രണ്ട് വർഷത്തെ പ്രണയമല്ലേ അത് നീയങ്ങ് മറന്നേക്ക് എനിക്കൊരു പ്രൊപോസൽ വന്നിട്ടുണ്ട് ഇപ്പോൾ…

രചന: Prajith SurendraBabu

‘ഇന്നെന്റെ ആദ്യരാത്രിയാണ്… മനസ്സിൽ നെയ്തു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങളെ ബലികൊടുത്തുകൊണ്ട് ഒരിക്കൽ ജീവനായി കരുതിയവനെ പൂർണ്ണമായും മറന്നു കൊണ്ട് മറ്റൊരാളുടെ സ്വന്തമാകുന്ന ദിവസം… ‘

ഡയറിയിലേക്ക് ആ വാചകങ്ങൾ കുറിക്കുമ്പോൾ ശിവാനിയുടെ മിഴികൾ തിളങ്ങി ഒരു വിജയിയുടെ ഭാവത്തിൽ. ഒരു നിമിഷം ടേബിൽ ലാംബിലേക്ക് നോക്കിയിരിക്കെ അവളുടെ ഓർമ്മകൾ അല്പം പിന്നിലേക്ക് സഞ്ചരിച്ചു. അല്പമല്ല, രണ്ട് വർഷങ്ങൾക്കു മുൻപുള്ള കോളേജിലെ ആ വെറുക്കപ്പെട്ട ദിവസത്തിലേക്ക്…

“ലെറ്റ്സ്.. ബ്രേക്ക് അപ്പ് ശിവാ … ”

നീരജിന്റെ വാക്കുകൾ അന്ന് ശിവാനിയുടെ ഉള്ളിൽ വലിയൊരു നടുക്കമായി മാറി.

” ഏട്ടാ…എന്താ…. പെട്ടെന്നിങ്ങനെ… എ.. എന്ത് തെറ്റാ ഞാൻ ഏട്ടനോട് ചെയ്തേ… ”

വിറളി വെളുത്തു നിൽക്കെ അവളുടെ അധരങ്ങൾ വിറ പൂണ്ടു.

” തെറ്റൊന്നുമില്ലെടി…. എനിക്ക് നീ ചേരില്ല.. അത്ര തന്നെ… നമുക്ക് നമ്മുടേതായ ഒരു സ്റ്റാറ്റസ് ഇല്ലേ… പപ്പയുടെ വാക്കുകൾ പലറ്റും ധിക്കരിച്ചു ജീവിച്ചിട്ടുള്ള മകനാണ് ഞാൻ… പക്ഷേ.. ഇപ്പോൾ പപ്പ പറഞ്ഞതിനെ പറ്റി ഞാൻ ഒരുപാട് ചിന്തിച്ചു. നാട്ടിൻപുറത്തെ പ്രാരാബ്ധകാരനായ ശങ്കരൻ നായരുടെ മകൾ ശിവാനിക്ക് സ്ഥലത്തെ പ്രധാന വ്യവസായിയായ മാധവന്റെ മകൻ നീരജിന്റെ മോഹിക്കുവാൻ പോലും അർഹത ഇല്ല എന്നതാണ് സത്യം….

രണ്ട് വർഷത്തെ പ്രണയമല്ലേ അത് നീയങ്ങ് മറന്നേക്ക് എനിക്കൊരു പ്രൊപോസൽ വന്നിട്ടുണ്ട് ഇപ്പോൾ.അത് നടന്നാൽ എന്റെ ജീവിതം അതോടെ സേഫ്.. അതിനിടയിൽ ഈ ചീപ്പ് സെന്റിമെൻസ് ഞാനങ്ങ് മറക്കുവാ.. ”

നീരജിന്റെ നാവിൽ നിന്ന് വീണ ഓരോ വാക്കുകളും ശിവാനിയുടെ കാതുകളിൽ കൂരമ്പുകളായി തറച്ചു കയറി. സ്തബ്ധയായി വേദനയോടെ തുറിച്ചു നോക്കി നിൽക്കുന്ന അവളെ ഒരു ചെറു പുഞ്ചിരിയോടെ അവഗണിച്ചു കൊണ്ടവൻ കാറിലേക്ക് കയറി.

