ചില ഇഷ്ടങ്ങളുണ്ട് ജീവിതത്തിൽ ഒന്ന് ചേർത്തു പിടിച്ചാൽ വീണ്ടും പൂത്തുലയുന്ന ഇഷ്ടങ്ങൾ…

രചന: Akhil Krishna

ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഫയലുകൾ എല്ലാം ബാഗിലേക്ക് വെച്ച് ഞാൻ കസേരയിലേക്ക് ഒന്ന് ചാഞ്ഞിരുന്നു.

ഇന്ന് ഈ വർക്ക് അപ്രൂവ് ആയില്ലെങ്കിൽ ബോസിൻറെ വായിൽ ഇരിക്കുന്നത് കൂടി കേൾക്കണം .ഇന്നാണ് ലോൺ അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ് ഓരോന്ന് ഓർക്കുന്തോറും തലയിൽ പെരുപ്പ് കയറി വരുന്നുണ്ടായിരുന്നു .

ടേബിളിൽ ഇരുന്ന ചായ ചുണ്ടോട് ചേർത്തതും അതുവരെ മനസ്സിൽ അടക്കി വെച്ച് ദേഷ്യവും സങ്കടവും എല്ലാം പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു

“കാർത്തു …… ഇങ്ങോട്ട് വാടീ ”

“എന്താ അഭിയേട്ടാ .. എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത് ”

“ഇത്ര നാളായിട്ടും നിനക്ക്ഒരു ചായപോലും ഉണ്ടാക്കാനറിയില്ലേ കടുപ്പവുമില്ല മധുരവുമില്ല” മുൻപിലിരുന്ന ചായക്കപ്പ് തട്ടിത്തെറിപ്പിച്ചു കൊണ്ട് ഞാനത് ചോദിക്കുമ്പോഴേക്കും കാർത്തുവിന്റെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു .

“ഞാൻ … ഞാൻ വേറെ ചായ ഇട്ടു തരാം ”

“എനിക്ക് നിന്റെ ചായയും വേണ്ട ഒന്നും വേണ്ട .അക്ഷരാഭ്യാസം പോലുമില്ലാത്ത നിന്നെയൊക്കെ ഏതു നേരത്താണാവോ എടുത്ത് തലയിൽ വയ്ക്കാൻ തോന്നിയത് മടുത്തു എനിക്ക് ”

“അഭിയേട്ടാ …. ഞാൻ “അവളുടെ നിറഞ്ഞ കണ്ണുകൾ വകവയ്ക്കാതെ ബൈക്കിന്റെ ചാവി യുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ ആണ് അവൾ എന്നെ വിളിക്കുന്നത്

“അഭിയേട്ടാ … എന്നോട് എന്തിനാ ഇത്ര ദേഷ്യം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നോട് സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ടു എത്ര നാളായി. ഞാൻ ഇപ്പോൾ അഭിയേട്ടനു ഒരു ഭാരമായി എന്നറിയാം അതുകൊണ്ട് അഭിയേട്ടൻ തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകില്ല ഞാനെൻറെ വീട്ടിലേക്ക് പോകുന്നു ”

തിരിച്ച് എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാനും നിശ്ചലനായി നിന്നു പോയി

പതിയെ ബൈക്കിൽ മുന്നോട്ട് പോകുമ്പോൾ മനസ്സ് ആകെ കലങ്ങി മറഞ്ഞിരുന്നു അതിനാലാണ് നേരെ ബീച്ചിലേക്ക് ഞാൻ പോയത് .

ആർത്തിരമ്പുന്ന തിരമാലകളെ നോക്കി ഞാൻ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു അപ്പോഴാണ് ദൂരെ ഞാൻ ആ കാഴ്ച കാണുന്നത്. കുറച്ചു ദൂരെയായി ഒരു ബെഞ്ചിൽ ഇരിക്കുന്ന ഒരു വ്യദ്ധനും വ്യദ്ധയും അവർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട് പൊട്ടിച്ചിരിക്കുന്നുണ്ട്.

വഴിയിലൂടെ കടന്നു പോകുന്ന പലരും അവരെ ശ്രദ്ധിക്കുന്നുണ്ട് ചിലർ അവരെ നോക്കി അത്ഭുതപ്പെടുന്നു ചില അവരെ നോക്കി എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു പക്ഷേ അവരിതൊന്നും ശ്രദ്ധിക്കുന്നതേയില്ല.

പതിയെ ഞാൻ എഴുന്നേറ്റു അവരുടെ തൊട്ടപ്പുറത്തുള്ള ബെഞ്ചിലായി ചെന്നിരുന്നു. അവരെ നോക്കി ഇരിക്കുമ്പോൾ എന്തോ മനസ്സാകെ ശാന്തമാകുന്നത് പോലെ. എന്റെ നോട്ടം കണ്ടിട്ടാവണം അവരിരുവരും എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചത്. പിന്നെയും എന്റെ നോട്ടം അങ്ങോട്ട് തന്നെ ആയിരുന്നു.

“എന്താ മോനെ ഇങ്ങനെ നോക്കുന്നത്.”വൃദ്ധൻ എന്നോട് ചോദിച്ചു

“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ”

“പറയാലോ മോൻ ചോദിക്ക് ”

“നിങ്ങൾ എങ്ങനെയാണ് ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത് ”

എൻറെ ചോദ്യം കേട്ടതും അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ടായിരുന്നു .

