ഒരു നിമിഷം നിന്നെങ്കിലും പറന്നു വരുന്നത് പോലെ എന്‍റെ നെഞ്ചിലേക്ക് വീണു…

രചന: Deepthy Praveen

മുഖത്ത് വെള്ളത്തുള്ളികള്‍ വീണപ്പോഴാണ് വിനീത് ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്….. ചാടി എഴുന്നേറ്റു നോക്കിയപ്പോള്‍ പാത്രത്തിലെ വെള്ളത്തില്‍ കൈയ്യിട്ട് കൊണ്ട് അപ്പുണ്ണി അടുത്തു നില്‍ക്കുന്നുണ്ട്…….

”ടാ കള്ളാ…..ഇന്ന് അപ്പായെ ഉണര്‍ത്താന്‍ അപ്പുണ്ണിയാണോ വന്നത് അമ്മയെവിടെ……” അവനെ വാരിയെടുത്ത് നെഞ്ചോടു ചേര്‍ത്തു കൊണ്ട് ചോദിച്ചു…….

പിടിയില്‍ നിന്നും ഊര്‍ന്നിറങ്ങി അവന്‍ മുറിക്ക് പുറത്തേക്ക് ഓടി…….. തലയുയര്‍ത്തി ക്ലോക്കിലേക്ക് ഒന്നു നോക്കി…. സമയം എട്ടര…..

പതിവ് ചായ ഇത് വരെ എത്തീലല്ലോ എന്ന് ആലോചിച്ചുകൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു വെളിയിലേക്ക് നോക്കി നീട്ടി വിളിച്ചു…….

”ആശേ…… ചായ എവിടെ……”

അല്‍പസമയത്തിനു ശേഷവും അനക്കമില്ല…….

അപ്പോഴാണ് തലേന്നത്തെ സംഭവം ഓര്‍മ്മ വന്നത്….. ആശ ഫോണ്‍ എടുത്തപ്പോഴാണ് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന റീനയുടെ മെസേജ് വാട്‌സ്പ്പില്‍ വന്നത്…..

അതിനെ ചൊല്ലി തര്‍ക്കം ഉണ്ടായി……

അല്ലെങ്കിലും ആശയ്ക്ക് ഭയങ്കര സ്വാര്‍ത്ഥതയാണ്…..ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപെട്ടു സ്നേഹം പങ്കുവെയ്ക്കാനാവാതെ ജീവിച്ചതാണ്….

ഇപ്പോള്‍ ആ സ്നേഹം കൊണ്ട് തന്നെ ശ്വാസം മുട്ടിക്കലാണ് അവളുടെ പണി…….

അച്ഛന്‍റെ മരണത്തോടെ മൂന്നുമക്കളെയും കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ അമ്മ ,നല്ലൊരു ജോലി കിട്ടിയപ്പോള്‍ തന്നെ ബന്ധൂ കൂടിയായ ആശയെ തനിക്കു വേണ്ടി കണ്ടെത്തുകയായിരുന്നൂ….

അവള്‍ ആ സമയം അമ്മാവന്‍റെ ആശ്രയത്തില്‍ കഴിയുകയായിയുന്നു…… അമ്മയുടെ പ്രിയപ്പെട്ട മരുമകളാണ്….. തനിക്കു നല്ല ഭാര്യയും…പക്ഷേ തന്റെ കാര്യത്തിലെ സ്വാര്‍ത്ഥതയാണ് സഹിക്കാന്‍ കഴിയാത്തത്…. ഇളയ സഹോദരന് കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ കൈയ്യിലുള്ള ചെറിയ സമ്പാദ്യവും ബാക്കി കടവും ആയി ചെറിയ ഒരു വീടു വാങ്ങി താമസം മാറി…. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലും നല്ലതല്ലേ അതിനുള്ള അവസരങ്ങള്‍ ഒഴിവാക്കുന്നത്…. രണ്ടു വയസ്സായ അപ്പുണ്ണിയെയും കൊണ്ടു പോന്നപ്പോള്‍ അമ്മയ്ക്ക് വല്യ സങ്കടമായിരുന്നൂ…. പതിയെ അതു മാറി…