“ശിവാ… ഒരാഴ്ചയ്ക്കകം ഞാൻ ഈ നാട്ടിൽ നിന്നും പോകും പിന്നെ നമ്മൾ കാണില്ല.. നീ വിഷമിക്കേണ്ട നിനക്ക് പറ്റിയൊരു പ്രാരാബ്ധക്കാരനെ തന്നെ നിന്റെ അച്ഛൻ തന്നെ കണ്ടു പിടിച്ചു തരും..”

മറുപടിക്ക് കാതോർക്കാതെ നീരജ് ആക്സിലേറ്ററിലേക്ക് പതിയെ കാലമർത്തി. ആ കാർ കണ്ണിൽ നിന്നു മറയുമ്പോൾ ഉള്ളു പിടയുന്ന വേദനയോടെ പൊട്ടിക്കരഞ്ഞു നിന്നു ശിവാനി.

നോവുള്ള ആ ഓർമ്മകളുടെ നീറ്റൽ മിഴികളിൽ നീരുറവകളാകവേ പതിയെ മിഴിനീർ തുടച്ചു കൊണ്ട് എഴുത്ത് തുടർന്നു ശിവാനി.

‘ഇതൊരു വിജയം കൂടിയാണ് എനിക്ക്.പ്രാരാബ്ധക്കാരൻ ശങ്കരൻ നായരുടെ മകൾ തന്റെ സ്റ്റാറ്റസിന് ചേരില്ല എന്ന വൈകിയെത്തിയ ബോധോധയത്തിൽ രണ്ട് വർഷത്തോളം നീണ്ട എന്റെ ആത്മാർഥ പ്രണയത്തെ നിഷ്കരുണം ഒഴിവാക്കി പോയ നീരജ് എന്ന സമ്പന്ന പുത്രനോടുള്ള മധുര പ്രതികാരം. ഇന്ന് എന്നെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടർ ആണ്. ഡോക്ടർ രാഹുൽ ഒരുപക്ഷേ നീരജിനേക്കാളുമൊക്കെ സമ്പന്നൻ.

ഏട്ടന് അച്ഛന്റെ പ്രാരാബ്ധങ്ങൾ പ്രശ്നമായിരുന്നില്ല…. സാമ്പത്തിക ശേഷി പ്രശ്നമായിരുന്നില്ല. പകരം നന്മയുള്ള നാട്ടിൻ പുറത്തുകാരി മതി എന്ന ആ മനുഷ്യന്റെ തീരുമാനം എനിക്ക് നൽകിയത് പുതിയൊരു ജീവിതമാണ്… എന്റെ കുഞ്ഞ് കുടുംബത്തിന് നൽകിയത് ജീവിതത്തിന്റെ പുതു വെളിച്ചമാണ്….

“ഹലോ.. എന്താണ് മാഡം … ഡയറിയിൽ കുത്തിക്കുറിക്കുന്നെ… പഴയ തേപ്പ് കാമുകനെ തെറി പറഞ്ഞുകൊണ്ടെഴുതുകയാണോ .. എങ്കിൽ ഞാനും കൂടാം കേട്ടോ ”

പിന്നിൽ നിന്നുമുള്ള കമന്റ് കേട്ടവൾ ഞെട്ടി തിരിയുമ്പോൾ പുഞ്ചിരിയോടെ മുറിയുടെ വാതിൽ ലോക്ക് ചെയ്യുകയായിരുന്നു രാഹുൽ. ഡയറി മടക്കി വച്ചു പെട്ടെന്ന് ചാടി എഴുന്നേൽക്കുമ്പോഴേക്കും രാഹുൽ അവളുടെ അരികിലെത്തിയിരുന്നു.

