മറ്റൊരാളുടെ ആഗ്രഹം കേൾക്കുമ്പോൾ അത് നടത്തി കൊടുത്തില്ലേൽ വല്ലാത്തൊരു സങ്കടാ, അതും എന്റെ എല്ലാമായവൾക്ക്…

രചന: Kavitha Thirumeni

“ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ അരുണേട്ടാ… എത്ര നേരായി ഞാൻ പറയുന്നു…. ആവി പിടിച്ചില്ലെങ്കിൽ പനി മാറില്ലാട്ടോ…. ”

“ഇതിന്റെയൊന്നും ആവശ്യമില്ലടോ ഭാര്യേ…. പനി വന്നാൽ പനിച്ചു തന്നെ പോണം.. എന്റെ പനിച്ചിക്കാട് മുത്തീ…”

“അതേയ്… കല്യാണരാമൻ സിനിമ ഞാനും കണ്ടതാ…”

“ആണല്ലേ… ന്നാ വിട്ടേക്ക്.. ഞാൻ തിരിച്ചെടുത്തു…നീ ഒരു പാരസറ്റാമോൾ ഇങ്ങ് എടുത്തേ.. പനിക്ക് അലോപ്പതിയാ ബെസ്റ്റ്…”

“ഓഹ്.. അല്ലാതെ പുതപ്പിനടിയിലെ ഇരുട്ട് പേടിയുണ്ടായിട്ടല്ലല്ലേ മോനേ… ?

“നീ പോടീ… എനിക്ക് പേടിയൊന്നുമില്ല…”

അവിടെ നിന്നും എങ്ങനെയെങ്കിലും തലയൂരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മൂപ്പര്..

“ദേ.. അരുണേട്ടാ… പറയുന്നത് കേൾക്ക്.. എനിക്ക് ദേഷ്യം വരുവേ….. രാത്രിയിൽ ഉള്ള മഴ മുഴുവൻ നനഞ്ഞ് പനിയും പിടിപ്പിച്ച് കേറി വന്നോളും….”

“എടി.. കണ്ണിചോരയില്ലാത്തവളെ… നീ തന്നെയാണോ ഈ പറയുന്നേ… ?
അവൾക്ക് മഴ നനയാൻ പെട്ടെന്നൊരു മോഹം തോന്നിയപ്പോൾ പാവമല്ലേ… എന്റെ ഭാര്യയല്ലേ.. എന്നോർത്ത് ഒന്നും നോക്കാതെ ബൈക്കും എടുത്തിറങ്ങിയ എന്നെ വേണം ആദ്യം തല്ലാൻ…”

സ്വന്തമായി പഴിക്കുന്ന അരുണേട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നുപോയി…

“ചിരിക്കല്ലേടി പിശാചെ… മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാ…”

“ഞാൻ പറഞ്ഞെന്നു കരുതി ഇയാളെന്തിനാ ഓടി പോയി വണ്ടി സ്റ്റാർട്ട്‌ ആക്കിയത്.. ?

“അതേടി.. എല്ലാം എന്റെ തെറ്റാ.. മോഹിക്കുന്നതും സ്വപ്നം കാണുന്നതും നേടി തരാൻ ആരുമില്ലാതിരുന്നത് കൊണ്ട് മറ്റൊരാളുടെ ആഗ്രഹം കേൾക്കുമ്പോൾ അത് നടത്തി കൊടുത്തില്ലേൽ വല്ലാത്തൊരു സങ്കടാ.. അതും എന്റെ എല്ലാമായവൾക്ക് വേണ്ടിയാണെങ്കിൽ പിന്നെ പറയണ്ട….”

പെട്ടന്ന് ആ മുഖം വാടിയപ്പോൾ എനിക്കും വിഷമം തോന്നി.. ഏട്ടന്റെ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് എനിക്കറിയാം.. ഒറ്റയ്ക്ക് ജീവിച്ചവന്റെ വേദനയും പരിഭവവുമാണ് അതിൽ നിറയെ…

മൂന്നാമത്തെ വയസ്സിൽ അച്ഛൻ നഷ്ട്ടപെട്ടതിൽ പിന്നെ ഏട്ടന്റെ തണൽ അമ്മ മാത്രമായി..
ചെറുപ്പം മുതൽ അമ്മയുടെ കഷ്ടപ്പാട് കണ്ട്‌ വളർന്നത്‌ കൊണ്ടാവാം ഏട്ടൻ ഒന്നിനു വേണ്ടിയും വാശിപിടിച്ചില്ല.. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മനസ്സിൽ കുഴിച്ചുമൂടി..