ഇപ്പോള്‍ ഇടയ്ക്കിടെ ഇങ്ങോട്ടും അങ്ങോട്ടും പോകുകയും വരുകയും ചെയ്യും….. തനിച്ചു താമസം തുടങ്ങിയതോടെ ആശയ്ക്ക് കൂടുതല്‍ സ്വാര്‍ത്ഥതയായി……

അവള്‍ ആവളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കും തോറും തനിക്ക് അകലാനാണ് തോന്നീത്……

അങ്ങനെയാ റീനയുമായി അടുത്തത്….. വെറുതെ ഒരു സമയം പോക്ക് എന്ന രീതിയ്ക്ക് തുടങ്ങിയതാണ്….ഇപ്പോള്‍ ഒഴിവാക്കാനാവാത്ത തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു്‌…….. റീനയ്ക്കും കുടുംബം ഉണ്ട്…. ഭര്‍ത്താവും രണ്ടു മക്കളും…ഭര്‍ത്താവ് പ്രവാസിയാണ്….. തെറ്റായ ബന്ധം ഒന്നും ഇല്ലെങ്കിലും ഒഴിവാക്കാന്‍ കഴിയുന്നില്ല…….. ആശയെ ഫോണിന്‍റെ എല്ലാം പഠിപ്പിച്ചതും താന്‍ തന്നെയാണ്….കുളിക്കാന്‍ പോയപ്പോള്‍ അമ്മയെ വിളിക്കാന്‍ അവള്‍ ഫോണ്‍ എടുത്തപ്പോഴാണ് റീനയുടെ മെസേജ് കണ്ടത്…….

”സംസാരിക്കാന്‍ തോന്നുന്നു….ഒന്നു വിളിക്കാമോ ..” എന്നായിരുന്നു മെസേജ്…. പോരേ പുകില്….. അപ്പോള്‍ തുടങ്ങിയ കരച്ചിലും പറച്ചിലുമാണ്…… രാത്രിയില്‍ ആഹാരം കഴിക്കാതെ കിടന്നു….എത്ര വഴക്കിട്ടാലും നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുകയും മുറിയില്‍ വന്നു കിടക്കുകയും ചെയ്യുന്നതാണ്….ഇന്നലെ ഇത് രണ്ടും ഉണ്ടായില്ല……. അവളെയും തെറ്റു പറയാന്‍ കഴിയില്ല…ഒരു ഭാര്യയും സഹിക്കില്ലല്ലോ…….. ഒരോന്ന് ആലോചിച്ചു കൊണ്ട് എഴുന്നേറ്റ് അടുത്ത മുറിയുടെ വാതിലില്‍ പോയി നോക്കി…… അവിടെ പുറം തിരിഞ്ഞു ആശ കിടക്കുന്നുണ്ടായിരുന്നു…….. അടുത്തു പോയി വിളിക്കണം എന്നു കരുതിയെങ്കിലും പ്രതികരണം എങ്ങനെയാകും എന്നറിയാന്‍ വയ്യാത്തതിനാല്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴാണ് പുറകില്‍ നിന്നും അവള്‍ വിളിച്ചത്‌….. ”വിനുവേട്ടാ….ഒന്നു നിന്നേ….”

തിരിഞ്ഞു നോക്കുമ്പോള് കിടക്കയില്‍ നിന്നും എഴുന്നേറ്റു തന്റെ അടുത്തേക്ക് വരുന്നു…..

”വിനുവേട്ടന് എന്‍റെ സ്നേഹം ശ്വാസമുട്ടലാണല്ലേ….. ഞാന്‍ വിനുവേട്ടനെ എന്നിലേക്ക് കെട്ടിയിടാന്‍ ശ്രമിക്കുകയാണല്ലേ….

ഈ അഞ്ചു വര്‍ഷത്തിന് ഇടയ്ക്ക് ഒരിക്കലെങ്കിലും ഇതൊക്കെ എന്നോട് തുറന്നു പറയാമായിരുന്നു…..