” സോറി കേട്ടോ ടോ… ഒരു എമർജൻസി കേസ്… രണ്ട് ദിവസം മുന്നേ ഒരു ആക്‌സിഡന്റ് കേസ് വന്നു… സൂയിസൈഡ് അറ്റംപ്റ്റ് ആണ് ആളിന്നു ഡെത്ത് ആയി.ഈ നാട്ടുകാരൻ അല്ല എന്ന് തോന്നുന്നു. ആളെ തിരിച്ചറിയാൻ ഒരു ഐഡി പോലുമില്ല എന്നതാണ് ഏറെ അതിശയം അതുമായി ബന്ധപ്പെട്ട് കുറച്ചു പേപ്പർ വർക്സ് ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഇല്ലാത്തത് കാരണം അസിസ്റ്റന്റിന് ചെറിയ ചെറിയ സംശയങ്ങൾ അതൊന്ന് തീർത്തു കൊടുക്കുകയായിരുന്നു ”

ഏറെ വിനയത്തോടെയുള്ള ആ ക്ഷമാപണം കേൾക്കെ അതിശയിച്ചു പോയി ശിവാനി

” എന്തിനാ ഏട്ടാ ഈ ക്ഷമാപണം.. അതും എന്നോട് ഏട്ടന്റെ തിരക്കുകൾ ഇനി എന്റെയും കൂടിയല്ലേ..”

“ആണോ… അത്രയൊന്നും വേണ്ട ട്ടോ… എന്റെ ശ്രീമതി അതൊന്നും താങ്ങില്ല.. പകരം ഒരു കരുതൽ മതി എനിക്ക്. രാവിലെ നിറപുഞ്ചിരിയോടെ ഒരു സ്നേഹ ചുംബനം നൽകി ഹോസ്പിറ്റലിലേക്ക് വിടുന്ന.. ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ തളർന്നവശനായെത്തുമ്പോൾ സ്നേഹത്തോടെ ഒരു ചേർത്തു പിടിക്കുന്ന എന്റേത് മാത്രമായ എന്റെ സ്വന്തം ശിവാനി.അത് മതിയെടോ തന്നിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ് … ”

ആ മറുപടി കേൾക്കെ ശിവാനിയുടെ മിഴികൾ പെട്ടെന്ന് നീരണിഞ്ഞു. പൊടുന്നനെ അവൾ രാഹുലിന്റെ പാദങ്ങളിലേക്ക് വീണു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒരു നിമിഷം പകച്ചു പോയിരുന്നു അവൻ .

” എന്താ എന്താ ശിവാ ഈ കാട്ടുന്നെ.. നിനക്കെന്തേ വട്ടായോ എഴുന്നേൽക്ക് ”

ബലമായി അവളെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ അതിശയമായിരുന്നു രാഹുലിന്

” ഏട്ടാ…. എനിക്ക് ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല.. സ്വപ്നം പോലും കാണുവാൻ കഴിയാത്തത്രയുമൊരു സൗഭാഗ്യം എന്നെ തേടിയെത്തി എന്നത്… ഈ ജീവിതം കൊണ്ട് എന്നും ഞാൻ ഏട്ടനോട് കടപ്പെട്ടവളായിരിക്കും..”

മിഴിനീർ തുടച്ചു കൊണ്ടവൾ ഒന്ന് തിരിഞ്ഞു.

” ജീവിതത്തിൽ ഇതുവരെ വേദനകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ… കുട്ടിക്കാലം മുതലേ വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടാണ് വളർന്നത്. എല്ലാം അറിഞ്ഞു കൊണ്ട് ജീവനായി സ്നേഹിക്കാനെത്തിയവൻ പ്രതീക്ഷകൾ നൽകി ഒടുവിൽ ഒഴിവാക്കിയപ്പോൾ മരിക്കുവാൻ വരെ തോന്നിയതാ..

പക്ഷേ എപ്പോഴോ ജീവിതത്തോട് ഒരു വാശി തോന്നി.. ഏട്ടന്റെ ഈ ആലോചന വന്നപ്പോൾ ദൂരം ഏറെ കൂടുതലായിട്ട് കൂടി ഞാൻ സമ്മതം മൂളിയത് സത്യത്തിൽ ആ നാട്ടിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ്. അയാളുടെ ഓർമ്മകൾ അവിടെ എന്നെ വേട്ടയാടുന്നുണ്ട്.

