എന്റെ കൃഷ്ണ… ഏട്ടൻ്റെ ദേഷ്യം തീ, ർക്കാൻ നീയൊരു മാർഗ്ഗം കാണിച്ചു തരണേ….

രചന: Rajitha Jayan

“നീ വലിയ ന്യായമൊന്നും പറയണ്ട ഷീനേ….

നിനക്കിപ്പോൾ എന്നെയോ നമ്മുടെ മക്കളെയോ ശ്രദ്ധിക്കാൻ സമയം ഇല്ലാന്നെനിക്കറിയാം…

നിൻ്റെ ലോകമിപ്പോൾ ആ മൊബൈലാണ്….
ഏതുസമയവും അതിങ്ങനെ കയ്യിൽ തന്നെ മുറുകെ പിടിച്ചിരുന്നോ നീ ….. ഒരു ദിവസം ഞാനത് എറിഞ്ഞുടയ്ക്കും നോക്കിക്കോ നീയ്യ്…….!!

വിജയേട്ടാ….ഞാൻ മറന്നു പോയതോ ചെയ്യാൻ മടിപിടിച്ചിരുന്നതോ അല്ല. ..
മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കരണ്ടില്ലായിരുന്നല്ലോ…. അതുകൊണ്ട് പറ്റിപോയതാ….. വിജയേട്ടൻ കുളിച്ചു വരുമ്പോഴേക്കും ഞാൻ. ……..

വേണ്ടെടീ വേണ്ട….. എനിക്കറിയാം എന്റ്റെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കാൻ. … അതിനിനി നിൻ്റെ സഹായം എനിക്ക് ആവശ്യമില്ല…

ഇന്നതോടെ നീയ്യും നിർത്തിക്കോളണം എനിക്ക് വേണ്ടി അത് ചെയ്തൂ ഇതു ചെയ്തൂ എന്നുള്ള പറച്ചിൽ….!!

നിന്നെ ഭാര്യയായി കെട്ടിയെടുക്കുന്നതിനു മുമ്പും വിജയൻ വസ്ത്രങ്ങൾ ഇട്ടിരിക്കുന്നു നല്ല അന്തസായി അയേൺ ചെയ്തു തന്നെ. ..
ആ എനിക്കറിയാം എൻ്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ

ഷീനയോടുളള ദേഷ്യം തീർക്കാൻ എന്നപോലെ വിജയൻ അലമാര വലിച്ചു തുറന്ന് ഷർട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അലമാരയിൽ അടുക്കി വച്ചിരുന്ന തുണികളെല്ലാം താഴെ തറയിൽ വീണ് ചിതറുന്നത് നിസ്സഹായതയോടെ ഷീന നോക്കി നിന്നു. ..

തന്റെ എത്ര സമയത്തെ അധ്വാനമാണ് ആ തുണികൾ കഴുകി ഉണക്കി മടക്കിവെക്കലെന്ന് ഒരു നിമിഷമവളോർത്തു….

പക്ഷേ എത്ര നിസ്സാരമായിട്ടാണ് ഏട്ടനതെല്ലാം തട്ടി താഴെയിട്ടത്….! അല്ലെങ്കിലും വീട്ടിൽ പെണ്ണുങ്ങൾ ചെയ്യുന്ന ജോലികൾ ഒന്നും ഒരാണും ജോലിയാണെന്ന് സമ്മതിച്ചു തരില്ലല്ലോ….?? അതെല്ലാം കടമകൾ… കർത്തവ്യങ്ങൾ….

കഴിഞ്ഞു പോയ പല ദിവസവും വസ്ത്രങ്ങൾ അയേൺ ചെയ്യാനായി താനെടുത്തതാണ്.. പക്ഷേ അപ്പോൾ പലപ്പോഴും കരണ്ടുണ്ടായിരുന്നില്ല…, ഉളളപ്പോഴാവട്ടെ വോൾട്ടേജ് കുറവുമായിരുന്നു…. പക്ഷേ അതിങ്ങനെയൊരു വയ്യാവേലിയാവുമെന്ന് തീരെ ചിന്തിച്ചതേയില്ലല്ലോ കൃഷ്ണാ…

ഇനി കുറച്ചു നാളുകൾ ഈ ദേഷ്യവും മനസ്സിൽ വെച്ചാണ് ഏട്ടൻ നടക്കുക.
അനങ്ങിയാലും മിണ്ടിയാലുംവരെ കാരണമില്ലാതെ ദേഷ്യപ്പെടും…. തന്നോട് മാത്രമല്ല എല്ലാവരോടും….

ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ അമ്മയും വരുമല്ലോ കൃഷ്ണാ ഇങ്ങോട്ട്….
കാര്യങ്ങൾ അറിഞ്ഞാലമ്മയും തന്നെ കുറ്റപ്പെടുത്തി സംസാരിക്കും കാരണം തന്റെ കുറ്റങ്ങൾ വലുതാക്കി കാണിക്കാൻ അവർക്കേറെയിഷ്ടമാണ്… ഫോണിൻ്റെ കാര്യം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. നീ തന്നെ രക്ഷ ഭഗവാനെ….!!