ഏട്ടനിതൊക്കെ മറ്റൊരാളോട് പറയുന്നത് എനിക്ക് കാണേണ്ടി വന്നു…. റീനയുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാതെ ഇട്ടിരുന്നത് നന്നായി…..അതിലൂടെ എനിക്ക് എന്‍റെ ഏട്ടന്‍റെ മനസ്സ് അറിയാന്‍ കഴിഞ്ഞല്ലോ…… സ്വന്തം കിടപ്പറയിലെ ഭാര്യയോട് പറയാന്‍ മടിക്കുന്നതൊക്കെ അന്യ സ്ത്രീകളോട് പങ്കുവെയ്ക്കുമ്പോള്‍ ഏട്ടന്‍ എന്നെ അവരുടെ മുന്നില്‍ ഒരു കോമാളിയാക്കുകയായിരുന്നില്ലേ……

രാവും പകലുമ നിങ്ങളെ ഓര്‍ത്തു നടന്ന ഞാന്‍ വിഡ്ഢിയായതല്ലേ…….. എന്‍റെ സ്വാര്‍ത്ഥത കണ്ട ഏട്ടന് എന്തേ എന്‍റെ സ്നേഹം മനസ്സിലാകാതെ പോയീ………. സ്നേഹിക്കാന്‍ ആരുമില്ലാത്തവരുടെ സങ്കടം അത് അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ…….”’

അവളുടെ ഒരോ വാക്കുകളും കാരമുള്ളു കണക്കെ ഹൃദയത്തില്‍ തറഞ്ഞു കയറുമ്പോള്‍ പ്രതിരോധിക്കാന്‍ വാക്കുകള്‍ക്ക് ഞാന്‍ പരതി്…….. ഇല്ല…ഒന്നും പറഞ്ഞു പ്രതിരോധിക്കാന്‍ കഴിയില്ല…. അവള്‍ പറയുന്നത് സത്യം മാത്രമാണ്…… തലകുമ്പിട്ട് അവളുടെ മുന്നില്‍ നില്‍ക്കുക മാത്രമെ ചെയ്യാനുള്ളൂ്‌…… ആ മുഖത്ത് ഏതോ തീരുമാനം എടുത്ത ഭാവമുണ്ടായിരുന്നു….

ആ ഭാവം എന്നില്‍ ഭയം നിറച്ചു……..

ഇന്നലെ രാത്രിയില്‍ ഉറങ്ങിയിട്ടില്ലെന്നു ആ മുഖം വിളിച്ചു പറയുന്നൂ……. അവന്‍റെ മുഖത്ത് തറപ്പിച്ചു നോക്കികൊണ്ട് അവള്‍ തുടര്‍ന്നു…..

” എന്‍റെ സ്നേഹത്തിന്‍റെ തടവില്‍ നിന്നും ഞാന്‍ ഏട്ടനെ സ്വതന്ത്രമാക്കുകയാണ്….” ഒരു ഞെട്ടലുണ്ടായി…. ” ആശേ…… നീ ഈ പ്രാവശ്യം ക്ഷമിക്ക് …ഇനി ഇങ്ങനെയുണ്ടാകില്ല…….

നിന്നെയും മോനേയും കൊണ്ട് സത്യം ചെയ്യാം….” ”വേണ്ട ഏട്ടാ……ഞാന്‍ ഏട്ടന്‍റെ വീട്ടിലേക്ക് പോകുകയാണ്……..വിഷ്ണുവും ഭാര്യയും ജോലി സ്ഥലത്ത് പോയതിനാല്‍ അമ്മ തനിച്ചാണെന്നു ഇന്നലെ വിളിച്ചപ്പോ‍ഴും പറഞ്ഞിരുന്നു….അനുവും സ്ഥലത്തില്ല…… ഏട്ടന്‍ തനിച്ചു താമസിക്കു….എന്‍റെ സ്നേഹത്തിന്‍റെ ശ്വാസംമുട്ടലില്ലാതെ……..