ഇനി ഒരു ആഗ്രഹം… ഒരേ ഒരു ആഗ്രഹം മാത്രമേ എന്റെ മനസ്സിലുള്ളു…. ഏട്ടന്റെ മാറോടു ചേർന്ന് ഒരിക്കൽ എങ്കിലും അവന്റെ… ആ നീരജിന്റെ… മുന്നിൽ കൂടിയൊന്നു പോകണം എനിക്ക്… ഒരു വിജയിയെ പോലെ…”

വാക്കുകൾക്ക് മൂർച്ഛയേറവേ ശിവാനിയുടെ മിഴികളിലെ അഗ്നി തിരിച്ചറിഞ്ഞിരുന്നു രാഹുൽ.

” താൻ പിന്നേ ഇതുവരെ അവനെ കണ്ടിട്ടില്ലേ…. ”

” ഇല്ല.. അയാൾ വിദേശത്തെവിടേക്കോ പോയി എന്ന് ഫ്രണ്ട്സ് പറഞ്ഞറിഞ്ഞു.. പിന്നേ തിരക്കിയിട്ടില്ല. പക്ഷേ ദൈവം എന്നേലും എന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തും അവനെ…… ”

ആ മറുപടി കെട്ട് രാഹുൽ അല്പസമയം നിശബ്ദനായി

” ശിവാ….. എനിക്കൊന്ന് കാണാൻ പറ്റോ നിന്റെ ആ തേപ്പ് കാമുകനെ.. നിന്നിൽ നിന്ന് തന്നെ കുറേ ഞാൻ അറിഞ്ഞു ഒരു കാലത്ത് നിനക്ക് പ്രാണൻ ആയിരുന്ന അവനെ പറ്റി.അപ്പോൾ കാണാൻ ഒരു ആഗ്രഹം പഴയ ഫോട്ടോ എന്തേലും ഉണ്ടോ തന്റെ കയ്യിൽ അല്ലേൽ ഫേസ് ബുക്ക്‌ ഐഡി തപ്പിയാലും മതിയല്ലോ… ”

“എന്തിനാ ഏട്ടാ ഇനി… അയാളെ ഞാൻ പൂർണ്ണമായും ഒഴിവാക്കിയതാ ഇനി വീണ്ടും… ”

മറുപടി നൽകുമ്പോൾ അവൾ അസ്വസ്ഥയാകുന്നത് രാഹുൽ ശ്രദ്ധിച്ചിരുന്നു.

“എന്റെ മാഷേ ചുമ്മാ…. ചുമ്മാ ഒന്ന് കാണാനാടോ.. അല്ലാണ്ട് ഒന്നിനുമല്ല ഇയാൾ ഒന്ന് നോക്ക് ”

ആ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ ഫോൺ വീണ്ടും കയ്യിലേക്കെടുക്കുമ്പോൾ ശിവാനിയുടെ മുഖത്തെ അസ്വസ്ഥതകൾ കൂടി വരുന്നത് കാൺകെ അറിയാതെ ചിരിച്ചു പോയി രാഹുൽ

” എന്റെ ശിവാ…. ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം… നിന്നെ അവൻ പറ്റിച്ചുവെങ്കിലും പുറമേ നീ എത്ര ദേഷ്യം കാട്ടിയാലും ഉള്ളിന്റെയുള്ളിൽ ഇപ്പോഴും അവൻ ഒരു നീറ്റൽ തന്നെയാണ് അല്ലേ…. ”

ആ ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം അവളൊന്നു പതറി

” അ.. അത് ഏട്ടാ… ഞാൻ ”

“ഹ ! ടെൻഷൻ ആകേണ്ടടോ.. അതങ്ങിനെയാണ് ആദ്യ പ്രണയം അത് എന്നും നമുക്ക് ഉള്ളിന്റെയുള്ളിൽ മരിക്കാത്തൊരോർമയാണ് ഒരു നോവ് തന്നെയാണ്… താൻ അവനെ അൺബ്ലോക്ക് ആക്കി ഒരു ഫോട്ടോ കാട്ടിയേ… ”

വർഷങ്ങൾക്ക് ശേഷം ആ ഐ.ഡിയിലേക്ക് വീണ്ടും കയറുമ്പോൾ വല്ലാത്തൊരു ആകാംഷയായിരുന്നു ശിവാനിക്ക്….

