ഈ താലിച്ചരടിന്റെ ബലത്തിൽ ഞാനവളെ കൊണ്ടോവാണു…

രചന: സോളോമാൻ

“ഡാ ഗിരീ, ഇത് നിന്റെ എത്രാമത്തെ പെണ്ണു കാണലാന്ന് വല്ല നിശ്ചയോം ഉണ്ടോ ഡാ.”

പെണ്ണു കാണലിനു പോകാൻ കാലത്തെ തന്നെ കാക്കക്കുളീം കുളിച്ച് ഒരുങ്ങിയിറങ്ങി വരുമ്പൊ തന്നെ അച്ഛന്റെ വക ട്രോൾ.

അച്ഛനാന്ന് പറഞ്ഞിട്ടെന്താ,ആദ്യ പെണ്ണു കാണലിനു കൂടെ വന്നേ പിന്നെ എത്ര നിർബന്ധിച്ചിട്ടും പുള്ളി പിന്നീട് കൂടെ വരാറില്ല.

അതിനും കാരണമുണ്ട്,

ഓരോ പെണ്ണു കാണലിനും കൂടെ ഒരു പട തന്നെ ഉണ്ടാകും.

അമ്മച്ചി,കെട്ടിച്ചു വിട്ട പെങ്ങന്മാർ രണ്ട്, കെട്ടിക്കാനുള്ള പൊട്ടിത്തെറിച്ച പെങ്ങൾ ഒന്ന്, രണ്ട് അമ്മാവന്മാർടെ അമ്മായികൾ, അവർടെ ഒരു ഡസൻ ട്രോഫികൾ.. അങ്ങനെ നീളുന്നു ലിസ്റ്റ്.

എല്ലാം കെട്ടിയൊരുങ്ങി അങ്ങട് എത്തുമ്പോൾക്ക് മുഹൂർത്തോം, കാലോം തെറ്റും.

ഇനി അവിടെ ചെന്നാലൊ,ഓരോ സൈഡീന്നും തള്ളോട് തള്ള് തുടങ്ങും.

എല്ലാം കഴിഞ്ഞ് പെണ്ണ് ചായേം കൊണ്ട് വരുമ്പോ കോഴീനെ നോക്കണ കുറുക്കന്മാരെ പോലായിരിക്കും എല്ലാത്തിന്റേം നോട്ടം.

ആ ഒറ്റ നോക്കിൽ തന്നെ പെണ്ണിന്റെ അസ്ഥികൂടത്തിന്റെ എക്സ്റേ വരെ പിടിച്ചീണ്ടാവും ശവങ്ങൾ.

ഇതൊക്കെ കാണുമ്പൊ ബാക്കിയുള്ളോനു നോക്കണോ, നോക്കണ്ടേന്നൊരു വൈക്ലഭ്യോം..

ഒടുക്കം ഓളോടൊന്ന് തനിച്ച് മിണ്ടാനുള്ള സുവർണ്ണാവസർ ആനേക്കാ ടൈം ആകുമ്പൾക്ക് പെങ്ങന്മാർടേം, അമ്മായിമാർടേം റെഡ് സിഗ്നൽ കിട്ടീണ്ടാവും.

പിന്നെ ആർക്കൊ വേണ്ടി പോവും,വെർതെ എന്തൊക്കൊ മിണ്ടും, തലേം താഴ്ത്തി മെല്ലെ വലിയും.

തിരിച്ച് വീട്ടിൽക് എത്തി അവർടെ വടേം ചായേം, ജിലേബീം മൂക്കു മുട്ടെ കയ്ച്ച് ഓർടെ ചോര തന്നെ ഊറ്റിയാട് കുടിക്കും.

പെണ്ണിനു നിറം പോരാ, മണം പോരാ, മുടി പോരാ, നടു പോരാന്ന് ഒരു കൂട്ടം.

എന്തിനു പറയുന്നു, ഒന്നും കിട്ടീലേൽ ജിലേബിക്ക് മധുരം പോരാന്ന് വരെ പറഞ്ഞാ മുടക്ക്..

കെട്ടണത് ഞാനാണേലും,ആധി മൊത്തം ഇവറ്റകൾക്കാണു.