എന്‍റെ സ്നേഹം തടവറയല്ലെന്നു ബോധ്യം ഉണ്ടാകുമെങ്കില്‍ ,,അത് എന്നായാലും എന്നെ ഇവിടേയ്ക്ക് ക്ഷണിച്ചാല്‍ മതി……. പിണക്കമോ പരാതിയോ ഇല്ല….മോനേ കാണാന്‍ വീട്ടിലേക്ക് വന്നാല്‍ മതി…..” ഇത്രയും പറഞ്ഞിട്ട് കാര്യം മനസ്സിലാകാതെ ഞങ്ങളുടെ ഇടയില്‍ നിന്ന അപ്പുണ്ണിയെയും എടുത്ത് വാതിലടച്ചു…..

ആശയോട് മറുപടി എന്തെങ്കിലും പറയുവാനോ അവളെ തടയുവാനോ കഴിയാതെ ഹാളിലെ സെറ്റിയില്‍ ചെന്നിരുന്നു…..അല്‍പസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെയും ഒരുക്കി അവളും ഒരുങ്ങി തന്റെ മുന്നിലൂടെ പോയപ്പോഴും ആ ഇരുപ്പിലായിരുന്നു….. ടൗണില്‍ നിന്നു നാട്ടിലേക്ക് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്…..

അമ്മയോട് അവള്‍ എന്തുപറയും എന്നൊക്കെ ചിന്തയാല്‍ ആധി പിടിച്ചിരുന്നൂ……ഞായറാഴ്ച ആയതിനാല്‍ ഓഫീസിലും പോകേണ്ട…സാധാരണ ഞായറാഴ്ചകള്‍ ഇവിടെ ഉത്സവമാണ്….

ആശയുടെ .പാചകവും ചെറിയ വഴക്കും പിണക്കവും ഇണക്കവും വൈകുന്നേരം ഒന്നു കറങ്ങാന്‍ പോകലും എല്ലാമായി സമയം പോകുന്നത് അറിയില്ല……. അപ്പോഴാണ് ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടത്….. വേഗം ബെഡ് റൂമില്‍ ചെന്നു ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ റീനയാണ്…..

രാവിലെ ഇത് വരെ മെസേജുകള്‍ കാണാത്തതിനാല്‍ വിളിക്കുന്നതാണ്….,, കോള്‍ അറ്റന്‍റ് ചെയ്തു ,ചുരുങ്ങിയ വാക്കുകളില്‍ കാര്യം അവതരിപ്പിച്ചു….പിന്നെ വിളിക്കാമെന്നു പറഞ്ഞു കട്ട് ചെയ്തു…….ഒന്നിനും ഉത്സാഹം തോന്നിയില്ല…. അവിടെ കിടന്നു വീണ്ടുംമയങ്ങി….. അമ്മയുടെ കോളാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്…..

പടപടാമിടിക്കുന്ന നെഞ്ചോടു കൂടി _ഫോണ്‍ എടുത്തു….. ”മോനേ ആശയും അപ്പുണ്ണിയും ഇവിടെ എത്തീട്ടോ …നിനക്ക് ട്രെയിനിംഗ് ആയത് കൊണ്ട് രാത്രിയിലും ചിലപ്പോള്‍ ജോലിക്ക് പോകണം …അത് കൊണ്ടാ അമ്മയുടെ അടുത്ത് വിട്ടത് എന്നു പറഞ്ഞു….

ട്രെയിനിംഗ് വന്നപ്പോൾ എങ്കിലും മക്കള് അമ്മയെ ഓര്‍ത്തല്ലോ….അത് മതി….ട്രെയിനിംഗ് സമയത്ത് ഫോണൊക്കെ വിളിക്കാന്‍ പറ്റുമോ….പറ്റുമ്പോഴൊക്കെ വിളിക്ക്…

