നു

അരുണേട്ടൻ കഴിച്ചോ..?

ഇല്ല അശ്വതി കഴിക്ക് എന്നിട്ട് ഞാൻ കഴിച്ചോളാം

എനിക്ക് വേണ്ട അരുണേട്ടാ വയറു കണ്ടോ ഭുംമ്മ് ന്നാ ഇരിക്കുന്നെ..

അത് സാരല്ല ഇത്തിരി കഴിച്ചാ മതി എനിക്കുവേണ്ടി

ആദ്യമായി അവളുടെ കൈയ്കളിൽ തൊട്ടപ്പോൾ ഒരുരുള ചോറ് വാരി വായിൽ വെച്ചുകൊടുത്തപ്പോൾ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു

അവളും അറിയുകയായിരുന്നു അനുഭവിക്കുകയായിരുന്നു ആ സ്നേഹം

മതി എന്ന് പറഞ്ഞു കൈയ്യ്കൾ മാറ്റിയപ്പോഴാണ് ശ്രദ്ധിച്ചത് പ്‌ളേറ്റിരുന്ന ചോറ് മുഴുവൻ കഴിച്ചിരിക്കുന്നു

മ്മ് മിടുക്കി വാ കയ്യ് കഴുകാം..

അതുംപറഞ്ഞു ഒരു കുഞ്ഞിനെപ്പോലെ അവളെ ചേർത്തുപിടിച്ചു വാഷ്ബൈസിനരികിലേയ്ക്ക് നടന്നു.

ഒന്നും മിണ്ടാതെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ കയ്യ് കഴുകി.

അവന്റെ മുഖത്തേയ്ക്ക് നോക്കുവാൻ പോലും അവൾക്ക് ധൈര്യം ഇല്ലായിരുന്നു. കുറ്റബോധത്തോടെ മുഖം തിരിച്ചു നിന്നു

കട്ടിലിൽ തലയിണ ചേർത്തു പിടിച്ചു കിടക്കുമ്പോഴും നഷ്‌ടമായ തന്റെ പ്രണയത്തെ അവൾ ഓർത്തു കണ്ണുകൾ നിറഞ്ഞുതുളുമ്പി.

അപ്പോഴേക്കും അരുൺ ഭക്ഷണം കഴിച്ചു മുറിയിലേയ്ക്ക് വന്നിരുന്നു

അവനും അവളുടെ മുഖത്തേയ്ക്ക് നോക്കാൻ നല്ല ചമ്മലുണ്ടായിരുന്നു. അതുകൊണ്ട് ഒന്നും മിണ്ടാതെ രണ്ടാളും കിടക്കയിൽ തിരിഞ്ഞു കിടന്നു..

പിറ്റേന്ന് ബെഡ്‌കോഫിയുമായി അവൾ വന്നുവിളിച്ചപ്പോഴാണ് ഉണർന്നത്

കണ്ണുകൾ തിരുമ്മി അരുൺ എഴുന്നേറ്റിരുന്നു

പതിവിലും സുന്ദരിയായിരുന്നു അവൾ

അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നിന്ന അവനെ അവൾ തട്ടിവിളിച്ചു

സ്വപ്നം കാണുവാണോ..?

ചായ കുടിച്ചിട്ട് പോയി കുളിക്ക് ജോലിക്കൊന്നും പോവണ്ടേ ഇങ്ങനെ ഇരുന്നാൽ മതിയോ..

താൻ സ്വപ്നം കാണുകയാണോ എന്നറിയാൻ കണ്ണുകൾ ഒന്നുകൂടി തിരുമ്മി..

എന്താ..

മ്മ് ഒന്നൂല്ല

വേഗം താഴേയ്ക്ക് വരണം ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം..

മ്മ്..

അവൻ എണീറ്റോ മോളേ..

എണീറ്റമ്മേ..

ഡൈനിങ് ഹാളിലേക്ക് വന്ന അരുണിനെ അമ്മ ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ ഒരു ആക്കിയ ചിരിയും ചിരിച്ചു അപ്പുറത്തേയ്ക്ക് പോയി

ഈ അമ്മയ്ക്കിതെന്തുപറ്റി..

ഒന്നും മനസ്സിലാകാതെ കയ്യും കഴുകി കസേരയിൽ ഇരുന്നു

അതേയ് ഏട്ടാ..

മ്മ്..

ഏട്ടൻ ഇനി ഈ പാന്റൊന്നും ഇടണ്ട മുണ്ടുടുത്താൽ മതി കേട്ടോ

എന്താ ഇപ്പൊ ഇങ്ങനെ ഒരാഗ്രഹം

എനിക്ക് മുണ്ടുടുക്കുന്നവരെയാ ഇഷ്ടം..

അപ്പൊ എന്നെ ഇഷ്ടമല്ലേ..

ഇഷ്ടം ആണല്ലോ അതുകൊണ്ടല്ലേ മുണ്ടുടുക്കണം എന്ന് പറഞ്ഞത്

ശരി എന്റെ അശ്വതിയുടെ ആഗ്രഹം അല്ലെ ഇനിമുതൽ ഞാൻ മുണ്ടുടുക്കാം കേട്ടോ..

മ്മ്..

പിന്നേ, എന്തിനാടീ അമ്മ എന്നെനോക്കി ചിരിച്ചിട്ട് പോയത്

ആ അതെനിക്കെങ്ങനെ അറിയാം

അറിയത്തില്ലേ എന്നാലും എന്തിനായിരിക്കും..?

എട്ടനതാലോചിച്ചോണ്ടിരിക്കാതെ കഴിക്ക് താമസിക്കും കേട്ടോ..

ആ ശരി

അവിടെ തുടങ്ങുകയായിരുന്നു അശ്വതിയും അരുണും പുതിയൊരു ജീവിതം. എല്ലാ സങ്കടങ്ങളും മറന്ന് കിട്ടിയ ജീവിതം നഷ്ടപ്പെട്ടുപോയ ജീവിതത്തേക്കാൾ ഇരട്ടിമധുരം ഉണ്ടെന്ന് കണ്ട് ജീവിച്ചു തുടങ്ങി അവർ…

എന്നോ ഒരിക്കൽ നഷ്ടപ്പെട്ടുപോയ ജീവിതത്തെ ഓർത്ത്‌ ജീവിതകാലം മുഴുവൻ ദുഃഖിച്ചിരിക്കരുത്..

കിട്ടിയ ജീവിതം ആസ്വദിക്കാൻ പഠിച്ചാൽ അതിനേക്കാൾ ഇരട്ടിമധുരം ഇതിനാണെന്ന് തിരിച്ചറിയാൻ അധികമൊന്നും വേണ്ടിവരില്ല…

രചന: Rosily Joseph