വയസ്സ് ഇരുപത്തൊമ്പത് കയ്ഞ്ഞിട്ടും കെട്ടാത്തെയ്ന്റെ മുട്ടൽ നിക്കല്ലെ അറിയൂ.

ഇതൊക്കെ കണ്ട് അച്ഛൻ ആ ചായ കുടി പണ്ടേ മറന്നിക്ക്..

ഇതൊക്കെ ആരോട് പറയാൻ, ആരു കേൾക്കാൻ.

അപ്പൻ തമാശ രൂപേണ പറഞ്ഞതാണേലും ആ മുഖത്ത് എന്തൊക്കൊ സങ്കടങ്ങൾ എനിക്ക് തെളിഞ്ഞു കാണാമായിരുന്നു.

“ഇല്ലച്ഛാ.. ഇതെന്റെ അവസാനത്തെ കാണലാന്ന്..

ഈ പോക്കിനു ഞാൻ പെണ്ണിനേം കൊണ്ടേ വരുള്ളൂ..”

അച്ഛനൊന്ന് ചിരിച്ചു..

ശേഷം പോകാൻ നേരം വിളിച്ച് അടുത്തിരുത്തി മെല്ലെ പറയുവാണു.

“കപ്പ് മുഖ്യം ബിഗിലേന്ന്..”

അല്ലേലും ഈ ഗിരീടെ അപ്പൻ രായപ്പൻ വേറെ ലെവലാണു.

മൂപ്പരൊക്കെ പണ്ട് പ്രേമിക്കണ ടൈം എന്റമ്മക്ക് വയറ്റീൽക് മൂന്നു മാസം ഗർഭോം കൊടുത്ത് ചാടിച്ചോണ്ട് വന്ന ടീംസാണു.

അങ്ങനെ അച്ഛന്റെ ആശീർവാദോം വാങ്ങി ഒരു ജുദ്ധത്തിനുള്ള പടേമായി ഞാൻ വിട്ടു.

ഇമ്മടെ വരവും കാത്ത് അവരങ്ങനെ നിക്കുവാണു.

പോയിപ്പോയി ഇത് ശീലായോണ്ട് എല്ലാം അയ്ന്റെ മുറയ്ക്ക് തന്നെ നടന്നു..

അങ്ങനെ ഇമ്മൾ സൊറ പറഞ്ഞിരിക്കണ സമയത്ത് ദാണ്ടെ വരണു പെണ്ണ്..

പെണ്ണെന്ന് പറഞ്ഞാൽ ഐശ്വര്യാ റായീന്റെ മാതിരി പൂച്ചക്കണ്ണും, അജ്ജാതി മൊഞ്ചും..

ആകെ മൊത്തം ഓൾടെയാ അറേബ്യൻ കുതിരേന്റെ ഗെറ്റപ്പും, അരയന്നപ്പിടേടെ നടത്തോം., ഞാൻ അന്തം വിട്ട് കുന്തം പോലങ്ങ് നിന്നു.

ശേഷം ഓൾടെ മേലേന്ന് കണ്ണെടുക്കാണ്ട് വായും പൊളിച്ചങ്ങനെ നിക്കണ അമ്മായീടെ വായിൽക് മുയുത്ത ലഡുവൊന്ന് തിരുകിക്കേറ്റി ഞാൻ ഒൾക്കൊപ്പം മെല്ലെ നടന്നു.

ഇനീപ്പൊ ആരു പറഞ്ഞാലും അച്ഛൻ പറഞ്ഞ പോലെ ഈ കപ്പും കൊണ്ടേ ഗിരി പോകുള്ളൂന്ന് മനസ്സിൽ ഉറപ്പിച്ചു.

മിണ്ടാൻ പോയപ്പൊ നിക്കാണേൽ മിണ്ടാട്ടം മുട്ടി നിക്കുവാ..

ഞാനൊന്ന് നോക്കി.. ഓളെന്നേം നോക്കി..

ജാ ഖുദാ.. നെഞ്ചീന്നൊരു തരിപ്പും,മിടിപ്പും..

ഇനീം നിന്നാൽ ഞാൻ വല്ലോം ചെയ്ത് പോകൂന്ന് മനസ്സ് പറഞ്ഞപ്പൊ മെല്ലെ സ്കൂട്ടായി.

അവിടുന്ന് നേരെ വീട്ടിൽക് എത്തി ഞാൻ ശ്വാസം വിട്ടു.