“സന്തോഷം അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതല്ലേ മോനെ ”

“അതു എങ്ങനെയാണ് ”

“നമ്മൾ നമുക്ക് ചുറ്റും ഉള്ള കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ജീവിതം സുന്ദരമാണ് ”

“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി ”

അത് കേട്ടതും ഇരുവരും വീണ്ടും പൊട്ടിച്ചിരിച്ചു ”

“ബന്ധത്തിൻറെ ആഴം അളക്കുന്നത് വർഷമല്ല മോനെ നമ്മൾ എത്രത്തോളം പരസ്പരം മനസ്സിലാക്കി എന്നതിലാണ്. മോന്റെ മനസ്സിൽ എന്തോ ഒന്നുണ്ട് പറയാൻ പറ്റുമെങ്കിൽ പറയു”

ഒന്നും ആലോചിക്കാതെ രാവിലെ നടന്നതും എല്ലാം അവരോട് തുറന്നുപറഞ്ഞു. അപ്പോൾ മനസ്സിലെ ഭാരം എങ്ങോട്ടോ പോയി മറയുകയായിരുന്നു .

“അപ്പോൾ മോനു കാർത്തുവിനെ ഇഷ്ടമല്ലേ
ഇഷ്ടമില്ലാത്ത വിവാഹമായിരുന്നോ ഇത് ”

“അല്ല എൻറെ അമ്മാവൻറെ മകളാണ് കാർത്തു. ചെറുപ്പത്തിലെ പറഞ്ഞുറപ്പിച്ച ഒരു ബന്ധം പിന്നെ അവൾ , അവളെയെനിക്ക് എനിക്ക് ജീവനാണ് ”

“എന്നിട്ട് മോൻ അത് അവളോടു പ്രകടിപ്പിച്ചിട്ടുണ്ടോ ”

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ ഞാനും നിന്നുപോയി

“ഒരുപാട് പ്രാരാബ്ധങ്ങൾക്കിടയിൽ ഞാൻ …..

ഞാൻ പക്ഷേ ഞാൻ അവളുടെ കാര്യങ്ങളിലൊന്നും വീഴ്ച വരുത്തിയിട്ടില്ല ”

“മോനെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതി നമ്മുടെ ഉള്ളിലെ ഇഷ്ടം അത് പ്രകടിപ്പിക്കാതെ ഇരിക്കരുത് ചിലപ്പോൾ പ്രകടിപ്പിക്കുമ്പോഴേക്കും അവർ നമ്മളെ വിട്ടു പോയിട്ടുണ്ടാകും ”

പതിയെ അവിടെ നിന്നും എഴുന്നേറ്റു നടക്കുമ്പോൾ മനസ്സുനിറയെ കാർത്തുവിന്റെ മുഖമായിരുന്നു.

ബൈക്കെടുത്ത് വീട്ടിന്റെ മുൻപിൽ എത്തുമ്പോഴാണ് അവൾ രാവിലെ പറഞ്ഞ കാര്യം ഓർമ്മ വന്നത്. “അവൾ അവളുടെ വീട്ടിലേക്ക് പോവുകയാണെന്നത് ”

“അവൾ എനിക്കൊപ്പം വേണം എപ്പോഴും എന്നുറപ്പിച്ച് ബൈക്ക് തിരിക്കുമ്പോഴാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അത് അവളായിരുന്നു കാർത്തു .

“അഭിയേട്ടൻ ഇന്നു ഓഫീസിൽ പോയില്ലേ ”

“കാർത്തു …. നീ ….. നീ ..പോയില്ലേ ”

“എന്താ ഞാൻ പോകണോ, അപ്പോഴത്തെ വിഷമത്തിന് എന്തെങ്കിലും പറഞ്ഞു എന്ന് കരുതി എനിക്കങ്ങനെ പോകാനാകുമോ ?”

ഓടിച്ചെന്ന് അവളെ എന്റെ നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ അവളെന്റെ നെഞ്ചിലേക്ക് ഒന്നു കൂടി ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു

” അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കയോ പറഞ്ഞു. എന്റെ കാർത്തുവിന് വിഷമായോ”

” ഇല്ല എന്ന രീതിയിൽ അവൾ മൂളുന്നുണ്ടായിരുന്നു.

“എനിക്ക് …….. എനിക്കെന്റെ കാർത്തുവിനെ ഇഷ്ടമാ … ഒരുപാട് ഇഷ്ടമാ…”ഇത്രയും പറഞ്ഞ് അവളുടെ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ അവളുടെ കണ്ണും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

അവളുടെ കൂടെ ബീച്ചിലെ തിരകളുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ ഞാൻ കണ്ടു അതേ ബെഞ്ചിലിരുന്ന് എന്തൊക്കയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ആ വൃദ്ധ ദമ്പതികളെ. അപ്പോൾ ഞാനും കാർത്തുവിനെ ചേർത്തു പിടിച്ചിരുന്നു എന്റെതു മാത്രമായി.

ചില ഇഷ്ടങ്ങളുണ്ട് ജീവിതത്തിൽ ഒന്ന് ചേർത്തു പിടിച്ചാൽ വീണ്ടും പൂത്തുലയുന്ന ഇഷ്ടങ്ങൾ

രചന: Akhil Krishna