എല്ലാവരും നഷ്ടമായ എനിക്ക് മോളും അവളും ഒരു ഭാഗ്യമായാണ് അച്ഛൻ കരുതുന്നത്…

രചന: ആമി

“ഇങ്ങേരു ഇങ്ങനെ ഇടക്കിടെ ഇങ്ങോട്ട് വരുന്നത് ശരിയാണോ? അതും നിന്റെ സ്വന്തം അച്ഛൻ അല്ല രണ്ടാനച്ഛൻ ആണ്.. അത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്. ആളുകൾ വല്ലോം പറയും… അങ്ങേരോട് ഇങ്ങോട്ട് വരണ്ട എന്ന് നീ പറഞ്ഞേക്കണം “എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. എന്റെ മനസ്സ് വല്ലാതെയായി. അച്ഛൻ കേട്ടു കാണുവോ എന്നോർത്തു ഞാൻ നിന്നു. ഉമ്മറത്ത് മോളെയും കൂടി അച്ഛൻ ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട് ചെന്നു.

“ആമി…. നിന്റെ അമ്മ ഉണ്ടാക്കി തന്നതാണ് ഈ പലഹാരം ഒക്കെയും. പാവം… വയ്യാതിരുന്നിട് പോലും അവൾ ഉണ്ടാക്കി തന്നതാണ്. “എന്ന് പറഞ്ഞു അച്ഛൻ ഒരു പൊതി കെട്ടു എനിക്ക് നേരെ നീട്ടി. ആ മുഖത്തെ ചിരി നോക്കി ഞാൻ നിന്നു.

“അച്ഛൻ ക്ഷീണിച്ചു പോയി ”

“അമ്മക്ക് കാൽ രണ്ടും നീരാണ് മോളെ… എല്ലാ കാര്യവും ഞാൻ നോക്കണം…. ഈ ക്ഷീണം ഒന്നും എനിക്ക് വിഷയം അല്ല ആമിയേ…. എല്ലാവരും നഷ്ടമായ എനിക്ക് മോളും അവളും ഒരു ഭാഗ്യമായാണ് അച്ഛൻ കരുതുന്നത് “എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞു. ജന്മം തന്ന അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയെ എല്ലാവരും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു ഈ നല്ല മനുഷ്യനുമായി.

“ആമി ”

“ന്തോ ”

“എന്താ നീ ആലോചിക്കുന്നേ? ”

“ഒന്നുമില്ല അച്ഛാ…. ചോറ് കഴിക്കാം അച്ഛാ വാ അകത്തേക്ക് “എന്ന് ഞാൻ പറഞ്ഞതും അച്ഛൻ മോളെയും എടുത്ത് അകത്തേക്ക് വന്നു. കണ്ണേട്ടന്റെ അമ്മ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.

“കണ്ണൻ എവിടെ? ”

“ഓട്ടം പോയി അച്ഛാ “എന്ന് പറഞ്ഞു ഞാൻ അച്ഛന് ചോറ് വിളമ്പി. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ അമ്മ മുറ്റത്തു നിന്നു പിറുപിറുത്തു. ഊണ് കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ അച്ഛൻ എനിക്ക് അഞ്ഞൂറ് രൂപ തന്നു.

“വേണ്ട അച്ഛാ ”

“ഇത് അച്ഛൻ എന്നും തരുന്നതല്ലേ ആമിയേ “അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മുറ്റത്തിറങ്ങിയ അച്ഛനോട് ഞാൻ പറഞ്ഞു.

“അച്ഛൻ ഇനിയും വരണം ഈ മോളെ തേടി… എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ അച്ഛനും അമ്മയും മാത്രമെ ഉള്ളൂ “ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു. എനിക്ക് ജന്മം തന്ന വെക്തിയെക്കാൾ എനിക്ക് കർമം കൊണ്ടു അച്ഛനെന്ന പദത്തിന്റെ അർത്ഥം മനസ്സിലാക്കി തന്നത് എന്റെ ഈ അച്ഛൻ ആയിരുന്നു. എല്ലാവരും രണ്ടാനച്ഛൻ എന്ന് മുദ്ര കുത്തിയ വ്യക്തി.

രചന: ആമി