” ഏട്ടാ…. അവൻ ഇപ്പോൾ ഈ ഐഡിയിൽ ആക്റ്റീവ് അല്ല എന്ന് തോന്നുന്നു….

അതെങ്ങിനെ ഒന്നിൽ ഉറച്ചു നിൽക്കുവാൻ കഴിയില്ലല്ലോ പറ്റിപ്പ് അല്ലേ തൊഴിൽ.. ദേ ഒരു പഴയ ഫോട്ടോയുണ്ട് ”

അവൾ ഫോൺ വച്ചു നീട്ടുമ്പോൾ ആകാംഷയോടെ തന്നെയാണ് രാഹുൽ അത് കയ്യിലേക്ക് വാങ്ങിയതും. എന്നാൽ ആ ഫോട്ടോയിലേക്ക് നോക്കവേ പതിയെ പതിയെ അവന്റെ മിഴികൾ കുറുകി. മുഖത്തെ പുഞ്ചിരി മാഞ്ഞു.ഒരു നിമിഷം നിശബ്ദനായി നിൽക്കവേ ഒരായിരം ചിന്തകൾ അവന്റെ മനസ്സിൽ മിന്നിമാഞ്ഞു.

” എന്താ ഏട്ടാ…. ഏട്ടന് അറിയോ അവനെ ”

ആ ഭാവമാറ്റം ശിവാനിയും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ പെട്ടെന്ന് മുഖത്ത് പുഞ്ചിരി വരുത്തി ഫോൺ തിരികെ കൊടുത്തു രാഹുൽ

” ഏയ് എനിക്കെവിടുന്നു പരിചയം… കണ്ടപ്പോൾ ഒന്ന് നോക്കി നിന്നു ന്ന് മാത്രം…. ആ പിന്നെ ഒരു കാര്യം ഇപ്പോഴാ ഓർത്തെ ഒരു കോൾ കൂടി ചെയ്യാൻ ഉണ്ട് ഒരു അഞ്ചു മിനിറ്റ് ഞാൻ ഇപ്പോൾ വരാം ശിവാ. ”

ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും തന്റെ ഫോൺ കയ്യിലേക്കെടുത്തുകൊണ്ടവൻ ധൃതിയിൽ വാതിൽ തുറന്ന് പുറത്തേക്ക് പോകുമ്പോൾ നീരജിന്റെ ഫോട്ടോയിൽ ഒരിക്കൽ കൂടി ഒന്ന് നോക്കി ശിവാനി പതിയെ പറ്റിയെ അവളുടെ മിഴികൾ വീണ്ടും ഈറനണിഞ്ഞു.

റൂമിനു പുറത്തേക്കിറങ്ങിയ രാഹുൽ ഏറെ അസ്വസ്ഥനായിരുന്നു. ഫോണിൽ ഡ്യൂട്ടി ഡോക്ടർ വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തവൻ പതിയെ കാതോട് ചേർത്തു.

” ആ ഹലോ സർ.. പറയു…. ”

മറു തലയ്ക്കൽ കോൾ അറ്റന്റ് ചെയ്യപ്പെടുമ്പോൾ പതിഞ്ഞ സ്വരത്തിലാണ് അവൻ സംസാരിച്ചു തുടങ്ങിയതും.

” ആ ഹലോ… വിഷ്ണു.. ഇന്ന് ഡെത്ത് ആയ ആ ആക്സിഡന്റ് കേസില്ലേ… അയാളുടെ ഡീറ്റെയിൽസ് കിട്ടി…. ”

ഒരു നിമിഷം ഒന്ന് നിശബ്ദസനായ ശേഷം വീണ്ടും പതിയെ തുടർന്നു രാഹുൽ

“പേര് നീരജ്… സ്ഥലം തിരുവനന്തപുരം… ആളുടെ അഡ്രസ് ഞാൻ തനിക്ക് വാട്ട്സാപ്പ് ചെയ്യാം നീ ഒന്ന് കോൺടാക്ട് ചെയ്യ്… ”

കോൾ കട്ട് ചെയ്യുമ്പോൾ അവൻ ഏറെ അസ്വസ്ഥനായിരുന്നു.