ആശയ്ക്ക് നിന്നെ പിരിഞ്ഞു നില്‍ക്കാന്‍ പറ്റില്ലെന്ന് അമ്മയ്ക്കറിയാം…..അമ്മ അവള്‍ക്ക് ഫോണ്‍ കൊടുക്കാമേ…..”’ ഇത്രയും പറഞ്ഞു ഫോണ്‍ അവള്‍ക്ക് കൊടുത്ത് അമ്മ അപ്പുണ്ണിയെയും എടുത്ത് പോയീന്ന് തോന്നുന്നു….. കുറച്ചു സമയം അവളുടെ നിശ്വാസം ഫോണിലൂടെ കേട്ടു…… പിന്നീട് അത് കേള്‍ക്കാതെമായപ്പോഴാണ് കോള്‍ കട്ടായെന്നു മനസ്സിലായത്…… അമ്മ ഒന്നും അറിഞ്ഞില്ലെന്നു മനസ്സിലായപ്പോള്‍ ഒരു ആശ്വാസം തോന്നീ……

മണി ഒന്നായി… വല്ലാത്ത വിശപ്പ് ഇന്നലെയും ആഹാരം കഴിച്ചില്ല….പുറത്തു നിന്നു ആഹാരം കഴിക്കാമെന്നു ഉറപ്പിച്ചു എഴുന്നേറ്റപ്പോഴാണ് റീനയെ വിളിച്ചില്ലല്ലോന്ന് ഓര്‍ത്തത്‌….. റീനയുടെ നമ്പരെടുത്ത് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞൂ…..

റീനയുടെ സംസാരത്തിലും ചെറിയസന്തോഷം ഉണ്ടായിരുന്നോ….അതോ തോന്നിയതാണോ……..

ഓഫീസില്‍ മാത്രമല്ല വീട്ടിലും തന്നെ ഫ്രീയായി കിട്ടിയ സന്തോഷമാണെന്നു പിന്നീട് മനസ്സിലായി……

പുറത്തു നിന്നും ആഹാരം കഴിക്കേണ്ട … റീനയുടെ വീട്ടിലേക്ക് ആഹാരം കഴിക്കാന്‍ ക്ഷണിച്ചൂ………

വേഗം കുളിച്ചു റെഡിയായി റീനയുടെ വീട്ടിലേക്ക് പോയി…. റീനയും അമ്മായിഅമ്മയും മക്കളും മാത്രമായിരുന്നൂ വീട്ടിലുണ്ടായിരുന്നത്…. ഊണു കഴിഞ്ഞു കുറേസമയം റീനയുമായി കാര്യം പറഞ്ഞിരുന്നു……

രാത്രിയിലേക്കുള്ള ആഹാരം റീന പാഴ്സലാക്കി തന്നു…… മടങ്ങുന്ന വഴി ഒരു കുപ്പിയൊക്കെ എടുത്ത് നേരത്തെ വീട്ടിലെത്തി…. മദ്യപിച്ചു വീട്ടില്‍ വരുന്നത് ആശയ്ക്ക് ഇഷ്ടമല്ല..പക്ഷേ വല്ലപ്പോഴും ഉള്ള മദ്യപാനത്തിന് കണ്ണടച്ചു കളയുകയും ചെയ്യും….. വീട്ടിലേക്ക് കയറിയപ്പോള്‍ ഒരൂ ശൂന്യത അനുഭവപെട്ടു…. വല്ലാത്ത ഏകാന്തത …. നേരെ അടുക്കളയില്‍ പോയി…. പാത്രങ്ങളൊക്കെ കഴുകി യഥാസ്ഥാനത്ത് വെച്ചിട്ടുണ്ട്….. ഗ്ലാസും ഫ്രിഡ്ജില്‍ നിന്നും വെള്ളവും എടുത്ത് ഹാളിലേക്ക് പോയി….