ഏട്ടൻ്റെ ദേഷ്യം തീർക്കാൻ നീയൊരു മാർഗ്ഗം കാണിച്ചു തരണേ……!!

മനസ്സിൽ ഓരോന്നും ചിന്തിച്ചു കൂട്ടുന്നതിനിടയിൽ ഷീന വിജയൻ അയേൺ ചെയ്യുന്നത് നോക്കിയപ്പോൾ അറിയാതെ ചിരിച്ചു പോയി.. വളരെ വൃത്തിയോടെ താൻ ചെയ്തിരുന്ന കാര്യമാണൊട്ടും വൃത്തിയാവാതെ ഏട്ടൻ ചെയ്തുകൊണ്ടിരിക്കുന്നത്……

എത്രയെല്ലാം ശ്രമിച്ചിട്ടും വൃത്തിയാക്കാൻ പറ്റാത്തതൊരു വസ്തു പോലെ വിജയൻ ആ ഷർട്ട് പിന്നെയും പിന്നെയും അയേൺ ചെയ്യുമ്പോൾ ഷീന ഒന്നും മിണ്ടാതെ അതുനോക്കിനിന്നു… ചെയ്തു കൊടുക്കാൻ ശ്രമിച്ചാൽ വിജയൻ കൂടുതൽ ദേഷ്യപ്പെടുമെന്നവൾക്കറിയാമായിരുന്നു..

ചുളിവുകൾ നിവരാത്ത വസ്ത്രങ്ങൾ ഒരു വിധം അയേൺ ചെയ്ത് വിജയൻ കുളിമുറിയിലേക്ക് നടക്കവേ ഷീന ആ വസ്ത്രങ്ങൾ എടുക്കാനായി ശ്രമിച്ചു, വിജയൻ ദേഷ്യത്തിലവളെ കടുപ്പിച്ച് നോക്കി. ..

“”തൊടരുത് ഞാൻ വച്ച വസ്ത്രങ്ങൾ. ..

അത്ര വൃത്തിയായാൽ മതി അത്. ..

എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനെനിക്കീ വീട്ടിലൊരാളില്ലാന്ന് എല്ലാവരും ഒന്നറിഞ്ഞോട്ടെ….!!

കാൽചുവട്ടിൽ നിരന്നു കിടക്കുന്ന മക്കളുടെ കളിപ്പാട്ടങ്ങൾ തട്ടിതെറിപ്പിച്ച് വിജയൻ വേഗം ബാത്ത്റൂമിൽ കയറി വാതിൽ ദേഷ്യത്തിൽ വലിച്ചടച്ചു…..

ആ ഒച്ചയിലാ വീടൊന്നു കുലുങ്ങിയോ….?

എന്തായാലും ഇനി കുറച്ചു ദിവസത്തേക്കാ മുഖം തെളിയില്ലെന്ന് മനസ്സിലായ ഷീന തന്റെ ദൈനംദിന ജോലികളിലേക്ക് തിരിയവെ കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ വിജയൻ വാതിൽ വലിച്ചു തുറന്ന് വേഗം പുറത്തേക്കിറങ്ങി……

ഒന്നും മിണ്ടാതെ കുളിമുറിക്ക് പുറത്തു നിൽക്കുന്ന വിജയനെ കാര്യമെന്തെന്ന ഭാവത്തിൽ ഷീന നോക്കി നിന്നു. ….

വിജയൻ ഇടയ്ക്കിടെ കുളിമുറിയിലേക്ക് പാളിനോക്കി പൂർവ്വ സ്ഥിതിയിൽ തന്നെ പുറത്തു നിൽക്കും. .. കുറച്ചു കഴിഞ്ഞ് വീണ്ടും പാളി നോക്കും….

കാര്യമെന്തെന്നു ചോദിച്ചാൽ ദേഷ്യപ്പെടുമെന്നറിയാവുന്ന ഷീന മെല്ലെ കുളിമുറിയുടെ അകത്തേക്ക് പാളി നോക്കി. …

മനസ്സിലൊരായിരം ലഡു ഒന്നിച്ചു പൊട്ടിയപോലൊരു സന്തോഷം അവളുടെ മുഖത്ത് പെട്ടെന്ന് വിരിഞ്ഞു…. കുളിമുറിയുടെ ഉള്ളിൽ വലിയൊരു എട്ടുകാലി……!!

വലിയ ധൈര്യശാലിയും ഒന്നിനെയും പേടിയില്ലാത്തവനുമായ വിജയന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു…

എട്ടുകാലി. ..