ആരും ഒന്നും മിണ്ടണില്ല..

“എങ്ങനിണ്ട്” “എന്ത്” “പെണ്ണ്”

എല്ലാരും എന്നെ തന്നെ നോക്കുവാ..

“ഇതൊക്കെ നിനക്ക് എടുത്താ പൊങ്ങുവോ ഗിരിയേ..”

അമ്മായീടെ അത്ഭുത പരവശയായ ചോദ്യം..

ഞാൻ മുഖമൊന്ന് കനപ്പിച്ചു..

ഇത്രേം നാളും ഞാൻ കാണുന്ന പെണ്ണുങ്ങൾക്കായ്നു കുറ്റം.. ഇതിപ്പൊ കുറ്റം എനിക്കായി.

അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഒരു ദിവസോം കുറിച്ച് ഞാൻ കാത്തിരിപ്പായി.

ഒന്നു രണ്ടാഴ്ച കഴിഞ്ഞീണ്ടാവും, ഓൾടെ പതിവായുള്ള വിളി കാണാഞ്ഞപ്പൊ ഞാൻ കേറി അങ്ങാട് വിളിച്ചു.

ഫോൺ ഓഫായിരുന്നു..

അങ്ങനെ ആ ദിവസമങ്ങ് കഴിഞ്ഞു.

ഞാൻ ഇടയ്ക്കിടെ വിളിക്കാൻ ശ്രമിക്കുമ്പൊഴൊക്കെ ഫോൺ ഓഫിൽ തന്നെയായിരുന്നു.

എന്തോ ഒരു അപായ സൂചന കത്തിയതിനാൽ ഞാൻ മെല്ലെ അവൾടെ അച്ഛനെ വിളിച്ചു.

ഒന്നു രണ്ട് തവണ നീട്ടി വിളിച്ച് കഴിഞ്ഞപ്പൊ ഓടുവിൽ അയാൾ കാൾ എടുത്തു.

സംസാരിക്കാൻ മടിച്ചു നിന്ന അയാളോട് ഞാൻ എന്താ കാര്യമെന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പൊ അയാൾ കാര്യം പറഞ്ഞു.

അവരൊക്കെ ഹോസ്പിറ്റലിൽ ആണെന്നും, അവൾക്കൊരു അപകടം പറ്റി എന്നുമാണു അയാൾ പറഞ്ഞത്.

കേട്ടപ്പോൾ ഭ്രാന്ത് പിടിക്കണ പോലൊരു അവസ്ഥയായിരുന്നു.

അവർ പറഞ്ഞ വിവരമനുസരിച്ച് ഞാൻ നേരെ ഹോസ്പിറ്റലിലേയ്ക്ക് പോയി.

ദൂരെ നിന്നും തന്നെ ഞാൻ അവൾടെ അച്ഛനേയും, ബന്ധുക്കളേയും കാണുന്നുണ്ടായിരുന്നു.

അടുത്തെത്തും തോറും അവരുടെ മുഖത്തെ നിരാശ തെളിഞ്ഞു കാണാമായിരുന്നു.

വിറയ്ക്കുന്ന ചുവടുകളോടെ ഞാൻ അവർക്കരികിലെത്തി.

“എന്താ അച്ഛാ.. എന്താ അവൾക്ക് പറ്റിയത്.”

എന്റെ ചോദ്യത്തിൽ കരച്ചിലോടെ അയാളെനിക്കു മേൽ ചാഞ്ഞു.

ആരിലും എനിക്കു വേണ്ട ഉത്തരമില്ലായിരുന്നു.

ഭയം ഇരച്ചു കേറിയതും അവളെ കാണണമെന്ന് ഞാൻ വാശി പിടിച്ചു.

ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവരെന്നെ അവളെ കിടത്തിയിരുന്ന മുറിയിലേയ്ക്ക് കടത്തി വിട്ടു.

ഞാൻ ചെല്ലുമ്പോൾ അവൾ എനിക്ക് വിപരീത ദിശയിലേയ്ക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു.

അവൾക്കരുകിലേയ്ക്ക് ചെന്ന ഞാൻ പതിയെ വിളിച്ചു.

“വിദ്യ..”