നട്ടുച്ച വെയിലത്ത്‌ ഒരുപൊതി ചോറുമായി സ്കൂൾ മുറ്റത്ത്‌ കാത്തുനിൽക്കുന്ന അമ്മയെകുറിച്ച് പറയുമ്പോൾ കാണാതെ തന്നെ പലവട്ടം ആ ചിത്രം ഞാൻ മനസ്സിൽ വരച്ചു നോക്കും..
അമ്മയെക്കുറിച്ച് പറയുമ്പോൾ മാത്രം വാചാലനാകുന്ന ഏട്ടന് അമ്മ എത്രത്തോളം വിലപ്പെട്ടതാണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു.. കാലവർഷത്തിൽ ചോർന്നൊലിക്കുന്ന കുഞ്ഞു വീട്ടിൽ ഒരു അമ്മയും മകനും ജീവിച്ചിരുന്നുവെന്ന് അറിഞ്ഞത് ആ മഴയത്ത് ചായ്പ്പിലേക്ക്‌ ഓടികയറിയ കോഴികൾക്കും അവകാശികളില്ലാത്ത ചില നായ്ക്കൾക്കും മാത്രമായിരുന്നുവെന്നും ഏട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്..

അപ്പോഴെല്ലാം ഇടിമിന്നലിനോടുള്ള പേടി മാറാനായി അമ്മ കണ്ടുപിടിച്ച മാർഗമായിരുന്നു പുതപ്പിനുള്ളിലെ വാസം.. തലയിൽ കൂടി പുതപ്പിട്ട് കണ്ണുപൊത്തിയിരിക്കുന്ന ഏട്ടനെ നൂറ് കഥകൾ പറഞ്ഞ് ഉറക്കിയ അമ്മയെ പോലെയാവാൻ ഞാൻ എത്ര ശ്രമിച്ചെന്ന് എനിക്ക് തന്നെ അറിയില്ല… ഒറ്റ പുതപ്പിനടിയിൽ അമ്മയെ മുറുകെ കെട്ടിപിടിച്ച് ഉറങ്ങുന്ന ആ പഴയ പയ്യനെ വെറുതെയാണെങ്കിലും ഏട്ടനിലൂടെ ഞാൻ സങ്കല്പിച്ചു നോക്കും..

ഒടുവിലെപ്പോഴോ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ അമ്മയുടെ പേര് വെട്ടി മാറ്റിയപ്പോൾ ഏട്ടന് ഇല്ലാതായത് തന്റെ ലോകം തന്നെയായിരുന്നു.. അനാഥൻ എന്ന പേരിന് ഉടമയായി മുന്നിൽ കണ്ട അപരിചിതമായ ലോകത്തെ ആ പത്ത് വയസ്സുകാരൻ മിഴിച്ചു നോക്കി നിന്നു.. എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ…

പിന്നീട് ഓരോ രാത്രികളിലും അവൻ തനിച്ചായി തുടങ്ങി.. ഭയം നിഴലിക്കുമ്പോഴെല്ലം അമ്മയുടെ സാരിയെ മുറുകെ പിടിച്ച് ഉറങ്ങാൻ പഠിച്ചു.. തന്നെ പ്രതീക്ഷിച്ചിരിക്കാനും തേടി വരാനും ഇനി ആരും അവശേഷിക്കുന്നില്ലയെന്ന തിരിച്ചറിവ് നൽകാൻ അന്നൊരു അനാഥാലയത്തിന്റെ ചുവരുകൾക്കായി…

ഉറ്റവരും ഉടയവരുമില്ലാതെ വളരുമ്പോഴും അതുപോലെ മറ്റൊരു കുഞ്ഞിനെ വളരാൻ അനുവദിക്കില്ലെന്ന ഒരുതരം വാശിയായിരുന്നു മനസ്സ് നിറയെ.. ആ വാശിയിൽ ജയിക്കാനുള്ള ഓട്ടത്തിനിടയിലാണ്‌ ഈ ശ്രീക്കുട്ടി ജീവിതത്തിലേക്ക് ഇടിച്ചു കയറിയത്…

അക്സിഡന്റിൽ പരിക്ക് പറ്റിയ ഒരു കുട്ടിയെയും എടുത്ത്‌ ഹോസ്പിറ്റലിലേക്ക്‌ ഓടി വരുമ്പോൾ തന്നെ നോട്ടമിട്ടാതാ ചുവന്ന ഫ്രെയിമുളള കണ്ണടക്കാരനെ.. കഥ അറിഞ്ഞു സഹതാപം തോന്നിട്ടൊന്നുമല്ല ഇങ്ങനൊരു സാധനത്തിനെ മറ്റാർക്കും കിട്ടല്ലേന്നുള്ള കുശുമ്പ് കൊണ്ട് തന്നെയാണ് കേറിയങ്ങ് പ്രേമിച്ചത്‌..