അതിനി ചെറുതോ വലുതോ ഏതാണെങ്കിലും വിജയന് ഭയമാണ്…. എവിടെ എപ്പോൾ എട്ടുകാലിയെ കണ്ടാലും ഷീനയെ വിളിക്കുകയാണവൻ ആദ്യം ചെയ്യുക.. പക്ഷേ ഇന്ന്… …

കുട്ടിക്കാലത്തൊരിക്കൽ എട്ടുകാലി കടിച്ചതിൽ പിന്നെയാണ് വിജയനതിനെ ഇത്രപേടി…. അന്ന് അതു കടിച്ച വൃണമായ മുറിവുമായ് വിജയൻ കുറെ ബുദ്ധിമുട്ടി എന്ന് അമ്മ പറഞ്ഞത് ഷീനയോർത്തൂ….

ഈ എട്ടുകാലിയെ ഇപ്പോൾ തനിക്കായ് ദൈവം കൊണ്ട് വന്നിട്ടതാണിവിടെ…

എട്ടുകാലിയെ നോക്കി ഒരു ചിരിയുമായ് ഷീന വീണ്ടും അടുക്കളയിലേക്ക് നടക്കുന്നത് നിസ്സഹായതയോടെ വിജയൻ നോക്കി നിന്നു. ….

അവിടെ കിടന്ന ചൂലെടുത്തവൻ അതിനെ അടിക്കാൻ ശ്രമിച്ചെങ്കിലും എന്തോ ഉൾഭയത്താലെന്നപോലെ ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും ഷീനയെ നോക്കി…. ഷീന പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ചായ ഇടുകയായിരുന്നു….

“ഷീനേ…..എടീ എനിക്ക് വേഗം പോണം. ..

അതിനു ഞാൻ ഏട്ടനോട് പോവണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ….??
പറഞ്ഞോ. ..?

ടീ തമാശ കണ്ട് നിൽക്കാതെ നീ ആ സാധനത്തിനെ വേഗം ഒന്ന് കൊല്ല്….

ഞാൻ ആ എട്ടുകാലിയെ ഒന്നും ചെയ്യില്ല വിജയേട്ടാ…. കാരണം എന്നെ ഭാര്യായി കെട്ടിയെടുക്കുന്നതിനുമുമ്പും വിജയേട്ടൻ എട്ടുകാലിയെ കണ്ടിരുന്നൂലോ…..?

ഒരു കള്ള ചിരിയോടെ ഷീനയത് ചോദിക്കുമ്പോൾ വിജയൻ ക്ളോക്കിലേക്ക് നോക്കി… സമയം കടന്നു പോവുകയാണ്..

എട്ടുകാലിക്ക് പക്ഷേ അനക്കമൊന്നുമില്ല…..
ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നമട്ടിലതാ ചുമരിൽ ഇരുന്നു. …

ഷീനേ ..ചുമ്മാ കിന്നാരം പറയരുതിപ്പോൾ…നീ അതിനെ…

ഏട്ടൻ എന്തു പറഞ്ഞാലും ശരി ഞാനതിനെ കൊല്ലില്ല…ഓടിച്ച് വിടുകയും ഇല്ല…

അല്ലെങ്കിൽ എന്നോട് ദേഷ്യപ്പെട്ടതിന് ക്ഷമ പറയൂ…. ഞാൻ മനപ്പൂർവം ചെയ്തതല്ലാന്നറിഞ്ഞിട്ടും എന്നോട് ദേഷ്യപ്പെട്ടില്ലേ…. ആ അലമാരയിലെ തുണികൾ മുഴുവൻ വലിച്ചിട്ടില്ലേ….

ഞാനിനി എന്റെ തെറ്റ് ആവർത്തിക്കില്ല. ഏട്ടനും കാര്യമില്ലാതെന്നെ വഴക്ക് പറയരുത് സമ്മതിച്ചോ….

ഓ….എല്ലാം സമ്മതിച്ചു. …നീ അതിനെയൊന്ന്……

വിജയൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പേ അവിടെ കിടന്ന ചൂലെടുത്ത് ഷീന ആ എട്ടുകാലിയെ അടിച്ചിട്ടു ….

ഒരു ജേതാവായി വിജയനെ നോക്കി അവൾ ചിരിക്കവേ അവനവളെ ചേർത്ത് പിടിച്ച് മെല്ലെ പറഞ്ഞു. .ഇപ്പോൾ നീ രക്ഷപ്പെട്ടു ഒരു എട്ടുകാലി കാരണം. ..

ശരിയാണേട്ടാ തീരെ നിസ്സാരമെന്ന് നാം കരുതുന്ന വസ്തുക്കൾ പലപ്പോഴും നമ്മുക്ക് തുണയാവും…

ഒരു പുഞ്ചിരിയോടവളത് പറയവേ ,നിങ്ങളുടെ വഴക്ക് തീർക്കാനെന്റ്റെ ജീവൻ ബലികഴിക്കണമായിരുന്നോ എന്ന ചോദ്യവുമായാ എട്ടുകാലി വെറും തറയിൽ ചത്ത് കിടന്നു…….

രചന: Rajitha Jayan

Scroll to Top