എന്റെ സ്വരം കേട്ടതും പതിയെ അവൾ എനിക്കഭിമുഖമായ് തിരിഞ്ഞു.

ആ കാഴ്ച കണ്ടതും ഞാൻ ഞെട്ടി വിറച്ചു കൊണ്ട് പിറകോട്ട് മാറി.

കണ്ട കാഴ്ച വിശ്വസിക്കാനാകാതെ ഞാൻ മനസ്സിനെ ധൈര്യപ്പെടുത്തി ഒരു വട്ടം കൂടി അവളെ നോക്കി.

പൂർണ്ണ ചന്ദ്രനെ പോൽ വെളുത്ത് തുടുത്ത അവളുടെ മുഖമാകെ വികൃതമായിരിക്കുന്നു.

മുഖത്തെ മാംസങ്ങളിൽ പാതിയും വെന്തു പോയിരിക്കുന്നു.

ശേഷം അവൾ പഴയത് പോലെ പുറം തിരിഞ്ഞു കളഞ്ഞു.

ഒരു വട്ടം കൂടി അവളുടെ പേരു വിളിക്കണമെന്ന് കരുതിയെങ്കിലും ഉമിനീരു വറ്റിയ എന്റെ തൊണ്ടക്കുഴിൽ ശബ്ദം ലയിച്ചു ചേർന്നു.

വിറങ്ങലിച്ച മനസ്സുമായി അവിടെ നിന്നുമിറങ്ങി ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു.

വീട്ടിലേയ്ക്ക് തിരിച്ചെത്തുമ്പൊഴേയ്ക്കും കാര്യങ്ങൾ എല്ലാവരിലേയ്ക്കും എത്തിയിരുന്നു.

കൂടെ കോളജിൽ പഠിച്ചിരുന്ന പയ്യൻ മുഖത്തേയ്ക്ക് ആസിഡ് ആക്രമണം നടത്തിയതാണു.

പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കാരണം.

ടിവിയിലും, മറ്റിടങ്ങളിലും അതായിരുന്നു ചൂടുള്ള വാർത്ത.

“എന്ത് പറഞ്ഞിട്ടെന്താ ശാരദേ,മുഖമില്ലാണ്ട് പിന്നെന്തുണ്ടായിട്ടെന്തിനാ.. ഇനീപ്പൊ ഇത് എങ്ങനെ ശരിയാവാനാണു.. നീയത് മറന്നു കള, അതാ അവനും നമുക്കും നല്ലത്..”

വീടിനുള്ളിൽ അമ്മയുമായി ബന്ധുക്കൾ അടക്കം പറയുന്നത് എനിക്കും കേൾക്കാമായിരുന്നു..

ഞാൻ ചിന്തിക്കുകയായിരുന്നു അപ്പോൾ.

എത്ര പെട്ടെന്നാണു മനുഷ്യന്റെ മനസ്സിനു മാറ്റങ്ങൾ വരുന്നത്.

ഇന്നലെ വരെ അവളുടെ സൌന്ദര്യത്തെയും,ചുറു ചുറുക്കിനേയും വാഴ്ത്തി പറഞ്ഞ എല്ലാരും ഇന്നവളുടെ വൈരൂപ്യത്തെ തുറന്നു കാട്ടുന്നു.

എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു അത്.

തകർന്നിരിക്കുന്ന എന്നിലേയ്ക്ക് അച്ഛന്റെ കയ്യുകൾ ആശ്വാസം പകർന്നപ്പോൾ ഞാൻ അറിയാതെ വിതുമ്പുകയായിരുന്നു.

“മോനേ ഗിരീ,, കരയരുത് .. നിന്റെ മനസ്സെന്ത് പറയുന്നുവൊ നീ അത് മാത്രം ചെയ്യൂ..”

അതും പറഞ്ഞ് എന്റെ തോളിൽ തട്ടിക്കൊണ്ട് അച്ഛൻ മെല്ലെ പുറത്തേയ്ക്ക് നടന്നു.

അച്ഛന്റെയാ വാക്കിൽ ഞാനൊന്നുറപ്പിച്ചിരുന്നു.

ആ നിമിഷം തന്നെ അമ്മച്ചിയേയും, അച്ഛനേയും കൂട്ടി ഞാൻ വീണ്ടും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു.