ടിവിയും കണ്ട് കള്ളും കുടിച്ചു എപ്പോള്‍ ഉറങ്ങി എന്നറിയില്ല…രാവിലെ ഉണരുമ്പോള്‍ ആഹാരാവശിഷ്ങ്ങളും കുപ്പിയും ഗ്ലാസും എല്ലാം ഹാളില്‍ നിരന്നൂ കിടപ്പുണ്ട്…… സമയം നോക്കിയപ്പോള്‍ ന്‍പത് മണി…..എല്ലാം വാരി പെറുക്കി അടുക്കളയിലെ വേസ്റ്റ് ബാസ്ക്കറ്റില്‍ തട്ടി വേഗം കുളിച്ചൊരുങ്ങി ഓഫീസില്‍ പോയി…ഡ്രസുകള്‍ എല്ലാം ആശ അയണ്‍ ചെയ്തു റെഡിയാക്കി വെച്ചിട്ടുണ്ട്…. പോകുന്ന വഴി ആഹാരവും കഴിച്ചു ഓഫീസില്‍ എത്തിയപ്പോള്‍ പത്തരയായി്…. ഒപ്പിടാന്‍ ചെന്നപ്പോള്‍ മാനേജര്‍ രൂക്ഷമായൊരു നോട്ടത്തില്‍ താക്കീത് ചെയ്തു…… ആദ്യമായിട്ടാണ് താമസിക്കുന്നത്….. ഉച്ചഭക്ഷണം റീന കൊണ്ടു വന്നിട്ടുണ്ടായിരുന്നൂ……. വൈകിട്ട് ഓഫീസ് വിട്ടു റീനയുമായി കുറേനേരം പാര്‍ക്കില്‍ പോയി ഇരുന്നൂ…..സന്ധ്യയോടെ വീട്ടിലെത്തി….

പതിവായി ആശ ഒരൂ നൂറുവട്ടം പകല് വിളിക്കാറുള്ളതാണ്…ഇന്ന് അതൊന്നും ഉണ്ടായില്ല….. കിട്ടിയ സ്വാതന്ത്യം നന്നായി ആസ്വദിച്ചൂ…..ഇടയ്ക്കിടെ ഏകാന്തത തോന്നുമെങ്കിലും ആ സമയത്തൊക്കെ റീനയെ വിളിച്ചു… ദിവസങ്ങള്‍ പെട്ടെന്നു കടന്നു പോയി….തനിച്ചുള്ള താമസം വിനീതിനും മടുപ്പായി….

ഓഫീസു കഴിഞ്ഞാല്‍ കാത്തിരിക്കാന്‍ വീട്ടില്‍ ആരുമില്ലല്ലോ എന്ന ചിന്ത അയാളില്‍ ഒരു നോവുണ്ടാക്കി…. മോന്‍റെ ചിരിയും കളിയും ഇല്ലാതെ വീട് ഉറങ്ങി….. രാവിലെ ബെഡ് കോഫിയും കൊണ്ടു വന്നു തട്ടി വിളിച്ചു ഉന്തി തള്ളി ബാത്ത്റൂമില്‍ കയറ്റുന്നതും നിര്‍ബന്ധിച്ചു ആഹാരം കഴിപ്പിക്കുന്നതും ഇഷ്ടഭക്ഷണം ഒരുക്കി ഊണു കൊടുത്തു വിടുന്നതിലെയും സ്നേഹം തിരിച്ചറിഞ്ഞു തുടങ്ങി……

റീനയോട് എപ്പോഴും സംസാരിക്കുമ്പോളും അവളുടെ കുടുംബകാര്യങ്ങളിലെ അവളുടെ ശ്രദ്ധ എനിക്കു തിരിച്ചറിവ് നല്‍കി തുടങ്ങി…… രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ വൈകുന്നേരം തിരികെ വരുന്നത് വരെയുള്ള ഫോണ്‍വിളികളില്‍ തടവറയേക്കാള്‍ ഏറെ സ്നേഹവും കരുതലുമാണെന്നൂ തിരിച്ചറിഞ്ഞൂ………

എല്ലാത്തിന്‍റെയും അടിസ്ഥാനം കുടുംബത്തില്‍ നിന്നാണ്….കുടുംബത്തില്‍ നിന്നാണ് പിന്‍തുണവേണ്ടത്……. അവളുടെ തെറ്റ് അവളില്‍ തിരുത്താത്തത് ആണ് തന്റെ തെറ്‌റ്…..അന്ധകാരം മൂടിയ മുറിയില്‍ ആശയുടെ തേങ്ങലുകള്‍ ഉയര്‍ന്ന പോലെ…രാത്രിയില്‍ ഉറങ്ങാനെ കഴിഞ്ഞില്ല…..