എന്നെ സ്നേഹിക്കുന്നവർക്ക് എന്റെ ഇഷ്ടങ്ങളെ തള്ളികളയാനായില്ല അതുകൊണ്ടാവും അരുണേട്ടന്റെ എല്ലാ കാര്യങ്ങൾ അറിഞ്ഞിട്ടും അച്ഛൻ ഒരു മടിയും കൂടാതെ എന്നെ ആ കൈകളിൽ ഏല്പ്പിച്ചതും ഇന്ന് സ്വന്തം മകനെ പോലെ ഏട്ടനെ കാണുന്നതും.. അത്രമേൽ സ്നേഹമുള്ള അച്ഛാ എന്ന ഏട്ടന്റെ വിളിയിൽ പലപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

“ഏട്ടാ….”

“ഹ്മ്…. ?|

“അരുണേട്ടാ….”

“മ്മ്മം.. ??”

“ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാ.. ഒന്ന് ക്ഷമിക്കന്നേ.. എന്റെ ഇഷ്ടങ്ങൾ നടത്തി തരാൻ ഏട്ടനല്ലാതെ വേറെയാരാ.. ?”

മൗനം മാത്രം മറുപടി നൽകി മുഖവും വീര്പ്പിച്ചു എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ തിരിഞ്ഞു കിടന്നത് എനിക്ക് സഹിക്കാനായില്ല..
അറിയാതെ കരഞ്ഞു പോയി..
എല്ലാം എന്റെ തെറ്റാണല്ലോ എന്റെ വാശി കാരണം ഏട്ടന് ഇപ്പോൾ വയ്യാതെയായി..
കണ്ണ് തുടച്ചു കട്ടിലിൽ നിന്ന് എഴുന്നേറ്റു പോരുമ്പോൾ എന്റെ കൈയിൽ പിടിച്ച് ഏട്ടൻ പിന്നിലേക്ക്‌ വലിച്ചു.

“അയ്യേ… ഇത്രേയുള്ളോ എന്റെ ശ്രീക്കുട്ടി… ഞാൻ ചുമ്മാ നിന്നെ മൂപ്പിക്കാൻ പറഞ്ഞതല്ലേടി വഴക്കാളി…. ”

എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി മുഖമുയർത്തി നോക്കിയപ്പോൾ പെയ്യാൻ കാത്തു നിന്ന മഴ പോലെ കണ്ണുനീര് ഒഴുകി….

” സാരമില്ലാട്ടോ… നിന്റെ അരുണേട്ടനല്ലേ… വിട്ടു കളയന്നെ..
ഇനി നീ പറഞ്ഞത് കേട്ടില്ലന്നു വേണ്ട.. വാ.. ആവി പിടിക്കാം. അങ്ങനെയെങ്കിലും ആ മുഖമൊന്നു തെളിയുമല്ലോ.. ”

തെറ്റുകളെല്ലാം സ്വന്തമായി ഏറ്റടുത്ത് പോകുന്ന ഏട്ടനെ ഒരു ചെറുപുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു..

തർക്കിച്ചും പരിഭവം പറഞ്ഞും എന്റെ അരുണേട്ടൻ ആവി പിടിക്കാൻ തുടങ്ങുമ്പോൾ മുറുകെ അടച്ച കണ്ണുകൾക്ക്‌ കൂട്ടായി ആ പുതപ്പിനുള്ളിലേക്ക്‌ ഞാനും കയറി കൂടിയിരുന്നു..

[ സ്ത്രീ അങ്ങനെയാണ് ചിലപ്പോഴെല്ലാം അമ്മയായി ഒരു കൂട്ടുകാരിയായി മകളായി കാമുകിയായി കൂടെയുണ്ടാകും.. ഒരു ജീവിതത്തിനിടയിൽ ഇത്രത്തോളം വേഷം ചെയ്തു തീർക്കാൻ കഴിയുന്ന ഓരോ പെൺമനസ്സിനോട്‌ ആദരവാണ് എന്നും…]

ലൈക്ക് ചെയ്ത 2 വരി അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…
രചന: Kavitha Thirumeni