‘സത്യം.. അത് ശിവാനിയെ അറിയിക്കേണ്ടേ ‘ വല്ലാത്തൊരു ആശയക്കുഴപ്പത്തിലേക്ക് വഴുതി വീണു രാഹുൽ

‘ ശിവാനി… ആ ഫോട്ടോയിൽ കാണുന്നവനാണ് നിന്നെ ചതിച്ച നീരജ് എങ്കിൽ അവൻ നിന്നെ ചതിച്ചതാകുവാൻ വഴിയില്ല. രണ്ട് വർഷമായി ക്യാൻസറിന് അടിമപ്പെട്ട് നരകയാതനകൾ അനുഭവിച്ചു ഒടുവിൽ മരണത്തിലേക്ക് സ്വയം വണ്ടിയോടിച്ചു കയറിയ ആ ചെറുപ്പക്കാരൻ…

അവൻ ഒരു പക്ഷേ നിന്നോടുള്ള അമിത സ്നേഹം മൂലം വേദനയോടെ ഒഴിവാക്കിയതാകാം നിന്നെ.. ‘

അല്പസമയം കൂടി പുറത്ത് നിന്ന ശേഷം മുഖത്ത് വീണ്ടും പുഞ്ചിരി വരുത്തി കൊണ്ട് തന്നെ റൂമിലേക്ക് കയറി രാഹുൽ…. ബെഡിൽ ശിവാനിക്കരികിലായിരുന്ന് അവളെ പതിയെ മാറോട് ചേർത്തു അവൻ

” ശിവാ.. നാളെ നമുക്ക് എന്റെ ഹോസ്പിറ്റൽ വരെ ഒന്ന് പോകണം എന്റെ മിസിസിനെ എല്ലാരേം ഒന്ന് പരിചയപ്പെടുത്താം… ”

” അമ്പട കേമാ.. എന്നെ പോലെ ഒരു ചുന്ദരികുട്ടിയെ എല്ലാരേയും കാട്ടി ഇയാൾക്ക് ഗമ കാട്ടാൻ അല്ലേ…. ”

കുസൃതിയോടെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കിയ അവളുടെ നെറുകയിൽ ഒരു മുത്തം നൽകി രാഹുൽ

‘ അല്ലെടോ… കൊണ്ട് പോകുന്നതിനു മുന്നേ നീരജിനെ നീയൊന്ന് കാണണം രോഗാധിക്യത്തിൽ മെലിഞ്ഞുണങ്ങി അസ്തി പഞ്ജരമായ ആ രൂപം.. ഇനിയും നീ അവനെ ശപിക്കുവാൻ പാടില്ല. പരലോകത്തെങ്കിലും ആ പാവത്തിന് ശാന്തി ലഭിക്കട്ടെ’

അറിയാതെ മനസ്സ് മന്ത്രിക്കുമ്പോൾ അല്പം മുന്നേ ശിവാനി കാട്ടിയ നീരജിന്റെ ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരുന്ന വാചകങ്ങൾ രാഹുലിന്റെ മനസ്സിലേക്ക് ഓടിയെത്തി.

‘പുറമെ ഞാൻ തീർത്ത ചട്ടക്കൂടിനുള്ളിൽ എരിഞ്ഞടങ്ങുന്ന എന്റെ ഉള്ളം നീ തിരിച്ചറിയുന്ന വേളയിൽ ഞാൻ വെറുമൊരു മെഴുതിരിയായ് മാറിയിട്ടുണ്ടാകും സഖേ..’

ആ വരികൾ അത് ഉറപ്പായും ശിവാനിക്കായുള്ളതാകാം….

രചന: Prajith SurendraBabu