രാവിലെ ഓഫീസില്‍ വിളിച്ചു ലീവ് പറഞ്ഞു നേരേ നാട്ടിലേക്ക് പോയി…… മുറ്റത്ത് കൊപ്ര ഉണക്കാന്‍ നിരത്തുകയായിരുന്ന അമ്മ എന്നെ കണ്ടു അന്തം വിട്ടു….. ഓടി വന്നു കെട്ടിപിടിച്ചൂ…

”ആഹാ…മോന്‍റെ ട്രെയിനിംഗ് കഴിഞ്ഞോ….ഒന്നു വിളിച്ചത് പോലും ഇല്ലാലോ….ഇവിടെ വന്നതില്‍ പിന്നെ ആ കൊച്ച് നേരേചൊവ്വേ ആഹാരം പോലും കഴിച്ചിട്ടില്ല…..എപ്പോഴും ആലോചിച്ചിരിക്കുകയാണ്‌… അമ്മയ്ക്ക് കൂട്ടൊന്നും വേണ്ട മോന്‍ അവളെയും കൂടി കൊണ്ടു പൊയ്ക്കോ…..അച്ഛനും അമ്മയും ഇല്ലാത്ത കൊച്ചാ…..പാവം…” അമ്മ ഇത് പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അവളെ തേടി അകത്തേക്ക് പറന്നൂ….. അത് മനസ്സിലാക്കി അമ്മ പറഞ്ഞൂ….. ” അവള്‍ അകത്തുണ്ട് വിനു…അമ്പലത്തില്‍ പോയി വന്നതേയുള്ളു…..

” അമ്മയില്‍ നിന്നും അകന്നു വീടിനകത്തെക്ക് കയറി….. തങ്ങളുടെ മുറിയുടെ വാതിലില്‍ എത്തിയപ്പോള്‍ കിടക്കയില് അപ്പുണ്ണിയെ ഉറക്കി കിടത്തിയിരിക്കുന്നത് കണ്ടൂ….. വാതില്ക്കല്‍ ആളനക്കം കേട്ട് തുണി മടക്കി അലമാരയില്‍ വെയ്ക്കുകയായിരുന്ന ആശയൊന്നൂ തിരിഞ്ഞൂ നോക്കി….. അപ്രതീക്ഷിതമായി എന്നെ കണ്ട ഞെട്ടലില്‍ ഒരു നിമിഷം നിന്നെങ്കിലും പറന്നു വരുന്നത് പോലെ എന്‍റെ നെഞ്ചിലേക്ക് വീണു പൊട്ടി കരയുന്ന അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നൂ…..

”ഇത്രത്തോളം വിനുവേട്ടന്‍ എന്നെ വെറുത്തിരുന്നോ….ഒരു ഫോണ്‍ കോളു പോലും വിളിക്കാന്‍ തോന്നീരലല്ലോ….ഇന്ന് ഇങ്ങട് വന്നില്ലായിരുന്നെങ്കില്‍ നാളെ ഞാന്‍ അങ്ങട് വന്നേനേ….”

പരിഭവങ്ങളൂടെയും പരാതികളുടെയും കെട്ടുകളോടൊപ്പം നെഞ്ചില്‍ പെയ്തിറങ്ങിയ കണ്ണുനീരീലെ സ്നേഹം ഇപ്പോള്‍ എനിക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നൂ…..

അപ്പോഴാണ് ഓഫീസില്‍ എത്താതത് എന്തെന്നു അന്വേഷിച്ചു റീനയുടെ മെസേജ് വന്നത്…ഒരു കൈയ്യാലേ ആശയെ ചേര്‍ത്തു നിര്‍ത്തി മറ്റെ കൈ കൊണ്ട് റീനയെ ബ്ലോക്കു ചെയ്തു ഫോണ്‍ പോക്കറ്റിലേക്കിടവേ കൈ വിട്ടുപോയ ജീവിതം തിരികെ പിടിച്ച ഒരു വിജയിയുടെ ഭാവമായിരുന്നൂ…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക…

രചന: Deepthy Praveen