ഞങ്ങളുടെയാ വരവ് അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ലായെന്ന് അവരിലെ മുഖഭാവത്തിൽ വായിച്ചെടുക്കാമായിരുന്നു.

തരിച്ചു നിൽക്കുന്ന അവരുടെയും, എന്റെ അമ്മയുടെയും മുന്നിൽ വെച്ച് ഞാൻ അവൾക്കായ് വാങ്ങിയ താലിമാല കയ്യിലെടുത്തു.

ശേഷം എല്ലാവരോടുമായ് പറഞ്ഞു.

“ഈ അവസരത്തിൽ ഞാൻ ചെയ്യുന്നത് തെറ്റാണൊ, ശരിയാണോ എന്നൊന്നും എനിക്കറിയില്ല..

തീയതീം, മുഹൂർത്തമൊന്നും ഇനി ഞാൻ നോക്കണുമില്ല, കാക്കണുമില്ല..

ഈ താലിച്ചരടിന്റെ ബലത്തിൽ ഞാനവളെ കൊണ്ടോവാണു..

എല്ലാരും ഞങ്ങളെ അനുഗ്രഹിക്കണം..”

അതും പറഞ്ഞ് നേരെ അവളെ കിടത്തിയ മുറിയിലേയ്ക്ക് ഞാൻ കടന്നു ചെന്നു.

മുഖമാകെ തുണി കൊണ്ട് മറച്ച് ബെഡിൽ കിടക്കുകയായിരുന്ന അവളെ ഞാൻ താങ്ങി എഴുന്നേൽപ്പിച്ചു.

ശേഷം എനിക്കഭിമുഖമായ് നിർത്തി.

മുഖത്ത് ചുറ്റിയ തുണിക്കിടയിലൂടെ അവളുടെ വെള്ളാരം കണ്ണുകളിലെ നനവ് ഞാനറിഞ്ഞു.

അവളുടെ മുഖത്ത് നിന്നുമാ തുണി വലിച്ച് മാറ്റി ഞാനവളെ എന്നോട് ചേർത്തു നിർത്തി.

വർദ്ധിച്ചു വരുന്ന ശ്വാസ നിശ്വാസങ്ങൾക്കൊപ്പം അവൾ പോലുമറിയാതെ ഞാനാ താലിച്ചരട് അവളുടെ കഴുത്തിലേയ്ക്ക് ചേർത്തു കെട്ടി.

തടയാനെന്നോണം അവൾ കൈകളുയർത്തുമ്പൊഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

ശേഷം അവളുടെ നെറ്റിയിലേയ്ക്ക് ഞാൻ അമർത്തി ചുംബിച്ചു.

ഒരേങ്ങലോടെ അവളെന്റെ ദേഹത്തേയ്ക്ക് ചാഞ്ഞു.

ആ നിമിഷം ഞാനവളുടെ കാതിൽ മെല്ലെ മന്ത്രിച്ചു.

“വിദ്യാ.. നിന്റെ മുഖം മനോഹരമായിരുന്നു, പക്ഷെ, അതിലേറെ മനോഹരമാണു നീയും, നിന്റെ മനസ്സും..

നിന്നെ സ്വീകരിക്കാൻ, നിനക്കൊപ്പം ജീവിക്കാൻ നിന്റെ മുഖം എനിക്കാവശ്യമില്ല.. അതിനു, നീ എന്ന സങ്കല്പ്ം മാത്രം മതി.”

അപ്പൊഴേയ്ക്കും ആ മുറി മുഴുവനും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.

അതിൽ മുന്നിലായി കരച്ചിലടയക്കാൻ പാടു പെടുന്ന എന്റെയും, അവളുടെയും അച്ഛനമ്മമാരും ഉണ്ടായിരുന്നു.

*കൂട്ടുകാരെ, മുഖത്തേക്കാൾ പ്രാധാന്യം നമുക്ക് മനസ്സിനു നൽകാം, മനസ്സിനേക്കാൾ വലിയ സൌന്ദര്യം ഈ ലോകത്ത് മറ്റൊന്നുമില്ല.

ഇരുൾ മുറിയിൽ ആണിനും, പെണ്ണിനും ഒരു നിറമേ ഉള്ളൂ, ഒരു മണമേ ഉള്ളൂ..*

ശുഭം

രചന: സോളോമാൻ